നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തെറ്റിന്റെ ബാക്കിപത്രം

Image may contain: 1 person, sitting
*******************
കവലയിൽ ബസ്സിറങ്ങുമ്പോൾ തെല്ലകലയായ് ഒരു ചെറിയ കൂട്ടം . അവരുടെ ഒച്ചപ്പാടും ബഹളോം കേൾക്കാം . കുറച്ചു പിള്ളേർ കൂട്ടം ചേർന്ന് എന്തിനേയോ കല്ലെറിഞ്ഞ് തുരത്തുന്നതാണെന്ന് തോന്നുന്നു .
എറിയെടാ എറിയ് ... കൂട്ടത്തിൽ ഒരുത്തൻ മറ്റുള്ളവരോട് ആജ്ഞാപിക്കുന്നു .
വല്ല പട്ടിയോ പാമ്പോ ആകും എന്ന് കരുതിയാണ് താൻ നോക്കിയത് . പെട്ടെന്ന് കണ്ണുടക്കിയത് ഒരു മനുഷ്യക്കോലത്തിൽ .. 45 വയസിനടുത്ത് പ്രായം വരുന്ന ഒരു സ്ത്രീയാണ് . മുഷിഞ്ഞ വേഷം . കല്ലേറ് ഭയന്ന് അവർ അവിടെ നിന്ന് ഓടി മറയാൻ ശ്രമിക്കുന്നു . കുട്ടികൾ അവരുടെ വെപ്രാളവും പരവേശവും കണ്ട് വീണ്ടും വീണ്ടും അവരെ ആട്ടിയോടിക്കാൻ തുനിയുന്നു .
ഞാൻ ചുറ്റും ഒന്ന് നോക്കി , മിക്ക കടകളിലും ആളുകൾ ഉണ്ട് . ചിലർ അങ്ങിങ്ങായ് കൂട്ടം കൂടി നിൽപുണ്ട് . പക്ഷേ ആരും ആ കുട്ടികളെ വിലക്കുന്നില്ല . എനിക്കെന്തോ ആ നാട്ടുകാരോട് അമർഷം തോന്നി . അങ്ങോട്ട് ചെന്ന് ആ പിള്ളേർക്ക് രണ്ടെണ്ണം പൊട്ടിച്ച് ആ സ്ത്രീയെ രക്ഷപ്പെടുത്തണമെന്ന് തോന്നി . പിന്നെ ആലോചിച്ചപ്പോ കാര്യം അന്വേഷിച്ചിട്ട് ആകാമെന്ന് കരുതി .
പതിയെ ഞാൻ അടുത്തു കണ്ട ഒരു കടയിലേക്ക് കയറി . കടയുടമ ഒരു സ്ത്രീയ്ക്ക് സാധനങ്ങൾ പൊതിഞ്ഞ് കൊടുക്കുന്ന തിരക്കിലാണ് . അവർ പോയപ്പോ ഞാൻ മുന്നോട്ട് ചെന്നു .
ചേട്ടാ , ഞാൻ കുറച്ച് ദൂരത്ത് നിന്ന് വരികയാ . ഇവിടെ ഒരു ആറു മാസം മുൻപ് ഒരു പെൺകുട്ടി മരിച്ചില്ലേ . അവരുടെ വീട് എവിടെയാണെന്ന് ഒന്ന് പറയോ ?
കടയുടമ എന്നെ ചോദ്യഭാവത്തിൽ നോക്കി .
മോൾ ഏതാ ? എവിടുന്നാ ?
ചേട്ടാ ഞാൻ ജേർണലിസം സ്റ്റുടൻറ് ആണ് . പ്രോജക്ടിന്റെ ഭാഗമായി റിസേർച്ചിലാണ് . എനിക്ക് ആ കുടുംബത്തിൽ നിന്ന് കുറച്ച് കാര്യങ്ങൾ അറിയാനായിരുന്നു .
അയ്യോ മോളേ , ആ വീട്ടുകാർ ഇവിടുന്ന് താമസം മാറി പോയല്ലോ , എവിടേയ്ക്കാണെന്നൊന്നും അറിയില്ല . പാവങ്ങൾ ഒറ്റ മോളാരുന്നു അവർക്ക് അത് താങ്ങാനുള്ള ശക്തി ദൈവം കൊടുത്തില്ല . എന്താ ചെയ്ക .
ചേട്ടന് അറിയോ എന്താ സംഭവിച്ചതെന്ന് ? എനിക്ക് പത്രത്തിൽ വായിച്ച വിവരങ്ങളേ അറിയൂ . അതാ ഞാൻ നേരിട്ട് വന്ന് അന്വേഷിക്കാന്ന് വച്ചത് . ഞാൻ പറഞ്ഞു
അതോ മോളേ , അതൊക്കെ ഓർക്കുമ്പോ നെഞ്ചുപൊട്ടും . അയാൾ കഥ പറയാൻ തുടങ്ങി
മായ എന്നായിരുന്നു അവളുടെ പേര് . പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാരുന്നു . അച്ഛൻ പോസ്റ്റാഫീസിൽ ക്ലാർക്ക് അമ്മയ്ക്ക് ജോലിയില്ല . മായ നന്നായിട്ട് പഠിക്കും . കണക്കിൽ അൽപം പിന്നോക്കം ആയപ്പോ SSLC ആയത് കൊണ്ട് നല്ല മാർക്ക് കിട്ടാൻ വേണ്ടിയാണ് ഗായത്രി ടീച്ചറുടെ അടുത്ത് ട്യൂഷന് വിട്ടത് . ടീച്ചർ ഇവിടെ അടുത്ത കോളേജിലാണ് പഠിപ്പിച്ചോണ്ടിരുന്നത് . ഭർത്താവ് ഗൾഫിൽ ഒറ്റ ഒരു മകൻ എഞ്ചിനീറിംഗിന് തമിഴ്നാട്ടിൽ പഠിക്കുവാരുന്നു .
ടീച്ചർ വീട്ടിൽ അമ്മയോടൊപ്പം തനിച്ചാരുന്നു താമസം . മായ വീട്ടിൽ ആണ് ട്യൂഷന് പൊക്കോണ്ടിരുന്നത് . ടീച്ചർ നല്ലൊരു സ്ത്രീയാരുന്നു . മകനെ ഒരുപാട് ലാളിച്ച് വളർത്തിയതാ . അതിന്റെ കുരുത്തക്കേട് ആ ചെക്കനും ഉണ്ടാർന്ന് .
കഴിഞ്ഞ ക്രിസ്മസ്സിന് അവൻ കുറച്ച് കൂട്ടുകാരുമായിട്ടാ വന്നത് വീട്ടിൽ . ഭയങ്കര പാട്ടും മേളവും ഒക്കെ ആരുന്നു .അവിടെ ഇടക്കൊക്കെ പുറം പണിക്ക് സഹായിക്കാൻ പോകുന്ന ബാലൻ പറഞ്ഞത് കള്ളും കഞ്ചാവും ഒക്കെ ഉണ്ടായിരുന്നു എന്നാ .
എന്ത് ചെയ്യാനാ മോളേ . അന്ന് ഒരു ദിവസം അവധി കഴിഞ്ഞ് മായക്കൊച്ച് ട്യൂഷന് ചെന്നതാ . ഗായത്രി ടീച്ചറും അമ്മയും അവിടെ ഉണ്ടാരുന്നില്ല . ആ ചെക്കനും അവന്റെ കൂട്ടുകാരു പിള്ളേരും . കഞ്ചാവിന്റെ ലഹരിയിലാരുന്നു എന്നാ കേട്ടത് . പാവം ആ കൊച്ചിന്റെ കഷ്ടകാലം അല്ലാതെന്താ , അവൻമാരെല്ലാം കൂടി അതിനെ പിച്ചിച്ചീന്തി .
ഹോ , പാവം താങ്ങാൻ കഴിയാതെ ചത്തുപോയി അത് . എന്നിട്ടവൻമാര് ബോഡി ഒളിപ്പിച്ച് വച്ച് . ആരും കാണാതെ രാത്രി പറമ്പിൽ കുഴിച്ചിട്ട് . എന്നിട്ട് ഒന്നും മിണ്ടാതെ സ്ഥലം വിട്ട് .
ഈ നാടായ നാട് മുഴുവനും ആ പെൺകൊച്ചിനെ ഞങ്ങൾ തിരഞ്ഞ് നടന്ന് . കള്ളത്തരം ഒരുപാട് നാളൊന്നും മറച്ചുവയ്ക്കാൻ പറ്റില്ലല്ലോ കുഞ്ഞേ . പോലീസ് അവസാനം കണ്ടുപിടിച്ച് . ആ ചെക്കനും കൂട്ടുകാരും ഇപ്പോ ജയിലിലാ . കാശൊള്ള വീട്ടിലെ മക്കളാന്നേ , വേഗം അവര് പുറത്ത് വരും നോക്കിക്കോ . ഇന്നാട്ടിൽ പണത്തിന് മുന്നിൽ ഒന്നും വിലപ്പോവില്ല .
ഹാ നഷ്ടം ആ തന്തയ്ക്കും തള്ളയ്ക്കും മാത്രം . അതോണ്ട് അവര് കെട്ടിപ്പെറുക്കി എങ്ങോട്ടോ പോയി , കടക്കാരൻ ചേട്ടൻ കഥ പറഞ്ഞവസാനിപ്പിച്ച് തിരിഞ്ഞ് കടയ്ക്കുള്ളിലേയ്ക്ക് പോയി . ഞാൻ ഒന്നു നെടുവീർപ്പെട്ടു . വന്ന കാര്യം മുഴുവനും നടന്നില്ലേലും ആവശ്യമുള്ള ഡീറ്റെയ്ൽസ് കിട്ടിക്കഴിഞ്ഞു . ഇനി തിരിച്ചു പോകാം .
ചേട്ടാ ഠൗണിലേക്ക് തിരിച്ച് ബസ്സ് എപ്പഴാ ?
അത് മോളേ ഒരു അരമണിക്കൂർ കഴിഞ്ഞാ വരും ..
പെട്ടെന്ന് ആരോ പിന്നിൽ നിന്ന് എന്നെ വട്ടം പിടിച്ചു . ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോൾ നേരത്തേ കണ്ട ആ ഭ്രാന്തിസ്ത്രീയാണ് . കല്ലെറിഞ്ഞ പിള്ളേരിൽ നിന്ന് രക്ഷനേടാൻ തന്റെ പിന്നിൽ അഭയം തേടിയതാണ് .
പോ പിള്ളേരേ പോവാൻ , എന്തിനാ അവരെ ഉപദ്രവിക്കുന്നത് പാവമല്ലേ ? നിങ്ങൾടെയൊക്കെ അമ്മയെ പോലെ ഒരു സ്ത്രീയല്ലേ ? ഇതാണോ നിങ്ങൾടെ വീട്ടിൽ ഉള്ളവർ പഠിപ്പിക്കുന്നത് . ഞാൻ പിള്ളേരോട് ദേഷ്യപ്പെട്ടു . അവർ പതിയെ പിൻതിരിഞ്ഞു പോയി . ഞാൻ ആ സ്ത്രീയുടെ മുഖത്തേയ്ക്ക് നോക്കി , ഒരു ദയനീയഭാവം നിഴലിച്ചു നിൽക്കുന്നു . ഞാൻ ബാഗിനുള്ളിൽ നിന്ന് 100 ന്റെ ഒരു നോട്ടെടുത്ത് അവർക്ക് നേരേ നീട്ടി . അവർ നോട്ടിലും പിന്നെ എന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കിയ ശേഷം എങ്ങോട്ടോ ഓടി പോയി .
ആരാ ചേട്ടാ ആ സ്ത്രീ ? ഞാൻ കടക്കാരനോട് ചോദിച്ചു .
ഹോ , അതോ അതാണ് മോളേ ഗായത്രി ടീച്ചർ .
ലാളിച്ചു വളർത്തിയ മകൻ ചെയ്ത തെറ്റ് താങ്ങാൻ അവരുടെ മനസ്സിനായില്ല . നാട്ടുകാരുടെ പരിഹാസവും മകന്റെ ജയിൽവാസവും പിന്നെ മകൻ പിഴച്ചു പോയതിന്റെ കുറ്റം അവരുടെ തലയിൽ കെട്ടിവച്ച് ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ അവഗണനയും അവരെ ഒരു ഭ്രാന്തിയാക്കി . മക്കൾ ചെയ്യുന്ന തെറ്റിന് പലപ്പോഴും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നത് പാവം മാതാപിതാക്കൾ ആയിരിക്കും .
ഹാ ,, ജയിൽ ശിക്ഷ കഴിഞ്ഞ് വരുന്ന ആ ചെക്കന് ഇതിലും വലിയ ഒരു ശിക്ഷ ദൈവം കൊടുക്കാനില്ല . എന്നാലെങ്കിലും നന്നായാൽ മതിയാരുന്നു ......
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ നെഞ്ചിനുള്ളിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു . ഒരു തെറ്റും ചെയ്യാതെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ഒരു മാതൃഹൃദയം ഈശ്വരനോട് ദയയ്ക്കായ് യാചിക്കുന്നത് പോലെ . മാതാപിതാക്കൾ നൽകുന്ന സുഖത്തിൽ മതിമറന്ന് തെറ്റിലേക്ക് യാത്ര ചെയ്യുന്ന ഓരോ മക്കൾക്കും ഗായത്രി ടീച്ചറുടെ ജീവിതം ഒരു പാഠമാണ് . താൻ ചെയ്യുന്ന ഓരോ തെറ്റിനും തനിക്ക് ഒപ്പം തന്റെ കുടുംബവും അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരും എന്നത് ചിന്തിക്കുന്നത് തെറ്റിലേക്കുള്ള ദൂരം കുറയ്ക്കാൻ സഹായിക്കും .
NB : നിങ്ങൾ ചെയ്യുന്ന തെറ്റിന്റെ ബാക്കിപത്രമാകുന്നത് നിരപരാധികളായ നിങ്ങളെ സ്നേഹിക്കുന്ന ഒരുകൂട്ടരത്രേ ...
 Lijiya Shanu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot