വാത്സല്യം
@@@@@
@@@@@
രാത്രി ഏറെ വൈകി ഇന്ദീവരത്തിന്റെ പോർച്ചിൽവന്ന കാറിൽ നിന്നും രേവതിവർമ ഇറങ്ങി വന്നപ്പോൾ.. ഏഴാം ക്ലാസ്സിലെ ക്ലാസ്സ് ടോപ്പറും, ഫുൾ എ പ്ലസിന്റെ പ്രോഗ്രസ്സ് കാർഡിന്റെ ഉടമയുമായി അക്ഷമയോടെ കാത്തിരുന്ന നീതു മോള് ഓടി വന്ന് വാതിൽ തുറന്നു വന്ന് അവരെ കെട്ടിപ്പിടിച്ചു.
മാനേജരെ വിളിച്ചിട്ട് ലൈനിൽ കിട്ടാത്തതിന്റെ ദേഷ്യമത്രയും തീർക്കാൻ, ശബ്ദം കനപ്പിച്ച് "എന്തിനാടീ നീ കെടന്നു തുള്ളുന്നെ ".... എന്നൊരു ചോദ്യവും തീപാറുന്നൊരു നോട്ടവും കൂടിയായപ്പോൾ നീതുവിന്റെ നേർക്ക്.. ആ കുഞ്ഞുമുഖം തീർത്തും വാടിപ്പോയി.
ഇത് രേവതി വർമ്മ. ടൗണിലെ പ്രശസ്തമായ വസ്ത്രവ്യാപാര ശൃംഘലയായ സ്മാർട്ട് & സ്റ്റൈലിന്റെ ഉടമ. M. G റോഡിൽ പുതുതായി തുടങ്ങാനിരിക്കുന്ന ഷോറൂമിന്റെ ഉത്‌ഘാടനത്തിന് പറഞ്ഞുറപ്പിച്ച പുതുമുഖതാരത്തിന് അത്യാവശ്യമായി ഒരു ഔട്ട്ഡോർ ഷൂട്ടിംഗ്... വരാൻ കഴിയില്ലെന്ന് വിളിച്ചു പറഞ്ഞിരിക്കുന്നു. ഇനിയീ പതിനൊന്നാം മണിക്കൂറിൽ ആരെ അറേഞ്ച് ചെയ്യുമെന്നോർത്ത് ടെൻഷനടിച്ചു നിൽക്കുമ്പോഴാണ് മകൾ നീതുവിന്റെ വരവ്.
ഭർത്താവ് മഹേഷ് വർമ്മ. വിദേശത്തും നാട്ടിലുമായി ആറു ജ്വല്ലറി ഉണ്ട്. ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും യാത്രയും തിരക്കുമായി ബിസി ആണ് അയാളും.
നീതുവിനെക്കൂടാതെ ഒരു മകൻ കൂടിയുണ്ട് മഹേഷ് - രേവതി ദമ്പതികൾക്ക്. നിധിൻ. ചെന്നെയിൽ M. BA ക്ക് പഠിക്കുന്നു. രേവതിയും മഹേഷും മക്കളും അപൂർവമായി സംഗമിക്കുമ്പോൾ ഇന്ദീവരത്തിൽ തീർത്തും ഔപചാരികമായ സംഭാഷണങ്ങൾ, കുശലം പറച്ചിലുകൾ.
ക്ലാസ്സിലെ ശ്രീനന്ദ പറഞ്ഞുള്ള അറിവാണ് ഇടക്കൊക്കെ അത്ഭുതത്തോടെ നീതു ഇടയ്ക്കിടെ ഓർക്കുന്നത്.. അമ്മയും, അച്ഛനും, അനിയനും അവളും കൂടി ചപ്പാത്തിക്ക് കുഴക്കുന്നതും, ഒരുമിച്ചിരുന്നു പരത്തുന്നതും. അച്ഛൻ അമ്മയെ തൊടീക്കാതെ കുറുമക്കറി ഉണ്ടാക്കിയതും അതിൽ ഉപ്പിടാൻ മറന്നുപോയതും. എല്ലാരും കൂടി കളിയാക്കിയപ്പോ അച്ഛൻ ചമ്മിപ്പോയതും.. ഇടക്ക് ഓപ്പൺ ടെറസിലെ കാറ്റിലിരുന്ന് പാട്ടുകേട്ടുകൊണ്ട് അത്താഴം കഴിക്കുന്നതും, തമാശപറച്ചിലും,
അമ്മ ഭക്ഷണം വിളമ്പുന്നതും ഒക്കെ..
അമ്മ ഭക്ഷണം വിളമ്പുന്നതും ഒക്കെ..
ഓർക്കുമ്പോൾ തന്നെ കൊതിതോന്നുന്ന ഒരുപാട് വിശേഷങ്ങൾ.
ഇവിടെ ഒരിക്കലും അമ്മ ആർക്കും വിളമ്പുന്നത് കണ്ടിട്ടില്ല. ഗീതാന്റി ഉണ്ടാക്കി കാസറോളിലാക്കി വെച്ചത് ഓരോരുത്തരുടെ വിശപ്പിനനുസരിച്ച് സ്വയം എടുത്തു കഴിക്കുന്നു. അമ്മ സ്നേഹത്തോടെ വിളമ്പിയാലേ ഭക്ഷണത്തിനു രുചിയും, അംഗങ്ങൾ തമ്മിൽ ഐക്യവും ഉണ്ടാവൂ എന്ന് ഗീതാന്റി എന്നോട് മാത്രമായി പറഞ്ഞു തന്നിട്ടുണ്ട്.
ഗീതാന്റി എന്നാൽ ഇന്ദീവരത്തിലെ ഹൌസ് മെയ്ഡ് ആണ്. രാവിലെ വന്നാൽ വൈകീട്ട് 7 മണിവരെ ഇവിടെയുണ്ടാകും. ഭർത്താവുപേക്ഷിച്ച് ഏക ആശ്രയമായ മകൾ കൂടി മരിച്ചപ്പോൾ ഒറ്റപ്പെട്ടുപോയ ഒരു സാധു. കവലയിലെ ഒറ്റമുറി വീട്ടിൽ വാടകക്ക് താമസിക്കുന്നു.
അവധിദിവസങ്ങളിൽ ഗീതയെ ഒറ്റയ്ക്ക് കിട്ടുമ്പോൾ നീതു അവരെ "അമ്മേ " എന്നാണ് വിളിക്കുക. രേവതി കേട്ടാൽ കൊന്നുകളയും. എന്നാലും ആ പദം ഉച്ചരിക്കുമ്പോൾ ഉള്ളിലൊരു കുളിർമ തോന്നുന്നത് ഗീതാന്റിയെ വിളിക്കുമ്പോളാണെന്ന് നീതുവിന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഉച്ചക്ക് ഊണുകഴിഞ്ഞ്, ഗീതമ്മയെ കെട്ടിപ്പിടിച്ച്, ആ പാട്ടും, തലോടലുമേറ്റ് അങ്ങനെ കിടക്കുമ്പോൾ അവരറിയാതെ തന്നെ അവര് അമ്മയും മകളും ആയി മാറുകയായിരുന്നു.
" ഗീതാന്റിയെ ഇവിടെ താമസിപ്പിച്ചൂടെ അമ്മേ "എന്നുള്ള നീതുവിന്റെ ചോദ്യത്തിന് തീപാറുന്നൊരു നോട്ടമായിരുന്നു രേവതിയുടെ മറുപടി.
കാലം അതിന്റെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു. കലണ്ടർ താളുകൾ പലകുറി പലതും മറിഞ്ഞു. പഴയ ഏഴാംക്ലാസ്സുകാരി ഇന്ന് പ്ലസ്ടുക്കാരിയായി.
രേവതിയും, മഹേഷും പുതിയ നേട്ടങ്ങൾ വെട്ടിപ്പിടിച്ചുകൊണ്ട് മുന്നോട്ടുതന്നെ.. നിധിന്റെ കോഴ്സ് കംപ്ലീറ്റ് ആയതും മഹേഷ് അവനെ വിദേശത്തേക്ക് കൊണ്ടുപോയി.
അവിടത്തെ പുതിയ പാർട്ണർ ആയ ചാറ്റർജിയുടെ ഏക മകൾ നിഹാരികയോട് നിധിന് തോന്നിയ ഒരാകർഷണം മഹേഷ് അതിവിദഗ്ദമായി ഒരു മോതിരം മാറ്റത്തിലേക്കെത്തിച്ചു മഹേഷിന്റെ ബിസിനെസ്സ് മൈൻഡ്.
പ്ലസ്ടുവിന് 88% മാർക്കോടെ നീതു ജയിച്ചു. എൻട്രൻസിന് മെറിറ്റിൽ സീറ്റ് കിട്ടാൻ മാത്രം നല്ലറാങ്ക് നേടാൻ നീതുവിനായില്ല. ബാംഗ്ലൂരിലെ സുഹൃത്ത് ജയേഷ് രാജ് വഴി അവിടുത്തെ ഒരു സ്വാശ്രയമെഡിക്കൽ കോളേജിൽ നീതുവിന് സീറ്റ് തരപ്പെടുത്തിക്കൊടുത്തു മഹേഷ്.
അഡ്മിഷനായി നീതുവും മഹേഷും കൂടി ബാംഗ്ലൂർക്ക് പോയി. കാലങ്ങൾക്ക് ശേഷം അച്ഛനൊത്തൊരു യാത്ര... ത്രില്ലടിച്ചു പോയ നീതുവിന് ഫോൺ കാൾസിനും, ലാപ്‌ടോപ്പിനും പങ്കിട്ടുപോയ അച്ഛന്റെ സമയത്തിൽ അൽപം പോലും അവൾക്ക് കിട്ടിയില്ല എന്നത് തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്.
അവിടന്ന് അഡ്മിഷനും, ഫീ പേയ്‌മെന്റും മറ്റു ഫോർമാലിറ്റീസും കഴിഞ്ഞ് ഇറങ്ങിയത് നേരെ ജയേഷ് അങ്കിളിന്റെ വീട്ടിലേക്ക്. അവിടന്ന് ഫുഡ് കഴിച്ച് തനിക്കു താമസിക്കാൻ ഒരു സിംഗിൾ ബെഡ്‌റൂം അപ്പാർട്മെന്റ് കാണാനും താക്കോൽ വാങ്ങാനുമായി പോയി. എല്ലാം കഴിഞ്ഞ് ഈവനിംഗിൽ ഉറങ്ങുന്ന അച്ഛനോടൊപ്പം കാറിൽ മടക്കയാത്ര...
പിറ്റേന്ന് കിടക്കാൻ നേരം രേവതി അവളുടെ റൂമിൽ ചെന്നു. നീതുവിന് അത്ഭുതം തോന്നി ഒപ്പം പരിഹാസവും.
" നീതു, നെക്സ്റ്റ് വീക്ക് നിനക്ക് ക്ലാസ്സ് തുടങ്ങും. പോവാനുള്ളതെല്ലാം പാക്ക് ചെയ്തോളു..
ഡ്രസ്സ് വല്ലതും വേണേൽ ഷോപ്പിൽ വന്ന് സെലക്ട് ചെയ്യ്.. പിന്നെ അങ്കിൾ എടുത്ത അപാർട്മെന്റ് ഇഷ്ടപ്പെട്ടല്ലോ ലേ. ഫുഡ് ഒക്കെ താഴെ കിട്ടും. ആവശ്യത്തിന് പൈസ വേണേൽ അക്കൗണ്ടിൽ ഇട്ടോളാം.
പിന്നെ ആഴ്ചയിൽ ആഴ്ചയിൽ ചിപ്സും, പിക്കിളുമായി കാണാൻ വരാൻ ഞാനൊരു നാട്ടിൻപുറത്തുകാരി അമ്മയല്ലെന്ന് ഓർമ്മവേണം. എന്നാൽ നീ കെടന്നോ, ഗുഡ്‌നൈറ്റ് "...
അളന്നു തൂക്കിയ വാക്കുകൾ മാത്രം തനിക്കു നൽകിക്കൊണ്ട് അവർ വാതിൽ ചാരി നടന്നുപോയി.
പിറ്റേന്ന് ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ, അമ്മ ഗീതാന്റിയെ വിളിച്ച് കുറച്ചു രണ്ടായിരത്തിന്റെ നോട്ടുകൾ ഏൽപ്പിക്കുന്നതും, അടുത്ത ദിവസം മുതൽ വരേണ്ടെന്ന് പറയുകയും ചെയ്തു.ഞെട്ടലോടെ നീതു ആ മുഖത്തേക്ക് നോക്കിയപ്പോ ഒരു നിസ്സംഗതയായിരുന്നു മുഖത്ത്..
" അല്ലേലും മോള് പോയിട്ട്, ഞാനെന്തിനാ ഇവിടെ.... മുഴുമിക്കാൻ നിൽക്കാതെ ആ വാചകം ഇടയിൽ മുറിഞ്ഞു പോയി..
വൈകീട്ട് അച്ഛനാണ് പറഞ്ഞത്..
"നീ പോയിക്കഴിഞ്ഞാൽ ഞങ്ങൾ ഒന്ന് പോവാ, നിധിന്റെ കാര്യങ്ങൾ ഒന്നു ശരിയാക്കാനുണ്ട്. പിന്നെ അമ്മക്ക് കുട്ടിയെ ഒന്നുനേരിൽ കാണേം വേണല്ലോ". അച്ഛനെങ്കിലും എന്തെങ്കിലും വിശേഷം പറയുന്നുണ്ടല്ലോ എന്നൊരല്പം ആശ്വാസം അവൾക്ക് തോന്നി...
"നീ പോയിക്കഴിഞ്ഞാൽ ഞങ്ങൾ ഒന്ന് പോവാ, നിധിന്റെ കാര്യങ്ങൾ ഒന്നു ശരിയാക്കാനുണ്ട്. പിന്നെ അമ്മക്ക് കുട്ടിയെ ഒന്നുനേരിൽ കാണേം വേണല്ലോ". അച്ഛനെങ്കിലും എന്തെങ്കിലും വിശേഷം പറയുന്നുണ്ടല്ലോ എന്നൊരല്പം ആശ്വാസം അവൾക്ക് തോന്നി...
എങ്ങിനെയൊക്കെയോ ആ വിരസമായ നാലഞ്ചു ദിവസം കടന്നുപോയി.
നാളെ പോവാനുള്ളതോണ്ട്, നീതുവിന് പിടിപ്പത് ജോലിയുണ്ടായിരുന്നു. എന്നാലും വൈകീട്ട് അമ്പലത്തിൽ പോയി വരും വഴി അവൾ ഗീതാന്റിയുടെ വീട്ടിൽ കയറി, ഒരാഴ്ചകൊണ്ട് അവരാകെ മാറിപ്പോയിരിക്കുന്നു. ക്ഷീണിച്ചവശയായ മുഖം. നീതുവിനെ കണ്ടപ്പോൾ അവരുടെ മുഖം വിടർന്നു.
ഇറങ്ങാൻ നേരം അവരുടെ കൈപിടിച്ച് അവൾ പറഞ്ഞു... "ഞാൻ നാളെ പോകും വഴി ഇതിലെ വരാം. റെഡിയായി നിന്നോണം. എനിക്കുവേണം എന്റെ അമ്മയെ... ബാക്കി പറയാൻ കഴിയാതെ അവൾ ഇറങ്ങി നടന്നു...
പിറ്റേന്ന്, ഡ്രൈവറോട് ജങ്ഷനിൽ വണ്ടി നിർത്താൻ പറഞ്ഞു ചുറ്റും നോക്കിയപ്പോൾ ബസ്‌സ്റ്റോപ്പിൽ നിൽക്കുന്ന ഗീതാന്റിയെ കണ്ട് നീതുവിന്റെ മുഖം വിടർന്നു...
അതിവേഗത്തിൽ നിരത്തിലൂടെ ചീറിപ്പാഞ്ഞു പോകുന്ന ആ കാറിന്റെ പിൻസീറ്റിൽ ഗീതയുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ അവൾ മനസ്സിൽ ആരോടോ വിളിച്ചു പറയാൻ കൊതിച്ചു.. "കണ്ടോളൂ, ഇനിയാണ് ഞാനൊരു മകളായി ജീവിക്കാൻ പോവുന്നത്.. ഏറ്റവും സമ്പന്നയായ മകൾ !!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക