Slider

ഞാനും ദേവന്മാരും പി.അയ്യപ്പൻ പിള്ളയും(ഒരു അഡാർ തള്ള്)......Part 1

0
ഞാനും ദേവന്മാരും പി.അയ്യപ്പൻ പിള്ളയും(ഒരു അഡാർ തള്ള്)......
........................................
പണ്ടൊരിക്കൽ അതായത് വർഷങ്ങൾക്ക് മുമ്പ് കൊട്ടാരത്തിൻ്റെ ചാണകമെഴുകിയ വരാന്തയിലെ തറയിൽ മലർന്ന് കിടക്കുകയായിരുന്നു ഞാൻ...
(സംശയിക്കണ്ട..ഞാൻ അന്നും ലളിത ജീവിതം നയിക്കാൻ ആഗ്രഹിച്ചവനാണ്..അതുകൊണ്ട് തന്നെ എൻ്റെ കൊട്ടാരം കെട്ടി പൊക്കിയത് മൺകട്ട കൊണ്ടാണ്..അതു പോലെ തറ നല്ല പശുവിൻ ചാണകം ഉപയോഗിച്ചാണ് മെഴുക്കാറ്...)
അപ്പോഴാണ് ഹരി(ഹരിശ്ചന്ദ്രൻ,ഹരി എന്നേ ഞാൻ വിളിക്കാറുള്ളു)അവിടേക്ക് വന്നത്..
'എന്താണാവോ വരവിൻ്റെ ഉദ്ദേശ്യം?'
"മാഷേ...മാതാവ് പറഞ്ഞിരിക്കുന്നു..അങ്ങയുടെ കൂടെ കൂടിയാലേ സത്യസന്ധത പഠിക്കാൻ പറ്റുകയുള്ളൂ എന്ന്...എന്നെ മാഷിന്റെ ശിഷ്യനായി കൂടെ കൂട്ടാമോ?"
"ഹരി..സത്യസന്ധത അങ്ങനെ പെട്ടെന്ന് പഠിക്കാൻ പറ്റുന്ന ഒന്നല്ല...എന്നെ പിൻതുടരുക..എൻ്റെ ജീവിത ശൈലി കണ്ടു പഠിക്കുക..അപ്പോൾ താനെ സത്യസന്ധത പഠിക്കാനും സത്യസന്ധനായി അറിയപെടാനും പറ്റും"
ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഹരിശ്ചന്ദ്രനല്ലേ സത്യസന്ധനായ വ്യക്തിയെന്ന്...വിശ്വാമിത്രൻ്റെ വാക്കു കേട്ട് രാജ്യം ഉപേക്ഷിച്ചു ചുടലപറമ്പിൽ അന്തിയുറങ്ങാൻ സൻമനസ്സു കാട്ടിയ ശവം ദഹിപ്പിക്കുന്ന ചണ്ഡാലനായ ഹരിശ്ചന്ദ്രൻ എന്ന്...അതേ അവനെ ഓർത്ത് എനിക്ക് അഭിമാനമേയുള്ളു..എൻ്റെ ശിഷ്യൻ എൻ്റെ പാത പിൻതുടർന്ന് ലോകത്തിലെ ഏറ്റവും വലിയ സത്യസന്ധനായി മാറി..എനിക്ക് പണ്ടേ പ്രശസ്തിക്ക് താല്പര്യമില്ലാത്തതിനാൽ എൻ്റെ രാജ്യം ഞാൻ ഹരിശ്ചന്ദ്രന് എഴുതി കൊടുത്തിരുന്നു..ആ രാജ്യവും രാജകൊട്ടാരവും വിശ്വാമിത്രന് നല്കി അവൻ ചുടലപറമ്പിൽ അന്തിയുറങ്ങി..എൻ്റെ പാരമ്പര്യം അവൻ കാത്തു..
പറഞ്ഞു വന്ന കാര്യത്തിൽ നിന്ന് മാറി പോയി...
ഞാനും ഹരിയും ഇങ്ങനെ സത്യസന്ധതയേ കുറിച്ച് സംസാരിക്കുമ്പോഴാണ് ശിവൻ അവിടേക്ക് വരുന്നത്,അതെന്നെ നിങ്ങളുടെയൊക്കെ ശിവ ഭഗവാൻ,ഞാനും ശിവനും എടാ പോടാ ബന്ധമാണ്..
കൈലാസത്തിൽ പാർവതിയുമായി വഴക്കിട്ടാൽ ശിവൻ നേരെ എൻ്റെ അടുക്കൽ വരും..എന്നിട്ട് എൻ്റെ തോളിൽ ചാരി കൊച്ചു കുട്ടികളെ പോലെ പൊട്ടി കരയും..ഞാൻ പാർവതിയെ വിളിച്ച് നല്ലവണ്ണം ചീത്ത പറഞ്ഞാലേ മൂപ്പർക്ക് സമാധാനമാകു..
മഹാവിഷ്ണുവും ഞാനും അത്ര രസത്തിലല്ല..ഒരിക്കൽ ഗുരുവായൂർ നടയിൽ കൃഷ്ണനെ കാണാൻ വാശി പിടിച്ചു കരഞ്ഞ മഞ്ജുളയെ കൃഷ്ണൻ പറ്റിച്ചു..അത് എനിക്ക് തീരെ പിടിച്ചില്ല..എനിക്ക് പണ്ടേ സ്ത്രീകളെ പറ്റിക്കുന്നത് ഇഷ്ടമുള്ള കാര്യമല്ല..
ഞാൻ നേരെ വൈകുണ്ഠത്തിൽ ചെന്ന് മഹാവിഷ്ണുവിൻ്റെ ചെവി പിടിച്ച് തിരിച്ചു.. വിഷ്ണുവിന്റെ കണ്ണിൽ നിന്ന് പൊന്നീച്ചയും ഇരുമ്പീച്ചയും ഒന്നിച്ചു പറന്നു...അതിൽ പിന്നെ എന്നെ എവിടെ കണ്ടാലും ബഹുമാനമാണ്...ആ ബഹുമാനം കാണാൻ വയ്യാത്തത് കൊണ്ട് ഞാൻ മഹാവിഷ്ണുവിനെ പരമാവധി ഒഴിവാക്കലാണ് പതിവ്...
"എന്താണ് ശിവ...പാർവതി വീണ്ടും പ്രശ്നമാക്കിയോ?"
"ഇല്ല മാഷേ...ഒരു ചെറിയ പരാതി.. ദേവേന്ദ്രൻ എന്നെ അവിടെ നില്ക്കാൻ വിടുന്നില്ല"
"ശിവാ...നിങ്ങള് കാര്യം പറയ്"
"അതേ...നിങ്ങള് മാഷും ശിഷ്യനും കൂടി ഇങ്ങനെ സത്യസന്ധമായി കാര്യങ്ങൾ നടത്തിയാൽ,നിങ്ങളെ കണ്ട് ജനങ്ങൾ നല്ലവരായാൽ ഞങ്ങൾ ദൈവങ്ങൾക്ക് പണിയില്ലാണ്ടാവും..ഞങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുത്."
"എന്താ ശിവാ നിങ്ങളീ പറയുന്നത്.. ഞാൻ ഈ ഭൂമിയിൽ ജനിച്ചതു തന്നെ സത്യസന്ധമായി ജീവിക്കാനാണ്..ഞാൻ ഒരിക്കലും നുണ പറയാറില്ലെന്ന് അറിയില്ലേ"
"അറിയാം മാഷേ..പക്ഷെ ഞങ്ങൾക്ക് ഇപ്പോൾ പണിയില്ല...ഞങ്ങളെ ആർക്കും പേടിയുമില്ല...ഞങ്ങൾക്ക് ഞങ്ങളുടെ ഭക്തന്മാർ തരുന്ന ഹവീസ്സും നിവേദ്യങ്ങളും ഇപ്പോൾ മുടങ്ങി കിടക്കുകയാ... എന്തെങ്കിലും ഒരു തീരുമാനം ഉടനെ എടുക്കണം"
ഞാൻ അല്പ സമയം ആലോചിച്ചു... എന്നിട്ട് അല്പം പൊടി മണ്ണെടുത്തു കുറച്ചു കളിമണ്ണും രണ്ടും കൂടി കൂട്ടി കുഴച്ചു...എന്നിട്ട് ഒരു മനുഷ്യരൂപം ഉണ്ടാക്കി...
ശിവനെ നോക്കി കൊണ്ട് ഞാൻ പറഞ്ഞു
"ബ്രഹ്മു ഇല്ലേ അവിടെ?"(ബ്രഹ്മാവിനെ ഞാൻ സ്നേഹപൂർവ്വം ബ്രഹ്മു എന്നാണ് വിളിക്കാറ്)
"ഉണ്ട്"
"എന്നാൽ പോയി അയാളോട് വരാൻ പറയു..എനിക്ക് ഈ മൺരൂപത്തിന് വേണമെങ്കിൽ ജീവൻ കൊടുക്കാം...പക്ഷെ അതും എന്നെ പോലെ സത്യസന്ധനായി മാറും ബ്രഹ്മൂ ആവുമ്പോൾ നാരദനെ സൃഷ്ടിച്ച പോലെ ഒരുത്തനെ സൃഷ്ടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കില്ല"
ശിവൻ പോയി ബ്രഹ്മാവിനെ കൂട്ടി വന്നു...അങ്ങനെ ഞാൻ സൃഷ്ടിച്ച മൺരൂപത്തിന് ബ്രഹ്മാവ് ജീവൻ കൊടുത്തു...ആ മനുഷ്യൻ നാവെടുത്താൽ നുണ മാത്രമേ പറയാൻ പാടുള്ളു എന്ന് ഞാൻ നേരത്തെ ബ്രഹ്മാവിനോട് പറഞ്ഞിരുന്നു.. എൻ്റെ നേരെ വിപരീതമായി പ്രവർത്തിക്കുന്ന വ്യക്തി...
അങ്ങനെ ഞാൻ തന്നെ രൂപം കൊടുത്ത ആ വ്യക്തിയേ നിങ്ങൾക്ക് പരിചയം കാണും...അയാളാണ് പി.അയ്യപ്പൻ പിള്ള...അയാൾ പല തള്ള് കഥകളും എഴുതി..അയാളാണ് പലതും കണ്ടു പിടിച്ചതെന്നും പറഞ്ഞ് ഇതിലെ നടക്കുന്ന വിവരം ഞാനും ബ്രഹ്മുവും ശിവനും അറിഞ്ഞിരുന്നു.. നമ്മളുടെ തന്നെ സൃഷ്ടിയായ അയ്യപ്പൻ പിള്ളയല്ലേ എന്നു കരുതി ക്ഷമിച്ചതാ...
കാലം കുറെ കഴിഞ്ഞു... ഞാനിപ്പോഴും ജീവനോടെ ഉണ്ട്...കാരണം എനിക്ക് മരണമില്ലല്ലോ...അങ്ങനെ ഞാൻ എൻ്റെ ഈ പുതിയ രൂപത്തിൽ ഇരിക്കുമ്പോഴാണ്...നമ്മുടെ സിദ്ദീഖ്..( സിനിമ സംവിധായകൻ)കൂട്ടുകാരൻ ലാലുമായി എൻ്റെ വീട്ടിലേക്ക് വന്നത്..വന്നപ്പാടെ എൻ്റെ കാല്ക്കലേക്ക് ഒരൊറ്റ വീഴ്ച... അയാളെ പിടിച്ചെഴുന്നേല്പിച്ചിട്ട് കാര്യം എന്താണെന്ന് തിരക്കിയപ്പോഴാണ് അയാൾക്ക് പുതിയ സിനിമയ്ക്കുള്ള കഥ ഒന്നും കിട്ടിയിട്ടില്ല.. ദീലിപിൻ്റെ ഡേറ്റ് ഉണ്ട്..നിർമ്മിക്കാൻ ലാലു(ഞാൻ അങ്ങനെയാണ് വിളിക്കാറ്) തയ്യാറാണ്..എന്തെങ്കിലും ഒരു കഥ വേണമെന്ന് പറഞ്ഞത്..ഞാനാണ് ഇൻ ഹരിഹർ നഗറിൻ്റെയും രാംജി റാവുവിൻ്റെയും കഥ പറഞ്ഞു കൊടുത്തത്..അതിൻ്റെ തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും എന്നോട് അവർക്ക് ഉണ്ടുതാനും..
അങ്ങനെ കുറച്ചു സമയം ചിന്തിച്ചിരുന്നപ്പോഴാണ്..അയ്യപ്പൻ പിള്ളയുടെ കഥ ഓർമ്മ വരുന്നത്...അങ്ങനെയാണ് ഞാൻ സിദ്ദീഖിനും ലാലുവിനും 'കിങ് ലയറി'ൻ്റെ കഥ പറഞ്ഞു കൊടുക്കുന്നത്..രണ്ടുപേരും എന്നെ കെട്ടിപ്പിടിച്ചു യാത്രയാക്കുമ്പോൾ അവരോട് ഞാൻ പറഞ്ഞു...
"ഈ കഥ നിങ്ങളുടെ രണ്ടു പേരുടെയും പേരിലായിരിക്കണം സിനിമയിൽ വരേണ്ടത്.. ഞാൻ പ്രശസ്തി ആഗ്രഹിക്കുന്നില്ല..ഇനിയും കഥ വേണമെങ്കിൽ എന്നെ സമീപിച്ചോളു...ഞാൻ തരാം..പക്ഷെ എൻ്റെ പേര് ഒരിടത്തും കൊടുക്കരുതെന്ന്"
അങ്ങനെ എൻ്റെ കിങ് ലയർ എന്ന അയ്യപ്പൻ പിള്ളയുടെ കഥയാണ് സിദ്ദിഖും ലാലും ചേർന്ന് ഹിറ്റാക്കിയത്...അതുകൊണ്ട് പിള്ളേര് രക്ഷപ്പെട്ടു... പ്രശസ്തിക്ക് താല്പര്യമില്ലാത്തതിനാൽ ഞാൻ ഇങ്ങനെ ഇവിടെ കഴിയുന്നു...
N.B: എന്നെ അന്നും ഇന്നും എല്ലാവരും മാഷേ എന്നു മാത്രമേ വിളിക്കാറുള്ളു...
ബിജു പെരുംചെല്ലൂർ
(എന്നെ തപ്പരുത് ഞാൻ ഇവിടെയില്ല🏃🏃🏃)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo