Slider

ജന്മനൊമ്പരങ്ങൾ.. ഭാഗം-2

0
ജന്മനൊമ്പരങ്ങൾ.. ഭാഗം-2
.............................
"മാഷേ...വിശ്വനാഥൻ മാഷേ"
ഏതോ സ്വപ്നത്തിൽ നിന്നോണം വിശ്വനാഥൻ ഞെട്ടി ഉണർന്നു... തന്നെ തന്നെ നോക്കിയിരിക്കുന്ന ഒരു കാക്കിധാരി
"മാഷേ..ഞാൻ എസ്.ഐ മനോജ്.. നാടാൽ സ്റ്റേഷനിലാ..മാഷേയും ടീച്ചറെയും കോടതിയിൽ എത്തിക്കാനുള്ള ചുമതല എനിക്കാ"
എസ്.ഐ മനോജ്,വിശ്വനാഥൻ്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു
"മാഷിന് എന്നെ ഓർമ്മയുണ്ടോ? കുട്ടികളെ ഒന്ന് നുള്ളി നോവിക്കുക പോലും ചെയ്യാതിരുന്ന വിശ്വനാഥൻ മാഷ് ഒരു നാലാംക്ലാസുക്കാരനെ തല്ലിയത് ഓർമ്മയുണ്ടോ"
വിശ്വനാഥൻ്റെ ഓർമ്മകൾ പുറകിലേക്ക് സഞ്ചരിക്കാൻ തുടങ്ങി
"ഒരു കുട്ടികളെയും അടിക്കാറില്ലെങ്കിലും കൈയിൽ കരുതിയ വടി ഒടിയും വരെ, അവൻ്റെ തുടയിൽ നിന്ന് ചോര പൊടിയും വരെ തല്ലിയത് ഓർമ്മയുണ്ടോ? എന്തിനായിരുന്നു മാഷ് അന്നവനെ തല്ലിയത് എന്ന് മാഷിന് ഓർമ്മയുണ്ടോ?...എന്നിട്ട് ആരോടും പറയാതെ മാഷ് എങ്ങോട്ടെക്കാ പോയത്?"
"മനോജ്" വിശ്വനാഥൻ്റെ ഓർമ്മ ആ പഴയ നാലാം ക്ലാസിലേക്ക് പോയി..
ക്ലാസിലെ ഏറ്റവും വികൃതിയായ കുട്ടി..തല്ല് കൊള്ളിത്തരങ്ങൾ മാത്രം കൈമുതലായവൻ...ഒരു ദിവസം ക്ലാസിലേക്ക് വരുമ്പോൾ കണ്ട കാഴ്ച... കടലാസ് ചുരുട്ടി സിഗരറ്റ് പോലെയാക്കി കത്തിച്ച് അവൻ വലിക്കുന്നു..അന്ന് ജീവിതത്തിൽ ആദ്യമായി താൻ വടിയെടുത്തു..എനിക്ക് ദേഷ്യത്തെക്കാൾ കൂടുതൽ സങ്കടമായിരുന്നു..മതി വരുവോളം അവനെ തല്ലി..വടി ഒടിഞ്ഞു പോയതൊന്നും അറിഞ്ഞില്ല...അന്ന് പിന്നെ ക്ലാസെടുക്കാൻ തോന്നിയില്ല..ഹാവ്ഡേ ലീവെടുത്ത് വീട്ടിൽ പോയി..പിറ്റേന്നു തന്നെ ട്രാൻസ്ഫറിന് എഴുതി കൊടുത്തു..പിന്നീടുള്ള ദിവസങ്ങളിൽ അവൻ്റെ മുഖത്ത് നോക്കാൻ ഒരു മടി പോലെ..അതുകൊണ്ട് ലോങ്ങ് ലീവെടുത്ത് വീട്ടിലിരുന്നു...അടുത്ത അധ്യായന വർഷം മുതൽ മറ്റൊരു സ്ക്കൂളിലേക്ക് ട്രാൻസ്ഫർ കിട്ടി പോയി..അവിടെ വച്ചാണ് സുവർണയെ പരിചയപ്പെടുന്നതും പ്രണയിക്കുന്നതും..
എസ്.ഐ മനോജിൻ്റെ ശബ്ദമാണ് വിശ്വനാഥൻ്റെ ഓർമ്മകളെ മുറിച്ചത്.
"മാഷ് അന്ന് എന്നെ അടിച്ചതിൻ്റെ ഗുണം എനിക്ക് പിന്നീടാണ് ഉണ്ടായത്..അതിനു ശേഷം ഇന്നേവരെ മദ്യമോ പുകവലിയോ ഞാൻ ശീലിച്ചിട്ടില്ല..കള്ളുചെത്തുകാരൻ കൃഷ്ണൻ്റെ മകൻ,അവൻ്റെ അച്ഛനെ പോലെ മുഴുകുടിയനാകുമെന്ന് നാട്ടുക്കാർ പറഞ്ഞു നടന്നു...അതെന്നെ വാശിക്കാരനാക്കി..സത്യത്തിൽ മാഷോട് എനിക്ക് അന്നേരം ദേഷ്യമായിരുന്നു...മാഷ് ഞാൻ കാരണം സ്ക്കൂളിൽ വരാതായതും പിന്നീട് ട്രാൻസ്ഫർ ചോദിച്ചു വാങ്ങി മാഷ് ആ സ്ക്കൂളിനോട് വിടപറഞ്ഞതും എന്നെ മാനസികമായി ഉലച്ചു..എൻ്റെ ആ അറിവില്ലായ്മയ്ക്ക്,കുരുത്തക്കേടിന് മാഷ് മാഷേ തന്നെ സ്വയം ശിക്ഷിച്ചപ്പോൾ കരഞ്ഞത് ഞാനായിരുന്നു...കുറ്റബോധം എന്നെ പുതിയൊരു മനുഷ്യനാക്കി...പഠിച്ച് ഒന്നാമനായി... ദേ..ഇപ്പോൾ എസ്.ഐയുമായി"
മനോജ് ഒന്ന് നിർത്തി..വിശ്വനാഥൻ്റെ മുഖത്തേക്ക് നോക്കി..
"ഇന്ന് രാവിലെയാണ് എനിക്ക് ഡ്യൂട്ടി ഹാൻഡ് ഓവർ ചെയ്തത്.. സത്യം പറഞ്ഞാൽ ഞാനിത് ആഗ്രഹിച്ചിരുന്നില്ല.. ഈ ഓർഡർ ഏറ്റു വാങ്ങുമ്പോൾ എൻ്റെ നെഞ്ചം പൊടിയുകയായിരുന്നു...പക്ഷെ എനിക്ക് മാഷേയും ടീച്ചറെയും കാണണമെന്നുണ്ടായിരുന്നു..സത്യമെന്തെന്ന് അറിയണമെന്നും...അന്നത്തെ ആ വാർത്ത കണ്ട് ഞാൻ ശരിക്കും ഞെട്ടി...എന്നെ ഞാനാക്കി മാറ്റിയ എൻ്റെ വിശ്വനാഥൻ മാഷ് സ്വന്തം മകൾക്ക് വിഷം കൊടുത്ത് കൊല്ലുകയോ?ആ പ്രതികൾ എൻ്റെ മാഷും ടീച്ചറും ആവരുതേയെന്ന് മനമുരുകി പ്രാർത്ഥിച്ചിരുന്നു...ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല ഇതെൻ്റെ വിശ്വനാഥൻ മാഷാണ് ചെയ്തതെന്ന്...അതുകൊണ്ട് തന്നെ അല്പം മുമ്പുവരെ,മാഷേ കാണുന്നത് വരെ ഞാൻ എൻ്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിരുന്നു...എൻ്റെ മാഷത് ചെയ്യില്ലെന്ന്...എനിക്കറിയുന്ന മാഷിന് സ്വന്തം മോളെ പോയിട്ട് ഒരു ഉറുമ്പിനെ പോലും കൊല്ലാൻ പറ്റില്ല..പറ മാഷേ..എൻ്റെ മാഷിനെന്താ പറ്റിയത്? മാഷ് തന്നെയാണോ അത് ചെയ്തത്.."
എല്ലാ പോലീസുക്കാരുടെയും മുഖത്ത് ആകാംക്ഷ..ഇതുവരെ വെറുപ്പോടെ മാത്രം വിശ്വനാഥനെയും സുവർണയേയും കണ്ട അവർക്ക് അവരോട് സഹതാപം തോന്നി..
വിശ്വനാഥൻ മനോജിൻ്റെ മുഖത്തേക്ക് നോക്കി..തൻ്റെ ശിഷ്യൻ്റെ കൈകൾ കൂട്ടി പിടിച്ചു.. വിശ്വനാഥൻ്റെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ മനോജിൻ്റെ കൈകളിൽ വീണ് പൊള്ളിയടർന്നു..
എന്നിട്ട് ഒന്നുമുരിയാടാതെ പുറത്തേക്ക് നോക്കിയിരുന്നു.
വിശ്വനാഥൻ്റെ ഉള്ളം വെന്തുരുകി..
ഞങ്ങളുടെ കല്ല്യാണി... വൈകിയാണെങ്കിലും ദൈവം തനിക്കും സുവർണക്കും കനിഞ്ഞു നല്കിയ പൊൻമുത്ത്..ആശുപത്രിയിലെ നേഴ്സിൻ്റെ കൈയിൽ നിന്നും അവളെ ഏറ്റു വാങ്ങുമ്പോൾ തൻ്റെ കൈ വിറച്ചിരുന്നു..അതൊരു പെൺകുട്ടിയാണെന്നറിഞ്ഞപ്പോൾ താൻ ഏറെ സന്തോഷിച്ചു... അച്ഛനോട് ഏറ്റവും അടുപ്പം പെൺകുട്ടിക്കൾക്കാണെന്ന് കേട്ടിട്ടുണ്ട്...അവളുടെ നെറ്റിയിൽ പതുക്കെ ചുംബിക്കുമ്പോൾ ഒരു ലോകം കീഴടക്കിയവൻ്റെ ഭാവമായിരുന്നു... അവളുടെ ഓരോ വളർച്ചയും ഞങ്ങൾ ആസ്വദിക്കുകയായിരുന്നു..അവളുടെ 'അച്ഛേ' എന്നുള്ള മധുരമൊഴി കാതിൽ കുളിർമഴ പെയ്യിച്ചിരുന്നു..അവളുടെ ചിരിയും കരച്ചിലും കൊഞ്ചലും ഇന്നലെ കഴിഞ്ഞ പോലെ..അവളുടെ മുഖം വാടാതിരിക്കാൻ ഞങ്ങൾ പരസ്പരം മത്സരിക്കുകയായിരുന്നില്ലേ...അച്ഛൻ്റെയും അമ്മയുടെയും ആഗ്രഹത്തിനൊത്ത് ജീവിച്ച മകൾ..ഒരു മകളും ഇത്രമാത്രം അച്ഛനമ്മമാരെ സ്നേഹിച്ചിട്ടുണ്ടാവില്ല..എന്നിട്ടും ഞങ്ങളുടെ ഈ കൈകൾ കൊണ്ട് ഞങ്ങളുടെ പൊന്നു മോളെ...ഞങ്ങൾ ഉരുട്ടി കൊടുത്ത ആ അവസാന ചോറുരുളയും ഒരു മടിയും കൂടാതെ അവൾ വാങ്ങി കഴിക്കുമ്പോൾ,അവൾ ഒന്നേ ഞങ്ങളോട് പറഞ്ഞിരുന്നുള്ളു..'അച്ഛനും അമ്മയും കരയരുത് ..ചിരിച്ചു കൊണ്ടു വേണം എന്നെ യാത്രയാക്കാൻ' എന്ന്, അതുകൊണ്ട് തന്നെ ഞങ്ങളുടെ ഉള്ളം വേവുന്നത് അവൾ കാണാതിരിക്കാൻ, ഞങ്ങളുടെ കണ്ണീര് അവളെ പൊള്ളിക്കാതിരിക്കാൻ ഞങ്ങൾ നല്ല നടീനടന്മാരായി...സ്വന്തം മകളെ കൊന്ന പാപം ഏത് ഗംഗയിൽ മുങ്ങിയാണ് മാറുക,എത്ര ജന്മമെടുത്താലാണ് തീരുക?
കണ്ണീര് വീണ് വിശ്വനാഥൻ്റെ കാഴ്ചകൾ മങ്ങി...
"മാഷേ..കോടതിയെത്തി..ഇറങ്ങ്
കണ്ണീർ തുടച്ച് വിശ്വനാഥൻ സുവർണയുടെ കൈപിടിച്ച് പതുക്കെ ഇറങ്ങി..പുറത്ത് കഴുക്കന്മാരെ പോലെ വട്ടമിട്ട് ചാനലുകാരും മാധ്യമങ്ങളും...പോലീസുകാരുടെ അകമ്പടിയോടെ കോടതിയിലേക്ക് നടക്കുമ്പോൾ പിന്നിൽ കൂടി നിന്ന ജനങ്ങളുടെ ഇടയിൽ നിന്ന് കൂവി വിളി ഉയർന്നു...ചിലർ കാർക്കിച്ചു തുപ്പി..
വിശ്വനാഥനും സുവർണയും കോടതിയിലേക്ക് കയറി...കോടതി നടപടികൾ ആരംഭിക്കുകയായി...പ്രതികൂട്ടിലേക്ക് രണ്ടു പേരും കയറി നിന്നു...
ഇനി വിധി
(തുടരും)
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo