*വയറു നിറയെ പ്രഭാത ഭക്ഷണവും കഴിച്ചു സ്കൂളില്‍ പോകുന്ന കുട്ടികള്‍* എല്ലാ കാല ഘട്ടങ്ങളിലും അച്ഛനമ്മമാരുടെ സ്വപ്നം മാത്രമായി അവശേഷിക്കുന്നു.എന്തുകൊണ്ടെന്നറിയില്ല,പഠിക്കാനായി സ്കൂളിലേക്ക് പോകുന്ന കുഞ്ഞുങ്ങള്‍ രാവിലെ ആഹാരം കഴിക്കുന്നത് പേരിനു മാത്രമായിരിക്കും.എന്റെയും കുട്ടിക്കാലത്ത് സ്ഥിതി വ്യത്യസ്തമായിരുന്നില്ല.ക്ലാസ്സ് തുടങ്ങുന്നതിനു മുന്പ് കിട്ടുന്ന കുറച്ചു സമയം കൂട്ടുകാരുമായി കളിക്കാനുള്ള വെപ്രാളത്തില്‍ ഭക്ഷണം പോലും കഴിക്കാതെ ഒറ്റയോരോട്ടമാണ് സ്കൂള്‍ മൈതാനത്തേക്ക്....
അങ്ങനെ കളിയും കഴിഞ്ഞു,ആദ്യത്തെ രണ്ടു പീരിയഡും കഴിഞ്ഞു കഴിയുമ്പോള്‍ നന്നായി വിശക്കാന്‍ തുടങ്ങും.അഞ്ചു മിനിട്ട് ഇന്റെര്‍വെല്ലിനുള്ള മണി അപ്പോഴേക്കും മുഴങ്ങി കഴിഞ്ഞിരിക്കും.ഈ സമയം ടീച്ചര്‍മാര്‍ ഒക്കെ ഇരിക്കുന്ന സ്റ്റാഫ് റൂമിന് മുന്നിലൂടെ നടക്കാന്‍ നല്ല രസമാണ്.കാരണം എന്താണെന്നല്ലേ,നമ്മുടെ വിശപ്പിന്റെ തീവ്രത വര്‍ധിപ്പിച്ചുകൊണ്ട് പല തരത്തിലുള്ള പലഹാരങ്ങളുടെ സുഗന്ധം അകത്തു നിന്നും പ്രവഹിക്കുന്നത് ഈ സമയത്താണ്.ഉഴുന്ന് വട,പരിപ്പ് വട,പഴ കേക്ക് തുടങ്ങി നാട്ടില്‍ കിട്ടാവുന്ന ഒരുവിധത്തില്‍ പെട്ട എല്ലാ പലഹാരങ്ങളും അവിടെ ഹാജരുണ്ടാകും.
ഞങ്ങളുടെ സ്കൂളില്‍ ഒരു *ഭ്രാന്തി ടീച്ചര്‍* ഉണ്ടായിരുന്നു.ജോലിയില്‍ നിന്ന് വിരമിച്ചിട്ടു പോലും,ചെറിയൊരു ഭാണ്ഡവും കയ്യില്‍ തൂക്കി ഒരു ദിവസം പോലും മുടങ്ങാതെ ഞങ്ങളുടെ സ്കൂളിന്റെ പടി കടന്നു അവര്‍ വരാറുണ്ട്.കുട്ടികള്‍ക്കെല്ലാം അവരെ വലിയ പേടിയായിരുന്നു.ഒറ്റയ്ക്കിരുന്നു സംസാരിക്കലാണ് ടീച്ചറുടെ പ്രധാന വിനോദം.കൂടുതലും കഥയും കവിതകളുമാണ് അവര്‍ പുലമ്പിക്കൊണ്ടിരുന്നത്.ഒറ്റയ്ക്കിരുന്നു ആരോടെന്നില്ലാതെ സംസാരിക്കുന്നത് കൊണ്ടാകാം ഒരു പക്ഷെ എല്ലാവരും ചേര്‍ന്ന് അവരെ ഭ്രാന്തി ടീച്ചര്‍ എന്ന് വിളിച്ചിരുന്നത്.എല്ലാ മാസവും ബാക്കിയുള്ള അധ്യാപകര്‍ എല്ലാവരും ചേര്‍ന്ന് അവരവരുടെ ശമ്പളത്തില്‍ നിന്ന് കുറച്ചു കാശ് സ്വരൂപിച്ചു ഒരു മാസ ശമ്പളമെന്ന പോലെ ടീച്ചര്‍ക്ക് നല്കാറുണ്ട്.
പേടിയുള്ളതു കാരണം ഞാനൊഴികെ മറ്റു കുട്ടികള്‍ ആരും തന്നെ ടീച്ചറുടെ അടുത്ത് പോവുകയില്ല.എനിക്കാണെങ്കില്‍ അവരെ വലിയ കാര്യവുമായിരുന്നു.എന്ത് കൊണ്ടെന്നല്ലേ,ഇന്റെര്‍വെല്‍ സമയത്ത് സ്റ്റാഫ് റൂമില്‍ വാങ്ങിക്കുന്ന പലഹാരങ്ങളില്‍ നല്ലൊരു പങ്ക് ടീച്ചര്‍ക്കും കിട്ടിയിരുന്നു.യഥാര്‍ത്ഥത്തില്‍ ടീച്ചറിനെയാണോ അതോ അവരിലൂടെ കിട്ടുന്ന പലഹാരങ്ങളെയാണോ ഞാന്‍ കൂടുതല്‍ സ്നേഹിച്ചിരുന്നത് എന്ന കാര്യം ഇപ്പോഴും ഒരു ചോദ്യ ചിഹ്ന്നമായി അവശേഷിക്കുന്നു.
അതിഭയങ്കരമായി വിശക്കുന്ന ദിവസങ്ങളില്‍,ഇന്റെര്‍വെല്‍ സമയത്ത് ഞാന്‍ നേരെ അവരുടെ അടുത്ത് പോകും.ഏതെങ്കിലുമൊരു പലഹാരം ഉണ്ടാകും ടീച്ചറുടെ കയ്യില്‍,നിധി പോലെ. എന്നെ കാണുന്നതും അതുവരെ പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങളൊക്കെ അവര്‍ മറന്നുപോകും.ഒരിക്കലും നമുക്ക് അര്‍ഥം മനസ്സിലാക്കുവാന്‍ സാധിക്കാത്ത കഥയും കവിതകളുമൊക്കെ പറയാന്‍ തുടങ്ങുകയും ചെയ്യും.ഇടയ്ക്ക് ഇടയ്ക്ക് കയ്യിലിരിക്കുന്ന പലഹാരം ചെറിയ ചെറിയ കഷ്ണങ്ങള്‍ ആക്കി തന്നുകൊണ്ടിരിക്കും.എപ്പോള്‍ അവരുടെ കയ്യിലെ പലഹാരം തീരുമോ,അപ്പോള്‍ തന്നെ ഒരു നന്ദി വാക്കോ,ഒരു ചിരിയോ പോലും തിരിച്ചു നല്‍കാതെ കൂട്ടുകാരുമൊത്ത് കളിക്കുവാനായി ഞാന്‍ ഇറങ്ങി ഓടും.പിറ്റേദിവസം വീണ്ടും അടുത്ത് ചെല്ലുമ്പോള്‍ യാതൊരു വിധ പരിഭവങ്ങളും അവര്‍ കാണിക്കുകയില്ല.തലേ ദിവസം എന്ത് സംഭവിച്ചോ,അത് തന്നെ ആവര്‍ത്തിക്കുകയും ചെയ്യും.ഒരു പക്ഷെ ഭ്രാന്തി എന്നൊരു പേരുള്ളത് കൊണ്ടാകാം,ഒരു ആശ്വാസ വാക്കോ,ഒരു പുഞ്ചിരിയോ അവര്‍ ആരുടെ അടുത്തു നിന്നും പ്രതീക്ഷിക്കുന്നുണ്ടായിരിക്കില്ല ....
വര്‍ഷങ്ങള്‍ക്കിപ്പുറം,ചെറിയ ചെറിയ ഇഷ്ടങ്ങള്‍ക്കും,ഇഷ്ടക്കേടുകള്‍ക്കു പോലും പരസ്പരം മുഖം വീര്‍പ്പിച്ചിരിക്കുന്ന ബുദ്ധി കൂടിയ എന്ന് സ്വയം അവകാശപെടുന്ന ആള്‍ക്കാരുള്ള ഈ ലോകത്ത് ജീവിക്കുമ്പോള്‍, ഇടയ്കിടെ ഞാന്‍ കൊതിച്ചു പോകും,എനിക്കും ഭ്രാന്തി ടീച്ചറിനെപോലെ ഒന്ന് ആകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്.വേറൊന്നിനുമല്ല,ആരില്‍ നിന്നും ഒരു നല്ല വാക്ക് പോലും പ്രതീക്ഷിക്കാതെ,ആരോടും ഒരു പരിഭവവും കാണിക്കാതെ ഈ കാലഘട്ടത്തില്‍ ഒന്ന് ജീവിച്ചു പോകണമെങ്കില്‍,ഒരു ഭ്രാന്തനായി മാറേണ്ടി വരുമെന്ന് കൊഴിഞ്ഞു വീഴുന്ന ഓരോ ദിനങ്ങളും എന്നെ ഓര്‍മ്മപ്പെടുത്തികൊണ്ടേയിരിക്കുന്നു........
Vivek

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക