കൂടെ പഠിച്ച സുഹൃത്തിനെ കാണാനാണ് അവൻ ജോലി ചെയ്യുന്ന സ്‌കൂളിലേക്ക് കഴിഞ്ഞതിന്റെ മുമ്പത്തെ വെക്കേഷന് ഞാൻ പോയത്.ലഞ്ച് ബ്രേക്കാവാൻ സമയം കുറച്ചുകൂടി ഉണ്ടായിരുന്നു.
വിശാലമായ സ്‌കൂൾ കോമ്പൗണ്ട്..വലിയ ബഹളങ്ങളൊന്നും ഇല്ലായിരുന്നു.തൊട്ടു മുമ്പിലെ ക്‌ളാസിനു പുറത്തു ഒരു ആൺകുട്ടി നിൽക്കുന്നു.ക്ളാസിൽ നിന്നും പുറത്താക്കിയതാണെന്നു ഒറ്റനോട്ടത്തിൽ മനസ്സിലായി.വിഷമവും ദൈന്യതയും അവന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാൻ പറ്റും.
ബെൽ മുഴങ്ങി ക്ളാസ്സിനു പുറത്തു വന്ന ടീച്ചറോട് എന്താണ് അവൻ ചെയ്ത കുറ്റം എന്നു ഞാൻ ചോദിച്ചു..സ്ഥിരം അനുസരണക്കേട് കാണിച്ചാൽ പിന്നെ ഇതല്ലാതെ ഞാൻ എന്തു ചെയ്യും എന്നുള്ള ടീച്ചറുടെ മറുപടിയിൽ നിന്നും എന്റെ ചോദ്യം അവർക്കിഷ്ടപ്പെട്ടിട്ടില്ലെന്ന് ഞാൻ മനസ്സിലാക്കി.
കുറേക്കാലത്തിനു ശേഷം സുഹൃത്തിനെ കണ്ടുമുട്ടിയപ്പോഴുള്ള ഊഷ്മള വികാര നിമിഷങ്ങൾക്ക് ശേഷം ആ ടീച്ചറെ ഒന്ന് കാണണമെന്ന് ഞാൻ സുഹൃത്തിനോടാവശ്യപ്പെട്ടു.
സുഹൃത്ത് അവരെയും കൂട്ടിക്കൊണ്ടു വന്നു.ഫ്രഷ് അപ്പോയിന്റിമെന്റ് ആയിരുന്നു അവർ..ഇപ്രാവശ്യം അവരുടെ മുഖത്ത് നേരിയൊരു പുഞ്ചിരിയുണ്ടായിരുന്നു.
ഞാനും അവന്റെ കൂടെ ഒരു അധ്യാപക വിദ്യാർത്ഥി ആയിരുന്നെന്ന് അവൻ പറഞ്ഞിട്ടുണ്ടാവണമെന്ന് ഞാൻ ഊഹിച്ചു.
ഞാനും അവന്റെ കൂടെ ഒരു അധ്യാപക വിദ്യാർത്ഥി ആയിരുന്നെന്ന് അവൻ പറഞ്ഞിട്ടുണ്ടാവണമെന്ന് ഞാൻ ഊഹിച്ചു.
ഞാൻ ചോദിച്ചു.."കുട്ടികളെ പഠിപ്പിക്കാൻ ടീച്ചർക്കൊരു പ്രൊഫഷണൽ ഡിഗ്രി ഉണ്ട്..ചൈൽഡ് സൈക്കോളജി ക്ലാസ്സുകളിൽ നിന്ന് നാം നേടിയെടുത്ത അറിവ് വെച്ച് കുട്ടികൾക്ക് അവർക്ക് പഠിക്കാനുള്ള കഴിവുകൾ വ്യത്യസ്തമാണെന്നും കൗമാര കാലത്തിലെ അവരുടെ മാനസികാവസ്ഥ കളെക്കുറിച്ചും ആ സമയത്തു അവരോട് ഏത് രീതിയിൽ ട്രീറ്റ് ചെയ്യണമെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്..ചിലരിൽ നാം കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തവണ്ണം ചിലപ്പോൾ വേറെന്തെങ്കിലും പ്രശ്നം ആ കുട്ടിക്ക് ഉണ്ടോ എന്നും മനസ്സിലാക്കേണ്ടതുണ്ട്.പാഠ്യപദ്ധതിയിൽ ഗൈഡൻസിന്റെയും കൗൺസിലിങ്ങിന്റെയും ആവശ്യകതയും നാം പഠിച്ചിട്ടുണ്ട്.
ഇന്ന് ടീച്ചർ ആ കുട്ടിയെ പുറത്താക്കിയത് അവനിൽ ഒരുപാട് നിരാശാബോധത്തിനു വഴിവെച്ചിട്ടുണ്ടാവും.മാനസികമായി മുറിവേൽപ്പിച്ചിട്ടുണ്ടാവാം
നേരെ മറിച്ചു അവനെ അടുത്ത് വിളിച്ചു അവൻറെ പ്രശ്നങ്ങളെന്തെല്ലാമാണെന്നു അവനോട് തന്നെ ചോദിച്ചു അതിനു പരിഹാരം കണ്ടെത്തി അവനെ ഒന്ന് സമാശ്വസിപ്പിക്കാൻ ടീച്ചർ സമയം കണ്ടെത്തിയിരുന്നെങ്കിൽ പിൽക്കാലത്തു ടീച്ചറുടെ സ്ഥാനം അവന്റെ മനസ്സിൽ എത്രത്തോളം മഹോന്നത സ്ഥാനത്താവും.നമ്മുടെയെല്ലാം മനസ്സിൽ നമ്മെ പഠിപ്പിച്ച അത്തരം ചില അധ്യാപകരെ ഹൃദയത്തോട് ചേർത്ത് നാം സൂക്ഷിച്ചിട്ടില്ലേ..കെടാത്ത കൈത്തിരി വിളക്ക് പോലെ അവരുടെ വാക്കുകൾ നമ്മുടെ മനസ്സിൽ ഇപ്പോഴും പ്രകാശം പരത്തുന്നില്ലേ..?
തിരിച്ചിറങ്ങുമ്പോൾ ഒരു കാര്യത്തിൽ എന്റെ മനസ്സിനുറപ്പുണ്ടായിരുന്നു.ഈ ടീച്ചറും നാളെ കുട്ടികളുടെ മനസ്സിൽ എന്നെന്നും കെടാവിളക്കായ് പ്രകാശം ചൊരിയുമെന്ന്!!
K V A നാസർ അമ്മിനിക്കാട്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക