നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തെളിയിച്ചു..

Image may contain: Ajoy Kumar

By AjoyKumar
ഭൂമി ഉരുണ്ടതാണെന്ന് ഞാൻ ഇന്നലെ കാലത്ത് തെളിയിച്ചു, തെളിയിക്കുമ്പോൾ സമയം ഏകദേശം ഒരു ഏഴ് ഏഴര ആയിക്കാണും, ഇതിനു മുൻപ് ആരോ അത് തെളിയിച്ചിട്ടുണ്ടത്രെ ,പക്ഷെ അതൊന്നും എനിക്കറിയേണ്ട കാര്യമില്ല , ഞാൻ ഇങ്ങനെ ഓരോന്ന് ദിവസവും പുതുതായി തെളിയിച്ചു കൊണ്ടേ ഇരിക്കും,
ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗർ കാലത്തേ തന്നെ എടുക്കണം എന്ന് കരുതി ആണ് രാത്രി നേരത്തെ കിടന്നത്,കാലത്ത് എണീറ്റപ്പോൾ ശ്യാമ നല്ല ഉറക്കം എന്നാൽ പിന്നെ ,രഹസ്യമായി ടെസ്റ്റ്‌ ചെയ്യാം,വാല്യൂസ് കൂടിയാൽ പറയണ്ട, കുറഞ്ഞാൽ പറയാം എന്ന് കരുതി ആണ്, ശബ്ദം കേൾപ്പിക്കാത്ത സ്കൂട്ടറും എടുത്തു പോയത്,ഞാൻ അതിൽ പോകുന്നത് കണ്ടാൽ കോവർ കഴുതയുടെ പുറത്തൊരു കരടി ഇരുന്നു പോകുന്നത് പോലെ തോന്നും
നേരെ പോയത് വെളുപ്പാൻ കാലത്ത് ആറരക്കു തുറക്കും എന്നൊക്കെ വെണ്ടക്കാ അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്ന ഡീ ഡീ ആർ സിയിൽ ആണ്, ചെന്ന് നോക്കിയപ്പോൾ അവിടെ ആള് പോയിട്ട് കെട്ടിടം പോലുമില്ല,ഇനി ഏഴ് മണിക്ക് എല്ലാരും കൂടി വന്ന് കെട്ടിടം പണി തുടങ്ങുകയെ ഉള്ളു എന്ന് അവിടെ വായും നോക്കി നിന്നിരുന്ന ഒരുത്തൻ പറഞ്ഞു ,പറഞ്ഞാൽ വാക്ക് പാലിക്കണം, ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു,
ഇനി എന്ത് ചെയ്യും വിശന്നു വയ്യ, ഒരു ചായ കുടിക്കാൻ പോലും നിർവാഹമില്ല, സ്ഥിരം പോകാറുള്ള കിംസ് വെൽനസ് ക്ലിനിക്കിൽ പോകാം,അവർ ഇത് പോലെ അല്ല,സേവന സന്നദ്ധരായ ആൾക്കാരാണ്‌, അങ്ങനെ ഞാൻ നേരെ കത്തിച്ച് അങ്ങോട്ട്‌ വിട്ടു. ചെന്നപ്പോൾ കെട്ടിടം അവിടെ ഉണ്ട്,ഭാഗ്യം ,മുന്നിൽ ഒരു സെക്യൂരിറ്റി വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നു ,ഞാൻ അകത്തു കയറാൻ പോയപ്പോൾ അയാൾ പറഞ്ഞു,
സാറെ അവരൊക്കെ വരാൻ ഏഴ് മണി കഴിയും,
ദൈവമേ,എന്തൊരു പരീക്ഷണം,ഇങ്ങനെ ആയാൽ എങ്ങനെ ശെരിയാവും,ഈ നശിച്ച വ്യവസ്ഥിതിക്കൊരു മാറ്റം വരണ്ടേ എന്നൊക്കെ അർത്ഥം വരുന്ന രീതിയിൽ ഞാൻ കൈ കൊണ്ടും മുഖം കൊണ്ടും കുറെ ഗോഷ്ട്ടി കാണിച്ചു,അയാൾ അതൊന്നും കണ്ടത് പോലുമില്ല,
ഞാൻ ആലോചിച്ചു ഇനി എവിടെ പോണം,അപ്പോൾ ആണ് ഓർത്തത്‌ പണ്ട് സ്ഥിരം ടെസ്റ്റ്‌ ചെയ്തിരുന്ന സ്ഥലം,ഗോവിന്ദൻസ് ഹോസ്പിറ്റൽ,അവിടെ ഇരുപത്തി നാല് മണിക്കൂറും ആള് കാണും,പാവങ്ങൾ, എന്ത് നല്ല ആശുപത്രി , വിട്ടു ഞാൻ വണ്ടി അങ്ങോട്ട്‌,ചെന്നപ്പോൾ കുറെ ഗർഭിണികൾ കുളിച്ചു കുറിയും തൊട്ടു കാലത്തേ വന്നിരിപ്പുണ്ട്,കാരണക്കാരായ ഭർത്താക്കന്മാർ അവിടവിടെയായി ആരും കാണാതെ ഒളിച്ചു നില്ക്കുന്നു, ഞാൻ നേരെ ഗർഭിണികളുടെ ഇടയിൽ പോയി ഇരുന്നു,
എന്താ? ഒരു നേഴ്സ് ചോദിച്ചു,
ബ്ലഡ് ടെസ്റ്റ്‌?
അതൊക്കെ ഏഴ് ഏഴര ആവും,സ്റ്റാഫ് വന്നില്ല ,
നേഴ്സ് ഇവനാരെടാ എന്ന അർഥത്തിൽ എന്നെ തുറിച്ചു നോക്കി,കൂടെ ഗർഭിണികളും, ഒളിവിൽ നിന്ന ഭർത്താക്കന്മാരും .ഞാൻ പതുക്കെ തലയും താഴ്ത്തി പുറത്തിറങ്ങി,
ഇനി എവിടെ പോകാം? അപ്പോൾ ആണ് ക്ലിക്കായത്. പണ്ട് ത്രേതായുഗത്തിൽ ജാംബവാൻ തുടങ്ങിയ ഒരു ക്ലിനിക്ക് സ്റ്റാച്യുവിൽ ഉള്ള കാര്യം , സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജി ഒക്കെ അവിടെ വന്നു ബ്ലഡ് ടെസ്റ് ചെയ്തിട്ടുണ്ട് .പേര് കുറുപ്പ്സ് ക്ലിനിക്,
കൊതുകിനെ കൊണ്ട് ചോര എടുപ്പിച്ചു കുപ്പിയിൽ ആക്കുന്ന പുരാതന വിദ്യ ആണ് അവിടെ ഇപ്പോഴും നിലവിൽ ,എന്നാലും പോയ്ക്കളയാം, അങ്ങനെ സ്കൂട്ടറും എടുത്തു നേരെ അങ്ങോട്ട്‌ പാഞ്ഞു, അവിടെ ക്ലിനിക് തുറന്നു വെച്ചിട്ടുണ്ട്, അകത്തു ഒരു മൊട്ട സ്ത്രീ ഇരിക്കുന്നു ,ഞാൻ നേരെ ചെന്ന് രണ്ടു കയ്യും നീട്ടി എന്നെ വിലങ്ങു വെക്കൂ എന്നൊക്കെ പറയും പോലെ പറഞ്ഞു,
ബ്ലഡ് എടുക്കൂ,ടെസ്റ്റ്‌ ചെയ്യൂ,
അനക്കമില്ല,അവർ എന്നെ തുറിച്ചു നോക്കി ഇരിക്കുന്നു,
എടുക്കുന്നില്ലേ? ഞാൻ ചോദിച്ചു,
എന്ത് എടുക്കാൻ?
ബ്ലഡ്.
ഞാൻ എടുക്കാൻ വന്നതല്ല മിസ്റ്റർ കൊടുക്കാൻ വന്നതാണ്‌,
എന്ത്?
ബ്ലഡ് തന്നെ, പിന്നെ ലേശം യൂറിനും
പിന്നെന്തേ കൊടുക്കാഞ്ഞു ?
ആർക്കു കൊടുക്കാൻ ?
ഓഹോ ,അപ്പൊ സ്റ്റാഫ് ആരും ഇല്ലേ?
ഇല്ല ഏഴര ആവുമത്രെ,
എനിക്ക് ചൊറിഞ്ഞ് വന്നു, ഞാൻ അവിടെ ഇട്ടിരുന്ന ഒരു പുരാതന കസേരയിൽ ഇരുന്ന് ദേഹം മുഴുവൻ ചൊറിഞ്ഞു,
മെയ് ഐ ഹെൽപ് യൂ? ,അവർ ചോദിച്ചു, ചൊറിയാൻ
ഓ വേണ്ട , ഐ കാൻ മാനേജ് ,ഞാൻ പറഞ്ഞു,
മണി ഏഴ് ആവുന്നതെ ഉള്ളു,കാത്തിരിക്കാൻ വയ്യ,
ചൊറിഞ്ഞു മതിയായപ്പോൾ ഞാൻ വീണ്ടും പുറത്തിറങ്ങി, ആലോചിച്ചു, എവിടെ പോകും,വന്ന വഴി മറക്കരുത് ,ഡീ ഡീ ആർ സിയിൽ ഒന്ന് കൂടി പോയ്‌ നോക്കാം,അങ്ങനെ വീണ്ടും ഞാൻ തുടങ്ങിയ സ്ഥലത്തു തന്നെ ചെന്നു ,അവിടെ കെട്ടിടം ഒക്കെ കെട്ടി പെയിന്റ് അടിയും കഴിഞ്ഞു,മാത്രമല്ല ഒരു ഉത്സവത്തിന്‌ ഉള്ള ആളും ഉണ്ട്,ഇവനൊന്നും വേറെ ഒരു പണിയുമില്ലേ.
ഞാൻ വല്ല വിധവും അതിനടയിൽ കൂടി നുഴഞ്ഞു കയറി.ആദ്യം ഒരു തവണ വന്നതാണ്‌ എന്നൊക്കെ പറഞ്ഞ് സോപ്പ് ഇട്ട് ബ്ലഡ് എടുക്കാൻ ചെന്നു, എടുക്കുന്നത് ഒരു ഭീകരി ആയ സ്ത്രീ,കണ്ടാൽ തന്നെ ചോര വാർന്നു പോകും,മുഖം കണ്ടാലോ? ഭയങ്കര ദേഷ്യം എല്ലാത്തിനോടും,വീട്ടിൽ നിന്നും അച്ഛനും അമ്മയും കൂടി
"പോടീ പോയി ബ്ലഡ് എടുക്കെടീ,അല്ലെങ്കിൽ നിന്നെ ഈ വീട്ടിൽ കയറ്റില്ല , കല്യാണം കഴിക്കാൻ പോലും സമ്മതിക്കില്ലെടീ,എന്ന് പറഞ്ഞ് ചവിട്ടി ഇറക്കി വിട്ട പോലെ ആണ് മുഖം,
ഉം ,ഇരി അവിടെ ...,അവർ പറഞ്ഞു, ഞാൻ പേടിച്ച് ഉടനെ ഇരുന്നു,
ഉം ,പൊക്ക്
എന്തോന്ന്? ഞാൻ ഞെട്ടി.'
ആ ടീ ഷർട്ടിന്റെ കൈ പൊക്കാൻ,.അവരൊരു ചാട്ടം
ഞാൻ കൈ വലിച്ചു പൊക്കി,
ഉം മുറുക്ക്,
ഞാൻ മുറുക്കില്ല, മുറുക്കും വലിയും നിഷിദ്ധം
ഓ, കൈ അങ്ങോട്ടു മുറുക്കാൻ
സോറി
ഇനി വിരൽ ചേർക്ക്,
അത്രയും ആയപ്പോൾ അവർ കാലപാശം പോലെ ഒരു കറുത്ത സാധനം കൊണ്ട് മുട്ടിനു മുകളിൽ ഇറുക്കി കെട്ടി,
അയ്യോ കൈ മുറിഞ്ഞു പോകും ഞാൻ അലറി,
അവർ എന്നെ അഞ്ചു മിനിറ്റ് തുറിച്ചു നോക്കി പേടിപ്പിച്ചു,എന്നിട്ട് ഒരു സൂചി ഇട്ട് ആഞ്ഞു കുത്തി, എന്റമ്മോ,എന്തൊരു വേദന,ഞാൻ വശത്തെ ചുമരിൽ നോക്കി പഴയ സിനിമയിൽ ശിവാജി കത്തിക്കുത്ത് കിട്ടുമ്പോൾ കാണിക്കുന്ന തരം ഭാവാഭിനയം കാഴ്ച വെച്ചു,അതായതു ആ ഊ ഈ എന്നീ അക്ഷരങ്ങൾ ശബ്ദം ഇല്ലാതെ പറയുന്നത് പോലെ,
കിക്കിക്കി എന്നൊരു ശബ്ദം കേട്ടപ്പോൾ ആണ് നോക്കിയത് . രണ്ടു മുരിങ്ങക്കോൽ സ്ത്രീകൾ എന്റെ അഭിനയം കണ്ടു ചിരിച്ചു കൊണ്ട് അവിടെ ഇരിക്കുന്നു, ഇതുങ്ങളൊക്കെ ഈ നേരത്ത് എവിടുന്നു വരുന്നപ്പാ,
ഉം എണീറ്റോ ,അവർ പറഞ്ഞു, നോക്കിയപ്പോൾ അന്നത്തെ പോലെ ഒരു ഹോർളിക്സ് കുപ്പി നിറച്ച് രക്തം എടുത്തിരിക്കുന്നു, ശെരിക്കും ഡ്രാക്കുള തന്നെ ,മഹാപാപി ,ബാക്കി ഉള്ള രക്തം കൊണ്ട് വീട് വരെ എത്താൻ പറ്റുമോ എന്തോ
ഞാൻ പതുക്കെ എണീറ്റു, അവർ പറഞ്ഞു ,നിൽക്കവിടെ,
എന്താ ,തീർന്നില്ലേ....എന്നിൽ ഇനി രക്തം ഇല്ല...എന്നെ കൊല്ലരുത്
പുതിയ സിറിഞ്ച് എടുത്ത് കൊണ്ട് അവർ പറഞ്ഞു ....അതല്ല, ഇനി മൂത്രം എടുക്കണം, യൂറിൻ റുട്ടീൻ
അയ്യോ എന്റമ്മേ.........ഞാൻ പരിസരം മറന്ന് അലറി
ഹോ, കുത്തി എടുക്കാൻ അല്ല, ഇന്നാ...ആ ടോയിലറ്റിൽ പോയി ഈ ബോട്ടിലിൽ എടുക്കാൻ
കുറച്ചു നേരം കഴിഞ്ഞു ബ്ലഡ് പോയ ക്ഷീണത്തിൽ ഞാൻ ആടിയാടി പുറത്തിറങ്ങി സ്കൂട്ടറിൽ കയറി താക്കോൽ ഇട്ട് തിരിയോടു തിരി, അനങ്ങുന്നില്ല, അപ്പോൾ അടുത്ത് നിന്ന ഒരാൾ പറഞ്ഞു,
ഹെലോ മാഷെ ഇത് എന്റെ സ്കൂട്ടർ ആണ്,ദോണ്ടേ ഇരിക്കുന്നതാണ് അങ്ങയുടെ സ്കൂട്ടർ,
ഞാൻ പറഞ്ഞു സോറി ചേട്ടാ ,രക്തം പോയപ്പോൾ ഓർമ്മക്കുറവു സംഭവിച്ചു,
അങ്ങനെ തുടങ്ങിയ പോയിന്റിൽ തന്നെ തീരികെ എത്തുക വഴി ലോകം ഉരുണ്ടതാണ് എന്ന് ഞാൻ തെളിയിച്ചു,മഗല്ലൻ വർഷങ്ങൾ എടുത്തെങ്കിൽ ഞാൻ വെറും അര മണിക്കൂർ,
സ്പെക്സ് വെക്കാതെ സ്കൂട്ടർ ഓടിച്ചത് കാരണം രണ്ടു കണ്ണിലും കൂടി ഒരു വീട് വെക്കാൻ ആവശ്യമായ കല്ലും മണ്ണും ഒക്കെ ആയി ഞാൻ വീട്ടിൽ കയറുമ്പോൾ മണി ഏകദേശം ഏഴര..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot