ദ കിഡ്നാപ്പര്‍ ഫ്രം ഹൈറേഞ്ച്:
********************************************************************************
കൊച്ചി നഗരത്തിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്റെ മകളെ തട്ടിക്കൊണ്ടു പോകാന്‍ ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയിലെ,വിസ്തൃതമായ തന്‍റെ അനേകം റബ്ബര്‍ തോട്ടങ്ങളില്‍ ഒന്നിലെ ബംഗ്ലാവില്‍ വച്ച് തീരുമാനിക്കുമ്പോള്‍ ,കല്ലുങ്കല്‍ ഔസേപ്പ് മുതലാളിക്ക് എഴുപത്തിയാറു വയസ്സും എട്ടുമാസവും പ്രായം ഉണ്ടായിരുന്നു.
********************************************************************************
കൊച്ചി നഗരത്തിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്റെ മകളെ തട്ടിക്കൊണ്ടു പോകാന്‍ ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയിലെ,വിസ്തൃതമായ തന്‍റെ അനേകം റബ്ബര്‍ തോട്ടങ്ങളില്‍ ഒന്നിലെ ബംഗ്ലാവില്‍ വച്ച് തീരുമാനിക്കുമ്പോള്‍ ,കല്ലുങ്കല്‍ ഔസേപ്പ് മുതലാളിക്ക് എഴുപത്തിയാറു വയസ്സും എട്ടുമാസവും പ്രായം ഉണ്ടായിരുന്നു.
സംഭവങ്ങളുടെ തുടക്കം ഇന്നലെ രാത്രിയിലാണ്.
>>
രാത്രി എട്ടരക്ക് സ്വീകരണ മുറിയിലെ മാതാവിന്റെ രൂപക്കൂടിനു മുന്നില്‍ ഇരുന്നു മുതലാളി കൊന്ത ചൊല്ലി.പിന്നെ അലമാര തുറന്നു കുപ്പിയില്‍ നിന്ന് ഒരു ഗ്ലാസ് നിറയെ നെല്ലിട്ടു വാറ്റിയ വീര്യം ഒഴിച്ചു.അത് കൈയില്‍ പിടിച്ചു കൊണ്ട് മുതലാളി ജനാലകള്‍ തുറന്നു.നരച്ച നെഞ്ചിലെ വെന്തിങ്ങ തടവി മുതലാളി വാറ്റ് ചാരായം ആസ്വദിച്ചു കുടിക്കുന്നത് ,ഭിത്തിയിലെ സ്റ്റഫ് ചെയ്ത കാളത്തലയുടെ സമീപത്തെ ബ്ലാക്ക് ആന്ഡ് വൈറ്റ് ചിത്രങ്ങളില്‍ ഇരുന്നു കൊണ്ട് ,ഔസേപ്പ് മുതലാളിയുടെ അപ്പനും വല്ല്യപ്പന്മാരുമായ ദേവസ്യാച്ചന്‍ മുതലാളിയും പോത്തന്‍ മുതലാളിയും അസൂയയോടെ നോക്കി .എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് മരിച്ചു പോയ മുതലാളിയുടെ ഭാര്യയായ പെണ്ണമ്മയുടെ ചിത്രത്തിലെ കണ്ണുകള്‍ മുതലാളിയെ ദേഷ്യത്തോടെയാണ് നോക്കുന്നത്.
>>
രാത്രി എട്ടരക്ക് സ്വീകരണ മുറിയിലെ മാതാവിന്റെ രൂപക്കൂടിനു മുന്നില്‍ ഇരുന്നു മുതലാളി കൊന്ത ചൊല്ലി.പിന്നെ അലമാര തുറന്നു കുപ്പിയില്‍ നിന്ന് ഒരു ഗ്ലാസ് നിറയെ നെല്ലിട്ടു വാറ്റിയ വീര്യം ഒഴിച്ചു.അത് കൈയില്‍ പിടിച്ചു കൊണ്ട് മുതലാളി ജനാലകള്‍ തുറന്നു.നരച്ച നെഞ്ചിലെ വെന്തിങ്ങ തടവി മുതലാളി വാറ്റ് ചാരായം ആസ്വദിച്ചു കുടിക്കുന്നത് ,ഭിത്തിയിലെ സ്റ്റഫ് ചെയ്ത കാളത്തലയുടെ സമീപത്തെ ബ്ലാക്ക് ആന്ഡ് വൈറ്റ് ചിത്രങ്ങളില്‍ ഇരുന്നു കൊണ്ട് ,ഔസേപ്പ് മുതലാളിയുടെ അപ്പനും വല്ല്യപ്പന്മാരുമായ ദേവസ്യാച്ചന്‍ മുതലാളിയും പോത്തന്‍ മുതലാളിയും അസൂയയോടെ നോക്കി .എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് മരിച്ചു പോയ മുതലാളിയുടെ ഭാര്യയായ പെണ്ണമ്മയുടെ ചിത്രത്തിലെ കണ്ണുകള്‍ മുതലാളിയെ ദേഷ്യത്തോടെയാണ് നോക്കുന്നത്.
മുതലാളി പുറത്തേക്ക് നോക്കി.നിശബ്ദത ഉറഞ്ഞു കിടക്കുന്ന ഇരുണ്ട റബ്ബര്‍തോട്ടങ്ങളില്‍ കോട മഞ്ഞു വീഴുന്നു.ഇന്ന് മാര്‍ച്ച് പത്തൊന്‍പത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് മുതലാളിക്കും പെണ്ണമ്മക്കും ഒരു പെണ്കുഞ്ഞും ജനിക്കുന്നത്.അവര്‍ അവള്ക്ക് നിമ്മി എന്ന് പേരിട്ടു.നിമ്മിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോ ട്യൂമര്‍ വന്നു മരിച്ചു പോയി.ഇന്ന് അവളുടെ ജന്മ ദിനമാണ്.
മുതലാളി ടി.വി ഓണ്‍ ചെയ്തു.ഒന്‍പതു മണിക്കത്തെ ന്യൂസ് ചാനല്‍ തെളിഞ്ഞു.
"നിമ്മി ജോസഫ് പീഡന കേസില്‍ പ്രശസ്ത വക്കീല്‍ ജോസഫ് കാട്ടൂക്കാരന്‍ പ്രതികള്ക്ക് വേണ്ടി ഹാജര്‍ ആവും.ഇതിനു മുന്പു കാട്ടൂക്കാരന്‍ ഹാജരായ മൂന്നു കേസിലും പ്രതികള്‍ രക്ഷപെട്ടിരുന്നു.അങ്ങിനെയെങ്കില്‍ ഈ കേസിലും പ്രതികള്‍ രക്ഷപെടാനാണ് സാധ്യത."
രണ്ടു ദിവസം മുന്പാണ് മുതലാളി ഈ കേസ് ടി.വിയില്‍ കാണുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്പ് മരിച്ചു പോയ തന്റെ മകളുടെ അതെ പേരാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടതിനു ശേഷം പാലത്തില്‍ നിന്ന് കായലിലേക്ക് വീണു കൊല്ലപ്പെട്ട ആ പെണ്കുട്ടിക്കും ഉള്ളത്.
അഡ്വക്കറ്റ് ജൊസഫ് കാട്ടൂക്കാരന്‍.
ഓടുന്ന ട്രെയിനില്‍ നിന്ന് പതിനെട്ടു വയസ്സ് പ്രായമുള്ള പെണ്കുട്ടിയെ പീഡിപ്പിച്ചു കൊന്ന, എല്ലാ തെളിവുകളും എതിരായിരുന്ന പ്രതിക്ക് തൂക്കു കയറില്‍ നിന്ന് ജയില്‍ ശിക്ഷ വാങ്ങി കൊടുത്താണ് ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്.കാട്ടൂക്കാരന്റെ കഴിവ് തൂക്കുകയറില്‍ നിന്ന് ബിരിയാണിയുടെ സുഭിക്ഷതയിലേക്ക് പിഴവുകള്‍ നിറഞ്ഞ നിയമം പ്രതിയെ ആനയിച്ചു.
അതൊരു തുടക്കം മാത്രമായിരുന്നു.
കാമാഭ്രാന്ത്നമാര്‍ യഥേഷ്ടം പെണ്കുട്ടികളെ കൊല്ലുന്നു..അന്വേഷണത്തിലെ പിഴവുകളും ,നിയമത്തിലെ ലൂപ്‌ഹോള്സും (തുളകള്‍) ഉപയോഗിച്ച് കാട്ടൂക്കാരന്‍ നരാധമന്മാ്രെ രക്ഷിക്കുന്നു.
"പെണ്കുട്ടിയുടെ സമ്മതത്തോടെയാണ് പ്രതികളും പെണ്കുട്ടിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നും പെണ്കുട്ടി ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായതെന്നും നിസ്സാരമായി തെളിയിക്കാന്‍ കാട്ടൂക്കാരന് കഴിയും.മുന്‍ കേസുകളെ പോലെ കേരള പോലീസിനെ നാണം കെടുത്തിക്കൊണ്ട് കാട്ടൂക്കാരന്‍ ഇപ്രാവശ്യവും പ്രതികളെ രക്ഷിക്കും."
ന്യൂസ് ചാനലിലെ അവതാരക ദൈവം പറയുന്നത് കേട്ട് മുതലാളിയുടെ നരച്ച കൊമ്പന്‍ മീശ വിറച്ചു.
അപ്പോഴേക്കും അടുക്കളയില്‍ നിന്ന് മുതലാളിയുടെ അനുചരന്മാരില്‍ ഒരാളായ പാപ്പച്ചി ഒരു പ്ലേറ്റില്‍ ഉണക്കക്കപ്പ വേവിച്ചതും ,പോത്ത് ഇറച്ചി കുരുമുളക് ഇട്ടു വറുത്തതും എടുത്തു കൊണ്ട് വന്നു ടേബിളില്‍ വച്ചു.പെണ്ണമ്മ മരിച്ചതിനു ശേഷം,മുതലാളിയുടെ സഹായത്തിനു പഴയ ഒരു ഗുണ്ട കൂടിയായ പാപ്പച്ചി സദാ സമയം ഒപ്പമുണ്ട്.
"ആ വക്കീല്‍ നാളെ കഴിഞ്ഞു കോടതിയില്‍ ഹാജരായാല്‍ ആ കേസും തേഞ്ഞു മാഞ്ഞു പോകും.അല്ലെ മുതലാളി." പാപ്പച്ചി ചോദിച്ചു.
"ഉം..."മുതലാളി ഒന്നിരുത്തി മൂളി.
മുതലാളി അസ്വസ്ഥന്‍ ആണെന്ന് പാപ്പച്ചിക്ക് മനസ്സിലായി.അയാള്‍ ഉടനെ തന്നെ മുതലാളിയുടെ ശൂന്യമായ ഗ്ലാസില്‍ വീണ്ടും മദ്യം നിറച്ചു.മുതലാളിയുടെ നോട്ടം ഭിത്തിയില്‍ തൂങ്ങി കിടക്കുന്ന വിശുദ്ധ ഔസേപ്പ് പിതാവിന്റെ ചിത്രത്തില്‍ പതിഞ്ഞു.
തിങ്ങി നിറഞ്ഞ താടിയും,ദു:ഖം നിറഞ്ഞ കണ്ണുകളുമായി ,ഇലകള്‍ തളിരിട്ട വടി തോളില്‍ ചേര്‍ത്ത് വച്ച പുണ്യവാളന്‍ മുതലാളിയെ നോക്കി.മുതലാളി പുണ്യവാളനെയും.വര്‍ഷങ്ങള്‍ക്കു പുറകില്‍ നിന്ന് തന്റെ വല്യമ്മച്ചി കൊച്ചു ത്രേസ്യയുടെ സ്വരം മുതലാളി വീണ്ടും കേട്ടു.
"ഉണ്ണിയേശുവിനെ ഹെറോദെസ് രാജാവ് കൊല്ലാന്‍ പ്ലാന്‍ ചെയ്തെന്നും അതിനായി ബത്ലഹമിലെ ശിശുക്കളെ തിരഞ്ഞു വധിക്കുമെന്നും മാലാഖ പ്രത്യക്ഷപ്പെട്ടു അറിയിച്ച ഉടനെ മാതാവിനെയും ഉണ്ണിയേയും കൂടി ഔസേപ്പ്പിതാവ് ഈജിപ്തിലേക്ക് ഓടിപോയി.പോകുന്ന വഴി ഏതെങ്കിലും തള്ളമാരോട് പറഞ്ഞാരുന്നെങ്കില്‍ അവരുടെ കുഞ്ഞുങ്ങളെ എങ്കിലും ഒരു പക്ഷെ രക്ഷിക്കാമാരുന്നു എന്ന സങ്കടമാ പുണ്യവാളന്റെ മുഖത്ത്.പക്ഷെ വേഗന്നു ഓടി പോകുമ്പോ അത് വല്ലോം നടക്കുവോ?"
ബൈബിളില്‍ ഇല്ലാത്ത ആ സാധ്യത അങ്ങനെയാണ് ആദ്യമായി മുതലാളി അറിഞ്ഞത്.പുണ്യാളന്റെ സങ്കടം സ്ഫുരിക്കുന്ന കണ്ണുകള്‍ കാണുമ്പോ മുതലാളി ഹെറോദെസ് നടത്തിയ ശിശുഹത്യയുമായി ബന്ധപ്പെട്ട ബൈബിളിലെ തിരുവചനം ഓര്‍മ്മിച്ചു.
"റാമായില്‍ ഒരു സ്വരം,വലിയ കരച്ചിലും മുറവിളിയും . റാഹേല്‍ സന്താനങ്ങളെ ക്കുറിച്ച് ഓര്‍ത്തു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം.എന്തെന്നാല്‍ അവൾക്ക് സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു."
ആ വചനം അപ്പോള്‍ കൊച്ചിയില്‍ ആവര്‍ത്തിക്കുകയായിരുന്നു. .കായലിലേക്ക് ചണ്ടി പോലെ എറിഞ്ഞു കൊല്ലപ്പെട്ട നിമ്മി ജോസഫിന്റെ അമ്മ ,തന്റെ മകളെക്കുറിച്ചു ആലോചിച്ചു വാവിട്ടു കരയുന്നു. താന്‍ പൊന്നു പോലെ വളര്‍ത്തിയ മകളെ ഒരു പഴംതുണി പോലെ പിച്ചി ചീന്തിയ ക്രൂരന്മാര്‍ രക്ഷപെടാന്‍ പോവുകയാണ് എന്ന വിവരവും കൂടിയായപ്പോള്‍ ആ അമ്മ വെറും നിലത്തു ചുരുണ്ടുകൂടി കിടന്നു നിലവിളിച്ചു..ആ കാഴ്ച കണ്ടു "കന്യാവൃതക്കാരുടെ കാവല്ക്കാരനായ വിശുദ്ധ യൌസേപ്പ് " എന്നെഴുതിയ ചിത്രത്തില്‍ ഇരുന്നു പുണ്യവാളന്റെ മിഴികള്‍ സജലങ്ങളായി.
"മുതലാളി കഴിക്കുന്നില്ലേ..."പാപ്പച്ചിയുടെ ചോദ്യം പൊടുന്നനെ മുതലാളിയെ ഉണര്‍ത്തി.
"അയാള്‍ ഈ കേസ് വിട്ടാല്‍,ആ പെണ്ണിന് നീതി കിട്ടും.അല്യോടാ പാപ്പച്ചി?"
പാപ്പച്ചി തലയാട്ടി.
"പക്ഷെ മുതലാളിക്ക് വയ്യാതിരിക്കുന്ന നേരത്ത് നമ്മള്ക്ക് ഈ കേസ് പിടിക്കണോ..?"പാപ്പച്ചി മടിയോടെ ചോദിച്ചു.
"അതിലൊന്നും കാര്യമില്ല.ദ ഷോ മസ്റ്റ് ഗോ ഓണ്‍.." മുതലാളി മെല്ലെ പറഞ്ഞു.
ഏറ്റവും ഗൌരവമേറിയ കാര്യങ്ങള്‍ പറയുബോള്‍ മാത്രമാണ് മുതലാളി ആ ആംഗലേയ വാക്യം പറയാറുള്ളത് എന്ന് അതിന്റെ അര്‍ത്ഥം അറിയിലെങ്കിലും പാപ്പച്ചിക്ക് അറിയാം.
ഈ വാക്യത്തിന്റെ ഉത്ഭവുമായി ബന്ധപ്പെട്ട് ഒന്ന് രണ്ടു ഐതിഹ്യങ്ങള്‍ നിലനില്ക്കുന്നു.ആജാനബാഹുവായ ,കൊമ്പന്‍ മീശയുള്ള ,വെളുത്ത ബനിയനിനുള്ളില്‍ നരച്ച നെഞ്ചില്‍ ചേര്‍ന്ന് കിടക്കുന്ന,കറുത്ത വെന്തിങ്ങയും ,സ്വര്ണ്ണ കയരുപിരിയന്‍ മാലയും അണിഞ്ഞ്,ഒരു കയ്യില്‍ മദ്യം നിറച്ച ഗ്ലാസുമായി ഇരിക്കുന്ന പ്ലാന്റര്‍ ഔസേപ്പ് മുതലാളിയില്‍ നിന്ന് ,മുതലാളിയുടെ ബാല്യകാലത്തിലേക്ക് ഒരു എത്തിനോട്ടം.
മുതലാളി ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.കല്ലുങ്കല്‍ സ്കൂളിന്റെ ഹെഡ് മാസ്റര്‍ പീലിപ്പോസ് സര്‍ ,തന്റെ പുരയിടത്തിലെ പ്ലാവില്‍ നിന്ന് ചക്ക പറിക്കാന്‍ ഉള്ള ശ്രമത്തിനിടയില്‍ ,ശിഖരം ഒടിഞ്ഞു താഴെ വീഴുകയും,അങ്ങനെ ഇഹലോകവാസം വെടിയുകയും ചെയ്തു.സ്കൂളിനു രണ്ടു ദിവസം അവധി ലഭിച്ചു.പഠനം എന്ന പ്രക്രിയയോട് പൊതുവേ താത്പര്യം ഇല്ലാത്ത ചെറിയ ഔസേപ്പ് ,ഒരു രണ്ടാഴ്ച എങ്കിലും സ്കൂള്‍ അടച്ചു പൂട്ടുമെന്നും,ഹെഡ്മാസ്റ്റര്‍ ഇല്ലാത്ത അരക്ഷിതാവസ്ഥ തുടരുമെന്നും പ്രതീക്ഷിച്ചു.എന്നാല്‍ ആ ആറാം ക്ലാസുകാരനെ നിരാശപ്പെടുത്തി കൊണ്ട് ,മൂന്നാം ദിവസം രാവിലെ ഒന്നാം പീര്യഡില്‍ കണക്കുമാഷായ ദിവാകരന്‍ മാസ്റര്‍ ക്ലാസില്‍ അവതരിച്ചു.
നിശബ്ദരായ കുട്ടികളോട് പീലിപ്പോസ് സാറിന്റെ ആത്മാവിനു വേണ്ടി ഒരു നിമിഷം മൗനം ആചരിക്കുവാന്‍ ദിവാകരന്മാസ്റര്‍ ആവശ്യപ്പെട്ടു.അതിനു ശേഷം ല.സാ.ഘുവും ഉ.സാ.ഘുവും പഠിപ്പിക്കാന്‍ ബ്ലാക്ക് ബോര്‍ഡിലേക്ക് തിരിഞ്ഞു.അപ്പോള്‍ ക്ലാസിന്റെ പുറകിലത്തെ ബെഞ്ചില്‍ നിന്നും ഇങ്ങനെ ഒരു അശരീരി കേട്ടു.
"സാറെ ,പീലിപോസ് സാറ് മരിച്ചത് കൊണ്ട് ഇന്ന് ക്ലാസ് എടുക്കണോ.?"
ദിവാകരന്‍ മാസ്റര്‍ കുട്ടികളുടെ നേരെ തിരിഞ്ഞു.വിതുമ്പാന്‍ തുടങ്ങുന്ന മുഖവുമായി അദ്ദേഹം ക്ലാസ്സിനെ നോക്കി അരുളിച്ചെയ്തു.
"സാറ് പോയി.പക്ഷെ നമ്മള്‍ നമ്മുടെ ജോലി പൂര്‍വാധികം ഭംഗിയായി ചെയ്തു പരലോകത്ത് ഇരിക്കുന്ന സാറിനെ സന്തോഷിപ്പിക്കുകയാണ് വേണ്ടത്...ദ ഷോ മസ്റ്റ് ഗോ ഓണ്‍...."
ആദ്യം കേട്ട അശരീരിയുടെ ഉടമ ഔസേപ്പ് മുതലാളി ആയിരുന്നുവന്നു പറയേണ്ടതില്ലല്ലോ.പക്ഷെ കുഞ്ഞു ഔസേപ്പിന്റെ മനസ്സില്‍ ആ ഇംഗ്ലിഷ് വാക്യം മായാതെ കിടന്നു.
പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു മുതലാളിയുടെ ഭാര്യ പെണ്ണമ്മ മരിച്ചതിന്റെ പിറ്റേന്ന് , ദു;ഖത്തില്‍ ചാരുകസേരയില്‍ കാലും നീട്ടി ,ചക്രവാളത്തിന്റെ ചുവന്ന നീണ്ട വര നോക്കി ,ഏകാകിയായി ഇരുന്ന മുതലാളിയുടെ അരികിലേക്ക് ,മുതലാളിയുടെ ഉടമസ്ഥതയില്‍ ഉള്ള ബാറുകള്‍ തുറക്കണോ ,എന്ന സംശയവുമായി എത്തിയ പാപ്പച്ചിയോടു മുതലാളി ആ വാക്ക്യം തന്നെ പറഞ്ഞു.മെല്ലെ.
"ദ ഷോ മസ്റ്റ് ഗോ ഓണ്‍.."
അപ്പോള്‍ ആ വാചകത്തിന് ബാറുകള്‍ തുറക്കുക എന്ന അര്‍ത്ഥമായിരുന്നു.
>>
"പക്ഷെ അയാളെ എങ്ങനെ നമ്മള്‍ കേസില്‍ നിന്ന് മാറ്റി നിര്‍ത്തിക്കും.."പാപ്പച്ചിയുടെ ചോദ്യം മുതലാളിയെ ഉണര്‍ത്തി.
>>
"പക്ഷെ അയാളെ എങ്ങനെ നമ്മള്‍ കേസില്‍ നിന്ന് മാറ്റി നിര്‍ത്തിക്കും.."പാപ്പച്ചിയുടെ ചോദ്യം മുതലാളിയെ ഉണര്‍ത്തി.
ഏഴു ബാറുകളും,നാല് ക്രഷറുകളും സ്വന്തമായി ഉള്ള മുതലാളിക്ക് എല്ലാ നഗരങ്ങളിലും ബന്ധങ്ങള്‍ ഉണ്ട്.മുതലാളി ലാന്ഡ്ഫോണില്‍ നിന്നും കൊച്ചിയിലെ ഒരു സുഹൃത്തായ മറ്റൊരു സമപ്രായക്കാരനായ അബ്കാരി മുതലാളിയെ വിളിച്ചു.ആ വിളിയില്‍ നിന്ന് വക്കീലിന് ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കുന്ന അലീന കാട്ടൂക്കാരന്‍ എന്ന മകള്‍ ഉണ്ടെന്നും ,അവള്‍ നഗരത്തിലെ ഒരു ലേഡിസ് ഹോസ്റ്റലില്‍ താമസിക്കുകയാണ് എന്ന വിവരവും ലഭിച്ചു.അങ്ങിനെയാണ് മുതലാളി അലീന എന്ന വക്കീലിന്റെ മകളെ തട്ടി കൊണ്ട് വരിക എന്ന തീരുമാനത്തില്‍ എത്തി ചേര്‍ന്നത്..ആ രാത്രിയില്‍ വീണ്ടും കോളുകള്‍ പാഞ്ഞു.ഒരു കിഡ്നാപ്പിംഗ് പ്ലാന്‍ മുതലാളിയുടെ തലച്ചോറില്‍ രൂപം കൊണ്ടു.
പിറ്റേന്ന് ഉച്ച തിരിഞ്ഞു അലീന താമസിക്കുന്ന ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റിനു മുന്നിലേക്ക് ഒരു പഴയ മോഡല്‍ കറുത്ത അംബാസിഡര്‍ കാറ് ഒഴുകി വന്നു.അതില്‍ നിന്നു രണ്ടു വൃദ്ധ പുരോഹിതര്‍ പുറത്തിറങ്ങി.
അച്ചന്‍മാരെ കണ്ടതും മാലാഖമാരെ നേരില്‍ കണ്ടത് പോലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഗോരെത്തിയുടെ മുഖം തെളിഞ്ഞു.പുരോഹിതര്‍ തങ്ങളുടെ ആഗമന ഉദ്ദേശം വെളിപെടുത്തി.അവരുടെ മെത്രാനച്ചന്‍ വക്കീലായ ജോസഫ് കാട്ടൂക്കാരന്റെ ഒരു അമ്മാവനാണ്.മെത്രാന് ,കുട്ടിയെ ഒന്ന് കാണണം.കൂട്ടിക്കൊണ്ടു വരുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
മെത്രാനും അലീനയും ബന്ധുക്കള്‍ ആണെന് അറിയാവുന്ന മദര്‍ സുപ്പീരിയറിനു അതില്‍ അസ്വഭാവികമായി ഒന്നും തോന്നിയില്ല.അവര്‍ അലീനയെ വിളിച്ചു കൊണ്ടുവരാന്‍ പറഞ്ഞയച്ചു.
ബോബ് ചെയ്ത മുടിയും പ്രസരിപ്പ് വഴിഞ്ഞൊഴുകുന്ന മുഖവുമായി ഒരു പെണ്കുട്ടി അവരുടെ മുന്നില്‍ എത്തി."ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ" എന്ന് വേഗം വിഷ് ചെയ്തതിനു ശേഷം അവള്‍ മൊബൈല്‍ ഫോണിലേക്ക് ശ്രദ്ധ തിരിച്ചു.ഇതില്‍ നിന്ന് അവള്ക്ക് ഒരു ബോയ്‌ഫ്രണ്ട് കാണും എന്ന് പുരോഹിതരില്‍ ഒരാളായ പാപ്പച്ചി ഉറപ്പിച്ചു.
അലീന വൈദികര്‍ക്കൊപ്പം വണ്ടിയില്‍ കയറി.വണ്ടി മുന്നോട്ടു നീങ്ങി,നഗര പരിധി കഴിയുന്നത് വാട്സപ്പ് നോക്കിയിരിക്കുന്നതിനിടയില്‍ അവള്‍ അറിഞ്ഞില്ല.
"ഹോ ഈ അച്ചന്മാരെ ഒക്കെ സമ്മതിക്കണം...ഈ ളോഹ ഇങ്ങനെ ഇട്ടോണ്ട് നടക്കുന്നത് ചില്ലറ കാര്യമല്ല..എന്നാ ചൂടാ എന്റെ പാപ്പച്ചി..."
മുന്പിലത്തെ സീറ്റില്‍ ഇരിക്കുന്ന വൈദികനില്‍ നിന്നും മേല്പറഞ്ഞ ആത്മഗതം കേട്ട് അവള്‍ തലയുയര്‍ത്തി..മുന്പില്‍ ഇരിക്കുന്നത് വൈദികര്‍ അല്ലെന്നും താന്‍ ഏതോ ട്രാപ്പില്‍ പെട്ടിരിക്കുന്നുവെന്നും അവള്ക്ക് മനസ്സിലായി.അവള്ക്ക് മനസ്സിലായി എന്ന് അവളുടെ ഭാവമാറ്റം മിററില്‍ കണ്ട ഔസേപ്പ് മുതലാളിക്കും മനസ്സിലായി.
"നീ കിടന്നു ബഹളം വെക്കണ്ട.ബഹളം വെച്ചാല്‍ നിന്നെ ഞാന്‍ വെടി വച്ച് കൊല്ലും.എന്നിട്ട് ഏതെങ്കിലും പാലത്തില്‍ നിന്ന് താഴേക്ക് ബോഡി കളയും.നിന്റെ അപ്പനെ പോലെ വക്കീലന്മാര്‍ ഉള്ളത് കൊണ്ട്,ഒരു ശിക്ഷയും ഇല്ലാതെ രക്ഷപെടാം."
മുതലാളി തന്റെ പോയിന്റ് വളരെ ചുരുങ്ങിയ വാക്കുകളില്‍ അലീനയുടെ മുന്നില്‍ അവതരിപ്പിച്ചു.ഒപ്പം തന്നെ ഡാഷ് ബോര്‍ഡു തുറന്നു രണ്ടു കൈത്തോക്കുകള്‍ വിശ്രമിക്കുന്ന ദൃശ്യം അവള്‍ക്കു കാണിച്ചു കൊടുത്തു.
അവള്‍ പുറത്തേക്ക് നോക്കി.വണ്ടി കോതമംഗലം ഭാഗത്തെക്ക് തിരിഞ്ഞു.കാഞ്ഞിരപ്പള്ളിയില്‍ പോകുന്നതിലും സുരക്ഷിതം നെടുകണ്ടത്തുള്ള തന്റെ എലത്തോട്ടം ആണെന്ന് മുതലാളി കണക്കു കൂട്ടിയിരുന്നു.
.
"എന്നെ തട്ടി കൊണ്ട് പോവുകാണോ..."അവള്‍ ചോദിച്ചു.
.
"എന്നെ തട്ടി കൊണ്ട് പോവുകാണോ..."അവള്‍ ചോദിച്ചു.
മുതലാളിക്ക് ഒരു പാട് സംസാരിക്കുന്നത് ഒട്ടും ഇഷ്ടമല്ല.അത് കൊണ്ട് തന്നെ മുതലാളി പെട്ടെന്ന് പുറം തിരിഞ്ഞു ക്ലോറോഫോം പുരട്ടിയ തൂവാല തന്റെ മുഖത്ത് പൊത്തും എന്ന് അലീന പ്രതീക്ഷിച്ചില്ല.ഈ പ്രവര്‍ത്തിക്കു ശേഷം മുതലാളി കിഡ്നാപ്പിംഗ് നടത്തുന്നതിനു മുന്പ് വൈറ്റില ബിവറെജില്‍ നിന്ന് വാങ്ങിയ "മാന്ത്രിക നിമിഷങ്ങള്‍ " എന്ന് മലയാളത്തില്‍ അറിയപെടുന്ന വെളുത്ത മദ്യം കുറച്ചു അകത്താക്കുകയും അതിനെ തുടര്‍ന്ന് പുറകോട്ടു ചാഞ്ഞുറങ്ങുകയും ചെയ്തു.
ഇതിനിടെ തന്നെ കൊച്ചിയില്‍ അലീന ബിഷപ് ഹൗസില്‍ എത്തിയില്ലെന്നും അവളെ തട്ടിക്കൊണ്ടു പോയെന്നും അറിഞ്ഞു കഴിഞ്ഞിരുന്നു.
നേരം സന്ധ്യയായിരുന്നു.അലീന കണ്ണ് തുറന്നു.തേയിലത്തോട്ടങ്ങള്‍ മഞ്ഞില്‍ മുങ്ങുന്നത് അവള്‍ കണ്ടു.
"നീ ഫോണ്‍ എടുത്ത് നിന്റെ അപ്പനെ വിളിക്ക.എന്നിട്ട് നാളെ ആ പീഡന കേസില്‍ ഹജരാകരുതെന്നും അതില്‍ നിന്ന് മാത്രമല്ല ഒരു പീഡന കേസിലും ഇനി വക്കാലത്ത് പിടിക്കില്ലെന്നും സമൂഹത്തിനു മുന്പി്ല്‍ വാക്ക് പറയാന്‍ പറ.." മുന്നില്‍ നിന്ന് മുതലാളിയുടെ കല്പന വന്നു.അവള്‍ ഫോണ്‍ എടുത്തു കാട്ടൂക്കാരനെ വിളിച്ചു
.
"ഡാഡി,എന്നെ രണ്ടു പേര്‍ തട്ടിക്കൊണ്ടു പോവുകയാ...ദ കിഡ്നാപ്പര്‍ ഈസ് ഫ്രം ഹൈറേഞ്ച്.."..അലീന അവര്‍ക്ക് വേണ്ടത് എന്താണ് എന്ന് ഡാഡിയോട് പറഞ്ഞു.മറുവശത്ത് നിന്ന് പൊട്ടിച്ചിരി കേട്ടു.
.
"ഡാഡി,എന്നെ രണ്ടു പേര്‍ തട്ടിക്കൊണ്ടു പോവുകയാ...ദ കിഡ്നാപ്പര്‍ ഈസ് ഫ്രം ഹൈറേഞ്ച്.."..അലീന അവര്‍ക്ക് വേണ്ടത് എന്താണ് എന്ന് ഡാഡിയോട് പറഞ്ഞു.മറുവശത്ത് നിന്ന് പൊട്ടിച്ചിരി കേട്ടു.
"നീ ഫോണ്‍ അയാള്ക്ക് കൊടുക്ക്."കാട്ടുക്കാരന്‍ പറഞ്ഞു.
"കല്ലുങ്കല്‍ ഔസേപ്പ് വൃത്തിക്കെട്ട മനുഷ്യരുമായി സംസാരിക്കില്ലെന്നു പറഞ്ഞേക്ക്." മുതലാളി മുരണ്ടു.
വണ്ടി മെയിന്‍ റോഡു പിന്നിട്ടു ഒരു കൃഷിയിടത്തിലേക്ക് പ്രവേശിച്ചു.ഫോണിന്റെ സിഗ്നല്‍ കട്ടായി.മുതലാളിയുടെ ബംഗ്ലാവിന്റെ മുന്നില്‍ വണ്ടി നിന്നു.
അലീന പുറത്തിറങ്ങി.ആ വിജനമായ തോട്ടത്തില്‍ നിന്ന് താന്‍ എങ്ങോട്ട് ഓടി രക്ഷപെടാനാണ് ?പക്ഷെ...ഇവിടെ വന്നത് പോലെ തനിക്കു തോന്നുന്നു..ഈ ബംഗ്ലാവ്..ഈ തോട്ടം..എപ്പോഴാണ്..അത് കൂടാതെ തന്നെ തട്ടി കൊണ്ട് വന്നിരിക്കുന്നവര്‍ വൃദ്ധന്മാരാണ് എന്നും അവരുടെ പെരുമാറ്റരീതികള്‍ കൗതുകം ഉണര്‍ത്തുന്നതും ഭയം തോന്നിപ്പിക്കാത്തതുമായിരുന്നു.
പുറത്തു കോച്ചിപ്പിടിക്കുന്ന തണുപ്പ് ഉണ്ടായിരുന്നു.
"എനിക്ക് മാറിയിടാന്‍ ഡ്രെസ് പോലുമില്ല.ഇവിടെ ജിയോക്ക് റേയ്ഞ്ചുണ്ടോ..."?അവള്‍ ഈര്‍ഷ്യ യോടെ ചോദിച്ചു.
മുതലാളി അവളെ ചിരിയോടെ നോക്കി.തന്റെ മകള്‍ നിമ്മിയെ മുതലാളിക്ക് ഓര്‍മ്മ വന്നു.പിന്നെ പാലത്തില്‍ നിന്ന് വീണു മരിച്ച നിമ്മിയെയും.
"നിന്നെ ഞങള്‍ തട്ടി കൊണ്ട് വന്നതാണ്.അല്ലാതെ ടൂറിനു കൊണ്ട് വന്നതല്ല."
"അതെ,ടൂറിനു,കോളേജില്‍ നിന്ന് ടൂര്‍ പോയപ്പോള്‍ ഞങ്ങള്‍ ഇവിടെ വന്നിരുന്നു.ഫാം ടൂറിസം കാണുവാന്‍ ഇവിടെ വന്നിട്ടുണ്ട്..."അവള്‍ക്ക് ഓര്‍മ്മ വന്നു.
മുതലാളി ബംഗ്ലാവ് തുറന്നു.
"അകത്തു നിമ്മിയുടെ ഡ്രസ്സുകള്‍ കാണും.കുളിച്ചു ഡ്രെസ് മാറി വരൂ..എന്നിട്ട് കുരിശു വരച്ചു ഭക്ഷണം കഴിക്കാം." മുതലാളി പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു കിഡ്നാപ്പര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാകുക.
എല്ലാം കഴിഞ്ഞു അവര്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നു.മുതലാളി സംസാരിച്ചു തുടങ്ങി.തന്റെ മരിച്ചു പോയ മകളുടെ അതെ പേരുള്ള മറ്റൊരു മകള്‍ കൊല്ലപ്പെട്ട വാർത്ത കണ്ടു,ഉള്ളു തകര്‍ന്നു പോയ ഒരു പിതാവിന്റെ മുഖം.
"നിന്റെ അപ്പന്‍ ചെയ്യുന്നത് എന്താണ് എന്ന് അയാള്ക്ക് അറിയില്ല.ഒരു തവണ പീഡിപ്പിച്ചു കൊല്ലപ്പെടുന്ന പാവം പെണ്കുട്ടികളെ അയാള്‍ വീണ്ടും കൊല്ലുകയയാണ് കോടതിയില്‍.ആദ്യത്തെതിനെക്കാള്‍ ക്രൂരമാണ് രണ്ടാമത്തെ മരണം.ഉദാഹരണത്തിനു നാളെ ആ പെണ്കുട്ടി സ്വന്തം സമ്മതത്തോടെയാണ് പ്രതികളുടെ ഒപ്പം പോയതെന്ന് അയാള്‍ തെളിയിച്ചാല്‍ ,ആ പെണ്‍കുട്ടിയുടെ ആത്മാവിനെയാണ് അയാള്‍ ബലാല്ക്കാരം ചെയ്യുന്നത്.പ്രതികള്‍ അവളുടെ ശരീരം മാനഭംഗപ്പെടുത്തിയെങ്കില്‍ ,നിന്റെ അപ്പന്‍ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ,അവളുടെ ആത്മാവിനെയാണ് മാനഭംഗപ്പെടുതുന്നത്. മറ്റൊരു ഹേറോദേസാണ് നിന്റെ അപ്പൻ.ആ നിരപരാധികളുടെ നീതിക്ക് വേണ്ടിയുള്ള നിലവിളി,മോളെ, നിന്റെയും ജീവിതം തകര്‍ക്കും. ."
അവള്‍ ഒന്നും മിണ്ടിയില്ല.അവള്‍ ഫോണ്‍ ഓണ്‍ ചെയ്തു.
"നാളെ ഡാഡി ,ആ കേസില്‍ ഹാജരായാല്‍ ,ഇങ്ങനെ ഒരു മകള്‍ ഇല്ലെന്ന് കരുതിയേക്ക്." അവൾ അപ്പനെ വിളിച്ചു പറഞ്ഞു.
പിറ്റേന്ന് നേരം പുലര്‍ന്നു. .പുറത്തെ ഹോണ്‍ ശബ്ദങ്ങള്‍ കേട്ടാണ് അലീന കണ്ണ് തുറന്നത്.വാതിലില്‍ ആരോ മുട്ടുന്നു.ബംഗ്ലാവില്‍ ആരുമില്ല.മുതലാളി ഇല്ല.പാപ്പച്ചി ഇല്ല.
അവള്‍ വാതില്‍ തുറന്നു.
പുറത്തു അവളുടെ അപ്പന്‍ ജോസഫ് കാട്ടൂക്കാരന്‍.പിന്നെ മദര്‍ സുപ്പീരിയര്‍..പിന്നെ പോലീസുകാര്‍.
അവര്‍ അവളെ കൂട്ടികൊണ്ട് പോയി വണ്ടിയില്‍ കയറ്റി.എലത്തോട്ടങ്ങളും ,പച്ച നിറമുള്ള തേയില കുന്നുകളും പിന്നിട്ട് വണ്ടി നീങ്ങിക്കൊണ്ടിരുന്നു.
"മോളെ,നീ പറഞ്ഞത് പോലെ ഞാന്‍ ആ കേസില്‍ നിന്ന് പിന്മാറി.അതില്‍ നിന്ന് മാത്രമല്ല. അത് പോലെ ഉള്ള എല്ലാ കേസില്‍ നിന്നും..നിന്നെ കാണാതായപ്പോള്‍ ശരിക്കും ഒരു അപ്പന്‍ അനുഭവിക്കുന്നത് എന്താണ് എന്ന് എനിക്ക് മനസ്സിലായി...."കാട്ടുക്കാരന്‍ വിറയാര്‍ന സ്വരത്തില്‍ പറഞ്ഞു.
"അപ്പോള്‍ ഔസേപ്പ് മുതലാളി..അവരെ പോലീസ് അറസ്റ്റ് ചെയ്തോ.?" അവള്‍ ചോദിച്ചു.
"ഔസേപ്പ് മുതലാളിയെ എങ്ങനെ അറസ്റ്റ് ചെയ്യാനാ..അയാള്‍ മരിച്ചിട്ട് ഇപ്പൊ കൊല്ലം മൂന്നായി..അന്ന് ടൂറു പോയി വന്നതിനു ശേഷം നിനക്ക് ഔസേപ്പ് മുതലാളിയുടെ കഥ പറയാന്‍ അല്ലെ നേരം ഉണ്ടായിരുന്നുള്ളൂ..ഏക മകള്‍ മരിച്ചതിനു ശേഷം സ്വത്ത് മുഴുവന്‍ പള്ളിക്കും അനാഥാലയതിനും എഴുതികൊടുത്ത പ്രതാപിയായ കല്ലുങ്കല്‍ ഔസേപ്പ് മുതലാളിയുടെ കഥ...അത് നിന്റെ തലയില്‍ കേറി ഉണ്ടായ അംനീഷ്യയാ ഇതൊക്കെ.. നിന്റെ മനസ്സിന്റെ സങ്കൽപ്പങ്ങൾ...അപ്പൻ കാരണം നാണക്കേടായി എന്ന് പറഞ്ഞ് നീ തന്നെ നിന്റെ കാറില്‍ കേറി വീട്ടില്‍ പോന്നതാ.. പക്ഷേ വന്നത് ഇങ്ങോട്ട്..എന്നാലും പോന്ന വഴിക്ക് ബിവറേജില് കേറി മാജിക്ക് മൊമന്റസ് വാങ്ങാന്‍ ഉള്ള നിന്റെ ധൈര്യം ഞാന്‍ സമ്മതിച്ചു...കേമി തന്നെ..."
മദർ സുപ്പീരിയർ പറഞ്ഞു.
അവള്‍ ഞെട്ടി വാ പൊളിച്ചിരുന്നു.
അപ്പോള്‍ ദൂരെ ഒരു ബംഗ്ലാവില്‍ ഫ്രെയിം ചെയ്ത ചിത്രത്തിനുള്ളില്‍ ഇരുന്നു കല്ലുങ്കല്‍ ഔസേപ്പ് എന്ന കിഡ്നാപ്പര്‍ യൌസേപ്പ് പിതാവിന്റെ ചിത്രത്തില്‍ നോക്കി ചിരിച്ചു.കന്യാവൃതക്കാരുടെ കാവല്ക്കാരന്റെ കണ്ണുകളില്‍ അപ്പോള്‍ ദു:ഖം അല്ല കുസൃതിയാണ് തെളിഞ്ഞത്.ആ കണ്ണുകള്‍ ഇങ്ങനെ പറയുന്നുണ്ടായിരുന്നു...
"ദ ഷോ മസ്റ്റ് ഗോ ഓണ്‍...."
(അവസാനിച്ചു)
By
Anish Francis
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക