നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥ ....... [ഘടികാരം]

കഥ
.......
[ഘടികാരം]
...............................................................
"അയാൾ സ്വയമൊരു ഘടികാരമായി തീരുകയായിരുന്നു."
"ഘടികാരത്തിലെ സൂചിയുടെ ചലനത്തിനനുസൃതം സൂക്ഷമമായ കൃത്യത ജീവിതത്തിൽ പുലത്തിയ അയാളെ ഘടികാരസൂചികൾക്കൊരിക്കലുംഓടിത്തോൽപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല."
അവൾ അയാളെ കുറിച്ച് എന്നോട് പറഞ്ഞു.
അവൾ പറയുന്നതിനിടക്ക് ഞാൻ അയാളെ കുറിച്ച് അത്ഭുതപ്പെടുകയുണ്ടായി. മനസിന് അയാളോട് ആരാധാന തോന്നുന്നത് സ്വാഭാവികം. എന്തുകൊണ്ടന്നാൽ ,ജീവിതം ഘടികാര സൂചികൾ കൊണ്ട് ഇത്ര കൃത്യമായി അളന്നു തിട്ടപ്പെടുത്തിയ മറ്റൊരാളുടെ ജീവിതം ഞാനിതുവരെ അറിഞ്ഞിട്ടില്ല. മാത്രമല്ല അയാൾ ജീവിതവിജയികളുടെ പട്ടികയിൽ ഇടം പിടിച്ച ഒരു വ്യക്തി കൂടിയാണ്.
രാത്രി ഏറെ വൈകി ഉറങ്ങുന്ന അയാൾ പുലരിയിൽ നാലുമണിക്ക് എഴുനേൽക്കുമായിരുന്നു. അരമണിക്കൂറിനുള്ളിൽ പ്രഭാതകൃത്യങ്ങൾ എല്ലാം തീർത്ത് കൃത്യം നാലരമണിക്ക് ജോലി ആരംഭിക്കും..
ലാപ് ടോപ്പിൽ ഫയലുകൾ ഓരോന്നായി ഓപ്പൺ ചെയ്ത് കുഴഞ്ഞുമറിഞ്ഞ കണക്കുകളുടെ കൂമ്പാരങ്ങളിൽ നിന്ന് തന്റെ ഉത്തരവാദിത്തമായ ഉത്തരങ്ങൾക്കായ് ആ അടച്ചിട്ട മുറിയിൽ നിന്നും ലോകത്തിന്റെ കമ്പോളവൈവിധ്യങ്ങളിലേക്ക് അയാൾ ഊളിയിടും.
തികഞ്ഞ നിശബ്ദതയിൽ അയാൾ ലാഭനഷ്ടങ്ങൾ കൂട്ടി കിഴിക്കും.
കൃത്യം എട്ടു മണിക്ക് മുറിയുടെ വാതിൽ തുറന്ന് അയാൾ പുറത്തു വരും. ആ സമയം അയാളുടെ അഞ്ചും എട്ടും വയസ് പ്രായമുള്ള മക്കൾ സ്കൂളിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പുകളിലാവും. ഭാര്യ മിക്കവാറും അടുക്കളയിലോ കുളിമുറിയിലോ ഉണ്ടാവും.., (അവൾ സ്കൂൾ ടീച്ചറാണ് )എന്നാൽ സാധാരണ വീടുകളിൽ ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാവാൻ സാദ്ധ്യതയുള്ള ബഹളങ്ങളൊന്നും [ കുട്ടികളും അമ്മയും അടുക്കളയിലെ പാത്രങ്ങളും ജോലിക്കാരൻ ഭർത്താവിന്റെ പടപ്പുറപ്പാടും എല്ലാംകൂടി തീർക്കുന്ന ശബ്ദമലിനീകരണം] അവിടം കേൾക്കാനാവില്ല.. തികഞ്ഞ നിശബ്ദതയാണ് ആ വീടിനുള്ളിലെ സ്ഥായീഭാവം.
കൃത്യം എട്ടുമണി അഞ്ചു മിനുറ്റിനുറ്റിന് ഡ്രസ്സിംഗ് കഴിഞ്ഞ് അയാൾ തീൻമേശയ്ക്ക് മുന്നിലെത്തും. അവിടെ വെച്ചാണ് പതിവായി മക്കളുമായി അയാൾ മുഖാമുഖം വരുന്നത് " ഗുഡ് മോണിംഗ് പപ്പാ " മക്കൾ അയാളെ വിഷ് ചെയ്യും.
"ഗുഡ് മോണിംഗ് എയ്ഞ്ചൽസ് " "ഹൗ ആർ യു "
"ഫൈൻ പപ്പാ "
ഇതിനിടക്ക് അയാൾ മക്കളുടെ മുഖത്തേക്ക് രണ്ടാവർത്തി നോക്കും, അതു പതിവാണ്. ഒരു ദിവസത്തിൽ ഇതിനപ്പുറം അയാൾക്ക് തന്റെ മക്കളെ കാണുവാനോ സംസാരിക്കുവാനോ കഴിയാറില്ല.
പത്തു മിനുറ്റുകൾക്കപ്പുറം അഥവാ കൃത്യം എട്ടു മണി പതിനഞ്ചു മിനുറ്റിന് ഗേറ്റു കടന്ന് അയാളുടെ കാർ ഓഫീസും ലക്ഷ്യമാക്കി നിരത്തിലേക്കിറങ്ങും..
തീൻമേശയിൽ ഭർത്താവിനെ മുഖാമുഖം കാണുവാനുള്ള ആർത്തിയോടെ ഈറൻ മുടിയുമായി ഓടിയെത്തുന്ന ഭാര്യക്ക് മിക്കവാറും നിരാശയാകും ഫലം..ഗെയ്റ്റു കടന്നു പോകുന്ന കാറിലേക്ക് നോക്കി എത്രയോ നാൾ അവൾ നിന്നിട്ടുണ്ട്.
അവളും കുഞ്ഞുങ്ങളും ഒരുമിച്ചാണ് വീട് വിട്ടിറങ്ങുന്നത് . മൂവരും നടന്നാണ് സ്കൂളിലേക്ക് പോവുക.അവർ കൂടുതൽ വാചാലരാകുന്നതും പൊട്ടിച്ചിരിക്കുന്നതും ഈ നടത്തത്തിനിടയിലാണ്..
കൃത്യം ഒൻപതു മണിക്ക് ഓഫീസിൽ തന്റെ കാബിനിൽ അയാൾ ഉപവിഷ്ടനാകും. ഘടികാര സൂചികളോടൊപ്പം ഓടി തോറ്റ സ്റ്റാഫുകൾ പലരും അയാൾക്ക് മുന്നിൽ ശിരസ്സ് കുനിച്ച് നിൽക്കും.
തന്നിലേക്ക് നോക്കാൻ ,തന്നെ പകർത്താൻ അവരോട് അയാൾ പലവുര അഭ്യർത്ഥിക്കുകയും..
അയാളിലേക്ക് നോക്കുന്നതിന് പകരം അയാളുടെ ഇരിപ്പിടത്തിന്പുറകിലെ ചുമരിലെ ഘടികാരത്തിലേക്ക് നോക്കി സ്റ്റാഫുകൾ നെടുവീർപ്പിടുകയും ചെയ്യും.
രാത്രി പത്തു മണിക്ക് വീട് എത്തുംവരെ കൃത്യമായി വിഭജിച്ച സമയങ്ങളിൽ ചെയ്തു തീർക്കേണ്ടുന്ന പതിവു ജോലികളും ചര്യകളും അയാൾക്കുണ്ട്. ആ കൃത്യത തന്നെയാണ് അയാളുടെ വിജയങ്ങളുടെ ആധാരം.
രാത്രി പത്തുമണി ഇരുപത് മിനുറ്റിന് അയാളും ഭാര്യയും തീൻമേശയിൽ എല്ലാ ദിവസവും മുഖാമുഖം വരും.
ചപ്പാത്തിയും അരക്കപ്പ് കുറുമയും പതിവായി കഴിക്കുന്ന അയാളുടെ സ്ഥിരം ചോദ്യങ്ങൾക്കും നോട്ടത്തിനുമായി അവൾ ശാരീരിക ക്ഷീണവും ഉറക്കച്ചടവും മാറ്റി വെച്ച് കൂട്ടിരിക്കും.
ഘടികാര സൂചികളുടെ ചലനം മാത്രം പതിഞ്ഞു കേൾക്കാവുന്ന നിശബദയെ കണ്ടിച്ച് കൊണ്ട് കൃത്യം പത്തുമണി ഇരുപത്തിമൂന്ന് മിനുറ്റിന് പ്ലേറ്റിൽ നിന്നും മുഖമുയർത്തി അവളെ നോക്കി അയാൾ ചോദിക്കും " സാറാ നീയും പിള്ളേരും കഴിച്ചില്ലെ.."
"ഉവ്വ് "
അയാൾ വീണ്ടും പ്ലേറ്റിലേക്ക് മുഖം താഴ്ത്തും
പത്തുമണി ഇരുപത്തഞ്ചു മിനുറ്റിന് അയാൾ വീണ്ടും അവളിലേക്ക് മുഖമുയർത്തും
"സാറാ ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു "
"നല്ല ദിവസമായിരുന്നു ജയിംസ് " കൂടുതലെന്തങ്കിലും പറയാൻ തുടങ്ങു മ്പോഴേക്കും അയാൾ മുഖം താഴ്ത്തുമെന്നറിയാവുന്നത് കൊണ്ടും.. രണ്ട് ചപ്പാത്തിയിൽ കൂടുതൽ അയാൾ കഴിക്കില്ലെന്ന് അറിയാമായിരുന്നിട്ടും.. അവൾ ചോദിക്കും
"ജയിംസ് ഒരു ചപ്പാത്തി കൂടി.. "
"നോ സാറ..,താങ്ക്സ് "
സമയം പത്തെ ഇരുപത്തിയേഴ്
അയാൾ എഴുനേറ്റ് കൈയ് കഴുകി .. ബ്രഷ് ചെയ്ത്..
ഇപ്പോൾ സമയം പത്തുമണി ഇരുപത്തൊമ്പത് മിനുറ്റ് പതിനഞ്ച് സെക്കന്റ്
അയാൾ ഒരിക്കൽ കൂടി സാറയിലേക്ക് മുഖമുയർത്തി, "ഗുഡ് നൈറ്റ് സാറ " എന്നു പറയും.
ഇതിനപ്പുറം അയാൾ അവളോട് സംസാരിക്കുക എന്നത് ഘടികാര സൂചികൾക്ക് അയാളെ തോൽപ്പിക്കുവാനുള്ള അവസരമാണന്നതിനാൽ അവൾ അയാളി നിന്ന് അത് പ്രതീക്ഷിക്കുന്നില്ല.
കൃത്യം പത്തുമണി മുപ്പത് മിനുറ്റിന് വീണ്ടുമയാൾ ലാപ് ടോപിനു മുന്നിലെത്തും..
" രാത്രിഎന്ന അവസ്ഥയും ഉറക്കം എന്ന ചടങ്ങും ഇല്ലായിരുന്നുവെങ്കിൽ മനുഷ്യന് ജോലി ചെയ്യാൻ എത്ര അധികസമയം ലഭ്യമാകുമായിരുന്നു."
ഒരിക്കൽ അയാൾ രാത്രിയെ കുറിച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നെന്ന് അവൾ ഓർത്തെടുത്തു. അയാൾ അല്പസമയം ഉറങ്ങാൻ കിടന്നിരുന്നത് നേരത്തെ ഉണരുവാൻ വേണ്ടി മാത്രമായിരുന്നു എന്നും അവൾ പറഞ്ഞു. അയാളിൽ നിന്നും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാവാൻ കഴിഞ്ഞതിലെ അത്ഭുതവും ഭാഗ്യവും അവൾ പങ്കുവെക്കുകയുണ്ടായി.
ഘടികാരങ്ങൾ നിലച്ച ഒരു പ്രഭാതത്തിൽ അവൾ എത്ര തട്ടിവിളിച്ചിട്ടും അയാൾ എഴുനേറ്റില്ല. അയാൾ ഇത്രശാന്തനായി ഉറങ്ങുന്നത് ആദ്യമായി കാണുകയായിരുന്നു അവൾ.
നാലു മണിക്കൂർ മുമ്പെങ്കിലും അയാളുടെ മരണം സംഭവിച്ചിരിക്കണമെന്ന് ഡോക്ടർ പറയുമ്പോൾ നാലര മണിക്കൂർ മുമ്പ് നിശ്ചലമായ ഘടികാരത്തിലുടക്കി നിൽക്കുകയായിരുന്നു അവളുടെ കണ്ണുകൾ..
അന്ന് അവർക്ക് തോന്നിയ അത്ഭുതം എന്നോട് മാത്രമാണ് അവൾ പങ്കുവെച്ചത്.
ഇത്ര ചെറുപ്പത്തിലെ വിധവയാവുക.. കുട്ടികൾക്ക് അച്ഛനില്ലാതാവുക.. അയാൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിന് അധിപനി ല്ലാതാവുക.. അതൊരു പരീക്ഷണം തന്നെയാണല്ലാ..
അയാളുടെ ശൂന്യതയുമായി നീയും കുട്ടികളും എങ്ങനയാണ് പൊരുത്തപ്പെടുന്നത് ഒരു കൗതുകത്തിന് ഞാൻ അവളോട് ചോദിച്ചിരുന്നു..
ചെറിയ നിശബ്ദതയ്ക്കു ശേഷം ചെറുപുഞ്ചിരിയോടെയാണ് അവൾ അതിനുള്ള മറുപടി തന്നത്.
ഞങ്ങളുടെ വീട്ടിലിപ്പോൾ ആ പഴനിശബ്ദതയില്ല സുഹൃത്തെ..
എന്റെ കുട്ടികൾ ഇപ്പോൾ ഒച്ച വെക്കാറുണ്ട്.. അവർ പരസ്പരം കലഹിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യാറുണ്ട്.. ഞാനും അതിൽ പങ്കാളിയാവാറുണ്ട്.
പ്രത്യേകിച്ചൊരു നഷ്ടബോധമോ.. ശൂന്യതയോ അവൾക്കും കുട്ടികൾക്കും നൽകാതെ വിടവാങ്ങിയ അയാളുടെ ജീവിതം ഞാനിപ്പോൾപുന:ർവായന നടത്തുകയാണ് .
അയാളുടെ വിയോഗത്തിൽ ഒറ്റപ്പെട്ടു പോയത് ..,ഏറ്റവും വലിയ ശൂന്യത അനുഭവിക്കുന്നത് അയാളുടെ 'ലാപ്ടോപ്പ് ' മാത്രമായിരിക്കുമെന്ന് ഞാൻ അനുമാനിക്കട്ടെ..
എനിക്കു തെറ്റുപറ്റിയെങ്കിൽ സദയം ക്ഷമിക്കുക.
Story
by
AbuNujaim

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot