Slider

എൻ്റെ പച്ചിലപശുവിന്

0

എൻ്റെ പച്ചിലപശുവിന്
മഴമേഘങ്ങൾ കാലിടറി ഭൂമിയിൽ പതിച്ചൊരു സന്ധ്യക്കായിരുന്നു മുഖപുസ്തകത്താളിലെവിടെയോ അവളെ ഞാൻ ആദ്യമായി കണ്ടത്. കുസൃതി നിറഞ്ഞ ആ കണ്ണുകൾ എന്നോടെന്തോ പറയുന്നുണ്ടായിരുന്നു. ജാലകവാതിലിലൂടെ മഴയുടെ നേർത്ത കുളിരിൽ ഞാൻ എന്നെ നഷ്ടപെടുത്തികൊണ്ടിരിക്കുകയാണെന്നെനിക്കു തോന്നി. ആ ഒരു നോട്ടംകൊണ്ടെൻ്റെ ഹൃദയത്തിൻ ആഴങ്ങളിൽ അവളൊരു ചൈതന്യമായി പറ്റിച്ചേർന്നതാവാം.. ഞാൻ പതുക്കെ പുറത്തിറങ്ങി ചെറിയൊരു ചാറ്റൽ മഴ അതു നനഞ്ഞു ഞാൻ പുഴക്കടവിലെത്തി. പുഴവക്കിലെ ചേമ്പിലകളിൽ മഴതുള്ളികളുടെ നൃത്തം കാണാൻ എന്തു ഭംഗിയാണ്.. പുഴയിൽ കാലിട്ട് അവിടത്തെ കല്ലിൽ മഴ നനഞ്ഞിരുന്നു. പരൽ മീനുകൾ കാലിൽ വേദനയില്ലാതെ കടിക്കുമ്പോൾ ശരീരം ഇക്കിളി പൂണ്ടു. മഴച്ചാലുകൾ കവിളിണകളെ തഴുകി നെഞ്ചിലൂടെ ഉൗർന്നുകൊണ്ടിരുന്നു.
മനസ്സ് എന്നെ വിട്ട് പതുക്കെ അകന്നു. അകലെ വർഷങ്ങൾക്കകലെ ഒരു പത്താംക്ളാസുകാരനുണ്ടായിരുന്നു കൂടെ അവൻ്റെ അച്ചുവും അവൾക്കും ഇതേ കണ്ണുകളായിരുന്നു കുസൃതികണ്ണുകൾ. എപ്പഴോ എനിക്കു നഷ്ടമായ ആ കുസൃതികണ്ണുകൾ... ദാരിദ്ര്യം മൂടിയ ആ പകലുകളിൽ വിശന്നിരിക്കുമ്പോൾ ഭക്ഷണം പങ്കുവെച്ചവൾ, ബുക്കു വാങ്ങാൻ പൈസ തന്നവൾ, എൻ്റെ സങ്കടങ്ങളിൽ കണ്ണീരു പൊഴിച്ചവൾ... കവിളിലൂടൊഴുകുന്ന മഴച്ചാലുകളിൽ ഉപ്പുരസം കലർന്നിരുന്നു ഞാനറിയാതെ.. കുറെ നേരം അങ്ങനെയിരുന്നു പതുക്കെ വീട്ടിലേക്കു നടന്നു വീണ്ടും അവളുടെ കുസൃതികണ്ണുകളോടു കളിപറഞ്ഞിരുന്നു......
ഒരു വർഷത്തിനു ശേഷം.....
ദേ ഇതെഴുതുമ്പോൾ ഞാൻ പിണക്കത്തിലാട്ടോ ആരോടാണെന്നോ അവളിലില്ലേ ആ കുസൃതികണ്ണുള്ളവൾ അതുതന്നെ എൻ്റെ പച്ചിലപശു.. എന്തിനാ പിണങ്ങിയെന്നോ ശ്ശോ ഞങ്ങൾക്കു പിണങ്ങാൻ എന്തെങ്കിലും കാരണം വേണോ ഞാനെന്തെങ്കിലും കളി പറയും അപ്പോളവൾക്കു ദേഷ്യം വരും പിന്നെ എന്തെങ്കിലും പറഞ്ഞ് എന്നോടു വഴക്കിടും എന്നാലും പാവാട്ടോ...
ഉടനെ മിണ്ടും എന്നിട്ടെന്നോടു പറയും വിഷമിക്കണ്ടാന്ന്.. ചിലപ്പോ രണ്ടു ദിവസം മിണ്ടാതിരിക്കും. അപ്പോ ഞാനനുഭവിക്കുന്ന ടെൻഷൻ അവൾക്കുണ്ടോ അറിയുന്നു ദുഷ്ടത്തി...
സുഹൃത്തുക്കളിൽ എൻ്റെ സങ്കടോം സന്തോഷോം എല്ലാം അവളോടാണ് ആദ്യം പറയുക എന്നിട്ടെന്താ കാര്യം ഒരിക്കലും ആശ്വസിപ്പിക്കില്ല പിന്നെയോ ഇയാൾക്കു മാത്രമല്ല എല്ലാവർക്കും വിഷമമുണ്ടെന്നു പറയും അപ്പോഴെൻ്റെ മുഖം വാടും. പക്ഷേ എനിക്കറിയാം ഞാൻ കൂടുതൽ വിഷമിക്കാതിരിക്കാനാണ് അങ്ങനെ പറയുന്നതെന്ന്...
അവളെപ്പോഴും പറയും ....
''I always wonder why are you so special about me ''
എന്ന്... അവളോട് ഞാനിതുവരെ പറഞ്ഞില്ല ആ കണ്ണുകൾ അതെനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന്. ഇതു വായിക്കുമ്പോൾ നിങ്ങളോടൊപ്പം അവളും അറിയും. എന്നിട്ടെന്തായിരിക്കും എന്നോടു പറയുക.? ചിലപ്പോൾ ആ കണ്ണുകൾ നിറയുമായിരിക്കും...
സൗഹൃദത്തിനും പ്രണയത്തിനുമപ്പുറം മഞ്ഞുതുള്ളിപോലെ പരിശുദ്ധമായ ഈ സ്നേഹം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കണം. ഒരുപാടു സൗഹൃദങ്ങൾ ജീവിതത്തിൽ വന്നുപോയിട്ടുണ്ട് ആണായും പെണ്ണായും എന്നാലും ഇതുപോലെ ഒരെണ്ണത്തിനെ ദൈവം എനിക്കായ് കാത്തുവച്ചതാവാം... അവളെ ഓർക്കുമ്പോൾ സന്തോഷം കൊണ്ടാവും എൻ്റെ കണ്ണുനിറയുന്നത് ആ ഉണ്ടക്കണ്ണി ഇതു വല്ലതും അറിയുന്നുണ്ടോ ആവോ.....?
ഉണ്ണികൃഷ്ണൻ തച്ചമ്പാറ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo