Slider

മുത്തിമലയിലെ നീർചോലകൾ

0

ഞങ്ങളുടെ ഗ്രാമത്തിന് കാവലിരിക്കുന്ന മുത്തിമലയുടെ മടിയിൽ കുടിൽ കെട്ടി ഒരു പുതിയ ജീവിതം തുടങ്ങുവാനുള്ള എന്റെ പ്രചോദനം മുത്തിമലയുടെ അരക്കെട്ടിലൂടെ തെളിനീരായി ഒഴികുന്ന നീർചോലകളായിരുന്നു. പുറത്ത് അനുസ്യൂതം ഒഴുകുന്ന നീർചാലുകൾക്കപ്പുറം, വയറ്റിൽ ഒരു വൻ ജലസ്രോതസ്സിനെ മുത്തിമല ഗർഭം ധരിച്ചിരുന്നു.
അതിരാവിലെ തന്നെ മൂത്താശാരി അച്ചുവേട്ടന്റെ മുഖമാണ് ഇന്നത്തെ കണി.
കയ്യിലുള്ള മുഴക്കോല് കൊണ്ട് തെക്കു ഭാഗത്തെ വരാന്തക്കു ചാരി ഒരു വൃത്തം വരച്ച് അതിനു നടുവിൽ ഒരു മുളം കമ്പ്‌ കുത്തി നിറുത്തി അച്ചുവേട്ടൻ നേരെ ഉമ്മറത്ത് കേറി നിന്ന് കുത്തി നിറുത്തിയ മുളംകമ്പിലേക്കു ഒരു കണ്ണ് ചിമ്മി തല ചരിച്ച് നേരെ സൂത്രം നോക്കി.
പല്ലിനിടയിൽ കുടുങ്ങിയ അടക്കയുടെ കഷ്ണങ്ങൾ നാവുകൊണ്ട് തോണ്ടിയെടുത്തു പുറത്തേക്ക് തുപ്പിക്കൊണ്ട് അച്ചുവേട്ടൻ മൊഴിഞ്ഞു.
-" മ്മളെ സ്ഥലത്തിന്റെ കിടപ്പനുസരിച്ചു ഉമ്മറത്ത് നിന്ന് നോക്കിയാൽ കിണറ് കാണണം. അതുകൊണ്ട് അവിടെ സ്ഥാനം ഉറപ്പിക്കാം..!!
കിണറിനു കുറ്റിയടിച്ച് അച്ചുവേട്ടൻ പോവുമ്പോൾ മുത്തിമല വാത്സല്യത്തോടെ ഒന്നുകൂടെ അമർന്നിരുന്നു. തലയിലെ മുടി കൈകൊണ്ട് ഒന്നുകൂടെ മാടിയൊതുക്കി.
അച്ചുവേട്ടൻ വരച്ച വൃത്തത്തിന്റെ അരികു പറ്റി കുഞ്ഞേട്ടന്റെ പിക്കാസ് മണ്ണിനെ അരിഞ്ഞു കൊണ്ടിരുന്നു. പുറത്തേക്കു തള്ളുന്ന മണ്ണിനെ കുട്ടയിൽ നിറച്ചു കാർത്യായനി ചേച്ചി കുറച്ചപ്പുറത്ത് കൂട്ടിയിട്ടു. പുതുമണ്ണിൽ പൊന്തി വന്ന പുഴുക്കളെ കോഴികൾ കൂട്ടത്തോടെ വന്ന് കൊത്തി വലിച്ചു. കാക്കകൾ പക്ഷെ കാർത്യായനി ചേച്ചിയെ പേടിച്ച് മാവിൻകൊമ്പിൽ തന്നെ ഇരുപ്പുറപ്പിച്ചു.
ഉപ്പയുടെ കാലത്ത് തറവാട്ടിൽ എട്ട് കിണറുകൾ കുഴിച്ചു. ഓരോ കിണറും പ്രത്യാശയുടെ ഊറ്റത്തിൽ കുഴിച്ചു കുഴിച്ച് അവസാനം പാറയിൽ തട്ടി മുഴങ്ങി നിൽക്കും. ഫലം നിരാശ തന്നെ. എന്നാൽ ഉപ്പ തന്റെ ധൗത്യത്തിൽ നിന്നും ഒട്ടും പിന്മാറാൻ തയ്യാറായില്ല.
സ്വരുക്കൂട്ടിയും കടം മേടിച്ചും ഉപ്പ തൊടിയിൽ പിന്നെയും കിണറുകൾ കുഴിച്ചു കൊണ്ടേയിരുന്നു. നിരാശയുടെ ആവലാതിയിൽ പിറ്റേ ദിവസം തന്നെ അവയിൽ ഓരോന്നും മണ്ണിട്ട് മൂടി.
പക്ഷെ അവസാനം കുത്തിയ കിണറിന്റെ അടിയിൽ പാറ കൊഞ്ഞനം കുത്തി നിവർന്ന് കിടന്നപ്പോഴും ഉപ്പ ആ കിണർ മണ്ണിട്ട് മൂടിയില്ല.
അതിനു കാരണമുണ്ടായിരുന്നു..!!
രാമൻ കുട്ടി നായരാണ് ആ അഭിപ്രായം പറഞ്ഞത്.
-" ആ കിണറിന്റെ അടിയിൽ കണ്ട പാറമ്മല് നമുക്കൊരു കുഴൽകിണറ് കുഴിച്ചു നോക്കാം..!!
പാറയും പിളർന്നു ഭൂമിക്കടിയിൽ നിന്നും വെള്ളം പുറത്തേക്ക് ചീറ്റി വരുന്നത് ഉപ്പ അന്ന് മുതൽ സ്വപ്നം കാണാൻ തുടങ്ങി.
കുറച്ചു ദിവസത്തിനുള്ളിൽ തന്നെ തറവാട്ട് തൊടിയിൽ കുഴൽ കിണർ കുഴിക്കുന്ന മെഷീൻ കിണറ്റിലെ പാറയെ തുരക്കാൻ തുടങ്ങി. പക്ഷെ നിരാശ ബാക്കി വെച്ച്, പുറത്തേക്ക് തള്ളുന്ന പാറപ്പൊടി തൊടിയിൽ പുകപടലം നിറച്ചതല്ലാതെ വെള്ളം മാത്രം കിട്ടാക്കനിയായി അവശേഷിച്ചു.
മുന്നിൽ വലിയ പാത്രത്തിൽ ഉമ്മയും, അതിനു പിറകിലായി കുഞ്ഞു പാത്രങ്ങളിലായി കുട്ടികളും തലച്ചുമടായി വെള്ളം കൊണ്ട് വന്നിരുന്നത് കുറച്ചു ദൂരെയുള്ള അയ്യപ്പേട്ടന്റെ കിണറ്റിൽ നിന്നായിരുന്നു.
സ്വന്തം വീട്ടിൽ കിണറും വെള്ളവും ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ശരിക്കും മനസ്സിലാക്കിയ അന്ന് മനസ്സിൽ കുറിച്ചിട്ടതാണ് ഈ ജീവിതത്തിൽ ഒരു വീട് വെക്കുന്നെങ്കിൽ അത് മുത്തിമലയുടെ മടിയിൽ തന്നെ എന്ന്.
സമൃദ്ധമായി വെള്ളം കിട്ടുന്ന ഒരു കിണർ!!
ആ സ്വപ്നം പൂവണിയാൻ പോവുന്നു..!!
കുഞ്ഞേട്ടന്റെ പിക്കാസ് തുരപ്പനെ പോലെ കൂടുതൽ ആഴത്തിലേക്ക് തുരന്നു കേറി. പുറത്തേക്കു തുപ്പുന്ന മണ്ണിനെ കാർത്യായനി ചേച്ചി പുറത്തേക്ക് എറിഞ്ഞു കൊണ്ടിരുന്നു.
മൺകൂനയുടെ നിറം മാറി തുടങ്ങി. ചുവന്ന മണ്ണിൽ നിന്നും വെളുത്ത ചെവിടി മണ്ണിലേക്കുള്ള മാറ്റം വെള്ളത്തിന്റെ വരവിനെ സൂചിപ്പിച്ചു.
മുത്തിമലയിൽ നിന്നും കുത്തിയൊലിച്ച തെളിനീർ കിണറിന്റെ അടിയിൽ നിന്നും പുറത്തേക്ക് തിളച്ചു മറിയാൻ തുടങ്ങി.
ആഹ്ലാദത്തിന്റെ ഇരമ്പൽ മനസ്സിൽ പെരുമ്പറ കൊട്ടിയ നിമിഷം.
ഒരു പാളത്തൊട്ടി കിണറ്റിലേക്കിറക്കി.
ആദ്യം കിനിഞ്ഞ തെളിനീർ മുക്കിയെടുത്ത് അതിൽ അവിലും ശർക്കരയും കലക്കി. അത് എല്ലാവരുടെയും തൊണ്ടയിൽ കൂടി കിനിഞ്ഞിറങ്ങി സന്തോഷത്തിന്റെ ദാഹമകറ്റിയപ്പോൾ മാവിൻകൊമ്പത്തിരുന്ന കാക്കകൾ കലപില കൂട്ടി ആ സന്തോഷത്തിൽ പങ്കാളികളായി.
മുത്തിമലയുടെ തെളിനീരുറവ ആ കിണറ്റിൽ നിറഞ്ഞു വന്നു. അലകളില്ലാതെ കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിൽ കാക്ക തന്റെ രൂപം കണ്ടു. പേടിച്ച കാക്ക ചിറകിട്ടടിച്ചപ്പോഴുണ്ടായ അലകളിൽ തന്റെ പ്രതിബിംബം അലിഞ്ഞില്ലാതായി.
മൗനത്തിലാണ്ട് ഉറങ്ങി കിടക്കുന്ന കിണറിലെ വെള്ളത്തെ പാളത്തൊട്ടി ഉച്ചത്തിൽ വിളിച്ചുണർത്തി കലപില കൂട്ടി. കിണറിനുള്ളിൽ അലയൊലികൾ തിരമാലകളായി, വെള്ളത്തിന്റെ പള്ളക്കടിച്ച പാളത്തൊട്ടി നിറയെ വെള്ളവുമായി കപ്പിയുടെ സീൽക്കാര ശബ്ദത്തോടൊപ്പം മുകളിലേക്ക് കേറിവന്നു. ഒപ്പം കിണറിനടിയിലെ വായുസഞ്ചാരം കൂടി.
വെള്ളം ധാരയായി മൂർദ്ധാവിൽ ഒഴിക്കുമ്പോൾ ശരീരത്തിലൂടെ ഒലിച്ചിറങ്ങിയ തണുത്ത വെള്ളം മനസ്സിനെ കൂടുതൽ ഉന്മേഷവാനാക്കി. അരിയിടാൻ സമയമായി എന്നറിയിച്ച് മൺകലത്തിലെ വെള്ളം തിളച്ചു മറിഞ്ഞു. സാമ്പാറിനുള്ള പച്ചക്കറികൾ ചട്ടിയിലെ വെള്ളത്തിൽ നനഞ്ഞു കിടന്നു. നന്നാക്കാനുള്ള മത്തി കറിച്ചട്ടിയിൽ നീണ്ടു നിവർന്നു കിടന്നു. കാക്കകൾക്ക് മുന്നറിയിപ്പുമായി കറിച്ചട്ടിയിലെ മത്തിയുടെ മുകളിൽ ഒരു കത്തി വിശ്രമിച്ചു. പാളത്തൊട്ടിയിൽ ബാക്കി വന്ന വെള്ളം കുടിച്ച് കുരുവികൾ കുടിലിന് ചുറ്റും പാറി നടന്നു.
കിണറിൽ നിന്നും പാളത്തൊട്ടിയിൽ മുക്കിയെടുത്ത വെള്ളം തൊടിയിലെ നീർച്ചാലിലൂടെ ഒഴുകി വെണ്ടയ്ക്ക, പാവയ്ക്കാ, മത്തൻ, ചീര, പയർ എന്നീ പച്ചക്കറികളുടെ ഞരമ്പുകളിലേക്ക് വലിഞ്ഞു കേറി. അവക്ക് കൂടുതൽ ജീവൻ വെച്ചു.
വെള്ളം കോരിക്കോരി കയ്യിനും കാലിനും നല്ല വ്യായാമം കിട്ടി. ശരീരം നന്നായി വിയർത്തു. രാത്രി ഉറക്കം സ്വർഗീയാനുഭൂതിയായി.
കുടിലിൽ നിന്നും കോൺക്രീറ്റ് കൂടിലേക്കുള്ള പരിണാമം അനിവാര്യമായപ്പോൾ വീടിന്റെ നെറുകയിൽ ഒരു വാട്ടർ ടാങ്ക് സ്ഥാനം പിടിച്ചു. പെരുമ്പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞ പൈപ്പുകൾ കിണറിന്റെ ആഴങ്ങളിലേക്ക് ഊഴ്ന്നിറങ്ങി പൊക്കിൾ കൊടിയെ നോവിച്ചു. പാളത്തൊട്ടി അഴിച്ചു വെച്ചു. കപ്പി തുരുമ്പെടുത്ത് വെറും നോക്കു കുത്തിയായി. വെള്ളത്തിലെ അലകൾ നിലച്ചു. വായു സഞ്ചാരമില്ലാതെ വെള്ളത്തിന്റെ മുകളിൽ ഒരു പാട തളം കെട്ടി.
ദാഹം മാറ്റാൻ ടാങ്കിനു മുകളിൽ കേറിയ കാക്കകൾ അവിടെ കാഷ്ഠിച്ചു വെള്ളം മലിനമാക്കി. മത്തിയുടെ തലയും വേസ്റ്റുകളും അവിടെ കൊണ്ടിട്ടു.
മഹേന്ദ്ര പമ്പിന്റെ മുരടനാക്കിയുള്ള മൂളക്കം കിണറിന്റെ അടിത്തട്ടിൽ സംഘർഷം സൃഷ്ട്ടിച്ചു. പെരുമ്പാമ്പിന്റെ വയറ്റിലൂടെ മേൽപ്പോട്ടു കയറിയ വെള്ളം ടാങ്കിൽ തലതല്ലി വീണു കരഞ്ഞു.
ജോലിയെല്ലാം യന്ത്രങ്ങൾ ഏറ്റെടുത്തപ്പോൾ മെയ്യനങ്ങാതെയായി. ശരീരത്തിൽ കൊഴുപ്പു അടിഞ്ഞു കൂടി. പാൻക്രിയാസ് പണിമുടക്കാൻ തുടങ്ങി. ആവശ്യമുള്ള ഗ്ലൂക്കോസ് കിട്ടാതെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും പ്രവർത്തനം മന്ദഗതിയിലായി.
മുത്തിമലയുടെ മടിയിൽ കോൺക്രീറ്റ് കൂടുകൾ നിറഞ്ഞു കൊണ്ടിരുന്നു. ഒപ്പം കിണറുകളും. ഓരോ ടെറസിനെയും വരിഞ്ഞു മുറുക്കിയ പെരുമ്പാമ്പുകൾ വാട്ടർ ടാങ്കിലേക്ക് ധാര ധാരയായി വെള്ളംതുപ്പിക്കൊണ്ടിരുന്നു.
മുത്തിമലയുടെ അരക്കെട്ടിലെ നീർച്ചോലകൾ നൂലുപോലെ നേർത്തു വന്നു. മഹേന്ദ്ര പമ്പുകളുടെ മുരടനക്കൽ മുത്തിമലയുടെ ചെവിക്കല്ല് പൊട്ടിച്ചു. പനി പിടിച്ച കുഞ്ഞിനെ പോലെ മുത്തിമല കിടന്നു വിറച്ചു. ശരീരത്തിലെ അവസാനത്തെ ഉറവയും ടാങ്കിലേക്ക് ഊറ്റിയെടുക്കുമ്പോൾ വെള്ളത്തിൽ രക്തത്തിന്റെ അളവ് കൂടി വരുന്നത് കണ്ട കാക്കകൾ ഉച്ചത്തിൽ നിലവിളിച്ച് മുത്തിമലയുടെ മൂർദ്ധാവിൽ ചെന്നിരുന്നു.
അപ്പോഴേക്കും..
നീർച്ചോലകൾ വരണ്ടുണങ്ങിയ മുത്തിമലയുടെ അരക്കെട്ടിൽ തുളച്ചിറക്കാൻ ഭീമാകാരനായ ഒരു യന്ത്രം തമ്പടിച്ചിരുന്നു.
===============
നാസർ പുതുശ്ശേരി
തിരുവാലി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo