Slider

സങ്കല്പ്പങ്ങളിലെ ഓണം

0
സങ്കല്പ്പങ്ങളിലെ ഓണം. ‌
---------------------------------------
ചിങ്ങമാസം പിറന്നു, ‌
ഓണത്തിന്‍റെ ഓർമ്മയോടൊപ്പം മഹാബലിയും വാമനനും പൂക്കളുമൊക്കെയായ് മനസ്സുകളുണരുന്ന പുതുവർഷപുലരി.
നമ്മൾ വിദ്യാലയങ്ങളിൽ പഠിക്കുന്നതും സമൂഹത്തിൽനിന്നറിയുന്നതുമായ കാര്യങ്ങൾ സത്യംതന്നെയാകും.
ആ വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ടുനടന്ന്, ജീവിതകാലമത്രയും പിന്നീട് അത് തെറ്റാണെന്നു ബോദ്ധ്യപ്പെടുമ്പോഴോ?..
ജീവോത്പത്തിയും പരിണാമകഥകളുമായി കൂട്ടിവായിക്കുമ്പോൾ ആദ്യം മത്സ്യവും, കൂർമ്മവും പിന്നെ വരാഹത്തിനുംശേഷം അർദ്ധമനുഷ്യനായ് നരസിംഹവും കുള്ളനായ വാമനനും, ഗോത്രവർഗ്ഗത്തെ പ്രതിനിധാനംചെയ്യുന്ന പരശുരാമനും, കർഷകനായ ബലരാമനും, നയതന്ത്രത്തിലും യുദ്ധതന്ത്രത്തിലും ശ്രീകൃഷ്ണനും,
അവതാരകഥകളിൽ വാമനനുശേഷമാണ് പരശുരാമൻ. അങ്ങിനെ പുരാണത്തെ അവലംബിച്ച് പഠിപ്പിക്കുകയാണെങ്കിൽ, ഇപ്പോൾ പഠിപ്പിക്കുന്നത് തെറ്റാണ്. ഓണാഘോഷത്തെപ്പറ്റി പഠിച്ചതും അറിഞ്ഞതുമായ കാര്യങ്ങളിലെ ചില പിശകുകൾ...
പാടേ മാറിപ്പോകുന്ന ധാരണകൾ.... മറ്റുള്ളവരും അറിയണമെന്നു കരുതുന്നവ ഇവിടെ
ദേവാസുരയുദ്ധത്തിനുശേഷം അസുരൻമാർ ദേവലോകം കീഴടക്കുകയും അസുരൻമാരുടെ നാശോന്മുഖമായ ഭരണത്തിൽ ധർമ്മരക്ഷാർത്ഥം ദേവഗുരു കശപ്യമഹർഷിയുടെ പത്നി, അദിതി പയോവ്രതം (പയോനാമമാം മഹാ വ്രതം ) എന്ന അതികഠിന വ്രതം ആചരിക്കയും, ആ വ്രതഫലമായി കശപ്യമഹർഷിയിൽ ദോവാംശം നിറയുകയും, പിന്നീട് അവർക്കുണ്ടാവുന്ന കുഞ്ഞായി മഹാവിഷ്ണുതന്നെ വാമനരൂപത്തിൽ അവതരിക്കുകയും ചെയ്തെന്ന് ഭാഗവതം പറയുന്നു. അസുരൻമാരുടെ കൈക്കൽനിന്നും ഭൂമിയും മറ്റുലോകങ്ങളും സ്വതന്ത്രമാക്കുകയും, ധർമ്മിഷ്ഠനും ദാനശീലനുമായ മഹാബലിയെ സുതലത്തിലേക്കുയർത്തുവാൻ ഭഗവാൻ സ്വീകരിച്ച മാർഗ്ഗമായാണ് വാമനാവതാരത്തെ കാണേണ്ടത്.
തിരുവോണംനക്ഷത്രത്തിൽ അഭിജിത്-മുഹൂര്‍ത്തത്തിലായിരുന്നു ( സൂര്യോദയത്തിനു ശേഷം എട്ടാമതായി വരുന്ന ) വാമന ജനനം. നർമ്മദയുടെ തീരത്ത് തപസനുഷ്ഠിക്കുന്ന മഹാബലിയുടെ അരികിലേക്ക് വാമനൻ വരുമ്പോൾ, അസുരഗുരു ശുക്രാചാര്യൻ മുന്നറിയിപ്പുകൊടുക്കുന്നുണ്ട്. അത് കേവലം വാമനനല്ല ഭഗവാൻ വിഷ്ണുതന്നെയാണെന്ന്.... തൻ്റെ മുത്തച്ഛനായ പ്രഹ്ളാദനുകിട്ടിയ വരപ്രസാദത്തെക്കുറിച്ച് നന്നായറിയുന്ന മഹാബലി, അതു മുഖവിലക്കെടുക്കുന്നതേയില്ല. "ഉണ്ണിക്കെന്താണു വേണ്ടത്" എന്നചോദ്യത്തിന് "മൂന്നടി മണ്ണുമാത്രം" എന്ന ഉത്തരത്തെ നിസ്സാരമായിക്കണ്ട്, എവിടെ വേണമെങ്കിലും അളന്നെടുത്തോളാൻ പറയുകയും, വാക്കുറപ്പിച്ചമാത്രയിൽ, വിശ്വമൊന്നാകെനിറയുന്ന വാമനരൂപം, ഒരുപാദംകൊണ്ട് ഭൂമിയും, മറുപാദം കൊണ്ട് മറ്റു ലോകങ്ങളും അളന്നപ്പോൾ, മൂന്നാമതൊരടിക്കായുള്ള തൃപ്പാദത്തിൽ തന്നെ മഹാബലി അഭയം തേടുന്നു.
(ഇതാണ് പാതാളത്തിലേക്കുള്ള ചവിട്ടി താഴ്ത്തലായി പറഞ്ഞു പേരുന്നത് )
ഭഗവാൻ പറയുന്നു... ഞാൻ ആരിൽ കൃപചൊരിയുന്നുവോ അവരുടെ സകലധനവും എടുത്തുകളയുമെന്ന്.. ജന്മം, കർമ്മം, അവസ്ഥ, രൂപം, വിദ്യ, ഐശ്വര്യം, പ്രതാപം, എന്നിവകൊണ്ട് ഗർവ്വ്(അഹങ്കാരം) ഉണ്ടാകുന്നു. ഇവ എടുത്തുകളഞ്ഞ്, ഭഗവാൻ മഹാബലിയെ സ്വീകരിക്കുന്നു. ഒരിക്കലുംമൊരു ശത്രുവായി, ഭഗവാനോ മഹാബലിയോ പരസ്പരം കണ്ടിട്ടില്ല.
തുടർന്നുള്ള വാക്കുകൾ.. "എന്നെ ശരണംപ്രാപിച്ച ഇവൻ, സാവർണ്ണ മന്വന്തരത്തിൽ ഇന്ദ്രനായ് ഭവിക്കും.. അതുവരെ വിശ്വകർമ്മനിർമ്മിതമായ സുതലത്തിൽ വസിക്കട്ടേ..".
ദേവന്മാർക്കുപോലും ലഭിക്കാത്ത അനുഗ്രഹം എന്നിൽ വർഷിച്ചുവല്ലോ ഭഗവാനേ എന്നു ഗദ്ഗദകണ്ഠനായ് പറയുകയും, തന്നോടൊപ്പം പത്നി വിന്ധ്യാവലിയെയും പ്രഹ്ളാദനെയും മറ്റസുരന്മാരേയും കൂടെ കൊണ്ടുപോകാനും, സുതലത്തിനു കാവലായി മഹാവിഷ്ണുതന്നെ വേണമെന്നപേക്ഷിക്കയും ചെയ്യുന്നു.
"സ്വർഗ്ഗവാസികൾപോലും പ്രാർത്ഥിക്കുന്ന സുതലത്തിലേക്ക്, ഇവരോടൊന്നിച്ചങ്ങുപോയാലും, അവിടെ സദാ സന്നിഹിതനായ എന്നെ കാണുമാറാകും... അങ്ങേക്ക് മംഗളം ഭവിക്കട്ടേ.." ഇത്രയും ഭാഗവതത്തിൽ.
എന്നാൽ, കേരളത്തിലെ ഓണം
ഏതു കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് ആഘോഷിക്കുന്നത്?
വാമനജയന്തി തന്നെയല്ലേ ഓണം? മഹാബലിയെ ചവിട്ടിത്താഴ്ത്തി പാതളത്തിലേക്ക്..?
ആരുടെ സൃഷ്ടിയാണ് നമ്മുടെ കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നത് ?
അടുത്ത അവതാരമായ പരശുരാമനാൽ കേരളം നിർമ്മിതമായെന്നിരിക്കേ, കേരളത്തിൽ അതിനുമുമ്പ് മഹാബലി എങ്ങിനെയുണ്ടായി?!...
ഒരു വെറുപ്പിന്‍റെ അവതാരമായി, ചില മനസ്സിലെങ്കിലും വാമനാവതാരത്തെ മാറ്റാൻ ബോധപൂർവ്വമായ ശ്രമം ഇന്നും വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങൾ കാരണമായി തീരുന്നു.
ബാബു തുയ്യം
17/08/17
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo