നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആത്മഹത്യ...


ആത്മഹത്യ...
(ജീവിതത്തിൽ ഒരിക്കലെങ്കിലും ആത്‍മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെങ്കിൽ ഇതു ഒന്ന് വായിച്ചു നോക്കുക)
ഇനി ആത്മഹത്യയേ വഴിയുള്ളൂ.. എല്ലാം എന്ന് കരുതി വിശ്വസിച്ചവൾക്ക് എന്നെ വേണ്ടാതായിരിക്കുന്നു.. നീ ഇല്ലാതെ എനിക്ക് കഴിയില്ല എന്ന് ദിവസവും നിരവധി തവണ പറയാറുള്ള അവൾക്ക് ഞാൻ അന്യനായിരിക്കുന്നു... ജീവൻ ത്യജികുമ്പോൾ ഉണ്ടാകുന്ന വേദനയേക്കാൾ ഒരുപാടു വലുതാണ് ഈ അവസരത്തിൽ ഓരോ നിമിഷവും ജീവിക്കുമ്പോൾ ഉള്ള വേദന.. അതുകൊണ്ടു തന്നെ ഞാനെന്റെ ദേഹത്തേ വെടിഞ്ഞു യാത്രയായിരിക്കുന്നു... ദുഃഖങ്ങൾ ഇല്ലാത്ത ലോകത്തേക്ക്..
കാലിന്റെ വിരലുകൾ തമ്മിൽ ബന്ധിച്ചു എന്നെ ആരൊക്കെയോ ഇടനാഴികയിൽ കിടത്തിയിട്ടുണ്ട്.. ചന്ദനതിരിയുടെ ഗന്ധം ഇഷ്ടമായിരുന്ന എന്നെ ഈ ചന്ദനത്തിരി ഗന്ധം ശ്വാസം മുട്ടിക്കുന്നു... കരഞ്ഞു തളർന്ന അമ്മ തെക്കിനി മുറിയിൽ കിടക്കുന്നുണ്ട്.. അനിയത്തി കരഞ്ഞു തളർന്നു അമ്മായിയുടെ മടിയിലാണ്... അച്ഛൻ ഒരിക്കലും കരയില്ല എന്ന ശാഠ്യത്തിൽ ദൂരേക്ക് നോക്കി ആശ നഷ്ടപ്പെട്ടവനെ പോലെ ഉമ്മറത്തെ തൂണിൽ ചാരിയിരിക്കുന്നു.. അവളെ മാത്രം കണ്ടില്ല.. ഇനി ഒരിക്കലും കാണില്ല എന്ന് പറഞ്ഞിരുന്നെങ്കിലും എന്നെ അവസാനമായി ഒരു നോക്ക് കാണാതിരിക്കാൻ അവൾക്ക് കഴിയില്ല കാരണം അവർക്ക് എന്നേ ഒത്തിരി ഇഷ്ടമായിരുന്നു.. എന്നാൽ പ്രതീക്ഷകൾ വെറുതെയായി അവൾ വന്നില്ല.. എന്റെ ശരീരം കുറച്ചു പേർ ചേർന്നു പുറത്തേക്കെടുത്തു.. കൊണ്ട് പോകല്ലേ, അവൾ വരും എന്നെ കാണാൻ എന്ന് പറഞ്ഞു ഞാൻ ഒത്തിരി ബഹളം വച്ചു.. പക്ഷേ ആരും എന്റെ വാക്കുകൾ കേട്ടില്ല.. പറമ്പിലെ തേന്മാവ് എന്റെ കൂടെ എരിയാൻ തെക്കേതിൽ കാത്തു കിടക്കുന്നുണ്ട്...
ഇനി വൈകിക്കുന്നില്ല ...ഭൂമിയിൽ നിന്നും വിട പറയാൻ സമയമായി... അവളെ അവസാനമായി കാണണമെന്ന മോഹം ബാക്കിയാക്കി ഞാൻ യാത്രയായി.. സ്വർഗ്ഗത്തിനും നരകത്തിനും ഇടയിലുള്ള കോട്ട വാതിലിന് മുന്നിൽ ഞാൻ അക്ഷമനായി കാത്തു നിന്നു...എന്റെ കൂടെ ഉണ്ടായിരുന്നവരിൽ ചിലർ സ്വർഗ്ഗത്തിലേക്കും ചിലർ നരകത്തിലേക്കുമായി നടന്നകന്നു.. എന്നാൽ എനിക്ക് വേണ്ടി ഈ രണ്ടു വാതിലുകളും തുറന്നില്ല.. കാരണം തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് അത്മഹത്യ എന്നാൽ സ്വയം മരണവിധി എഴുതലാണ്.. അതിന് മനുഷ്യർക്ക് അവകാശമില്ലത്രേ... കോട്ടവാതിൽ അടച്ചു കാവൽക്കാർ എന്നേ പുറത്താക്കി..
ഞാൻ തിരിച്ചു ഭൂമിയിലേക്ക് പോയി.. അവളെ ഒന്ന് കാണണം.. കുറേ നടന്ന് അവളുടെ വീട്ടിലെത്തി.. പുറത്തു തന്നെ അവളുടെ വിവാഹ ഫോട്ടോയുണ്ട് കൂടെയുള്ളത് ഞാനല്ല എന്ന് മാത്രം.. ഇവന് വേണ്ടിയാണല്ലോ അവൾ എന്നേ ഉപേക്ഷിച്ചത്.. അവൾക്ക് സങ്കടം കാണും ..ഞാൻ അവൾക്ക് വേണ്ടി ജീവിതം അവസാനിപ്പിക്കുമെന്ന് കരുതിക്കാണില്ല.. ഞാൻ അടുത്ത് ചെന്നിരുന്നാൽ കണ്ണു നിറച്ചു എന്റെ നെഞ്ചിലേക്ക് വീഴും.. അവൾക്ക് എന്നേ അത്രക്ക് ഇഷ്ടമാണ്.. എനിക്ക് അറിയാം.
ഞാൻ വീട്ടിനുള്ളിലേക്ക് കടന്നു.. വാതിലുകൾ എനിക്ക് തടസം സൃഷ്ടിച്ചില്ല.. ഇരുട്ട് എന്റെ കണ്ണുകൾക്ക് മറ സൃഷ്ടിച്ചില്ല.. അതാ അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്നു.. ആ നെഞ്ചിൽ കിടന്ന് അവൾ അയാളോട് മന്ത്രിക്കുന്നത് ഞാൻ കേട്ടു.. "നിങ്ങളെ ഭർത്താവായി കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണെന്ന്".. അവൾ എന്നോടും ഇത്‌ പറഞ്ഞിട്ടുണ്ട് ഒരു വ്യത്യാസം മാത്രം.. "നിങ്ങളാണല്ലൊ എന്റെ ഭർത്താവാകാൻ പോകുന്നത് എന്ന് ഓർക്കുമ്പോൾ ഞാൻ എത്ര ഭാഗ്യവതിയാണ് എന്ന് തോന്നിപ്പോകുന്നു" എന്ന്.. എന്തിന് നീ എന്നോടിത് ചെയ്‌തു....?? എനിക്ക് ഇത് അവളോട് ചോദിക്കണമെന്നുണ്ടായിരുന്നു.. പക്ഷേ ഞാൻ പറയുന്നതൊന്നും ആർക്കും കേൾക്കാൻ കഴിയുന്നില്ല എന്ന തിരിച്ചറിവ് എനിക്ക് വന്നിരുന്നു..
തളർന്ന മനസ്സുമായി ഞാൻ ആ പടിയിറങ്ങി.. അമ്മയെ ഒന്ന് കാണണം.. വീട്ടിൽ ചെന്നപ്പോൾ വീട് പൂട്ടിയിട്ടിരിന്നു.. ആരോ പറയുന്നത് കേട്ടു അമ്മ ആശുപത്രിയിലാണെന്ന്.. സമയം കളയാതെ ഞാൻ അവിടേക്ക് പോയി... ദൂരം എന്നെ തളർത്തിയില്ല.. എന്റെ പേര് വിളിച്ച് ഉച്ചത്തിൽ കരയുന്ന അമ്മയെയാണ് ഞാൻ അവിടെ കണ്ടത്.. ബഹളത്തിന്റെ ദൈർഘ്യം കൂടിയാൽ ശരീരത്തിൽ കയറ്റുന്ന കറന്റ് കുറച്ചു നേരം അമ്മയെ മയക്കി കിടത്തും.. ഉണർന്നാൽ എന്റെ പേര് വിളിച്ചു അമ്മ വീണ്ടും കരയും.. അമ്മേ എന്നൊന്നു വിളിക്കാൻ ഞാൻ ഒത്തിരി കൊതിച്ചു, അമ്മയെ ഒന്നു നെഞ്ചോടു ചേർത്തുപിടിക്കണം എന്നുണ്ടായിരുന്നു ... പക്ഷെ എനിക്ക് അതിനൊന്നും കഴിയുമായിരുന്നില്ല....
ഇനി കാണേണ്ടതു അനുജത്തിയെയാണ്.. അവൾ എതോ ബന്ധുവീട്ടിൽ ആണത്രേ.. അവളുടെ എല്ലാ ആഗ്രഹങ്ങൾക്കും കുറുമ്പുകൾക്കും മുന്നിൽ ഈ ചേട്ടനെന്നും തോറ്റ് കൊടുക്കാറുണ്ട്.. നന്നായി പഠിക്കും പാട്ടു പാടും അത്യാവശ്യം നന്നായി വരയ്ക്കും എന്നാൽ ആ വീട്ടിലെ പണികൾക്കിടയിൽ അവൾ അതെല്ലാം മറന്നു പോയിരിക്കുന്നു.. അവളുടെ കണ്ണുകൾക്ക് താഴെ നീർച്ചാലുകൾ പോലെയുള്ള അടയാളങ്ങൾ.. ഇടക്ക് ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയപ്പോൾ ഉതിർന്നു വീണ കണ്ണുനീരിനു എന്നെ ദഹിപ്പിച്ച അഗ്നിയിയെക്കാൾ ചൂടുണ്ടായിരുന്നു.. എന്റെ കാന്തരിയാണവൾ.. അവളുടെ കണ്ണൊന്നു നിറയാൻ ഞാൻ അനുവദിച്ചിട്ടില്ല.. എന്നാൽ അവസാനിക്കാത്ത ജലധാര പോലെ നിറഞ്ഞൊഴുകുന്ന ആ കണ്ണുകൾ കാണുമ്പോൾ എന്റെ നെഞ്ച് തകരുന്നുണ്ട്.. ഞാൻ കാരണമാണല്ലോ എന്റെ കുട്ടി.. ഇനി ഇത് കണ്ടു നില്ക്കാൻ വയ്യ..
ഞാൻ അവിടെ നിന്നും ഇറങ്ങി.. അച്ഛനെക്കൂടി കാണണം.. അവിടെ എത്തിയപ്പോൾ അച്ഛൻ ഒരു ഹോട്ടലിന്റെ മുന്നിൽ കുട പിടിച്ചു നിന്ന് വിസിലടിച്ചു ആളെ കയറ്റുകയാണ്.. പാവം.. ആ വിസിലിന്റെ ഒച്ച എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടി രുന്നു... അധിക നേരം അച്ഛന് നിൽക്കാൻ കഴിയില്ല.. കാലിന് നീര് വരും.. അത് കൊണ്ട് തന്നെ അങ്ങനെയുള്ള ജോലികളെല്ലാം വീട്ടിൽ ഞാനാണ് ചെയ്യാറുള്ളത്... ആ അച്ഛനാണല്ലോ ദൈവമേ ഒന്ന് ഇരിക്കുക പോലും ചെയ്യാതെ.... രാത്രിയേറെ വൈകി കിട്ടിയ കൂലിയും കൊണ്ട് അച്ഛൻ അടുത്തുള്ള ഒരു ബസ്സ് സ്റ്റാൻഡിലെക്ക് നടന്നു..അവിടെയുള്ള ഒരു ബഞ്ചിൽ കിടന്നു.. കാലുകൾ നീരുവന്നു വീർത്തിരിക്കുന്നു.. പണ്ടെല്ലാം വൈകീട്ട് കാലിൽ തൈലം ഇട്ട് കൊടുക്കാറുള്ളത് ഞാൻ ആയിരുന്നു.. പാവം തളർന്ന് കിടന്നു പോയതാകും കാലിൽ തൈലം പുരട്ടിക്കൊടുക്കണം എന്നുണ്ട്... പക്ഷെ എനിക്കതിനു കഴിയില്ലല്ലോ....
അച്ഛൻ എന്താ വീട്ടിൽ പോകാത്തത്..!!
അയ്യോ എന്റെ വീട്....!!! അതേ ..എന്നെ പഠിപ്പിക്കാൻ എടുത്ത ലോണും പിന്നെ അമ്മയുടെ ചികിത്സയും കൂടി ആയപ്പോൾ കടം കയറി വീട് വിറ്റത്രേ..സ്വന്തം ജീവിതത്തിൽ നിന്നും ഒളിച്ചോടി ഞാൻ തകർത്തത് മൂന്ന് പേരുടെ ജീവിതവും അവരുടെ സ്വപ്നങ്ങളും കൂടി ആയിരുന്നു.. അവരുടെ ഈ അവസ്‌ഥയെല്ലാം കണ്ട്‌ നിസ്സഹായനായി നോക്കി നിൽക്കുക എന്നതാകും എനിക്കുള്ള ശിക്ഷ....
Note:- ആത്മഹത്യ ഒന്നിനും ഒരു പരിഹാരാമല്ല.. അങ്ങനെ വല്ലതും ചെയ്യണം എന്നു തോന്നിയാൽ അമ്മയെയും അച്ഛനെയും കുറിച്ച്‌ ഒരു നിമിഷം ഒന്ന് ഓർക്കുക... ഭാര്യയായാലും കാമുകിയായാലും അമ്മയ്ക്കും അച്ഛനും ജീവിതത്തിൽ കൊടുക്കുന്ന സ്ഥാനം കഴിഞ്ഞേ അവർക്കുള്ള സ്‌ഥാനം കൊടുക്കാവു.. കാരണം കാമുകിയായാലും ഭാര്യായായാലും നിങ്ങളിൽ നന്മയോ/പണമോ/ജോലിയോ/സ്വഭാവമോ എന്തെങ്കിലും കണ്ടിട്ടാണ് സ്നേഹിക്കാൻ തുടങ്ങുന്നത്.. അല്ലെങ്കിൽ അവർക്ക് അതിനു കഴിയില്ല.. എന്നാൽ മക്കൾക്ക് പല കുറ്റങ്ങളും കുറവുകളും ഉണ്ട് എന്നറിഞ്ഞാലും അച്ഛനും അമ്മയും അവരെ സ്നേഹിക്കുന്നതിൽ പിശുക്ക് കാണിക്കാറില്ല.. അമ്മയെയും അച്ഛനെയും സത്യസന്ധമായി സ്നേഹിക്കുന്നവർക്ക് മാത്രമേ ഭാര്യായായാലും കാമുകിയായാലും അവരേയും സ്നേഹിക്കാൻ കഴിയു...
(ഞാൻ ഒരു ആൺകുട്ടി ആയതിനാൽ ഇങ്ങനെ എഴുതി.. പൊങ്കാലയ്ക്ക് വേണ്ടിയല്ല.)
Sajith_Vasudevan(ഉണ്ണി...)

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot