Slider

കറുത്ത കാലം

0

കറുത്ത കാലം
***************
കൺമുന്നിൽ കത്തുന്ന ലോകം... അഗ്നിയിലെരിയുന്ന
ശലഭച്ചിറകുകൾ പോലെ,
പുഴുക്കുത്തു വീണ വിവേചനങ്ങൾ.
കൃത്രിമ ഋതുക്കൾ തീർക്കപ്പെടുന്ന,
മൃതയായ ഭൂമിയുടെ, ഇരുൾ വീണ,
കടുംനിറങ്ങളിൽ നിഴലുകൾ
നൃത്തമാടുന്ന ഇടനാഴികളിൽ,
ചൂഷണ മേശമേൽ,
അഴിമതിപ്പാത്രങ്ങളിൽ
അത്താഴമായി വിളമ്പുന്നു 'മതം.'
വിശപ്പിനാൽ സാഹോദര്യം മറന്നു
അന്ധതയുടെ ഇരുൾ മുഖംതേടി,
കുതിക്കുന്ന അവിശ്വാസികൾ, ഭക്ഷിച്ചൊടുങ്ങട്ടെ...
സദാചാര ജാരന്മാരാൽ
 അവിഹിത ഗർഭം ധരിച്ചു
 ഭ്രൂണഹത്യ ചെയ്യപ്പെട്ട, കാലം,
ജീർണ്ണിച്ച ഇന്നലെകളിൽ നിന്നും
 പാതി വഴിയിൽ, വേച്ചു വീഴുന്നു...
ധരണിയെ മുണ്ഡിത ശിരസ്കയാക്കി
അംഗ വസ്ത്രവും ചേലയുമഴിച്ചു
അംഗങ്ങളൊന്നൊന്നായറുത്തു
വാണിഭച്ചരക്കാക്കി,
ശേഷിക്കുമുടൽ വേനലിനും
വറുതിക്കും കൊടുക്കുന്നവർ,
ശിശുക്കളുടെ ഇളം തളിരുടലിൽ
കാമം തീർക്കുന്ന കാപാലികർ,
നിങ്ങളീ ലോകം കീഴടക്കുമ്പോൾ,,,
മരണ ഗന്ധം പേറി വരുന്ന
കുന്തിരിക്കപ്പുകയുള്ള കാറ്റിൽ,
അകാലത്തിൽ മൃതിയടഞ്ഞ സ്വപ്നങ്ങളുടെ
സുഗന്ധം വേറിട്ട് നിൽക്കുന്നു...
കത്തിയമരുന്ന ഭൂമിയുടെ
പട്ടടയിൽ ഉയിർക്കുന്ന,
കറുത്ത കാലത്തിന്റെ,
കാവലാളാവുന്നു ഞാൻ....!
അഗ്നിയെ ചായക്കൂട്ടുകളാക്കി
ആകാശ ക്യാൻവാസിൽ,
ഭൂമിയുടെ ഛായാചിത്രങ്ങൾ
അടയാളപ്പെടുത്തുന്നു...
ഇത് വരും കാലത്തിലേക്കുള്ള
നീക്കിവെയ്പ്പ്, ഓർമ്മപ്പെടുത്തൽ.
ഒരു ഭൂമി ജീവിച്ചിരുന്നതിന്റെ
ഒടുവിലത്തെ ശേഷിപ്പ്...

@സുവർണ
23/03/17
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo