Slider

അഘോര - ഹൊറർ നോവൽ - ഭാഗം : 9

0

രചന : അജ്മല്‍ സികെ
കാളകളുടെ ഉച്ചത്തിലുള്ള അമര്‍ച്ച കേട്ടാണ് രാഘവന്‍ കെട്ടു വിട്ടെഴുന്നേറ്റത്. ഇന്നലെ രാത്രി മഹിക്കുഞ്ഞറിയാതെ വണ്ടിയില്‍ സൂക്ഷിച്ചിരുന്ന 2 കുപ്പി ചാരായം അകത്താക്കിയിരുന്നു. അതു കൊണ്ട് പേടിയില്ലാതെ സുഖനിദ്ര കടാക്ഷിച്ചു. മദ്യലഹരി വിട്ടിറങ്ങാന്‍ ഇനിയും സമയമെടുക്കുമെന്ന് തോന്നുന്നു. കണ്ണ് മിഴിച്ച് ചുറ്റിലും മഹിക്കുഞ്ഞിനെ തേടി. പക്ഷെ എവിടെയും മഹിയെ കാണുന്നില്ല. ഇനി ഒരു പക്ഷെ വെളിക്കിരിക്കാനോ മറ്റോ മറ തേടി പോയിക്കാണും. കാളകള്‍ക്ക് വിശക്കുന്നുണ്ടാവും.... പിറകിലെ സഞ്ചിയില്‍ നിന്ന് പിണ്ണാക്കും തവിടും ചേര്‍ത്ത് കലക്കി കാളക്കിട്ടു കൊടുത്ത് രാഘവന്‍ ഒന്നു നടു നിവര്‍ത്തി. വലതു വശത്തായി പകല്‍ വെളിച്ചത്തില്‍ കാടു കാണ്ടപ്പോള്‍ രാഘവന്റെ ഉള്ളൊന്നു കാളി. യാതൊരു വിധ പച്ചപ്പും അവശേഷിക്കാതെ എല്ലാ ഇലകളും ഉണങ്ങി കരിഞ്ഞു നില്‍ക്കുന്നു... നീളമുള്ള വള്ളികളും കൂര്‍ത്ത മുള്ളുകളുമായി ആര്‍ക്കും ഭയം തോന്നുന്ന തരത്തില്‍ ആകാശം മുട്ടെ ഉയരത്തില്‍ നില്‍ക്കുന്ന പടുകൂറ്റന്‍ മരങ്ങള്‍, ആരെയും അകത്തേക്ക് കടത്തിവിടില്ലെന്ന മട്ടില്‍ തിങ്ങി ഞെരുങ്ങി നില്‍ക്കുന്നു.
'ആരാ? എവിടുന്നാ? എന്താ ഇവിടെ.?
ചോദ്യങ്ങളുടെ ശരമാരി വര്‍ഷിച്ചപ്പോഴാണ് രാഘവന്‍ ഞെട്ടലോടെ തിരിഞ്ഞു നോക്കിയത്. പതിനാല് വയസ്സ് തോന്നിക്കുന്ന ഒരു ബാലന്‍ പുരിക കൊടി വളച്ച് ചോദ്യഭാവേന രാഘവന്റെ മുഖത്ത് നോക്കി നില്‍ക്കുന്നു.
' ഞാന്‍ കുറച്ചകലേന്നാ.... ചിത്രമംഗലം തറവാട് എന്നു കേട്ടിട്ടില്ലേ...?. '
ചിത്രമംഗലമെന്നു കേട്ടതും ബാലന്റെ മുഖത്ത് പ്രകാശം വിടര്‍ന്നു.
'പിന്നെ ഒത്തിരി കേട്ടിരിക്കുന്നു. മന്ത്ര തന്ത്ര വിധികളിലെ പ്രഗത്ഭര്‍. മുത്തശ്ശന്‍ എപ്പോഴും പറയാറുണ്ട്. അവിടുത്തെ ആരാണ് അങ്ങ്.'
'ഞാന്‍ അവിടുത്തെ കാര്യക്കാരനായിരുന്നു. ഇപ്പോള്‍ മഹിത്തിരുമേനിക്കൊപ്പം വണ്ടിക്കാരനായി വന്നതാ.. ഈ കാടിനപ്പുറം മഹിക്കുഞ്ഞിന്റെ ബന്ധുവീടുണ്ടെന്നു പറഞ്ഞു ... ഇവിടെയെത്തിയപ്പോള്‍ രാത്രി ഏറെ വൈകി. അതു കൊണ്ട് പുലര്‍ന്നിട്ടാവാം യാത്രയെന്നു കരുതി ഇവിടെ കഴിച്ചു കൂട്ടി.'
ബാലന്റെ മുഖത്തെ പ്രകാശം മായുന്നതും... ഭയം വിരിയുന്നതും രാഘവന്‍ കണ്ടു.
അപ്പോള്‍ രാത്രി മുഴുവന്‍ കഴിച്ചു കൂട്ടിയത് ഇവിടെയാണോ?
അതേ, എന്താ കുഴപ്പം?
ബാലന്‍ എന്തോ ആലോചിച്ച് അല്‍പ സമയം മിണ്ടാതെ നിന്നു. പിന്നെ പതിയെ ചോദിച്ചു.
എന്നിട്ട് മഹി തിരുമേനി എവിടെ?
അപ്പോഴാണ് രാഘവന്‍ മനസ്സിലോര്‍ത്തത് മഹിയെ സമയമിത്രയായിട്ടും കാണുന്നില്ലല്ലോ.
' വെളിക്കിരിക്കാന്‍ പോയതാവുംന്ന് കരുതിയതാ... രാവിലെ എഴുന്നേറ്റപ്പോള്‍ തൊട്ട് തിരുമേനിയെ ഇവിടെങ്ങും കാണുന്നില്ല..'
പരിഭ്രമത്തോട് കൂടി രാഘവന്‍ പറെേഞ്ഞാപ്പിച്ചു. ബാലന്‍ വീണ്ടും എന്തോ ചിന്തകളില്‍ മുഴുകി.
' ഇനിയിപ്പോള്‍ കാടിനപ്പുറത്തെ ബന്ധുവീട്ടിലേക്ക് പോയിക്കാണുമോ?
രാഘവന്‍ ബാലനോട് ചോദിച്ചു. അവന്‍ അല്‍പ നേരത്തേക്ക് ഒന്നും പറഞ്ഞില്ല... രാഘവന്‍ മഹി തരുമേനിയെ തിരക്കി കാടിന് ചുറ്റും ഓടി നടന്നു. പക്ഷെ കാടിനകത്തേക്ക് പോകാന്‍ രാഘവന് എന്തോ ധൈര്യം തോന്നിയില്ല. തളര്‍ന്ന് അവശനായി തിരിച്ചെത്തിയ രാഘവനോട് അവന്‍ ചോദിച്ചു.
' ഈ കാടിനപ്പുറം വീടുണ്ടെന്ന് രാഘവനോട് ആരാ പറഞ്ഞത്?
' മഹിക്കുഞ്ഞ് പറഞ്ഞതാ. എന്തേ.. ശരിക്കും അവിടെ വീടില്ലേ?
രാഘവന്‍ ബാലനോട് ആരാഞ്ഞു.
' അവിടെ വീടില്ല, ഉള്ളത് ഒന്നു മാത്രം.... ദുര്‍മരണം'
ബാലന്‍ വിറയലോടെ പറഞ്ഞു. രാഘവന്റെ ഹൃദയം അതു വരെയില്ലാത്ത അത്രയും ഉച്ചത്തില്‍ മിടിക്കാന്‍ തുടങ്ങി.
.........................
ആകാശത്ത് പാറി നടക്കുന്നത് പോലെയാണ് അബോധാവസ്ഥ വിട്ടുണര്‍ന്നപ്പോള്‍ മഹിക്ക് തോന്നിയത്... എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും നിലത്തേക്ക് വേച്ചിരുന്നു പോയി... ഓര്‍മ്മകളുടെ നൂല്‍പാലത്തില്‍ പത്തിവിടര്‍ത്തിയാടിയ ആ നാഗങ്ങള്‍ എവിടെ പോയി... അവന്‍ ചുറ്റിലും നോക്കി. തന്റെ ശരീരത്തില്‍ നിന്ന് ഒഴുകി ഇറങ്ങിതളം കെട്ടിനിന്നിരുന്ന രക്തം എവിടേക്കാണ് അപ്രത്യക്ഷ്യമായത്. താന്‍ ഊരിയെറിഞ്ഞ വസ്ത്രങ്ങള്‍ക്ക് പകരം ഏതോ മൃഗത്തിന്റെ തോലുകൊണ്ട് കോണകം പോലെ തന്നെ ആരോ ഉടുപ്പിച്ചിരിക്കുന്നു. അതൊഴിച്ച് നിര്‍ത്തിയാല്‍ താന്‍ നഗ്നനാണ്. ശരീരത്തില്‍ പലയിടങ്ങളിലായി ആരോ ഭസ്മം വാരി പൂശിയിരിക്കുന്നു. തന്നെ ഇവിടെയെത്തിച്ച കുറിയ മനുഷ്യനേയും അവിടെ എവിടെയും കാണ്മാനില്ല. മുഖത്ത് സൂര്യ കിരണങ്ങളേറ്റപ്പോള്‍ നേരം പുലര്‍ന്നിരിക്കുന്നുവെന്ന് അവന് തിരിച്ചറിവുണ്ടായി. പക്ഷെ സൂര്യകിരണങ്ങളെ പൂര്‍ണ്ണമായും മരങ്ങള്‍ കാടിനകത്തേക്ക് വിടുന്നുണ്ടായിരുന്നില്ല... പന്തലു പോലെ അവ സൂര്യകിരണങ്ങളെ തടഞ്ഞു വെച്ചു.
മഹി അവശതയോടെ നിലത്ത് കൈകുത്തി എഴുന്നേറ്റ്് നിന്ന് നടക്കാന്‍ ശ്രമിച്ചു. കാലുകള്‍ നിലത്തുറക്കുന്നില്ല. ശരീരം ഒന്നടങ്കം ഭാരമില്ലാതെ അപ്പൂപ്പന്‍ താടി പോലെ ആടി കൊണ്ടിരിക്കുന്നു. ഒരല്‍പം മുന്നോട്് പോയതേയുള്ളു. വെള്ളമൊഴുകുന്ന ശബ്ദം ദൂരെ നിന്ന് കാതുകളിലെത്തിയപ്പോള്‍ എന്തോ ഒരുന്മേശം വന്നത് പോലെ തോന്നി മഹിക്ക് . ശബ്ദദിശ ലക്ഷമാക്കി വേഗത്തില്‍ നടന്നു. കുറച്ച് നടന്നപ്പോള്‍ തന്നെ... കണ്ണാടി പോലെ തിളങ്ങുന്ന ആ അരുവി കണ്ണുകളില്‍ കാണാറായി. കാടില്‍ നിന്ന് ആ അരുവി തീരത്തേക്ക് അവന്‍ ഓടിയടുത്തു.
അന്ന് താനിവിടെ നിന്ന് പോകുമ്പോള്‍ ഇവിടെ ഒരു തോണിയും കടത്തുകാരനുമുണ്ടായിരുന്നു. പക്ഷെ ഇന്നിവിടെ ശാന്തമായി ഒഴുകുന്ന അരുവിയയും ചുറ്റിലും കാടുമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. ഈ അരുവിക്കപ്പുറമാണ് ആ തുരുത്തുള്ളത്... ബലിക്കല്ലും ഇണചേരുന്ന നാഗങ്ങളും ആജാനുബാഹുവും അവന്റെ ഓര്‍മ്മകളിലേക്ക് കൊള്ളിയാന്‍ പോലെ മിന്നി മറഞ്ഞു. തന്റെ ചോദ്യങ്ങളുടെ എല്ലാം ഉത്തരം ആ തുരുത്തിലുണ്ടെന്ന് അവന്‍ വിശ്വസിച്ചു. പക്ഷെ തോണിയും കടത്തുകാരനുമില്ലാതെ എങ്ങനെ മറുകരയിലെത്തും.
കുറേ സമയം അവനാ തുരുത്തിലേക്ക് നോക്കി ആശയകുയപ്പത്തില്‍ നിന്നു. പിന്നെ അവന്‍ അരുവിയിലെ തന്റെ പ്രതിബിംബം നോക്കി. കണ്ണാടി പോലെ വ്യക്തതയുണ്ടായിരുന്നു പ്രതിബിംബത്തിന്. പതിയെ മുട്ടു കുത്തി ഇരുന്ന് അവന്‍ കൈക്കുമ്പിളില്‍ വെള്ളം കോരി മുഖത്തേക്ക് തളിച്ചു. രണ്ടാമതും ഇരു കൈകളും വെള്ളം ലക്ഷ്യമാക്കി പോയി കൊണ്ടിരിക്കുമ്പോഴാണ് ജലത്തിനടിയില്‍ നിന്ന് എന്തോ ഉയര്‍ന്നു വന്നത്... ഭയന്ന് നാലഞ്ചടി പിറകിലോട്ട് മാറി അവന്‍ ജല ഉപരിതലത്തിലേക്ക് നോക്കി.... ഒരു പടുകൂറ്റന്‍ മുതല. അതിപ്പോള്‍ പൂര്‍ണ്ണമായും കരക്കു കയറി അവനെ തന്നെ ഉറ്റു നോക്കി നില്‍ക്കുന്നു... വീണ്ടും ജലം ഇളകി മറിഞ്ഞു. അഞ്ചോളം മുതലകള്‍ കരയിലേക്ക് കയറി വന്നു അവന് മുമ്പില്‍ നിരന്നു നിന്നു.
ഉള്ളില്‍ ഭയം തോന്നിയെങ്കിലും മുതലകളുടെ ശാന്തഭാവത്തിലുള്ള നില്‍പ് കണ്ടപ്പോള്‍ തന്നെ ആക്രമിക്കാനല്ല അവയുടെ ഉദ്ദേശം എന്ന് അവന് തോന്നി. ഉള്‍ക്കിടലത്തോടെ തന്നെ അവന്‍ അനങ്ങാതെ അവക്ക് മുമ്പില്‍ നിന്നു.
' ഭയപ്പെടേണ്ട.... മുതലകള്‍ നിന്നെ ഒന്നും ചെയ്യില്ല. അവ ഈ അരുവിയുടെയും തുരുത്തിന്റേയും കാവലാളികളാണ്'
ആരോ അശരിരിയെന്നോണം പറഞ്ഞു. അവന്‍ ആ ശബ്ദത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന്് ചുറ്റിലും തിരഞ്ഞു. കാടും അരുവിയും മുതലകളുമല്ലാതെ മറ്റാരെയും അവന് അവിടെ കാണ്മാനായില്ല. വീണ്ടും എവിടെ നിന്നെന്നറിയാതെ ആ ശബ്ദം ഉയര്‍ന്നു.
'നിന്റെ കൈകളിലെ ശംഖ് ഉച്ചത്തില്‍ മുഴക്കൂ... '
അപ്പോഴാണ് അവന്‍ കൈകളിലെ ശംഖ് ശ്രദ്ധിച്ചത്. മനയില്‍ തന്റെ കിടക്കക്കടിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ശംഖ് ഇതെങ്ങനെ ഇപ്പോള്‍ എന്റെ കൈയ്യില്‍ വന്നു . ഇത്രയും സമയം ഇത് തന്റെ കൈകളിലുണ്ടായിട്ടും താനിത് ശ്രദ്ധിച്ചതേയില്ല, അവനാശ്ചര്യത്തോടെ ഓര്‍ത്തു.
മറ്റൊന്നും ചിന്തിക്കാതെ അവന്‍ ശംഖ് ഇടതു കൈയ്യില്‍ ഉയര്‍ത്തി പിടിച്ച് ഉച്ചത്തില്‍ മുഴക്കി. മുന്ന് തവണ അവന്റെ ശംഖ് നാദം അവസാനിച്ചതും.... പൊടുന്നനെ ആകാശം ഇരുള്‍ ്മുടാന്‍ ആരംഭിച്ചു. അതുവരെ ശാന്തമായി ഒഴുകിയിരുന്ന അരുവി ഇളകി മറിഞ്ഞു. കാടിന്റെ നാനായിടങ്ങളില്‍ നിന്നും തുരുത്തിന്റെ അകത്ത് നിന്നും വിവിധ ശംഖ് നാദങ്ങള്‍ ദ്വിഗദ്ധം വിറക്കും കണക്കേ അലയടിച്ചു.
ഭയപ്പാടോടെ അവന്‍ അരുവിയിലേക്കും ആകാശത്തേക്കും പിന്നെ തുരുത്തിലേക്കും മാറി മാറി നോക്കി. പിന്നെ എന്തിനാണെന്ന് പോലുമറിയാതെ ഭ്രാന്തമായി ഉച്ചത്തില്‍ ആര്‍ത്തട്ടഹസിച്ചു.
തുടരും
അടുത്ത  അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ  or Check this link - എല്ലാ ഭാഗവും വായിക്കാൻ https://www.nallezhuth.com/search/label/Aghora
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo