Slider

അവൾ മീര .....

0

അവൾ മീര .....
ഓർമ്മവെച്ച നാൾ മുതൽ ആ വീട്ടിൽ ഒരു അധികപറ്റായിരുന്നു അവൾ. എന്തിനും ഏതിനും ശകാരമായിരുന്നു അവൾക്ക് ലഭിച്ചിരുന്നത് . ആ വീട്ടിലെ ആരും തന്നെ അവൾക്ക് സ്നേഹത്തോടെ ഒരു നോട്ടമോ വാക്കോ നൽകിയിരുന്നില്ല . അശ്രീകരമെന്നും നിഷേധിയെന്നും ശാപം പിടിച്ചവളെന്നും കേട്ട് കേട്ട് അവൾ തന്റെ പേരു പോലും മറന്നിരുന്നു.
മുന്തിയ തറവാട്ടിലെ അംഗമായിരുന്നു മീര . അച്ഛൻ, അമ്മ, ചേട്ടൻ, ഏട്ടത്തിയമ്മ, ചേച്ചി, ചേട്ടന്റെ കുട്ടികൾ ഇത്ര പേരടങ്ങുന്ന കുടുംബമായിരുന്നു അവളുടെത് . ചേട്ടനും ചേച്ചിയും അവളെക്കാൾ കുറച്ച് മുതിർന്നവരാണ്. രണ്ട് കുട്ടികൾ ആയതിന് ശേഷം വേറേ കുട്ടികൾ വേണ്ട എന്നു തീരുമാനിച്ച് മീരയുടെ അമ്മ പ്രസവം നിർത്തിയിരുന്നു. പക്ഷേ ദൈവനിശ്ചയം മീര ജനിക്കണമെന്ന് തന്നെ ആയിരുന്നു . ദൈവനിശ്ചയത്തിന് മുന്നിൽ ശാസ്ത്രം തോറ്റു പോയി . അവർ വീണ്ടും ഗർഭിണിയായി . വിവരം അറിഞ്ഞപ്പോഴേക്കും അലസിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായി . മനസ്സില്ലാ മനസ്സോടെയാണ് അവർ മീരക്ക് ജൻമം നൽകിയത് . അതു കൊണ്ട് തന്നെ ചെറുപ്പത്തിൽ യാതൊരുവിധ പരിചരണവും അവൾക്ക് കിട്ടിയിരുന്നില്ല. എന്തിന് മുലപ്പാൽ പോലും അവൾക്ക് അവർ നിഷേധിച്ചു.
വീട്ടിൽ പുറംപണിക്ക് അമ്മയെ സഹായിക്കാൻ വരുന്ന ജാനകി ചേച്ചിയാണ് അവൾക്ക് ആഹാരം കൊടുക്കുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നത്. അവളുടെ സഹോദരങ്ങളാകട്ടെ ഇങ്ങനെ ഒരു സഹോദരി തങ്ങൾക്ക് ഉണ്ടെന്ന ഭാവമേ ഉണ്ടാരുന്നില്ല. അച്ഛൻ അവളെ ഒന്നു നോക്കാറു പോലുമില്ല. നല്ല ഭക്ഷണമോ വസ്ത്രമോ മറ്റു വസ്തുക്കളോ അവൾക്ക് കിട്ടിയിരുന്നില്ല . ചേച്ചി ഉപയോഗിച്ച് ഉപേക്ഷിച്ച പല സാധനങ്ങളാണ് അവർക്ക് കിട്ടിയിരുന്നത് .
മുതിർന്നപ്പോൾ ഒരിക്കൽ അവൾ ജാനകി ചേച്ചിയോട് ചോദിച്ചു . എന്തുകൊണ്ടാണ് തന്നോട് എല്ലാവരും ഇങ്ങനെ പെരുമാറുന്നതെന്നു് . ചേച്ചി പറഞ്ഞാണ് അവൾ ആ സത്യം മനസ്സിലാക്കിയത് . അവളുടെ ജനനസമയത്ത് ഏതോ ഒരു ജ്യോത്സ്യൻ പ്രവചിച്ചു വത്രേ . അവൾ അപശകുനമാണെന്ന് . കുടുംബത്തിലുള്ള പുരുഷൻമാർക്ക് ആപത്തുണ്ടാകുമെന്ന് . അവളുടെ ജനന ശേഷം അച്ഛനുണ്ടായ നെഞ്ചു വേദനയും അവൾ വളർന്ന ശേഷം ഏട്ടനുണ്ടായ ബൈക്ക് ആക്സിടന്ററും എല്ലാം പാവം അവളുടെ തലയിൽ ആയി. അങ്ങനെയാണ് അവൾ ആ വീട്ടിൽ ഒരു അധിക പറ്റായത്. അവളുടെ വിദ്യാഭ്യാസം പോലും അവർ നിഷേധിച്ചു പ്ലസ് ടുവിൽ ഉയർന്ന മാർക്ക് വാങ്ങി പാസായിട്ടും തുടർന്ന് പഠിക്കാൻ അവൾക്ക് യോഗ മുണ്ടായില്ല.
അങ്ങനെ ഇരിക്കെയാണ് മീരയുടെ സഹോദരിയുടെ വിവാഹം ഉറപ്പിക്കുന്നത് . വിവാഹത്തിൽ നിന്നും അവളെ മാറ്റി നിർത്താൻ പോലും അവർ ആലോചിച്ചു . പക്ഷേ നാട്ടുകാർ ചിലരുടെ മുറുമുറുപ്പ് ഭയന്ന് അവസാനം ആ ശ്രമം അവർ ഉപേക്ഷിച്ചു . കല്യാണത്തിന് മണ്ഡപത്തിന്റെ ഏഴ് അയലത്ത് കണ്ടു പോകരുതെന്ന് എല്ലാവരും അവളെ വിലക്കി. അങ്ങനെ അവൾ കലവറയുടെ പിന്നിൽ ഒതുങ്ങി കൂടി . എത്ര നിയന്ത്രിച്ചിട്ടും അവൾക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല . ഈ സമയത്താണ് സുധി അവിടെ എത്തിയതും അവൻ അവളെ കാണുന്നതും . സുധിയുടെ അമ്മാവനാണ് കല്യാണത്തിന് ഭക്ഷണത്തിന്റെ ചുമതല . ഇടക്ക് അവൻ അമ്മാവന്റെ ഒപ്പം സഹായിയായി പോകാറുണ്ട്. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ടൻറ് ആണ് സുധി . വർഷങ്ങൾ ക്കൊണ്ട് പി എസ് സി പരിക്ഷ എഴുതി ഗവൺമെന്റ് ജോലിക്കായി കാത്തിരിക്കുകയാണ് .
മീരയെ കണ്ടപ്പോൾ തന്നെ അവന് എന്തോ പന്തികേട് തോന്നി . അങ്ങനെയാണ് അവളെ കുറിച്ച് അവൻ അന്വോഷിച്ചത് . കഥകളൊക്കെ കേട്ടപ്പോൾ അവന് അവളോട് സഹതാപം തോന്നി . അത് പതിയെ ഇഷ്ടത്തിലേക്ക് വഴിമാറി .
തിരികെ വീട്ടിൽ എത്തിയിട്ടും സുധിയുടെ മനസ്സിൽ നിന്ന് മീരയുടെ മുഖം മായുന്നേയില്ല . പിന്നീട് അവളുടെ വീടിന്നരികിൽ അവളെ ഒരു നോക്ക് കാണാനായി അവൻ പല വട്ടം പോയി . പക്ഷേ നിരാശയായിരുന്നു ഫലം . ദിവസം ചെല്ലുന്തോറും മീര അവന്റെ സിരകളിൽ പ്രാണവായു പോലെ അലിഞ്ഞു ചേർന്നു. പിന്നീട് ഒന്നും അവൻ ചിന്തിച്ചില്ല . തന്റെ വീട്ടിൽ അവൻ മീരയുടെ കാര്യം അവതരിപ്പിച്ചു . അമ്മയും അമ്മാവൻമാരും ആദ്യം എതിർത്തെങ്കിലും പിന്നിട് അവർ അവനെ അനുകൂലിച്ചു . അങ്ങനെ അവന്റെ അമ്മാവൻ മുഖേന കല്യാണാലോചന മീരയുടെ വീട്ടിലുമെത്തി .
സ്ത്രീധനമായി ഒരു ചില്ലികാശോ പൊന്നോ ഒന്നും തരില്ല . അങ്ങനെ ആണേൽ മാത്രം വിവാഹം നടത്തി തരാമെന്നാരുന്നു മീരയുടെ വീട്ടുകാരുടെ പ്രതികരണം . താൻ സ്നേഹിച്ചത് മീരയെ ണെന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു . അങ്ങനെ ഒരു ആർഭാടവുമില്ലാതെ വിവാഹം നടന്നു . മീര സുധിയുടെ വധുവായി അവന്റെ ജീവിതത്തിലേക്ക് പ്രവേശിച്ചു ..
അത് ഒരു രണ്ടാം ജൻമമായാണ് അവൾക്ക് തോന്നിയത് . സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഭർത്താവ് , മകളെ പോലെ തന്നെ സ്നേഹിക്കുന്ന അമ്മ , ഏട്ടത്തി എന്നു വിളിച്ച് പിന്നാലെ നടക്കുന്ന കുഞ്ഞിപെങ്ങൾ അങ്ങനെ ആ വീട് ഒരു സ്വർഗ്ഗമായി അവൾക്ക് തോന്നി .
വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ സുധിക്ക് ഗവൺമെന്റ് ജോലിക്കുള്ള അപ്പോന്റ് മെന്റ് ലറ്റർ വന്നു. അതോടെ ആ വീട്ടിലെ സന്തോഷം ഇരട്ടിയായി . എല്ലാം എന്റെ മരുമകളുടെ ഭാഗ്യമാണെന്ന സുധിയുടെ അമ്മയുടെ വാക്കുകൾ കേട്ട് അവൾ പൊട്ടിക്കരഞ്ഞു പോയി . ശാപം മാത്രമായിരുന്നു താൻ എന്നും സ്വന്തം കുടുംബത്തിൽ എന്നാൽ ഇപ്പോൾ മറ്റൊരു കുടുംബത്തിന്റെ ഭാഗ്യമായി മാറിയിരിക്കുന്നു . അവൾ ഈശ്വരനോട് നന്ദി പറഞ്ഞു.
അന്നു രാത്രി സുധിയുടെ നെഞ്ചിൽ തല ചായ്ച്ച് കിടന്നപ്പോൾ അവൾ തന്റെ നന്ദിയും കടപ്പാടും അവനെ അറിയിച്ചു. രണ്ടു കരങ്ങൾ കൊണ്ട് അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ഒരു ചുംബനം നൽകി അവൻ പറഞ്ഞു. നീയാണ് എന്റെ സ്വത്ത് , നീയാണ് എന്റെ ഭാഗ്യം എന്നും എപ്പോഴും എന്നരികിൽ നീ ഉണ്ടാവണം . അതാണ് എന്റെ സ്വപ്നവും . രണ്ടു തുള്ളി കണ്ണുനീരുകൊണ്ട് അവൾ ആ ജൻമം അനുഭവിച്ച ദുഃഖങ്ങൾക്ക് എന്നെന്നേക്കുമായി വിട നൽകി .......
ശുഭം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo