Part 6
അന്ധകാരം
നീന ചുറ്റും നോക്കി.
ഭയാനകമായ ഇരുട്ടല്ലാതെ ഒന്നും കാണാനില്ല.
അവൾ ഇരു കൈകളാലും മുഖം പൊത്തി കരയാൻ തുടങ്ങി.
അപ്പോൾ...
ദൂരെയായി ഒരു പ്രകാശ ബിന്ദു പ്രത്യക്ഷപ്പെട്ടു.
നീന നോക്കി നില്ക്കേ ആ ബിന്ദു പതിയെ വളരാൻ തുടങ്ങി.
പതിയെ പതിയെ അവളിലേക്ക് ഭയം അരിച്ചു കയറി.
ആ പ്രകാശം അവളോടടുക്കും തോറും തീവ്രത കുറഞ്ഞു വന്ന് ഒരു ടണൽ പോലെ രൂപപ്പെടുകയാണ്.
നിമിഷങ്ങൾക്കുള്ളിൽ അത് വളർന്ന് അവളെ മറി കടന്നു പോയി.
അവളിപ്പോൾ നില്ക്കുന്നത് ആ ടണലിനുള്ളിലാണ്.
അവൾ വീണ്ടും ചുറ്റും നോക്കി. ആ ടണലിന്റെ ഭിത്തി മൂടൽ മഞ്ഞു പോലെ തോന്നിച്ചു. പ്രകാശം കൊണ്ടുണ്ടാക്കിയ ഒരു മഞ്ഞു ഭിത്തി.
അപ്പോഴും ദൂരെയായി ആദ്യം കണ്ട ആ ബിന്ദു തിളങ്ങി നില്ക്കുന്നുണ്ടായിരുന്നു.
എന്തുകൊണ്ടോ നീന അതിനെ ലക്ഷ്യമാക്കി പതിയെ ചുവടു വെക്കാൻ തുടങ്ങി. ആ വെളിച്ചം അവളെ ആകർഷിക്കുന്ന പോലെ.
ആ നിമിഷം...
“നീനാ...” പുറകിൽ നിന്ന് നേർത്തൊരു വിളി കേട്ടു.
ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ അവൾ കണ്ടത് കനത്ത മൂടൽ മഞ്ഞാണ്. അവൾക്കു പുറകിൽ ആ ടണലിന്റെ കവാടം മഞ്ഞു വീണടഞ്ഞിരുന്നു.
ആ മഞ്ഞിനിടയിൽ ഒരു നിഴൽ ചലിക്കുന്നതു പോലെ...
ഭയം അതിന്റെ പാരമ്യത്തിൽ എത്തിക്കഴിഞ്ഞിരുന്നു അവൾക്ക്.
***** ***** ***** ***** ***** ***** ***** *****
1:30 PM
1:30 PM
ബെന്നിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ് മാത്യൂസ്.
“ഈ വണ്ടി എവിടുന്നാ വന്നതെന്നെനിക്കറിയാം സർ.”
“നിനക്കറിയാമെന്നെനിക്കറിയാം. അതുകൊണ്ടാണല്ലോ ചോദിച്ചത് ? ആരുടെയാടാ വണ്ടി ?”
“പൊന്നു സാറെ, പറയട്ടെ. ഇത് ഇവിടുത്തു കാരല്ല ബാംഗ്ലൂർ ടീമാ. മലയാളികളു തന്നെ, പക്ഷേ ഇവന്മാരു വരുന്നത് ബാംഗ്ലൂരുന്നാ. ഇതാണിവന്മാരുടെ സ്ഥിരം രീതി. വണ്ടിയിടിപ്പിച്ചു കൊല്ലും. എന്നിട്ട് ആ പോക്ക് നേരേ ബാംഗ്ലൂർക്കു പോകും.”
“അപ്പൊ നിനക്കറിയാവുന്നവന്മാരു തന്നെ.”
“എനിക്ക് നേരിട്ടൊന്നും അറിയില്ല സാറേ. ഇങ്ങനൊരു ടീം ഉള്ള വിവരം ഇവിടെ എല്ലാർക്കും അറിയാം. ഇതാദ്യമല്ലല്ലോ. മുൻപും ഉണ്ടായിട്ടില്ലേ ? സാറൊന്നന്വേഷിച്ചു നോക്ക്യേ.“
”നേരിട്ടു പരിചയമില്ലെങ്കി പ്പിന്നെ... നിനക്കെങ്ങനെ വണ്ടി കണ്ടപ്പോ മനസ്സിലായി ? “
”കറുത്ത ജീപ്പാണ് അടയാളം. അവന്മാരു ഭയങ്കര പൊഫഷണൽ ടീമാ. ആ വണ്ടിക്ക് നംബറൊക്കെയുണ്ട്. പക്ഷേ ക്യാമറയിൽ പതിയില്ല. എന്തോ സ്പ്രേ അടിച്ചിട്ടുള്ള പരിപാടിയാ. കോട്ടും സ്യൂട്ടുമൊക്കെ ഇട്ട് നല്ല യോഗ്യന്മാരായിരിക്കും. ആർക്കും സംശയം തോന്നില്ല. സാറു വേണെങ്കി ബോർഡറിലൊക്കെ ഒന്നറിയിച്ചോ. ഈസിയായിട്ട് പൊക്കാം. അതിരിക്കട്ടെ, ഈ കേസിനാണോ സാറിപ്പൊ എന്നെ പൊക്കാൻ വന്നത് ? “ ചിരിയോടെയായിരുന്നു അവന്റെ ചോദ്യം.
“ഇതൊരു കേസ്. വേറൊരെണ്ണം വഴിയേ വരും.”
“സാറിനാരെയെങ്കിലും പിടിച്ചാ മതീന്നാണോ ? അങ്ങനാണെങ്കി പിന്നെ എനിക്കൊന്നും പറയാനില്ല. പിടിച്ചകത്തിട്ടേരെ സാറെ. ഇവിടത്തെ ലോക്കപ്പൊക്കെ എനിക്ക് നല്ല പരിചയമാ.”
മാത്യൂസ് കുറേ നേരം താടിക്ക് കൈ കൊടുത്ത് ആലോചിച്ചിരുന്നു.
ബെന്നിയേപ്പറ്റി ഉണ്ടായിരുന്ന ധാരണ മുഴുവനും തെറ്റായിരുന്നെന്നു തോന്നി അയാൾക്ക്. കാഴ്ച്ചക്ക് ഒരു ഭീകരനായിട്ട് തോന്നുന്നെങ്കിലും അവൻ പറയുന്നതു മുഴുവൻ ആത്മാർഥമായിട്ടാണെന്നൊരു തോന്നൽ.
“സാറ് ആരോടു വേണെങ്കിലും അന്വേഷിച്ചു നോക്ക്. ബെന്നി ഇപ്പൊ പഴയ ബെന്നി അല്ല സാറേ. ഒരു കാര്യം ചെയ്യ്, ഇന്നു രാത്രി 8:30ന് പവർ വിഷൻ ചാനലിൽ എന്റെ ഒരു പ്രസംഗമുണ്ട്. എന്റെ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ഒരു പരിപാടിയാണ്. സാറൊന്ന് കണ്ടു നോക്ക്.”
“അതെ... ഇനി അതിന്റെ കുറവും കൂടിയേ ഉള്ളൂ. നീ തല്ക്കാലം എണീറ്റു പോകാൻ നോക്ക്. എപ്പൊ വിളിച്ചാലും സ്ഥലത്തെത്തിയിരിക്കണം. യാതൊരു കാരണവശാലും സിറ്റി വിട്ടു പോകരുത്.”
“ആയിക്കോട്ടെ സാർ.” ബെന്നി എണീറ്റു. എന്നിട്ട് ഹസ്തദാനത്തിനായി കൈ നീട്ടി. “സർ... ഒരവസരം . അതു മാത്രേ ഞാൻ ചോദിക്കുന്നുള്ളൂ. ജീവിക്കാൻ ഒരവസരം തരൂ എനിക്ക്. സാറിനെപ്പറ്റി എനിക്ക് നന്നായി അറിയാം. കള്ളക്കേസൊന്നും എന്റെ തലയിൽ പിടിപ്പിക്കില്ല എന്നെനിക്കറിയാം. പക്ഷേ എന്റെ കൺസേൺ അതല്ല, സാർ എന്നെ മാത്രം ശ്രദ്ധിച്ച് നടക്കുമ്പോ ശരിക്കുള്ള കുറ്റവാളി രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്.”
ദീർഘനിശ്വാസത്തോടെ മാത്യൂസ് ബെന്നിയുടെ കൈ പിടിച്ചു കുലുക്കി.
“നീയിനിയെങ്ങോട്ടാ ?”
“സത്യം പറയാം. നേരേ നീനേടെ വീട്ടിലേക്കാ. സാർ എന്തായാലും ഒന്നും വിട്ടു പറയുന്നില്ല. അവളെങ്കിലും ഒന്നു വിശദമായി പറഞ്ഞു തന്നിരുന്നെങ്കിൽ എനിക്കൊരു സമാധാനമായേനേ.”
മാത്യൂസ് ഒന്നും മിണ്ടിയില്ല.
ബെന്നി പതിയെ നടന്ന് സ്റ്റേഷൻ വരാന്തയിൽ നില്ക്കുന്ന പാസ്റ്റർക്കടുത്തേക്കു പോയി.
അപ്പോൾ അങ്ങോട്ട് കയറി വന്ന ഹെഡ് കോൺസ്റ്റബിൾ പ്രഭാകരൻ എന്തോ മുറുമുറുക്കുന്നതു കണ്ടു.
“എന്താടോ ?” മാത്യൂസ് ചോദിച്ചു.
“എന്റെ സാറേ, ഒരുത്തൻ സഭേലേക്കു ചേർന്നാൽ കാശെത്ര മറിയുമെന്നറിയാമോ ? ഇവൻ - ഈ ബെന്നി പെന്തക്കോസായപ്പോ മിനിമം ഒരു കോടി രൂപയെങ്കിലും അവരുടെ ചർച്ചിനു കിട്ടിക്കാണും.എന്നിട്ട് അതിന്റെ നാലിരട്ടി ഇവനെ വെച്ച് പ്രസംഗം നടത്തി അവന്മാരു വേറെ ഉണ്ടാക്കും.കൊട്ടേഷനെക്കാളും ബെസ്റ്റ് ബിസിനസല്ലേ ഇത്. അത്രേം കാശൊക്കെ കിട്ടിയാ ഞാനും ചേർന്നേനേ.”
“സ്ഥിരം കേൾക്കുന്നതല്ലേ പ്രഭാകരേട്ടാ. അതില് വല്ല സത്യവുമുണ്ടോ ? ചുമ്മാ കോടികളു കൊണ്ടങ്ങനെ മറിക്കുവല്ലേ. ഇതിനൊന്നും കണക്കില്ലേ ? ലവൻ ശരിക്കും മാറിപ്പോയെന്നു തന്നെ തോന്നുന്നു.”
“പിന്നേ! സാറിനു വല്ല തൊഴിലുവൊണ്ടോ ? അവനെ എന്റെ കയ്യിലോട്ട് താ ഒരു 10 മിനിട്ട്. ”
മാത്യൂസ് മറുപടി ഒന്നും പറഞ്ഞില്ല. പകരം ഫോണെടുത്ത് മുരുകേഷിനെ വിളിച്ചു.
“സർ... ഒന്നും പറയാനാകുണില്ല സർ. ഇതെന്തോ ഫോറിൻ കെമിക്കലാ. ഞാൻ ലാബിലേക്കയക്കാൻ പോവാ.”
“അതിനി എത്ര ദിവസമെടുക്കും ?”
“നാളെത്തന്നെ ഒപ്പിക്കാൻ നോക്കാം സർ. പിന്നെ - ഓഫ് ദ റെക്കോർഡ് വേണെങ്കി ഞാനൊരു കാര്യം പറയാം. എന്റൊരു ഇറ്റ്യൂഷനാണ്. ”
“പറയടൊ. അതിനല്ലേ ഞാൻ വിളിച്ചെ ഇപ്പൊ.”
“പൊട്ടാസിയം ക്ലോറൈഡ് ന്നൊരു സാധനമിരുക്ക്. അതാണ് ഞാനിപ്പൊ ടെസ്റ്റ് ചെയ്യാൻ ലാബിൽ പറയാൻ പോകുന്നത്. സയനേഡ് അല്ല. അതു ഞാൻ ഇവിടെത്തന്നെ ടെസ്റ്റ് ചെയ്തു. സയനേഡ് ആരുന്നെങ്കിൽ കേണൽ അത്രയും സമയം ജീവിച്ചിരിക്കില്ലാരുന്നു. സഡൻ ആക്ഷനല്ലേ. “
”ഉം...“
”പ്രിലിമിനറി ടെസ്റ്റിൽ - ക്ലോറിനും പൊട്ടാസിയവും കണ്ടെത്തി. അതാണ് സംശയമായത്. എന്തായാലും നാളെ ഡെഫനിറ്റീവ് ആയൊരു ആൻസർ തരാം.“
“ഹാർട്ട് ഫെയിലിയർ ഉണ്ടാക്കുന്ന എന്തെങ്കിലും പോയ്സൺ ആയിരിക്കുമെന്നാണ്...”
“അതന്നെ സർ. ഈ സാധനം അകത്തു ചെന്നാൽ ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളായിരിക്കും. പിന്നെ, പോസ്റ്റ്മോർട്ടത്തിലും ചിലപ്പോ കണ്ടെത്താൻ പറ്റില്ല. കാരണം പൊട്ടാസ്യവും ക്ലോറിനും ശരീരത്തിലുള്ള സാധനങ്ങൾ തന്നാണല്ലോ.”
“ഉം...”
“സാറെന്താ ഒരു മൂഡോഫ് മാതിരി. രാവിലത്തെ ഉഷാറു കാണുന്നില്ലല്ലോ.”
മാത്യൂസ് ചിരിച്ചു. “ രാവിലെ എനിക്കൊരു സസ്പെക്റ്റ് ഉണ്ടായിരുന്നു. അയാൾക്കൊരു മോട്ടീവ് ഉണ്ടായിരുന്നു. മൊത്തം ക്രൈം സ്റ്റോറി റെഡി ആയിരുന്നു. പക്ഷേ ഇപ്പോ ഞാൻ സസ്പെക്റ്റിനെ ആദ്യം മുതലേ കണ്ടു പിടുക്കേണ്ട അവസ്ഥയിലായി.”
“എന്നാച്ച് സർ ? അന്ത ബെന്നി ...”
“അവൻ ഞാൻ കരുതിയ പോലല്ലഡോ...ഓക്കേ... അതു വിട്ടേരേ. ഞാൻ നാളെ വിളിക്കാം. നിങ്ങളു പ്രൊസീഡു ചെയ്തോ.”
“ശരി സർ.”
***** ***** ***** ***** *****
സ്റ്റേഷനിൽ നിന്നും നേരെ നീനയുടെ വീട്ടിലേക്കാണ് ബെന്നി പോയത്.
നീന ആകെ തകർന്ന അവസ്ഥയിലായിരുന്നു.
പപ്പായുടെ മരണം കൊലപാതകമാണെന്ന സംസാരം അവളെ വല്ലാതെ ബാധിച്ചിരിക്കുന്നു.
ഒന്നും അമ്മയെ അറിയിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നെങ്കിലും, വീടു നിറയെ പോലീസുകാർ തെളിവെടുപ്പുമായി കേറിയിറങ്ങുമ്പോ എങ്ങനെ അമ്മയിൽ നിന്ന് ഒളിപ്പിക്കാനാകും ?
ഒപ്പം റോബിയുടെ ആക്സിഡന്റ്.
കുടുംബത്തിനു മുഴുവനും എന്തോ വലിയ ആപത്തു വരാനിരിക്കുന്ന പോലെ ഒരു ഭീതി അവളെ വലയം ചെയ്തു.
ബെന്നിയെ കണ്ടപ്പോൾ അവൾ കൂടുതൽ സംഘർഷത്തിലായി.
“നീന, ഒരു പത്തു മിനിട്ട് മതി എനിക്ക്. എന്താ ഈ നടക്കുന്നതെന്നൊന്നറിയണം. അത്ര മാത്രം.”
“ബെന്നി ഇപ്പൊ പൊയ്ക്കോളൂ. നമുക്ക് പിന്നെ സംസാരിക്കാം” അവളാകെ അസ്വസ്ഥയായിരുന്നു.
“നീന... ഇതെന്നെക്കൂടി ബാധിക്കുന്ന വിഷയമാണ്. ഞാനിപ്പൊ നേരിട്ട് പോലീസ് സ്റ്റേഷനിൽ നിന്നാ വരുന്നത്. മാത്യൂസ് സാറിന് എന്നെയാണ് സംശയം. പക്ഷേ എന്താ കേസ് എന്നു പോലും എനിക്കറിയില്ല. അറ്റ് ലീസ്റ്റ് അതെങ്കിലും ഒന്നു പറഞ്ഞു തരൂ പ്ലീസ്.”
നീന കുറേ സമയം മുഖം കുനിച്ച് സോഫയിലിരുന്നു.
“പ്ലീസ് നീനാ...”
“പപ്പായുടെ മരണം മർഡറാണെന്നാണ് മാത്യൂസ് സാറിന്റെ സംശയം.” അവൾ പറഞ്ഞു തുടങ്ങി. “മദ്യത്തിൽ വിഷം കലർത്തി ആരോ കൊന്നതാണത്രേ. എനിക്കിപ്പൊഴും വിശ്വാസം വന്നിട്ടില്ല.“
“ദൈവമെ!” ബെന്നി ഒന്നു ഞെട്ടി. ”ഓക്കേ... പക്ഷേ സ്റ്റേഷനിൽ വെച്ച് സാറെനിക്ക് കാണിച്ചു തന്നത് ഏതോ ആക്സിഡന്റിന്റെ സീ സീ ടീവി വിഷ്വലാണ്. അതെന്താ സംഭവം ?“
”അത്...“ നീന വിതുംബി ”അതെന്റെ ഫിയാൻസെ റോബിയാണ്. ആരോ മനപ്പൂർവ്വം ഇടിച്ചിട്ട് പോയതാ. അതും കൊലപാതക ശ്രമമാണെന്നാണ് പറയുന്നത്...“
ബെന്നിയിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു.
”മാത്യൂസ് സാർ ഒന്നും വിട്ടു പറയുന്നില്ലാരുന്നു.“
”ബെന്നിക്കിതിൽ യാതൊരു പങ്കുമില്ലെന്നെനിക്കറിയാമായിരുന്നു. ഞാൻ എല്ലാരോടും പറഞ്ഞതാ. പക്ഷേ... പോലീസുകാരല്ലേ...“
”ഓക്കേ നീന... ഞാൻ ഇറങ്ങട്ടെ. താങ്ക്സ്... റോബിയെ കൊല്ലാൻ നോക്കിയതാരാന്ന് ഒരുപക്ഷേ എനിക്ക് കണ്ടു പിടിക്കാൻ പറ്റിയേക്കും. “
നീന ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി.
”നീനക്കറിയാല്ലോ. എനിക്കും അല്പ്പസ്വല്പ്പം അധോലൊകോം കൊട്ടേഷനുമൊക്കെ ഉണ്ടാരുന്ന വിവരം...“
”ബെന്നി... എനിക്ക് പേടിയാകുന്നു. ഞങ്ങൾക്ക് റോബിയല്ലാതെ വേറെയാരുമില്ല...“
”നീന വിഷമിക്കാതെ. നന്നായി കണ്ണടച്ച് ഏകാഗ്രമായിരുന്ന് പ്രാർത്ഥിക്കൂ. എല്ലാം ശരിയാകും.“
പൊലീസുകാർ സംസാരം ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ട ബെന്നി എണീറ്റു.
“എനിക്ക് മാത്യൂസ് സാറിന്റെ ഫോൺ നംബർ ഒന്നു വേണം. മൊബൈൽ നംബർ. നീനയുടെ കയ്യിലുണ്ടോ ?”
“തരാം...” അവൾ അകത്തേക്ക് പോയി.
4:30 PM
അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ് മാത്യൂസിനെ തേടിയെത്തിയത്.
ബെന്നിയുടെ ചരിത്രം പരിശോധിക്കുകയായിരുന്നു അയാൾ. പഴയ ഒരു കേസ് ഫയലിൽ ബെന്നിയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതായി ഒരു റിപ്പോർട്ടുണ്ട്. ഒരു വുമൺ മിസ്സിങ്ങ് കേസ്. പക്ഷേ തെളിവൊന്നുമില്ലാത്തതിനാലും പരാതിക്കാരില്ലാത്തതിനാലും അന്വേഷണം നിർത്തിവെച്ചിരിക്കുകയാണ്.
അപ്പോളാണ് ഫോണടിച്ചത്.
“സർ... ഞാൻ ബെന്നിയാ...”
“ഇതെവിടുന്നു കിട്ടി തനിക്കെന്റെ നംബർ ?”
“നീന തന്നതാ സർ. ”
“ഓക്കേ. എന്താ വിളിച്ചത് ? ഞാനിവിടെ തന്റെ പഴയ കലാ പരിപാടികളേക്കുറിച്ചൊക്കെ പഠിക്കുകയായിരുന്നു.”
ബെന്നി ചിരിച്ചു “പഴയ ബെന്നിയുടെ പഴയ കലാ പരിപാടികളായിരിക്കും സർ. ആ ബെന്നി മരിച്ചു അടക്കി ഇപ്പൊ ഉയർത്തെഴുന്നേറ്റു വന്നതാ ഞാൻ. പുതിയ സൃഷ്ടിയാ.”
“താൻ കാര്യം പറ.”
“ഞാൻ പറയുന്ന മുഴുവനും സാറു ശ്രദ്ധിച്ചു കേൾക്കണം. എന്റെ സോഴ്സ് എന്താ എനിക്കിതൊക്കെ എങ്ങനെ കിട്ടി എന്നൊന്നും ചോദിക്കരുത്... ഞാൻ ഒരു ഉപകാരമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. അത് പിന്നെ എനിക്കു തന്നെ ഉപദ്രവമായി വരരുത്. സാർ എനിക്കത് ഉറപ്പു തരണം. എങ്കിൽ റോബിയുടെ ആക്സിഡന്റ് കേസിൽ ഞാൻ സഹായിക്കാം.“
”എന്തൊറപ്പാ നിനക്കു വേണ്ടേ ?“
”എനിക്കിത്രേം മതി. ഞാനിപ്പോ കുറച്ചു കാര്യങ്ങൾ പറയും. സാർ അതു കേട്ട് കഴിഞ്ഞ് ഫോൺ വെച്ചു കഴിഞ്ഞാൽ പിന്നെ, ഈ കേസിൽ എനിക്ക് യാതൊരു ബന്ധവുമുണ്ടാകരുത്. ഞാനാണ് ഈ വിവരങ്ങൾ ചോർത്തിയതെന്ന് ലോകത്തിലൊരു കുഞ്ഞും അറിയാൻ പാടില്ല.“
”നീ പറ.“ മാത്യൂസ് അക്ഷമനായിത്തുടങ്ങിയിരുന്നു.
”ഞാൻ ഇന്ന് നീനയെ കാണാൻ ചെന്നിരുന്നു. ഉച്ചക്ക്. അവൾ എന്നോട് വിശദമായി കാര്യങ്ങൾ പറഞ്ഞപ്പോളാണ് എനിക്ക് സംഭവമെന്താണെന്നു പിടികിട്ടിയത്. അത്രേം നേരം സാറിനോട് സംസാരിച്ചിട്ട് സാർ ചുമ്മാ എന്തൊക്കെയോ കൊള്ളിച്ച് പറഞ്ഞതല്ലാതെ കേസെന്താണെന്നു പറഞ്ഞില്ല.“
”നീ കാര്യം പറയടാ... ചുമ്മാ ഇട്ടുരുട്ടാതെ.“
”ഓക്കേ... ഞാൻ എന്റെ പഴയ കൊറേ കോണ്ടാക്റ്റ്സൊക്കെ തപ്പിയെടുത്ത് അന്വേഷിച്ചു. ആ ബാന്ഗ്ലൂർ ടീമിന്റെ ഡീറ്റയിൽസ് കിട്ടിയിട്ടുണ്ട്. സർ അന്വേഷിച്ചാരുന്നോ അവന്മാരെ ?“
”ഉവ്വ്. അങ്ങനൊരു വണ്ടി ബോർഡർ കടന്നു പോയിട്ടില്ല.“
”അതാണ്. അവന്മാർ കേരളം വിട്ടിട്ടില്ല. റോബിയെ വക വരുത്താതെ അവന്മാർ പോവുകേമില്ല. സോ... എനിക്ക് കുറച്ച് വിവരങ്ങൾ കിട്ടിയിട്ടുണ്ട്. 100% ഉറപ്പൊന്നും ഞാൻ പറയില്ല. സർ കുറച്ച് റിസ്കെടുക്കേണ്ടി വരും.“
”ഓക്കേ... നീ പറ.“
”അവന്മാർ ഇപ്പൊ ത്രിശ്ശൂർ ടൗണിൽ ---------- ഹോട്ടലിലുണ്ട്. റൂം നംബർ 4002 . മൂന്നു പേരുണ്ട്. പിന്നെ...ഈ കൊട്ടേഷൻ കൊടുത്ത കക്ഷിയും അതേ ഹോട്ടലിൽ തന്നെയുണ്ട്. റൂം നംബർ 4007. അയാളുടെ പേര് റെജി. പക്ഷേ ഹോട്ടലിൽ റൂമെടുത്തിരിക്കുന്നത് റോക്കി എന്ന പേരിലാണ്.“
”റെജി...“ മാത്യൂസിന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. ”നീ ചുമ്മാ പോലീസിനെ ഒണ്ടാക്കാൻ നോക്കുവാണോ ? ഏതു റെജി ? എന്തിനാ അവൻ റോബിയെ കൊല്ലാൻ നോക്കുന്നെ ?“
”അതെനിക്ക് ക്ലിയറായിട്ടറിയില്ല സർ. എനിക്കറിയാവുന്നത്രേം ഞാൻ പറഞ്ഞു. എന്തോ സ്വത്തു തർക്കമോ മറ്റോ ആണെന്നു പറഞ്ഞു. പക്ഷേ കൂടുതൽ അറിയില്ല. ഓരോ നിമിഷവും വിലപ്പെട്ടതാണ്. സർ ഉടനെ പുറപ്പെട്ടോളൂ. “
“ഡാ... ഞാനെന്തു വിശ്വസിച്ചാടാ ഇത്രേം വല്യൊരു ഓപ്പറേഷൻ നടത്തുന്നേ. നിനക്ക് അറ്റ് ലീസ്റ്റ് ഇതാരാ പറഞ്ഞേന്നെങ്കിലും പറയാവോ ?”
“ഞാൻ ഇത്രേം തന്നെ പറയണമെന്നു വിചാരിച്ചതല്ല. പിന്നൊരു പ്രധാന കാര്യം. മഹാ അപകടകാരികളാണ് അവന്മാരെല്ലാരും. നല്ല കരുതലോടെയേ പോകാവൂ. പിടിച്ചാൽ പിടിച്ച പോലായിരിക്കണം. പിടിവിട്ടു പോയാൽ സാറിന്റെ കാര്യം പോക്കാ. ചെലപ്പൊ എന്റെയും. സോ... ഗുഡ് ലക്ക് സർ!”
ബെന്നി ഫോൺ വെച്ചു.
മാത്യൂസ് കുറച്ചു നേരം ആകെ അങ്കലാപ്പിലായിരുന്നു. പക്ഷേ പെട്ടെന്നു തന്നെ താൻ ചെയ്യേണ്ടതെന്താണെന്നൊരു രൂപരേഖയുണ്ടാക്കാനയാൾക്കു കഴിഞ്ഞു.
ആദ്യം തന്നെ അയാൾ ആ ഹോട്ടലിന്റെ നംബർ ഡയൽ ചെയ്തു
“ഹലോ... ഹോട്ടൽ ------ അല്ലേ ?”
“അതേ സർ...ഹൗ കാൻ ഐ ഹെല്പ്പ് യൂ ?”
“അവിടെ ... റോക്കി എന്നൊരാൾ താമസിക്കുന്നുണ്ടോ ?”
“ഒരു മിനിറ്റ് സർ...യെസ്. മിസ്റ്റർ റോക്കി. റൂം നംബർ 4007 ഇലാണ്. അങ്ങോട്ട് കണക്റ്റ് ചെയ്യണോ സർ ?”
“വേണ്ട...ഞാനങ്ങോട്ട് വരികയാണ്. ഹോട്ടൽ ഏതാണെന്നൊരു ചെറിയ സംശയം വന്നു. അതാ.”
“ഓക്കേ സർ. താങ്ക്യൂ!” അവർ ഫോൺ വെച്ചു.
ഒരു കാര്യം കൂടി ചെക്ക് ചെയ്യണം.
മാത്യൂസ് ഷാഡോ പോലീസ് സ്ക്വാഡുമായി ബന്ധപ്പെട്ടു.
“ഹെലോ... ഞാൻ മത്തായിയാ. ”
“പറയൂ സർ.”
“ഞാനിപ്പൊ ഒരു വാട്ട്സാപ്പ് വീഡിയോ അയച്ചിട്ടുണ്ട്.”
“കിട്ടി സർ. ഒരു ബൈക്ക് ആക്സിഡന്റ് അല്ലേ ?”
“യെസ്. ആ ജീപ്പ് കണ്ടോ ?”
“കണ്ടു സർ... പക്ഷേ നംബറൊന്നും ക്ലിയറല്ലല്ലോ.”
“അതു പ്രശ്നമില്ല. എനിക്കിപ്പൊ ഒരു ഹെല്പ്പ് വേണം. നിങ്ങൾ ആരെങ്കിലും ഹോട്ടൽ ------ ലേക്കു ചെല്ലണം. എന്റെ ഒരു ഊഹം ശരിയാണെങ്കിൽ ഈ ജീപ്പ് അതിന്റെ പരിസരത്തെവിടെയെങ്കിലും പാർക്ക് ചെയ്തിരിക്കും. അഥവാ ഉണ്ടെങ്കിൽ എന്നെ ഉടനെ വിളിച്ച് വിവരം പറയണം. ഇല്ലെങ്കിൽ നമുക്കടുത്ത വഴി നോക്കാനാണ്.”
“ഓക്കേ സർ.നമ്മടെ സാബു മുനിസിപ്പൽ സ്റ്റാൻഡിലുണ്ട്. അവനു രണ്ടു മിനിറ്റ് മതി”
“വെരി ഗുഡ്!”
ഇനി...
റോബിയെ ഒന്നു വിളിച്ച് റെജി ആരാണെന്നു ചോദിക്കണം. പക്ഷേ, റോബിയുടെ ഫോൺ നഷ്ടപ്പെട്ടിരിക്കുകയാണല്ലോ. മാത്യൂസ് ചിന്താകുലനായി.
ആലോചിച്ചു നിന്നിട്ട് കാര്യമില്ല. മാത്യൂസ് ബാക്കിയുള്ള നടപടികളിലേക്കു കടന്നു.
ഉയർന്ന ഉദ്യോഗസ്ഥരെ ഈ സംഭവം ഒന്നു പറഞ്ഞു മനസ്സിലാക്കി ഒരു വാറണ്ട് സംഘടിപ്പിക്കുന്നതാണ് ഏറ്റവും വല്യ പണി. ------- ഹോട്ടൽ ടൗണിലെ അറിയപ്പെടുന്നൊരു ഫൈവ് സ്റ്റാർ ഹോട്ടലാണ്.
ആദ്യം തന്നെ മാത്യൂസ് സീ ഐ യെ വിളിച്ച് കാര്യങ്ങൾ വിശദമായി ധരിപ്പിച്ചു.
“മത്തായി...താനെന്നെ കൊലക്കു കൊടുക്കുവോടോ ?” സീ ഐ ആകെ കൺഫ്യൂഷനിലായി “ ഇന്നുച്ചക്കു വരെ ബെന്നി തന്റെ പ്രൈം സസ്പെക്റ്റ് ആയിരുന്നു. ഇപ്പൊ അവനാണോ നിന്റെ ഇൻഫോർമർ ?”
“സർ... കേസാകെ തല തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ബെന്നിയെ ചോദ്യം ചെയ്തിട്ട് എനിക്കൊന്നും കിട്ടിയില്ല. അവൻ സംഭവം നടക്കുമ്പോ പള്ളിയിലായിരുന്നത്രേ. പത്തു മുപ്പത് സാക്ഷികളുണ്ട്. പിന്നെ അവന്റെ ഒരു ബാക്ക്ഗ്രൗണ്ട് വെച്ചു നോക്കുമ്പോ അവനീ പറഞ്ഞ കാര്യങ്ങൾ സത്യമാകാനാണ് സാധ്യത. അവനും പഴയൊരു കൊട്ടേഷൻ മെംബർ ആയിരുന്നല്ലോ.”
“ഈ റെജി എന്തിനാണ് റോബിയെ കൊല്ലാൻ നോക്കിയതെന്ന് വല്ല അറിവുമുണ്ടോ ? റോബിയെ വിളിച്ചാരുന്നോ ?”
“അതാണ് വേറൊരു പ്രശ്നം. റോബിയുടെ ഫോൺ ആ ആക്സിഡന്റിൽ നഷ്ടപ്പെട്ടിരുന്നല്ലോ. ഇപ്പൊ അവനെ കോണ്ടാക്റ്റ് ചെയ്യാൻ ഒരു വഴിയുമില്ല.”
“ഉം... എന്നാ പിന്നെ സമയം കളയണ്ട. താൻ ആളെ അസംബിൾ ചെയ്തു ഹോട്ടലിലേക്കു വിട്ടോ. ഞാൻ നേരേ അങ്ങോട്ട് വന്നോളാം.”
“സർ. പിന്നെ, ഞാൻ പ്ലാൻ ചെയ്യുന്നത് ഒരു ഫുൾ സിവിൽ ഡ്രസ്സ് ഓപ്പറേഷനാണ്. ”
“ഓ യാ... അതൊരു നല്ല ഐഡിയായാണ്. ശരിയെന്നാ. ഉടനെ കാണാം.”
ആ സംഭാഷണം തീർന്നതും ഷാഡോ പോലീസിൽ നിന്നും കോൾ വന്നു.
“സർ...ഞാൻ സാബുവാ. ഇവിടെ രണ്ട് ബ്ലാക്ക് ജീപ്പുകളുണ്ട്. ഒരെണ്ണം ഹോട്ടൽ കോമ്പൗണ്ടിൽ പാർക്കു ചെയ്തിട്ടുണ്ട്. തമിഴ്നാട് റെജിസ്റ്റ്രേഷൻ. പിന്നൊരെണ്ണം പുറത്ത്. കേരളയാണ്.”
“ഓക്കേ - ആ തമിഴ്നാട് വണ്ടിയുടെ നംബർ പ്ലേറ്റ് തന്റെ ഫോണിന്റെ ക്യാമറയിൽ ഒന്നു നോക്കൂ. ”
“ഓക്കേ സർ... ഒരു മിനിറ്റ്.”
മാത്യൂസ് കാത്തു നിന്നു. നിർണ്ണായകമായ ഒരു വിവരമാണിത്.
“സർ!” ആ പോലീസുകാരന്റെ സ്വരത്തിൽ അത്ഭുതം “നേരേ നോക്കുമ്പൊ നംബർ കാണുന്നുണ്ട് സർ പക്ഷേ ക്യാമറയിൽ വരുന്നില്ല... ഇതെന്തൊരത്ഭുതം!”
“അതാണ്! അപ്പൊ നമ്മളുദ്ദേശിച്ച പോലെ തന്നെയാണ് കാര്യങ്ങൾ. താൻ പ്രെപ്പയേഡ് ആയി അവിടെ തന്നെ നില്ക്കണം. ഞങ്ങളിതാ പുറപ്പെടുന്നു.”
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
മൂന്ന് ഓട്ടോകളിലായ് എട്ടു പോലീസുകാരോടൊപ്പം മാത്യൂസ് പുറപ്പെട്ടു.
എല്ലാവരും സാധാരണക്കാരുടെ വേഷത്തിലായിരുന്നു.
5:00 PM
ഹോട്ടൽ കോമ്പൗണ്ടിൽ സാബുവും സീ ഐയും രണ്ടു മൂന്ന് പോലീസുകാരും കാത്തു നിന്നിരുന്നു.
മിനിട്ടുകൾക്കുള്ളിൽ അവർ ഒരു ആക്ഷൻ പ്ലാൻ തയാറാക്കി.
സീ ഐ വിശദീകരിച്ചു.
“ആദ്യം ഒരാൾ മാത്രം പോയി വാതിലിൽ തട്ടണം. അപ്പോ അവന്മാർ പീപ്പ് ഹോളിലൂടെ നോക്കും. അധികം പേരെ കണ്ടാൽ വാതിൽ തുറക്കില്ല. പിന്നെ കോമ്പ്ലിക്കേഷനാകും. അതുകൊണ്ട് ഒരാൾ ഹോട്ടൽ ടെക്ക്നീഷ്യനാണെന്നു പറഞ്ഞ് വാതിലിൽ മുട്ടി അകത്തു കടക്കണം. ആ നിമിഷം ടീം 1 ഓടിക്കയറി വാതിൽ ബ്ലോക്ക് ചെയ്യണം. പിന്നെ വരുന്ന പോലെ.
സെയിം പ്രൊസീജർ തന്നെ റെജിയുടെ റൂമിലും. രണ്ടും ഒരേ സമയം നടത്തണം.
രണ്ട് ടീമായിട്ടാണ് ചെയ്യാനുദേശിക്കുന്നത്. ഞാൻ ടീം 1 ലീഡ് ചെയ്യും. കൂടെ അറ്റ് ലീസ്റ്റ് 4 പേരു വേണം. അതു പോലെ ടീം 2 - മാത്യൂസ് ലീഡ് ചെയ്യും.
ടീം 1 - റൂം 4002 ടീം 2 - റൂം 4007. എല്ലാർക്കും ക്ലിയർ ആയില്ലേ ?”
“യെസ് സർ!”
“എന്തിനും മടിക്കാത്തവന്മാരായിരിക്കും. വളരേ സൂക്ഷിക്കണം. ”
“ഓക്കേ സർ... ലെറ്റ്സ് ഗോ!” മാത്യൂസ് പോക്കറ്റിൽ തന്റെ തോക്ക് ഭദ്രമായിട്ടുണ്ടെന്നുറപ്പു വരുത്തി ഹോട്ടൽ ലോബിയിലേക്കു കടന്നു.
(തുടരും)
Biju V & Alex John
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക