Slider

കാശ് മുതലായി

1
കാശ് മുതലായി
-------------------------
ഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പ്,
ഗ്രാമത്തിലെ സ്ത്രീകളുടെ കുളിക്കടവ്.
അവിടെ കുളിക്കുകയായിരുന്ന നാലഞ്ചു പേരുടെ സംസാരത്തിലേക്ക് നമുക്ക് ഒന്നു ചെവിയോര്‍ക്കാം.
''ആ മുരളിയെക്കൊണ്ട് തോറ്റു. ഞാന്‍ വരുമ്പോള്‍ കണ്ടു കലുങ്കിലിരുന്ന് ബീഡി വലിക്കുന്നത്. അവന്‍റെയൊരു വഷളന്‍ നോട്ടവും മുനവെച്ച സംസാരവും.. വൃത്തികെട്ടവന്‍.
''അതേയതേ.. അവനെ പേടിച്ച് ഇപ്പോ ഇവിടെ ശരിക്കൊന്നു കുളിക്കാന്‍ പോലും പറ്റുന്നില്ല. എവിടെയെങ്കിലും ഒളിച്ചിരുന്നു സീന്‍ പിടിക്കുന്നുണ്ടാവും..''
''ഇടിവെട്ടിയും പാമ്പുകടിച്ചുമൊക്കെ എത്ര പേര് ചാകുന്നു.. ഇവനെയൊന്നും ഒരു ഇടിയും കാണുന്നില്ലല്ലോ..''
''പാവം.. ആ നാരയണേട്ടന്‍.. അങ്ങേര് തെങ്ങു കയറിയിട്ടാ ഇപ്പോഴും ആ വീട്ടില്‍ അടുപ്പു പുകയുന്നത്..''
''ഒരു പണിക്കും പോകാതെ ആ കലുങ്കില്‍ കുത്തിയിരുന്ന് പെണ്ണുങ്ങളെ നോക്കലല്ലേ അവന്‍റെ പണി..''
നാരായണേട്ടന്‍റെ വീട്ടിലപ്പോള്‍ വാദ പ്രതിവാദങ്ങള്‍ നടക്കുകയായിരുന്നു.
''പത്തിരുപത്തഞ്ച് വയസ്സായിട്ടും ഒരു പണിക്കും പോകാതെ അച്ഛന്‍ കൊണ്ടുവരുന്നത് വെട്ടി വിഴുങ്ങി ജീവിക്കാന്‍ നാണമില്ലേ നിനക്ക്'?''
അമ്മയുടെ വാക്കുകള്‍ കേട്ട് ഊണു കഴിച്ചു കൊണ്ടിരുന്ന മുരളി പാത്രം വലിച്ചെറിഞ്ഞ് പുറത്തേക്കിറങ്ങി നടന്നു.
ആ നടത്തം ചെന്നവസാനിച്ചത് ഗള്‍ഫില്‍ നിന്നു ലീവിനു വന്ന ചങ്ങാതി ബഷീറിന്‍റെ മുന്നിലാണ്.
''എന്താടാ മുരളി കടന്നലു കുത്തിയതു പോലെയുണ്ടല്ലോ നിന്‍റെ മോന്ത..''
''ഒന്നും പറയണ്ട. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാ.. നീ എങ്ങനെയെങ്കിലും ഒരു വിസ ഒപ്പിച്ചു താ..''
''കഴിഞ്ഞ തവണ ഞാനത് പറഞ്ഞപ്പോള്‍ നിനക്ക് പുച്ഛമായിരുന്നല്ലോ.. ഇപ്പോ എന്തു പറ്റി?''
''പണിക്കൊന്നും പോകാഞ്ഞിട്ട്‌ വീട്ടില്‍ സ്വെെര്യക്കേടാണ്.. ചെവി തല കേള്‍പ്പിക്കൂല. നീ കെെവിടരുത്..''
മുരളി ബഷീറിന്‍റെ കെെയ്യില്‍ പിടിച്ചു.
''ഉം.. നോക്കാം.. നീ പെടക്കാണ്ടിരിക്ക്..''
ബഷീര്‍ തിരിച്ചു പോയി ഒരു മാസത്തിനകം മുരളിക്കുള്ള വിസ വന്നു.
മുരളി ഗള്‍ഫില്‍ പോയി കാശയക്കാന്‍ തുടങ്ങി എന്നു നാട്ടുകാര്‍ക്ക് മനസ്സിലായത് അവന്‍റെ വീട്ടുകാരുടെ ജീവിത രീതിയിലുള്ള മാറ്റത്തില്‍ നിന്നാണ്.
തെങ്ങു കയറാന്‍ പോയിരുന്ന അവന്‍റെ അച്ഛന്‍ അതൊക്കെ നിര്‍ത്തി. വീട്ടില്‍ കെെലിമുണ്ടും ബ്ളൗസുമണിഞ്ഞിരുന്ന അമ്മ സാരിയിലേക്ക് മാറി.
വര്‍ഷമൊന്ന് കഴിഞ്ഞപ്പോഴേക്കും വീടു പുതുക്കി പണിതു. പെങ്ങളെ കെട്ടിച്ചു വിട്ടു.
ഇപ്പോ മുരളി പോയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു.
കുളക്കടവിലെ സംഭാഷണത്തിലേക്ക് വീണ്ടുമൊന്ന് പോകാം.
''അറിഞ്ഞോ? നമ്മുടെ മുരളി അടുത്താഴ്ച്ച വരുന്നു..''
''രണ്ടു വര്‍ഷമായതല്ലേയുള്ളു അവന്‍ പോയിട്ട് അപ്പോഴേക്കും നല്ലോണം സമ്പാദിച്ചു.. ''
''അല്ലേലും ഇത്തിരി വായിനോട്ടം ഉണ്ടെന്നേയുള്ളു. അവന്‍ നല്ല പയ്യനാ..''
''അതു പിന്നെ ആണ്‍പിള്ളേര്‍ക്ക് പറഞ്ഞിട്ടുള്ളതല്ലേ..''
''ഈ വരവില്‍ പെണ്ണു കെട്ടും എന്നാണ് കേട്ടത്. ആര്‍ക്കാണാവോ നറുക്ക് വീഴുന്നത്. നമ്മുടെ രമണിക്കാവുമോ?''
അതു കേട്ടപ്പോള്‍ കൂട്ടത്തില്‍ അവിവാഹിതയായ രമണി നാണം കൊണ്ട് വെള്ളത്തിലേക്ക് മുങ്ങാംകുഴിയിട്ടു.
അങ്ങനെ മുരളി നാട്ടിലെത്തി.
ഏറോസോഫ്റ്റിന്‍റെ ചെരിപ്പും ചുണ്ടില്‍ ട്രിപ്പിള്‍ ഫെെവ് സിഗററ്റുമൊക്കെയായി അവന്‍ നാട്ടു വഴിയിലൂടെ നടന്നു വരികയാണ്. കലുങ്കിനടുത്തെത്തിയപ്പോള്‍ അവിടെ പഴയ വായിനോക്കി ടീമിലെ ഒന്നു രണ്ടു പേര്‍ ഇരിക്കുന്നുണ്ടായിരുന്നു. അവര്‍ അവനെ അവിടെയിരിക്കാന്‍ ക്ഷണിച്ചു.
''വേണ്ട .. ഞാനില്ല.. ദുബായിലെ സുന്ദരികളെയൊക്കെ കണ്ടപ്പോള്‍ നമ്മുടെ നാട്ടിലുള്ളതിനെയൊക്കെ പെറുക്കിയെടുത്ത് കിണറ്റിലിടാന്‍ തോന്നിയതാ.. അതുകൊണ്ട് നമ്മളെ വിട്ടേക്ക്..''
അതും പറഞ്ഞ് മുരളി നടന്നകന്നു.
മുരളിയുടെ മാറ്റം നാട്ടുകാരെയും കൂട്ടുകാരെയുമൊക്കെ അത്ഭുതപ്പെടുത്തി.
മുരളിയുടെ പെണ്ണാകാന്‍ തനിക്ക് നറുക്കു വീഴില്ല എന്നു മനസ്സിലാക്കിയ രമണി ബസ് ഡ്രെെവര്‍ യശോധരനെ കെട്ടി കുടുംബിനിയായി.
മുരളി അയല്‍ ഗ്രാമത്തിലെ സുന്ദരിയായ പരിമളയെ ജീവിത സഖിയാക്കി രണ്ടു മാസത്തിനകം ഗള്‍ഫിലേക്ക് തിരിച്ചു പോയി. മുരളി തിരിച്ചു പോകാനായി കാറിലേക്ക് കയറുമ്പോള്‍ പരിമള ഉമ്മറത്തിരുന്ന് പച്ച മാങ്ങ കടിച്ചു തിന്നുകയായിരുന്നു.
പിന്നീട് മുരളി നാട്ടില്‍ വന്നപ്പോള്‍ മകന്‍ അപ്പുക്കുട്ടന്‍ എന്ന വിളിപ്പേരുള്ള സംഗീത് മുരളി പിച്ച നടക്കാന്‍ തുടങ്ങിയിരുന്നു.
നാരായണേട്ടനിപ്പോള്‍ ഭയങ്കര പത്രാസാണ്‌. പണ്ടു കൂടെ പണിയെടുത്തവരെയൊന്നും മെെന്‍ഡു ചെയ്യാറില്ല. വെെകുന്നേരമായാല്‍ കള്ള് ഷാപ്പില്‍ കയറി രണ്ടു കുപ്പി കള്ളു കുടിക്കും. ആ ശീലം മാത്രമേയുള്ളു പഴയതായിട്ട്.
വര്‍ഷങ്ങള്‍ പിന്നെയും കടന്നു പോയി.
സംഗീത് മുരളിയെ പട്ടണത്തിലുള്ള പ്രശസ്തമായ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ എല്‍ കെ ജിയില്‍ ചേര്‍ത്തു കഴിഞ്ഞും. നല്ലൊരു തുക ഡൊണേഷനായി കൊടുത്തു. ഫീസിനും യൂണിഫോമിനുമൊക്കയായി അതിന്‍റെ ഇരട്ടിയോളം ചെലവായി.
നാട്ടിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് കുട്ടിയെ അവിടെ ചേര്‍പ്പിക്കാനായി അധ്യാപകര്‍ വീട്ടില്‍ വന്നപ്പോള്‍ നാരായണേട്ടന്‍ പറഞ്ഞു.
''അവിടെ ചേര്‍ത്താല്‍ മറ്റു പിള്ളേരുടെ കൂടെ ചേര്‍ന്നു എന്‍റെ കൊച്ച് വഴി തെറ്റിപ്പോകും. പിന്നെ അവന്‍റെ അച്ഛന്‍റെ ഇപ്പഴത്തെ നില കൂടി നോക്കണ്ടെ..''
''മുരളി നമ്മുടെ സ്കൂളിലല്ലേ പഠിച്ചത്..'
കൂട്ടത്തില്‍ ഒരു അധ്യാപകന്‍ പറഞ്ഞു.''
''അതൊക്കെ പണ്ടല്ലേ.. മുരളിയുടെ അച്ഛന്‍ ഒരു തെങ്ങു കയറ്റക്കാനായിരുന്നു. അങ്ങനെയാണോ ഇവന്‍റെ കാര്യം..''
ഇത്രയും പറഞ്ഞ് നാരയണേട്ടന്‍ അവരുടെ വായടപ്പിച്ചു കളഞ്ഞു. എല്ലാവരും വന്ന വഴിക്ക് തിരിച്ചു പോയി.
അങ്ങനെ അപ്പുക്കുട്ടന്‍ എന്ന സംഗീത് മുരളി സ്കൂളില്‍ പോകാന്‍ തുടങ്ങി. നാരായണേട്ടനാണ് എന്നും രാവിലെ സ്കൂള്‍ ബസില്‍ കയറ്റി വിടുന്നതും വെെകുന്നേരം ഇറക്കുന്നതും.
സ്കൂള്‍ തുറന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു.
നാരായണേട്ടന്‍ കള്ളു ഷാപ്പില്‍ കയറി ഒന്നു മിനുങ്ങിയിട്ട് വീട്ടിലേക്ക് വരികയാണ്.
ഉച്ചത്തില്‍ പാടുന്നുമുണ്ട്.
'കള്ളോളം നല്ലൊരു വസ്തു
ഭൂലോകത്തില്ലെടാ ചങ്കരാ..''
ഉമ്മറത്തേക്ക് കയറാന്‍ തുടങ്ങിയപ്പോഴാണ് കണ്ടത് അവിടെയിരുന്ന് ചിത്രം വരക്കുന്ന അപ്പുക്കുട്ടനെ..
''മോനേ അപ്പുക്കുട്ടാ..''
വിളിച്ചതും , ചെറുക്കന്‍ പറഞ്ഞു.
''എത്തിയല്ലോ ബ്ളഡി ഫൂള്‍ .. മങ്കി..''
കൊച്ചു മോന്‍ ഇംഗ്ളീഷ് പറയുന്നത് കേട്ടപ്പോള്‍ നാരായണേട്ടന് രോമാഞ്ചം വന്നു.
അപ്പോഴാണ് മൊബെെല്‍ ഫോണുമായി പരിമള വന്നത്.
''അച്ഛാ . ദേ മുരളിയേട്ടനാണ്..''
''ഹലോ..''
''മോനേ.. അച്ഛനാടാ.. മോനു സുഖമല്ലേ.. നമ്മുടെ അപ്പുക്കുട്ടനെ കാശു കൊടുത്ത് വലിയ സ്കൂളില്‍ ചേര്‍ത്തത് മുതലായെടാ.. അവന്‍ ഇംഗ്ളീഷ് പറയാന്‍ തുടങ്ങി..''
നാരായണേട്ടന്‍ സന്തോഷത്തോടെ പറഞ്ഞു.
''ആണോ ? എന്താ അവന്‍ പറയുന്നത്?''

''അവന്‍ എന്നെ ബ്ളഡി ഫൂള്‍, മങ്കി എന്നൊക്കെ വിളിക്കുന്നുണ്ട്.. എന്തായാലും കാശു മുതലായി.. രണ്ടാഴ്ചയായപ്പോഴേക്കും ചെറുക്കന്‍ ഇത്രയും പഠിച്ചല്ലോ..''
ഇതു കേട്ടതും മുരളി ഒന്നും മിണ്ടാതെ ഫോണ്‍ കട്ടാക്കി.
അജിന സന്തോഷ്
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo