Slider

കിന്നാരത്തുമ്പികൾ

0

കിന്നാരത്തുമ്പികൾ
* * * * * * * * * * * * 
കോഴിക്കോട് പാളയം ബസ്റ്റാന്റിൽ നിന്നും അരീക്കോട്ടേക്ക് പുറപ്പെടാൻ നിർത്തിയിട്ട ഒരു ബസിലാണ് ഞാനിപ്പോൾ... ബസ് പുറപ്പെടാൻ ഇനിയും പതിനഞ്ച് മിനിറ്റുണ്ട്. അൺ സഹിക്കബിൾ ചൂട്.വല്ലാതെ വിയർത്തൊലിക്കുന്നു.എന്തെങ്കിലും കുടിക്കണമെന്നുണ്ട്. പക്ഷേ അതിന് പണം കൊടുക്കണമല്ലോയെന്നാലോചിച്ചപ്പോൾ ദാഹമൊക്കെ എങ്ങോ പോയി.
കൈയിലെ മൊബൈലെടുത്ത് വീശിയപ്പോൾ ചൂടിനൽ പമൊരാശ്വാസം കിട്ടി. ചുറ്റുപാടുമൊന്ന് ശ്രദ്ധിച്ചപ്പോൾ കണ്ടു മറ്റു പലരും ചൂടിൽ നിന്ന് രക്ഷതേടുന്നത് മൊബൈലെടുത്ത് വീശിയിട്ട് തന്നെയാണ്.പലതും വിശറിയുടെ വലിപ്പമുള്ളത് കൊണ്ട് അവർക്കൊക്കെ നല്ല കാറ്റും കിട്ടുന്നുണ്ട്.
ബസിൽ ഏതാണ്ട് ആളായിത്തുടങ്ങി. പുറപ്പെടാനിനിയും സമയം ബാക്കിയുണ്ട്.വീശുന്ന മൊബൈലുകളിൽ നിന്ന് ഇടക്കിടെ ക്ണിം... ക്ണിം ശബ്ദങ്ങൾ തെറിച്ച് വീഴുന്നുണ്ട്. ചിലർ വിരലുകൊണ്ട് മൊബൈലിന്റെ സിബ്ബ് തുറന്ന് പൊട്ടിച്ചിരിക്കുന്നു... ചിലരെന്തൊക്കെയോ ഞെക്കി ഞെക്കി വിടുന്നു. ശേഷം വീശൽ പൂർവ്വാധികം ശക്തിയിലാക്കുന്നു.
അതു വരെ ഒഴിഞ്ഞിരുന്ന തൊട്ടടുത്ത സീറ്റിൽ പ്രായം ചെന്നൊരാൾ വന്നിരുന്നു...
" ഹൗ എന്തായിങ്ങനത്തെ ചൂട് ...."
അയാളുടെ ചോദ്യം കേട്ടാൽ തോന്നും ഞാനെന്തോ കത്തിച്ചിട്ടുണ്ടാക്കിയതാ ഈ ചൂടെന്ന്...
"പ്രിയപ്പെട്ട സഹോദരീ സഹോദരൻമാരെ....." ആരുടേയോ ഉച്ചത്തിലുള്ള സംസാരം കേട്ട് ഞാനാ ഭാഗത്തേക്ക് നോക്കി.. മുൻവശത്തെ ഡോറിലൂടെ കയറിയ ഒരാൾ ഉച്ചത്തിൽ ഓരിയിടുകയാണ്. മാന്യമായ വസ്ത്രധാരണം. എവിടെയോ കണ്ടു പരിചയമുള്ളപോലെ...
എവിടെയാണെന്ന് ആലോചിക്കുമ്പോഴേക്ക് അയാൾ വീണ്ടും സഹോദരീ സഹോദരൻമാരെ വിളിക്കുന്നത് കേട്ടു. ഞാൻ ചിന്ത ഓഫ് ചെയ്ത് ചെവിയും കണ്ണും ഓണാക്കി വെച്ചു.
" എന്റെ പേര് ശശീ കോശി ..." 
ആയിക്കോട്ടെ. എന്താ പ്രശ്നം....?
"ഞാൻ നല്ലെഴുത്ത് ഫേസ് ബുക്ക് ഗ്രൂപ്പിൽ നർമ്മ ലേഖനങ്ങളെഴുതി , അതിന് കിട്ടുന്ന കമന്റും ലൈക്കും കൊണ്ട് ജീവിതം തള്ളിനീക്കുന്ന ഒരു പാവം എഴുത്തുകാരനായിരുന്നു. ഈയിടെയായി ഗ്രൂപ്പിലേക്ക് ബംഗാളികൾ കേരളത്തിലേക്ക് വരുന്ന പോലെ എവിടെ നിന്നോകുറെ ഹാസ്യമെഴുത്തുകാർ കടന്നു വന്നിരിക്കുന്നു. അത് മൂലം ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന ലൈക്കുകളിലും കമൻറുകളിലും ഭയങ്കരമായ ഇടിവു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ലൈക്ക് കുറഞ്ഞ കാരണം ഭാര്യവീട്ടിൽ കയറ്റാത്ത ദിവസങ്ങൾ വരെ ഉണ്ടായിട്ടുണ്ട് സഹോദരങ്ങളെ. സ്വന്തം മക്കളുടെ പരിഹാസശരങ്ങൾ വരെ കേൾക്കേണ്ടി വന്നിട്ടുണ്ട്.... "
ഹെന്റെ ദൈവമേ... ഞാനാദ്യമെ പറഞ്ഞില്ലെ എവിടെയോ കണ്ടു പരിചയമുണ്ടെന്ന് .... ഗ്രൂപ്പിൽ കഥയെഴുതുന്ന ശശി കോശി. ഇപ്പഴാ ബൾബ് കത്തിയത്. ഷെർലക് ഹോംസിന്റെ മുഖം പ്രൊഫൈൽ പിക്ചറായി ഇട്ടിരുന്ന ഇവൻ ഈയടുത്താണ് ഒറിജിനൽ മോന്തയിടാൻ തുടങ്ങിയത്... ഞാൻ തല കുനിച്ചിരുന്നു. പഹയന് ഇനി എന്നെയെങ്ങാനും മനസിലായാലോ....
ഞാൻ ചെവി അവനും നോട്ടം കൈയിലുള്ള മൊബൈലിനും കൊടുത്തു.മറ്റുള്ള യാത്രക്കാരെല്ലാം അവനെത്തന്നെ ശ്രദ്ധിക്കുകയാണ്...
പാളയുടെ വലിപ്പമുള്ള ഒരു മൊബൈലിൽ അവന്റെ ഫേസ്ബുക്ക് പേജെടുത്ത് ഉയർത്തിക്കാട്ടി അവൻ സംസാരം തുടരുകയാണ്...
" അതു കൊണ്ട് മാന്യയാത്രക്കാരെ.... നിങ്ങളെല്ലാം കൈയിലുള്ള മൊബൈലെടുത്ത് നല്ലെഴുത്തിന്റെ പേജിൽ കയറി ശശീ കോശി എന്ന എന്റെ പുതിയ നർമ്മ ലേഖനമായ ''കിന്നാരത്തുമ്പികൾ " എന്ന പോസ്റ്റിന് എത്രയും പെട്ടെന്ന് തന്നെ ലൈക്കടിക്കുകയും നിങ്ങളാൽ കഴിയുന്ന വിധം നല്ലൊരു കമന്റിടുകയും ചെയ്യണമെന്നപേക്ഷിക്കുന്നു... "
ഇത്രയും പറഞ്ഞ് അവൻ ഓരോരുത്തരുടെ കൈയിൽ നിന്നും മൊബൈൽ വാങ്ങി ഗ്രൂപ്പിൽ കയറി അവന്റെ പോസ്റ്റിന് ലൈക്കടിക്കാൻ തുടങ്ങി.. കമന്റെഴുത്ത് അവരവരെത്തന്നെയേൽപിച്ച് ഫോൺ തിരിച്ചു കൊടുക്കുന്നു.
എന്റെയടുത്തെത്തിയപ്പോൾ ഞാൻ മുഖം താഴ്ത്തി ഉറക്കം നടിച്ചിരുന്നു. കഴിയുന്നത്ര ലൈക്കും വാരിക്കൂട്ടി പിൻവശത്തെ വാതിലിൽക്കൂടി അവൻ പുറത്തിറങ്ങുമ്പോഴാണ് അവനെയൊന്ന് കണ്ടാലോയെന്ന ചിന്ത എന്റെ ആമാശയത്തിലുദിച്ചത്. ദാഹിച്ച് നിൽക്കുകയല്ലേ... പരിചയപ്പെട്ട് ഒരു ജ്യൂസെങ്ങാനും വാങ്ങിത്തന്നാലോ... ഈ കോമഡിയെഴുത്തുകാർ പൊതുവെ നന്മ നിറഞ്ഞവരാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്..
പെട്ടെന്ന് തന്നെ ഞാനും അവന് പിന്നാലെ പുറത്തിറങ്ങി. അടുത്ത ബസ് ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന അവനെ ഞാൻ പിന്നിൽ നിന്നും തോളിൽ തട്ടി വിളിച്ചു. അവൻ തിരിഞ്ഞ് നോക്കിയതും ഞാൻ എന്റെ മുഖത്ത് ഒരു പുഞ്ചിരി വലിച്ചൊട്ടിച്ചുവെക്കാൻ ഒരു വിഫലശ്രമം നടത്തി നോക്കി.
" സക്കീറെ ഉറക്കം തീർന്നോ.. " അവന്റെ ചോദ്യം.
" എന്നെ എങ്ങനെ മനസിലായി...?"
എനിക്കദ്ഭുതം തോന്നി. പക്ഷേ അവന്റെ മുഖത്ത് വലിയ ഭാവവിത്യാസമൊന്നും കണ്ടില്ല..
" എന്നാലും ശശീ ഇതൊക്കെ ശരിയാണോടാ.. ബസിൽ കേറി ലൈക്കിന് വേണ്ടി തെണ്ടലും മറ്റും..."
"ഓ ഒരു പുണ്യാളൻ വന്നിരിക്കുന്നു.. എനിക്കൊന്നുമറിയില്ലെന്നാ നിന്റെ വിചാരം... "
" നിനക്കെന്തറിയാമെന്നാ നീയീ പറയുന്നെ... "
"ലൈക്ക് കിട്ടാൻ നീയെന്തെല്ലാം പണികളൊപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം..."
"ഞാനെന്ത് ഒപ്പിക്കുന്നുവെന്നാ...?''
" നീ ഗ്രൂപ്പിലെ പെമ്പിള്ളേരുടെ പ്രൊഫൈലിൽക്കയറി നമ്പർ തപ്പിപ്പിടിച്ച് വിളിച്ച് ലൈക്കടിക്കാൻ പറയാറില്ലേ..."
അയ്യേ ഇതെങ്ങിനെ ഇവനറിഞ്ഞു. ശ്ശൊ ആകെ നാണക്കേടായല്ലോ...
" നിന്നോടാര് പറഞ്ഞു ഈ കല്ലുവെച്ച നുണകളെല്ലാം...?"
"ഏത് പോസ്റ്റിനും വായിക്കാതെ കമന്റടിച്ചു കൊടുക്കുന്ന നിന്റയൽക്കാരി തന്നെ..കുന്നുമ്മൽശാന്ത.... നീയിന്നലെ ശാന്തയെ വിളിച്ച് പോസ്റ്റിന് ലൈക്കടിക്കൂ എന്ന് പറഞ്ഞിട്ടില്ലേ...."
" ശരിയാ ഇടക്ക് നിലനിൽപിന് വേണ്ടി അങ്ങിനെ ചെയ്തിട്ടുണ്ട്... "
" എന്നാ ഇതും നിലനിൽപിന് വേണ്ടിയാ... നിനക്ക് മാത്രം മതിയോ നിലനിൽപ്പ്.. "
"സങ്ങതി ശരിയാ... പക്ഷേ ഇന്നെലെ ഞാൻ ശാന്തയെ വിളിച്ച് പോസ്റ്റിന് ലൈക്കടിക്കൂ എന്നല്ല പറഞ്ഞത്.... പോസ്റ്റിലെ ലൈറ്റണക്കൂ എന്ന് പറഞ്ഞതാ... ഞങ്ങൾ തമ്മിൽ ഇടക്ക് വല്ലപ്പോഴും.... അതാ..."
എന്റെ നേരെ രൂക്ഷമായ ഒരു നോട്ടവും നോക്കി അവൻ ലൈക്കുകൾക്കായി അടുത്ത ബസിൽ കയറി..
__________________________
എം.പി.സക്കീർ ഹുസൈൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo