Slider

നെരിപ്പോടുകൾ ......

0

നെരിപ്പോടുകൾ ......
റഹിമിക്കാ ... എണ്ണീറ്റേ സുബഹി ബാങ്ക് കൊടുത്തു . ഇങ്ങക്ക് പോണ്ടേ ..
അബു റഹിമിക്കാനെ തട്ടി വിളിച്ചു .
മ്മ് ... ഒരു ഞെരക്കത്തോടെ റഹിം മിഴികൾ തുറന്നു.
അലാറം അടിച്ചത് ഇങ്ങള് കേട്ടില്ലേ ? ഇന്നെന്താ ഒരു പുതുമ എണ്ണീക്കാൻ ഒരു മടി . അബു പതിയെ റഹിമിന്റെ കൈകളിൽ തൊട്ടു .
പടച്ചോനേ പൊള്ളുന്നുണ്ടല്ലോ ? ഇങ്ങക്ക് പാടില്ലേ ഇക്കാ ? പനി ആയിട്ടുണ്ടല്ലോ ?
അബു റഹീമിന്റെ നെറ്റിയിൽ കൈവെച്ചു .
യാ റബ്ബീ ചുട്ടു പൊള്ളണു . ഒരു കാര്യം ചെയ്യ് ഇങ്ങള് ഇന്ന് പോണ്ടാ . അലമാരിയിൽ പാനടോൾ ഉണ്ട് ഒരു ചായ കുടിച്ചിട്ട് അത് കഴിച്ച് റെസ്റ്റ് എടുക്ക് . വൈകുന്നേരമാകുമ്പോ കുറഞ്ഞോളും .
റഹിം പതിയെ എഴുന്നേറ്റു .
അതു പറ്റില്ല അബു . പോകാണ്ടിരുന്നാൽ എങ്ങനെയാ . അർബാബ് അല്ലെങ്കിൽ തന്നെ ഒരു കാരണം കിട്ടാൻ കാത്തു നിക്കാ . അയ്യാൾടെ കൈയ്യും കാലും പിടിച്ചിട്ടാ വിസ ഒന്നു പുതുക്കീത് . ഒരു ദിവസം പോലും ലീവാക്കരുതെന്നാ മൂപ്പരുടെ ആജ്ഞ . അല്ലേങ്കിൽ തന്നെ ഓര്ക്ക് എന്നെ പറഞ്ഞ് വിടാൻ ഒരു കാരണം നോക്കി നിക്കാ ... ഞാൻ പോയ്ക്കോളാം ഇയ്യ് കുറച്ച് കട്ടനിട് ഞാൻ ഒന്നു റെഡിയാകട്ടേ ... ഇത്രേം പറഞ്ഞ് റഹിം ബാത്ത്റൂമിലേക്ക് പോയി . 
അബു നിസംഗതയോടെ നോക്കി നിന്നു .
റഹിമിന് അറുപത് വയസിന് അടുത്ത് പ്രായം വരും . മുപ്പത്തഞ്ചാം വയസ്സിൽ ദുബായിലേക്ക് വന്നതാ പല ജോലികൾ മാറി മാറി ചെയ്തു . രാത്രിയും പകലും ഒരു പോലെ കഷ്ടപ്പെട്ടു .അവസാനം മുൻസിപാലിറ്റിയിൽ ക്ലീനിംഗ് വിഭാഗത്തിൽ ജോലി കിട്ടി .എന്നും സുബഹിക്ക് പോകണം തന്റെ പരിധിയിൽ വരുന്ന റോഡും പരിസരവും മുഴുവനും വ്യത്തിയാക്കണം . പാതിരാത്രി വരെ കഷ്ടപ്പെട്ടാലും പലപ്പോഴും ചീത്ത കേൾക്കേണ്ടിവരും . പൊരിവെയിലത്തും പെരുംമഴയത്തും പോലും പണിയെടുക്കണം .കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ചിലവ് കഴിച്ച് വീട്ടിലേക്ക് അയക്കണം . പലപ്പോഴും കുമ്പുസിലും തൈരിലും വിശപ്പടക്കേണ്ടി വരാറുണ്ട് .
3 പെൺകുട്ടികളാണ് റഹിമിന് . 25 വർഷത്തിനിടയ്ക്ക് കിട്ടുന്ന കാശ് സ്വരുക്കൂട്ടിവെച്ച് മക്കളെ കെട്ടിച്ചയച്ചു . 
പക്ഷേ മക്കളുടെയും സഹോദരങ്ങളുടെയും ആവശ്യങ്ങൾ അവസാനിക്കുന്നേ ഉണ്ടായിരുന്നില്ല . ഓരോ മാസവും ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് നാട്ടിന്ന് ഫോൺ വിളികൾ വന്നു കൊണ്ടേയിരുന്നു . ഇപ്പോൾ ഇളയ മകൾക്ക് വീടുപണിയാണത്രേ . അതിന് കാശയക്കാനുള്ള ഓട്ടത്തിലാണ് റഹിം .
വുളു എടുത്ത് റഹിം പുറത്ത് വന്നു . നമസ്ക്കരിച്ച ശേഷം തന്റെ യൂണിഫോം ധരിച്ച് പോകാൻ തയ്യാറായി . അപ്പോഴേക്കും അബു കട്ടൻ തയ്യാറാക്കി വെച്ചിരുന്നു . ഒരു ബ്രഡിനൊപ്പം അതു കുടിച്ച് 2 പനഡോളും കഴിച്ച് സലാം പറഞ്ഞ് റഹിം പുറത്തേക്കിറങ്ങി (ഗൾഫുകാർക്ക് എത്ര പനി വന്നാലും പനഡോളിൽ ഒതുങ്ങും അവരുടെ ചികിത്സ ) . റഹിം പോകുന്നതും നോക്കി അബു അങ്ങിനെ നിന്നു ...
ഇത് ഒരു റഹിമിന്റെ കഥയല്ല . ഗൾഫുനാടുകളിലെ തെരുവു വീഥികളിൽ നമുക്ക് കാണാൻ കഴിയും ഇതുപോലെ ഒരായിരം ജന്മങ്ങളെ . നമ്മൾ ഉപേക്ഷിക്കുന്ന ചപ്പുചവറുകൾ പെറുക്കി , തെരുവുകൾ തോറും വൃത്തിയാക്കി , എവിടെയെങ്കിലും ഇരുന്ന് തങ്ങളുടെ വിശപ്പടക്കുന്ന ഒരായിരം ജന്മങ്ങളെ . എത്രയൊക്കെ അസുഖങ്ങൾ വന്നാലും അതൊന്നും കണക്കാക്കാതെ കഷ്ടപ്പെട്ടു പണമുണ്ടാക്കി നാട്ടിലുള്ള കുടുംബത്തേക്ക് അയച്ചുകൊടുക്കുന്നവർ . 
അതിലൊക്കെ കഷ്ടം പലരും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാവും . നമ്മൾ മക്കൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല . ഒരു പ്രായം കഴിഞ്ഞാൽ തങ്ങളുടെ മാതാപിതാക്കളോട് വിശ്രമജീവിതം നയിക്കാൻ എന്തു കൊണ്ട് ആവശ്യപ്പെടുന്നില്ല ? മക്കൾ സമ്പാദിച്ചു തുടങ്ങിയാൽ എന്തുകൊണ്ടാണ് ആ പണത്തിന് അവന്റെ ഭാര്യയ്ക്കും മക്കൾക്കും മാത്രം അവകാശമുണ്ടാകുന്നത് ? വളർത്തി വലുതാക്കിയ മാതാപിതാക്കൾ എന്തുകൊണ്ടാണ് ഭാര്യയോ മക്കളോ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ അന്യരാവുന്നത് ? 
ഗൾഫുരാജ്യങ്ങളിൽ കിടന്നു കഷ്ടപ്പെടുന്ന ഭർത്താവിനെയോ ബാപ്പാമാരെയോ കുറിച്ച് എന്ത്കൊണ്ട് നാട്ടിലുള്ളവർ ചിന്തിക്കുന്നില്ല . ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് വിളിക്കുമ്പോൾ അവരുടെ സുഖവിവരങ്ങൾ കൂടി എന്ത് കൊണ്ട് അന്വേഷിക്കുന്നില്ല ? ഒരു പ്രായം കഴിഞ്ഞാൽ അവരോട് തിരികെ പോരുവാൻ എന്ത് കൊണ്ട് ആവശ്യപ്പെടുന്നില്ല ?
നമ്മുടെ മാതാപിതാക്കൾക്ക് എന്ത് നൽകുന്നോ അതോ നമുക്ക് നാളെ നമ്മുടെ മക്കളിൽ നിന്നും തിരിച്ചു കിട്ടുകയുള്ളൂ ... ഓരോ മാതാപിതാക്കൾക്കും പടച്ചോൻ ആഫിയത്ത് നൽകുമാറാകട്ടേ ... ആമീൻ ...
ലിജിയ ഷാനവാസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo