ആദ്യത്തെ അഭിമുഖം അഥവാ ദ ഫസ്റ്റ് ഇന്റര്‍വ്യൂ....
കോളേജ് കാലഘട്ടം കഴിഞ്ഞു നില്‍ക്കുന്ന സമയം.കൂട്ടുകാരുടെ കണ്ണുകള്‍ ഒഴിച്ച്,ബാകി എന്നെ കാണുന്ന എല്ലാപേരുടെയും കണ്ണുകളില്‍ ഒരു ചോദ്യചിഹ്ന്നം നോം ദര്‍ശിച്ചു.ചോദ്യചിന്ഹത്തിനു തൊട്ടു മുന്‍പ് ഇനിയെന്ത്?? എന്ന ചോദ്യവും.സ്ഥിരം ഇത് ദര്‍ശിച്ചു സായൂജ്യമടയുകയും,എന്നെ കാണിക്കാന്‍ വേണ്ടി മാത്രം ചോദ്യചിന്ഹങ്ങളുമായി വരുന്ന കണ്ണുകളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറി നടക്കാനും തുടങ്ങി.ജോലി ഇല്ലാതിരിക്കുന്ന സമയങ്ങളിലാണ് ദിവസങ്ങള്‍ വേഗത്തില്‍ പോകുന്നതെന്നു എനിക്കിപ്പോള്‍ മനസിലാകുന്നു,കാരണം ചെറിയൊരു ജോലി ഉള്ള ഇന്നിപ്പോ ദിവസങ്ങള്‍ വളരെ കഷ്ടപ്പെട്ട് ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത് എന്നൊരു തോന്നല്‍.എന്ത് തന്നെ ആയാലും ആ കാലഘട്ടങ്ങളില്‍ നെഞ്ചില്‍ ഒരു വലിയ ഐസ് കട്ട എടുത്തു വച്ച് തന്നാല്‍ എങ്ങനെയിരിക്കുമോ,അതുപോലത്തെ ഒരു പ്രതീതിയായിരുന്നു.കാണുന്നവര്‍ക്ക് സഹതാപം,നമുക്ക് മറ്റുള്ളവരോട് പുച്ഛം,അല്പം കൂടി കടന്നാല്‍ നമുക്ക് നമ്മളോട് തന്നെ സഹതാപം,ഇത്യാദി സംഭവ വികാസങ്ങളിലേക്ക് നമ്മള്‍ അറിയാതെ തന്നെ ആനയിക്കപ്പെടും...
കാണുന്ന എല്ലാ ഒഴിവുകളിലേക്കും അപേക്ഷകള്‍ തുരുതുരാ അയച്ചു.ഞങ്ങളുടെ നാട്ടിലെ പോസ്റ്റ് ഓഫീസിനാണ് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ ഗുണം കിട്ടിയിരുന്നത്.അവിടുന്ന് വാങ്ങിയ സ്ടാമ്പിനു കയ്യും കണക്കുമില്ല.മാത്രമല്ല അപേക്ഷ അയക്കാനുള്ള കവറും ഒട്ടിക്കാനുള്ള പശയും ഒക്കെ വാങ്ങി *കരുണന്‍ മാമന്റെ*കടയെയും ഞാന്‍ നന്നായി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.അങ്ങനെ കാത്തുകാത്തിരുന്നു,എന്റെ അപേക്ഷകളില്‍ ഒരെണ്ണത്തിനു മറുപടി വന്നു.മറുപടി കൈപറ്റി തൊട്ടടുത്ത ദിവസമാണ് ഇന്റര്‍വ്യൂ.ഒരു ബാങ്കിന്റെ എക്സിക്യൂട്ടീവ് പോസ്റ്റിലേക്കുള്ള ഒഴിവാണ്,പേര് എസ് ബാങ്ക്.പണ്ട് നസീറിന്റെയും,ഉമ്മറിന്റെയും ഒക്കെ സിനിമകളില്‍ കണ്ടിരുന്ന രംഗങ്ങളാണ് മനസ്സിലേക്ക് ആദ്യമേ ഓടിയെത്തിയത്.ഓഫീസില്‍ പോകുന്നു,അവര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നു,യു ആര്‍ അപ്പോയിന്‍ടെഡ് എന്ന് പറയുന്നു.അടുത്ത് കാണിക്കുന്നത് ഒരു പഴയ പോടീ പിടിച്ച ടൈപ്പ് റൈറ്ററിനു മുന്പിലിരുന്നു *ടക് ടക്* എന്ന് അടിച്ചുകൊണ്ടിരിക്കുന്നതാണ്.പിന്നെ എപ്പോഴൊക്കെ ആ കഥാപാത്രത്തെ കാണിക്കുമോ,അപ്പോഴൊക്കെയും അയാള്‍ ഇങ്ങനെ ഇരുന്നു കൊട്ടുന്നതായിരിക്കും കാണിക്കുക....
ചിന്തകളൊക്കെ അവസാനിപ്പിച്ചു കിടന്നുറങ്ങി.പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു കുളിച്ചു അമ്പലതിലോക്കെപ്പോയി,കണ്ണില്‍ കണ്ടവരോടൊക്കെ കാര്യം പറഞ്ഞു.വീട്ടിലെത്തി അച്ഛന്റെയും അമ്മയുടെയും,അയല്‍പക്കത്തുള്ളവരുടെയുമൊക്കെ കാലു വാരി,അനുഗ്രഹവും വാങ്ങി ഞാന്‍ യാത്രയായി.ബാങ്കിലെത്തിയപ്പോള്‍ എന്നെ കൂടാതെ വേറെയും രണ്ടു മൂന്നുപേര്‍ അവസരവും കാത്തിരിക്കുന്നത് ഞാന്‍ കണ്ടു.അല്പം കഴിഞ്ഞപ്പോള്‍ എന്റെ പേര് വിളിച്ചു,ഞാന്‍ അകത്തു കയറി.ഒരു ഗുട്മോര്‍നിംഗ് ഒക്കെ പരസ്പരം കൈമാറി.സിനിമ രംഗങ്ങളൊക്കെ മനസ്സില്‍ ഓര്‍മിച്ചുകൊണ്ട്,സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം ഞാന്‍ മാനേജര്‍ക്ക് കൊടുത്തു,*ഇപ്പൊ കിട്ടും ജോലി* ഞാന്‍ മനസ്സില്‍ കരുതി...
എസ് ബാങ്കിനെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം,ആരാണ് ഇതിന്റെ സ്ഥാപകന്‍,എവിടെയാണ് ഇതിന്റെ ആസ്ഥാനം,തുടങ്ങി പട പടാന്ന് മൂന്നു നാല് ചോദ്യം,അതും ഇംഗ്ലീഷില്‍.നേരത്തെ ഒരു വലിയ ഐസ് കട്ട മാത്രമാണ് നെഞ്ചില്‍ ഉണ്ടായിരുന്നതെങ്കില്‍,*ടൈറ്റാനിക്* കപ്പലില്‍ വന്നിടിച്ച ആ കൂറ്റന്‍ മഞ്ഞു മലയാണ് ഇപ്പൊ എന്റെ നെഞ്ചില്‍ എന്ന് എനിക്ക് തോന്നിപ്പോയി.(ഇത് വായിക്കുന്ന നിങ്ങള്ക്ക് എന്റെ അപ്പോഴത്തെ അവസ്ഥ എന്തുമാത്രം മനസിലാകും എന്നെനിക്കറിയില്ല).ഞാന്‍ അവരെ നോക്കി ചെറുതായി ഒന്ന് ചിരിചു,മനപൂര്‍വമല്ല അറിയാതെ വന്നുപോയ ചിരിയാണ്.എല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞു.സര്‍ട്ടിഫിക്കറ്റ് തിരിച്ചു തന്നു.കിട്ടിയ അടുത്ത വണ്ടിക്കു തന്നെ ഞാന്‍ വീട് പിടിച്ചു..
അന്ന് അതിനകത്ത് നടന്ന സംഭവങ്ങള്‍ ഓര്മയിലുള്ളത് കൊണ്ടാകണം,പിന്നീടു വന്ന ഏതൊരു ഇന്റര്‍വ്യൂവിനും കമ്പനിയെ കുറിച്ചും,ചെയ്യാന്‍ പോകുന്ന ജോലിയെക്കുറിച്ചുമൊക്കെ വ്യക്തമായ ധാരണയോട് കൂടി മാത്രമേ ഞാന്‍ പോകാറുണ്ടായിരുന്നുള്ളൂ.ജീവിതത്തില്‍ എപ്പോഴും ആദ്യമായി സംഭവിക്കുന്ന ഒരു കാര്യം അത് വിജയിച്ചാലും,ഇല്ലെങ്കിലും പിന്നീടു നമ്മുടെ മുന്നോട്ടുള്ള ജീവിതത്തില്‍ ഒരു വഴികാട്ടി ആയി തീരുമെന്ന് അന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യമാണ്.......
Vivek

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക