Slider

അനിയന്‍

0
അനിയന്‍
ഓര്‍മ വച്ച കാലം മുതല്‍ അമ്മയുടെ പുറകേ വാലു പോലെ നടന്ന എനിക്ക് അഞ്ചാം വയസില്‍ ഒരു കുഞ്ഞു സമ്മാനം കിട്ടി.കണ്ടപ്പോള്‍ ഒരു കുഞ്ഞു പാവ കണക്കെ കിടന്ന അവനെ ചൂണ്ടി അമ്മ പറഞ്ഞു,അതാണ്‌ നിന്റെ അനുജന്‍.കുഞ്ഞുവാവ വളര്‍ന്നത് വളരെ പെട്ടന്നായിരുന്നു.ഇഴയാന്‍ തുടങ്ങി,എണീറ്റ്‌ ഇരിക്കാനും പിന്നീട് പിടിച്ചു നില്‍ക്കാനുമുള്ള ശ്രമമായി.ചുവരില്‍ പിടിച്ച് എണീറ്റ്‌ നില്‍ക്കാന്‍ ശ്രമിക്കുകയും,അതിനു സാധിക്കാതെ പരാജയപ്പെടുകയും വീണ്ടും അത് തന്നെ ആവര്‍ത്തിക്കുകയും ചെയ്യുന്ന കുഞ്ഞനുജന്റെ മുഖം,ഇപ്പോഴും എന്റെ ഓര്‍മമകളില്‍ എവിടെയോ ഒളിമങ്ങാതെ കിടപ്പുണ്ട്.അവന്റെ നില്‍ക്കാനുള്ള ശ്രമങ്ങള്‍ കണ്ടപ്പോള്‍ എന്നിലുണ്ടായ സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല,കാരണം ഓടാനും കളിക്കാനുമൊക്കെ എനിക്കൊരു കൂട്ട് കിട്ടുമല്ലോ..
കാലം പിന്നെയും കഴിഞ്ഞു.സ്കൂളില്‍ പോയി വരുന്ന എന്നെയും നോക്കി വൈകുന്നേരങ്ങളില്‍ അമ്മയുടെ മടിയില്‍ അവന്‍ കാത്തുകാത്തിരിക്കും.വീട്ടിലെത്താറാകുമ്പോള്‍ ഓടി വന്നു എന്റെ ബാഗു വാങ്ങി അവന്റെ കഴുത്തിലിടും.അത്രയും നേരം കളിക്കാന്‍ ഒരു കൂട്ടില്ലാതെ ഒറ്റയ്ക്ക് ഇരുന്നതിന്റെ നിരാശ മുഴുവന്‍ അവന്റെ മുഖത്ത് നിന്ന് മെല്ലെ മാഞ്ഞുപോകുന്നത് എനിക്ക് കാണുവാന്‍ സാധിക്കും.എന്നാല്‍ സംഭവിക്കുന്നതോ,ദുഷ്ടനായ ഞാന്‍,കടയില്‍ പോയി മിട്ടായി വാങ്ങി വരാമേ എന്ന് പറഞ്ഞു മറ്റു കൂടുകാരുമായി കളിയ്ക്കാന്‍ പോകും.പാവം,കളിയൊക്കെ കഴിഞ്ഞു ഞാന്‍ തിരിച്ചു വരുന്നത് വരെ എന്നെ കാത്തു അവന്‍ ഇരിപ്പുണ്ടാവും.എന്നെ വീണ്ടും കാണുമ്പോഴുള്ള അവന്റെ സന്തോഷം ഒരിക്കലും പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.പിന്നീട് ജീവിതത്തില്‍ എപ്പോഴൊക്കെ ഈ സന്ദര്‍ഭം ഞാന്‍ ആലോചിക്കുമോ,അപ്പോഴൊക്കെയും ഉള്ളില്‍ എവിടെയോ ഒരു നീറ്റല്‍ പടരുന്നത് എനിക്ക് അറിയാന്‍ പറ്റും.
പിന്നീടു വരാനിരിക്കുന്ന കാലഘട്ടം അടിപിടിയുടെയും,ഗുസ്തികളുടെയും ഒക്കെ ആയിരിക്കുമെന്ന് അന്ന് അറിയില്ലായിരുന്നു.ഒരു ജ്യേഷ്ഠന്‍ എന്നുള്ളതിന്റെ സര്‍വ്വ ഗര്‍വ്വും,മേല്‍ക്കോയ്മയും ഒരിക്കലും അവന്റെ അടുത്ത് ചിലവാകുമായിരുന്നില്ല.അങ്ങനെ വരുന്ന സമയങ്ങളിലാണ് അടിപിടി,ബഹളം തുടങ്ങിയ വിവിധ തരത്തിലുള്ള കലാപ പരിപാടികളൊക്കെ അരങ്ങേറുന്നത്.അന്നും അമ്മ പറയുന്നൊരു കാര്യമുണ്ട്,നിങ്ങള്‍ സഹോദരങ്ങളാണ്,എപ്പോഴും സ്നേഹത്തോടെ പെരുമാറണം,കഴിയണം എന്നൊക്കെ..
എന്റെ അനുഭവത്തില്‍ നിന്ന് പറയുകയാണെങ്കില്‍ കുട്ടികള്‍ ആയിരിക്കുമ്പോള്‍ നമുക്ക് ഒരിക്കലും സഹോദര സ്നേഹം എന്താണ് എന്നുള്ളത് മനസിലാക്കുവാന്‍ സാധിക്കില്ല,കാരണം അടിപിടി കഴിഞ്ഞൊരു നേരം കിട്ടിയിട്ട് വേണ്ടേ സ്നേഹിക്കാന്‍.ഒരു പക്ഷേ അങ്ങനെ അല്ലായിരുന്നുവെങ്കില്‍ എന്തോ ചെറിയ പ്രശ്നത്തിന്റെ പേരില്‍,ഒരു വര്‍ഷത്തോളം അവനുമായി ഒരക്ഷരം പോലും മിണ്ടാതിരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു.ഇപ്പോള്‍ ഒന്ന് തിരിജു നോക്കുമ്പോള്‍ ജീവിതത്തില്‍ ആഘോഷമാക്കമായിരുന്ന എത്രയോ നല്ല മുഹൂര്‍ത്തങ്ങള്‍ ആണ് ഞാന്‍ കാരണം വീട്ടുകാര്‍ക്ക് നഷ്ടപ്പെട്ട് പോയത് എന്ന് തോന്നി പോകുന്നു.
കാലം ഇന്നവനെ പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ രൂപത്തിലും,എന്നെ ജീവിതത്തില്‍ നേട്ടങ്ങള്‍ എത്തിപിടിക്കാന്‍ ശ്രമിക്കുന്ന ഒരു യുവാവിന്റെ രൂപത്തിലും എത്തിച്ചിരിക്കുകയാണ്.പരസ്പരം മനസിലാക്കാന്‍ സാധിക്കുന്ന അല്ലെങ്കില്‍ അറിയുവാന്‍ സാധിക്കുന്ന ഒരു മനസും,ഹൃദയവും ഈ കാലഘട്ടങ്ങള്‍ക്കിടയില്‍ എവിടെയോ വച്ച് ദൈവം ഞങ്ങള്‍ രണ്ടു പേര്‍ക്കും ഫിറ്റ് ചെയ്തു തന്നു.ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു,സഹോദര സ്നേഹമെന്തെന്നും അത് നഷടപെട്ടാല്‍ എന്ത് മാത്രം മുറിവ് ഹൃദയത്തിലുണ്ടാകുമെന്നും.....എന്നും ഫോണ്‍ വിളിക്കനമെന്നോ,മറ്റുള്ളവരുടെ മുന്നില്‍ കെട്ടിപിടിച്ചു നടക്കനമെന്നോ അതിനര്‍ത്ഥമില്ല,ഒരു വിഷമഘട്ടം വരുമ്പോള്‍ പരസ്പരം സഹായിക്കാന്‍ സ്വന്തം സഹോദരങ്ങള്‍ മാത്രമേ കാണുകയുള്ളൂ എന്നൊരു തിരിച്ചറിവ് കാലം ഞങ്ങളില്‍ വരുത്തിയിരിക്കുന്നു.......ഫീലിംഗ് ഇത് എഴുതുമ്പോള്‍ നിന്നെ ഞാന്‍ ഒരുപാട് മിസ്സ്‌ ചെയ്യുന്നു,എന്റെ പ്രിയപ്പെട്ട സോദരാ......

Vivek
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo