Slider

മൂസ ഹാജി പി പി.. (നർമ്മകഥ )

0

"ഉപ്പച്ചീ ഉമ്മച്ചി വിളിക്ക്ണ്..... ഉപ്പച്ചീ ഉമ്മച്ചി വിളിക്ക്ണ്.... ഉപ്പച്ചീ ഉമ്മച്ചി വിളിക്ക്ണ് "......
പേടിക്കേണ്ട ട്ടോ.... ഉമ്മച്ചിക്കൊന്നും സംഭവിച്ചിട്ടില്ല. നമ്മുടെ മൂസ ഹാജിയുടെ റിങ് ട്യൂണാ.... പളളിയിൽ മഗ് രിബ് നിസ്കരിക്കാൻ നിന്നിട്ടേയുള്ളൂ.. അപ്പോഴാണ് ഈ ഉമ്മച്ചി വിളി.. കുടുങ്ങീലെ മൂസ ഹാജി.... പുതിയ ടച്ച് സ്ക്രീൻ മൊബൈലാ.... മൂസാ ഹാജിയുടെ ഒരു മകൻ ഗൾഫീന്നു വന്നിട്ടുണ്ട് അവൻ കൊണ്ടുവന്നതാ.. പോരാത്തതിന് നല്ല ഒന്നാന്തരം ഒരു വാച്ചും...
നിസ്കാരത്തിലാണെങ്കിലും മൂസ ഹാജി ആകെ പരിഭ്രമിച്ചു.നമസ്കാരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അത് പൂർത്തിയാക്കാതെ ഒന്നും ചെയാൻ പാടില്ല. ചെറുതായി കൈകൾ ഉപയോഗപ്പെടുത്താം. പക്ഷെ പുതിയ മൊബൈലായതിനാൽ എങ്ങനെയാണ് നിർത്തുക എന്നറിയില്ല.
ആളുകൾ മൂസ ഹാജിയെ രൂക്ഷമായി നോക്കാൻ തുടങ്ങി. കൂട്ട നമസ്കാരം കഴിഞ്ഞ ഉടനെ ഏതോ ഒരു പഹയൻ ഫാനെല്ലാം ഓഫാക്കി പോയ കലിപ്പിൽ ഇരിക്കുകയാണ് ആളുകളൊക്കെ.. അപ്പോഴാണ് മൂസഹാജിയുടെ ഈ ഉമ്മച്ചിക്കളി..
ചിലർ പരസ്പരം നോക്കി... നോക്കാതിരിക്കുമോ.? പള്ളിയുടെ മുന്നിൽ തന്നെ മൊബൈൽ ഫോൺ ഓഫ് ചെയ്യുക എന്ന് വലുതാക്കി എഴുതി വച്ചിട്ടുണ്ട്‌.. പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.. നമ്മുടെ മുസ ഹാജിക്ക് വായിക്കാൻ അറിയില്ലല്ലൊ..
ആളുകൾ തിരക്ക് പിടിച്ച ഈ ജീവിത ഓട്ടത്തിനിടയിൽ വീണു കിട്ടുന്ന ഒരു അസുലഭ നിമിഷമാണ് നമസ്കാര സമയം. ആൾക്കൂട്ടത്തിനിടയിലും ഏകാഗ്രതയോടെ ധ്യാനനിമഗ്നനാവാൻ ഒരു പത്തോ പതിനഞ്ചോ മിനിറ്റുകളാണ് ആളുകൾ പള്ളിയെ ഉപയോഗപ്പെടുത്തുന്നത്. അതിന്റെ ആ അനുഭൂതിയെ ഇല്ലാതാക്കാൻ ഇത് പോലെ ഓരോ ജാഹിലീങ്ങൾ കടന്ന് വരും..
ഒന്നടിച്ചു നിർത്തിയ "ഉമ്മച്ചി റിങ്ടൂൺ" വീണ്ടും അടിക്കാൻ തുടങ്ങി.മൂസഹാജിക്ക് പരിഭ്രമം മൂത്ത് ആകെ താളപ്പിഴയായി..
അതു കണ്ടിട്ടാവണം പള്ളിയുടെ ഒരു കമ്മറ്റിക്കാരൻ വന്ന് അരയിൽ തപ്പി.... വേറെ ഒന്നും വിചാരിക്കല്ലെ.. അരയിലാ ഫോൺ വച്ചിരിക്കുന്നെ.... ഫോൺ കൈയ്യിലെടുത്തതും കമ്മറ്റിക്കാരന്റെ കൈയ്യിൽ നിന്ന് ഫോൺ താഴെ വീണതും ഒരുമിച്ച്.
എന്തു ചെയ്യാം..? ഫോൺ രണ്ട് പൊളിയായി.... രണ്ടല്ല ....ബാറ്ററിയടക്കം മൂന്ന് കഷ്ണമായി മാറി.
അതു കണ്ട് മൂസ ഹാജിയുടെ കൽ ബൊന്ന് പിടച്ചു.കമ്മറ്റിക്കാരനെ പിടിച്ച് പന്ത് കളിക്കാനുള്ള ദേഷ്യം ഉണ്ട് മൂസഹാജിക്ക്.. പക്ഷെ നമസ്കാരത്തിലല്ലെ ഒന്നും ചെയ്യാൻ വയ്യല്ലോ...
ആളുകൾ അതു കണ്ട് അർത്ഥഗർഭമായി ചിരിച്ചു...... മൂസ ഹാജി ഇടങ്കണ്ണിട്ട് എല്ലാവരെയും നോക്കി... നോട്ടം കണ്ട് ചിരി പൊട്ടിയ ആളുകൾ ധ്യാനം മതിയാക്കി ചായ കുടിക്കാൻ പോയി..... ചായ അടുത്ത് ആരോ മരിച്ചതിന്റെ സ്മരണക്കായി കൊണ്ടുവന്നതാണ്. ചീരണിയും ഉണ്ട് -
മൊബൈൽ ബാറ്ററിയിട്ട് ശരിയാക്കി കമ്മറ്റിക്കാരനും ചായ കുടിക്കാൻ പോയി.
ഇനി മൂസ ഹാജിയെ പറ്റി പറയാം. ആളൊരു പാവം.. ശുദ്ധൻ.. എന്നൊക്കെ പറയാം.. തെറ്റ് മൂസഹാജിയിൽ നിന്നാണെങ്കിലും വേറെ ആളിൽ നിന്നാണെങ്കിലും മൂസ ഹാജിക്ക് കലികയറും..
പിന്നെ ഒരു പരക്കംപാച്ചിലാ... ആ കലിപ്പ് എവിടെ എങ്കിലും ഒന്ന് തീർക്കുന്നത് വരെപി. പി. തന്നെയാ..
പി.പി. എന്ന് പറഞ്ഞാൽ പരക്കം പാച്ചിൽ.മൂസഹാജിയുടെ വീട്ട് പേര് പള്ളിപ്പറമ്പിൽ എന്നാ... അതും പി പി. നാട്ടുകാർ വിളിക്കുന്നത് മറ്റെ പി.പി.
നമസ്കാരം കഴിഞ്ഞ മൂസ ഹാജി ആദ്യം എടുത്തത് മൊബൈൽ ഫോണ്.. ഞെക്കി നോക്കിയപ്പോൾ തെളിയുന്നില്ല..... കലിപ്പ്....
ആരോ ഒരാൾ പറഞ്ഞു.
അതിന്റെ കഥ കഴിഞ്ഞു. അത് ലോക്കലാ.... വീണ്ടും കലിപ്പ്... കലിപ്പ്....
മൂസ ഹാജിയുടെ പൗരുഷം രൗദ്രഭാവം പൂണ്ടു എന്ന് പറയേണ്ടതില്ലല്ലൊ.... ദാ മുന്നിൽ ചായ ഗ്ലാസുമായി കമ്മറ്റിക്കാരൻ.. വീണ്ടും കലിപ്പ്.... മൂസ ഹാജി കൈ ഒന്ന് വീശി...ദാ കിടക്കുന്നു ചായയും ഗ്ലാസും പള്ളി വരാന്തയിൽ.. മൂസ ഹാജി നേരെ റോഡിലേക്കിറങ്ങി... പിന്നാലെ കമ്മറ്റിക്കാരനും..
കമ്മറ്റിക്കാരൻ മുന്നിൽ ചെന്ന് മൂസഹാജിയെ കെട്ടിപ്പിടിച്ച്.. രണ്ട് കവിളിലും ഓരോ മുത്തവും നൽകി.
തീർന്നു ഇത്രേയുള്ളു മൂസ ഹാജിയുടെ കലിപ്പൊക്കെ...
"ചായ കുടിക്കാതെ പോവല്ലിം ന്റെ ഹാജ്യാരെ.. ഞമ്മക്കൊക്കെ മരിച്ചണ്ടെ "....?
കമ്മറ്റിക്കാരന്റെ സ്നേഹോഷ്മള പഞ്ചാര വാക്കുകൾ കേട്ട മൂസ ഹാജി പുലി പോയി എലിയായി മാറി -
"ഹാജ്യാരെ ങ്ങള് ഈ എയ്തിവച്ചത് കണ്ടീലെ.. മൊബൈൽ ഫോൺ ഓഫാക്കാന്.. ങ്ങളെ കണ്ണെവ് ടെയ്ർന്നു.... "
പള്ളിമുറ്റത്ത് നിന്ന് ഒരുത്തൻ പറഞ്ഞതോടെ ഹാജ്യാർക്ക് വീണ്ടും കലിപ്പ് കേറി.
" ങ്ങള് വെഷമിക്കണ്ട ഹാജ്യാരെ മൊബൈല് ശരിയാക്കാന് ളള പൈസ ഞാൻ തരാ... കമ്മറ്റിക്കാരന്റെ സാന്ത്വന വാക്കുകകൾ കേട്ട് മൂസ ഹാജി.. ആശ്ചര്യപ്പെട്ടു.
പിന്നെ കലിപ്പിന് പ്രസക്തിയില്ലല്ലൊ.. പൊട്ടൻ, കമ്മറ്റിക്കാരൻ ഫോൺ കേട് വന്നെന്നാ കരുതിയിരിക്കുന്നെ.... സ്വിച്ച് ഓഫ് ആയതല്ലെ -
മൂസ ഹാജി ആത്മഗതം ചെയ്തു -
മൂസ ഹാജി അങ്ങനെയാ.... പത്ത് പൈസ കണ്ടാ അവിടെ കമഴ്ന്ന് കിടക്കും.. നക്കിയിട്ടെങ്കിലും പോക്കറ്റിലാക്കും. ഇതാണ് മൂസഹാജി.
അങ്ങനെ കമ്മറ്റിക്കാരന്റെ പിന്നാലെ മൂസ ഹാജിയും പള്ളി വരാന്തയിൽ കയറി. അവിടെ വാതിലിനടുത്ത് പാവപ്പെട്ട രോഗികൾ ധനസഹായത്തിന് മുണ്ട് വിരിക്കുന്ന സ്ഥലത്ത് ഒരു കസേര ഇരിപ്പുണ്ട്.. അതിൽ മൂസ ഹാജിയെ പിടിച്ചിരുത്തി. അവിടെ കുറെ ആളുകൾ ചായ കുടിച്ചു കൊണ്ടിരിക്കുകയാണ് - എല്ലാവരും കുടിക്കുന്നത് പാൽ ചായ.
മൂസ ഹാജിക്ക് കൊണ്ട് വന്ന് കൊടുത്തത് ഫ്ളാസ്കിൽ നിന്നെടുത്ത നല്ല ചൂടുള്ള വിത്തൗട്ട് കട്ടൻ ചായ.
ഹാജിയാർ എല്ലാവരെയും ഒന്ന് നോക്കി.
ഹാജിയാരുടെ നോട്ടം കണ്ട ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.. എന്നിട്ട് ഉള്ളിൽ ഒന്ന് ചിരിച്ചു.
ഒരു കൈയ്യിൽ കട്ടൻ ചായയും മറുകൈയ്യിൽ ചിരണിയുമായി മൂസ ഹാജിചായ കുടി ആരംഭിച്ചു -
ഈ സമയം കമ്മറ്റിക്കാരൻ മൂസഹാജി ഇരിക്കുന്നതിന്റെ വലതുഭാഗത്തായി ഒരു മുസ്വല്ല ( നമസ്കരിക്കാൻ ഉപയോഗിക്കുന്ന പടം) വിരിച്ചിരുന്നു - സാമ്പത്തിക സഹായം ചോദിച്ചു വരുന്നവർക്ക് വേണ്ടി വിരിക്കുന്ന മുസ്വല്ല ആയിരുന്നു അത്. അതിൽ രണ്ട് പത്ത് രൂപ കമ്മറ്റിക്കാരൻ നിക്ഷേപിക്കുകയും ചെയ്തു. നമസ്കാരം കഴിഞ്ഞു വരികയായിരുന്ന ഒന്ന് രണ്ട് പേരോട് അതിൽ പൈസ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.
അവർ മൂസ ഹാജിയെയും ഒന്ന് നോക്കി... മുസ്വല്ലയിലേക്കും ഒന്ന് നോക്കി. എന്നിട്ട് അതിൽ നോട്ടുകൾ നിക്ഷേപിച്ചു -പിന്നാലെ വരുന്നവരും അതിൽ പൈസ നിക്ഷേപിക്കാൻ തുടങ്ങി.
മൂസ ഹാജി ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. തന്റെ മുമ്പിലിരുന്ന് ചായ കുടിക്കുന്നവരുടെ മുഖഭാവങ്ങൾ ശ്രദ്ധിക്കുകയായിരുന്നു മൂസ ഹാജി.
ചിലർ തന്നെ ഒരു ആക്കിയ ചിരി ചിരിക്കുന്നുണ്ടെന്ന് മൂസഹാജിക്ക് മനസ്സിലായി.
മൂസ ഹാജിക്ക് കലിപ്പ് കേറിത്തുടങ്ങി. ചായ യാണെങ്കിൽ കുടിച്ചു തീർക്കാൻ കഴിയുന്നില്ല.. അമ്മാതിരി ചൂടാ...
ഇതിനിടയിൽ മൂസ ഹാജിയെ ഒരു "പിച്ചക്കാരനാക്കിയത് കണ്ട് ഉള്ളിൽ ചിരി പൊട്ടിയ ചിലർ ചിരി അടക്കാൻ കഴിയാതെ പൊട്ടിച്ചിരിച്ചു.അതു കണ്ട് മൂസഹാജിക്ക് വീണ്ടും കലിപ്പ് കയറി.
കലിപ്പ് കയറി ഇരിക്കുന്ന മൂസഹാജിയെ കണ്ട് ആ ളുകൾ പൈസ ഇട്ടു കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ മുസ്വല്ലയും കൊണ്ട് കമ്മറ്റിക്കാരൻ പള്ളിയുടെ.ഒരു മൂലയിലേക്ക് മാറി.
ആളുകൾ മൂസ ഹാജിയുടെ പരിസരത്ത് തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്. കമ്മറ്റിക്കാരന്റെ നടനം നന്നായി ആസ്വദിക്കുകയാണ് അവർ..
ചായ കുടി കഴിഞ്ഞ് മൂസഹാജി കൈയും വായും കഴുകി. പുറത്തിറങ്ങാൻ നിന്നപ്പോഴാണ് കമ്മറ്റിക്കാരൻ മൂസ ഹാജിയെ വന്ന് കെട്ടിപ്പിടിച്ചത്
"പൊന്നു ഹാജ്യാരെ.. ഇങ്ങള് ഇതോണ്ട് പൊരുത്തപ്പെടണം.. ഇങ്ങക്ക് അറിഞ്ഞൂടെ പൈസ ന്റെ ബുദ്ധിമുട്ട്.... ഇതെന്നെ കടം വാങ്ങീതാ ''...
കമ്മറ്റിക്കാരൻ പോക്കറ്റിലിട്ടു തന്ന പൈസ കണ്ട് മൂസഹാജിയുടെ കണ്ണ് തള്ളി -
രണ്ട് ദിവസം വരിയിൽ നിന്നാണ് സഹകരണ ബാങ്കിൽ നിന്ന് രണ്ടായിരം രൂപയുടെ ഒറ്റനോട്ട് കിട്ടിയത്.ഇതിപ്പൊ രണ്ടായിരം രൂപയുടെ രണ്ട് നോട്ടാണ് ഒറ്റയടിക്ക് കിട്ടിയിരിക്കുന്നത്.
ഞാനിത്ര ബുദ്ധിമാനാണോ.? മൂസഹാജിക്ക് സ്വയം അഭിമാനം തോന്നിയ നിമിഷം.
അഭിമാന പുളകിതനായി മൂസ ഹാജി അൽപം ഗർ വോട് കൂടി വീട്ടിലേക്ക് നടന്നു.വീട്ടിൽ എത്തിയിട്ട് വേണം വിടരെ രണ്ട് തെറി പറയണം.റിങ് ട്യൂൺ മാറ്റണം. ഇതൊക്കെയായിരുന്നു പ്ളാൻ.വീട്ടിലെ കോലായിൽത്തന്നെയുണ്ട് വീടരും മക്കളും കലിതുള്ളിനിക്കണ്.
" ഇങ്ങള് എന്ത് പ ണ്യാ മൻസാ ചെയ്തത്. ങ്ങക്ക് ഇത്രക്ക് ഉസറും പുളിം ഇല്ലാണ്ടായല്ലൊ.. പൈസക്ക് മാണ്ടി എന്ത് തെണ്ടിത്തരം ചെയ്യുംന്ന് കേട്ടപ്പോ ഞമ്മള് ബിശ്വസിച്ചിട്ടിണ്ടാർന്നില".
മൂസ ഹാജിയുടെ വീടര് കുറച്ച് കാര്യത്തിലാ..
"അതിന്പ്പൊന്താ ണ്ടായി" മൂസ ഹാജിക്ക് ഒന്നും മനസിലായില്ല -
"ആ പെങ്കെട്ടേരൻ വിളിച്ചീന്ന്.. പെണ്ണിന്റെ പാർട്ടിക്കാര് മോനെ കാണാൻ വെരണ് ണ്ടന്ന് പറഞ്ഞിട്ട്.... ഓല്ഞ്ഞി വരൂലാന്ന്.... ഇങ്ങള് പള്ളിക്കെ പിച്ചക്കിരിക്കണത് ഓല് കണ്ടക്ക്ണ്......
ഹാജ്യാരെ ഖൽബിലൊരു കൊള്ളിയാൻ മിന്നി- ആകെ സ്തബ്ധനായ മൂസ ഹാജി പോക്കറ്റിലേക്കും വീടരെ മുഖത്തേക്കും മാറി മാറി നോക്കി..
പിന്നെ കലിപ്പ്....കലിപ്പ് തീർക്കാൻ പരക്കംപാച്ചിൽ..... നേരെ അങ്ങാടിയിലേക്ക്.....
അങ്ങാടിയിൽ അങ്ങേ അറ്റത്തു നിന്നും നടന്നു വരുന്നു കമ്മറ്റിക്കാരൻ.
ഇന്നൊരാളെ അതിവിദഗ്ധമായി പറ്റിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കമ്മറ്റിക്കാരൻ.
കമ്മറ്റിക്കാരനെ കണ്ട മൂസ ഹാജീ എന്തിനും തയാറായി മുന്നോട്ട് -
കമ്മറ്റിക്കാരന്റെ അടുത്തെത്തിയതും കരണക്കുറ്റിക്ക് നോക്കി ആങ്ങിയോങ്ങി മൂസ ഹാജി ഒരറ്റ അടി..
കമ്മറ്റിക്കാരൻ പഴയ കളരിയാ..
മൂസ ഹാജിയുടെ അടിയിൽ നിന്ന് അതിവിദഗ്ധമായി ഒഴിഞ്ഞു മാറി -
മൂസ ഹാജിയുടെ അടി കൊണ്ടില്ല എന്ന് മാത്രമല്ല ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെട്ട് അടിതെറ്റി കാവച്ചാലിലേക്ക് .
കാവച്ചാൽ - ഇവിടെ അഴുക്ക്ചാൽ.
പക്ഷെ മൂസ ഹാജി വീഴുന്നതിന് മുമ്പെ കമ്മറ്റിക്കാരൻ മൂസഹാജിയെ വട്ടംചുറ്റിപ്പിടിച്ചു. പക്ഷെ മുത്തം കൊടുത്തില്ല കേട്ടോ..
"ന്റെ ഹാജ്യാരെങ്ങള് വരിം ഞമ്മക്കൊരു വള്ളം കുടിക്കാ.. '
വള്ളം എന്ന് കേട്ടപ്പോ മൂസ ഹാജി കലിപ്പ് തൽക്കാലം മാറ്റിവച്ചു -
കുറച്ച് ദിവസം മുമ്പ് കമ്മറ്റിക്കാരൻ വാങ്ങിത്തന്ന ജ്യൂസിന്റെ രുചി ഇതുവരെ വായിൽ നിന്ന് പോയിട്ടില്ല.
ജ്യൂസ് കുടിച്ച് കൂൾബാറിൽ നിന്നിറങ്ങിയ മൂസ ഹാജിയെ കമ്മറ്റിക്കാരൻ ഒരിടം വരെ കൂട്ടിക്കൊണ്ടുപോയി. അനാഥകളായ കുട്ടികളുള്ള ഒരു ദരിദ്ര സ്ത്രീയുടെ വീടായിരുന്നു അത് - നാലായിരം രൂപ മൂസ ഹാജിയോട് അവിടെ കൊടുപ്പിച്ചു - മനസില്ലാ മനസോടെയാണെങ്കിലും മൂസ ഹാജിക്ക് സംതൃപ്തി തോന്നിയ നിമിഷം..
അവിടെ നിന്ന് നേരെ മൂസ ഹാജിയുടെ വീട്ടിലേക്ക് കമ്മറ്റിക്കാരൻ വണ്ടി വിട്ടു -
വീട്ടിലെത്തിയപ്പോൾ കല്യാണപ്പാർട്ടി വന്നിരിക്കുന്നു.. ബ്രോക്കറുമുണ്ട് -
കല്യാണ പാർട്ടിക്കാരെ കണ്ട കമ്മറ്റിക്കാരൻ സലാം പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. എന്നിട്ട് പറഞ്ഞു.
" ഒരു പാവപ്പെട്ട പൊരക്കാര്ണ്ട്. വളരെ വിഷമത്തിലാണവർ.ആരെ കൈയ്യിലും പൈസ ഇല്ല - അവരെ ഒന്ന് സഹായിക്കാൻ ഞാനും മൂസ ഹാജിം കൂടി തീരുമാനിച്ചു.അതിനുള്ള പിരിവിലെയ്ന്നു.മൂസഹാജി എറങ്ങ്യാലെ പൈസ പിരിഞ്ഞു കിട്ടുള്ളു. ദാ.... ഇപ്പൊ കൊട്ത്ത്ട്ട് വര്യാ ണ്.... പാവങ്ങൾ' "
ഇതു കേട്ട് മൂസ ഹാജി ആകെ തരിച്ചുനിൽക്കുകയാണ് -
തന്റെ പ്രശസ്തി വാനോളം ഉയർന്നിരിക്കുന്നു -
ഇത്രയും മഹാനായ ഒരാളുടെ മകനാണല്ലൊ തന്റെ മകളെ കല്യാണം കഴിക്കുന്നതെന്ന് പ്രതിശ്രുത വധുവിന്റെ പിതാവ് മനസിൽ ഓർത്ത് കണ്ണ് നിറച്ചു
ആ സമയം അടുത്ത പരിപാടിക്കുള്ള പദ്ധതികൾ ആലോചിച്ച് മനസ്സിൽ ഊറിച്ചിരിക്കുകയായിരുന്നു കമ്മറ്റിക്കാരൻ...
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo