നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#അച്ഛനെ പ്രണയിച്ച പെണ്കുട്ടി

#അച്ഛനെ പ്രണയിച്ച പെണ്കുട്ടി
*******************************
പ്ലാറ്റ്ഫോമിലെ ഒരു ഒഴിഞ്ഞ ബെഞ്ച് നോക്കി ഹേമ ഇരുന്നു. തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്നു ചുറ്റുപാടും നിരീക്ഷിച്ചു. തന്നിലേക്ക് നീളുന്ന രണ്ടു തുറിച്ച കണ്ണുകൾ കണ്ടതും അവൾ വീണ്ടും അയാളെ നോക്കി, അയാൾ വേഗം കണ്ണെടുത്ത്‌ മൊബൈലിലേക്ക് ശ്രദ്ധമാറ്റി തിരിഞ്ഞുനടന്നു. ഹേമ സമയം നോക്കി പത്തു മണിയാകുന്നു, ഇനിയും രണ്ടു മണിക്കൂർ കാത്തിരിക്കണം എറണാകുളത്തേക്ക് ട്രെയിൻ കിട്ടാൻ. റീനയെ വിളിച്ചു താമസം ശരിയാക്കിയിട്ടുണ്ട് അതുകൊണ്ട് അവിടെയെത്തിയിട്ട് നേരെ ഓട്ടോ വിളിച്ചങ് പോയാൽ മതി എന്നൊരു ആശ്വാസമുണ്ട്, അവൾ ജോലി ചെയ്യുന്ന തുണിക്കടയിൽ ഒഴിവുള്ളതുകൊണ്ടു ജോലിയുടെ കാര്യത്തിലും ഭയം വേണ്ട. ഒന്നു വേഗം പന്ത്രണ്ടു മണിയാകാൻ ഹേമ പ്രാർത്ഥിച്ചു.
താൻ ഇനിയും എത്ര നാൾ ഇങ്ങിനെ ഒളിച്ചോടുമെന്ന ചിന്ത അവളുടെ മനസ്സിലെ ചിന്താശകലങ്ങളെ കീറിമുറിക്കുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് രക്ഷപ്പെട്ടതാണ് ഇന്ന്, തുണികൾ അടുക്കി വെക്കുന്നതിനിടയിൽ താഴെ സെക്ഷനിൽ നിന്നും പുതുതായി വന്ന സാമുദ്രിക പട്ടിന്റെ സ്റ്റോക്ക് എടുക്കാൻ പോയതാണ്. അപ്പോഴാണ് അമ്മയും പ്രകാശഛനും റിസപ്ഷനിൽ സംസാരിക്കുന്നത് കണ്ടത്. അനുസരണയില്ലാതെ ഒഴുകുന്ന കണ്ണുകളെ അമ്മ തൂവാലകൊണ്ട് ഇടതടവില്ലാതെ തുടച്ചുകൊണ്ടേയിരിക്കുന്നുണ്ട്. പ്രകാശച്ഛൻ എല്ലാം തകർന്നവനെ പോലെ പുറകിൽ മുഖം താഴ്ത്തി നിൽക്കുന്നു. ആ മുഖം കണ്ടപ്പോഴേ ശരീരമാകെ ഒരു തളർച്ച ബാധിച്ചു.
റിസപ്ഷനിൽ നിന്നും ശ്രീജ ചേച്ചി അവരെയും കൂട്ടി എം.ഡി യുടെ റൂമിലേക്ക് പോകുന്നത് കണ്ടതും പിന്നെ സമയം പാഴാക്കിയില്ല ആരോടും പറയാതെ ബാഗും എടുത്ത് എല്ലാവരുടെയും കണ്ണ് വെട്ടിച്ചു സീനിയ ടെക്സ്റ്റൈൽസിന്റെ പടിയിറങ്ങി. ഇനിയും എങ്ങോട്ടെന്നു ആലോചിച്ചു വിഷമിക്കുമ്പോഴാണ് റീനയെ ഓർത്തത്. കഴിഞ്ഞ മാസമാണ് അവൾ റീസൈൻ ചെയ്ത് എറണാകുളത്തേക്ക് മാറിയത്, അവൾ അങ്ങോട്ട് ക്ഷണിച്ചത് ഒരു കച്ചിത്തുരുമ്പായി. പെട്ടെന്ന് തന്നെ അവളെ വിളിച്ചു താന്‍ വരുന്നുണ്ടെന്നും ബാക്കിയെല്ലാം അവിടെ വന്നിട്ട് പറയാമെന്നും പറഞ്ഞു മൊബൈല്‍ കട്ട് ചെയ്തു. ഹോസ്റ്റലില്‍ ഉള്ള വസ്ത്രങ്ങളും മറ്റും പിന്നീട് എടുപ്പിക്കാമെന്നു ഉറപ്പിച്ചു, ഇപ്പോള്‍ എങ്ങിനെയെങ്കിലും രക്ഷപ്പെടുക ബാക്കിയെല്ലാം പിനീട്. പിന്നൊന്നും ആലോചിച്ചില്ല നേരെ റയിൽവേ സ്റ്റേഷനിലേക്ക് ഒരു ഓട്ടോ പിടിച്ചു. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് ഒരു പറിച്ചു നടൽ, വയനാട് എന്ന സ്വദേശത്ത് നിന്നുമുള്ള ഒളിച്ചോട്ടം എറണാകുളത്തേക്കും തുടരുന്നു.
മൊബൈൽ തുരു തുരേ റിംഗ് ചെയ്യുന്നുണ്ട്, ഹേമ മൊബൈൽ എടുത്ത് സ്വിച്ച്‌ ഓഫ് ചെയ്തു ബാഗിൽ വെച്ചു. എല്ലാവരും തന്നെ അന്വേഷിക്കുകയാകും, ഇനിയല്ലെങ്കിലും അവരുടെയൊന്നും മുഖത്ത് നോക്കാനാകില്ല, അത്രമേൽ മോശപ്പെട്ട കാര്യമാണല്ലോ താൻ ചെയ്തത്. നിറഞ്ഞു വന്ന കണ്ണുകൾ ചേർത്തു പിടിച്ച മൂല പൊടിഞ്ഞു തുടങ്ങിയ കറുത്ത ബാഗിലെ കുഞ്ഞറയിൽ സൂക്ഷിച്ച തൂവാലയെടുത്ത് തുടച്ചു. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ഏറണാകുളത്തേക്ക് ടിക്കറ്റും എടുത്തു. 12 മണി വരെ കാത്തിരുന്നേ പറ്റു, ഹേമ വീണ്ടും സമയം നോക്കി, 10.30 ആയതേയുള്ളൂ. ഹേമ നേരത്തെ തന്നെ തുറിച്ചു നോക്കിയ ആളെ ഒന്ന് കണ്ണ് കൊണ്ട് തിരഞ്ഞു, അവിടെയെങ്ങുമില്ലെന്നു ഉറപ്പു വരുത്തി. ഉള്ളിലൊരു ഭയം, കാലമതാണല്ലോ.... ഹേമയുടെ മനസ്സിലേക്ക് ഓര്‍മ്മകളുടെ മഴപ്പെയ്ത്ത് നടക്കുകയായിരുന്നു.
ഓർമ്മ വയ്ക്കും മുന്പ് അച്ഛൻ അമ്മയെയും തന്നെയും തനിച്ചാക്കി പോയിരുന്നു, വര്ഷാവർഷ്മുള്ള ബലിയിടൽ ചടങ്ങിൽ ഓർക്കുന്ന ഒരു അതിഥിയായെ തനിക്കച്ഛനെ അറിയൂ. അച്ഛനോടൊത്തു പ്രണയിച്ചു വീട്ടിൽ നിന്നും ഇറങ്ങിപ്പോയതിനാൽ വീട്ടുകാർ ആരും തിരിഞ്ഞു നോക്കിയില്ല. അച്ഛൻ സ്നേഹമുള്ള ഒരാളാണെന്നു അമ്മ പറഞ്ഞു തന്നിട്ടുണ്ട്.
മിച്ചം പിടിച്ച പൈസയും അമ്മയുടെ സ്വർണ്ണവും ചേർത്ത് കേറിക്കിടക്കാൻ അച്ഛനൊരു കൊച്ചു വീട് പണിതിട്ടത് കൊണ്ട്, അമ്മയ്ക്ക് തെരുവിൽ ഇറങ്ങേണ്ടി വന്നില്ല. വീട്ടു ജോലികൾ ചെയ്തും തുന്നിയുമെല്ലാം അമ്മ തന്നെ വളർത്തി വലുതാക്കി. 'അമ്മയുടെ കഷ്ടപ്പാടുകൾ കണ്ടാണ് താൻ വളർന്നത്, പലപ്പോഴും ഓർത്തിട്ടുണ്ട് ആരോടും പരാതി പറയാനില്ലാതെ ഒരു അഭിപ്രായം ചോദിക്കാനില്ലാതെ ഒരു തലോടൽ ഇല്ലാതെ അമ്മ എങ്ങിനെ പിടിച്ചു നിൽക്കുന്നു എന്നു. നനവാർന്ന തലയിണകൾ അമ്മയുടെ ഹൃദയ സൂക്ഷിപ്പുകാരാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
ഡിഗ്രി കഴിഞ്ഞു വിവാഹാലോചനകൾ വന്നു തുടങ്ങിയപ്പോഴാണ് അമ്മ തനിച്ചാകുന്നു എന്നൊരു ബോധം മനസ്സിലുണ്ടായത്. തന്റെ ജീവിതത്തിൽ ഒരാൾ വന്നാൽ അമ്മ ഒറ്റപ്പെട്ടു പോകുമെന്ന് മനസ്സു ഭയന്നു, അങ്ങിനെയാണ് ഒരുപാട് ചിന്തിച്ചു ഒരു തീരുമാനം എടുത്തത്. അമ്മയെ പുനർ വിവാഹം കഴിപ്പിക്കുക. അമ്മയുടെ സമ്മതം വാങ്ങിയെടുക്കാൻ ഏറെ ബുദ്ധിമുട്ടിയെങ്കിലും തന്റെ പട്ടിണി സമരത്തിൽ അമ്മ തോൽവി സമ്മതിച്ചു. ആദ്യ ആലോചനയായിരുന്നു ഭാര്യ മരിച്ച പ്രകാശച്ഛന്റേത്. ബാധ്യതകൾ ഇല്ലാത്ത അദ്ധ്വാനിക്കുന്ന സൗമ്യനായ ഒരാൾ. അധികം ചിന്തിക്കാതെ എത്രയും വേഗം വിവാഹം നടന്നു, പിന്നീട് വീട്ടിൽ ഉത്സവമായിരുന്നു. ഒരിക്കലും അറിയാത്ത അച്ഛന്റെ സ്നേഹവാത്സല്യം പ്രകാശച്ഛന് ആവോളം തന്നു. അമ്മയെ അദ്ദേഹം പ്രണയിക്കുകയായിരുന്നു, അടുക്കളയിലും മുറികളിലും പറമ്പിലും അവര്‍ പ്രണയജോടികളെപ്പോലെ ജീവിക്കുന്നത് കണ്ടു അത്ഭുതമായിരുന്നു. തന്റെ കോളേജ് കാലത്തിനിടയ്ക്ക് ഒരിക്കല്‍പ്പോലും ഇത്രയേറെ സ്നേഹിക്കുന്ന ഒരു കാമുകനെ കണ്ടിട്ടില്ലെന്നത് തനിക്ക് അതിശയമായി, അതു കണ്ടു തനിക്കും അതുപോലൊരു ഭർത്താവ് മതിയെന്ന തോന്നൽ തെറ്റായിരുന്നില്ല പക്‌ഷേ തനിക്കീ ഭർത്താവ് വേണമെന്ന ചിന്ത കയറിക്കൂടിയിടത്തു തെറ്റി. പ്രകാശഛന്റെ സ്നേഹം തന്നിൽ ഇതുവരെ അനുഭവിക്കാത്ത എന്തെല്ലാമോ വികാരങ്ങൾ ജനിപ്പിച്ചു എന്നാൽ അദ്ദേഹം ഒരിക്കലും തന്നെ അങ്ങിനെ കാണാത്തത് മനസ്സിൽ ഒരു ഈർഷ്യ ഉണ്ടാക്കി. ആ ദേഷ്യം അമ്മയോടാണ് താൻ തീർത്തത്. പാവം അമ്മയ്ക്കൊന്നും മനസിലായില്ല.
തന്റെ ഇഷ്ടം അറിയിക്കാന്‍ പലയാവര്‍ത്തി ശ്രമിച്ചെങ്കിലും അദ്ദേഹം അത് അച്ഛനോടുള്ള സ്നേഹമായാണ് കണ്ടത്, തിരിച്ചു നല്‍കിയ വാത്സല്യം തന്നിലെ സ്ത്രീയോടുള്ള വെല്ലുവിളിയായി തോന്നി. അമ്മയില്ലാത്ത ആ ദിവസം പ്രകാശച്ചനോട് എല്ലാ പരിമിതികളും ലംഘിച്ചാണ് ഇടപെട്ടത്, ഏതൊരു പുരുഷനെയും സ്ത്രീയുടെ അംഗലാവണ്യത്തില്‍ തോല്ല്പ്പിക്കാമെന്ന തന്റെ തെറ്റായ ചിന്തയ്ക്ക് തോല്‍വി സംഭവിച്ചു, ആ ഒരു തെറ്റായ സമീപനത്തിലൂടെ എല്ലാം നശിച്ചു, പ്രകാശച്ഛന്‍ അച്ഛന്റെ സ്ഥാനത്ത് നിന്ന് തന്നെ വഴക്കു പറഞ്ഞത് തന്നിൽ വാശിയാണ് ഉണ്ടാക്കിയത് എന്നാൽ എല്ലാം കണ്ടും കേട്ടും അമ്മ പുറകിൽ ഉണ്ടായിരുന്നു എന്നത് ഒരു ആത്മഹത്യാ ശ്രമത്തിലൂടെയാണ് അമ്മ അറിയിച്ചത്. സ്വർഗ്ഗതുല്യമായ വീട് ശ്മശാന മൂകതയിലാഴ്ന്നു.
ഭർത്താവിനെ ഒഴിവാക്കുന്നു എന്ന അമ്മയുടെ ഉറച്ച തീരുമാനത്തിന് പ്രകാശച്ഛന്റെ പ്രതികരണം മൗനമായിരുന്നു. പക്ഷേ ആ കണ്ണുകളിലെ വേദനയുടെ നീർച്ചാലുകൾ തന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു. അന്ന് രാത്രി ആരും അറിയാതെ വീട് വിട്ടിറങ്ങി. അമ്മയുടെ ദുഃഖം കാണാൻ വയ്യ പ്രകാശച്ഛനെ അച്ഛന്റെ സ്ഥാനത്ത് കാണാനാകുന്നില്ല, ഇനിയും അവിടെ നിന്നാൽ ജീവൻ പലതും നഷ്ടപ്പെടുമെന്നതിലും ഭേദം താൻ അവിടെ നിന്നും മാറുന്നതാണ് നല്ലതെന്നു തോന്നി. കോഴിക്കോട് ഉള്ള സുഹൃത്ത് ശ്യാമയുടെ വീട്ടിലേക്കാണ് നേരെ പോയത്. അവളോട്‌ കുറച്ചു കള്ളങ്ങൾ പറഞ്ഞു അവളുടെ അമ്മ ജോലി ചെയ്യുന്ന സീമാസിൽ ജോലി തരപ്പെടുത്തി. രണ്ടു മൂന്നു മാസം ആരും ഒന്നുമറിയാതെ പോയി, വീട്ടിലെ അവസ്ഥ അന്വേഷിക്കാന്‍ തുനിഞ്ഞില്ല, എല്ലാത്തില്‍ നിന്നുമുള്ള ഒളിചോട്ടമായിരുന്നല്ലോ...
തികച്ചും അപ്രതീക്ഷിതമായി അവർ തന്നെ അന്വേഷിച്ചു ഇവിടെയും എത്തിയിരിക്കുന്നു.
ആർക്കും മുഖം കൊടുക്കാൻ വയ്യ, രക്ഷപ്പെടണം
ഇനിയൊരിക്കലുമൊരു തിരിച്ചുപോക്കില്ല, തനിക്കു വേണ്ടി സ്നേഹസമ്പന്നനായ ഭർത്താവിനെ ഒഴിവാക്കാൻ തയ്യാറായ അമ്മയെ ഇനിയും വേദനിപ്പിക്കാൻ വയ്യ, ഇനിയുള്ള ജീവിതമെങ്കിലും അവർ സന്തോഷമായി ജീവിക്കട്ടെ. പക്ഷേ, അമ്മയുടെ വിങ്ങിപ്പൊട്ടിയ കരച്ചിൽ..... ഒന്നും ഓര്‍ക്കരുത് ഒന്നും, തന്റെ യാത്ര തടസ്സപ്പെടുത്തുന്ന ഒന്നുമിനി ചിന്തിക്കരുത്. പോകണം, ആരുമറിയാത്ത എവിടേക്കെങ്കിലും ഓടിപ്പോകണം. ഹൃദയ ഭിത്തിയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന അവിശുദ്ധ പ്രണയത്തIന്റെ ഒരുതരിയും ശേഷിക്കാത്ത വിധം പതിയെ തുടച്ചു വൃത്തിയാക്കണം, നശിച്ച ഈ മനസ്സും ജന്മവും ഒളിച്ചുവെക്കണം, ഹേമ നെടുവീർപ്പിട്ടു.
തന്റെ മുൻപിലൂടെ പാഞ്ഞുപോയ ട്രെയിൻ ഹേമയെ ചിന്തകളിൽ നിന്നുമുണർത്തി. അവൾ സമയം നോക്കി, 11 മണി കഴിഞ്ഞിട്ടുണ്ട് ട്രെയിൻ വരാൻ ഇനിയും കാത്തിരിക്കണം. സമയത്തെ ഓടിക്കാൻ വല്ല കഴിവും ഉണ്ടായിരുന്നെങ്കിലെന്നു അവൾ വെറുതെ ഓർത്തു.
തന്റെ ചുമലിൽ ആരുടെയോ കൈത്തലം പതിച്ചത് പോലെ തോന്നിയ ഹേമ ഞെട്ടിതിരിഞ്ഞുനോക്കി, പ്രകാശച്ഛൻ..... തൊട്ടു പുറകിലായി അമ്മ, കൂടെ ടെക്സ്റ്റൈൽസിലെ ഫ്ലോർ മാനേജർ മനോജ്. താൻ പിടിക്കപ്പെട്ടു എന്ന ചിന്തയും നാണക്കേടും ഹേമയെ ശിലയുടെ അവസ്ഥയിലാക്കി. അമ്മ ഹേമയെ ചേർത്തുപിടിച്ചു കരഞ്ഞു.... അവൾ പതുക്കെ പ്രകാശച്ഛന്റെ മുഖത്തേക്ക് നോക്കി.
'എന്തൊരു പ്രസരിപ്പുള്ള മുഖമായിരുന്നു, പെട്ടെന്ന് പ്രായം ചെന്നതുപോലെയായിപ്പോൾ, മനസ്സത്രത്തോളം പിടയുന്നുണ്ടാകണം.... ഹേമയ്ക്ക് കുറ്റബോധം തോന്നി, പക്ഷേ അവളുടെ ചുണ്ടുകൾ ചലിച്ചില്ല കണ്ണുകൾ ഓടിയൊളിക്കാൻ വെമ്പുന്നതിനിടയ്ക്ക് മാനേജര്‍ മനോജിന്റെ മേലുടക്കി. അയാൾ കൈപിടിച്ചു സംസാരിക്കുന്ന വ്യക്തിയെ അവൾ സൂക്ഷിച്ചു നോക്കി, ഇയാളല്ലേ തന്നെ കുറച്ചുസമയം മുൻപ് തുറിച്ചുനോക്കിയതെന്ന ചിന്ത മനസ്സിലുയർന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകി. പ്രകാശച്ഛനെ മാനേജർ മനോജ് അയാൾക്ക് പരിചയപ്പെടുത്തുന്നത് കണ്ടു,
"ഇത് ഷാജി, മാർക്കറ്റിങ്ങിൽ ആണ്. ഷാജിയ്ക്ക് ഷോപ്പിൽ ഉള്ളവരെയൊക്കെ പരിചയമുണ്ട്. ഹേമ പുതിയതായത് കൊണ്ടാണ് ഷാജിയെ മനസ്സിലാകാതിരുന്നത്, ഹേമയുടെ യൂണിഫോം സാരി കണ്ടതുകൊണ്ടാണ് ഷാജി ശ്രദ്ധിച്ചത്, ഏതായാലും നിങ്ങൾക്ക് മകളെ തിരിച്ചു കിട്ടിയല്ലോ.... ഇനി വീട്ടിലേക്ക് തിരിച്ചോളൂ, ബാക്കിയെല്ലാം വിളിച്ചു സംസാരിക്കാം"
മറുത്തൊന്നും പറയാതെ ഒരു തടവുപുള്ളിയെപ്പോലെ ഹേമ അമ്മയുടെ കൂടെ നടന്നു.... ബസ് സ്റ്റാൻഡിൽ ഹേമയെയും ഭാര്യ ലതയെയും ബസ്സിൽ കയറ്റിയ ശേഷം പ്രകാശൻ തിരിഞ്ഞു നോക്കാതെ നടന്നു. ഹേമ തിരിച്ചു വിളിക്കാൻ തുനിഞ്ഞപ്പോൾ അമ്മ തടഞ്ഞു.
"ഇനി നമ്മൾ മതി, നമുക്കിടയിൽ ആരും വേണ്ട. നീ കഴിഞ്ഞേ എനിക്കാരുമുള്ളു, ഞാൻ ജീവിച്ചതും നിനക്ക് വേണ്ടിയാണ്. നമുക്ക് പഴയതു പോലെയെല്ലാം മതി, നിന്നെ വിഷമിപ്പിച്ചൊരു ജിവിതം എനിക്ക് വേണ്ട"
എന്തോ പറയാന്‍ തുടങ്ങിയ ഹേമയുടെ വാ ലത്‌ പൊത്തിപ്പിടിച്ചു, ഒന്നും പറയേണ്ടെന്ന് കണ്ണുകള്‍കൊണ്ട് അപേക്ഷിച്ചു.
ഹേമ ലതയുടെ തോളിൽ തല വെച്ചു കിടന്നു, ലത അവളെ ചേർത്തുപിടിച്ചു.
പ്രകാശൻ തിരിഞ്ഞുനോക്കാതെ നടന്നു. തന്റെ ഭാര്യയെയും മകളെയും തിരിച്ചു പിടിക്കണമെന്ന ദൃഢനിശ്ചയം ആ മനസ്സിലുണ്ടായിരുന്നു. ഹേമയ്ക്ക് നല്ല സ്നേഹമുള്ളൊരു പങ്കാളിയെയും കൊണ്ടേ ഇനി വരൂ എന്ന് ലതയ്ക്ക് കൊടുത്ത സത്യം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന ചിന്ത അയാളെ മുന്‍പോട്ടു നയിച്ചു.
അപ്പോഴും ആ ഹൃദയം കേഴുന്നുണ്ടായിരുന്നു...
"ഞാന്‍ വളര്‍ത്തച്ഛനല്ല മകളെ നിന്റെ അച്ഛനാണ് ജന്മം കൊണ്ടല്ലെങ്കിലും ഹൃദയ ബന്ധം കൊണ്ട് ......"
***രേഷ്മ***
19/8/2017

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot