മത്സ്യകന്യക
അല്പം പഴയൊരു കഥയാണ്.വരൂ സുഹൃത്തുക്കളെ 2009 വര്‍ഷത്തിന്റെ അവസാന മാസങ്ങളിലേയ്ക്ക്...
കോളേജ് കാലഘട്ടത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങള്‍ അവസാനിക്കുകയാണ്.തുടര്‍ച്ചയായ മൂന്നാം തവണയും ഇംഗ്ലീഷ് പേപ്പര്‍ സപ്പ്ളി പരീക്ഷയും എഴുതിയാണ് ഞാന്‍ കോളേജ്നോട് വിടപറയുന്നത്.മാസങ്ങള്‍ കടന്നുപോയി..
അങ്ങനെ ഒരു വിധം പരൂഷ പാസ്സായി ഞാനും ഒരു ഡിഗ്രിക്കാരനായി...ഒരു അഞ്ചാറു മാസം ഡിഗ്രി കാരന്‍ എന്ന ലേബലില്‍ വിലസി നടന്നു.ജോലി കിട്ടണമെന്നും അല്ലെങ്കില്‍ വേറെ ഏതെങ്കിലും കോഴ്സ്നു ചേരണമെന്നും നമുക്കോ നമ്മുടെ വീട്ടുകാര്‍ക്കോ ഉള്ളതിനേക്കാള്‍ തോന്നല്‍ നാട്ടുകാര്‍ക്ക് ആണ് എന്ന് ആ സുന്ദരമായ കാലഘട്ടം നമുക്ക് മനസിലാക്കി തരും...
നാട്ടുകാരുടെ ചോദ്യ ശരങ്ങള്‍ കേട്ട് മടുത്ത ഞാന്‍ ഒരു തീരുമാനമെടുത്തു,പുതിയൊരു കോഴ്സ്നു ചേരുക.യാത്രകളൊക്കെ ഒരുപാടു ഇഷ്ടപെടുന്ന ആളായതുകൊണ്ട് തന്നെ ട്രാവല്‍ ആന്‍ഡ് ടൂറിസത്തിന്റെ കോഴ്സ് ആണ് ഞാന്‍ ഉദ്ദേശിച്ചത്.ചേരുന്നതിനു മുന്പ് ചെറിയൊരു അഭിമുഖ സംഭാഷണം ഒക്കെയുണ്ടെന്നു അവിടെ എത്തിയപ്പോഴാണ് ഞാന്‍ അറിഞ്ഞത്,,അതും ഇംഗ്ലീഷില്‍..
*സന്തോഷമായി ഗോപിയേട്ടാ* ഇറങ്ങി ഓടാനും അടങ്ങി ഇരിക്കാനും പറ്റാത്ത അവസ്ഥ,കാരണം എനിക്ക് അത്രമാത്രം അറിവാണല്ലോ ഇംഗ്ലീഷില്‍...
അഭിമുഖം തുടങ്ങി,പേരും മേല്‍വിലാസവും വയസ്സുമൊക്കെ പറഞ്ഞു കയ്യിലുള്ള ഇംഗ്ലീഷ് ഒക്കെ തീര്‍ന്നിരിക്കുകയാണ് ഞാന്‍.നമ്മുടെ ഇരിപ്പ് കണ്ടപ്പോഴേ ചോദ്യ കര്‍ത്താക്കളില്‍ ഉള്ള ഒരു *മാഡത്തിനു* കാര്യം മനസിലായി.അവര്‍ വളരെ സൌമ്യമായി എന്നോട് പറഞ്ഞു,തിരുവനന്തപുരത്തെ വിനോദ സഞ്ചാര സ്ഥലങ്ങളെപ്പറ്റി ആംഗലേയ ഭാഷയില്‍ സംസാരിക്കുക.സൂപ്പര്‍, അടിപൊളി..ഞാന്‍ *പ്രതീക്ഷിക്കാത്തത്* തന്നെ സംഭവിച്ചു.
കാണാനുള്ള സ്ഥലങ്ങളെപ്പറ്റി ഒരുവിധത്തില്‍ ഞാന്‍ മന്ഗ്ലിഷില്‍ പറഞ്ഞൊപ്പിച്ചു.തീര്‍ന്നില്ല, അവര്‍ക്ക് വീണ്ടും കുരു പൊട്ടി..ശങ്ഗുമുഗത്ത് കാഴ്ചകള്‍ എന്തൊക്കെ കാണാനുണ്ട് എന്നായി അവര്‍.യാതൊരു വിധ പേടിയുമില്ലാതെ ഞാന്‍ പറഞ്ഞു ബീച്ച്,എയര്‍പോര്‍ട്ട്,പിന്നെ *മത്സ്യകന്യക*.
ഇനിയാണ് കഥയിലെ ട്വിസ്റ്റ്.....ബീച്ച്, എയര്‍പോര്‍ട്ട് ഓക്കെ,ആ കള്ള കെളവിക്കു മത്സ്യകന്യകയുടെ ഇംഗ്ലീഷ് വാക്ക് അറിയണം.
എന്തായാലും പെട്ടു,ഇനി പറഞ്ഞെ പറ്റു..അറിയില്ല എന്ന വാക്ക് ആ ഒരു പ്രായത്തില്‍ എന്റെ നിഖണ്ടുവിലേ ഉണ്ടായിരുന്നില്ല.ഞാന്‍ തല പുകഞ്ഞു ആലോചിക്കുന്നതായി അഭിനയിച്ചു...നെറ്റി തടവി, തല ചൊറിഞ്ഞു, എന്നിട്ട് പതിയെ മനസ്സില്‍ പറഞ്ഞു നോക്കി, മത്സ്യം=ഫിഷ്, കന്യക=ലേഡി..പിന്നൊന്നും ചിന്തിച്ചില്ല,ഞാന്‍ ഉറക്കെ അലറി ഫിഷ്‌ലേഡി, മത്സ്യകന്യകയുടെ ഇംഗ്ലീഷ് *ഫിഷ്‌ലേഡി*...
പിന്നത്തെ കാഴ്ച ഭയാനകമായിരുന്നു.അഭിമുഖം നടത്തിയവര്‍ ശ്വാസം കിട്ടാതെ ഇരുന്നും നിന്നും കിടന്നുമൊക്കെ ചിരിക്കുന്നു..ചോദ്യം ചോദിച്ച മാഡം ബ്ലിംഗോ ബ്ലിംഗസ്യ എന്ന രീതിയില്‍ കണ്ണും മിഴിച്ചിരിക്കുന്നു.ഞാനോ ഫീലിംഗ് സീതാദേവി..ഭൂമി ഒന്ന് രണ്ടായി പിളര്‍ന്നെങ്കില്‍...
ആര്‍ക്കെങ്കിലും ചിരി വരുന്നുണ്ടെങ്കില്‍ അധികം ചിരിക്കണ്ട,ഈ വായിക്കുന്ന നിങ്ങളില്‍ ആര്‍ക്കെങ്കിലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാതെ പറയാന്‍ അറിയാമോ മത്സ്യകന്യകയുടെ ഇംഗ്ലീഷ് വാക്ക്.....
Vivek

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക