സമയം രാത്രി 8 മണി . കല്ല് പാകിയ വഴിയിലൂടെ ശ്രുതി പതിയേ നടന്നു . ഈ സമയമായത് നന്നായി വഴിയിൽ അധികം ആളനക്കമില്ല . ഇന്നെങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുത്തില്ലെങ്കിൽ ചിലപ്പോ ആഷിക്കിനെ തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടും . അച്ഛന്റെ തീരുമാനത്തിന് വഴങ്ങിക്കൊടുക്കേണ്ടി വരുന്ന അവസ്ഥ ഓർത്തപ്പോൾ ഇതാണ് ശരിയെന്നു തോന്നി . സൂരജേട്ടൻ പാവമാണ് . ദുബായിൽ നല്ല ജോലിയി മുണ്ട് . തന്റെ അമ്മാവന്റെ മകൻ തന്നെ . അമ്മായിക്കും അമ്മാവനും തന്നെ ജീവനാണ് . സൂരജേട്ടന്റെ അനിയത്തി ശ്രീക്കുട്ടിക്ക് തന്നെ ഒരുപാട് ഇഷ്ട്ടമാണ് . അവൾ ഇടക്കിടക്ക് ഏട്ടത്തീന്നു വിളിച്ച് കളിയാക്കാറുമുണ്ട് . പക്ഷേ തനിക്ക് ഇതുവരെ സൂരജേട്ടനോട് അങ്ങനെ ഒരിഷ്ടം തോന്നിയിട്ടില്ല.
താൻ ഇഷ്ടപ്പെട്ടതും സ്നേഹിച്ചതും ആഷിക്കിനെ യാണ് . രണ്ടു മതത്തിൻ പെട്ടവരാണേലും ആഷിക്കിന് താനെന്നു വച്ചാൽ ജീവനാണ് . തന്റെ ഒരിഷ്ടത്തിനും അവൻ എതിരുനിന്നിട്ടില്ല . മുസ്ലിം ആയിട്ട് കൂടി താൻ ജീൻസ് ഇടുന്നതും സ്ലീവ് ലെസ് ടൊപ്പ് ഇടുന്നതും അവന് ഇഷ്ടമായിരുന്നു . തന്നെ അങ്ങനെയുള്ള ഡ്രസ്സിൽ കാണാൻ നല്ല ചേലാണെന്ന് അവൻ എപ്പോഴും പറയും .
ഒരിക്കൽ അവന്റെ ഒപ്പം പാർക്കിൽ ഐസ് ക്രിം കഴിച്ചിരുന്നപ്പോൾ ആണ് തന്റെ അടുത്ത വീട്ടിലെ വീണ ചേച്ചീം ഹസ്ബന്റും തങ്ങളെ കണ്ടത് . ചേച്ചി അത് വീട്ടിൽ അമ്മയോട് പറഞ്ഞു . തിരികെ വീട്ടിലെത്തിയ തന്നെ ആദ്യമായി അമ്മ ഒരുപാട് തല്ലി . അച്ഛൻ അപ്പോഴും തന്നെ സപ്പോർട്ട് ചെയ്തതാണ് . പക്ഷേ ആഷിക്കിനെ കുറിച്ച് അന്വേഷിച്ചപ്പോഴേക്കും അച്ഛന്റെ സ്വഭാവം മാറി . അവൻ തനിക്ക് ചേർന്ന ആളല്ലെന്നാണ് അച്ഛന്റെ വാദം . അച്ഛനെയും കുറ്റം പറയാൻ പറ്റില്ല താൻ ഒറ്റ മകൾ അല്ലെ ? അന്യജാതിക്കാരന്റെ ഒപ്പം പോയാൽ നാണക്കേട് അല്ലേ കുടുംബത്തിന് . അതു കൊണ്ടാണ് അച്ഛൻ എതിർത്തത് .
പക്ഷേ അതിന് ആഷിക്കിനെ കുറ്റം പറയണ്ട കാര്യമുണ്ടോ . അവനെ സ്നേഹിച്ചു പോയതാണോ താൻ ചെയ്ത തെറ്റ് ? മാതാപിതാക്കൾ എന്തുകൊണ്ട് മക്കളെ മനസ്സിലാക്കുന്നില്ല . അവരുടെ സ്നേഹം അംഗീകരിക്കുന്നില്ല . അവരും ഈ പ്രായം കഴിഞ്ഞല്ലേ വന്നത് . അവരെ മനസ്സിലാക്കുന്നതിന് പകരം എതിർക്കുന്നത് ശരിയാണോ ? ജാതീം മതവും നോക്കി പ്രേമിക്കാൻ പറ്റുമോ ? ഇതു അറിഞ്ഞ് തന്റെ കൂടെ നിൽക്കുന്നതിന് പകരം അച്ഛൻ ചെയ്തതോ സൂരജേട്ടനുമായുള്ള വിവാഹം നിശ്ചയിച്ചു . തന്നോട് ഒരു വാക്ക് പോലും ചോദിച്ചില്ല . അതാണ് തനിക്ക് ദേഷ്യം വന്നത് . അതുകൊണ്ടാ താൻ ആരോടും പറയാതെ ഇറങ്ങി പോന്നത് .
മുൻപ് ഒരു തവണ ആഷിക്കിന്റെ കൂടെ അവന്റെ വീട്ടിൽ വന്നിട്ടുണ്ട് . അന്ന് ആരും ഉണ്ടായിരുന്നില്ല അവിടെ . കുറച്ച് നേരം സംസാരിച്ചിരുന്നിട്ട് തിരിച്ചു പോന്നു . ഇടക്ക് അവൻ ചില കുസൃതിയൊക്കെ കാട്ടാൻ നോക്കി പക്ഷേ താൻ വിലക്കി . കല്ല്യാണം കഴിഞ്ഞ് മതിയെന്ന തന്റെ വാശിയിൽ അവസാനം അവൻ സമ്മതിച്ചു. ഇനി എന്തായാലും തങ്ങൾ ഒരുമിക്കാൻ പോകുവല്ലേ . അതോർത്തപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി . താൻ ചെല്ലുന്നത് അവന് ഒരു സർപ്രൈസ് ആകും . വിളിച്ച് പറയാഞ്ഞത് നന്നായി.
അങ്ങനെ ഓരോന്ന് ചിന്തിച്ച് നടന്ന് അവൾ അവന്റെ വീടിനു മുന്നിലെത്തി . ഹാ ബൈക്ക് മുറ്റത്തുണ്ട് . അപ്പോ ആള് അകത്തുണ്ടെന്നുറപ്പ് . പക്ഷേ ലൈറ്റുകളൊന്നും ഇട്ടട്ടില്ല . അവൾക്ക് ആകെ ഒരു വല്ലായ്ക തോന്നി അപ്പോഴാണ് ഒരു മുറിയിൽ നിന്ന് മാത്രം വെളിച്ചം പുറത്തേക്ക് വരുന്നത് അവൾ കണ്ടത് . അവൾ പതിയെ ആ വശത്തേക്ക് ചെന്നു . അടക്കി പിടിച്ച സംസാരവും ഒരു പെണ്ണിന്റെ ചിരിയും കേൾക്കുന്നുണ്ട് . അവൾ പതിയെ ജനലരികിൽ ചേർന്ന് നിന്നു . പാതി തുറന്നു കിടന്ന ജനലിലൂടെ അകത്തേക്ക് നോക്കിയ അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല .
താൻ ആർക്ക് വേണ്ടിയാണോ ജീവിച്ചത് ആർക്ക് വേണ്ടിയാണോ തന്റെ മാതാപിതാക്കളെ ഉപേക്ഷിച്ചത് . ആർക്ക് വേണ്ടിയാണോ എല്ലാം ഇട്ടെറിഞ്ഞ് പുറപ്പെട്ടു പോന്നത് ആ അയാൾ മറ്റൊരു പെണ്ണിനൊപ്പം . അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി . വേഗം അവൾ അവിടെ നിന്നിറങ്ങി എങ്ങോട്ടെന്ന് ലക്ഷ്യമില്ലാതെ നടന്നു . അധികം നടന്നില്ല ഒരു കാർ അവളുടെ മുന്നിൽ നിന്നു . അതിൽ നിന്ന് അവളുടെ അച്ഛൻ പുറത്തേക്ക് ഇറങ്ങി . അച്ഛനെ കണ്ടതും അവൾ അതുവരെ അടക്കി വച്ച സങ്കടം അണപൊട്ടി ഒഴുകാൻ തുടങ്ങി . അദ്ദേഹം അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ഒരു മുത്തം നൽകി .
ഇന്ന് ശ്രുതി സന്തോഷവതിയാണ് . അവളുടെ വിവാഹമാണ് ഇന്ന് സൂരജുമൊത്ത് . ചെയ്ത തെറ്റുകൾക്ക് അവൾ അമ്മയോടും അച്ഛനോടും മാപ്പ് പറഞ്ഞു. സൂരജിനോട് എല്ലാം തുറന്ന് പറഞ്ഞു അവൾ . എല്ലാം കേട്ട ശേഷം അവൻ ഒന്നു പുഞ്ചിരിച്ചു . നീ എന്റെ പെണ്ണാണ് . അത് ആരു വിചാരിച്ചാലും മാറ്റാൻ കഴിയില്ല അവളെ ചേർത്ത് നിർത്തി അവൻ ചെവിയിൽ മന്ത്രിച്ചു .....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക