നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

** ഭാര്യ എഴുത്തുകാരിയാണ് ! **

** ഭാര്യ എഴുത്തുകാരിയാണ് ! **
കെട്ടിക്കൂട്ടി കൊണ്ടുവന്നതിന്റെ രണ്ടാം രാവിൽ അവൾ ഒരു ഡയറിയുമായി മുന്നിലെത്തി.
"ഏട്ടാ .ഇതൊന്നു വായിക്കണം ...എന്നെ കുറ്റപ്പെടുത്തരുത്..ഇതെന്റെ ജീവനാണ് "
പുറത്തു പെയ്യുന്ന മഴയുടെ തണുപ്പിലും ഞാൻ വിയർത്തു... ബാങ്കിൽ നിന്ന് ലോണെടുത്താ കല്യാണം പൊടിപൊടിച്ചത്..ഇവളെ ഞാൻ കൊന്നിട്ട് ജയിലിൽ പോകും.ഒന്നും മിണ്ടാതെ, വിറക്കുന്ന കൈകളോടെ ഞാൻ ഡയറിയുടെ താളുകൾ മറിച്ചു...വടിവൊത്ത അക്ഷരത്തിൽ എഴുതിയ കവിതകൾ പിന്നെ ചില കഥകൾ !
"ഏട്ടാ...എനിക്കേറ്റവും ഇഷ്ടമുള്ള 'കേക' വൃത്തത്തിൽ എഴുതിയ കവിതകളാണ് ഇതൊക്കെ.."
അപ്പോഴാണ് നല്ലൊരു വായനക്കാരനായ ഞാൻ അഭിമാനകരമായ ആ സത്യം തിരിച്ചറിഞ്ഞത്... ഭാര്യ ഒരു എഴുത്തുകാരിയാണ്... എല്ലാം നല്ല നിലവാരമുള്ളത്.. അവളോടുള്ള മതിപ്പ് മച്ചിനും മേലേക്ക് പൊങ്ങി.
പിന്നീടെല്ലാം പെട്ടെന്നായിരുന്നു... എഴുത്തുകാരും വായനക്കാരുമായി ഇരുപതിലേറെപ്പേർ എന്റെ ഓഫിസിലുണ്ട്...എല്ലാവരോടും അവൾക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കാൻ പറഞ്ഞു. എല്ലാ ഓൺലൈൻ എഴുത്തു ഗ്രൂപ്പുകളിലും അവളെ ആഡ് ചെയ്യിച്ചു...അങ്ങിനെ അന്നൊരു ശനിയാഴ്ച ദിവസം രാവിലെതന്നെ നിറഞ്ഞു തുളുമ്പിയ നാലു കണ്ണുകളുടെ പ്രാർത്ഥനക്ക് ശേഷം ഒരു കവിത പോസ്റ്റ് ചെയ്തു.. ലക്ഷണമൊത്ത, കേക വൃത്തത്തിലുള്ള ഒരു കവിത.. ആദ്യത്തെ ലൈക്കും കമന്റും എന്റേത് തന്നെ....അതും അവളുടേതും കൂടി ആകെ രണ്ട് ലൈക്..
പക്ഷെ അവൾ തോറ്റില്ല. ആഴ്ചകൾ നീങ്ങിയപ്പോൾ അവൾ ഓൺലൈനിന്റെ ഓരത്ത് ഒന്നരയേക്കർ സ്ഥലത്തൊരു വീടുവെച്ചു താമസം തുടങ്ങി. ഫ്രണ്ട്സിന്റെയും ഫോളോവെഴ്സിന്റെയും പ്രളയം പടി കടന്നു പടിഞ്ഞാറ്റകത്തേക്ക് എത്തിയപ്പോൾ അവൾ വാതിൽ ഗോദ്‌റെജ്‌ ലോക്കിട്ടു പൂട്ടി.. അവളെന്നോട് പറഞ്ഞു :
"ഏട്ടാ...ഈ കേകയും മഞ്ജരിയുമൊന്നും ആരും നോക്കില്ല.. ആളുകൾ വായിച്ചു രസിക്കുന്ന കഥകൾ എങ്ങിനെ എഴുതണമെന്നു ഞാൻ പഠിച്ചു. നോക്കിക്കോ..ഞാൻ കസറും"
അന്നുമുതൽ തുടങ്ങി എന്റെ കണ്ണീർ.
പച്ചക്കറികൾ അരിഞ്ഞുവെക്കാൻ എന്നെ ഏല്പിച്ചുപോയതായിരുന്നു അവൾ. ഞാൻ ഒരു സുഹൃത്ത് വിളിച്ചു റോഡിലേക്കിറങ്ങി, പിന്നെ മറന്നുപോയി.
പിറ്റേന്ന് അവളുടെ ഒരു കഥ വന്നു: "'കണ്ണീരിൽ കുളിച്ച കാബേജ് കഷ്ണങ്ങൾ'. ലൈക്കുകൾ കൊണ്ട് കടുക് വറക്കാൻ അവൾ തുടങ്ങി. .
അധിക സമയം ജോലി ചെയ്തു ക്ഷീണിച്ചു അന്ന് വീട്ടിലെത്തുമ്പോൾ രാത്രിയായിരുന്നു.. അവൾ അന്ന് പതിവില്ലാതെ മുല്ലപ്പൂ ചൂടി ചിരിച്ചു നിന്നു .. മുല്ലപ്പൂവിന്റെയും സന്തൂർ സോപ്പിന്റെയും മണം മൂക്കിലടിച്ചപ്പോൾ ഞാൻ ബോധമില്ലാത്തതുപോലെ വേഗം ഉറങ്ങിപ്പോയി. പിറ്റേന്ന് ഓഫിസിലെത്തിയപ്പോൾ സഹപ്രവർത്തക ശോഭ എന്നോടൊരു ചോദ്യം:
"ഇന്നലെ വേഗം ഉറങ്ങിപ്പോയ് ല്ലേ ?! " അവളുടെ നോട്ടം പണ്ടേ അത്ര സുഖമില്ല.
"എന്താ ..ആരാ പറഞ്ഞെ ?"
"അപ്പൊ .. പെണ്ണുംപിള്ളയുടെ പോസ്റ്റ് വായിച്ചില്ലേ ?"
പല്ലുകടിച്ചു ഞാൻ FB തുറന്നു...അവളുടെ ഒരു കവിത :
"ചുരുണ്ടുറങ്ങിപ്പോയ ചുംബനങ്ങൾ "
കമന്റുകൾ കാലിൽ തട്ടി നടക്കാൻ വയ്യ..
മനുഷ്യന് പുറത്തിറങ്ങാൻ പറ്റാതായി.. ഇന്നത്തോടുകൂടി അവളുടെ ഈ എഴുത്തു പരിപാടി നിർത്തിക്കണം.
"ഉറങ്ങാത്ത രാവുകളെക്കുറിച്ചും നീ എഴുതുമോടി?" എന്നും ചോദിച്ചാണ് വീട്ടിലോട്ട് കയറിയത്...ഉള്ളിൽ നിന്ന് അവൾ വന്നത് നിറഞ്ഞു തുളുമ്പുന്ന ഒരു ഗ്ളാസ് പാൽപ്പായസവുമായാണ്. എന്റെ നാവിറങ്ങിപ്പോയി. അവൾക്ക് എന്റെ വീക്നെസ് നന്നായറിയാം..
"ഏട്ടാ...ചൂടാവല്ലേ...ഓൺലൈനിൽ സ്ത്രീ സെന്റിമെൻറ്സിന് ഭയങ്കര വായനക്കാരാണ്‌..."
ഒന്നും രണ്ടും പറഞ്ഞു ഓർക്കാപ്പുറത്തു അവൾ ഗര്ഭിണിയുമായി.. എട്ടാം മാസം മുതൽ പ്രസവത്തിന്റെ തലേന്നാൾ വരെ " ഒരു പാതിരാക്കിളിയുടെ സ്വപ്നം" എന്ന പേരിൽ അവളൊരു പരമ്പര എഴുതി..മുഖം കറുപ്പിച്ചു പോകുമ്പോൾ അവൾ നിറ വയറു കാണിച്ചു ഭീഷണിപ്പെടുത്തും : "ഒന്നും പറയരുതേ...ഉണ്ണിക്കുട്ടന് വിഷമമാകും"..
ഇനിയിവിടെയൊരു സി.സി.ടി.വി യുടെയും ആവശ്യമില്ല.
അതിനിടയിലാണ് ഏതോ സിനിമാ നടി മീൻ കിട്ടാത്തതിന്റെ കാര്യം പറഞ്ഞത്.. എല്ലാവരും പോസ്റ്റ് ഇടുമ്പോൾ അവളും ഇട്ടു... ഭാര്യയെ എരുമ, പോത്ത് തുടങ്ങിയ കൊമ്പുള്ള മൃഗങ്ങളുടെ പേരുകൾ വിളിച്ചാൽ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് പോസ്റ്റിന്റെ പോയിന്റ്.
അതിലിപ്പം നമുക്ക് ഒന്നും പറയാൻ കഴിയില്ല...പക്ഷെ സ്നേഹമുള്ള നേരങ്ങളിലാണ് ഞാൻ അവളെ അങ്ങിനെയൊക്കെ വിളിക്കാറുള്ളതെന്നു അവൾക്കറിയാം.
രണ്ടു ദിവസം ആധാർ കാർഡിലെ അവളുടെ പേരായ "മന്ദാകിനി, മന്തൻ പറമ്പിൽ " എന്ന പേര് തന്നെ വിളിച്ചു..മുഖം വീർപ്പിച്ചു മൂന്നാം ദിവസം "ഒന്നെന്നെ സ്നേഹത്തോടെ വിളിച്ചൂടെ " എന്ന് ചോദിച്ചപ്പോൾ ""മന്തു.." എന്ന് വിളിച്ചു..
"ഉം…ഹും... .അതല്ല,.."
"പിന്നെ ഏത്"
"ഞാൻ പറയണോ...ഏട്ടന് അറിയാത്തപോലെ.. ഒന്നെന്നെ "എരുമക്കുട്ടീന്ന് " വിളിച്ചിട്ട് എത്ര ദിവസായി "
"എടീ ഭയങ്കരീ...അപ്പോൾ നീ എഴുതിയതോ ?"
"എഴുത്ത് വേറെ...ഞാൻ വേറെ..വായിക്കുന്നവർക്ക് ഒരു സന്തോഷം, അതിലുപരി എനിക്കും ഒരു റിലാക്സ്.. അത്ര തന്നെ”
അവൾ പുരട്ടിയ "യൂഫെറിയ" ബ്രാൻഡ് പെർഫ്യൂം എന്നെ തളർത്തിക്കളഞ്ഞു
"നീ തോന്നിയത് എഴുതിക്കോ ,,,ന്റെ എരുമക്കുട്ടീ .. പക്ഷെ, ഇടക്ക് നിന്റെ ഡയറിയെ ഒന്നോർക്കണം.. മഴയും, പച്ചപ്പും, ഗ്രാമ വീഥിയും പച്ച മനുഷ്യരും ഉറങ്ങുന്ന നിന്റെ ഡയറി..കേകയുടെയും മഞ്ജരിയുടെയും നെടുവീർപ്പുകൾ ഉതിരുന്ന നിന്റെ ഡയറി……. "
അവൾ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി. മെല്ലെയവളെ ചേർത്തു പിടിച്ചു....എങ്കിലും സമാധാനമില്ല, നാളെ ഓഫിസിലേക്ക് കടക്കുമ്പോൾ ആ കോങ്കണ്ണി ശോഭ ചോദിക്കാൻ പോകുന്ന ചോദ്യമാണ് മനസ്സിൽ വരുന്നത് !
"ഇന്നലെ നല്ല റൊമാന്റിക് മൂഡിലായിരുന്നു, ല്ലേ?!"
(ഹാരിസ് )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot