Slider

ചൈനാ വൈഫ്

0

ചൈനാ വൈഫ് 
* * * * * * * * * *
വേനൽമഴയുടെ ഒരു കാര്യമേ.. പെയ്തു പെയ്ത് വീട്ടിനകത്ത് കയറിയും പെയ്ത്തു തുടങ്ങി. രാവിലത്തെ സുഖമുള്ള ആ തണുപ്പിൽ കൈകൾ രണ്ടും കാലിനിടയിൽ ഒളിപ്പിച്ച് ചുരുണ്ടുകൂടി കിടന്നുറങ്ങുമ്പോഴാണ് റൂമിനുള്ളിലേക്ക് തെറിച്ചു വന്ന മഴത്തുള്ളികൾ മുഖത്തേക്ക് പതിച്ചത്.പെട്ടെന്ന് തന്നെ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.
അതൊരു കൃത്രിമ മഴയായിരുന്നെന്ന് മുന്നിലൊരു പാത്രത്തിൽ വെള്ളവുമായി നിൽക്കുന്ന കെട്ട്യോളെ കണ്ടപ്പോഴാണ് മനസിലായത്.
"അല്ല സമയമെത്രയായീന്നാ വിചാരം..?''
"സമയമെത്രയായാലും ഇങ്ങനെ വെള്ളം കുടഞ്ഞെണീപ്പിച്ചിട്ട് എനിക്ക് സ്കൂളിൽ പോകാനൊന്നുമില്ലല്ലോ..?"
" സ്കൂളിൽ പോകാനുള്ള മക്കളതാ എപ്പഴേ എണീറ്റു.എന്നിട്ടും നാണമില്ലല്ലോ നിങ്ങക്ക് ഇങ്ങനെ മൂടിപ്പുതച്ച് കിടക്കാൻ."
എന്നെ ഉറക്കത്തിൽ നിന്നുണർത്തിയ സന്തോഷത്തിൽ അവൾ അടുക്കളയിലേക്ക് തന്നെ പോയി
പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് ഞാൻ പതിയെ അടുക്കളയിലൊന്ന് തല കാട്ടി. പുട്ടിന് ആവിവരുന്നതേയുള്ളൂ. ബുക്ക് ചെയ്തു വെച്ചാൽ സാധനം ഉൽപാദനം കഴിഞ്ഞാൽ ഉടനെ ഡെലിവറിയുണ്ടാകും. അതു വരെ ടി വി കാണാം.ടി വി ഓണാക്കിയ ശബ്ദം കേട്ടതോടെ അവൾ അടുക്കളയിൽ നിന്നും പ്രസംഗം തുടങ്ങി.
''നിങ്ങളോട് ഞാൻ മുമ്പേ പറഞ്ഞതാ കുട്ടികൾ സ്കൂളിൽ പോയിട്ട് ടീവിയിട്ടാ മതിയെന്ന്... "
അപ്പൊ അതും സ്വാഹ.. ടീവി ഓഫാക്കി വീണ്ടും അടുക്കളയിലേക്ക്... 
വാതിലും ചാരി അവൾ പുട്ടുണ്ടാക്കുന്നതും നോക്കിയ ങ്ങനെ നിന്നു. എന്തെങ്കിലും പറഞ്ഞ് അവളുടെ മൂ ഡൊന്ന് ശരിയാക്കിയെടുക്കണം.ആവി വരുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ അവളോട്പറഞ്ഞു പോയി... 
" ദേ ആ ആവി വരുന്നത് നോക്കിയേ.. ഊട്ടിയിലൊക്കെ കോടയിറങ്ങുന്നത് പോലെയില്ലേ.... "
പറഞ്ഞു തീർന്നപ്പോഴാണ് വേണ്ടായിരുന്നെന്ന് തോന്നിയത്.
"അല്ലേലും പുട്ടും കുറ്റിയിലെ ഊട്ടി കാണാനുള്ള യോഗമല്ലേ നമ്മൾക്കുള്ളൂ.. ഈ ആണുക്കൾക്ക് എവിടേം പോവാം.. നമ്മുടെ ലോകം ഈ അടുക്കള തന്നെ.. "
എന്റെ ദൈവമേ തുടക്കം തന്നെ പാളിപ്പോയല്ലോ. ഇനിയിന്നത്തെ ദിവസം നോക്കണ്ട. എന്തും നേരിടാൻ മനസിനോട് ഒരുങ്ങി നിൽക്കാൻ ഓർഡർ കൊടുത്ത് ഒരുങ്ങി നിൽക്കുമ്പോഴാണ് അടുത്ത ചോദ്യം പൊട്ടിവീണത്..
"നിങ്ങൾ ദുബായിലെ പഴയ വിസ ക്യാൻസൽ ചെയ്ത് വന്നിട്ടിപ്പൊ ഒരു മാസമായില്ലെ.. വിസ ഇന്ന് വരും നാളെ വരും എന്ന് പറയുന്നതല്ലാതെ വരുന്നത് കാണുന്നില്ലല്ലോ.. ചുറ്റിനും കടങ്ങളാണെന്ന ഓർമ്മ വേണം.. "
" നീ പറയുന്നത് കേട്ടാൽ തോന്നും വിസയടിക്കുകയെന്ന് പറഞ്ഞാൽ പപ്പടം ചുട്ടെടുക്കുന്നത് പോലെയാണെന്ന്... അതിനൊക്കെ കുറെ ഫോർമാലിറ്റീസുണ്ട്... ''
"എന്റെ വിധി അല്ലാതെന്ത് പറയാൻ.. എന്റെ കൂടെ പഠിച്ചിരുന്നവരൊക്കെ ഇന്ന് നല്ല നിലയിലെത്തി.. പലരും ഗൾഫിലാ..ഒന്ന് രണ്ട് ഗവൺമെന്റ് ജോലിക്കാര് എന്നെ കാണാൻ വന്നിരുന്നതാ.. എനിക്ക് നസീബില്ലാ... അത്ര തന്നെ.."
"എനിക്ക് നസീബില്ലാത്തതു കൊണ്ടല്ലേ നിങ്ങൾക്ക് പരസ്പരം ഇഷ്ടപ്പെടാതെ പോയത്.."
" ദേ അപ്പുറത്തെ വീട്ടിലെ കുഞ്ഞാപ്പൂനെ നോക്കീ.. ഓനവിടെ ദുബായില് സ്വന്തം ബിസിനസാ.. നിങ്ങക്കെന്താ ഉള്ളത്.. ആകെയുള്ള ബിസിനസ്.... ഞാനൊന്നും പറയുന്നില്ല.. "
"നീയൊന്നും പറയണ്ട ഞാൻ പറയാം.. ഞാൻ ദുബായീ പോയിട്ട് കൊല്ലം അഞ്ചാകുന്നേയുള്ളൂ. കുഞ്ഞാപ്പു ഇരുപത് കൊല്ലമായി അവിടെ കൈല് കുത്താൻ തുടങ്ങിയിട്ട്.. എന്നിട്ടിതുവരെ അവന് സ്വന്തമായൊരു വീട് വെക്കാൻ പറ്റിയോ. അവന്റെ തറവാട് ആരെങ്കിലുമൊന്ന് നോക്കിയാ പൊളിയുമെന്ന മട്ടിൽ നിൽക്കുകയാ.. അവന്റെ രണ്ട് പെങ്ങൻമാർ പുരനിറഞ്ഞ് നിൽപ്പുണ്ട്.. അതിന് പുറമെ ആവശ്യത്തിലേറെ ഷുഗറും കൊളസ്ട്രോളും... നാല് കൊല്ലം കൊണ്ട് ചെറുതെങ്കിലും ഒരു വീട് ഞാനുണ്ടാക്കിയില്ലേ.. അതൊന്നും ചിന്തിക്കാതെ കുഞ്ഞാപ്പൂനെ നോക്ക് ...കുഞ്ഞാപ്പൂനെ നോക്ക്.. ഒടുക്കത്തെ ഒരു കുഞ്ഞാപ്പു.. "
എന്റെ ചടപടാ സംസാരം കേട്ടപ്പോൾ പുട്ടിനൊപ്പം പാവം അവളും ആവിയായിപ്പോയി...
" ഇക്കാ..ഞാൻ ഇങ്ങളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല... നിങ്ങളിങ്ങനെ കിടന്നുറങ്ങുന്നത് കണ്ടപ്പോ. "
സെന്റിയുടെ ആ വള്ളിയിൽത്തന്നെ ഞാൻ ചാടിപ്പിടിച്ചു. എന്നിട്ട് ടാർസനെപ്പോലെ ആടിത്തിമിർത്തു.
"അല്ലേലും നമ്മുടെ വിഷമങ്ങൾ ആരോട് പറയാൻ "
" നിങ്ങളിരിക്കി.. ഞാൻ പുട്ടും പഴവുമെടുക്കാം.. "
"എനിക്ക് നിന്റെ പുട്ടും വേണ്ട തേങ്ങയും വേണ്ട.. "
ഇല്ലാത്ത കണ്ണീര് തുടച്ചു കൊണ്ട് ഞാൻ വരാന്തയിലെത്തിയപ്പോഴാണ് അത് കണ്ടത്.. ഗേറ്റ് കടന്ന് നമ്മുടെ സാക്ഷാൽ കുഞ്ഞാപ്പു വരുന്നു.. ആറു മാസം കൂടുമ്പോൾ ഒരു മാസം ലീവിന് വന്ന് നാട്ടുകാരുടെ അസൂയക്ക് പാത്രമാവുക അവന്റെ ശീലമായിരിക്കുന്നു.അവനെ കണ്ടപ്പഴേ കലിയിളകിയതാ.. അയൽവാസിയായിപ്പോയില്ലേ..
എല്ലാ ദേഷ്യവും കടിച്ചു പിടിച്ച് പുറമെ ഇളിച്ചു കാണിച്ചു കൊണ്ട് ഞാനവനോട് കയറിയിരിക്കാൻ പറഞ്ഞു. പക്ഷേ അവന്റെ മുഖത്ത് പതിവ് സന്തോഷം കാണാനില്ലായിരുന്നു. എന്തോ പോയ അണ്ണാ നെപ്പോലെയുണ്ട് അവനെ കണ്ടിട്ട്. മുറ്റത്ത് നിന്നും അവൻ വരാന്തയിലേക്ക് കയറി.വരാന്തയിലെ കസേരയിൽ മൂലക്കുരു ഉള്ളവർ ഇരിക്കുന്നതു പോലെ ആകെ ഒരു തഞ്ചക്കോലിരിക്കുകയാണ് പുള്ളി.
എന്തു പറ്റിയെന്ന് ഞാൻ ചോദിക്കാനൊരുങ്ങുന്നതിന് മുൻപേ അവൻ പറഞ്ഞു തുടങ്ങി.
" സക്കീ.. വീട്ടിലൊരു പ്രശ്നമുണ്ട്.. "
എന്തോ ഒന്ന് അവനെ കാര്യമായി അലട്ടുന്നുണ്ടെന്നും അതിന് പരിഹാരം തേടിയാണ് അവൻ വന്നതെന്നും മനസിലാക്കിയ ഞാൻ തഞ്ചത്തിൽ അവനോട് ഇരിക്കാൻ പറഞ്ഞിട്ട് അടുക്കളയിലോട്ട് നടന്നു..
"രണ്ട് കട്ടനെടുക്ക്..... "
"ആരാ വന്നത്...?"
അത് നമ്മുടെ ദുബായിലെ ബിസിനസുകാരൻ കുഞ്ഞാപ്പു.. അവന്റെ കൈയിലുള്ള രണ്ടായിരത്തിന്റെ കുറച്ച് നോട്ട് കെട്ട് നമ്മുടെ ടെറസിൽ ഉണക്കാനിടട്ടേയെന്ന് ചോദിച്ച് വന്നതാ.. "
അതിന് പ്രത്യേകിച്ച് മറുപടിയൊന്നും വന്നില്ല. പക്ഷേ ഞാനുദേശിച്ച പോലെത്തന്നെ ചായയുമായി വന്ന അവൾ വാതിൽക്കൊടിയിൽ മറഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടു. അവളും കേൾക്കട്ടെ ബിസിനസുകാരന്റെ മഹത്വങ്ങൾ..
" എടാ എന്റെ ഭാര്യ പിണങ്ങി അവളുടെ വീട്ടിപ്പോയിരിക്കുയാ.... എന്റെ കടയിലെ സ്റ്റാഫായ ചൈനാക്കാരിയെ ഞാൻ കല്യാണം കഴിച്ചെന്നും ഞാനുമവളും കൂടി ദുബായിലെ ഫ്ലാറ്റിൽ ഒരുമിച്ചാ കഴിയുന്നതുമെന്നൊക്കെ അവളോടേതോ നായിന്റെ മക്കൾ വിളിച്ചു പറഞ്ഞിരിക്കുന്നു."
അതു കേട്ടപ്പോൾ എന്റെ മനസിൽ പൊട്ടിയ ലഡുവിന് ഒരു കണക്കുമുണ്ടായിരുന്നില്ല.പക്ഷേ സന്തോഷം പുറത്ത് കാണിക്കാതെ ഭാര്യ കേൾക്കും വിധം ശബ്ദം താഴ്ത്തിയെന്നോണം ഞാനവനോട് ചോദിച്ചു.
" ഇതിന് ഭാര്യയെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം. കല്യാണം കഴിച്ചില്ലെന്നല്ലേയുള്ളു ..ബാക്കിയൊക്കെ ഉള്ളത് തന്നെയല്ലേ.... ഇതൊക്കെ കേട്ടിട്ടും നിന്റെ ഭാര്യ തൂങ്ങിച്ചാകാഞ്ഞത് വലിയ ഭാഗ്യം... :"
"എടാ സക്കീ അങ്ങിനെ പറയല്ലേ.. ഇപ്പൊ എന്നെ സഹായിക്കാൻ നിനക്കേ കഴിയൂ. ഒന്നാമതായി എന്റെ ഷോപ്പിനടുത്തായിരുന്നല്ലോ നീ ജോലി ചെയ്തിരുന്നത്. പിന്നെ നീ അഞ്ച് വഖ്ത്തും നിസ്ക്കരിക്കുന്ന ഒരു തങ്കപ്പെട്ട മനുഷ്യനാണെന്ന ഒരു തെറ്റിദ്ധാരണയും അവൾക്കുണ്ട്.അതുകൊണ്ട് നീ പറഞ്ഞാൽ അവൾ കേൾക്കും... സംസാരിച്ച് ആളെ കൈയിലെടുക്കാൻ പണ്ടേ നീ മിടുക്കനാണല്ലോ.. "
" അധികം പൊക്കണമെന്നില്ല.. ഞാൻ നോക്കാം... അവളുടെ നമ്പർ താ.."
"കൈയിലിരിപ്പനുസരിച്ച് നാട്ടിലെ സകല പെണ്ണുങ്ങളുടെ നമ്പറും നിന്റെ കൈയിലുണ്ടാവേണ്ടതാണല്ലോ.. " അവന്റെ ആ ചീഞ്ഞ തമാശക്ക് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
അവന്റെ കൈയിൽ നിന്നും ഭാര്യയുടെ നമ്പർ വാങ്ങി എന്റെ മൊബൈലിൽ നിന്നും വിളിച്ചു. പെട്ടെന്ന് തന്നെ അവൾ ഫോണെടുത്തു..
"ഹലോ. ആരാ.. "
"ഞാനാ...കുഞ്ഞാപ്പുവിനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ.. വീട്ടിൽ പോയി നോക്കി..അവിടെ ആരെയും കണ്ടില്ല.. അവനുണ്ടോ അടുത്ത്.."
"ഇക്കാ ഞാനിപ്പൊ എന്റെ വീട്ടിലാ.. "
"രാവിലെ പോയതാണോ.. "
"അല്ലിക്കാ.. രണ്ടു മൂന്ന് ദിവസായി.. ഒരു പ്രശ്‌നമുണ്ട് "
"എന്ത് പ്രശ്നം..."
"കുഞ്ഞാപ്പുക്ക ഒരു ചൈനാക്കാരിയെ കല്യാണം കഴിച്ചെന്നും അവളുടെ കൂടെയാണ് കിടപ്പെന്നുമൊക്കെ ഒരാൾ ഫോണിൽ വിളിച്ചു പറഞ്ഞു.. "
" അത് കേട്ടപ്പോഴേക്കും നീയങ്ങിറങ്ങിപ്പോയി അല്ലേ... ഇത്രക്ക് ബുദ്ധിയില്ലാതായല്ലോ നിനക്ക്... എന്നോടെങ്കിലുമൊന്ന് ചോദിക്കാമായിരുന്നില്ലെ.."
"അത് അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ."
"ഞാനൊരു കാര്യം ചോദിക്കട്ടെ.. നിന്റെ അനിയത്തിയുടെ വീട്ടുകൂടലിന് കുഞ്ഞാപ്പു ഒരു എൽ ഇ ഡി ടീവി തന്നിരുന്നോ. "
"തന്നിരുന്നു "
"അതെത്ര ദിവസം വർക്ക് ചെയ്തു.. "
"ഒരു മാസം.. "
"രണ്ട് മാസം മുമ്പ് നിന്റെ ആങ്ങളയുടെ മോൾക്ക് അവനൊരു ലാപ് കൊടുത്തയച്ചിരുന്നോ "
" അയച്ചിരുന്നു"
"ഇപ്പൊ അതിന്റെ സ്ഥിതിയെന്താ.. "
"അതവിടെ മൂലക്ക് കിടക്കുകയാ.. ഇതൊക്കെയെന്തിനാ ഇപ്പൊ..?."
"ഇതിനൊക്കെ എന്താ കാരണമെന്നറിയുമോ... എല്ലാം ചൈനാ സാധനങ്ങളാ... അതിന് അത്രയേ ആയുസുണ്ടാവൂ.. "
"അവനവിടെ ആരെയും കല്യാണം കഴിച്ചിട്ടില്ല.. കൂടെ പൊറുപ്പിച്ചിട്ടുമില്ല.. അങ്ങനെയുണ്ടെങ്കിൽ ഞാനറിയില്ലേ...അതൊക്കെ ഓരോ അസൂയക്കാർ പറയുന്നതാ. ഇനിയഥവാ ചൈനക്കാരിയെ കല്യാണം കഴിച്ചെന്നിരിക്കട്ടെ... ഏറി വന്നാൽ ഒരു മാസം അല്ലെങ്കിൽ രണ്ട് മാസം.. അതിനപ്പുറം അത് മുന്നോട്ട് പോകില്ല.. "
"അതെന്താ അത്ര ഉറപ്പ്......"
"കാരണം പെണ്ണ് സാധനം ചൈനയല്ലേ അത്രയേ അത് നിക്കൂ.. "
"ഹാവു ഇപ്പോഴാ ഇക്കാ സമാധാനമായത്.. ഈ ചെറിയൊരു കാര്യത്തിനായിരുന്നോ ഞാനിങ്ങനെ... ? ശ്ശൊ..."
പിന്നെ അവിടെയാകെ സന്തോഷമായിരുന്നു.. ഭാര്യ തിരിച്ചു വരുന്ന സന്തോഷത്തിൽ കുഞ്ഞാപ്പുവും ഇനി വിസ ശരിയാവുന്നത് വരെ കുഞ്ഞാപ്പുവിന്റെ ചെലവിൽ കഴിയാമല്ലോ എന്ന സന്തോഷത്തിൽ ഞാനും തണുത്ത കട്ടൻ ചായ മോന്തിക്കുടിച്ചു...
__________________________
എം.പി.സക്കീർ ഹുസൈൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo