നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓരോരോ വള്ളിക്കെട്ടുകളെ ... (ഒരു വള്ളിക്കെട്ടു കഥ ..)


ഓരോരോ വള്ളിക്കെട്ടുകളെ ... (ഒരു വള്ളിക്കെട്ടു കഥ ..)
( "ഇത് വായിച്ചിട്ടു എൻ്റെ കഥ നീ എഴുതും അല്ലേടാ എന്നും പറഞ്ഞു കുറുവടി൦ കൊണ്ട് തല്ലാൻ വരുന്ന ചേട്ടൻമ്മാരോട് ... സോറി ചേട്ടാ ഇത് ചേട്ടന്റെ കഥയല്ല .. ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം" - ഒരു മുൻ‌കൂർ ജാമ്യം ..." , .... ഈ കഥയും എനിക്ക് മാത്രം പിരിഞ്ഞിരിക്കുന്നതിന്റെ കണ്ണീരും , കാത്തിരിപ്പിന്റെ വേദനകളും സമ്മാനിച്ച എൻ്റെ നല്ല രാത്രികളുടെ കൂട്ടുകാരിക്ക് സമർപ്പിക്കുന്നു ...)
*************
അവളെ ഞാൻ കാണുന്നത് നാട്ടിൽ ഓട്ടോ ഓടിച്ചു നടക്കുന്ന കാലത്താണ്, ഒരുപാട് നല്ലതും ചീത്തയുമായ ഓര്മകളുള്ള ഒരു കാലത്ത് .. , ഒരു കാര്യം ഞാൻ അഭിമാനത്തോടെ പറയും എൻ്റെ ജീവിതം തുടങ്ങുന്നത് ആ അപേ ഓട്ടോറിക്ഷയിൽ നിന്നാണ് , ദുബായിലെ എയർകണ്ടിഷൻറെ തണുപ്പിനേക്കാൾ എനിക്കിന്നും ഇഷ്ടം ആ ഓട്ടോയിലെ കാറ്റാണ് ...
അപ്പൊ പറഞ്ഞു വന്നത് അവളെ കണ്ട ദിവസത്തെപറ്റി , അന്ന് ഓട്ടം നന്നേ കുറവായിരുന്നു എല്ലാ ഡ്രൈവർമാരും സ്റ്റാൻഡിൽ തന്നെ ഉണ്ട് , ലൈൻ അനുസരിച്ചുള്ള ഓട്ടം ആയതു കൊണ്ട് അടുത്ത ഊഴം എന്റെയാണ് ഞാൻ ആണെങ്കിൽ ഒരു വാടകക്ക് വേണ്ടി കാത്തിരിക്കുന്ന സമയം , ആ സമയത്താണ് ഒരു മനുഷ്യൻ അടിച്ചു പാമ്പായി ഷാപ്പിന്നെറങ്ങി ആടിയാടി വന്നു എൻ്റെ വണ്ടിയിൽ കയറിയത് , കൂടെ ഉണ്ടായിരുന്ന ഡ്രൈവർമാര് എന്നോട് അയാളെ കണ്ടപ്പോഴേ പറഞ്ഞതാ "രൂപേഷെ .. മുങ്ങിക്കൊ ആ വരുന്നത് ഒരു വള്ളിക്കെട്ടാണെന്നു.. " ( വള്ളിക്കെട്ടു എന്ന് ഞങ്ങളുടെ നാട്ടിൽ ചുറ്റുന്ന പാമ്പുകളെ വിളിക്കുന്ന ഓമനപ്പേരാണ് , ചുറ്റിയാ പിന്നെ അത് നമ്മളെ വിടൂല .. ) , പക്ഷെ ഞാൻ ഏതു വള്ളിക്കെട്ടായാലും സാരുല്ല ഇന്ന് ഡീസലിന്റെ കാശെങ്കിലും ഒപ്പിച്ചില്ലെങ്കിൽ കാര്യങ്ങളൊന്നും നടക്കില്ല , എന്നറിയുന്നത് കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു "നേരെ കാഞ്ഞങ്ങാടേക്ക്‌ പോട്ടെ...." അയാളെന്നനോട് കൊഴഞ്ഞു മറിഞ്ഞ നാവുമായി പറഞ്ഞു.
നേരെ കാഞ്ഞങ്ങാടെത്തി സൺറൈസ് ഹോസ്പിറ്റലിൽ അയാളുടെ ഒരു ബന്ധു അഡ്മിറ്റായിട്ടുണ്ട് അവരെ കാണാനെന്നു പറഞ്ഞു അയാളവിടെ ഇറങ്ങി എന്നോട് കാത്തുനിക്കാൻ പറഞ്ഞിട്ട് അയാൾ നാലുകാലിൽ എങ്ങനൊക്കെയോ ഹോസ്പിറ്റലിലേക്ക് നടന്നു , കൊറേ നേരം ഞാൻ അവിടെ നഴ്‌സുമാരേം വായിനോക്കി നിന്നു (വായിനോട്ടം മാത്രേ ഉള്ളൂട്ടോ .... ഓട്ടോ ഡ്രൈവറല്ലേ പോരാത്തേന് ചെറുപ്പോ൦... പ്രിയപ്പെട്ട നഴ്‌സുമാർ ക്ഷമിക്കുക ഞാൻ ഇപ്പൊ നല്ല ഡീസന്ടാട്ടോ ... ) 
ആ മനുഷ്യൻ തിരിച്ചു വന്ന് "നേരെ മലനാടിലേക്ക് (ഞങ്ങടെ നാട്ടിലെ ഒരു ബാർ ) വണ്ടി പോവട്ടെന്നു.." പറഞ്ഞപ്പോ ഞാൻ അയാളോട് പറഞ്ഞു "ചേട്ടാ ഇനീം വേണോ നമ്മക്ക് തിരിച്ചു പോയാപ്പോരേ .." "ഞാൻ കുടിക്കണോന്ന് തീരുമാനിക്കുന്നത് നീയാണോടാ വണ്ടി വാടകക്ക് വിളിച്ചാൽ പറയുന്നത് അങ്ങ് കേട്ടാ മതി .." അയാളെന്നോട് ദേഷ്യപ്പെട്ടപ്പോൾ ഞാൻ മനസ്സിൽ കരുതി 'ദൈവമേ.. പാമ്പു ചുറ്റിത്തുടങ്ങി..' നേരെ മലനാട് അവിടേം കൊറേ നേരം കാത്തുനിന്നു ..
ബാറിന്നെറങ്ങി ഒരു പാനും വാങ്ങി ചവച്ചു അയാൾ വണ്ടിയിൽ കയറി നേരെ അയാളുടെ വീട്ടിലേക്കു ... ഞങ്ങടെ നാട്ടിൽ പ്രേതം ഒക്കെ ഉണ്ടെന്നു ചെറുപ്പത്തിലേ ആളോള് പറഞ്ഞു പഠിപ്പിച്ചുന്ന ഒരു സ്ഥാലത്താണ് അയാളുടെ വീട് , അന്നെനിക്ക് ഒരു പത്തൊമ്പതു ഇരുപത് വയസേ ഉള്ളു മനസ്സിൽ നല്ല പേടീം ഉണ്ട്, അവിടേക്കാണ് പോവാൻ പറഞ്ഞത് അയാളുടെ വീട്ടിനടുത്തെത്തിയപ്പോൾ നേരം രാത്രി പതിന്നൊര കഴിഞ്ഞിരുന്നു "നീ.. ഇവിടെ നിക്ക് ഞാൻ ഇപ്പൊ വീട്ടിപ്പോയി കാശെടുത്തിട്ടു വരാം.." , എന്ന് പറഞ്ഞു അയാളിറങ്ങി "നാളെ മതി ചേട്ടാ.." എന്ന് ഞാൻ കാല് പിടിച്ചു പറഞ്ഞതാണ് അയാള് കേട്ടില്ല.. ആ നട്ടപാതിരാത്രിക്ക് അയാൾ എന്നെ ഒറ്റക്കാക്കി മഴയിലൂടെ നടന്നകന്നു, ഒറ്റയ്ക്ക് ആ രാത്രി വണ്ടിടെ സൈഡ് കർട്ടനും താഴ്ത്തി ഞാൻ അവിടെ കാത്തു നിന്ന് ...
*****
അരമണിക്കൂർ കഴിഞ്ഞു ആളെ കാണാനില്ല ഞാൻ ആ മഴയത്തു പൊറത്തിറങ്ങി നോക്കി ഇല്ല ഒരു ശബ്ദോ൦ കേൾക്കാനില്ല .. ഇനീപ്പോ എവിടേലും വീണോ... അതായിരുന്നു എൻ്റെ പേടി .. എന്തെലും പറ്റിപ്പോയ നാളെ ഞാൻ പോലീസ് സ്റ്റേഷൻ കേറി ഇറങ്ങണോല്ലോ എന്നാലോചിച്ചപ്പോൾ രണ്ടും കൽപ്പിച്ചു അയാളുടെ വീട്ടിലേക്കു പോവാൻ തീരുമാനിച്ചു ..
റോഡിൽ നിന്നും ഒരു പത്തു മിനിട്ടു നടക്കാനുണ്ട് നുമ്മടെ നായകന്റെ വീട്ടിലേക്കു മൊബൈലിന്റെ അരണ്ട വെളിച്ചത്തിൽ ഞാൻ ആ വീട് ലക്ഷ്യമാക്കി നടന്നു , എല്ലായിടത്തും നിശബ്ദത ചാറ്റൽ മഴയുടെ ചെറിയ ശബ്ദം മാത്രം കൂട്ടിനു , അയാടെ വീട്ടിനടുത്തെത്തിയപ്പോൾ ഉച്ചത്തിലുള്ള കരച്ചില് കേക്കാൻ തുടങ്ങി, ഞാൻ ഓടി വീടിന്റെ വാതിൽ തള്ളി തുറന്നു അകത്തു കയറിയപ്പോൾ കണ്ടത് , അയാളുടെ കാലു പിടിച്ചു കരയുന്ന അമ്മ , അയാൾ തള്ളിതെറിപ്പിച്ചു വേച്ചു വീഴാൻ പോവുന്ന അച്ഛനെ പിടിക്കുന്ന അയാളുടെ പെങ്ങൾ .. , എന്നെ കണ്ടതും ആ അമ്മയുടെ കരച്ചിൽ ഉച്ചത്തിലായി "ഒന്ന്.. പറഞ്ഞു കൊടുക്ക് മോനെ.. , നാളെ ഇവൾക്ക് ഹോസ്പിറ്റലിൽ പോവാൻ എടുത്തു വച്ച കാശാണ് ഇവനീ തട്ടി പറിച്ചെടുത്തു കൊണ്ട് പോവുന്നത്.." അവിടെ ഉണ്ടായിരുന്ന ഒരു പത്തു പതിനെട്ടു വയസു തോന്നിക്കുന്ന പെൺകുട്ടിയെ ചൂണ്ടി ആ അമ്മ കണ്ണീരോടെ പറഞ്ഞ വാക്കുകൾക്ക് എനിക്കൊരു മറുപടിയും ഉണ്ടായിരുന്നില്ല .. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത ഒരവസ്ഥയിലായിരുന്നു ഞാൻ , സ്വബോധം വീണ്ടെടുത്ത് അയാളുടെ കൈയ്യിലിരുന്ന പൈസ വാങ്ങി ആ അമ്മയുടെ കൈയ്യിൽ വച്ച് കൊടുത്തിട്ട് എനിക്ക് വാടക വേണ്ട എന്ന് പറഞ്ഞു ഞാൻ അയാളെയും തള്ളി മാറ്റി ആ വീട്ടിന്നിറങ്ങി വരുമ്പോൾ എന്റെ മനസ്സിൽ ആ പെൺകുട്ടിയുടെ മുഖവും , ഒലിച്ചിറങ്ങിയ കണ്ണ്നീരും മാത്രമായിരുന്നു ബാക്കി..
" നിനിക്കെന്തിനീ ഈ വേണ്ടാത്ത പണി, രാത്രിക്കെല്ലാം ഓട്രഷ ... ഓടിറ്റു കിട്ടുന്ന പൈസ വേണ്ടാന്ന് എത്ര പറഞ്ഞാലും കേക്കൂല, നീ ബെരുന്നവരെ ഈട മനുഷ്യൻ്റെ മനസില് തീയാണ് " എന്നും പറഞ്ഞു എനിക്കായ് ആ പാതിരാത്രി വരെ കാത്തിരുന്നു ചോറ് വിളമ്പുന്ന അമ്മയുടെ മുഖത്തിനപ്പുറം, എൻ്റെ മനസ്സിൽ പേടിച്ചരണ്ട ആ പെൺകുട്ടിയുടെ മുഖമായിരുന്നു ..
എൻ്റെ പിറ്റേ ദിവസവും സാധാരണ പോലെയായിരുന്നു , രാവിലെ തലേന്ന് നടന്നതൊന്നും ഓർക്കാതെ നല്ല വൃത്തിയിൽ കുളിച്ചൊരുങ്ങി പണിക്കു പോവുന്ന അയാളെ ഓട്ടോ സ്റ്റാൻഡിൽ കണ്ടപ്പോ രണ്ടെണ്ണം കൊടുക്കാൻ മനസ് തോന്നിയെങ്കിലും , അഞ്ചടി കഷ്ടി ഉയരുള്ള എന്റെ ശരീരത്തെ ഓർത്തു മനസ് വിലക്കി.
അന്ന് വൈകുന്നേരം ,എന്നെ അന്വേഷിച്ചു ആ പെൺകുട്ടി ഓട്ടോ സ്റ്റാൻഡിൽ വന്നു എൻ്റെ വാടക തീർത്തു തന്നിട്ട് എന്നോട് പറഞ്ഞു " ഇന്നലത്തെ കാര്യോന്നും ആരോടും പറയണ്ട ചേട്ടൻ വെള്ളടിച്ചാ അങ്ങനാ എന്താ ചെയ്യന്നു പറയാൻ പറ്റില്ല , അല്ലാത്തപ്പോ ഞങ്ങളെക്കോ വല്യ സ്നേഹാ ... അതോണ്ട് ഒന്നും വിചാരിക്കരുത് " ഒരനിയത്തിയുടെ സ്നേഹവും , തൻ്റെ വീടിലെ അവസ്ഥകൾ പുറത്തറിയാതിരിക്കാനുള്ള ഒരു വീട്ടമ്മയുടെ കരുതലും ഞാൻ അവളിൽ കണ്ടു ... എൻ്റെ കണ്ണുകളിൽ അപ്പോഴും വിയർപ്പു പൊടിയുന്നുണ്ടായിരുന്നു വേണ്ടാന്ന് പറഞ്ഞിട്ടും അവൾ ആ പണം എൻ്റെ കൈയ്യിൽ പിടിപ്പിച്ചു ..
പിന്നീടുള്ള ഓട്ടോ ദിനങ്ങളിൽ അയാളെ കണ്ടാൽ , അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലായത് എൻ്റെ നാട്ടിലെ എല്ലാ ഡ്രൈവർമാരേം പോലെ ഞാനും മുങ്ങും, കാരണം എനിക്ക് വള്ളിക്കെട്ടുകളെ പേടിയായിട്ടല്ല അവളുടെ ആ മുഖം ഇനിയും കണ്ടാൽ ചിലപ്പോ അവളേം വിളിച്ചു ഞാൻ എൻ്റെ വീട്ടിക്കേറി വരും... അത് പിന്നെ കള്ളുകുടിയനായ അളിയന് കൊട്ടെഷൻ കൊടുത്തെന്നും പറഞ്ഞു ഞാൻ ജയിലിൽ പോവേണ്ടേ൦ വരാൻ സാധ്യത ഉള്ളത് കൊണ്ടാണ്, പിന്നെ എനിക്ക് പോലീസെന്നു പറഞ്ഞാലേ പേടിയാ ....
രൂപേഷ് ബാബു .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot