Slider

സദാചാര മുഖംമൂടികൾ

0
Image may contain: 1 person, indoor and closeup

ഡാ ഖാദറേ ....
ഒന്ന് നിക്ക് , എങ്ങോട്ടാ ഇങ്ങളീ പായണത് ?
ഹാ അല്ലാ ഇതാര് പോക്കറോ ?
ഞമ്മള് ആ കവലയിലേക്കാ ആ സുബൈറിനെ ഒന്ന് കാണണം മ്മക്ക് ഇത്തിരി കാശ് തരാനുണ്ട് ഓൻ .
ഓന്റെ മോൾടെ പ്രസവത്തിന് വാങ്ങീതാ . മോള് പെറ്റ് നാൽപത് കുളീം കഴിഞ്ഞ് ഇതുവരെ മടക്കി തന്നിട്ടില്ല . ചോദിക്കുമ്പോ ഓരോരോ മുടന്തൻ ന്യായങ്ങളും . ഇന്ന് ഞമ്മക്ക് രണ്ടിലൊന്ന് അറിയണം . രൂപാ 25000 ആ പലിശയും ചേർത്ത് മുപ്പതോളം ആയിട്ടുണ്ട് . ഇന്ന് ഓനെ നേരിട്ട് കണ്ടിട്ട് തന്നെ കാര്യം .
അല്ല ഇങ്ങളിതെവിടുന്നാ ഇപ്പോ വരണത് ?
ഹോ അതോ ... രാവിലെ ഒന്ന് ടൗണിലെ ആസ്പത്രി വരെ പോയതാ . ഷുഗറ് നോക്കാൻ .തിരിച്ച് വന്ന് ഒരു ചായയും കുടിച്ച് ഇറങ്ങി , ഇനി നേരേ കടയിലോട്ട് പോണം . ആ ചെക്കൻ വന്ന് കട തുറന്നിട്ടുണ്ടാകും ഇപ്പോ .
ഹാ അത് പറഞ്ഞപ്പളാ ഓർത്തത് .
ഇന്ന് ടൗണിൽ വച്ച് ആ അബ്ദൂന്റെ മോളില്ല ഇൻജനീറിങ്ങിന് പഠിക്കണ പെണ്ണ് കുറച്ച് പിള്ളേരുടെ കൂടെ റോഡിൽക്കൂടി കളിച്ചും ചിരിച്ചും ബഹളം വച്ച് പോണത് കണ്ട് .
ശ്ശോ , പോക്കറേ അത് ഓൾടെ കൂട്ടുകാരികളാകൂന്ന് .....
ഹാ കൂട്ടുകാരികൾ മാത്രല്ലാ കൂട്ടുകാരൻമാരും ഉണ്ടാർന്ന് . രണ്ടു മൂന്ന് ചെക്കൻമാരും രണ്ടുമൂന്ന് പെണ്ണുങ്ങളും ഓൾടെ കൂടെ ചിരിച്ചും കളിച്ചും തമാശ പറഞ്ഞും തല്ലുകൂടിയും എന്താ ബഹളം . ഒട്ടും അടക്കോം ഒതുക്കോം ഇല്ലാണ്ടാ ഓരോരുത്തര് മക്കളേ വളർത്തണത് .....
അതുമാത്രോ , ഓരോന്നിന്റെ വേഷം കണ്ടാലോ ? ചുരിദാറാന്ന് പറച്ചിലേ ഉള്ളൂ .. ഇപ്പോ പാന്റിന് പകരം ഒന്നുണ്ടല്ലോ എന്താ ????? ഹാ ലഗ്ഗീൻസ് അതും വലിച്ച് കേറ്റി ഒരു ഷാളും ചുറ്റി അങ്ങ് ഇറങ്ങും എന്നിട്ട് ക്ലാസിൽ പോകുവാന്ന് പേരും . കുറേ തല തെറിച്ച കൂട്ടുകാരും ഉണ്ടാകും . രാവിലെ മുതൽ കറങ്ങി നടന്നിട്ട് വൈകിട്ട് വീട്ടിൽ വന്ന് കേറും . വീട്ടിലിരിക്കുന്ന തന്തയ്ക്കും തള്ളയ്ക്കും ഇതൊക്കെ അന്വേഷിക്കാൻ ഏടെ നേരം .
സത്യം പോക്കറേ , നീ പറഞ്ഞത് . ആ അബ്ദു അങ്ങ് ഗൾഫിലല്ലേ ? ഓന്റെ ഓളാണെങ്കിൽ വീട്ടീന്ന് പുറത്തിറങ്ങൂലാ . ഇനി അഥവാ ഇറങ്ങിയാ തന്നെ കാറിൽ കേറി ഒറ്റ പോക്കാ . നമ്മൾ അയൽക്കാരെ കണ്ടാൽ ഒന്നു ചിരിക്കും അത്ര തന്നെ . പെണ്ണുങ്ങള് കണ്ടാ മാത്രം സംസാരിക്കും . മ്മൾ ആണുങ്ങൾ എന്താ ഓളെ പിടിച്ച് തിന്നോ ???
ഡാ ഖാദറേ , ഇതൊക്കെ ഓൾടെ നമ്പറാന്നേ . നമ്മൾ അറിയാത്ത പല സെറ്റപ്പും കാണും ഓൾക്ക് . കെട്ടിയോൻ അങ്ങ് ഗൾഫിലല്ലേ ? ആരും ചോദിക്കാനും പറയാനും ഇല്ലല്ലോ പിന്നെന്താ ? ഉമ്മ ഇങ്ങനായാൽ മോൾ ഇതിലപ്പുറം കാട്ടും . നമ്മുടെ ആൾക്കാരെ പറയിപ്പിക്കാനായിട്ട് ഇറങ്ങിക്കോളും ചില പുത്തൻ പണക്കാര് . ഇവറ്റോൾളെയൊക്കെ പത്തലുവെട്ടി അടിക്കണം . എന്റെ വീട്ടിലെങ്ങാനും ആയിരിക്കണം പിന്നെ പുറം ലോകം കാണൂലാ ഒന്നും ഹാ .....
അവിടെ ഖാദറിന്റെയും പോക്കറിന്റെയും സദാചാര കമ്മറ്റി കൊഴുക്കുമ്പോൾ മറ്റൊരിടത്ത് ....................
രംഗം : 1
ഹലോ
എന്താടീ ഫോണെടുക്കാൻ ഇത്ര താമസം നിന്റെ പോങ്ങൻ കെട്ടിയോൻ പോക്കറ് പോയില്ലേ ?
ഹൊ .. ഇപ്പോ പോയതേ ഉള്ളൂ .. ഇങ്ങള് നേരത്തേ വിളിച്ചപ്പോ ആ മനുഷ്യൻ കടയിൽ പോകാൻ റെഡിയാകുവാരുന്നു . അതാ ഞാൻ കട്ട് ചെയ്തേ ..
ഹാ ... ഇനി ഇപ്പോ അങ്ങേര് വരൂലല്ലോ ഉച്ചയ്ക്ക് എങ്ങാനും കയറി വരോ ???
ഹേയ് ... കടയിലെ ചെക്കൻ വന്ന് ഊണ് കൊണ്ടോകും അങ്ങേര് ഇനി നാടു നന്നാക്കലൊക്കെ കഴിഞ്ഞ് രാത്രി കട പൂട്ടിയിട്ടേ വരൂ .
ഹാവൂ ... എന്നാ ഞാൻ ഇതാ എത്തി . എന്റെ പൊന്നിനെ കാണാൻ കൊതിയാകുന്നു ...
കൊച്ചു കള്ളൻ ഒരാഴ്ചയായില്ല വന്നിട്ട് പോയിട്ട് ഇത്ര പെട്ടെന്ന് പൂതിയായോ വീണ്ടും . എന്നാ പിന്നെ പോര് . മോൻ കൂട്ടുകാര് വിളിച്ചപ്പോ പുറത്തേക്ക് പോയി ഇനി ഇരുട്ടുമ്പോഴേ വരൂ . ഞാൻ ഇവിടെ ഒറ്റയ്ക്കാ ....... ഖാദറിന്റെ ബീവി ചെറിയ ഒരു നാണത്തോടെ പറഞ്ഞു നിർത്തി .
എന്നാ മോള് വെച്ചോ . ഞാൻ ദേ എത്തി ........
രംഗം : 2
ഒന്ന് വേഗം വരുന്നുണ്ടോ നീയ് ? ഉച്ചയ്ക്ക് 12 മണിക്കാ ഷോ . ഇപ്പോ പോയാലേ ടിക്കറ്റ് കിട്ടൂ , ഒന്ന് വേഗം വാ ന്റെ സീനാ .....
ഒന്ന് നിക്ക് അജൂ , ക്ലാസ് കട്ട് ചെയ്ത് ഇറങ്ങിയ പാട് എനിക്കറിയാം . ടീച്ചേഴ്സ് ആരേലും കണ്ടാൽ തീർന്ന് . അവൾ വേവലാതിപ്പെട്ടു .
ഓ പിന്നെ , നമ്മൾ ആദ്യായിട്ടല്ലേ ക്ലാസ് കട്ടു ചെയ്യുന്നേ , ഒന്ന് പോടീ . നീ ആ പർദ്ദ ഒന്ന് എടുത്തിട് . വീട്ടീന്ന് വരുമ്പോ ഇത് ഇട്ടിട്ടല്ലേ വരുന്നേ ? പിന്നെ കോളേജിൽ എത്തുമ്പോ എന്തിനാ അഴിച്ചു വയ്ക്കുന്നത് ? അവൻ ചോദിച്ചു
ഹോ പിന്നേ , വീട്ടീന്ന് ഉപ്പാനെ പേടിച്ചാ ഇതിടുന്നത് . ഈ സാധനം ഇട്ട് മൂടികെട്ടിനടക്കാൻ എനിക്ക് വട്ടല്ലേ ? അതോണ്ട് വരുന്ന വഴി ഷിനിടെ വീട്ടിൽ കേറി ഇതഴിച്ച് ബാഗിലാക്കും എന്നിട്ട് അടിപൊളിയായിട്ട് ഇങ്ങോട്ട് പോരും എങ്ങനെയുണ്ട് ഐഡിയ , സീന ചിരിച്ചു .
മതി മതി ,,, വേഗം അത് എടുത്തിട് അല്ലേൽ വഴിയിൽ വച്ചങ്ങാനും നിന്റെ ഉപ്പ ഖാദറ് കണ്ടാൽ അതോടെ എന്റെ മയ്യത്തെടുക്കും അങ്ങേര് .
ഹേയ് .... ഉപ്പാക്ക് നാട് നന്നാക്കാൻ നേരമില്ല , പിന്നെയാ വീട്ടിലുള്ളോരെ . ഉപ്പ ഒന്നും അറിയാൻ പോണില്ല .
ഹോ , എന്നാലും റിസ്ക്ക് വേണ്ട , നീ അതിട്ടോ .
എന്നാ ശരി , ഒരു മിനിറ്റ്
അവൾ വേഗം പർദ്ദ ധരിച്ചു . മക്കനകെട്ടി മുഖം മറച്ചു . അജുവിന്റെ ഒപ്പം ബൈക്കിൽ കയറി . ടൗണിലുള്ള തിയേറ്റർ ലക്ഷ്യമാക്കി അവൻ വണ്ടി വിട്ടു . ഉള്ളിൽ ഒരു ഗൂഢമന്ദസ്മിതത്തോടെ .
ഇതൊന്നും അറിയാതെ ഖാദറും പോക്കറും ആരാന്റെ ഭാര്യയേയും മക്കളേയും നന്നാക്കാനുള്ള നെട്ടോട്ടത്തിലാണ് ........
NB : ഇതാണ് ഇന്നിന്റെ അവസ്ഥ . സമൂഹത്തിൽ കുറച്ച് മാന്യതയുടെ മുഖംമൂടി അണിഞ്ഞ് ഖാദറുമാരും പോക്കറുമാരും ഇറങ്ങിയിട്ടുണ്ട് . സ്വന്തം വീട്ടിൽ നടക്കുന്നതൊന്നും അറിവുണ്ടാകുകയുമില്ല , നാട്ടുകാരുടെ വിശേഷങ്ങൾ മണത്തറിയുകയും ചെയ്യും . മറ്റുള്ളവർ ചെയ്യുന്നതിലെ തെറ്റും ശരിയും വേർതിരിച്ച് തെറ്റിനെ പൊലിപ്പിച്ച് നാലാളുകളുടെ മുന്നിൽ വിളമ്പി അവരെ നാണംകെടുത്താൻ കച്ചകെട്ടി ഇറങ്ങിയേക്കുന്ന ചില സദാചാര ഞാഞ്ഞൂലുകൾ . ഇവരോടൊക്കെ ശരിക്കും പറഞ്ഞാൽ സഹതാപം മാത്രം .
വഴിപിഴച്ചുപോകുന്നത് ഗൾഫുകാരന്റെ ഭാര്യയും മക്കളും മാത്രമല്ല . എന്നും നിങ്ങളെ പോലെയുള്ളവരുടെ ചൂടും ചൂരും ഏറ്റുവാങ്ങി കഴിയുന്നവരും ഉണ്ടാകും . എന്നും കൂടെ കിടക്കുന്ന ഭാര്യയും നിങ്ങളുടെ മുന്നിൽ ഭയന്ന് വിറച്ചു നിക്കുന്ന മക്കളും ഉണ്ടാകും തരം കിട്ടിയാൽ കെട്ടുപൊട്ടിക്കാൻ പാകത്തിന് . തലതെറിച്ചു പോയി എന്ന് നിങ്ങൾ വിശേഷിപ്പിക്കുന്ന അന്യന്റെ സന്തതികളെക്കുറിച്ചും ഭാര്യമാരെക്കുറിച്ചും ആവലാതിപ്പെടുന്നതിന് മുൻപായി സ്വന്തം വീട്ടിലെ സ്ഥിതിഗതികൾ കൂടി ഒന്ന് പരിശോദിക്കുന്നത് നന്നായിരിക്കും . ഫേസ്ബുക്കും വാട്ട്സ്അപ്പും ഒന്നും വേണോന്നില്ല ഇന്നത്തെക്കാലത്ത് ഒരാൾക്ക് വഴിപിഴച്ചുപോകാനായിട്ട് . അതുകൊണ്ട് ആദ്യം സ്വന്തം കുടുംബത്തിലുള്ളവരെ നന്നാക്കിയിട്ട് പോരെ നാട്ടുകാരുടെ കുടുംബത്തിൽ കേറി ക്ഷേമം അന്വേഷിക്കുന്നത് ????
ഒരു വിരൽ മറ്റുള്ളവർക്ക് നേരേ ചൂണ്ടുമ്പോൾ ബാക്കിയുള്ള നാലു വിരലുകളും തനിക്ക് നേരെയാണെന്ന സത്യം മനസ്സിലാക്കുക
ലിജിയ ഷാനവാസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo