Slider

കഥ : ഇവനെന്റെ മകൻ, ക്രിസ്റ്റി!

0

കഥ : ഇവനെന്റെ മകൻ, ക്രിസ്റ്റി!
******************************
“മമ്മി, അമ്മാമ്മ വരാതിരിക്കുമോ ?”
ശൂന്യതയിലേക്ക് കണ്ണും നട്ടിരിക്കുന്ന സൂസിയെ നോക്കി ജോസ് മോൻ ചോദിച്ചു..ചോദ്യം കേട്ടതും സൂസി വിങ്ങിപ്പൊട്ടി...നാല് ദിവസമായി ഈ
ചോദ്യമവളുടെ മനസിലുമുണ്ട്... അമ്മ വരാതിരിക്കുമോ ?
ജോസ് മോൻ വരാന്തയിലുടനീളം കണ്ണോടിച്ചു... ഐ സി യുവിലെ വരാന്തയിൽ പുറത്തു നിൽക്കുന്ന രോഗികളുടെ ബന്ധുക്കളുടെ മുഖങ്ങളിലെല്ലാം കാർമേഘ കൂട്ടങ്ങൾ.. ചിലതു പെയ്തു കൊണ്ടിരിക്കുന്നു.. ചിലതു മൂടി കെട്ടി നിൽക്കുന്നു..
അവൻ പതിയെയെഴുനേറ്റു, വരാന്തയിലൂടെ പുറത്തേക്കു നടന്നു..
ജോസ്മോൻ നടന്നകലുന്നത് നോക്കി സൂസി കണ്ണ് തുടച്ചു... അവൾ വാച്ചിലേക്ക് നോക്കി. നാലു മണിയാവാനിനിയുമര മണിക്കൂറുണ്ട്. നാലുമണിക്ക് ഒരാൾക്ക് കയറി രോഗിയെ കാണാം.ഇന്നലെ കയറിയപ്പോഴും ക്രിസ്റ്റിയുടെ കണ്ണുകൾ തിരഞ്ഞത് അമ്മയെയാണ്... അത് തീർച്ച . ഐ സി യിലേക്ക് കയറുമ്പോൾ ക്രിസ്റ്റിക്കു സംസാരിക്കാൻ കഴിയുമായിരുന്നു.... അമ്മയെ
കാണണമെന്നാണൊടുവിൽ പറഞ്ഞത്.
ഷുഗർ കൂടി രണ്ടു കിഡ്നിയും തകരാറിലായി, ക്രിസ്റ്റി അത്യാസന്ന നിലയിൽ കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചയൊന്ന് കഴിഞ്ഞു.. അറിയിക്കേണ്ടവരെ അറിയിച്ചോളാൻ ഡോക്ടർ പറഞ്ഞും കഴിഞ്ഞു... അറിയിക്കേണ്ടവരെ അറിയിച്ചു.. എല്ലാവരും വന്നു, കണ്ടു.. എന്നിട്ടും അമ്മ മാത്രം വന്നിട്ടില്ല.. വരാതിരിക്കുമോ ? ഈ ചോദ്യം തന്നോട് തന്നെയെത്ര വട്ടം ചോദിച്ചു കഴിഞ്ഞു...അമ്മയിനി ആര് പറഞ്ഞാലനുസരിക്കും ?
അമ്മയെ ആദ്യം കണ്ട രംഗം സൂസി ഓർത്തു.
ക്രിസ്റ്റി വന്ന് പെണ്ണ് കണ്ടതിനു ശേഷം ഒരാഴ്ച കഴിഞ്ഞാണ് ക്രിസ്റ്റിയുടെ അമ്മയും അപ്പച്ചനും കാണാൻ വന്നത്.. അന്ന് കൂടെയുണ്ടായിരുന്ന ചേട്ടന്റെ ഭാര്യ സൂസിയോട് പറഞ്ഞു –“നീ അമ്മായി അമ്മയുടെ അടുത്തെങ്ങും പോയി നിൽക്കല്ലേ കൊച്ചെ.. എന്തൊരു സുന്ദരിയാണവർ !”
ശരിയാണ്.. ഇത്ര സുന്ദരിയായൊരു സ്ത്രീയെ സൂസിയാദ്യം കാണുകയായിരുന്നു. വെളുത്തു മെലിഞ്ഞൊരു മാലാഖയെ പോലെ .. നാലു മുതിർന്ന മക്കളുടെ അമ്മയെന്ന് വിശ്വസിക്കാൻ പ്രയാസം.. കല്യാണം കഴിഞ്ഞു ക്രിസ്റ്റിയുടെ വീട്ടിൽ ചെന്നപ്പോളറിഞ്ഞു അമ്മയവിടെ രാഞ്ജിയാണ്. ... പിന്നെ ശ്രദ്ധിച്ചു, ക്രിസ്റ്റിയും അമ്മയും തമ്മിൽസംസാരമില്ല ..
അമ്മയോടെങ്ങിനെ ചോദിക്കും? ഒടുവിൽ ക്രിസ്റ്റിയോട് ചോദിച്ചു.. “താൻ അതൊന്നും അറിയേണ്ടെ”ന്നായിരുന്നു മറുപടി..
പിന്നെ നീണ്ട 20 വര്ഷം ,സൂസി കണ്ടു.. ഒരു കുടകീഴിൽ പരസ്പരം സംസാരിക്കാതെ ഒരമ്മയും മകനും....അമ്മയെ ചോദ്യം ചെയ്യാൻ ധൈര്യമില്ലാത്ത ഭർത്താവും മക്കളും...
സൂസിക്ക് ക്രിസ്റ്റി നല്ല ഭർത്താവായിരുന്നു. ജോസ് മോന്റെ പ്രിയപ്പെട്ട പപ്പാ.
അമ്മ പറയുന്ന കേട്ട് ക്രിസ്റ്റി എന്ന സഹോദരനെ അമ്മയുടെ മുന്നിൽ വെറുപ്പഭിനയിച്ചു കൊണ്ട് സഹോദരർ... നിസ്സഹയായി നടുവിൽ സൂസി....
തന്നോടുള്ള സ്നേഹത്തിനാർക്കുമൊരു കുറവുമില്ല.
മനുഷ്യരെത്ര നന്നായി ജീവിതത്തിൽ അഭിനയിക്കുന്നവരാണ്..സൂസിക്ക് ആ വീട്ടിലെ കാര്യങ്ങൾ അത്ഭുതമായിരുന്നു.. നിഷ്കളങ്കരും സ്നേഹമുള്ളവരുമായിരുന്നു അവളുടെ വീട്ടുകാർ...
കൃത്യം നാലു മണിക്ക് ജോസ് മോൻ തിരിച്ചു വന്നപ്പോൾ സൂസി യുടെ ചിന്തകൾ മുറിഞ്ഞു. അവൾ ഐ സി യുവിലേക്കു കയറി.....ക്രിസ്റ്റി കണ്ണ് തുറന്നേയില്ല... അയാളെ നോക്കി കൊണ്ട് നിന്ന സൂസിയുടെ കണ്ണുകൾ തോർന്നതുമില്ല..
അവളിറങ്ങുമ്പോൾ ജോസ് മോന്റെ കൂടെ പുറത്തു അമ്മ! സൂസി പൊട്ടി കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപിടിച്ചു... സൂസിയെ തോളിൽ നിന്നടർത്തി മാറ്റിയവർ അകത്തേക്ക് കയറി.... അമ്മയുടെ മുഖഭാവം വായിക്കാൻ കഴിയാതെ സൂസി നെടുവീർപ്പിട്ടു…
എന്നാലഞ്ചു മിനിട്ടു കഴിഞ്ഞു ക്രിസ്റ്റിയെ കണ്ട് തിരിച്ചു വന്ന അമ്മയുടെ മുഖം അവൾ തിരിച്ചറിഞ്ഞു - യുദ്ധത്തിൽ തോറ്റപടയാളി ...
****
ക്രിസ്റ്റി എന്റെ മൂത്ത മകൻ!
ഞാനവന്റെ ശവ മഞ്ചത്തിനടുത്തിരുന്നു...
അവന്റെയവസാന രണ്ടു ദിവസങ്ങളിൽ ഞാനവനെ ഐ സി യുവിൽ കയറി കണ്ടിരുന്നു.. എന്നെ മനസിലായ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. രണ്ടാമത്തെ ദിവസം മടങ്ങുമ്പോൾ അവന്റെ കാലിൽ തൊടണമെന്നെനിക്കു തോന്നി .. തണുത്തു മരവിച്ച കാല്പാദങ്ങളിൽ ഞാൻ തൊട്ടു... പെട്ടെന്നവിടെ നിന്നും മടങ്ങി . ഞാൻ വീട്ടിലെത്തി രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ കേട്ടു, അവന്റെ മരണ വാർത്ത...
ക്രിസ്റ്റി എന്റെ മൂത്ത മകൻ… അമ്മേ എന്നാദ്യം വിളിച്ച മകൻ...
കഴിഞ്ഞ 36 വർഷമായി അവനെന്നെ അങ്ങിനെ വിളിച്ചിട്ടില്ല.. സംസാരിച്ചിട്ടില്ല...
പതിനാറാമത്തെ വയസിലാണ് ക്രിസ്റ്റിയുടെ അപ്പച്ചനെന്നെ വിവാഹം കഴിച്ചു നഗരത്തിൽ കൊണ്ട് വന്നത്. വയനാട്ടിലായിരുന്നു അദ്ദേഹത്തിന് ജോലി.. മാസത്തിലൊരിക്കലാണ് വീട്ടിൽ വരുന്നത്.... എന്റെ സൗന്ദര്യത്തിൽ മയങ്ങി പോയ ഒരു പാവം.ഞാനെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന സാധു...
ക്രിസ്റ്റിക്ക് താഴെ മൂന്ന് പേര് കൂടി.. അദ്ദേഹത്തിന്റെ 'അമ്മ മരിച്ചതോടെ വീട്ടു കാര്യങ്ങൾ നോക്കാനും കുട്ടികളെ നോക്കാനുമെനിക്ക് തനിയെ സാധിക്കാതെയായി. അങ്ങിനെയാണ് സാബുവിനെ അദ്ദേഹം വീട്ടിൽ കൊണ്ട് വന്നത്.. സാബു അദ്ദേഹത്തിന്റെ അകന്ന ബന്ധുവും കൂടിയാണ്..അവന്റെ പഠനം നടക്കും, ഒപ്പമെനിക്കൊരു സഹായവും...
***
ക്രിസ്റ്റിയെ ഞാൻ സൂക്ഷിച്ചു നോക്കി.. കണ്ടാലുറങ്ങുകയാണെന്നേ തോന്നു.. ഐ സി യുവിൽ വെച്ചവന്റെ മുഖത്തെന്തൊരു ക്ഷീണമായിരുന്നു.. ഇപ്പോൾ നല്ല ശാന്തത !
വീടിന്റെ കൊച്ചു മുറ്റത്തിട്ടിരിക്കുന്ന പന്തലിൽ നിറയെ ആളുകൾ..
ഞാൻ ചുറ്റിലും നോക്കി.. പാവം സൂസി ! അവൾ കരഞ്ഞു തളർന്നു.. കൂടി നിൽക്കുന്നയെല്ലാ കണ്ണുകളുമെന്നെ നോക്കുന്നുണ്ട്. ഇതുവരെയും ഒരിറ്റു കണ്ണുനീർ ഞാൻ പൊഴിച്ചില്ലല്ലോ ?
36 വര്ഷം മകനോട് സംസാരിക്കാത്ത അമ്മ, അവൻ മരിച്ചാലെങ്ങിനെ പ്രതികരിക്കുമെന്നു കാത്തു നിൽക്കുന്നു- അവരിൽ ചിലരെങ്കിലും..
വഴക്കു തീർക്കാൻ വന്ന കുടുംബക്കാരെ ഞാൻ തിരിച്ചയച്ചു.. ഒത്തു തീർപ്പിനെത്തിയ പള്ളിക്കാരോട് വഴക്കുണ്ടാക്കി.. സ്വന്തക്കാരെ വാക് സാമർഥ്യം കൊണ്ടു വരച്ച വരയിൽ നിർത്തി.. അദ്ദേഹം മരിച്ചപ്പോളെന്റെ പേർക്ക് എഴുതി വെച്ച ഭാരിച്ച സ്വത്തുക്കൾ മറ്റു മക്കളെന്റെ മുന്നിൽ ഓച്ഛാനിച്ചു നില്ക്കാൻ കാരണമായി.
അദ്ദേഹം അവധിക്കു വരുമ്പോൾ ഞാൻ ക്രിസ്റ്റിയെ ഭയത്തോടെ നോക്കി...അതെ, ഞാനവനെ ഭയന്നു. അവനെന്നേക്കാൾ പക്വതയുള്ളവനാണെന്നു മനസിലാക്കാതെ, അവന്റെ കുറ്റവും കുറവുകളുമൊന്നിന് പത്തായി പറഞ്ഞു പെരുപ്പിച്ചെല്ലാവരെയുമവനിൽ നിന്നുമകറ്റി .. എന്തിനു വേണ്ടി ?
**
അന്നൊരു മഴ ദിവസം സ്കൂളിൽ നിന്നും ക്രിസ്റ്റി നേരത്തേയെത്തി... കിടപ്പറയിൽ തുറന്നു കിടന്ന ജനാലക്കരികിൽ ആളനക്കം കണ്ടു, വസ്ത്രങ്ങൾ വാരി ചുറ്റി ഞാനും എന്റെ പിന്നാലെ സാബുവും പുറത്തേക്കു വന്നപ്പോൾ ക്രിസ്റ്റി തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു..
***
അമ്മയെകുറിച്ചാരോടുമൊന്നും പറയാതെ നീണ്ട 36 വർഷത്തെ മൗനത്തിലൂടെ പകരം വീട്ടിയവൻ ... ക്രിസ്റ്റി!
ഞാനെഴുനേറ്റവന്റെ കാൽ ചുവട്ടിലേക്ക് മാറിയിരുന്നാ കാല്പാദങ്ങളിൽ കെട്ടിപ്പിടിച്ചു , മതി വരുവോളം ചുംബിച്ചു.... ഒടുവിൽ മന്ത്രിച്ചു:
“പൊന്നു മകനെ ..മാപ്പു.....”
നിലവിട്ടുയർന്നയെന്റെ നിലവിളികൾ, നിലയിലാക്കയത്തിലേക്കെന്നെ
പിടിച്ചു താഴ്ത്തി....** Sani John.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo