മാർത്താണ്ഡവർമയുടെ
**************************** ഭരണപരിഷ്കാരങ്ങൾ.. ഒരു തിരിഞ്ഞുനോട്ടം !!
************************************************
**************************** ഭരണപരിഷ്കാരങ്ങൾ.. ഒരു തിരിഞ്ഞുനോട്ടം !!
************************************************
ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ഹിസ്റ്ററി യിൽ അത് വിപ്ലവങ്ങളുടെ പെരുമഴക്കാലം.. റഷ്യൻ വിപ്ലവം, അമേരിക്കൻ വിപ്ലവം, ഫ്രഞ്ച് വിപ്ലവം.. അങ്ങനെ അങ്ങനെ ...
ഇതൊക്കെ വളരെ പ്രധാനപ്പെട്ടവയാണെന്നും പറഞ്ഞു ടീച്ചർ എല്ലാരെക്കൊണ്ടും പഠിപ്പിച്ചെടുക്കുന്ന സമയം. ആഴ്ചയിൽ രണ്ടു ദിവസം ലഞ്ച് ബ്രേക്ക് ടൈമിൽ ഏതെങ്കിലും ഒരു വിപ്ലവം ഉപന്യാസം എഴുതിക്കുമായിരുന്നു..
എല്ലാവരും നന്നായി പഠിച്ചു വരികയും ചെയ്യും. എന്നാൽ ഇതിലൊന്നും പെടാതെ ഒരാളുണ്ടായിരുന്നു. നമ്മുടെ കഥാനായിക !! ( ഞാനല്ലെന്നു മാത്രം പറയാം )... ഇങ്ങനെ എഴുതിക്കുന്ന ദിവസം അവൾക്കൊരു സിദ്ധിയുണ്ട് .. അവൾക്കു മിക്കവാറും അന്ന് തലവേദന, വയറുവേദന, പല്ലുവേദന, കാലുവേദന തുടങ്ങി അസുഖങ്ങൾ ബാധിക്കുമായിരുന്നു. വീട്ടിലെല്ലാരും പോയാൽ അസുഖത്തിന് നല്ല കുറവുണ്ടാവുകയും, അച്ഛമ്മയുടെ കണ്ണുവെട്ടിച്ചു കളിക്കാൻ പോവുകയും, ആഴ്ചപ്പതിപ്പ് വായിക്കുകയും, അയൽവക്കത്തെ ചേച്ചിമാരുടെ വെടിവട്ടത്തിൽ കൂടുകയും ചെയ്യുമായിരുന്നു..
അങ്ങനെയിരിക്കെ പരീക്ഷ വന്നെത്തി... പ്രതീക്ഷിക്കാതെ കുറെ സമരങ്ങളും, മറ്റും വന്നതിനാൽ പരീക്ഷക്കുള്ള പാഠങ്ങൾ മുഴുവൻ എടുത്തുകഴിഞ്ഞിരുന്നില്ല. പക്ഷെ, എടുക്കാത്ത ഭാഗത്തു നിന്നും ചോദ്യം വന്നാൽ ചോദ്യം മാറ്റിത്തരാമെന്നു ടീച്ചർ പറഞ്ഞിരുന്നു..
അങ്ങനെ പരീക്ഷ ആയി. ഹിസ്റ്ററി പരീക്ഷയും വന്നു. ആകെക്കൂടി അവസാനത്തെ ഉപന്യാസം മാത്രമേ എടുക്കാത്ത ഭാഗത്തു നിന്നും വന്നിട്ടുള്ളൂ. അതിനു ചോയ്‌സും ഉണ്ട്. അതായത്... റഷ്യൻ വിപ്ലവം അല്ലെങ്കിൽ മാർത്താണ്ഡവർമയുടെ ഭരണപരിഷ്കാരങ്ങൾ.
സെക്കന്റ് ചോയ്സ് എടുക്കാത്ത പാഠത്തിലെ ആയിരുന്നു. പക്ഷെ റഷ്യൻ വിപ്ലവം എല്ലാർക്കും അറിയുന്നതിനാൽ പ്രത്യേകിച്ച് ടീച്ചർ ചോദ്യം മാറ്റിയൊന്നുമില്ല.. എല്ലാരും പരീക്ഷ തകർത്തെഴുതി..
ക്രിസ്തുമസ്സും, ന്യൂ ഇയറും കഴിഞ്ഞു സ്കൂൾ തുറന്നു.. അന്നുതന്നെ ഹിസ്റ്ററി പേപ്പറുമായി ക്ലാസ്സ് ടീച്ചർ കൂടിയായ, ടീച്ചർ ക്ലാസിലെത്തി...
എല്ലാരുടെയും ഹാർട്ട് ബീറ്റ്, പൾസ്, പ്രഷർ, എല്ലാം ക്രമം തെറ്റി തുടങ്ങി.. അറ്റന്റൻസ് എടുക്കുമ്പോൾ പ്രസന്റ് പറയാൻ പോലും തൊണ്ടയിൽ വെള്ളമില്ലാത്ത അവസ്ഥ..
ടീച്ചർ എല്ലാർക്കും പേപ്പർ കൊടുത്തു.. എന്നിട്ട് കഥാനായികയേ അടുത്ത് വിളിച്ചു പേപ്പർ കൊണ്ടുവരാൻ പറഞ്ഞു.. അവൾ മന്ദം മന്ദം പേപ്പറുമായി ടീച്ചറുടെ അടുത്തെത്തി... പേപ്പർ ടീച്ചർക്ക് കൊടുത്തു.. പോയി ഇരുന്നോളാൻ പറഞ്ഞതനുസരിച്ചു സ്വന്തം സ്ഥലത്തു വന്നിരുന്നു..
ഇനിയാണ് തമാശ... നിങ്ങൾ ഊഹിച്ചു കാണുമെന്നറിയാം എന്നാലും ഞാൻ പറയുന്നതാണല്ലോ അതിന്റെ ഒരു ഇത്... സ്വാഭാവികമായും റഷ്യൻ വിപ്ലവം വലിയ പിടിയില്ലാത്തതു കൊണ്ട് നായിക, മാർത്താണ്ഡവർമയുടെ ഭരണപരിഷ്‌കാരങ്ങൾ ആണ് എഴുതിയത്..
ദോഷം പറയരുതല്ലോ, എടുക്കാത്ത ഭാഗത്തു നിന്നായതു കൊണ്ടാവാം ഒന്നരപ്പുറത്തിൽ കവിയാതെ ഉപന്യസിക്കേണ്ട സംഭവം കക്ഷി, നാല് പുറം നിറച്ചും എഴിതിയിട്ടുണ്ട്.
ടീച്ചർ അത് ഉറക്കെ വായിച്ചു.. മാർത്താണ്ഡവർമ ഒരുപാട് പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്.. അതിൽ ചില പരിഷ്‌കാരങ്ങൾ വളരെ നല്ല പരിഷ്കാരങ്ങളും, ചിലത് അത്ര നല്ലതല്ലാത്ത പരിഷ്കാരങ്ങളും, ചിലത് ഒട്ടും നല്ലതല്ലാത്ത പരിഷ്കാരങ്ങളും, ബാക്കിയുള്ളവ ഏറ്റവും മോശം പരിഷ്കാരങ്ങളും ആയിരുന്നു എന്ന് എടുത്തു പറയേണ്ടതാണ്. ഈ പരിഷ്‌കാരങ്ങൾ തന്നെ ഇടക്കിടക്ക് മാറ്റി പരിഷ്കരിക്കുന്നതാണ് അദ്ദേഹത്തിന്റെ എടുത്തു പറയാവുന്ന പരിഷ്‌കാരങ്ങൾ.
അതിൽ ചില പരിഷ്‌കാരങ്ങൾ ജനങ്ങൾക്കു വളരെ ഉപകാരമുള്ളവ ആയതിനാൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇവ പിന്നീട് പരിഷ്കരിച്ചപ്പോൾ ആർക്കും ഇഷ്ടപ്പെട്ടില്ല !!
എന്നാൽ ചില പരിഷ്‌കാരങ്ങൾ ആദ്യമേ മോശമായതിനാൽ അതൊക്കെ ആദ്യം തന്നെ ആർക്കും ഇഷ്ടപ്പെട്ടില്ല, അതിൽ ചിലത് പരിഷ്കരിച്ചപ്പോഴും ഇഷ്ടപ്പെട്ടില്ല..
റോഡിലെ പരിഷ്‌കാരങ്ങൾ, കൊട്ടാരത്തിലെ പരിഷ്‌കാരങ്ങൾ, വീടുകളിലെ പരിഷ്‌കാരങ്ങൾ, അമ്പലങ്ങളിലെ പരിഷ്‌കാരങ്ങൾ എന്നിങ്ങനെ പല പല തരത്തിലുള്ളവയായിരുന്നു അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങൾ.
അദ്ദേഹം ചില പരിഷ്‌കാരങ്ങൾ ഒരു കടലാസ്സിൽ കുറിച്ചു വെച്ചു. ചില നല്ല പരിഷ്‌കാരങ്ങൾ എന്തു കൊണ്ടോ അദ്ദേഹം കുറിച്ചു വെച്ചില്ല. അതുകൊണ്ട് ജനങ്ങൾ ആ പരിഷ്‌കാരങ്ങൾ കുറിച്ചു വെച്ചു.........
......
......
....
അങ്ങനെയൊക്കെ ആയിരുന്നു മാർത്താണ്ഡവർമയുടെ ഭരണപരിഷ്‌കാരങ്ങൾ..
എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ, ഇത് ഒരു വല്ലാത്ത പരിഷ്കാരമായിപ്പോയി എന്ന് മനസ്സിൽ പറഞ്ഞു..
രസകരമായ വസ്തുത ഇത് എന്തിനാണ് അവിടെ വായിച്ചത് എന്ന് അവൾക്കു മനസ്സിലായില്ല എന്നതാണ്. ഞാൻ പറഞ്ഞു... "ഡീ അത് എടുക്കാത്ത പാഠത്തിലെ ചോദ്യം ആയിരുന്നു "എന്ന്... അതെയോ ഇത് എടുക്കാത്ത പോർഷൻ ആണെന്ന് ടീച്ചർ പറഞ്ഞില്ലല്ലോ... അത് പറഞ്ഞെങ്കിൽ ഞാൻ എഴുതില്ലായിരുന്നു... അവൾ നിഷ്കളങ്കതയോടെ പറഞ്ഞു...
എന്തായാലും റഷ്യൻ വിപ്ലവവും, മാർത്താണ്ഡവർമയുടെ പരിഷ്കാരങ്ങളും പഠിച്ചു പറഞ്ഞു കേൾപ്പിച്ചിട്ടേ പിന്നെ അവൾക്കു രക്ഷയുണ്ടായുള്ളു...
( അതുകഴിഞ്ഞു ടീച്ചർ ഈ ഭാഗം ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ... എന്തായിരിക്കും ആ പരിഷ്‌കാരങ്ങൾ എന്നറിയാനുള്ള ആ കാംക്ഷയിൽ ഞങ്ങളെല്ലാം അതീവ ശ്രദ്ധയോടെ ക്ലാസ്സിൽ കാതുകൂർപ്പിച്ചിരുന്നു, )
എന്റെയൊരു ഊഹം ശരിയാണെങ്കിൽ ഇപ്പഴും അവൾ ആ പരിഷ്കാരങ്ങളൊന്നും ഒരിക്കലും മറന്നുകാണാനും വഴിയില്ല...
സ്നേഹത്തോടെ ബിനി.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക