നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥ : സർപ്പശാപം


കഥ : സർപ്പശാപം
*************************
"ആരാണ് ഞാൻ? ഏതാണീ സ്ഥലം? ദിശകൾ അര്‍ത്ഥരഹിതമാകുന്ന ഇവിടെ ഞാൻ എങ്ങനെ വന്ന് പെട്ടു?" ഓർക്കാൻ ശ്രമിക്കും തോറും വേദനയുടെ വേരുകൾ അയാളിൽ പിടി മുറുക്കി.
അയാൾ നടന്നു കൊണ്ടേയിരുന്നു. ചുറ്റും നിബിഡമായ വനം. ഇടതൂർന്ന് വളർന്ന് നിൽക്കുന്ന പടുകൂറ്റൻ വൃക്ഷങ്ങളുടെ മേലാപ്പ്‌. ഒരേസമയം മൂകവും വാചാലവുമാവാൻ കാടിനേ കഴിയൂ. കാടിന് മാത്രം അവകാശപ്പെട്ട വശ്യമായ സ്വരൈക്യം. മരങ്ങൾക്കിടയിലൂടെ അങ്ങിങ്ങായി അരിച്ചിറങ്ങുന്ന നേരിയ വെളിച്ചം മാത്രമാണ് സമയം പകൽ ആണെന്ന് സൂചിപ്പിക്കുന്നത്. അതോ ഉച്ച കഴിഞ്ഞുവോ?
അയാൾക്ക്‌ തല ചെറുതായി വേദനിക്കുന്നുണ്ട്. രക്‌തം കട്ട പിടിച്ച ഒരു മുറിവും ചെവിക്ക് മുകളിലായി ഉണ്ടെന്ന് അയാൾ മനസ്സിലാക്കി.
ഓർമ്മകൾ ശൂന്യമാണ്. മുഖങ്ങളൊന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല, സ്വന്തം മുഖം പോലും. കൈയിൽ ആകെ ഉണ്ടായിരുന്ന തുകൽ സഞ്ചിയിൽ പരത്തിയപ്പോൾ കുറച്ചു മുഷിഞ്ഞ തുണികൾ അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല അതിൽ.
നടന്ന് നടന്ന് അയാൾ ഒരു അരുവിക്കരുകിൽ എത്തി. മുറിച്ചു കടക്കാൻ മാത്രം ആഴമുള്ളത്. ദാഹം ശമിച്ചപ്പോൾ അയാൾക്ക്‌ ഒരു നടപ്പാത ശ്രദ്ധയിൽ പെട്ടു. അത് പിന്തുടരുന്ന് അയാൾ ചെന്ന് പെട്ടത് ഒരു കുടിലിന് മുന്നിലാണ്. അപ്പോഴേക്കും വെളിച്ചത്തിൻ്റെ നേരിയ രശ്മികളും മാഞ്ഞിരുന്നു. ആകാശത്ത് നക്ഷത്രങ്ങളുടെ ഈയാംപാറ്റ കൂട്ടം കരിമ്പടം തീർത്തിരുന്നു.
പതിഞ്ഞതെങ്കിലും മനോഹരമായ ഒരു സ്ത്രീ ശബ്ദം ഈണത്തിൽ പാടുന്നത് അയാൾക്ക്‌ കേൾക്കാനായി. കര്‍ണ്ണാനന്ദകരമായ സ്വരഭേദം. എവിടെയോ കേട്ടുമറന്ന ഒരു താരാട്ടിൻ്റെ സാന്ത്വനം അയാൾക്ക്‌ അനുഭവപ്പെട്ടു.
"എന്നെ ഒന്ന് സഹായിക്കണം......", അയാൾ ഉറക്കേ വിളിച്ചു പറഞ്ഞു.
പാട്ട് പെട്ടന്ന് നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വൃദ്ധനായ മനുഷ്യൻ ഒരു കൈവിളക്കുമായി വാതിൽ തുറന്ന് പുറത്തേക്ക് വന്നു.
"ദദൂ, എനിക്ക് വഴി തെറ്റിയെന്ന് തോന്നുന്നു. ഇവിടെ നിന്നും അടുത്തുള്ള പട്ടണത്തിലേക്ക് പോകാനുള്ള വഴി പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു."
"സാഹിബ്, വഴിതെറ്റാൻ ഇവിടെ വഴികളിലൊന്നുമില്ലല്ലൊ. ഏറ്റവും അടുത്ത പട്ടണം ഇവിടെനിന്നും നാല് ദിവസം ദൂരെയാണ്. എന്താണ് അങ്ങയുടെ പേര്?"
"പേര്.....എൻ്റെ പേര് ......ഒന്നും ഓർക്കാൻ കഴിയുന്നില്ല. തലയിൽ ഒരു മുറിവുണ്ട്, നല്ല വേദനയും. ഇന്നിവിടെ ഒന്ന് തങ്ങാൻ അനുവദിച്ചാൽ നാളെ ഞാൻ വെളിച്ചം വരുമ്പോൾ യാത്ര പുറപ്പെട്ടോള്ളാം....."
വൃദ്ധൻ എന്തോ ആലോചിക്കുന്നത് പോലെ തോന്നി. വിളക്കവിടെ വെച്ചിട്ടായാൽ അകത്തേക്ക് കേറിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പാത്രവുമായി തിരികെ വന്നു. പഴവർഗങ്ങളും ചുട്ട കാട്ടുകോഴിയുടെ ഇറച്ചിയും കഴിച്ചു വിശപ്പടക്കുകയും , മുറിവിൽ ഏതോ പച്ചമരുന്ന് വെച്ച് കെട്ടുകയും ചെയ്‌തപ്പോൾ അയാൾക്ക്‌ നല്ല ആശ്വാസം തോന്നി.
അത്യന്തം തണുപ്പുള്ള ആ രാത്രിയിൽ, വൃദ്ധൻ ചുള്ളിക്കമ്പുകൾ കൂട്ടിയിട്ടു തീ ഉണ്ടാക്കി. പിംഗലവര്‍ണ്ണമുള്ള ജ്വാലകൾ ഇരുട്ടിൻ്റെ വാരിധി കീറിമുറിച്ചു കൊണ്ട് മേൽപ്പോട്ടുയർന്നു.
"സാഹിബിന് എതെങ്കിലും ഓർമ്മ വരുന്നുണ്ടോ?"
"ഇല്ല...ശ്രമിക്കാൻ തോന്നുന്നില്ല. നല്ല ക്ഷീണം. എന്നാൽ ഉറക്കം പിണങ്ങി നിൽക്കുന്നു. സമയം എന്തായി കാണും?"
"ഇവിടെ രണ്ട് സമയമേയുള്ളു, ഇരുട്ടും വെളിച്ചവും. അതിലപ്പുറം അറിഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല."
"ദദു എന്താ ഇവിടെ, ഈ കാട്ടിൽ? ഒറ്റക്കല്ലെന്ന് മനസ്സിലായി, നേരത്തെ ആരോ പാടുന്നത് കേട്ടു. അവരെ പുറത്തേക്കൊന്നും കണ്ടില്ലല്ലൊ?." അയാൾ ആരാഞ്ഞു.
ജീവിതം കൊടുക്കലുകൾ നിർത്തിയെന്നും ഇനി എടുക്കലുകൾ മാത്രമേ ബാക്കിയുള്ളുവെന്നും തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന ഭാവശൂന്യതയായിരുന്നു ആ വൃദ്ധൻ്റെ മുഖത്ത്.
"അതൊരു കഥയാണ് സാഹിബ്......ഒരു സർപ്പശാപത്തിൻ്റെ കഥ. ഞാൻ ആട്ടിപായിക്കാൻ ആഗ്രഹിക്കുന്ന ഓർമ്മകൾ. പുതിയ ഓർമ്മകൾ ഇല്ലാത്തതുകൊണ്ടാവാം അവ ഇപ്പോഴും കൂടെ.... " അയാളുടെ വാക്കുകൾ മുറിഞ്ഞു.
"ഒരു ഓർമ്മ പോലും കൈവശമില്ലാത്ത എനിക്ക് താങ്കളുടെ ഓർമ്മകളെങ്കിലും ഇരിക്കട്ടെ കൂട്ടായിട്ട്. പറയൂ ദദൂ. ചിലപ്പോൾ മനസ്സിന് ആശ്വാസമായാലോ."
വൃദ്ധൻ്റെ കണ്ണുകൾ തിളങ്ങി....അയാൾ പതിഞ്ഞ സ്വരത്തിൽ കഥ പറഞ്ഞു തുടങ്ങി.
രാജസ്ഥാനിലേ ദൗസയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പാർലി. പട്ടണത്തിലേക്ക് ചരക്കുകൾ കൊണ്ടുപോകുന്ന ലോറിയിലെ ഡ്രൈവർ ആയിരുന്നു അയാൾ. പേര് രഘുവീർ. ഭാര്യ പൂനം. ആട്ടിൻപാലും കോഴിമുട്ടയും ഒക്കെ അവൾക്ക് വില്പനയുണ്ട്. ഏഴ് മാസം ഗർഭിണി. തങ്ങളുടെ കൊച്ചു വീട്ടിൽ അവർ സന്തുഷ്‌ടരായിരുന്നു. പക്ഷെ ഭൂമിയിലെ സ്വർഗ്ഗങ്ങളുടെ ആയുസ് എണ്ണപ്പെട്ടതാണെല്ലോ......
ആയിടക്കാണ് ഒരു പെരുമ്പാമ്പിൻ്റെ ശല്യം ഗ്രാമത്തിൽ കൂടി വന്നത്‌. മാസത്തിൽ രണ്ടോ മൂന്നോ തവണ പാമ്പ് ഇറങ്ങും. വളർത്തു മൃഗങ്ങളെയും മറ്റും കൊണ്ടുപോകും. ഗ്രാമവാസികൾ ഭീതിയുടെ നിഴലിൽ ആണ്ടു. അവസാനം അമ്മയുടെ കൂടെ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ രണ്ട് വയസ്സുകാരിയെ പാമ്പ് പിടികൂടിയപ്പോൾ ഗ്രാമവാസികൾ പഞ്ചായത്ത് കൂടി ആലോചിച്ചു. സർപഞ്ചിൻ്റെ ബുദ്ധിയായിരുന്നു രഘുവീറീനെ സമീപിക്കുക എന്നത്.
"സർപഞ്ച്‌ജീ, എന്നെ നിർബന്ധിക്കരുത്. എനിക്ക് കഴിയില്ല. തലമുറകളായി സർപ്പങ്ങളെ ആരാധിക്കുന്ന കുടുംബമാണ് എൻ്റെത്. ഭോലാനാഥ്‌ പൊറുക്കില്ല."
"പഞ്ചായത്തിൻ്റെ കല്പനകൾ അനുസരിക്കാതിരിക്കുന്നതിൻ്റെ ഭവിഷ്യത്ത് നിശ്ച്ചയമുണ്ടോ രഘുവീർ നിങ്ങൾക്ക്? നീ ചെയ്യണ്ടത് ഇത്ര മാത്രം. ഇരയെ വിഴുങ്ങിയതിന് ശേഷം പാമ്പിൻ്റെ ചലനങ്ങൾ പരിമിതമായിരിക്കും, ചിലപ്പോൾ ഒട്ടും അനങ്ങാതെ കിടക്കാനും മതി. അങ്ങനെയുള്ള ഒരു അവസരത്തിൽ നീ നിൻ്റെ ലോറി അതിന് പുറത്തുകൂടി കയറ്റി ഇറക്കണം."
"പാപമാണ് സാഹിബ്....മഹാ പാപം. ദയവായി എനിക്കാലോചിക്കാൻ രണ്ട് ദിവസം തരൂ."
പഞ്ചായത്തിൻ്റെ വാക്കുകൾ അനുസരിക്കാത്തവർ ഭ്രഷ്ട്ട് കല്പിക്കപെടും. പൊതുകിണറ്റിൽ നിന്നും വള്ളം നൽകില്ല. ഒറ്റപ്പെടുത്തും. ആരും തിരിഞ്ഞു നോക്കില്ല. പലവ്യഞ്‌ജനങ്ങള്‍ തനിക്ക് നൽകുകയോ തന്നിൽ നിന്നും വാങ്ങുകയോ ചെയ്യില്ല. വയറ്റാട്ടി സഹായിക്കാൻ വരില്ല. ഗർഭിണിയായ പൂനവുമായി താൻ എങ്ങോട്ട് പോകും? അങ്ങനെ പല തരം വ്യാകുലപ്പെടുത്തുന്ന ചിന്തകൾ അയാളെ അലട്ടി.
അന്നയാൾ സർപ്പങ്ങളെ സ്വപ്നം കണ്ടു. സ്വർണവും വെള്ളിയും വരകളുള്ള ഒരു സർപ്പം തൻ്റെ മൂന്ന് കുഞ്ഞുങ്ങളെയും കൂട്ടി അയാളെ കാണാൻ വന്നിരിക്കുന്നു. അയാൾ നോക്കി നിൽക്കേ സർപ്പം അതിൻ്റെ ചര്‍മ്മം പൊഴിച്ചു. പൂനം ഇറങ്ങി വന്ന് സർപ്പങ്ങളുടെ അരികിൽ ഇരുന്നു. കുഞ്ഞുങ്ങൾ മൂന്നും പൂനത്തിൻ്റെ മടിയിലേക്ക് ഇഴഞ്ഞു കയറി. അപ്പോൾ അവറ്റകൾക്ക് കാലുകൾ ഉണ്ടായിരുന്നു. നിലവിളിക്കാൻ ശ്രമിച്ച അയാൾക്ക്‌ പക്ഷേ ശബ്ദം പുറത്തുവന്നില്ല.
ഞെട്ടി ഉണർന്ന അയാളെ പൂനം ആശ്വസിപ്പിച്ചു, "ഗ്രാമവാസികളെ ദ്രോഹിക്കുന്ന പാമ്പിനെ അല്ലേ നിങ്ങൾ കൊല്ലാൻ പോകുന്നത്. അങ്ങനെ സമാധാനിക്കൂ. അല്ലാതെ നമ്മുടെ മുന്നിൽ വേറെ വഴിയൊന്നുമില്ലല്ലോ. ഭോലാനാഥ്‌ കാത്തോളും നമ്മളെ."
വിചാരിച്ചതിലും എളുപ്പത്തിൽ കാര്യം നടന്നു. ഒരു മുട്ടനാടിനെ കരുവാക്കി കെട്ടിയിട്ടു. ഭക്ഷണം കഴിഞ്ഞു വഴിയിൽ വെയില്‍ കായുന്ന പാമ്പിൻ്റെ സുഷ്‌മ്‌നാകാണ്‌ഡം ഛേദിച്ചു കൊണ്ട് രഘുവീറീൻ്റെ ലോറി ചീറിപ്പാഞ്ഞു. അന്നയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മൂന്നാല് ദിവസം അയാൾ പനിച്ചു കിടന്നു. അന്ന് കണ്ട സ്വപ്നം പിന്നെയും പിന്നെയും അയാളെ തേടിയെത്തി.
പാമ്പിൻ്റെ ശല്യമൊഴിഞ്ഞ ഗ്രാമവാസികൾ രഘുവീറീനെയും പൂനത്തെയും സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. അവരാൽ കഴിയുന്ന പാരിതോഷികങ്ങൾ നൽകി അവരുടെ സന്തോഷം പ്രകടിപ്പിച്ചു. സ്നേഹവും കരുതലും മായ്ക്കാത്ത പിരിമുറുക്കങ്ങൾ കുറവാണ്. രഘുവീറീൻ്റെ മനസ്സിലും സമാധാനത്തിൻ്റെ ഓളങ്ങള്‍ തിരികെയെത്തി.
ഒരു നാഗപഞ്ചമി നാളിൽ അവൾ ജനിച്ചു, നയന. സാധാരണ കുഞ്ഞുങ്ങളെ പോലെ അവൾ പക്ഷേ ജനിച്ചയുടൻ കരഞ്ഞില്ല. നവജാതശിശുവിൻ്റെ മൃദുവായ ചര്‍മ്മത്തിന് പകരം അവളുടെ ശരീരം നിറച്ചും ചെതുമ്പലുകൾ ആയിരുന്നു......വരണ്ട്, ഉണങ്ങി, കട്ടിയുള്ള ചർമ്മം.....ഒരു പാമ്പിൻ്റെത് പോലെ !!! ശരീരം അനങ്ങുമ്പോൾ സഹിക്കാൻ വയ്യാത്ത വേദനയാൽ അവൾ നിലവിളിച്ചു. ഓരോ നിലവിളിയും രഘുവീറിൻ്റെ ഹൃദയം നുറുക്കി. ഗ്രാമവൈദ്യന്മാർ കൈയൊഴിഞ്ഞു.
"ശാപം. സർപ്പശാപം", കുഞ്ഞിനെ കാണാൻ വന്ന ഗ്രാമവാസികൾ ഒന്നടങ്കം പറഞ്ഞു. സ്നേഹവും കരുതലും പെട്ടന്ന് തന്നെ വെറുപ്പിനും അവഗണനക്കും വഴിമാറി. മനുഷ്യസഹജമായ നന്ദിക്കേട്!! ഭൂമിയിലെ സ്വർഗത്തിൻ്റെ മാത്രമല്ല കൃതജ്ഞതയുടെയും ആയുസ് പരിമിതമാണെന്ന് അയാൾ മനസ്സിലാക്കി.
പഞ്ചായത്ത് പിന്നെയും കൂടി. "സർപഞ്ച്‌ജീ, രഘുവീറിനെയും കുടുംബത്തെയും ഇവിടെ തങ്ങാൻ അനുവദിച്ചു കൂടാ. അത് ഞങ്ങളെയും കൂടി ബാധിക്കും. അവരെ നമ്മൾ സഹായിച്ചാൽ സർപ്പശാപം നമ്മളെയും പിടി കൂടും. ഈ ഗ്രാമം നശിക്കും. പുതിയ തലമുറകൾ ഇല്ലാതായിതീരും. ഉടനെ തന്നെ ഇതിനൊരു പരിഹാരം കാണണം." ഗ്രാമവാസികൾ വിലപിച്ചു.
വൃദ്ധൻ തീയിലേക്ക് ചുള്ളിക്കമ്പുകൾ ഇട്ടു. അയാളുടെ മുഖം അപ്പോഴും ഭാവശൂന്യമായിരുന്നു.
"അപ്പോൾ രഘുവീർ ....."
"ഞാനാണ് സാഹിബ്. ഇവിടെ വന്നിട്ടിപ്പോൾ എത്ര വർഷമായെന്നൊരു തിട്ടവുമില്ല. ഞങ്ങൾക്ക് പിന്നെയും രണ്ടു കുട്ടികൾ കൂടി ജനിച്ചു. രണ്ടും നയനയെ പോലെ......പക്ഷെ രണ്ടുപേരും ഒരു വയസിന് മുകളിൽ ജീവിച്ചില്ല. കുറച്ചു വർഷങ്ങൾക്ക് മുന്നേ പൂനവും എന്നെ വിട്ട് പോയി. ഇപ്പോൾ ഞാനും നയനയും മാത്രം."
"ഈ അവസ്ഥ .....ആ പാമ്പിൻ്റെ ശാപം ആണെന്നാണോ നിങ്ങൾ കരുതുന്നത്?"
"മനുഷ്യൻ്റെ വാക്ക് കേട്ട് ഒരു മിണ്ടാപ്രാണിയെ മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഞാൻ കൊന്നില്ലേ? സർപ്പശാപം ജന്മാന്തരങ്ങൾ കൂടെയുണ്ടാവും. അത് കൊണ്ട് തന്നെ ആത്മഹത്യയും ഒരു പരിഹാരമാവുന്നില്ല."
"ദദൂ...പേടിയില്ലേ? ഈ ഘോരവനത്തിൽ....ആരും കൂട്ടിനില്ലാതെ......"
"ശീലമായിരിക്കുന്നു സാഹിബ് .... ഈ ഏകാന്തതയും നിസ്സാഹായതയും. മരണത്തെ ഭയമുണ്ടെങ്കിൽ അല്ലേ പേടിയുണ്ടാവൂ."
വെളിച്ചം വീണപ്പോൾ അയാൾ പോകാൻ ഒരുങ്ങി. വൃദ്ധൻ അയാൾക്ക് കഴിക്കാനുള്ള ഭക്ഷണം പൊതിഞ്ഞു കൊണ്ടു വന്നു.
"സാഹിബ്...ഇതിരിക്കട്ടെ. രണ്ടു മൂന്ന് ദിവസത്തേക്ക് ഇത് മതിയാകും. ഈ അരുവിയുടെ തീരത്തു കൂടി നടന്നാൽ മതി. ഇത് ചെന്ന് അവസാനിക്കുന്നത് ഒരു വെള്ളച്ചാട്ടത്തിലാണ്. കാട്ടിൽ നിന്നും നാട്ടിലേക്ക് തേൻ കൊണ്ട് പോകുന്ന ആരെയെങ്കിലും കാണാതിരിക്കില്ല."
"നയന...."
"വേണ്ട സാഹിബ്. ആരും അവളെ കാണുന്നത് അവൾക്കിഷ്ടമല്ല...."
"ദദൂ...നന്ദിയുണ്ട്. യാത്ര പറയുന്നില്ല. മറക്കില്ല."
വൃദ്ധൻ അയാളെ കെട്ടിപിടിച്ചു. അയാൾക്ക്‌ കാടിൻ്റെ മണമായിരുന്നു.
ഇന്നലെകളുടെ ഭാരമൊഴിഞ്ഞ ഒരു മനുഷ്യൻ അരുവിക്കരയിലൂടെ നാളെയുടെ അനന്തതയിലേക്ക് നടന്നകന്നു. മറ്റൊരു മനുഷ്യൻ, ഇന്നലെകളുടെ ഭാരവുംപേറി സ്വന്തം വര്‍ത്തമാനത്തിൻ്റെ പരിധിക്കുള്ളിലേക്ക് വിടവാങ്ങി.
By ജയാ രാജൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot