Slider

ആലിലവയറ്

0

ആലിലവയറ്
ഈയിടെയായി തങ്കൂനൊരു സംശയം .സംശയമല്ല,ശരിതന്നെയാ.ഓഫീസിലെ പ്യൂണ്‍ ശശാങ്കന്‍ മുതല്‍ മാനേജര്‍ ശങ്കരസ്വാമിവരെ തന്‍റെ ആലിലവയറിലേക്കു പാളിനോക്കുന്നില്ലേ.ഒരു കള്ളച്ചിരി അവരിലില്ലേ.പോരാത്തതിന് അഞ്ചാറുമാസമായി പൊന്നപ്പന്‍ നാട്ടിലുമുണ്ട്.ഒരു ചെറിയ കടയും തുടങ്ങി.ഇനി തിരിച്ച് ഗള്‍ഫിലേക്കില്ലെന്നാ പറയുന്നെ.ജീവിതം ഇനിയെങ്കിലും ആസ്വദിക്കണം.
തങ്കൂനും പൊന്നപ്പനും മക്കളില്ല.തങ്കൂന് വയസ്സ് നാല്പത്തിമൂന്നായി.അതെങ്ങനാ രണ്ടുവര്‍ഷം കൂടുമ്പോള്‍ ലീവിനുവരുന്ന പൊന്നപ്പന്‍ നാല്പത്തിയൊന്നുദിവസത്തെ വ്രതവുംനോറ്റ് ഒറ്റപ്പോക്കാണ് ശബരിമലയ്ക്ക്.പിന്നീടുള്ള ദിവസങ്ങളില്‍ കൂട്ടുകാരുമായുള്ള സല്ലാപമൊക്കെ കഴിഞ്ഞ് വരുമ്പോള്‍ പതിനൊന്ന് പതിനൊന്നരയാകും.ഉറക്കം വന്നുതൂങ്ങിയ തങ്കൂനെ പിന്നെ ഒന്നിനുംകിട്ടില്ല.
വെളുപ്പാന്‍കാലത്ത് തന്നെ സ്നേഹിക്കാന്‍ വന്നേക്കല്ലേന്ന് തങ്കു ചേട്ടനോട് നേരത്തെ പറഞ്ഞിട്ടുണ്ട് .കാരണം ഏഴുമണിയുടെ ട്രയിനു പോയില്ലെങ്കില്‍ ഓഫീസിലെത്താന്‍ വൈകും.ശങ്കരസ്വാമിയുടെ ചളപള സംസാരംകേള്‍ക്കേണ്ടിവരും.രാവിലെ നാലുമണിക്ക് എഴുന്നേറ്റാലേ ജോലിയൊക്കെ തീരു.ഇതിനിടയില്‍ ചേട്ടന്‍ സ്നേഹിക്കാന്‍ വന്നാല്‍ തങ്കൂനുപിന്നെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.
കാര്യങ്ങളൊക്കെ അങ്ങനെ നല്ലരീതിയില്‍ പോകുന്നു.ഇതിനിടയിലാണ് ഈ വയറുപൊന്തല്‍.നല്ല ഭംഗിയുള്ള ശരീരമാ തങ്കൂന്‍റെത്.ഇനി വിശേഷം വല്ലതും.തങ്കൂന്‍റെ മുഖത്തൊരു നാണം വിരിഞ്ഞു.വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്ന കാര്യം.പ്രഗ്നന്‍സി ടെസ്ററിനുള്ള കാര്‍ഡ് മെഡിക്കല്‍സ്റ്റോറില്‍നിന്നു വാങ്ങി.പക്ഷേ നെഗറ്റീവ്.വളര്‍ത്താന്‍ യോഗമുണ്ടെങ്കില്‍ മക്കളെ ഈശ്വരന്‍ തരുമെന്നാ പൊന്നപ്പന്‍ പറയുന്നത്.
അസുഖമൊന്നുമില്ല.പിന്നെ ഈ വയറെന്താ ഇങ്ങനെ .തങ്കു രാവിലെ ഏഴിനുപോയി രാത്രി ഏഴിനു തിരിച്ചുവരും.ഈ സമയം മുഴുവനും ഒരേ ഇരിപ്പല്ലേ.പ്രത്യേകിച്ച് ഒരു വ്യായാമവുമില്ല.വയസ്സും കൂടിവരികയാണ്.തിരിച്ചുവീട്ടിലെത്തിക്കഴിഞ്ഞാല്‍ അല്ലറചില്ലറ ജോലിമാത്രം.പിന്നെ പൊന്നപ്പന്‍ രാത്രി പത്തുമണിക്ക് കട അടച്ചുവരുന്നതുവരെ പതിവ് ചാറ്റിംഗ്.ചേട്ടന്‍ ഗള്‍ഫിലായിരുന്നപ്പോള്‍ ബോറടി മാറ്റാന്‍ തുടങ്ങിയതാ.പലപല ഗ്രൂപ്പുകളിലും അംഗവുമായി.ഇപ്പോള്‍ അതില്ലാതെമേലെന്നായി.
രാവിലെ മുറ്റത്തു വീഴുന്ന പ്ലാവില ചേട്ടന്‍ കമ്പികൊണ്ടു കുത്തും.തേങ്ങയും ചുരണ്ടിത്തരും.മിക്സി,വാഷിംഗ് മെഷീന്‍ ബാക്കി ജോലികള്‍ ചെയ്യും.കുനിഞ്ഞൊരു പ്ലാവിലപോലും എടുക്കുന്നില്ല.കാര്യത്തിന്‍റെ ഗുട്ടന്‍സ് പിടികിട്ടിയ തങ്കു തന്‍റെ വീര്‍ത്തുവരുന്ന വയറിലേക്കും അരുമയായ മൊബൈലിലേക്കും മാറിമാറി നോക്കി.
പിന്നെ നേരെ അടുക്കളയിലേക്കുചെന്ന് അരകല്ലും ആട്ടുകല്ലും ചിരവത്തടിയുമൊക്കെ കഴുകി വൃത്തിയാക്കി.മുറ്റമടിക്കുന്നചൂല് ഒന്നുകൂടി നീളംകുറച്ചു.തൊട്ടിപ്പാള കിണറ്റിലേക്കിട്ട് ആഞ്ഞുവലിച്ചുകൊണ്ടിരുന്നപ്പോള്‍ മൊബൈല്‍ റിംഗ് ചെയ്യുന്നു.`എന്നോടെന്തിനി പിണക്കം...എന്തിനാണെന്നോടു പരിഭവം'
തങ്കൂന്‍റെ ആലിലവയര്‍ തിരിച്ചുകിട്ടാന്‍ മൊബൈല്‍ സമ്മതിക്കുമോ?മൊബൈലിനോടുള്ള പിണക്കം തങ്കു അവസാനിപ്പിക്കുമോ?കാത്തിരുന്നുകാണുക
രതിമോള്‍ ജിനി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo