Slider

ഒന്നേ കൊടുത്തുള്ളൂ,പിന്നെ ചുറ്റിലുമുള്ളതൊന്നും.........

0

ഒന്നേ കൊടുത്തുള്ളൂ,പിന്നെ ചുറ്റിലുമുള്ളതൊന്നും കാണാൻ പറ്റിയില്ലെന്റെ സാറെ
അകാലത്തിൽ മരണമടഞ്ഞ തന്റെ ഭർത്താവിനെ കുറിച്ചോർത്തപ്പോൾ ഇന്ദുവിന്റെ കണ്ണിൽ നിന്നു ചോര പൊടിഞ്ഞു,മനസിന്റെ നീറ്റല് പുറത്തു കാണിക്കാതെ ,ഇന്ദു ആ വല്യ. വീടിന്റെ ഒരു മൂലയ്ക്ക് ചടഞ്ഞു കൂടി ഒരിരുപ്പായിരുന്നു. ആരൊക്കൊയോ വന്നു കണ്ടിട്ടു പോകുന്നുണ്ടവളെ, അവളുടെ ഹൃദയത്തെ തണുപ്പിക്കാൻ ആരുടെയും വാക്കുകൾക്ക് കഴിഞ്ഞില്ല.അഭി ഒരു വാക്ക് പോലും പറയാതെ തനിച്ചാക്കി പോയതിന്റെ പരിഭവത്തിലായിരുന്നു അവളപ്പോഴും.
"ഇന്ദു,എന്റെ മോളെ,ഇച്ചിരി കഞ്ഞി വെള്ളേലും കുടിക്കു" സാറ ചേട്ടത്തി ആവുന്നത്ര പറഞ്ഞെങ്കിലും ഒരു പ്രതിമ കണക്കെ അവളിരുന്നു.
"മോളെ,ഈ ഇരുപ്പു കണ്ടിട്ട് ചേട്ടത്തിക്ക് സഹിക്കണില്ല,അഭി കൊച്ചിനെ എടുത്തോണ്ട് നടന്ന കൈയായിതു,ചേട്ടത്തിക്ക് ഉള്ളു പൊള്ളിയിട്ടാ ഈ നിൽക്കുന്നെ "
അപ്പോഴേക്കും അവൾ ആ കൈകളിലേക്ക് ഒരു താങ്ങേന്നവണ്ണം ചാഞ്ഞിരുന്നു;
അവളുടെ കരഞ്ഞു കലങ്ങിയ മുഖം അവർക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
വർഷം രണ്ടു തികഞ്ഞിട്ടില്ല,മാളിയേക്കൽ ബംഗ്ലാവിൽ പരേതരായ ജേക്കബ് മാത്യൂന്റെയും അന്നമ്മയുടെയും മകനായ അഭിജിത്തിന്റെ നല്ല പാതിയായി അവൾ ജീവിതം തുടങ്ങിയിട്ട്. കുഞ്ഞു നാളിലെ അപ്പനമ്മമാരെ നഷ്ടപെട്ട അവനെ വളർത്തി വലുതാക്കിയത് അമ്മയുടെ അകന്ന ബന്ധുവായ സാറാമ്മ ചേട്ടത്തിയായിരുന്നു.ഒരുപാടു സ്വത്തിനാവകാശിയായിരുന്നേലും, സ്നേഹത്തിനായി ഒരുപാടു ആഗ്രഹിച്ച അവന്റെ മനസ്സു തന്റെ ജീവിത പങ്കാളിയെ തേടിയത് തന്നെ പോലെ സ്നേഹം കൊതിച്ച ഒരു പെൺകുട്ടിയെ ആയിരുന്നതിലും വിചിത്രമില്ല.അനാഥാലയത്തിൽ നിന്നു ഇന്ദു എന്ന പെൺകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോഴും അവനു പ്രതീക്ഷകൾ ഏറെയായിരുന്നു. അവൾ അവനു അമ്മയും കൂടെപ്പിറപ്പുമായിട്ടു മാറിയെന്നതും വാസ്തവം.ഇതിനിടയിലേക്ക് വില്ലനെ പോലെ വിധിയെത്തി,
എതിരെ വന്ന ലോറി മരണദൂതനായി അഭിയെ ഇന്ദുവിൽ നിന്നു തട്ടിയെടുത്തു.ആ ദുഃഖത്തിൽ ഇന്ദു തളർന്നിരിക്കുന്നു,ഒരു ആശ്രയവും ഇല്ലാതെ.അവിടേക്കു അഭിയുടെ അച്ഛന്റെ വകയിൽ ഒരു അമ്മാവനും കുടുംബവും വന്നു ,ഇന്ദുവിനെ വീട്ടിൽ നിന്നു പുറത്താക്കണമെന്ന ലക്ഷ്യത്തോടെയാണ് അവരുടെ വരവ്,അവളെ കൊല്ലാൻ പോലും മടിയില്ലാത്തവർ ആണ് അവരെന്ന് കണ്ടാൽ തന്നെ അറിയാം.
പെട്ടെന്ന്
കറന്റ് പോയി;
"അയ്യോ,നാശം പിടിക്കാനേ,ഈ കറന്റിനു പോവാൻ കണ്ട നേരം,എന്റെ ഇന്ദു അവൾക്കു "
വല്യമ്മ വല്യ വായേല് കരച്ചില് തുടങ്ങി;
"എന്റെ സരസ്വതി,നീ ഇങ്ങനെ നിലവിളിക്കല്ലേ,അയലുവക്കക്കാര് എന്നാ വിചാരിക്കത്തില്ല"
"ഒന്ന് പോ മനുഷ്യനെ,അവിടെ ഇന്ദുവിനെ ആ ദ്രോഹികള് കൊല്ലാൻ നിൽക്കുമ്പോഴാ നിങ്ങള്ടെ ഒരു ഉപദേശം "
ഭാര്യ ഒരു പൊടിക്കൊന്നും അടങ്ങില്ലെന്നു കണ്ട ഭർത്താവു മൗനാനീതനായി(വിനയനനീതനായി എന്നൊക്കെ പറയാറില്ലെ,ഇതും ഏതാണ്ട് അങ്ങനെ തന്നെ).
കറന്റ് വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
"എന്റെ ഇന്ദു" സരസ്വതിയമ്മ ഒരേ കരച്ചിൽ.
ചില നേരത്തു ഭർത്താക്കന്മാർ നിവർത്തികേട്‌ കൊണ്ട് തല്ലിപോകുമെന്നു പറയുന്നത് ശരി വെച്ച്
അവസാനം
ഒന്നേ കൊടുത്തുള്ള് ,പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ വയ്യാണ്ട് സരസ്വതിയമ്മ മോന്തായം തടവിക്കൊണ്ട്
"അവളുടെ ഒരു സീരിയൽ പ്രാന്ത്,ഇന്ദു,കയറി പോടീ അകത്തേക്ക്.കഥ യും യാഥാർഥ്യവും തിരിച്ചറിയാത്ത ഓരോന്നുങ്ങള് "
അപ്പോഴേക്കും ടീവീ യിൽ അടുത്ത ദുഃഖപുത്രിമാർ എത്തിക്കഴിഞ്ഞിരുന്നു.

Dr Anuja
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo