"ഉണ്ണിക്കുട്ടാ..." ഈ വിളിക്കുന്നത് അനിയത്തിയാണ്.. വിളി കേട്ടാൽ ഭാവം ചേച്ചിയാണെന്നാണ്... വയസ്സിനു ചേട്ടൻ ആണേലും എന്നെ ഇന്നേ വരെ ചേട്ടാ എന്ന് വിളിച്ചു കേട്ടിട്ടില്ല...
"ഇത് കേട്ടോ അമ്മേ ഈ പെണ്ണ് എന്നെ ഇന്നുവരെ ചേട്ടാ എന്ന് വിളിച്ചിട്ടില്ല..." ഞാൻ അമ്മയോട് പരാതി പറഞ്ഞു...
"അവൾ എങ്ങനെയാ നിന്നെ ചേട്ടാ എന്ന് വിളിക്കുക നീ നിന്റെ ചേച്ചിയെ ഒരിക്കലെങ്കിലും ചേച്ചീ എന്ന് വിളിച്ചിട്ടുണ്ടോ... !!! നിന്നെ കണ്ടിട്ടല്ലേ അവള് വളരുന്നത്.."
അമ്മയോട് ഒന്നും മിണ്ടാൻ പറ്റില്ല ഉരുളക്ക് ഉപ്പേരി പോലെ കിട്ടി നല്ല ഒരു പഞ്ച് ഡയലോഗ്...
ഇതെല്ലാം കേട്ടാൽ നിങ്ങൾ വിചാരിക്കും ഇങ്ങനെയുള്ള ആങ്ങളമാരും പെങ്ങമ്മാരും തമ്മിൽ സ്നേഹമില്ലെന്ന്..
അന്ന് അവൾക്ക് ആദ്യ ശമ്പളം കിട്ടിയ ദിവസം ആയിരുന്നു..രണ്ടു ദിവസത്തെ ലീവിൽ വീട്ടിൽ വന്നതാണ്... അവളെ വിളിക്കാൻ ഞാൻ തന്നെയാണ് ബൈക്കുമായി പോയത്.. സാധാരണ ഒരു ചെറിയ ബാഗ് മാത്രം കൊണ്ടുവരാറുള്ള അവൾ അന്ന് ഒരു ബാഗും കയ്യിൽ കുറേ കവറുകളുമായാണ് വന്നത്...
ഇന്ന് ചുമട് കുറേ ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു കഴുകാൻ ഉള്ള തുണികൾ എല്ലാം എടുത്തു.. ഇനി ഇവിടെ നിന്ന് കഴുകി ഉണക്കി കൊണ്ടുപോകാലോ എന്ന്..
ബൈക്കിൽ കയറിയതും ചോദ്യങ്ങൾ പിന്നെ ആ ആഴ്ച ഇറങ്ങിയ സിനിമകളേ പറ്റിയായി..ഏതൊക്കെ സിനിമ എപ്പോഴെല്ലാം കാണണം എന്ന ടൈം ടേബിൾ ഒക്കെ അപ്പോൾ തന്നെ സെറ്റ് ചെയ്തു ... സത്യം പറഞ്ഞാൽ സിനിമ കാണാൻ മാത്രമായി ലീവിന് വരുന്ന അനിയത്തി ആണല്ലോ നിന്റെ എന്ന് അമ്മ പറയാറുള്ളത് ഓർമ്മ വന്നു...
വീട്ടിൽ എത്തി ബാഗ് തുറന്നു നോക്കിയപ്പോൾ അമ്മയ്ക്കും അച്ഛനും ചേച്ചീടെ കുട്ടികൾക്കും ഏല്ലാവർക്കും പുതിയ ഡ്രെസ്സുകൾ.. എല്ലാവരും അവരുടെ പുതിയ ഡ്രെസ്സുകൾ എനിക്ക് കാണിച്ചു തന്നു.. അതെല്ലാം കണ്ടു കഴിഞ്ഞപ്പോൾ അവൾ എനിക്കും ഒരു കവർ തന്നു..
അവൾ എനിക്കായി വാങ്ങിയതാണ്.. ഒരു പിങ്ക് ഷർട്ട്.. ആ ഷർട്ട് ഇട്ടിട്ട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്തെ സന്തോഷം ഒന്നു കാണണമായിരുന്നു...
കുറച്ച് കാലം മുൻപ് ഒരു ഓണത്തിന് എനിക്ക് ആദ്യമായി കിട്ടിയ ശമ്പളം കൊണ്ട് വീട്ടിൽ എല്ലാവര്ക്കും ഓണക്കോടി എടുത്തുകൊടുത്തപ്പോൾ.. അവരുടെയെല്ലം മുഖത്തെ സന്തോഷം കണ്ടപ്പോൾ എനിക്കുണ്ടായ ഒരു നിർവൃതി ഉണ്ട് ..അന്ന് ഞാൻ അനുഭവിച്ച അതേ നിർവൃതി ആ നിമിഷം എനിക്ക് അവളുടെ മുഖത്തും തെളിഞ്ഞു കാണാമായിരുന്നു
സ്നേഹം വാക്കുകളിൽ ഒതുങ്ങി നിൽക്കുന്നതാകരുത്... സ്നേഹിക്കുന്നവർക്ക് വേണ്ടി നമ്മൾ ഇടയ്ക്കിടയ്ക്ക് ചെയ്യുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ എന്നും അവരുടെ മനസ്സിൽ ഒരുപാട് സന്തോഷം നൽകുന്ന ഓർമ്മകൾ ആകുമെങ്കിൽ ..അതല്ലേ നമ്മുടെയും സന്തോഷം...
Sajith_Vasudevan(ഉണ്ണി...)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക