Slider

ഉരുണ്ട ഭൂമി

0
Image may contain: 1 person, closeup and outdoor

പാദസരം മിനുങ്ങുന്ന കാലിലൂടെ അരിച്ച് കയറുന്ന തണുപ്പിനെ മൂടി ഞാനെന്റെ നഗ്നതയിലേയ്ക്ക് കമ്പിളി വലിച്ചിട്ടു, ജഗനോട് ഒട്ടിക്കിടക്കുമ്പോൾ
മകരക്കുളിരിലും കഴുത്തിൽ വിയർപ്പ് തുള്ളികൾ വിടാതെ പറ്റിയിരുന്നിരുന്നു.
രാത്രിയുടെ നിറം പിടിച്ച സ്വപ്നത്തിൽ നിന്നുണർന്നിട്ടാവും ജഗനെന്റെ നെറ്റിയിൽ ദീർഘമായി ചുംബിച്ചു.ഒരു കടലിന്റെ തിരയടികൾ മുഴുവനായും പേറുന്ന വെള്ളാരം കല്ലിന്റെ നിറമുള്ള ശംഖ് പോലെ മനോഹരമായ ചുംബനങ്ങൾ.
എല്ലാം ഒരു ചുംബനത്തിലേയ്ക്ക് മാത്രമായൊതുങ്ങുന്നത് പോലെ..
പത്ത് വയസ്സിൽ കരിവളപ്പൊട്ടുകളും
കൗമാരത്തില്‍ അക്ഷരങ്ങളും കൈമാറി,
ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ രണ്ട് കുഞ്ഞ് മാലാഖമാർക്ക് അമ്മ വാത്സല്യം നൽകാനേൽപ്പിച്ചും, ഇന്ന് ഈ തണുത്ത കാറ്റ് വലം വെയ്ക്കുന്ന മൈതാനത്തിന്റെ നടുവിൽ, വില്ലീസ് വുഡ് മേഞ്ഞ മുറിയിൽ എല്ലാം മറന്ന് രണ്ട് നഗ്നതകൾ തമ്മിലുരഞ്ഞ് ചൂടറിയുമ്പോഴും അവനെന്നെ പ്രണയിക്കുകയായിരുന്നു.
വടിവൊത്ത അക്ഷരങ്ങളിൽ എത്ര കവിതകളാണെന്റെ അടിവയറ്റിൽ ചോര പൊടിച്ച് പിറവി കൊണ്ടത്.
എല്ലാം പ്രണയമായിരുന്നു.
കവിതകൾ വിടരാത്ത മാസമുറകളിൽ,എന്റെ രക്തത്തെ ഒരമ്മയുടെ കണ്ണീരിനെപ്പോലെ തഴുകി, എന്നെ മാറോട് ചേർത്ത്
'' എന്റമ്മയെ പോലൊരു പെണ്ണ്'' എന്നുറക്കെയുറക്കെ പറഞ്ഞപ്പോഴും ജഗൻ വിപ്ലവം കൈവിടാത്ത കനലേന്തിയ നല്ല സഖാവായി എന്നെ പ്രണയിക്കുകയായിരുന്നു.
രാത്രിയുടെ രസച്ചരട് പൊട്ടാത്ത ക്രീഡകളിൽ അലസമായി അഴിഞ്ഞ് കിടന്ന മുടിയിഴകളെ സശ്രദ്ധം പിടിച്ച് കെട്ടുകയായിരുന്ന എന്നെ ഇടം കണ്ണെറിഞ്ഞ് ജഗൻ ദീർഘമായി ശ്വാസമെടുത്തു.
"ഉണ്ണി ഒന്നും പറഞ്ഞില്ല".
ജഗന്റെ ശബ്ദം പതിവിലും താഴ്ന്നിരുന്നു.
"ഞാനെന്താ ജഗൻ പറയേണ്ടത്.... നിന്റെ ശരികൾ ചിലപ്പോഴെല്ലാം നിന്റേത് മാത്രമാകുന്നു."
ഒരു പക്ഷേ ഞാനൊന്ന് വിങ്ങിക്കരയാൻ ആഗ്രഹിച്ചിരുന്നു.
ശബ്ദം ഇടറിയിരുന്നു.
അതറിഞ്ഞാവണം ജഗൻ എന്റെ നേരെ ഇരു കൈയ്യും നീട്ടിയത്.
അവന്റെ പരിഗണനകളിൽ എനിയ്ക്ക് വിട്ട് കൊടുക്കാൻ കഴിയാത്ത ഒരു തീരുമാനമായത് കൊണ്ട് തന്നെ ഞാൻ തല വെട്ടിച്ച് എഴുന്നേറ്റിരുന്നു.
അലസമായി വലിച്ചെറിയപ്പെട്ട നൈറ്റ് ഗൗൺ വാരിയെടുത്തുടുത്ത് ഒരു കരച്ചിലൊഴിവാക്കാൻ പുറത്തേക്ക് നടന്നു.
"പപ്പാ....."
തുറന്ന് കിടന്നിരുന്ന വാതിലിൽ
ക്രിക്കറ്റ് ബാറ്റ് വെച്ച് തല്ലിക്കൊണ്ട് ദക്ഷ് കട്ടിലിൽ ചാടിക്കയറിയിരുന്നു.
"പപ്പ എഴുന്നേൽക്കുന്നില്ലെ? നമുക്ക് പോകണ്ടെ?"
"പോകണം. ഇഷ എവിടെ??"
"അവളച്ഛമ്മേടെ കൂടെ പുറത്ത് വെയിലത്തിരിക്കുവാ.."
"എന്നാ മോൻ പോയി വേഗം കുളിക്കാൻ നോക്ക്.അച്ഛമ്മയോട്
പറയൂ ഇഷയെ കുളിപ്പിക്കാൻ."
"അല്ല പപ്പാ... നമ്മൾ ശരിയ്ക്കും എവടേക്കാ പോകണെ?? സസ്പെൻസ് പൊളിയ്ക്കു പപ്പാ..."
എന്തോ ആലോചിച്ചു ജഗൻ ചുവരിൽ തൂക്കിയിട്ട ഫ്രെയിമിലേയ്ക്ക് വിരൽ ചൂണ്ടി.
"അവനെ കാണാൻ"
"ആരെ..? അതിൽ കുറേ പേരുണ്ടല്ലൊ.. അത് പപ്പേടെ കോളേജ് ഫോട്ടൊയല്ലെ.."
"അതിൽ രമണി ടീച്ചർടെ തൊട്ടടുത്ത് നീല ഷർട്ടിട്ട് നിക്കണ പയ്യനെ കാണാൻ."
രമണി ടീച്ചറെ ദക്ഷിനറിയാം.
പപ്പേടെ കൂട്ടുകാരൊക്കെ വരുമ്പോ എപ്പോഴും കടന്ന് വരുന്ന പേരാണത്.
ഒരു അദ്ധ്യാപിക എങ്ങനെയായിരിക്കരുത് എന്നതിന്റെ ഉത്തമോദാഹരണമാണ് രമണി ടീച്ചറെന്ന് ഷഫീഖ് അങ്കിൾ അവനോട് പറയാറുണ്ടെപ്പോഴും.
ദക്ഷ് ആ ഫോട്ടൊ ആദ്യമായി കാണുന്നത് പോലെ നോക്കിയിരുന്നു.
വെള്ളാരം കണ്ണുള്ള രമണി ടീച്ചർടെ സാരിത്തുമ്പ് പിടിച്ച് നിൽക്കുന്ന തടിച്ചുരുണ്ട ഒരു പയ്യൻ. ടീച്ചർടെ അപ്പുറത്തുള്ളത് പപ്പയാണെന്ന് അവൻ ആരും പറയാതെ പണ്ടേ കണ്ടെത്തിയതാണ്.
ചിരിയിലെ നുണക്കുഴി ഇന്നും ജഗന്റെ കവിളിൽ വിടർന്നിരിപ്പുണ്ട്.
"ആ അങ്കിളിപ്പൊ എവിടെയാ.??"
"പപ്പയ്ക്കറിയില്ലെടാ... വട്ടവടയിലെവിടെയൊ ഉണ്ടെന്ന് ഷഫീഖ് അങ്കിളാ പറഞ്ഞെ???"
"വട്ടവട എവിടെയാ പപ്പാ??"
''മൂന്നാർ.. കഴിഞ്ഞ വർഷം നമ്മൾ പിക്നിക് പോയതോർമ്മയില്ലെ അവിടന്നും ദൂരെ..."
"എങ്കി വേം പോം പപ്പാ... ഉച്ചയാവാറായി."
ദക്ഷ് ബാറ്റ് താഴേയ്‌ക്കെറിഞ്ഞ് കുളിമുറിയിലേയ്ക്കോടി.
പുറകെ ഉണ്ണിയും.
വാതിൽക്കലെത്തി അവളൊന്നു തിരിഞ്ഞു.
"ഫോട്ടോയിൽ പപ്പേടെ തൊട്ടടുത്ത് പറ്റിച്ചേർന്നിരിക്കുന്ന പെണ്ണേതാന്ന് ഒരിക്കൽ ദക്ഷൻ ചോദിക്കും,
അന്ന് മാതൃകാ പിതാവ് പറഞ്ഞേക്കണം
അന്നും ഇന്നും ഈ സഖാവിന്റെ പ്രണയാക്ഷരങ്ങളായിരുന്ന ഈയുള്ളവളാണെന്ന്.
ജനിച്ച മതത്തിന്റെ വിശ്വാസ പ്രമാണങ്ങൾ വേണോ ഒരു ദരിദ്ര നാരായണൻ ചെക്കന്റെ കൂടെയുള്ള കഞ്ഞീം പയറും ജീവിതം വേണോന്ന് ഇടവക മുഴുവൻ ചോദിച്ചപ്പൊ
"''നീ.. മതി.. നീ മാത്രം മതി""
എന്ന് പറഞ്ഞ് കൂടെ വന്ന ഈ ഉണ്ണിമേരിയാണെന്ന്.അത് പറയണം ജഗൻ... നിന്റെ സ്നേഹത്തിന് മുന്നിൽ മാത്രമല്ലാതെ ഞാനൊരിക്കൽ കൂടി ജയിച്ചോട്ടെ...."
വർഷങ്ങളായി അടക്കി വെച്ച കണ്ണീര് മുഴുവൻ കുത്തിയൊലിച്ചു പെയ്യുന്നത് പോലെ തോന്നി. ഒരു മഴ പോലെ നിർത്താതെ പെയ്യണമെന്ന്.
ജഗൻ മറുപടിയൊന്നും പറയാനാവാതെ കൈ കുത്തിയിരുന്നു. അവനെ ഇത്രയേറെ നിഷ്പ്രഭനായി ഞാനന്നാണ് കാണുന്നത്.
എന്റെ കണ്ണീര് കയ്പ്പാകുന്നത് ഞാനറിഞ്ഞു.
എന്നുമിങ്ങനെയാണ് ഞാനവന്റെ കരുതലുകളെയും ചേർത്ത് പിടിക്കലുകളെയും നോവിച്ചിട്ടെ ഉള്ളു.
ഞാൻ പതിയെ ചെന്ന് ജഗന്റെ ചുമലിൽ കൈവച്ചു. മുഖമുയർത്തിയപ്പോൾ അന്തി ചുവപ്പിച്ച കടലുപോലെ ആ കണ്ണുകൾ കലങ്ങിയിരുന്നു.
" ജഗൻ... പോകണം എന്ന് തന്നെ യാണോ നിനക്ക്".
നിമിഷങ്ങളുടെ മൗനം.
"അതെ ഉണ്ണി. എനിയ്ക്കവനെ കാണണം. അറിയണം. എന്തിനായിരുന്നു ന്ന്. കൂടെപ്പിറപ്പിനെ പോലെ കണ്ട എന്നോട്.. എന്റെ പെണ്ണിനോട് എന്തിനായിരുന്നു ന്ന്.. എനിയ്ക്ക് "
ജഗൻ വല്ലാതെ അണയ്ക്കുന്നുണ്ടായിരുന്നു.
ഒരു കാലത്ത് തീപ്പൊരി പ്രസംഗത്തിലൂടെ ക്യാമ്പസ്സിനകവും പുറവും ചുവപ്പിച്ചിരുന്നവൻ വാക്കുകൾ കിട്ടാതെ ഉഴലുന്നത് പോലെ.
തീരെ ആഗ്രഹിക്കാഞ്ഞിട്ടും എന്റെ ഓർമകൾ 15 വർഷം പിറകോട്ട് പോയി.പൂവാകകൾ പൂത്ത് ചുവന്നിരുന്ന കോളേജ്.ക്രിസ്തീയ രൂപഭംഗികളുടെ സമ്മിശ്രശ്രേണിയിൽ സുന്ദരങ്ങളായ കെട്ടിടങ്ങൾ.
അവിടെ ഞാനും ജഗനും ദേവനാരായണനും പിന്നെ മറ്റനേകായിരങ്ങളും.
ഇടവകയച്ഛന്റെ നിർബ്ബന്ധത്തിലാണ് ഞാനവിടെയെത്തുന്നത്.
എന്റെ നിർബ്ബന്ധത്തിന് ജഗനും.
മുംബെയിൽ ജേര്‍ണലിസം സീറ്റ് ഉറപ്പിച്ച അവനെ കുട്ടിക്കാലത്തിന്റെ മധുരം പറഞ്ഞ് ,കൂട്ട് വിട്ട് പോകല്ലെ ന്ന് പറഞ്ഞ് ഇവിടെ ബിബിഎ എടുപ്പിച്ചപ്പോൾ എന്റെ മനസ് ശാന്തമായിരുന്നു. നഷ്ടപ്പെടില്ലെന്നൊരുറപ്പുണ്ടായിരുന്നു.
ഇന്ന് ദക്ഷിണേന്ത്യയിൽ ഏറ്റവുംകൂടുതല്‍ ടേൺ ഓവറുള്ള കമ്പനിയുടെ
CEO ആയിരിക്കുമ്പോഴും ജഗന്റെ മനസ് കുഴി തോണ്ടി പോസ്റ്റ്മോർട്ടം ചെയ്യുന്ന ജേണലിസത്തിൽ തന്നെയാണ്.
...............................................
അന്ന്, ഗേൾസ് ഹോസ്റ്റലിൽ അധ്യാപകർ നടത്തുന്ന രാത്രി സന്ദർശ്ശനങ്ങൾക്കെതിരെ സമരം ചെയ്യുന്നിടത്തു നിന്നാണ്, കെമിസ്ട്രിക്കാരൻ ദേവനാരായാണൻ കൂടെ കൂടുന്നത്. പണക്കൊഴുപ്പിന്റെ ആഡംബരത്തിൽ ലഹരിയിൽ ആറാടിയിരുന്നവന് അതെല്ലാം വെറും നേരം പോക്കുകൾ മാത്രമായിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.
തിരുത്തലുകളില്ലാത്ത കുറേയേറെ തെറ്റുകൾ സംഭവിച്ചു കഴിഞ്ഞിരുന്നു.
ഓർമ്മകളിൽ നിന്ന് ധൃതിപ്പെട്ട് പുറത്ത് ചാടാന്‍ ശ്രമിക്കുമ്പോൾ ജഗൻ തളർന്നവനെ പോലെ കാണപ്പെട്ടു.
" നമുക്ക് പോകാം"
പെട്ടെന്നുള്ള എന്റെ മറുപടി ജഗനെ ഞെട്ടിച്ചുകളഞ്ഞു.
"അതെ... പോകാം.. കണ്ട് പിടിയ്ക്കാം.. നിന്റെ....നിന്റെ മാത്രം കൂട്ടുകാരനായിരുന്നവനെ, എന്നിട്ട് ചോദിയ്ക്ക് ... എന്നെ.. നിന്റെ പെണ്ണിനെ കെമിസ്ട്രി ലാബിന്റെ അരണ്ടവെളിച്ചത്തിൽ നഗ്നയാക്കി, ഭ്രാന്തമായി പ്രാപിക്കുമ്പോൾ രമണി ടീച്ചർ എന്തുകൊണ്ടാണ് എന്റെ നിലവിളികള്‍ക്കുമുമ്പില്‍
വാതിലുകൊട്ടിയടച്ചതെന്ന്.
എന്തായിരുന്നു ആ കച്ചവടത്തില്‍ അവര്‍ക്കുലാഭം എന്ന്."
"ഉണ്ണി... ഞാൻ"
"വേണ്ട.. ജഗൻ.. ഒരു സമാധാനപ്പെടുത്തൽ ഇനി വേണ്ട... ഞാനുമുറച്ചുകഴിഞ്ഞു. എനിയ്ക്കും ചോദിക്കാനുണ്ട്. എന്റെ അതേ പ്രായത്തിൽ.. അത്രയേറെ സ്വപ്നങ്ങളുമായി നടന്നിരുന്ന രമണി ടീച്ചറുടെ മോളെ പറ്റി".
..............................................
നീളൻ പുല്ലുകൾ വിരിച്ച പുൽമേടുകളിറങ്ങി വളഞ്ഞ് പുളഞ്ഞ വഴികളിലെ വെള്ളയും കറുപ്പും ഇടകലർന്ന ആട്ടിൻ പറ്റങ്ങൾ ദക്ഷിനും ഇഷയ്ക്കും പുതിയ കാഴ്ച്ചകളായിരുന്നു.
ഒരു പിക്നിക് മൂഡിന്റെ എല്ലാ നിറങ്ങളും അവരുടെ കണ്ണുകളിൽ കാണാം.
ജഗൻ യാന്ത്രികമായി കാറോടിച്ച് കൊണ്ടേയിരുന്നു.
ഇടയ്ക്കെല്ലാം ജഗൻ ദക്ഷിന്റെ ബാറ്ററി തീർന്ന പാവയെ പോലെ നിസ്സഹായനായി തോന്നിച്ചു.
സമൂഹം മൊത്തം പീഡിപ്പിക്കപ്പെട്ടവൾ എന്ന് പറഞ്ഞ് മാറ്റിനിർത്താനിഷ്ടപ്പെട്ടപ്പോൾ ചേർത്ത് നിർത്തി കൂടെ ജീവിക്കാൻ ആവശ്യപ്പെട്ടവന്റെ ഊർജ്ജമൊന്നും അവനിൽ കാണാനെ കഴിഞ്ഞില്ല.
കുന്നിൻ ചെരുവികളിലെ ആയാസമെന്ന് തോന്നിക്കുന്ന ചെറിയ വളവുകൾ പോലെ എന്റെ മനസ് വല്ലാതെ അസ്വസ്ഥമായിരുന്നു.
ഒരു ഉറക്കത്തിന്റെ ആലസ്യത്തിൽനിന്നു കണ്ണ് തുറന്നപ്പോൾ ഞങ്ങൾ ആൾക്കൂട്ടമില്ലാത്ത ഒരു കവലയിലെത്തിയിരുന്നു.
എന്തെല്ലാമൊ ഒളിക്കുന്നത് പോലെ കറുപ്പണിഞ്ഞ് മാനം തൊട്ട് നിൽക്കുന്ന ഒരു വലിയ മരത്തിന്റെ താഴെ ആ ഒരു പ്രദേശം മുഴുവൻ ഉൾക്കൊള്ളുന്നതായി തോന്നി. മരത്തിന്റെ കുറച്ച് മറി വശങ്ങളില്‍ വലിയ ഫ്ലക്സ് കൊണ്ട് മറച്ച് ഓല മേഞ്ഞ് ചെറിയ ചായക്കട പോലൊന്ന്.
എന്നെപ്പോലൊരാൾക്ക് കഷ്ടി നിവർന്നു നിൽക്കാം. ജഗന് സാധ്യമായെന്ന് വരില്ല. മുന്നിൽ വെച്ചിരിക്കുന്ന കരിപിടിച്ച ബെഞ്ചിൽ ഒഴിഞ്ഞ രണ്ട് ചായ ക്ലാസ്.അരികിൽ വിറക് കൂട്ടി കത്തിച്ചിടത്തു കാണുന്ന കനല്‍ മൂന്നാറിന്റെ തണുപ്പിനെ ഓർമ്മിപ്പിക്കുന്നുണ്ട്.കട അടച്ചിട്ടിരിക്കുകയാണ്.
ഉള്ളിൽ പക്ഷേ ഒരു റാന്തൽ വിളക്ക് മിന്നാമിന്നിയെ പോലെ നീറി കത്തുന്നുണ്ട്. ആളുണ്ടാവണം.
ഇരുട്ടും മുന്നെ ആ നാടുറങ്ങിയിരുന്നു. മൊത്തത്തിൽ ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷം. പുറത്തിറങ്ങി മുട്ടി വിളിക്കണമെന്നും വഴി ചോദിക്കണമെന്നുമുണ്ട്. ഭയമനുവധിച്ചില്ല.
നീണ്ട ആലോചനയിൽ നിന്നുണർന്നു ജഗൻ എന്നെ നോക്കി. എന്റെ ഭയം കണ്ടിട്ടാവണം ജഗൻ വണ്ടിയെടുത്തു. വണ്ടി ഒരു തേയിലത്തോട്ടനിടയിലുടെ കുറേയേറെ നീങ്ങി.
തങ്ങാനൊരിടവും കിട്ടില്ലെന്നറിഞ്ഞപ്പോൾ ദക്ഷാണ് പറഞ്ഞത് വണ്ടിയിലുറങ്ങാം എന്ന്. ചിന്തിച്ചപ്പോൾ അത് തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി. ജഗൻ തളർന്നിരുന്നു.
കിടന്നതും ദക്ഷ് ഉറങ്ങി.
ഇഷ ജഗന്റെ മടിയില്‍ കിടന്നുറങ്ങാൻ ശ്രമിക്കുന്നുണ്ട്.
ജഗന് ഉറങ്ങാൻ കഴിയില്ലെന്നെനിക്കറിയാം.
അയാളെ കാണാൻ മനസ്സുറപ്പിച്ച് പാകപ്പെടുത്തിയത് കൊണ്ടാവണം എനിയ്ക്ക് നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു.
ഉറക്കത്തിലെവിടെയോ ക്യാമ്പസ് വീണ്ടും കടന്നു വന്നു.ദേവൻ ... രമണി ടീച്ചർ.. നല്ലതായൊന്നും കണ്ടില്ല. ക്യാമ്പസിൽ സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്ന ഒരു വൃത്തികെട്ട സ്ത്രീ മാത്രമായിരുന്നു അവർ. ഒരദ്ധ്യാപിക ആയിരിക്കാൻ ഒരു യോഗ്യതയുമില്ലാത്തവർ.എത്ര ക്രൂരമായിരുന്നു അവരുടെ നിലപാടുകൾ. എത്രമാത്രം ഇരുണ്ടതായിരുന്നു അവരുടെ കാഴ്ച്ചപ്പാടുകൾ.അവര് കാരണം കണ്ണീര് വീഴാത്ത കുട്ടികൾ വളരെ വിരളമാവണം അവിടെ.
പെൺകുട്ടികളെ അപമാനിച്ച് കരയിപ്പിക്കുന്നത് അവർക്കൊരു വിനോദം മാത്രമായിരുന്നു. ഹാഫ് സ്ലീവ് ധരിച്ചെത്തിയ ഒരു പെൺകുട്ടിയുടെ ചുരിദാർ വലിച്ച് കീറി " നീയൊക്കൊ തുണിയുടുക്കാതെ നടക്കുന്നതാ നല്ലത്.. നിന്റെയൊക്കെ കാമം കത്തിച്ച് തീർക്കാൻ ആവശ്യക്കാരെ അങ്ങനയെ കിട്ടു" എന്നാക്രോശിച്ചിട്ട് ഭ്രാന്തമായി ചിരിച്ചിരുന്ന അവരെ ഒരു മനുഷ്യ സ്ത്രീയായി പോലും ഞാൻ കണ്ടിരുന്നില്ല.
പാതിബോധത്തിൽ അതെല്ലാം ആലോചിച്ച് കണ്ണ് തുറന്നപ്പോൾ ചില്ലുഗ്ലാസിലൂടെ ചെറിയ പ്രകാശരശ്മികൾ അകത്തേക്ക് മടിയോടെ വരുന്നതേയുള്ളു.
വിൻഡോ ഗ്ലാസ് താഴ്ത്തിയപ്പോൾ ഇടുക്കിയുടെ തണുപ്പ് മുഴുവൻ അവിടേയ്ക്ക് കാടിറങ്ങി വന്നത് പോലെ.
ദൂരെ ജഗൻ നിൽക്കുന്നത് കണ്ടു.അപ്പുറത്ത് മക്കളും. അവരെണീറ്റ് പോയതൊന്നും ഞാനറിഞ്ഞിട്ടേയില്ല.
എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെല്ലുമ്പോൾ കാറ്റ് വല്ലാതെ വേദനിപ്പിച്ചു.നല്ല കോടയാണ്.തേയിലത്തോട്ടങ്ങളിൽ പെണ്ണുങ്ങൾ ഇല നുള്ളുന്നുണ്ട്.
പുറത്ത് സഞ്ചികളുമായി അവരെ കാണുമ്പോൾ അങ്ങിങ്ങായി വലിയ കൂണുകൾ മുളച്ച് നില്ക്കണ പോലുണ്ടെന്ന് ദക്ഷിന്റെ കണ്ടെത്തൽ.
ദക്ഷും ജഗനും ഫ്രഷായിരിക്കുന്നു.
ജഗൻ കുറച്ച് മാറി ദ്രവിച്ച് പഴകിയ ഒരു കുഴൽക്കിണർ കാണിച്ച് തന്ന് വേഗം ഫ്രഷാവാൻ ആവശ്യപ്പെട്ടു.
വെള്ളമെടുത്ത് തിരിയുമ്പോൾ എവിടെ നിന്നോ വന്ന ദുർഗന്ധം മൂക്കിലേയ്ക്ക് തുളച്ചുകയറി വല്ലാതെ അലോസരപ്പെടുത്തി.
മൂക്കുപൊത്തി തേയിലക്കാടിന്റെ ഉളളിലേയ്ക്ക് മാറി ബ്രഷ് ചെയ്യാൻ തുടങ്ങിയപ്പോൾ കാലിൽ എന്തോ തടഞ്ഞു.
ചുക്കി ചുളിഞ്ഞ് ചളി പിടിച്ച
ഒരു കാൽ!!!!
ഭയന്ന് നിലവിളിച്ച് പുറകോട്ട് മാറിയപ്പോൾ ജഗൻ ഓടിയടുക്കലെത്തി....
തേയിലച്ചെടികൾക്കിടയിൽ ഒരു ചെറിയ രൂപം...കറുത്ത് മുഷിഞ്ഞ ഭാണ്ഡക്കെട്ട് കാരണം തല കാണാൻ വയ്യ.ജഗൻ ഭാണ്ഡകെട്ട് ശ്രദ്ധയോടെ ഊരിമാറ്റി അവരെ വലിച്ച് റോഡരികിലേയ്ക്ക് കിടത്തിയത് മാത്രമെനിക്കോർമ്മയുണ്ട്. ഭൂമി മൊത്തം ഇടിഞ്ഞുവീണ് എന്റെ തല പിളരുന്നത് പോലെ.
മുഖത്ത് വീണ വെള്ളത്തിൽ എന്റെ ബോധമുണരുമ്പോൾ ആ സ്ത്രീയെ ജഗൻ വണ്ടിയിൽ പിടിച്ചിരുത്തിയിരുന്നു. പഴുത്ത് ചീഞ്ഞ തലയിൽ നിറയെ വെളുത്ത പുഴുക്കൾ ഒന്നിന് മീതെ ഒന്നായി തടിച്ചുവീർത്ത് കെട്ടിക്കിടക്കുന്ന കാഴ്ച്ച വീണ്ടും കാണാനാകാതെ ഞാൻ ഡ്രൈവർ സീറ്റിലേയ്ക്കിരുന്നു.
ഇഷ വല്ലാതെ ഭയന്നിരുന്നു.ദക്ഷ് കൗതുകത്തോടെ ജഗനോടൊപ്പം പുറകിലിരിപ്പുണ്ട്. അറിയാതെ മിററിലേയ്ക്ക് ഒന്ന് നോക്കിയപ്പോഴാണ് ആ ഭീകരത ശരിയ്ക്കും കണ്ടത്. തൂങ്ങി വീഴാനായ ഇടതു കണ്ണിന്റെ താഴെ മുഖത്തെ എല്ലുകൾ വ്യക്തമായി കാണാം. കഴുത്തിലേയും മാറിലേയും കാഴ്ച്ചകളും വ്യത്യസ്ഥമല്ല. മലയിറങ്ങി വരുന്ന സൂര്യന്റെ ചെറിയ രശ്മികളിൽ ആ പുഴുക്കൾ തിളങ്ങി തിളയ്ക്കുന്നുണ്ടായിരുന്നു.
ജഗന്റെ മനസിലെന്തെന്നറിയാവുന്നത് കൊണ്ട് ഞാൻ വണ്ടിയെടുത്തു.
ഓരോ ഗട്ടറിലും പുഴുക്കൾ കാർ സീറ്റിലേയ്ക്ക് വീണ് കൊണ്ടിരുന്നു.അവരുടെ തൊണ്ടയിൽ നിന്ന് അവസാനത്തേത് എന്ന് മാത്രം തോന്നിക്കുന്ന നേർത്ത ശബ്ദങ്ങൾ ഇടയ്ക്കിടെ വന്ന് കൊണ്ടിരുന്നു.
ജീവനുണ്ടെന്ന് ഉറപ്പിക്കാൻ മാത്രം. അടുത്ത് തന്നെ ഒരു പി.എച്ച്.സി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വല്ലാതെ ആശിച്ചു. കുറേ ദൂരം സഞ്ചരിച്ചാണ് ഒരു പഴകി പൊളിഞ്ഞ കെട്ടിടം കണ്ടത്. ദ്രവിച്ച ആംബുലൻസിനപ്പുറം കാട് പിടിച്ച ഒരു ചെറിയ ആസ്ബസ്സ്റ്റോസ് കൂര. അത് മാത്രമെ കാണാനുള്ളു. ബാക്കിയെല്ലാം ഇരുണ്ട വള്ളിപ്പടർപ്പുകൾ മൂടിയിരിക്കുന്നു.
മുറ്റത്തേയ്ക്ക് കയറി നിന്ന ആഡംബര കാറ് കണ്ടിട്ടോ അതോ ആരെയോ പ്രതീക്ഷിച്ചിരുന്ന പോലെയോ രണ്ട് പേർ ഓടിയെത്തി.
പുറകെ വന്ന നേഴ്സ് നിർവ്വികാരായായി ആ സ്ത്രീയെ എടുത്ത് സ്ട്രെച്ചറിൽ കിടത്തി അകത്തേക്ക് അവരെ അനുഗമിച്ചു.
"ഇതാവണം.. ആ സ്ത്രീ ".
നേഴ്സ് അറ്റന്റെഴ്സിനോടായി പറഞ്ഞു.
"ഏത്... ഏത് സ്ത്രീ"
ജഗൻ തിടുക്കപ്പെട്ടു.
"ങേ... ഇവരോ?? ഇവരെ എനിയ്ക്കറിയാം ...ഇവരെ... ഇവരിവിടത്തു കാരിയല്ല... കുറച്ച് വർഷങ്ങളായി ഇവിടെ കാണാം.. മകളുപേക്ഷിച്ചതാണെന്ന് തോന്നുന്നു. മനസ്സിന് സ്ഥിരല്ലാത്ത അവസ്ഥയിലാ ഇവിടെ വന്ന് കൂട്യേ...ആരെയോ അന്വേഷിച്ച് വന്നതാന്നാ തോന്നുന്നെ.കണ്ടെത്താൻ കഴിയാത്തോണ്ട് ഇവിടെയൊക്കെ അലഞ്ഞ് തിരിഞ്ഞ് നടക്കുമായിരുന്നു. ആരേലും വല്ലതും കൊടുത്താൽ കഴിക്കും. ഇല്ലേൽ പട്ടിണി. കുറച്ച് ദിവസം മുന്നെ ഒരു ചായ തരുമോ എന്ന് ചോദിച്ചതിന് കവലയിലെ ചായക്കടക്കാരൻ മുഖത്തേക്ക് ചൂടുവെള്ളമൊഴിച്ചതിന്റെ ബാക്കിയാ ഈ കാണുന്നെ. പഴുത്ത് ചീഞ്ഞിരിക്കുന്നു."
ഓരോ പുഴുക്കളെയും ശ്രദ്ധയോടെ എടുത്ത് മാറ്റുന്നതിനിടയിൽ അവർ പറഞ്ഞ് കൊണ്ടേയിരുന്നു.
പഴകി കരിമ്പനടിച്ച് നരച്ച യൂണിഫോമിലും അവരൊരു മാലാഖയെ പോലെ തോന്നിച്ചു.
അത്രയേറെ ദുർഗന്ധത്തിൽ കണ്ടാലറയ്ക്കുന്ന രൂപത്തെ എത്ര ക്ഷമയോടെയാണവർ ശുശ്രൂഷിക്കുന്നത്.
നീണ്ട സമയത്തെ പ്രയത്നത്തിൽ അവരുടെ മുറിവുകൾ അവർ പൂർണമായും വൃത്തിയാക്കി മരുന്ന് വെച്ച് കെട്ടി.
അവർക്കൊരു മുഖവും തലയും ഉള്ളതായി ഇപ്പോൾ തോന്നുന്നുണ്ട്. വേദനയുടെ ആഴത്തിൽ അവർ പതിയെ കണ്ണ് തുറന്നപ്പോൾ മരണം മുന്നിൽ കണ്ട പോലെ ഞാനും ജഗനും ഞെട്ടി വിറച്ചു.
മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ആ വെള്ളാരം കണ്ണ്.
"രമണി ടീച്ചർ..."
ജഗൻ എന്റെ മുഖത്തേയ്ക്ക് നോക്കി. ഒരിക്കലും കാണില്ലെന്ന് കരുതിയിരുന്ന, കാണാൻ ആഗ്രഹിക്കാത്ത ഒരാൾ. അവരെ ഇങ്ങനെ ഒരു കോലത്തിൽ. ഹൃദയം ഒരു നിമിഷം മിടിപ്പ് നിർത്തിയത് പോലെ.
ആരെയാ അന്വേഷിച്ച് വന്നത് ന്ന് വല്ല അറിവും ണ്ടോ???
എനിയ്ക്കും ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.ഞാൻ നേഴ്സിന് അഭിമുഖമായി നിന്നു.
"ഏതോ പഴയ സ്റ്റുഡന്റിനെയാണെന്നാ
കേട്ടുകേൾവി.എപ്പോഴും പിറുപിറുത്തോണ്ടാ നടപ്പ്.
"ദേവനാരായണൻ ആണോ" ന്ന് എല്ലാരോടും ചോദിക്കുന്നത് കേൾക്കാം.
ദേവനാരായണൻ... മറ്റൊരാളിൽ നിന്നും ആ പേര് കേട്ടപ്പോൾ രക്തം തണുത്ത് മരവിച്ച് ഞരമ്പുകൾ വലിഞ്ഞ് മുറുകി ഇല്ലാണ്ടാവണ പോലെ എനിയ്ക്ക് തോന്നി.ആഘാതങ്ങൾ ഒന്നൊഴിയാതെ വന്നു കൊണ്ടിരിക്കുന്നു.
ഇരുട്ടാണ്.... ആളൊഴിഞ്ഞ ലാബിന്റെ ഇരുണ്ട കോണിൽ
നാണം മറയ്ക്കാനൊരു തുണി കഷ്ണം പോലുമില്ലാതെ ചോരയൊലിപ്പിച്ച് കിടന്ന ആ നിമിഷം എത്ര വേഗമാണ് വീണ്ടും മനസ്സിലേയ്ക്ക് ഓടിയെത്തിയത്.
കൂട്ടുകാരിയെ ക്രൂരമായി ഉപദ്രവിച്ച്, അച്ഛന്റെ പണക്കൊഴുപ്പിന് തന്നെ രക്ഷിക്കാനാകില്ലെന്നറിഞ്ഞപ്പോൾ നാട് വിട്ടവന്റെ പേര് വീണ്ടും മനസ്സിലേയ്ക്ക് ഒരു ഭാരമായി കടന്നു വരുന്നു.
ആറിഞ്ച് മാംസപിണ്ഡത്തെ കുറച്ച് നിമിഷത്തേയ്ക്ക് തൃപ്തിപ്പെടുത്താനാണ് ദേവനെന്നെ ലാബിലേയ്ക്ക് വിളിപ്പിച്ചത് എന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നില്ല. അതിന് ദേവന് എന്നെ പോലൊരാൾ വേണ്ടിയിരുന്നില്ല അന്ന്. അവന്റെ പണത്തിന്റെ വേഗതയ്ക്കും കുത്തഴിഞ്ഞ ജീവിതത്തിനും കൂടെ നിന്നിരുന്ന എത്രയോ പെൺകുട്ടികൾ കോളേജിനകത്തും പുറത്തുമായി ഉണ്ടായിരുന്നു.
മറ്റെന്തോ.... ഒന്ന്....
ആലോചനകളിൽ തളം കെട്ടി നിന്ന മനസിനെ ജഗൻ തട്ടിയുണർത്തി.
" ഉണ്ണീ.. നീ കേൾക്കുന്നില്ലെ... അവർക്ക് ടാക്രിഫീലിയ എന്ന മനസികരോഗം ഉണ്ടായിരുന്നു ന്ന്."
" ടാക്രിഫീലിയ???? അതെന്ത് അസുഖമാ??" എനിയ്ക്കത് വളരെ അസുഖകരമായ ഒരു പേരായി തോന്നി.
ഒന്നാലോചിച്ച ശേഷം നേഴ്സ് പറഞ്ഞു തുടങ്ങി.
"അതൊരു ന്യുറോളജിക്കൽ ഡിസോർടർ ആണ്.മറ്റുള്ളവരുടെ കണ്ണീരും വേദനയും നിലവിളികളും അത്തരം അസുഖമുള്ളവരിൽ ഒരു ലൈംഗിക ഉത്തേജനം ഉണ്ടാക്കും. ചിലപ്പോൾ അവർ അത്തരം അവസ്ഥകൾ തേടി പോകും.. ഉന്മാദാവസ്ഥയിൽ ചിലപ്പോൾ അവരത്തരം സന്ദർഭങ്ങൾ ഉണ്ടാക്കിയെടുക്കും.
ഞങ്ങൾക്ക് കഥ എകദേശം വ്യക്തമായിത്തുടങ്ങിയിരുന്നു.
ദേവനും ടീച്ചറും തമ്മിൽ ഒരു ഗുരു-ശിഷ്യ ബന്ധം മാത്രമായുരുന്നില്ല ഉണ്ടായിരുന്നത് എന്ന ക്യാമ്പസ് ഗോസ്സിപ്പിനെ വിശ്വസിക്കേണ്ടതായി വന്നിരിക്കുന്നു.
എക്സാം ഹാളിൽ കുട്ടികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച ആ ദിവസവും ഓർമ്മയിലേയ്ക്ക് വന്നിരിക്കുന്നു.
എനിയ്ക്കതിനെ
മാനസിക രോഗത്തിന്റെ കറുത്ത വശം മാത്രമായി കാണാൻ കഴിഞ്ഞതേയില്ല. ഭൂമിയിലേറ്റം പവിത്രമെന്ന് വാഴ്ത്തുന്ന ഒരു ബന്ധത്തിൽ നിന്നെങ്ങിനെയാണ് ഇത്ര ദുർഗന്ധം വമിക്കുക.
ഓരോന്ന് ആലോചിച്ച് ഞാൻ കാറിലേയ്ക്ക് കയറിയിരുന്നു.
ജഗൻ പിന്നെയും കുറേ നേരം നേഴ്സുമായി സംസാരിക്കുന്നത് കണ്ടു.
ജഗന് മാത്രം കഴിയുന്ന കാര്യങ്ങളാണിത്. എല്ലാ പ്രതിസന്ധികളെയും ഒരു പുഞ്ചിരിയോടെ നേരിടുക എന്നത്. ഒരു നാടിന്റെയും നാട്ടാരുടെയും കുടുംബത്തിന്റെയും വാക്കിനപ്പുറം ഒരു നസ്രാണി പെണ്ണിനെ പ്രേമിച്ചത് ഒരു തമാശ മാത്രമായി കണ്ടവരുടെ മുന്നിലേയ്ക്കാണ് ക്രൂരമായി ബലാത്സംഘം ചെയ്യപ്പെട്ട അതേ പെണ്ണിനെ കൂടെ താമസിപ്പിക്കാൻ പോകുന്നു എന്ന തീരുമാനവുമായി അവൻ ചെന്നത്. അന്ന് നാടും വീടും വാളെടുത്തപ്പോഴും അവൻ പുഞ്ചിരിയോടെ എനിയ്ക്ക് നേരെ ഇരു കൈയ്യും നീട്ടി.
അവനിലെ സഖാവിനെ തൃപ്തിപ്പെടുത്തുന്ന നിലപാടുകൾ മാത്രം കൊണ്ട് നടന്നിരുന്ന ഒരു പാവം.
സ്വന്തം തീരുമാനങ്ങളെ മുന്നിൽ നിന്ന് ശരിയെന്ന് തെളിയിക്കാനുള്ള ആർജ്ജവം തന്നെയാണ് അവനെ ഒന്നുമില്ലായ്മയിൽ നിന്നും ഇന്നീ നിലയിൽ എത്തിച്ചതും.
സംസാരം മതിയാക്കി ജഗൻ വന്ന് ഡ്രൈവിങ്ങ് സീറ്റിലേയ്ക്കിരുന്നു. പുറകെ അറ്റന്റേഴ്സ് ടീച്ചറെ എടുത്തോണ്ട് വന്ന് പിൻസീറ്റിലിരുത്തി.
" ജഗൻ.. എന്താ ഉദ്ദേശം..?? "
ചോദ്യത്തിൽ ആകാംഷയും ദേഷ്യവും മാത്രമെ ഉണ്ടായിരുന്നുള്ളു.
" നേഴ്സ് പറയുന്നു... ടീച്ചറെ അടുത്തുള്ള പെയിൻ&പാലിയേറ്റിവ് സെന്ററിൽ ഏൽപ്പിക്കുന്നതാണ് നല്ലതെന്ന്. അവർക്കിനിയും ചികിത്സ ആവശ്യമുണ്ടത്രെ."
"ഓഹ്... ഞാൻ കരുതി സഖാവ് വീട്ടിലേയ്ക്ക് കൂട്ടാനുള്ള പരിപാടിയാണെന്ന്.ന്നാ വേഗം പോകാം നമുക്ക്.ദേവനെ കാണാനുള്ള പൂതി മോനിനിയും ബാക്കിയുണ്ടോ??"
ജഗ,ൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത് വീണ്ടുമെന്നെ തോൽപ്പിച്ചു.പുറത്ത് കളിയ്ക്കുകയായിരുന്ന ദക്ഷും ഇഷയും ജഗൻ വിളിച്ചപ്പോൾ ഓടി വന്ന് സീറ്റിലിരുന്നു.
നേഴ്സിന്റെ നിർദ്ദേശപ്രകാരം ടീച്ചറെ അടുത്തുള്ള
പെയിൻ&പാലിയേറ്റിവ് സെന്ററിൽ ഏല്പ്പിച്ച് മടങ്ങുമ്പോൾ മനസ് വല്ലാതെ മരവിച്ചിരുന്നു. അറിയേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി എല്ലാം.
മടക്കത്തിൽ ഇഷ ചിണുങ്ങാൻ തുടങ്ങി. വിശപ്പ് അവളെ കീഴടക്കിയിരിക്കുന്നു.
സമയം 11 കഴിഞ്ഞു. അടുത്തു കണ്ട വഴിയാത്രക്കാരനോട് അന്വേഷിച്ചപ്പോൾ 5 കിലോമീറ്റർ ദൂരെ ഒരു ചായക്കടയുണ്ടെന്ന് മനസിലായി. ഇന്നലെ രാത്രി കണ്ട അതേ ചായക്കടയാവണം.
ടീച്ചർടെ മുഖത്ത് വെള്ളമൊഴിച്ച് പൊള്ളിച്ച അതേ മൃഗത്തിന്റെ കട. ഇഷ കൊച്ച് കുഞ്ഞായതോണ്ട് മാത്രം അവിടെ കയറാം എന്ന് ഞാൻ സമ്മതിച്ചു.
അവിടെയെത്തുമ്പോൾ രാത്രി കണ്ട സ്ഥലത്തിന്റെ ഒരു അവശേഷിപ്പുമില്ല.കവലനിറയെ ആളുകൾ. കുറേപ്പേർ വെയിലത്ത് വലിയ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നു.
ചിലർ തീകൂട്ടി ചൂട് കായുന്നു.
വണ്ടി നിർത്തിയതും ദക്ഷ് ഓടി കടയിലേയ്ക്ക് കയറി.
കടയുടെ മുഷിഞ്ഞ ഗന്ധം എന്നെ അവിടെ നിന്നും അകറ്റി.
നമുക്കിവിടെ വേണ്ട എന്ന് പറഞ്ഞ് ഇഷ വേഗം വണ്ടിയിൽ കയറിയിരുന്നു.
ജഗനും... പുറകെ ദക്ഷും വണ്ടിയിലെത്തി. വണ്ടിയെടുത്ത് കുറച്ച് നീങ്ങിയപ്പോൾ എന്തോ ഓർത്ത പോലെ ദക്ഷ് തിരിഞ്ഞിരുന്നു ജഗനെ നോക്കി.
"പപ്പാ "
" ഹ്മ്"
"അവിടെ ആ കടയിൽ, നമ്മുടെ വീട്ടിലുള്ള അതേ കോളേജ് ഫോട്ടോ തൂക്കിയിട്ടിരിക്കുന്നു. പക്ഷേ അതിൽ ഒന്ന് രണ്ട് ഫോട്ടോ വെട്ടി മാറ്റിയിട്ടുണ്ട്."
നിയന്ത്രണം വിട്ട വണ്ടി സൈഡ് വെട്ടി തേയിലക്കാടിന്റെ ആഴങ്ങളിലേയ്ക്ക് കുതിയ്ക്കും മുന്നെ ജഗൻ ബ്രേയ്ക്കിട്ടുനിർത്തി. ഒന്നും മിണ്ടാനാവാതെ ജഗൻ എന്നെ നോക്കി... ഇഷ വല്ലാതെ ഭയന്നിരുന്നു. ദക്ഷിന് അതും കൗതുകം.
മൗനം കൂട് കൂട്ടിയ നിമിഷങ്ങൾക്കപ്പുറം ജഗൻ
വണ്ടി സ്റ്റാർട്ട് ചെയ്ത് ചുരമിറക്കാൻ തുടങ്ങി.
മനസ്സിൽ കിടന്ന് നീറിയിരുന്ന ഒരു നെരിപ്പോട് ആ മലമുകളിൽ വീണ് കനലുകെട്ട ആശ്വാസത്തിൽ ഞാൻ ജഗനെ ചേർത്തുപിടിച്ചു ദീർഘമായൊന്ന് ചുംബിച്ചു.
" അപ്പൊ ദേവനാരായൺ അങ്കിളിനെ കാണുന്നില്ലല്ലെ പപ്പാ".
എന്തായിരുന്നു ഈ യാത്ര എന്നു പോലുമറിയാതെ ദക്ഷ് നിരാശയോടെ സീറ്റിലേയ്ക്ക് മറിഞ്ഞു കിടന്നു. വണ്ടി ചുരമിറങ്ങുകയാണ്.....
അങ്ങോട്ടു പോകുമ്പോൾ കണ്ട വളവുകൾ ഇപ്പോൾ വഴികളിൽ ഒന്നും കാണാത്തതെന്താണാവോ...???
.................................................
ജിതിൻ മേഘമൽഹാർ
20.12.17
..............................................
ഈ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി Aswathy Vs V Sസ്നേഹം..
ഏച്ചിയില്ലായിരുന്നെങ്കിൽ ഈ എഴുത്തിനൊരുപക്ഷേ ഇത്ര ജീവനുണ്ടാവില്ലായിരുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo