Showing posts with label രൂപേഷ്ബാബുപുറവങ്കര. Show all posts
Showing posts with label രൂപേഷ്ബാബുപുറവങ്കര. Show all posts

ഓരോരോ പാരമ്പര്യങ്ങളെ ...... (വീണ്ടും ഒരു പെണ്ണുകാണൽ കഥ ...)

Image may contain: 1 person, beard and closeup

ഈ കഥയിലെ നായകൻ ഞാനല്ല ... അടുത്താഴ്ച അങ്ങേരുടെ കല്യാണം ആണ് നുമ്മടെ നായകന്റെ . നായകന്റെ പേര് പറയണൊ വേണ്ടല്ലേ .... അപ്പൊ നമ്മടെ പേരില്ലാത്ത നായകന് പെണ്ണുകാണാൻ പോയ കഥയാണിത് ...
ഗൾഫിലെ ജോലിയിൽ നിന്നും രണ്ടു മാസം പരോളെടുത്തു ഞാനും അങ്ങേരും നാട്ടിൽ ലാൻഡ് ചെയ്തു , ഈ വാക്കേഷനിൽ അകെ ഉദ്ദേശം ഒന്നേയുള്ളു എങ്ങനേലും അങ്ങേരെ പെണ്ണുകെട്ടിക്കണം ... വയസു മുപ്പതു കഴിഞ്ഞാൽ പിന്നെ പെണ്ണ് കെട്ടാത്ത ചെക്കൻമ്മാർക്ക് ഡിമാൻഡ് കൊറയും എന്നൊരു അലിഖിത നിയമമുണ്ട് ഇപ്പൊ നാട്ടിൽ ഉണ്ട് ... പോരാത്തേന് നുമ്മടെ നായകന് കൊറച്ചു കഷണ്ടി കേറീട്ടുണ്ടോ എന്നൊരു സംശയവും ഉണ്ട് .. അങ്ങേരതിനെ കോറച്ചഭിമാനത്തിൽ "പാരമ്പര്യം" എന്നൊക്കെ പറഞ്ഞു ഒഴിയുമെങ്കിലും ...'"ഉള്ളില് സങ്കടണ്ട്ട്ടോ' അത് ഞങ്ങള് സുഹൃത്തുക്കൾക്കറിയാം ...
കമ്പനിയിൽ ലീവ് ചോദിക്കുന്നതിനു മുമ്പേ ഞാൻ അങ്ങേരുടെ അച്ഛനെ വിളിച്ചു പറഞ്ഞു "ഒരു അഞ്ചാറ് പുള്ളോറ നിങ്ങോ നോക്കി വെച്ചറ് ഞങ്ങള് വന്നിട്ട് സെലക്ട് ആക്കലോ ..." "നീ അതൊന്നും പേടിക്കണ്ട ഈട എല്ലാം റെഡി.... റെഡി ... ആന്ന് ...നിങ്ങോ വന്ന ആദ്യത്തെ ഞായറാഴ്ച പെണ്ണ് നോക്കല് രണ്ടാമത്തെ ഞായറാഴ്ച കല്യാണം ...." അത്രയ്ക്ക് കോൺഫിഡന്റ് ....
അങ്ങനെ ഞങ്ങൾ നാട്ടിലെത്തി ആദ്യത്തെ ഞായറാഴ്ച്ച പറഞ്ഞ പോലെ പെണ്ണുകാണാൻ പോയി ...എനിക്ക് ഈ പെണ്ണുകാണാൻ കൂടെപ്പോവാൻ ഭയങ്കര ഇന്ട്രെസ്റ്റ് ആണ് നമ്മക്കൊരു പരിചയം ആവുമല്ലോ ... ഏതു ..
ഞാനും നായകനും പിന്നെ അങ്ങേരുടെ രണ്ടു അളിയൻമ്മാരുംക്കൂടി രാവിലെ തന്നെ പുറപ്പെട്ടു ... ബ്രോക്കറെ വഴിന്നു പിക്ക് ചെയ്തു ... പെണ്ണിൻ്റെ വീട്ടിലെത്തി ... സാധാരണ രീതിയിൽ ചായയുമായി പെണ്ണ് വന്നു ... പെണ്ണിന്റെ വല്യച്ഛന്റെ വീടാണത് .. അവരോടൊക്കെ സംസാരിച്ചു ... കുവൈറ്റിലെ തൻ്റെ അമേരിക്കൻ കമ്പനിയിലെ ജോലി "എൻവിറോണ്മെന്റൽ ഓഫീസർ... " എന്ന് നമ്മുടെ നായകൻ പറഞ്ഞപ്പോ ... ഇതൊക്കെ പെൺവീട്ടുകാർക്ക് മനസ്സിലാവോപ്പാ .... എന്ന് ഞാൻ വെറുതെ മനസ്സിലോർത്തു ... സാധാരണ ഗൾഫിലുള്ള ചെക്കനാണെങ്കിൽ അവർക്കാദ്യം അറിയേണ്ടത് കല്യാണം കഴിഞ്ഞാൽ പെണ്ണിനെ അവിടേക്കു കൊണ്ടുപോവുമോ എന്നായിരിക്കും .... , കല്യാണം കഴിഞ്ഞത്തിന്റെ പിറ്റേന്ന് തന്നെ കൊണ്ടുപോകണം എന്ന് പറഞ്ഞ ഒരമ്മയുടെ വീട്ടിൽ ഒരിക്കൽ പെണ്ണുകാണാൻ പോയത് ഞാൻ ഓർക്കുന്നു ... ഗൾഫിൽ ജീവിക്കുന്നവർക്കറിയാം ഇവിടുത്തെ വിസയുടെ നൂലാമാലകൾ .. പിന്നെ റൂം , സാധനങ്ങൾ ... ഇതൊക്കെ അറേഞ്ച്ചെയ്യാൻ സമയം എടുക്കുമെന്ന് പറഞ്ഞാ അപ്പൊ അവര് പറയും ഞങ്ങോ ഇപ്പൊ അയക്കുന്നില്ലപ്പാ ... എന്ന് ..
എന്തോ ഭാഗ്യം കൊണ്ട് നമ്മുടെ നായകൻ കാണാൻ പോയ പെൺവീട്ടുകാർ അത് പറഞ്ഞില്ല ... ഡിഗ്രി അവസാന വര്ഷം പഠിക്കുന്ന പെൺകുട്ടിയോട് തുടർന്ന് പഠിക്കാൻ താല്പര്യമുണ്ടോന്നു ചോദിച്ചപ്പോ .. ഞാൻ പടിക്കുന്നൊന്നുല്ലപ്പാ . ... എന്നാണ് മറുപടി അപ്പൊ അതും ഓക്കേ ... അമ്മ വീട്ടിൽ ഒറ്റക്കാവും എന്ന ഭയം ഇല്ലാതായിരിക്കുന്നു ഇനീപ്പോ അടുത്താഴ്ച കല്യാണം ഞാൻ മനസ്സിൽ ഉറപ്പിച്ചു ..
എല്ലാം പറഞ്ഞുറപ്പിക്കാൻ തുടങ്ങിയപ്പോൾ പെണ്ണിന്റെ വല്യച്ഛൻ പറഞ്ഞു ... "ഓളെ... പെണ്ണിൻ്റെ .. അച്ഛൻ വരുന്നുണ്ട് ഇപ്പൊ എത്തും.... അവരും കൂടെ വന്നിട്ട് നമ്മക്ക് തീരുമാനിക്കാം ..." ഞങ്ങൾ വെയിറ്റ് ചെയ്യാൻ തീരുമാനിച്ചു അങ്ങനെ കാത്തിരിപ്പിനൊടുവിൽ ... ഒരു ബുള്ളറ്റ് ശബ്ദം ഞങ്ങളുടെ കാതുകളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് കടന്നു വന്നു ... അതിൽ നിന്നും ആജാനുബാഹുവായ ഒരു മനിഷ്യൻ ഇറങ്ങി ... പിരിച്ചു വെച്ച കട്ടി മീശ , കൈയ്യിൽ ഒരു സ്വർണ്ണ ബ്രായ്‌സ്‌ലെറ്റ് ... കഴുത്തിലെ മാല നാട്ടുകാരെ കാണിക്കാൻ പുറത്തിട്ടിരിക്കുന്നു .... പെണ്ണിൻ്റെ അച്ഛനാണ് .. ബ്രോക്കര് പരിചയപ്പെടുത്തി ... അത് കേട്ടതും ... അടുത്തിരുന്ന നായകന്റെ അളിയനോട് ചെവിയിൽ ഞാൻ ചോദിച്ചു ... " ഓര് പോലിസാ ..." "നീ മിണ്ടല്ലടാ ... ഞാൻ പറയാം ..." അളിയൻ എന്നെ വിലക്കി പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല ... ഞാൻ ഉറപ്പിച്ചിരുന്നു പോലീസ് തന്നെ .... ഒരു ചായ കുടിച്ചു കഴിഞ്ഞു നമ്മുടെ പോലീസ് കാരൻ അച്ഛൻ നമ്മുടെ നായകനെ മാത്രം മാറ്റി നിർത്തി എന്തൊക്കെയോ ചോദിച്ചു ... 'എല്ലാം ഒകെ ആണ് അപ്പൊ അങ്ങേർക്കും ഇഷ്ടപ്പെട്ടു ...' അകെ ശുഭം എന്ന അവസ്ഥ ... ഞാൻ മനസ്സിലോർത്തു .... "വൈന്നേരം ഞങ്ങള് വിളിക്കാം ... " എന്ന അവരുടെ ഉറപ്പിൽ ഞങ്ങളിറങ്ങി ... കാര് സ്റ്റാർട്ട് ചെയ്തു, ഞാൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു ... വണ്ടി മെയിൻ റോഡിൽ എത്തിയപ്പോ അളിയൻ എന്നോട് പറഞ്ഞു രൂപേഷെ ... അയാള് പോലീസൊന്നും അല്ലപ്പാ ... കപ്പണെലു (ചെങ്കല്ല് മുറിച്ചെടുക്കുന്ന സ്ഥലം ) കല്ല് ലോഡാക്കല് പണി ... ഞാൻ മൂക്കത്തു വിരൽ വെച്ചു .. കണ്ടാ ശരിക്കും പോലിസെന്നെ അല്ലെ ...
അന്ന് വൈന്നേരം തെങ്ങു ചെത്തുന്ന അജിയേട്ടനെ വിളിച്ചു ... മധുരക്കള്ളും കപ്പേം നമ്മുടെ നായകന്റെ വീട്ടിലിരുന്നു കുടിക്കുമ്പോ പെണ്ണ് വീട്ടുകാരുടെ ഫോൺ വന്നു " അത് ഞങ്ങക്ക് ശരിയാവൂലപ്പ ... ചെക്കന കാണുമ്പോ ഒരു പണക്കാരന്റെ ലുക്ക് ഇല്ലപ്പാ ... ഈ ഗൾഫുകാരെന്നെല്ലാം വിചാരിച്ചപ്പോ ഞങ്ങോ കൊറച്ചു പ്രതീക്ഷിച്ചിനി .. ഒരു സ്വർണത്തിന്റെ മലെങ്കിലും ഇതൊന്നുല്ലാതെ ..." അത് ഇപ്പോളത്തെ പുള്ളോരുക്കു സ്വർണ്ണോല്ലാം ഇഷ്ടോല്ലല്ലോപ്പ.... എന്ന് നായകന്റെ അച്ഛൻ പറഞ്ഞു മുഴുവിക്കും മുമ്പേ ഫോൺ കട്ടായി .... ഫോണിലെ സംസാരം ഞങ്ങളോട് പറഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത് ... നിങ്ങളോട് ആ മാല ഇട്ടിട്ടുപോവാൻ ഞാൻ പറത്തല്ലേ ... മാല മാത്രം ഇട്ടിട്ടെന്തു കാര്യം പണക്കാരന്റെ ലുക്ക് വേണ്ടെടാ ... പാരമ്പര്യം അങ്ങേരു സ്വയം ട്രോളി ... ആ ട്രോൾ താമസക്കപ്പുറം എൻ്റെ മനസിനെ വല്ലാണ്ട് വേദനിപ്പിച്ചു ...ഈ കഥ എഴുതുന്നത് ഇനി കല്യാണം നടക്കാൻ പെൺകുട്ടികൾക്കുള്ള അച്ഛനമ്മമാരോട് ഒരു കാര്യം പറയാനാണ് ... നിങ്ങൾ പണത്തിനും സൗന്തര്യത്തിനും പിന്നാലെ പോവുമ്പോൾ നിങ്ങൾ മറന്നു പോവുന്ന ഒരു കാര്യമുണ്ട് ഇനിയുള്ള ജീവിതം നിങ്ങളുടെ മകൾ ജീവിക്കേണ്ടത് അവൻ്റെ കൂടെയാണെന്ന് ... പണത്തിനു പുറകെ പോവുമ്പോൾ ചിലപ്പോഴെങ്കിലും നഷ്ടപ്പെടുന്നത് ... നിങ്ങളുടെ മകളുടെ സന്തോഷമായിരിക്കും ....
അടുത്താഴ്ച കല്യാണം കഴിക്കുന്ന എൻ്റെ ഫ്രണ്ട്നും ബീവിക്കും ..... എനിക്കറിയാം നിങ്ങോ ഉഷാറാകും എന്നാലും എൻ്റെ വക ഒരു ഹാപ്പി മാരീഡ് ലൈഫ് ...
രൂപേഷ് ബാബു

ഓരോരോ വള്ളിക്കെട്ടുകളെ ... (ഒരു വള്ളിക്കെട്ടു കഥ ..)


ഓരോരോ വള്ളിക്കെട്ടുകളെ ... (ഒരു വള്ളിക്കെട്ടു കഥ ..)
( "ഇത് വായിച്ചിട്ടു എൻ്റെ കഥ നീ എഴുതും അല്ലേടാ എന്നും പറഞ്ഞു കുറുവടി൦ കൊണ്ട് തല്ലാൻ വരുന്ന ചേട്ടൻമ്മാരോട് ... സോറി ചേട്ടാ ഇത് ചേട്ടന്റെ കഥയല്ല .. ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം" - ഒരു മുൻ‌കൂർ ജാമ്യം ..." , .... ഈ കഥയും എനിക്ക് മാത്രം പിരിഞ്ഞിരിക്കുന്നതിന്റെ കണ്ണീരും , കാത്തിരിപ്പിന്റെ വേദനകളും സമ്മാനിച്ച എൻ്റെ നല്ല രാത്രികളുടെ കൂട്ടുകാരിക്ക് സമർപ്പിക്കുന്നു ...)
*************
അവളെ ഞാൻ കാണുന്നത് നാട്ടിൽ ഓട്ടോ ഓടിച്ചു നടക്കുന്ന കാലത്താണ്, ഒരുപാട് നല്ലതും ചീത്തയുമായ ഓര്മകളുള്ള ഒരു കാലത്ത് .. , ഒരു കാര്യം ഞാൻ അഭിമാനത്തോടെ പറയും എൻ്റെ ജീവിതം തുടങ്ങുന്നത് ആ അപേ ഓട്ടോറിക്ഷയിൽ നിന്നാണ് , ദുബായിലെ എയർകണ്ടിഷൻറെ തണുപ്പിനേക്കാൾ എനിക്കിന്നും ഇഷ്ടം ആ ഓട്ടോയിലെ കാറ്റാണ് ...
അപ്പൊ പറഞ്ഞു വന്നത് അവളെ കണ്ട ദിവസത്തെപറ്റി , അന്ന് ഓട്ടം നന്നേ കുറവായിരുന്നു എല്ലാ ഡ്രൈവർമാരും സ്റ്റാൻഡിൽ തന്നെ ഉണ്ട് , ലൈൻ അനുസരിച്ചുള്ള ഓട്ടം ആയതു കൊണ്ട് അടുത്ത ഊഴം എന്റെയാണ് ഞാൻ ആണെങ്കിൽ ഒരു വാടകക്ക് വേണ്ടി കാത്തിരിക്കുന്ന സമയം , ആ സമയത്താണ് ഒരു മനുഷ്യൻ അടിച്ചു പാമ്പായി ഷാപ്പിന്നെറങ്ങി ആടിയാടി വന്നു എൻ്റെ വണ്ടിയിൽ കയറിയത് , കൂടെ ഉണ്ടായിരുന്ന ഡ്രൈവർമാര് എന്നോട് അയാളെ കണ്ടപ്പോഴേ പറഞ്ഞതാ "രൂപേഷെ .. മുങ്ങിക്കൊ ആ വരുന്നത് ഒരു വള്ളിക്കെട്ടാണെന്നു.. " ( വള്ളിക്കെട്ടു എന്ന് ഞങ്ങളുടെ നാട്ടിൽ ചുറ്റുന്ന പാമ്പുകളെ വിളിക്കുന്ന ഓമനപ്പേരാണ് , ചുറ്റിയാ പിന്നെ അത് നമ്മളെ വിടൂല .. ) , പക്ഷെ ഞാൻ ഏതു വള്ളിക്കെട്ടായാലും സാരുല്ല ഇന്ന് ഡീസലിന്റെ കാശെങ്കിലും ഒപ്പിച്ചില്ലെങ്കിൽ കാര്യങ്ങളൊന്നും നടക്കില്ല , എന്നറിയുന്നത് കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു "നേരെ കാഞ്ഞങ്ങാടേക്ക്‌ പോട്ടെ...." അയാളെന്നനോട് കൊഴഞ്ഞു മറിഞ്ഞ നാവുമായി പറഞ്ഞു.
നേരെ കാഞ്ഞങ്ങാടെത്തി സൺറൈസ് ഹോസ്പിറ്റലിൽ അയാളുടെ ഒരു ബന്ധു അഡ്മിറ്റായിട്ടുണ്ട് അവരെ കാണാനെന്നു പറഞ്ഞു അയാളവിടെ ഇറങ്ങി എന്നോട് കാത്തുനിക്കാൻ പറഞ്ഞിട്ട് അയാൾ നാലുകാലിൽ എങ്ങനൊക്കെയോ ഹോസ്പിറ്റലിലേക്ക് നടന്നു , കൊറേ നേരം ഞാൻ അവിടെ നഴ്‌സുമാരേം വായിനോക്കി നിന്നു (വായിനോട്ടം മാത്രേ ഉള്ളൂട്ടോ .... ഓട്ടോ ഡ്രൈവറല്ലേ പോരാത്തേന് ചെറുപ്പോ൦... പ്രിയപ്പെട്ട നഴ്‌സുമാർ ക്ഷമിക്കുക ഞാൻ ഇപ്പൊ നല്ല ഡീസന്ടാട്ടോ ... ) 
ആ മനുഷ്യൻ തിരിച്ചു വന്ന് "നേരെ മലനാടിലേക്ക് (ഞങ്ങടെ നാട്ടിലെ ഒരു ബാർ ) വണ്ടി പോവട്ടെന്നു.." പറഞ്ഞപ്പോ ഞാൻ അയാളോട് പറഞ്ഞു "ചേട്ടാ ഇനീം വേണോ നമ്മക്ക് തിരിച്ചു പോയാപ്പോരേ .." "ഞാൻ കുടിക്കണോന്ന് തീരുമാനിക്കുന്നത് നീയാണോടാ വണ്ടി വാടകക്ക് വിളിച്ചാൽ പറയുന്നത് അങ്ങ് കേട്ടാ മതി .." അയാളെന്നോട് ദേഷ്യപ്പെട്ടപ്പോൾ ഞാൻ മനസ്സിൽ കരുതി 'ദൈവമേ.. പാമ്പു ചുറ്റിത്തുടങ്ങി..' നേരെ മലനാട് അവിടേം കൊറേ നേരം കാത്തുനിന്നു ..
ബാറിന്നെറങ്ങി ഒരു പാനും വാങ്ങി ചവച്ചു അയാൾ വണ്ടിയിൽ കയറി നേരെ അയാളുടെ വീട്ടിലേക്കു ... ഞങ്ങടെ നാട്ടിൽ പ്രേതം ഒക്കെ ഉണ്ടെന്നു ചെറുപ്പത്തിലേ ആളോള് പറഞ്ഞു പഠിപ്പിച്ചുന്ന ഒരു സ്ഥാലത്താണ് അയാളുടെ വീട് , അന്നെനിക്ക് ഒരു പത്തൊമ്പതു ഇരുപത് വയസേ ഉള്ളു മനസ്സിൽ നല്ല പേടീം ഉണ്ട്, അവിടേക്കാണ് പോവാൻ പറഞ്ഞത് അയാളുടെ വീട്ടിനടുത്തെത്തിയപ്പോൾ നേരം രാത്രി പതിന്നൊര കഴിഞ്ഞിരുന്നു "നീ.. ഇവിടെ നിക്ക് ഞാൻ ഇപ്പൊ വീട്ടിപ്പോയി കാശെടുത്തിട്ടു വരാം.." , എന്ന് പറഞ്ഞു അയാളിറങ്ങി "നാളെ മതി ചേട്ടാ.." എന്ന് ഞാൻ കാല് പിടിച്ചു പറഞ്ഞതാണ് അയാള് കേട്ടില്ല.. ആ നട്ടപാതിരാത്രിക്ക് അയാൾ എന്നെ ഒറ്റക്കാക്കി മഴയിലൂടെ നടന്നകന്നു, ഒറ്റയ്ക്ക് ആ രാത്രി വണ്ടിടെ സൈഡ് കർട്ടനും താഴ്ത്തി ഞാൻ അവിടെ കാത്തു നിന്ന് ...
*****
അരമണിക്കൂർ കഴിഞ്ഞു ആളെ കാണാനില്ല ഞാൻ ആ മഴയത്തു പൊറത്തിറങ്ങി നോക്കി ഇല്ല ഒരു ശബ്ദോ൦ കേൾക്കാനില്ല .. ഇനീപ്പോ എവിടേലും വീണോ... അതായിരുന്നു എൻ്റെ പേടി .. എന്തെലും പറ്റിപ്പോയ നാളെ ഞാൻ പോലീസ് സ്റ്റേഷൻ കേറി ഇറങ്ങണോല്ലോ എന്നാലോചിച്ചപ്പോൾ രണ്ടും കൽപ്പിച്ചു അയാളുടെ വീട്ടിലേക്കു പോവാൻ തീരുമാനിച്ചു ..
റോഡിൽ നിന്നും ഒരു പത്തു മിനിട്ടു നടക്കാനുണ്ട് നുമ്മടെ നായകന്റെ വീട്ടിലേക്കു മൊബൈലിന്റെ അരണ്ട വെളിച്ചത്തിൽ ഞാൻ ആ വീട് ലക്ഷ്യമാക്കി നടന്നു , എല്ലായിടത്തും നിശബ്ദത ചാറ്റൽ മഴയുടെ ചെറിയ ശബ്ദം മാത്രം കൂട്ടിനു , അയാടെ വീട്ടിനടുത്തെത്തിയപ്പോൾ ഉച്ചത്തിലുള്ള കരച്ചില് കേക്കാൻ തുടങ്ങി, ഞാൻ ഓടി വീടിന്റെ വാതിൽ തള്ളി തുറന്നു അകത്തു കയറിയപ്പോൾ കണ്ടത് , അയാളുടെ കാലു പിടിച്ചു കരയുന്ന അമ്മ , അയാൾ തള്ളിതെറിപ്പിച്ചു വേച്ചു വീഴാൻ പോവുന്ന അച്ഛനെ പിടിക്കുന്ന അയാളുടെ പെങ്ങൾ .. , എന്നെ കണ്ടതും ആ അമ്മയുടെ കരച്ചിൽ ഉച്ചത്തിലായി "ഒന്ന്.. പറഞ്ഞു കൊടുക്ക് മോനെ.. , നാളെ ഇവൾക്ക് ഹോസ്പിറ്റലിൽ പോവാൻ എടുത്തു വച്ച കാശാണ് ഇവനീ തട്ടി പറിച്ചെടുത്തു കൊണ്ട് പോവുന്നത്.." അവിടെ ഉണ്ടായിരുന്ന ഒരു പത്തു പതിനെട്ടു വയസു തോന്നിക്കുന്ന പെൺകുട്ടിയെ ചൂണ്ടി ആ അമ്മ കണ്ണീരോടെ പറഞ്ഞ വാക്കുകൾക്ക് എനിക്കൊരു മറുപടിയും ഉണ്ടായിരുന്നില്ല .. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത ഒരവസ്ഥയിലായിരുന്നു ഞാൻ , സ്വബോധം വീണ്ടെടുത്ത് അയാളുടെ കൈയ്യിലിരുന്ന പൈസ വാങ്ങി ആ അമ്മയുടെ കൈയ്യിൽ വച്ച് കൊടുത്തിട്ട് എനിക്ക് വാടക വേണ്ട എന്ന് പറഞ്ഞു ഞാൻ അയാളെയും തള്ളി മാറ്റി ആ വീട്ടിന്നിറങ്ങി വരുമ്പോൾ എന്റെ മനസ്സിൽ ആ പെൺകുട്ടിയുടെ മുഖവും , ഒലിച്ചിറങ്ങിയ കണ്ണ്നീരും മാത്രമായിരുന്നു ബാക്കി..
" നിനിക്കെന്തിനീ ഈ വേണ്ടാത്ത പണി, രാത്രിക്കെല്ലാം ഓട്രഷ ... ഓടിറ്റു കിട്ടുന്ന പൈസ വേണ്ടാന്ന് എത്ര പറഞ്ഞാലും കേക്കൂല, നീ ബെരുന്നവരെ ഈട മനുഷ്യൻ്റെ മനസില് തീയാണ് " എന്നും പറഞ്ഞു എനിക്കായ് ആ പാതിരാത്രി വരെ കാത്തിരുന്നു ചോറ് വിളമ്പുന്ന അമ്മയുടെ മുഖത്തിനപ്പുറം, എൻ്റെ മനസ്സിൽ പേടിച്ചരണ്ട ആ പെൺകുട്ടിയുടെ മുഖമായിരുന്നു ..
എൻ്റെ പിറ്റേ ദിവസവും സാധാരണ പോലെയായിരുന്നു , രാവിലെ തലേന്ന് നടന്നതൊന്നും ഓർക്കാതെ നല്ല വൃത്തിയിൽ കുളിച്ചൊരുങ്ങി പണിക്കു പോവുന്ന അയാളെ ഓട്ടോ സ്റ്റാൻഡിൽ കണ്ടപ്പോ രണ്ടെണ്ണം കൊടുക്കാൻ മനസ് തോന്നിയെങ്കിലും , അഞ്ചടി കഷ്ടി ഉയരുള്ള എന്റെ ശരീരത്തെ ഓർത്തു മനസ് വിലക്കി.
അന്ന് വൈകുന്നേരം ,എന്നെ അന്വേഷിച്ചു ആ പെൺകുട്ടി ഓട്ടോ സ്റ്റാൻഡിൽ വന്നു എൻ്റെ വാടക തീർത്തു തന്നിട്ട് എന്നോട് പറഞ്ഞു " ഇന്നലത്തെ കാര്യോന്നും ആരോടും പറയണ്ട ചേട്ടൻ വെള്ളടിച്ചാ അങ്ങനാ എന്താ ചെയ്യന്നു പറയാൻ പറ്റില്ല , അല്ലാത്തപ്പോ ഞങ്ങളെക്കോ വല്യ സ്നേഹാ ... അതോണ്ട് ഒന്നും വിചാരിക്കരുത് " ഒരനിയത്തിയുടെ സ്നേഹവും , തൻ്റെ വീടിലെ അവസ്ഥകൾ പുറത്തറിയാതിരിക്കാനുള്ള ഒരു വീട്ടമ്മയുടെ കരുതലും ഞാൻ അവളിൽ കണ്ടു ... എൻ്റെ കണ്ണുകളിൽ അപ്പോഴും വിയർപ്പു പൊടിയുന്നുണ്ടായിരുന്നു വേണ്ടാന്ന് പറഞ്ഞിട്ടും അവൾ ആ പണം എൻ്റെ കൈയ്യിൽ പിടിപ്പിച്ചു ..
പിന്നീടുള്ള ഓട്ടോ ദിനങ്ങളിൽ അയാളെ കണ്ടാൽ , അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലായത് എൻ്റെ നാട്ടിലെ എല്ലാ ഡ്രൈവർമാരേം പോലെ ഞാനും മുങ്ങും, കാരണം എനിക്ക് വള്ളിക്കെട്ടുകളെ പേടിയായിട്ടല്ല അവളുടെ ആ മുഖം ഇനിയും കണ്ടാൽ ചിലപ്പോ അവളേം വിളിച്ചു ഞാൻ എൻ്റെ വീട്ടിക്കേറി വരും... അത് പിന്നെ കള്ളുകുടിയനായ അളിയന് കൊട്ടെഷൻ കൊടുത്തെന്നും പറഞ്ഞു ഞാൻ ജയിലിൽ പോവേണ്ടേ൦ വരാൻ സാധ്യത ഉള്ളത് കൊണ്ടാണ്, പിന്നെ എനിക്ക് പോലീസെന്നു പറഞ്ഞാലേ പേടിയാ ....
രൂപേഷ് ബാബു .

നടരാജണ്ണൻ യൂണിവേഴ്സിറ്റി ഓഫ് തമിഴ്.


ഈ പോസ്റ്റിൽ ഏതെങ്കിലും വാക്ക് അശ്ലീലം ആയി തോന്നിയാൽ അതെന്റെ കുറ്റമല്ലാന്നു പറയാൻ പറഞ്ഞു
നടരാജണ്ണൻ യൂണിവേഴ്സിറ്റി ഓഫ് തമിഴ്.
ഈ കഥ നടക്കുന്നത് കൊറച്ചു വര്ഷങ്ങള്ക്കു മുമ്പാണ്, അന്ന് അപ്പക്ക് കരിങ്കൽക്വാറി യുടെ ബിസ്സിനെസ്സ് ആണ്, ബിസ്സിനെസ്സ് എന്ന് ഒക്കെ ഞാൻ ഒരു ജാടക്ക് പറഞ്ഞതാ കരിങ്കല്ല്ക്വാറി നോക്കി നടത്തുന്ന പണിയാണ്. അന്ന് ഇന്നത്തെപ്പോലെ ജെ.സി.ബി യും ഹിറ്റാച്ചി ഒന്നും വന്നിട്ടില്ല ആളുകള് ഉളിയും ഹാമ്മറും ഒക്കെ ഉപയോഗിച്ചാണ് കല്ല് മുറിക്കുന്നത്, അങ്ങനെ കല്ല് മുറിക്കാൻ അപ്പ തമിഴ്നാട്ടിൽ നിന്നും ഇറക്കുമതി ചെയ്ത ആളാണ് നുമ്മടെ നായകൻ, നിങ്ങള് ഞാനാണ് നായകൻ എന്ന് തെറ്റുധരിച്ചു കാണും അല്ലെ, നായകന്റെ ഗ്ലാമർ ഉണ്ടെന്നേ ഉള്ളു ഞാൻ വില്ലനാ..
അങ്ങനെ നടരാജണ്ണൻ ഞങ്ങടെ ക്വാറിയിൽ വന്നു അപ്പോഴാണ് അടുത്ത പ്രശ്ന൦ തുടങ്ങുന്നത് പുള്ളിക്ക് താമസം വേണം ഇന്നാണെങ്കിൽ കൊഴപ്പമില്ല കൊറേ ബംഗാളികൾ ഉള്ളത് കൊണ്ട് നാട്ടിൽ ഇപ്പൊ താമസസൗകര്യം ഉണ്ട്, അന്നങ്ങനെ അല്ല ,അവസാനം അപ്പ ഒരു ഐഡിയ കണ്ടു പിടിച്ചു നമ്മടെ വീട്ടിൽ തന്നെ താമസിപ്പിക്കാം പക്ഷെ ഒരു പ്രശ്നമുണ്ട് അമ്മി സമ്മതിക്കണം,
അമ്മി അന്ന് അമ്പിനും വില്ലിനും അടുക്കുന്നില്ല "അല്ലെങ്കിലെ ഈട രണ്ടാക്കു നിക്കാൻ സലല്യ അയിന്റെ ഇടക്കെക്കാന്നു ഒരു തമിഴനും കൂടെ.... നിങ്ങക്ക് വേറെ ഒരു പണിയുല്ല അല്ലെ" അമ്മി അപ്പയോട് കയർത്തു ഒടുവിൽ അപ്പയുടെ കാലുപിടുത്തം സഹിക്കാൻ വയ്യാതെ അമ്മി ഉപാധികളോടെ സമ്മതം മൂളി ഉപാധി ഒന്നേ ഉള്ളു അയാള് കള്ളുകുടിക്കാൻ പാടില്ല ഇതെല്ലം കേട്ട് മിണ്ടാതെ പുറത്തു നിന്ന അണ്ണൻ അത് കേട്ടപ്പോൾ പറഞ്ഞു " അമ്മാ നാൻ അന്ത മാതിരി ആൾ കേടായതു " തമിഴും മലയാളവും കലർന്ന ഭാഷ.. അങ്ങനെ നടരാജഅണ്ണനും ഞങ്ങളുടെ വീട്ടിൽ താമസമായി.
അന്ന് ഞാൻ പഠിക്കുന്നത് ഞങ്ങടെ നാട്ടിൽ തന്നെ ഉള്ള ഒരു കോൺവെന്റ് സ്കൂളിൽ ആണ് അവിടെ സിസ്റ്റേഴ്സ് ആണ് പഠിപ്പിക്കുന്നത് , നല്ല സ്ട്രിക് ആണ് ജീവിതത്തിൽ ഇന്നുവരെ, ആദ്യമായും അവസാനമായും ഞാൻ "ടൈ" കെട്ടിയതു ആ സ്കൂളിൽ പഠിക്കുമ്പോഴാണ്, അങ്ങനെ ഒരു ദിവസം വൈകുന്നേരം അപ്പ കണക്കൊക്കെ നോക്കുന്ന സമയത്ത് ഞാൻ മലയാളം ടെക്സ്റ്റ് ബുക്കും പൊക്കിപ്പിടിച്ചു അപ്പെടെ അടുത്ത് ചെന്ന് പുസ്തകത്തിൽ കുഞ്ഞു കൈ ചൂണ്ടി ഇതെന്താണെന്നു ചോദിച്ചു ("തറ , പറ " ആണ് പുസ്തകത്തിൽ ) ... അപ്പ തിരക്കിലായതു കൊണ്ട് നീ അമ്മിനോട് ചോദിക്കു എന്ന് എന്നോട് പറഞ്ഞു ഇത് കെട്ടുകൊണ്ടിരുന്ന നുമ്മടെ നായകൻ സാക്ഷാൽ നടരാജണ്ണൻ ഇടപെട്ടു "പാപ്പാ എന്ന പ്രച്ഛനെ നാൻ സൊല്ലിക്കൊടുക്കിരെ"എന്ന് എന്നോട് പറഞ്ഞു ഇത് കേട്ട് അപ്പ പറഞ്ഞു "അണ്ണാ അത് മലയാള൦ ആണ് അവള് പറഞ്ഞു കൊടുത്തോളും" അപ്പ മുഴുവിക്കും മുമ്പേ അണ്ണൻ തുറന്നടിച്ചു "എന്ന മൊതലാളി നീങ്കെ, എവളോ വര്ഷ ആച്ചു നാൻ ഇന്ത കേരളവില് ഇത് സിന്ന മലയാളം എനക്ക് തെറിയാതാ "എന്തെങ്കിലും കാണിക്കു " അപ്പ അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും അത് വകവെക്കാതെ അണ്ണൻ എന്നെ വിളിച്ചിരുത്തി പഠിപ്പിക്കൽ തുടങ്ങി തറാം... പറാം... അയാളുടെ ഉച്ചാരണം അതുപോലെ ഞാനും പറഞ്ഞു പഠിച്ചു തറാം... പറാം... പുസ്തകത്തിന്റെ അടുത്ത പേജിൽ മനുഷ്യ ശരീരത്തിൻെ ഫോട്ടോയും ശരീരഭാഗങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട് അതാണ് പഠിക്കേണ്ടത് "പാപ്പാ സൊല്ലു ഇതെന്നത്" ചിത്രത്തിലെ "കൈ" ചൂണ്ടി കാട്ടി അണ്ണൻ ചോദിച്ചപ്പോൾ ഞാൻ "കൈ" എന്ന് പറഞ്ഞു ഇതെന്നത് "കാൽ" ഇതെന്നത് "മ്ട്" (മുഖം ആണ് ഉദ്ദേശിച്ചത്) (ഗുട്ടൻ ബർഗ് അച്ചടി ഭാഷ കണ്ടു പിടിക്കുന്നതിനു മുമ്പ് ജനിച്ച എൻ്റെ അമ്മി എന്നോട് എത്രയോ വട്ടം പറഞ്ഞിരിക്കുന്നു "രൂപേഷേ കളി മതിയാക്കീറ്റ് കാലും മ്ടും കൈവിറ്റ് വേം വാ ചായ കുടിക്കാം" അപ്പൊ എനിക്കുറപ്പാണ് "മ്ടു" തന്നെ) പക്ഷെ ഭാഷാജ്ഞാനി നടരാജഗുരുക്കൾ സമ്മതിച്ചില്ല "മൂഞ്ചി" എന്നയാൾ തീരുത്തി ഗുരു പറഞ്ഞു തരുന്നത് അപ്പാടെ കേൾക്കുന്ന ഞാൻ അവസാനം മനസ്സിൽ വരച്ചിട്ടു മനുഷ്യന്റെ കണ്ണും മൂക്കും വായും അടങ്ങുന്ന ഭാഗത്തിന് "മൂഞ്ചി" എന്ന് പറയും.
പിറ്റേന്ന് മലയാളം ക്ലാസ്സിൽ എല്ലാരേംക്കാൾ കൂടുതൽ കോൺഫിഡൻസ് എനിക്കാണ് സിസ്റ്റർ എന്നോട് തന്നെ ചോദ്യം ചോദിക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു. അവസാനം എന്റെ ഊഴം വന്നെത്തി "രൂപേഷ്.പി" എന്ന് സിസ്റ്റർ വിളിച്ചു അന്ന് എന്റെ പേരിനുപിന്നിൽ അച്ഛനെന്ന എന്റെ അഹങ്കാരം കടന്നു വന്നിട്ടില്ല പിന്നീട് സർക്കാർ സ്കൂളിൽ വച്ചാണ് പുതിയ നാമോദയം നടക്കുന്നത് "രൂപേഷ് ബാബു".
അപ്പൊ പറഞ്ഞത് ക്ലാസ്സിലെ കാര്യം, സിസ്റ്റർ ബോർഡിൽ തൂക്കിയിട്ടിരിക്കുന്ന വലിയ മനുഷ്യ ശരീരത്തിന്റെ ചിത്രം ആലേഖനം ചെയ്ത ചാർട്ടിൽ വലിയ ചൂരൽ വാദി കൊണ്ട് അതിന്റെ മുഖത്തു തൊട്ടു ചോദിച്ചു"രൂപേഷ്.പി പറയൂ എന്താ ഇത് "ഉണ്ടായിരുന്ന ശബ്ദം മൊത്തം എടുത്തു കോൺഫിഡൻസിൽ ഞാൻ പറഞ്ഞു "സിസ്റ്ററെ മൂഞ്ചി.. മൂഞ്ചി... ", അന്ന് സിസ്റ്റർ മുട്ടിനു താഴെ അതേ ചൂരൽ കൊണ്ട് തലോടിയത് ഇന്നും ഓർക്കുന്നു. ക്ലാസിൽ നിന്നും പൊറത്താക്കി നാളെ അച്ഛനെ വിളിച്ചിട്ടു ക്ലാസ്സിൽ കയറിയാൽ മതിയെന്ന വിളമ്പരത്തിന്റെ പേരിൽ അന്ന് ഞാൻ ക്ലാസിനു വെളിയിൽ നിന്നു , പക്ഷെ എന്റെ സങ്കടം അതൊന്നും ആയിരുന്നില്ല ഞാൻ ശരിയായി പറഞ്ഞ ഉത്തരത്തിനു സിസ്റ്റർ എന്നെ തല്ലി.
പിറ്റേന്നു പണിയും കളഞ്ഞു അപ്പ സ്കൂളിൽ വന്നു സിസ്റ്ററെ കണ്ടു അവർ ഓഫീസിൽ എന്തൊക്കെയോ സംസാരിക്കുന്നതു നോക്കി ഞാൻ വെളിയിൽ നിന്നു, എനിക്കറിയേണ്ടത് ഒന്ന് മാത്രമായിരുന്നു എന്താണ് ഞാൻ ചെയ്ത തെറ്റ്.
അന്ന് വൈകുന്നേരം നടരാജണ്ണൻ വരുന്നതും കാത്തു അപ്പ വീട്ടിനു വെളിയിൽ തന്നെ നിന്നും അയാളെ കണ്ടതും പുലിമുരുകനിൽ മോഹൻലാൽ പുലിക്കുമേലെ ചാടി വീഴുന്നത് പോലെ അപ്പ ചാടി വീണു "അയാൾടെ മൂഞ്ചിയ പഠിപ്പിക്കല് മേലാൽ പിള്ളേരെടെ .. പുസ്തകത്തിൽ കൈവെച്ചാൽ മൈ.... ആ കൈ ഞാൻ തല്ലിയൊടിക്കും.." എന്ന് അണ്ണനോട് പറഞ്ഞു.
അന്ന് എന്നെപ്പോലെ തന്നെ അണ്ണനും ഒന്നും മനസിലായിക്കാണില്ല.
വർഷങ്ങൾക്കിപ്പുറം ദുബായിലേക്കുള്ള ആദ്യ ഇന്റർവ്യൂവിലെ ബിയോഡേറ്റ യിൽ language known എന്ന കോളത്തിൽ ഞാൻ മലയാളം,ഇംഗ്ലീഷ് , തമിഴ് എന്നെഴുതിക്കണ്ട ഇന്റർവ്യൂവർ എന്നോട് ചോദിച്ചു "did you learn thamizh, then how can you wrote this in your CV ." എനിക്ക് പറയണമെന്നുണ്ടായിരുന്നു ഞാൻ പഠിച്ചിറങ്ങിയത് നടരാജണ്ണൻ യൂണിവേഴ്സിറ്റി ഓഫ് തമിഴിൽ നിന്നാണെന്നു...
രൂപേഷ്.

ഭ്രാന്താലയം


ഭ്രാന്താലയം
ജനറല് ആശുപത്രിയുടെ ആളൊഴിഞ്ഞ ആവരാന്തയില് അയാള് വേച്ചിരുന്നുപോയി, മോര്ച്ചറിയിലെ ശിതീകരിച്ച കാറ്റ് മോര്ച്ചറിയുടെ വാതിലിനിടയിലൂടെ അരിച്ചിറങ്ങിഅയാളുടെ മുടിയിഴകളിലൂടെയും ശരീരത്തിലൂടെയും വീശിയടിച്ചു ആ കാറ്റിന് ആ മനുഷ്യന്റെഉള്ളിലെ അഗ്നിയെ ശമിപ്പിക്കാന് കഴിയാതെ തെന്നിത്തെറിച്ച് കടന്നുപോയി.വരാന്തയിലൂടെ നടന്നു വരുന്ന എസ്. ഐ യെയും ഡോക്ടറെയും കണ്ടപ്പോള് അയാള്എഴുന്നേല്ക്കാന് ശ്രമിച്ചു വേച്ചു.., വീഴുമെന്നായപ്പോള് അയാള് ആശുപത്രിയുടെകൊണ്ഗ്രീറ്റ് ഭിത്തിയിലേക്ക് ചാരി നിന്നു. എസ്.ഐക്കു പിന്നാലെ ഇയാംപാറ്റകളെപ്പോലെആരുടെയും സ്വകാര്യതയിലേക്ക് പറന്നിറങ്ങാന് കഴിയുന്ന ക്യാമറ കണ്ണുകളും, ആരുടെയുംരഹസ്യങ്ങള് ചോര്ത്താന് കഴിയുന്ന മൈക്കിന്റെ നാവുമായി ചാനലുകാര് ഇരമ്പിയെത്തി.അവര് അയാള്ക്കുചുറ്റും വന്യനൃത്തം ചവിട്ടി ചോദ്യബാണങ്ങളാല് ഹൃദയത്തില്ചോരപ്പാടുകള് വീഴ്ത്തി.നീട്ടിപ്പിടിച്ച മൈക്കൂമായി അതിലൊരാള് അയാളോട് ചോദിച്ചു , “ഒരച്ചനെന്ന നിലയില് നിങ്ങളെങ്ങനെയാണ് ഈ സംഭവത്തെ നോക്കിക്കാണുന്നത് പറയൂ ...” അതിനുത്തരം ആയാളുടെകണ്ണുകളില് നിന്നും ഇറ്റ് വീണ കണ്ണുനീര് തുള്ളികള് മാത്രമായിരുന്നു, അടുത്തമധ്യമപ്രവര്ത്തകന് ചോദ്യമാരംഭിക്കുന്നതിനു മുമ്പ് കണ്ണില് നിന്നും ചോരയുടെ നിറംവറ്റിയിട്ടില്ലാത്ത പോലീസുകാരന് ഇടപെട്ടു നിങ്ങള്ക്കുള്ളത് എന്താണെന്നു വച്ചാല്ഞാനും ഡോക്ടറും പറഞ്ഞു തരാം, ആ പാവത്തിനെ ഒന്നു വെറുതെ വിടൂ; അയാളുടെ വാക്കുകളില്അമര്ഷം ജീര്ണിച്ച ശവത്തില് ഞുളക്കുന്ന പുഴുക്കള് പോലെ വേറിട്ടുനിന്നു. ക്യാമറകണ്ണുകള് വിടാന് ഭാവമില്ലാതെ അയാളുടെ നിറഞ്ഞ കണ്ണുകളുടെ ക്ലോസപ്പ് ഷോട്ടുകള്മാറി മാറി എടുത്തുകൊണ്ടെയിരുന്നു. “പ്ലീസ്… നിങ്ങള് ഒന്നു മാറിത്തരണം ഞങ്ങള് ഈ പ്രോസീജെര്സ് ഒന്നു ക്ലിയര് ചെയ്തോട്ടേ “ ഡോക്ടര് അല്പ്പം ദേഷ്യത്തില് പറഞ്ഞു, “ നിങ്ങള് ഒന്നു കോണ്ഫെരന്സ് ഹാളില് വെയിറ്റ് ചെയ്യു. അവിടെന്നു എല്ലാം വിശദമായിപറഞ്ഞു തരാം” . ഇതു കേട്ടു മാധ്യമ പ്രവര്ത്തകര് ക്കിടയില് നിന്നും ഒരു ചെറുപ്പക്കാരന്മുന്നിലേക്ക് കയറിനിന്ന് ഡോക്ടരോടായി പറഞ്ഞു “സര് ഇതൊരു സാധാരണ വിഷയമായികാണരുത് കേരളത്തെ നടുക്കിയ സംഭവമാണിത് ഒരു ആണ്കുട്ടി അതും ബുദ്ധിവളര്ച്ചയില്ലാത്തകുട്ടി ആ കുട്ടിയാണ് ദാരുണമായി പ്രകൃതി വിരുദ്ധത്തിനിരയായ് കൊല്ലപ്പെട്ടിരിക്കുന്നത്ഇതിനെതിരെ പ്രതികരിക്കേണ്ടത് മാധ്യമപ്രവര്ത്തകരായ ഞങ്ങളുടെ കടമയാണ്…” അയാള് തന്റെകറുത്ത ഫ്രെയിമുള്ള കണ്ണട ഒന്നു നെരയാക്കി പോലീസുകാരനെ ഒന്നിരുത്തി നോക്കി എസ്.ആ ചെറുപ്പക്കാരനെ ഒന്നു നോക്കി എന്നിട്ട് പറഞ്ഞു “ ശരി... ശരി... അതൊക്കെ ശരിതന്നെഇപ്പൊ നിങ്ങളൊന്നു സമാധാനിക്കൂ , ഞങ്ങളിതൊന്നു തീര്ത്തോട്ടെ.. “ മാധ്യമപ്പട ഒന്നടങ്ങി ഓരോരുത്തരായി പിറുപിറുത്തുകൊണ്ട്പിന്വാങ്ങി മാധ്യമ പ്രവര്ത്തകരില് നിന്നും ആ ചെറുപ്പക്കാരന് മാത്രം അവിടെ അയാള്ക്കു ചുറ്റും വട്ടമിട്ടു പറന്നു തനിക്കുള്ള ഇരയെറാഞ്ചാന് അവസരം കാത്തിരിക്കുന്ന കഴുകനെപ്പോലെ. അയാള് മെല്ലെ ആ അച്ഛന്റെഅടുത്തേക്ക് നടന്നു വന്നു എന്നിട്ടു പറഞ്ഞു “ നിങ്ങള് ഇതങ്ങനെ വിട്ടുകലയരുത്, ഇനിഒരാള്ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാവരുത് അതുകൊണ്ട് തന്നെ പ്രതികരിക്കണം ഞാനും എന്റെചാനലും എന്നും നിങ്ങളോടൊപ്പം തന്നെ ഉണ്ട്, പിന്നെ സ്വരം അല്പ്പം താഴ്ത്തി ആചെറുപ്പക്കാരന് തുടര്ന്നു ഇത് നമുക്കൊരു ഫീച്ചര് ആയി ചെയ്യണം, ഈ പ്രകൃതിവിരുദ്ധമെന്നൊക്കെ പറയുന്നത് നല്ല റെറ്റിഗ് കിട്ടുന്ന വിഷയമാണ് ചാനലിനു നല്ലഗുണം ചെയും... നിങ്ങള്ക്കും ഗുണമുണ്ടാകും, പൈസ ഞാന് തരും പക്ഷെ എക്സ്ക്ലൂസ്സിവ്ഇന്റര്വ്യൂ എനിക്കു മാത്രം തരണം, നിങ്ങളുടെ ജീവിതകഥ നമുക്ക് ആ കുട്ടിയുടെ ജനനംമുതല്തുടര്കഥയായി സംപ്രേക്ഷണം ചെയ്യാം, നന്നായിരിക്കും ..” ഇതെല്ലം കേട്ടുകൊണ്ട് നിന്നഅയാളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടത് കൊണ്ടോ അതോ ഒറ്റ മകന് നഷ്ടപ്പെട്ടഅച്ഛന്റെ കരുത്തില്ലായ്മ കൊണ്ടോ അയാള് ഒന്നും മിണ്ടിയില്ല ദയാനീയാമായി ആ ചെറുപ്പക്കാരനെ ഒന്നു നോക്കുക മാത്രം ചെയ്തു.ഇതെല്ലം കേട്ട് നിന്ന എസ്. ഐ ആ മാധ്യമപ്രവര്ത്തകന്റെ അടുത്തേക്ക് വന്നു അയാളോട് ചോദിച്ചു “എന്താ നിങ്ങളുടെ പേര്..” പിന്നെ അയാളുടെ കഴുത്തില് തൂങ്ങിയാടുന്ന ടാഗ് ലേക്ക് നോക്കി വായിച്ചു “പ്ര..വീ..ണ് ,മിസ്റ്റര് പ്രവീണ് താങ്കള് വിവാഹിതനാണോ?” “അതെ” എന്നയാള് മറുപടി പറഞ്ഞു “മക്കള്” എസ്.ഐ തുടര്ന്നു “ഒരു പെണ്കുട്ടിയാണ്”. ഓ... എസ്.ഐ ഒന്നിരുത്തി മൂളി എന്നിട്ടു തുടര്ന്നു “അവള്ക്കാണ് ഈ അവസ്ഥ വരുന്നെതെങ്കില് താന് അതും ഫീച്ചരക്കുംമായിരിക്കും അല്ലെ?” “മിസ്റ്റര് എസ്.ഐ നിങ്ങള് കുറച്ചുകൂടി മാന്യമായി പെരുമാറണം” ചെരുപ്പക്കാന് എസ്.ഐക്കുനേരെ കയര്ത്തു അയാളുടെ മുഖം ചുവന്നു തുടുത്തിരുന്നു “നിങ്ങള് ഒരു മനസിലാക്കണം ഒരു ഒരു മാധ്യമപ്രവര്ത്തകനോടാണ് നിങ്ങൾ സംസാരിക്കുന്നത്”. “മാധ്യമപ്രവര്ത്തനം” എസ്.ഐ യുടെ വാക്കുകളില്പുച്ഛം തളംകെട്ടി നിന്നു “നിന്നോടൊക്കെ ഇതിനേക്കാള് മാന്യമായി പെരുമാറാന് എനിക്കുകഴിയില്ല , ശവംതീനികള്” എന്നു പിരുപിരുത്തുകൊണ്ട് ആ പോലീസുകാരന് മോര്രിക്കുള്ളിലേക്ക് നടന്നു അയാള്ക്കു പിന്നാലെ ഒരു യന്ത്രം പോലെ ആ അച്ഛനും.പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് ഒപ്പിട്ടു നല്കിക്കൊണ്ട് എസ്.ഐ തള്ന്നിരിക്കുന്ന അയാളോടായ് പറഞ്ഞു “ ഈ പത്ര സമ്മേളനം നമുക്ക് വളരെ ഇമ്പോര്ട്ടന്റെ ആണ്, അത് കേസിന്ബലം നല്കും “ എസ്.ഐ ഒന്നു നിര്ത്തിയിട്ടു അയാളുടെ ചുമലില് കൈ വെച്ചു തുടര്ന്നുനിങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്കു മനസിലാവും പക്ഷെ “IAM HELPLESS”,
“ ഇനിയോരച്ഛനും ..നിങ്ങളുടെ അവസ്ഥ വരരുത് അതിനായ് പ്രതികള്ക്ക് പരമാവതി ശിക്ഷവാങ്ങിക്കൊടുക്കണം” അയാള് ഒന്നു മൂളിയതെ ഉള്ളു ശബ്ധിക്കാനുള്ള ശക്തി കൂടി തനിക്കുചോരന്നുപോയോ എന്നയാള് ശങ്കിച്ചു.പത്രസമ്മേളനം നടക്കുന്ന ഹാളിലെ നിരത്തിവെച്ച മൈക്കുകള്ക്ക് മുന്നില് ആയാലും ,എസ്.ഐയും ഡോക്ടറും ഇരുന്നു. എസ്.ഐ ആണ് സംസാരിച്ചു തുടങ്ങിയത് “ പ്രതികളെ ഞങ്ങള്കസ്റ്റടിയില് എടുത്തിണ്ട് സംഭവം നടക്കുന്നത് മൂന്നുദിവസം മുമ്പാണ ഈ കുട്ടിക്ക് അല്പ്പം ബുദ്ധിവൈകല്യം ഉള്ളത് കൊണ്ട് അങ്ങനെയുള്ള കുട്ടികള് പഠിക്കുന്ന സ്കൂള്ലാണ്പഠിച്ചിരുന്നത് അവിടുത്തെ ബസ് ഡ്രൈവറും ക്ലീനറും പിന്നെ സ്കൂളിനടുത്ത് മൊബൈല്ഷോപ്പ് നടത്തുന്നയാളുമാണ് പ്രതികള്, ഈ മൊബൈല് ഷോപ്പില് വച്ചാണ് കുട്ടിപീടിപ്പിക്കപ്പെട്ടത്, പിടിക്കപ്പെട്ട പ്രതികള് മയക്കുമരുന്നിനു അടിമകാളാണന്നും സമ്മതിച്ചിട്ടുണ്ട്. ബസിലെ ക്ലീനറായ പയ്യനു പതിനാറു വയസു മാത്രമെ പ്രായമുള്ളൂ അവനാണ് കുട്ടിയെ ദാരുണമായി പീടിപ്പിചെതെന്നു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്, പിന്നെ ആ മൊബൈല് ഷോപ്പിന്റെ ഉടമ അതെ ഷോപ്പില് ആത്മഹത്യ ചെയ്തതായ്കണ്ടെത്തിയിട്ടുണ്ട്.” എസ്.ഐ പറഞ്ഞു നിര്ത്തിയപ്പോള് ഡോക്ടര് പറഞ്ഞു തുടങ്ങി “ വളരെക്രൂരമായിട്ടാണ് കുട്ടി പീടിപ്പിക്കപ്പെട്ടിരിക്കുന്നത്.. , കുട്ടിക്ക് സംസാരശേഷിയില്ലത്തത്കൊണ്ട് പുറത്താരും അറിഞ്ഞതുമില്ല മൂന്നു ദിവസം കുട്ടി പീടിപ്പിക്കപ്പെട്ടിട്ടുണ്ട്, കുട്ടിയുടെ മലദ്വാരത്തില് ഇരുമ്പ് കമ്പി കുത്തി കയറ്റിയിരുന്ന നിലയിലായിരുന്നു പിന്നെജനനേന്ദ്രിയത്തില് ഈര്ക്കിലുകള് കയറ്റിയിരുന്നു” ഡോക്ടര് പറഞ്ഞു മുഴുവിക്കും മുമ്പേ ആഅച്ഛനന്റെ കരച്ചില് അസുപത്രിയെ പ്രകമ്പനം കൊള്ളിച്ചു.മാധ്യമപ്രവര്ത്തകര് ചോദ്യ വിസ്ത്താരങ്ങള് തുടങ്ങിയപ്പോള് അതില് മുമ്പേ കണ്ട കറുത്തകണ്ണട വച്ച ചെറുപ്പക്കാരന് എഴുന്നേറ്റുനിന്നു ചോദിച്ചു “ ഈ പ്രതിയായ കുട്ടിക്കുപതിനാറു വയസെന്നല്ലേ സര് പറഞ്ഞത് , അപ്പോള് ആ കുട്ടിക്കു പ്രയപൂര്ത്തിയായിട്ടില്ല.. പിന്നെ നിങ്ങളെങ്ങനെ ആ കുട്ടിയെ പോലീസ് കസ്റ്റടിയില് എടുത്തു ചോദ്യം ചെയ്തു ആകുട്ടിയെ ജുവനൈല് ഹോമിലെക്കക്കല്ലേ അയക്കേണ്ടത് , അല്ലാതെ പോലിസ് കസ്റ്റടിയില്വച്ച് പീടിപ്പിക്കുകയല്ലല്ലോ ഇത് തികച്ചും നിയമവിരുദ്ധമല്ലേ…, ആ കുട്ടിയുടെമാനസികാവസ്ഥയെക്കുറിച്ച് നിങ്ങള്ചിന്തിച്ചിട്ടുണ്ടോ… “ പോലീസുകാരന്പറയാനുംപ്രവര്ത്തിക്കാനും കഴിയും മുമ്പേ , ആ അച്ഛന് ഒരുചീറ്റപ്പുലിയെപ്പോലെ മാധ്യമ പ്രവര്ത്തകനുനേരെ ചാടിവീണു അലരിക്കൊണ്ടായാല്മാധ്യമപ്രവര്ത്തകന്റെ ഷര്ട്ട് വലിച്ചുകീറി അയാള് ഒരു ഭ്രാന്തനെ പ്പോലെ അലറി ആശബ്ധം ആശുപത്രിയെ തന്നെ പ്രകമ്പനം കൊള്ളിച്ചു. പോലീസുകാരന് അയാളെ പിടിച്ചുമാറ്റിയപ്പോള് അയാള് ആ പോലീസുകാരനെ കെട്ടിപ്പിടിച്ചു അലരിക്കരുഞ്ഞു പിന്നെഉരുകിയൊലിച്ച മെഴുകുതിരിപോലെ താഴേക്ക് ഉര്ന്നുവീണു പോളിസുകാരന്റെ കാലില്കെട്ടിപ്പിടിച്ച് അയാള് അലറി… ഈ നഗരം ഒരു ഭ്രാന്താലയമാണ് ഭ്രാന്തില്ലാതെ ഇവിടെ ജീവിക്കാന് സാധ്യമല്ല….
രൂപേഷ് ...

കുമ്പസാരം -ഒരു തല്ലുകൊള്ളി കഥ ..


കഴിഞ്ഞ പോസ്റ്റിനു കൊറേ പേരെങ്കിലും സങ്കടം..., വിഷമം.... എന്നൊക്കെ ഇൻബോക്സിൽ മെസ്സജുകൾ അയച്ചിരുന്നു അവരുടെ സ്നേഹത്തിനു നന്ദി, നിങ്ങളുടെ ഒക്കെ കരുതലുകളാണ് എൻ്റെ ജീവിതം തന്നെ..
കഴിഞ്ഞ പോസ്റ്റിനു കൊറച്ചു വേദന കൂടിയോ എന്ന തോന്നൽ എനിക്കുള്ളത് കൊണ്ട് ഞാൻ ഇനി പറയാൻ പോവുന്ന കഥയിൽ വേദനകളില്ല... , പ്രണയം തലയ്ക്കു പിടിച്ചു നടന്ന കാലത്തു ചെയ്തു കൂട്ടിയ തോന്യവാസങ്ങൾ മാത്രം ...., ഈ കഥ വായിച്ചിട്ടു "ആ തല്ലു എനക്ക് കിട്ടേണ്ടതെന്നേ" എന്ന് പറയുന്നവരോട് "ഒരു കാര്യോല്ല ...നന്നാവാൻ ഒരുദ്ദേശവും ഇല്ലാന്ന്..." പറയാൻ പറഞ്ഞു...
ഈ കഴിഞ്ഞ വെക്കേഷന് ഞാൻ ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് പോയപ്പോഴാണ് അവളെ വീണ്ടും കാണുന്നത്.., ഇനി ഒരിക്കലും കാണരുതെന്ന് മനസ്സിൽ ആഗ്രഹിച്ചതാണ് ഞാനും... അവളും. എൻ്റെ ചില സുഹൃത്തുക്കളിലെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ട് "എന്ത്യേടാ നീ ഈ താടി വെക്കുന്നെന്നു, അതിനുള്ള മറുപടിയും ഈ കഥയിലുണ്ടാവും.
അവളെ കണ്ടതും ഒരു മിന്നൽ പിണർ എൻ്റെ മനസിലൂടെ കടന്നു പോയി എന്നതും, അറിയാതെ ഞാൻ എൻ്റെ കവിളിൽ തലോടി എന്നുള്ളതും സത്യമാണ് , അമ്മാതിരി അടിയായിരുന്നു അന്നവളെനിക്കു തന്നത്. അതിൻ്റെ മായാത്ത പാടുകൾ എൻ്റെ മനസിലും കവിളിലുംമായാതെ കിടക്കുന്നുണ്ട്.
അവളെന്നെ കാണാതിരിക്കാൻ ഞാൻ എന്നാലാവുന്നതെല്ലാം ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളൊക്കെ വിഫലങ്ങളായി, എൻ്റെ അടുത്ത് വന്നവൾ ഒരു നല്ല ഫ്രണ്ട്നെപ്പോലെ കുശലാന്വേഷണങ്ങൾ നടത്തി "രൂപേഷേട്ടാ... നിങ്ങോ ഇപ്പൊ ഏടാ..., ഒരു വിവരോം ഇല്ലല്ലോ... കല്യാണം എല്ലാം കഴിഞ്ഞാ.. " ഞാൻ അപ്പോഴും മനസ്സിൽ ആലോചിച്ചതു "ഇവളെല്ലാം മറന്നൊപ്പാ... ", "അല്ല... ഇവള് അഭിനയിക്കുന്നതാ .... " . അവളെന്നും അങ്ങനെ തന്നെ ആയിരുന്നു എന്നതാണ് സത്യം, പ്രണയം എൻ്റെ മനസ്സിൽ മാത്രമായിരുന്നല്ലോ.... "ഹലോ... ഹാലോ ... രൂപേഷേട്ടാ.... എന്തിയെ ഈ ആലോചിക്കുന്നേ.., എന്നെ തിരിഞ്ഞിറ്റെ (മനസിലായില്ലേ ).." എന്ന അവളുടെ ചോദ്യം എന്നെ വീണ്ടും ഓർമകളിൽ നിന്നും ഉണർത്തി. "ഞാൻ ഇപ്പൊ ദുബായിൽ ആണ്... ,സുഖം... " എന്നൊക്കെ എന്തൊക്കെയോ പറഞ്ഞു ഞാൻ അവളിൽ നിന്നും ഒഴിഞ്ഞു മാറി....
ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങി കാർ ഓടിച്ചു കൊണ്ടിരിക്കുമ്പോഴെല്ലാം ഞാൻ ആലോചിച്ചത് എൻ്റെ കഴിഞ്ഞ കാലങ്ങളെകുറിച്ചായിരുന്നു, ഭ്രാന്തെടുത്തു നടന്നിരുന്ന ഒരു കാലത്തെക്കുറിച്ച്.
നാട്ടിൽ ഓട്ടോ ഓടിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഞാൻ അവളെ ആദ്യമായി കാണുന്നത് , ഞങ്ങളുടെ നാട്ടിലെ ഓട്ടോ സ്റ്റാൻഡിനു മുന്നിലൂടെ എന്നും പോവുന്ന കോളേജ് ബസിന്റെ മുന്നിലെ സീറ്റിൽ ഇരിക്കുന്ന കാണാൻ തരക്കേടില്ലാത്ത കുട്ടി. ഓട്ടോ സ്റ്റാൻഡിൽ ഓട്ടം ഇല്ലാത്ത സമയത്തെ വിനോദാഭാസം എന്ന് പറയുന്നത് നല്ല വായിനോട്ടമാണ് .. ആ സമയത്താണ് എനിക്ക് വായിനാട്ടത്തിൽ "phd" കിട്ടിയതെന്ന് വേണമെങ്കിൽ പറയാം. അങ്ങനെ തന്നെതന്നെ സ്ഥിരമായി ശ്രദ്ധിക്കുന്ന ഒരാളെ അവളും ശ്രദ്ധിക്കാൻ തുടങ്ങി, അതെന്നെ കൂടുതൽ ആവേശവാനാക്കി അങ്ങനെ ഞങ്ങളെ നാട്ടിലുള്ള അവളുടെ കൂടെ പഠിക്കുന്ന പയ്യനെ സോപ്പിട്ട്, അവനു ജ്യൂസ് , ഐസ്ക്രീം , ചോക്കലേറ്റ് എന്നിവ കൈക്കൂലി ആയി കൊടുത്തു ഞാൻ അവളുടെ നമ്പർ സങ്കടിപ്പിച്ചു, അങ്ങനെ കൈക്കൂലി കൊടുത്തു കാര്യം സാധിക്കുന്ന സാധാരണ മലയാളിയായി ഞാനും... അഭിമാന പുളകിതനായി...
അങ്ങനെ സങ്കടിപ്പിച്ച അവളുടെ മൊബൈൽ നമ്പറിലെ വാട്സപ്പിൽ ഞാൻ സ്ഥിരം സന്ദർശകനായി, തിരിച്ചു മറുപടി ഒന്നും ഇല്ലെങ്കിലും ഗുളിക കഴിക്കും പോലെ രാവിലേം ഉച്ചക്കും രാത്രീ൦ മുടങ്ങാതെ ഗുഡ് മോർണിംഗ്, ഗുഡ് ആഫ്റ്റർനൂൺ, ഗുഡ് നൈറ്റ് എന്നിവ ഞാൻ അയച്ചു കൊണ്ടേയിരുന്നു അങ്ങനെ ഒരു ദിവസം, ശല്യം സഹിക്കാൻ വയ്യാതെ എനിക്കൊരു മറുപടി വന്നു "നിങ്ങക്കെന്ത്യേ വേണ്ടേപ്പാ ...."
"നാക്കില്ലെങ്കിൽ ഓന.. പണ്ടേ കാക്ക കൊത്തിക്കൊണ്ടോട്ടീപ്പാ.." എന്നാണ് നാട്ടുകാര് എന്നെക്കുറിച്ചു പറഞ്ഞിരുന്നത് അതുകൊണ്ട് തന്നെ ഒരിക്കലും എൻ്റെ നാട്ടുകാരെ വിഷമിപ്പിക്കാൻ തയ്യാറല്ലാത്ത ഞാൻ എൻ്റെ സംസാരം കൊണ്ടവളെ എൻ്റെ നല്ലൊരു ഫ്രണ്ടാക്കിയെടുത്തു... മനസിലെ ഉദ്ദേശം പ്രണയമായിരുന്നെങ്കിലും അത് പറയുന്നതിന് മുമ്പ് നല്ല സുഹൃത്തായാൽ അത് ഗുണം ചെയ്യും എന്ന് അനുഭങ്ങൾ കൊണ്ട് ഞാൻ പഠിച്ച പാഠം ഞാൻ പ്രാവർത്തികമാക്കി എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി, കാണാൻ തുടങ്ങി. പക്ഷെ ഒരു സുഹൃത്തെന്ന അതിർവരമ്പ് ഭേദിക്കാതിരിക്കാൻ അവളെന്നു൦ ശ്രമിച്ചിരുന്നു. അങ്ങനെ ഒരു ദിവസം ഞാൻ അവളോട് പ്രണയം പറഞ്ഞു, പിന്നീട് പലവട്ടം പറഞ്ഞു, അപ്പോഴെല്ലാ൦ അവളെതിർത്തു പറയാൻ തുനിഞ്ഞപ്പോൾ ഞാൻ അവളുടെ വായടച്ചു പിടിച്ചു , പക്ഷെ അവളെന്നും എനിക്ക് ഒരു നല്ല സുഹൃത്തിന്റെ പരിഗണന നൽകി...
മദ്യം തലയ്ക്കു പിടിച്ച ഒരു നശിച്ച ദിനത്തിൽ വായിൽ മൊത്തം ,മുറുക്കാനും ചവച്ചു ഞാൻ അവളുടെ കോളേജ് പടിയിൽ ഓട്ടോയിൽ ചാരി അവൾ വരുന്നതും കാത്തുനിന്നു, എന്നെ കണ്ടതും എൻ്റെ അടുത്തേക്ക് വന്നു സംസാരിക്കാൻ തുടങ്ങിയപ്പോൾ, അവളെന്നോട് ചോദിച്ചു "രൂപേഷേട്ടാ നിങ്ങോ കുടിച്ചിട്ടുണ്ടല്ലേ..." അവളുടെ മുഖത്തു അന്ന് ഞാൻ സങ്കടത്തിൻ്റെ കടലും വേദനയോടെയുള്ള വെറുപ്പും കണ്ടു... “നീ ഇപ്പൊ എൻ്റെ കൂടെ വരണം ഞാൻ അവളോട് പറഞ്ഞു... “, "എങ്ങോട്ട്" എന്നവൾ ചോദിച്ചപ്പോൾ "ചാവാൻ", എന്തെ.... ഞാൻ വിളിച്ചാൽ നീ വരില്ലേ എന്ന് ഞാൻ അവളുടെ മേൽആധിപത്യത്തോടെ ചോദിച്ചപ്പോൾ "ഇല്ല" എന്നവൾ വാശിയോടെ പറഞ്ഞു.... ആ വാശി എന്നിലെ മൃഗത്തെ ഉണർത്തി ഞാൻ അവളുടെ കൈക്കു കടന്നു പിടിച്ച് എന്നിലേക്കടിപ്പിച്ചു.., അവളുടെ കൈയ്യിലെ എന്നും അവൾ നടക്കുമ്പോൾ കുണുങ്ങി ചിരിക്കാറുള്ള കുപ്പിവളകൾ, പൊട്ടിത്തെറിച്ചു ... അവലെൻറെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് ദയനീയമായ് പറഞ്ഞു “രൂപേഷേട്ടാ കൈ വിടുപ്പാ... ആരെല്ലോ നോക്കുന്നു” , ചുറ്റുമുള്ളവരെക്കുറിച്ചു ഒരു ബോധവുമില്ലാതിരുന്ന ഞാൻ അവൾ നിവർത്തിപിടിച്ചു മുഖം മറക്കാൻ ശ്രമിച്ച കുട നിലത്തെറിഞ്ഞു തല്ലിപ്പൊട്ടിച്ചു..... എല്ലാം നോക്കി ചുറ്റും നിന്നവരുടെ കണ്ണിലെ അനുതാപം അവളുടെ സഹനശേഷിയെ നശിപ്പിക്കുന്നുണ്ടായിരുന്നു... സർവ്വശക്തിയുമെടുത്തു എൻ്റെ കൈ കൈവിടുവിച്ച , വളപൊട്ടുകൾ മുറിവേപ്പിച്ചു ചോരപൊടിഞ്ഞ കൈ കൊണ്ട് അവളെന്റെ കവിളത്തു ഒന്ന് പൊട്ടിച്ചു പിന്നെ വിതുമ്പി കരഞ്ഞു കൊണ്ട് ചോദിച്ചു " നിങ്ങളെ പെങ്ങളാണ് ഈ അവസ്ഥയിലെങ്കിൽ നിങ്ങോ എങ്ങനെന്നെയാണോ പെരുമാറുക... അവളുടെ കണ്ണുനീരിനു ഒരു വിലയും കൊടുക്കാതെ ഞാൻ ഓട്ടോ സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി... , കൂടെ.. കൈ ചേർത്ത് പിടിച്ചു നടക്കാനാഗ്രഹിച്ച ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടവളുടെ മുഖം ഞാൻ ഓട്ടോയുടെ കണ്ണാടിയിൽ കണ്ടെങ്കിലും... അതുൾക്കൊള്ളാൻ എന്നിലെ ഭ്രാന്തിന് അന്ന് കഴിവുണ്ടായിരുന്നില്ല...
അവൾ അവസാനമായി എനിക്കയച്ച മെസ്സേജ് ഞാൻ വീണ്ടും എടുത്തു വായിച്ചു "ഇനി എൻ്റെ ജീവിതത്തിൽ ഒരു പുരുഷനും സ്ഥാനമില്ല , കൈപിടിച്ച് ഞാൻ കൂടെ നടക്കാനാഗ്രഹിച്ച സുഹൃത്തിനു മനസിലാകാത്ത എന്നെ ഒരു നിമിഷം മാത്രം കണ്ടു ഇഷ്ടപ്പെടുന്ന ഒരാണിനെങ്ങനെ മനസിലാവാനാണ് , എൻ്റെ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കാൻ ഒരു നല്ല സുഹൃത്തായി എന്നും നിങ്ങളുണ്ടാവണം എന്ന് കൊതിച്ചിരുന്ന കാലം എനിക്കുണ്ടായിരുന്നു, പക്ഷെ ഇനി അതില്ല , ഞാൻ കണ്ട എല്ലാ പുരുഷന്മ്മാർക്കും നിങ്ങളുടെ അതെ മുഖമാണ് കറുത്ത ഹൃദയവും വെളുത്ത മുഖവും അവൾ വേദനയോടെ വിളിച്ചു പറഞ്ഞ ആ വാക്കുകൾ ഇന്നെന്നെ മുറിപ്പെടുത്തുന്നുണ്ട് , അവളിനിയും വിവാഹം കഴിച്ചിട്ടില്ല എന്ന സത്യം എൻ്റെ ഹൃദയത്തെ വലിച്ചു കീറുന്നുണ്ട്.. അന്നെനിക്ക് അവളോട് പറയാൻ കഴിയാതിരുന്നത് വൈകിപ്പോയെങ്കിലും ഇന്ന് പറയുന്നു എല്ലാ പുരുഷന്മാരും ഞാനല്ല , അവർക്കാർക്കും ഭ്രാന്ത് ഉണ്ടാവില്ല , നീ സുഹൃത്തെന്നു വിചാരിച്ചവൻ ഒരിക്കലും നിന്റെ നല്ല സുഹൃത്തായിരുന്നില്ല , മാപ്പ് .....

By
Roopesh Babu Puravankara

നിർവികാരത


കഥകൾ പറയാനും, കേൾക്കാനും ഇഷ്ടപ്പെട്ടിരുന്നൊരു ബാല്യം എനിക്കുണ്ടായിരിക്കുന്നു അന്നത് കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല, പക്ഷെ ഇന്ന് എനിക്കുമുണ്ട് കേൾക്കാൻ എൻ്റെതെന്നു ഞാൻ കരുതുന്ന ചിലർ , അഭിപ്രായങ്ങൾ തുറന്നു പറയുന്ന ഹൃദയം പങ്കിട്ടെടുക്കുന്ന ചിലർ അവർക്കും , എന്നോ ഫേസ്ബുക്കിൽ പോസ്റ്റുകൾ എഴുതാൻ തുടങ്ങിയപ്പോൾ എന്നെ കേൾക്കാനിനിരിക്കുന്നവർക്കും ഈ കഥയും എല്ലാ കഥകളും പോലെ സമർപ്പിക്കുന്നു, ഞാൻ... ഞാൻ... ഞാൻ... എന്ന് എൻ്റെ കഥകളിൽ ആവർത്തിക്കുന്നത് എൻ്റെ കഥകൾ മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാനാണ് പലരുടെയും അനുഭവങ്ങൾ എനിക്ക് പകർന്നു തന്ന വേദനകളാണ് എൻ്റെ ക്യാൻവാസ് , ഈ കഥയും മരിച്ചവരെയോ ജീവിച്ചിരിക്കുന്നവരെയോ വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല ....
വാതോരാതെ സംസാരിക്കുന്ന, എൻ്റെ കഥകൾ മൂളിക്കേൽക്കുന്ന.., കൂട്ടുകാരിയോട് ഒരിക്കൽ ഞാൻ ചോദിച്ചു "നിനക്കു ഒന്നും പറയാനില്ലേ... " അതിനവൾ പറഞ്ഞ മറുപടി കനലുകൾ ഹൃദയത്തിൽ കൊണ്ട് നടക്കുന്നത് എനിക്കിഷ്ടമാണ് അത് എൻ്റെതു മാത്രമായ് നിലനിൽക്കട്ടേന്നുമാണ്... " അന്ന് ഞാൻ അവളോട് പറഞ്ഞു "നിനക്ക് വേണ്ടെങ്കിലും..., എനിക്ക് എൻ്റെ ഹൃദയവേദനകളിൽ ഒരു കുളിർമഴപോലെ പെയ്തിറങ്ങാൻ നീ എനിക്ക് വേണം..." എന്നായിരുന്നു അന്നവള്ക്കു ഞാൻ പറഞ്ഞു കൊടുത്ത കഥയാണിത് ...
ഈ കഥയും എൻ്റെ കുട്ടിക്കാലത്തിന്റെ അനുഭവങ്ങളാണ്... അന്നു തുലാവർഷം ആരോടോ ദേഷ്യം തീർത്ത രാത്രിയിൽ അന്നത്തെ ഞാൻ, ഒമ്പതാം ക്ലാസുകാരൻ അടുത്ത വീട്ടിൽ സീരിയൽ കണ്ടുകൊണ്ടിരിക്കെ വീട്ടിന്നു മൂത്തമ്മ (അമ്മേടെ ചേച്ചി) വന്നു വിളിച്ചു "രൂപേഷേ... നീ ഒരിക്ക... വേം.. വന്നെ ബാബുട്ടന് ഒട്ടും കയ്യുന്നില്ല..." അവര് ബാബുട്ടൻ എന്ന് ഉദ്ദേശിച്ചത് എൻ്റെ അപ്പയെയാണ് എനിക്കതൊരു പുതുമയല്ല , കാരണം കൊറച്ചു നാളുകളായി ഞാൻ കാണുന്നതാണ് അപ്പയുടെ അസുഖങ്ങൾ ,അന്ന് പക്ഷെ അപ്പ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന പോലെ എനിക്ക് തോന്നി, വായിൽ ചോര നിറഞ്ഞതു കൊണ്ടായിരിക്കാം ഒന്നും പറയാൻ പറ്റിയില്ല. പെട്ടന്ന് നിഷോറിന്റെ ജീപ്പ് വിളിച്ചു കെയർ ആൻഡ് ക്യൂർ ആശുപത്രിയിൽ ലേക്ക് കൊണ്ടുപോയി.
അന്ന് ഞങ്ങക്ക് പനി വന്നാലും ജലദോഷം വന്നാലും ബേബിജോൺ ഡോക്ടറാണ് എല്ലാം.
കരളുമദ്യം കവർന്നെടുത്തിരുന്ന അപ്പയുടെ വായിൽ നിന്നും ഉമിനീരിനും പകരം ചോര ഒരു മെഷീനിലൂടെ വലിച്ചെടുക്കുമ്പോൾ അത് കണ്ടു നിന്ന പതിനഞ്ചു വയസുകാരന് മരണത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു.. ആ രാത്രി മുതൽ പിറ്റേന്ന് പുലർച്ചെ വരെ ചോരയുടെ മടുപ്പിക്കുന്ന മണമുള്ള ആ ഹോസ്പിറ്റൽ മുറിയിൽ ആപ്പക്ക് കാവലിരുന്ന ഒരമ്മയും, അതിനവർക്ക് കൂട്ടായ് അവരുടെ തന്നെ സഹോദരനും (എൻ്റെ മാമൻ) ഉണ്ടായിരുന്നു എന്നതാണു, ഇന്ന് ഞാൻ ഈ ഇരുന്നെഴുതുന്നതിനു കാരണ൦. 'മരണം' എന്ന വാക് പിറ്റേന്ന് പുലർച്ചെ പേപ്പർഷീറ്റുകളിൽ മാമൻ ഒപ്പിട്ടു വാങ്ങുമ്പോൾ എനിക്ക് നിർവികാരത മാത്രമായിരുന്നു.. പിന്നീടിന്നു വരെ എന്നെ വിടാതെ പിന്തുടരുന്ന വികാര ശൂന്യത..
തനിക്കു പതിയായവൻ ഇനി ഇല്ല എന്ന തിരിച്ചറിവ് മനസിന്റെ താളം തെറ്റിച്ചപ്പോൾ അമ്മ അന്ന് ജീവനില്ലാത്ത അപ്പയുടെ ശരീരത്തെ മുറിവേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ എല്ലാവരും ചേർന്നവരെ ഒരു ഇരുണ്ട മുറിക്കുള്ളിലടച്ചു താഴിട്ടു ...,അന്ന് ആ ഹോസ്പിറ്റൽ വരാന്തയിലൂടെ കരഞ്ഞു൦, പുലമ്പിയും വന്ന സ്ത്രീ രൂപം ഇന്നും എൻ്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട് .., ഒരിക്കലും ഞാൻ കാണാത്ത അപ്പ പറഞ്ഞു മാത്രം കേട്ടറിവുള്ള അപ്പയാദ്യം താലി ചാർത്തിയവരെ ഞാനന്ന് കണ്ടു.. , അമ്മയെ പൂട്ടിയിട്ടിരിക്കുന്ന മുറിയെക്കു ഇരച്ചു കയറി അവർ പറഞ്ഞ വാക്കുകൾ കർണ്ണപടത്തിൽ ഇന്നും വെള്ളിടി പോലെ മുഴങ്ങുന്നുണ്ട് " എൻ്റെ ഭർത്താവിനെ നീ കൊന്നില്ലെടി" എന്ന്.. ഇന്നെനിക്കത് അന്നത്തെ അവരുടെ അവസാന വികാരങ്ങളുടെ പൊട്ടിത്തെറിയായ് കാണാൻ കഴിയുന്നുണ്ടെങ്കിലും, നിർവികാരന് എന്തു ചെയ്യാൻ കഴിയും...
ആ ഹോസ്പിറ്റലിന്റെ ചെരിഞ്ഞ കോണിയിൽ ശരീരത്തിൽ കറുപ്പും മനസ് മുഴുവൻ സ്നേഹവും നിറച്ച സുഹൃത്തിന്റെ മടിയിൽ തളർന്നു കിടന്ന എന്നെ ഉണർത്തിയത്.. അച്ഛന്റെ ശരീരം എവിടെ മറവു ചെയ്യണം എന്ന ചർച്ചകളായിരുന്നു... ,മാമോദീസ മുങ്ങിയ അച്ഛനെ പള്ളിലടക്കാൻ ആരെയൊക്കെയോ വിളിക്കുന്ന അച്ഛന്റെ ബന്ധുക്കളും, ഇതെല്ലം മൂളികേട്ട് എന്ത് ചെയ്യണമെന്നറിയാതെ ... മുറിയലടക്കപ്പെട്ട സഹോദരിയെയും, കോണിയിൽ തളർന്നു കിടക്കുന്ന മരുമകനെയും മാറി മാറി നോക്കി നിൽക്കുന്ന എൻ്റെ അമ്മാവനേയും ഞാൻ കണ്ടു.
ഒടുവിൽ പള്ളിയെ ധിക്കരിച്ചു നടന്നതിന് തെമ്മാടികുഴിയുടെ ഔദാര്യം നൽകിയപ്പോൾ അത് വാങ്ങിവെക്കാതെ "ഞാൻ കൊണ്ട് പൊയ്ക്കോളാം എൻ്റെ അച്ഛനെ..., എനിക്കുമുണ്ട് ജന്മം നൽകിയവൻ ദാനം നൽകിയ മണ്ണ്" എന്ന് പതിനഞ്ചു വയസുകാരൻ ധിക്കാരം മൊഴിഞ്ഞപ്പോൾ അവർക്കുപിന്നെ സമ്മതിക്കാതെ വയ്യാതായി ഒടുവിൽ അച്ഛന്റെ വീട്ടുകാരുടെ സമ്മതത്തോടെ ചേതനയറ്റ ശരീരം സ്ട്രക്ച്ചറിൽ ഏറ്റുവാങ്ങി ആംബുലൻസിന്റെ ബാക്കിൽ കയറുമ്പോൾ എനിക്ക് കൂട്ട് കൊറേ ഓർമകളും, നിർവികാരതയും മാത്രമായിരുന്നു.
ആംബുലൻസ് വഴിയിൽ നിർത്തി നടവഴി മാത്രമുള്ള വീട്ടിലേക്കു ആ സ്ട്രക്ച്ചറിന്റെ നാലുകൈകളിൽ ഒരു കൈ അമ്മാവനും, മറ്റേ കൈ ഞാൻ "പേരപ്പൻ" എന്ന് വിളിക്കുന്ന അച്ഛന്റെ ചേട്ടനും, ബാക്കി രണ്ടു കൈകൾ നാട്ടുകാരുംതാങ്ങി അവർക്കു മുന്നിൽ നടക്കുന്ന എന്നിൽ ബാധ്യതയുടെ ഭാരം അറിയാതെ കയറിവരുന്നുണ്ടായിരുന്നു, കാലം എനിക്കതു ഭാരമാക്കി തീർക്കാതിരുന്നത് ഞാൻ വീഴുമ്പോൾ പിടിക്കാൻ എനിക്ക് ചുറ്റും അവർ മതിലുകൾ തീർത്തത് കൊണ്ടായിരിക്കാം.
അച്ഛന്റെ വീട്ടിൽ സ്‌ട്രെച്ചർ ഇറക്കി വെക്കാൻ തുടങ്ങിയപ്പോൾ "അവനവന്റെ വീട്ടിൽ തന്നെ കൊണ്ട് വെച്ചാപ്പോരേ" എന്ന വാക്കു അച്ഛന്റെ അമ്മ പറഞ്ഞതും അവരുടെ അപ്പോഴത്തെ അപ്പോഴത്തെ വികാരങ്ങളുടെ തള്ളിക്കയറ്റമായ്‌ എനിക്കിന്ന് കാണാൻ കഴിയുന്നുണ്ട്.
പട്ടടയിലേക്കു അഗ്നി പകരുമ്പോൾ എൻ്റെ കൈക്കു ബലം നല്കാൻ ഞാൻ പിറന്ന അതെ ഗർഭപാത്രത്തിൽ എനിക്ക് ശേഷം പിറന്നവന്റെ കൈക്കരുത് എനിക്ക് താങ്ങായി..., ഒടുവിൽ എല്ലാം കഴിഞ്ഞു കത്തിയമർന്ന പട്ടട നോക്കി "ഇനിയെനിക്കില്ല വീശിത്തരാൻ ചന്ദനക്കാറ്റും.... തഴുകാൻ പനിനീർ ചുംബനങ്ങളും..." എന്ന് പാടാൻ എൻ്റെ കവി ഹൃദയം അന്ന് വളർന്നിരുന്നില്ല, ഇന്ന് ദുബായിലെ ശീധീകരിച്ച മുറിയിലും എനിക്ക് ആ ചോരയുടെ മനംപുരട്ടുന്ന മണമടിക്കുന്നുണ്ട്, കണ്ണിൽ നിന്നും കുത്തിയൊലിക്കുന്ന വിയർപ്പുണ്ട്.... ജീവിതം വെട്ടിപ്പിടിച്ചവന്റെ നിർവികാരതയുണ്ട് ....

By Roopesh babu Puravankara

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo