നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മധുവിധുനാളിലെ ബാലവീർ

Image may contain: 2 people, including Ganesh Gb, people smiling, selfie and closeup

കല്യാണം കഴിഞ്ഞ് കൃത്യം അഞ്ചാം ദിവസം സന്ധ്യയ്ക്ക് പുതുമണവാട്ടിയുടെ പുഴയായൊഴുകിയ പൂങ്കണ്ണീർ കാരംസ് സ്ട്രൈക്കർ തട്ടും മട്ടിൽ ഞൊട്ടിയെറിഞ്ഞ് ഓഫീസിലെത്തിയവനാണ് ഞാൻ.
"വന്നില്ലേല് ഒരു കുഴപ്പവുമില്ല.... പിന്നെ ഇങ്ങോട്ട് വരാതിരുന്നാ മതി" എന്നായിരുന്നു മാനേജരുടെ ചാട്ടുളി പ്രയോഗം. "പോടാ - ജോലി പോയാൽ എനിക്ക് പുല്ലാ" എന്നും പറഞ്ഞ് സ്ളോമോഷനിൽ തിരിഞ്ഞ് നടക്കണമെന്ന് വിചാരിച്ചെങ്കിലും 'മൂന്നു നേരം വല്ലതും അകത്തേക്ക് പോയില്ലെങ്കിൽ' എനിക്കും വീട്ടുകാർക്കും ഗ്യാസ്ട്രബിളിന്റെ അസ്കിതയുണ്ടാകുമെന്നുള്ളതിനാൽ അത് വേണ്ടന്നു വച്ചു. മാത്രമല്ല അന്ന് ഞങ്ങളുടെ ആധാർ കാർഡ് ഗ്യാസുമായി ലിങ്ക് ചെയ്തിട്ടുണ്ടായിരുന്നില്ല.
"വരണം വരണം മി. ഇന്ദുചൂഢൻ" എന്ന വിഖ്യാത ഭീമൻ രഘു ലുക്കിൽ ആ മഹാപാപി എന്നേ നോക്കിയപ്പോൾ "ഇതിലും ഭേദം അങ്ങു കൊല്ലാമായിരുന്നില്ലേ?" എന്ന മറുനോട്ടമെറിഞ്ഞ് ഒന്ന് വിഷ് ചെയ്ത് ഞാൻ സീറ്റിലേക്ക് മാറി.
പണികൾക്കും പരിദേവനങ്ങൾക്കുമിടയിൽ അടുത്ത ലീവിനെക്കുറിച്ചായിരുന്നു എന്റെ ചിന്തകൾ. അവളുടെ നില‘വിളികൾ വരുമ്പൊ ലീവ് ആപ്ലിക്കേഷൻ തീയറിയുടെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ അലഞ്ഞു തിരിയുകയായിരുന്നു ഞാൻ! ഒരു മുഴു ഭ്രാന്തനെപ്പോലെ..!
അങ്ങനെ കഥകളി വേഷക്കാരുടെ ചുവന്ന കണ്ണുകളെ ധ്യാനിച്ച്, അവരുടെ ടെക്നിക്കായ "ചുണ്ടപ്പൂ" ഇടംകണ്ണിൽ പ്രയോഗിച്ച്, പിറ്റേന്ന് ഓഫീസിലെത്തി. ഒറിജിനാലിറ്റിക്ക് പഴത്തിന്റെ തീരെച്ചെറിയ ഒരു ചെറിയ തുണ്ട് കൺകോണിലും വച്ച് 'നിഷ്കു'വായി ഞാൻ ജോലിയിൽ മുഴുകി. ഒരു മണിക്കൂർ കഴിഞ്ഞ് ബാത്ത് റൂമിൽ പോയി വലത്തേ കണ്ണിലും ''ചുണ്ടപ്പൂ" പ്രയോഗിച്ചു. ഇടത്തേ കണ്ണിന് അപ്പോൾ ഏതാണ്ട് അസ്തമയ സൂര്യന്റെ നിറം!
പിന്നെല്ലാം പെട്ടെന്നായിരുന്നു. സെക്ഷനിൽ അങ്ങിങ്ങായി കുശുകുശുപ്പുകൾ - അറ്റൻറർ വരുന്നൂ - മാനേജർ റൂമിലേക്ക് ഞാൻ ആനയിക്കപ്പെടുന്നു - അവിടെ നിന്നിരുന്ന ആരും എന്റെ മുഖത്തേക്ക് നോക്കുന്നു പോലുമില്ല.
''നിങ്ങൾക്ക് ചെങ്കണ്ണാണെന്ന് തോന്നുന്നു... സെക്ഷനിലെ എല്ലാർക്കും പ്രശ്നമുണ്ട്… പ്ലീസ് ക്ലിയർ ഓഫ്!"
"ചെങ്കണ്ണോ? എനിക്കോ? എന്റീശ്വരാ" ഒരു ഞെട്ടൽ എക്സ്പ്രഷനിട്ട് - ഒരുഗ്രൻ നെടുവീർപ്പും കാച്ചി...പെൻഡിംഗ് വർക്കുകളെ ദുഷ്യന്തൻ മോഡലിൽ നോക്കി പോകാനൊരുങ്ങുമ്പൊ 'ചെങ്കണ്ണടിച്ചവനെ ഭാര്യ പോലും അകറ്റി നിർത്തുമെന്ന‘ സന്തോഷത്തിൽ മുഖമുയർത്തി ഒന്നമർത്തി മൂളി ആ അഴുക്ക പയല്.!
അങ്ങനെ ആറാം ആദ്യരാത്രിയ്ക്കായി അവളുടെ വീട്ടിലേക്ക് ഞങ്ങൾ യാത്രയായി. സ്വന്തം വീടെത്തുമ്പോൾ ‘ക്ലീനറിൽ നിന്ന് ഡ്രൈവറായി‘ രൂപപരിണാമം പ്രാപിക്കുന്ന സ്ഥിരം പെൺ സ്വഭാവം ഇവളും പുറത്തെടുത്തു. അവളുടെ ചില നോട്ടവും നടപ്പും ഡയലോഗുകളും മുണ്ടയ്ക്കൽ ശേഖരനെ ഓർമപ്പെടുത്തി.
പരാതിയും പരിഭവവും കണ്ണീരും ദേഷ്യവും കൂടിക്കലർന്ന് പാതിരാത്രിയായപ്പോഴേക്കും പടത്തിന്റെ ഫസ്റ്റ് ഹാഫ് പോയിക്കിട്ടി. സെക്കൻറ് ഹാഫിൽ - മാനേജർ, ചുണ്ടപ്പൂക്കഥ, സെന്റിമെന്റ്സ്, പ്രണയം, ആക്‌ഷൻ ഒക്കെച്ചേർത്ത് ഒരു മസാലയൊക്കെയിട്ട് ‘ആറാം രാത്രിയെ' ബോക്സ് ഓഫീസിൽ ഒരു കണക്കിന് രക്ഷിച്ചെടുത്തു.
ആ സമയം ഇവരെന്തു പറഞ്ഞാലും സാധിച്ചു കൊടുക്കാൻ നമ്മൾ തയ്യാറാവുമല്ലോ! അങ്ങനെ വിജയലഹരിയിൽ സീലിംഗ് ഫാനിനെ സാക്ഷിനിർത്തി കൊടുത്ത വാക്കിൻ പുറത്ത് അവളുടെ മിലിട്ടറി കസിൻ സതീഷ് ചന്ദ്രന്റെ വീട്ടിലേക്ക് പിറ്റേന്ന് രാവിലെ പോകേണ്ടി വന്നു.
പട്ടാള വീട്ടിലെ ഹൃദ്യമായ സ്വീകരണ ചടങ്ങുകൾക്ക് ശേഷം എന്റെ ഈ ഓഞ്ഞ ലുക്ക് കണ്ട് അകത്തേക്ക് പോയ പട്ടാള ഭാര്യ കാവ്യ തിരിച്ചുവന്നത് വലിയ ഒരു ഗ്ലാസ് കോംപ്ലാനുമായാണ്. സുമാർ നാനൂറ് - നാനൂറ്റമ്പത് ഗ്രാം കോംപ്ലാൻ പാട്ടും പാടി ലയിച്ച ആ ബീയർ ഗ്ലാസ് ഏറ്റുവാങ്ങിയപ്പൊ തൊങ്കാശിപ്പട്ടണത്തിൽ കാടി കലക്കിക്കൊണ്ട് നിൽക്കുന്ന ‘കാവ്യ‘ മനസ്സിൽ ഓടിയെത്തി. സ്ഥിരമായി പാലു തട്ടിക്കളയുന്നതിന് ഒറ്റ മോനെ കവളി മടലിന് തല്ലി, തറയിൽ നിന്ന് നക്കിക്കുടിപ്പിക്കുന്ന എന്റെ അമ്മയുടെ സുന്ദരരൂപം ബാക് ഗ്രൗണ്ട് സ്കോറായി തെളിഞ്ഞും വന്നു.
കസിൻ തന്റെ പട്ടാള വിശേഷങ്ങൾ യാതൊരു മയവുമില്ലാതെ എന്നിലേക്ക് വെടിവെച്ചു കയറ്റുമ്പോൾ അകത്ത് ‘കോംപ്ലാൻകാവ്യ‘ക്കൊപ്പം ചളുവടിച്ച് ചിരിച്ചു മറിയുകയായിരുന്നു, എന്റെ മുണ്ടയ്ക്കല്‍ ശേഖരി.
കാശ്മീരിലെ ഓപ്പറേഷന്റെ ഒരു ഷോർട്ട് ബ്രേക്കിൽ, തോക്ക് താഴെ വച്ച് കടിഞ്ഞൂൽ പുത്രനെ ഉണർത്താൻ ഓഫീസർ അകത്തേക്ക് പോയപ്പൊ, ഒന്നരക്കിലോ കോംപ്ലാൻ ഗ്ലാസുമായി ഞാനും സ്കൂട്ടായി. പറമ്പിൽ ഒരു സൈഡിൽ നിന്ന റോസാച്ചുവട്ടിലേക്ക് വെളുത്ത് കൊഴുത്ത ആ ഡിസ്റ്റംബർ കറക്കി ഒഴിച്ചു. കുലകളായി നിന്ന ചുവന്ന റോസാപ്പൂക്കൾ വെളുത്തു തുടുത്തു നാണത്താൽ മുഖം കുനിച്ചു. കുറച്ച് വെള്ളം ഒഴിച്ച് തെളിവു നശിപ്പിക്കാനായി തിരിഞ്ഞപ്പോഴാണ് ഞാനവനെ കണ്ടത്. നാലു വയസ്സും നാൽപ്പത് റാത്തൽ മതിപ്പുമായി നിൽക്കുന്ന നമ്മുടെ കഥാനായകനെ.!
രണ്ടു ലഡ്ഢു വായിലും ഒരു ലഡ്ഢു കൈയ്യിലുമായി നിന്ന ആ കൊച്ചു ഹനുമാൻ, പുഴുപ്പല്ല് കാട്ടിയൊന്നു ചിരിച്ചു. "ഉപദ്രവിക്കരുത് പ്ലീസ്" ഒഴിഞ്ഞ ബിയർ ഗ്ലാസ് കൂട്ടി തൊഴുത് ഞാനും ചിരിച്ചു. അതിഷ്ടപ്പെട്ടിട്ടോ എന്തോ നിക്കർ താഴ്ത്തി അവൻ ആ റോസാപ്പൂക്കളിലെ വൈറ്റ് ഡിസ്റ്റംബറിനെ യൂറിനിൽ മിക്സ് ചെയ്ത് മണ്ണിലിറക്കി. ഇത്ര ചെറിയ പ്രായത്തിൽത്തന്നെ ഒന്നരക്കിലോ കാടിവെള്ളം മണ്ണിൽ ലയിപ്പിക്കാനുള്ള മൂത്രം അവനിൽ സ്റ്റോക്കുണ്ടായത് മെഡിക്കൽ സയൻസിന് ഇന്നും ഒരൽഭുതമായി തുടരുന്നു.
തക്ക സമയത്ത് എന്നെ രക്ഷിച്ചതിന്റെ നന്ദിയായി ആ ‘പട്ടാള ട്രോഫിയെ‘ ഒന്നെടുത്തു പൊക്കാൻ ശ്രമിച്ചെങ്കിലും ഉയിര് ഉച്ചിയിലെത്തിയതിനാൽ ശ്രമം പാതിവഴിയ്ക്കുപേക്ഷിക്കേണ്ടി വന്നു. അതുകൊണ്ട് ടേബിളിൽ നിരത്തി വച്ചിരുന്ന വിഭവങ്ങളിൽ നിന്ന് ഒരു ലഡ്ഢു അവന്റെ നേർക്ക് നീട്ടി. അത് വാങ്ങി ഒരു കടി കടിച്ച് മുകളിലേക്ക് നോക്കി എന്തോ പിറുപിറുത്ത് ലവൻ കൈ ചുരുട്ടി എന്റെ അടിനാഭിക്കിട്ട് ഒറ്റയിടി!
''അയ്യോ! ലഡ്ഢു തിന്നാൽ ഇവൻ ബാലവീർ ആണെന്നാ പറയാറ്... ഇടിക്കാൻ ശക്തി കിട്ടുമത്രേ.." ജവാനും കുടുംബവും ഓടിയെത്തി.
അടിവയറ്റിൽ ആദ്യം ഒരു മരവിപ്പും, തുടർന്ന് ചുഴലിത്തിരകളും, കരിയിലക്കിളികൾ ചേക്കേറുമ്പോൾ കേൾക്കുന്ന പ്രത്യേക ഒച്ചയുമാണ് അനുഭവപ്പെട്ടത്... ബാലവീറിന് രണ്ടിഞ്ച് നീളം കുറവായിരുന്നെങ്കിൽ!... ഒരു മാസത്തെ മെഡിക്കൽ ലീവും - പ്രകാശ് വക്കീലും - കുടുംബക്കോടതിയും - കോമ്പൻസേഷൻ തുകയും - തുള്ളിയായി മാത്രം വരുന്ന മൂത്രവും….ഓർത്തപ്പൊ തലചുറ്റലിലും ഒരാശ്വാസം തോന്നി.
'’ഏയ് ഒന്നുമില്ല! ഇവനാള് മിടുക്കനാണല്ലോ” ഉള്ളിൽ പ്രാകിക്കൊണ്ട് അടുത്തു കണ്ട പതുപതുത്ത സിംഗിൾ സോഫയിൽ ഞാൻ മെല്ലെയിരുന്നു. അപ്പോഴാണ് പ്രശസ്ത സപ്താഹ ആചാര്യനും നമ്മുടെ കോംപ്ലാൻ കാവ്യയുടെ അച്ഛനുമായ പള്ളിക്കൽ മാധവൻ സാർ ഇടിത്തീയായി അമ്പലത്തിൽ നിന്ന് നേരിട്ട് അവതരിച്ചത്. വന്ന പാടെ ഒരു ചിരി സമ്മാനിച്ചു കൊണ്ട് എന്റെ എതിർവശത്തുള്ള സോഫയിലിരുന്നു.
"യാത്രയെങ്ങനെയുണ്ടായിരുന്നു? എന്ന് തുടങ്ങിയ ചോദ്യം ഭാഗവതത്തിലെ വിവിധ യാത്രകളിലൂടെ കടന്ന് - പുഷ്പകവിമാനം വഴി രാമായണത്തിലെത്തി - എന്റെ ദുർബ്ബലമായ എതിർപ്പുകളെ മറികടന്ന് നേരേ വേദങ്ങളിൽ ചാടിയപ്പോൾ നമ്മുടെ ബാലവീർ ഓടി വന്ന് മടിയിലിരുന്നു. ചൂടാക്കിയ ഭാഗവത സപ്താഹം ചെവിയിൽ ഒഴിച്ച്, നാൽപ്പത് കിലോ റോളിംഗ് ട്രോഫിക്കൊപ്പം സ്….സ്….സ്…. എന്ന ശബ്ദത്തിൽ ഞാൻ ആ ലതർ സോഫയുടെ അടിത്തട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നു.
മന്വന്തരങ്ങൾ പിന്നിട്ട് മരണവക്കിൽ എത്തിയപ്പോൾ പട്ടാളം ദേവദൂതനായി പ്രത്യക്ഷപ്പെട്ട് ‘'കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്, ഒന്നു ടൗണിൽ പോയി വരാം'' എന്നരുളി. അപ്പോഴേക്കും സോഫയുടെ താഴ്ചയും ലവന്റെ ഭാരവും കൊണ്ട് എന്റെ കാൽമുട്ടുകളും ഷോൾഡറും തമ്മിൽ ഏതാണ്ട് കൂട്ടിമുട്ടാറായിരുന്നു.
ടൗണിലെ ‘ശ്രീ മുരുകാ ബാർബർ ഷോപ്പിൽ‘ ബലവീറിനെ ഇരുത്തി, എന്നെ ഏൽപ്പിച്ച് പട്ടാളം മാർക്കറ്റിലേക്ക് പോയി. പ്രൊപ്രൈറ്റർ മുരുകൻ അണ്ണാച്ചിയുടെ ജീവനു വേണ്ടി പ്രാത്ഥിച്ച് ഞാൻ പത്രത്തിലേക്ക് മിഴി മാറ്റി. ഒരലറിക്കരച്ചിൽ കേട്ട് നോക്കുമ്പോൾ കണ്ടത്, മൂടിപ്പുതച്ചിരുന്ന ബാലവീർ വില്ലുപോലെ ഒന്ന് വളഞ്ഞ് മുരുകന്റെ ചെവിക്കല്ലിനിട്ട് ഒന്ന് പൊട്ടിക്കുന്നതാണ്. ചെറുതായി മുറിഞ്ഞ കുഞ്ഞു ചെവി ചൂണ്ടി ‘'അണ്ണേ! കൊളന്ത റൊമ്പ കില്ലാടി" എന്നു ചുണ്ടു കോട്ടി പറയുമ്പൊ മുരുകന്റെ തല 360 ഡിഗ്രിയിൽ കറങ്ങി അറുമുഖനായി മാറിയിരുന്നു.
തിരികെയെത്തിയപ്പോൾ ഊണിന് മുമ്പായുള്ള സപ്താഹ ബാക്കിയുമായി ആചാര്യന്റെ വിളി വന്നു. "കുളിക്കുവാന്ന് നിൻറപ്പൂപ്പനോട് പറ മോനേ പ്ലീസ്” ഞാൻ ബാലവീറിന് ഒരു ചോക്ളേറ്റ് കൊടുത്തു മുറിയിലേക്ക് കയറി കതകടച്ചു. ഉച്ചയ്ക്ക് ഉണ്ണാനിരുന്നപ്പോൾ ജവാനും കാവ്യയ്ക്കും ഒരു കള്ളച്ചിരി. അമ്മാവന്റെ മുഖത്ത് ഒരു വിശ്വാമിത്ര ഭാവം.!
ഊണു കഴിഞ്ഞ് ഒന്ന് റൊമാന്റിക്കാവാം എന്ന മട്ടിൽ അടുത്തെത്തിയതും വീണ്ടുമവൾ മുണ്ടയ്ക്കൽ ശേഖരനായി മാറി. '’ആരും വിളിക്കണ്ട ആന്റീം അങ്കിളും കുളിക്കുവാ” എന്നാണ് ലവൻ എല്ലാരേം അറിയിച്ചത് എന്നറിഞ്ഞപ്പോൾ എന്റെ സപ്തനാഡിയും തളർന്നു പോയി.
നൂൺഷോയ്ക്ക് ടിക്കറ്റ് കിട്ടാതെ ഹതാശനായി മുറിക്ക് പുറത്തിറങ്ങിയപ്പൊ സിറ്റൗട്ടിൽ ഒരു പന്തും തട്ടി നിൽക്കുന്നു എന്റെ ദാമ്പത്യ വില്ലൻ. അവനിട്ട് ഒരു പണി കൊടുക്കാൻ ഞാനാ പന്ത് തട്ടി മുറ്റത്തിട്ട് ഒരു വാശി പോലെ അവനെ വെട്ടിച്ച് കളിച്ചു കൊണ്ടിരുന്നു. അവനും പ്രതീക്ഷ കൈവിടാതെ എന്റെ പിറകേ ഓടി നടന്നു. പെട്ടെന്ന് അമിതമായി കിതച്ച് നുരയും പതയും ഒഴുക്കി അവൻ കുഴഞ്ഞു വീണു.
‘'ഏട്രിയൽ സെപ്ടൽ ഡിഫക്ട്'' അത് പറയുമ്പൊ ആ മിലിട്ടറി ഓഫീസറിന്റെ കണ്ണ് നിറഞ്ഞിരുന്നു. '’ജനിച്ചപ്പൊഴേ ഹൃദയത്തിൽ ഒരു ദ്വാരം. പതിനഞ്ച് വയസ്സുവരെ വെള്ളത്തിലെ കുമിള പോലെ അവനെ നോക്കണമെന്നാ ഡോക്ടർ പറഞ്ഞിട്ടുള്ളത്... അതാ അവന്റെ വാശിക്ക് അറിയാതെങ്കിലും ഞങ്ങളൊക്കെ കൂട്ടുനിൽക്കുന്നത് ക്ഷമിക്കണേ‘' ഒബ്സർവേഷൻ റൂമിനു മുന്നിൽ വച്ച് എന്റെ കൈകൾ അദ്ദേഹം കൂട്ടിപ്പിടിച്ചപ്പൊ ഞാനുമങ്ങ് വല്ലാതായി.
"നല്ല രസമായിട്ട് കളിക്കുവാരുന്നു നമ്മൾ ല്ലേ അങ്കിളേ " ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് വരും വഴി അവൻ പറഞ്ഞു. ഞാനവനെ മടിയിലെടുത്തിരുത്തി. ഇപ്രാവശ്യം എന്തോ അവനത്ര ഭാരം തോന്നീല്ല. കരഞ്ഞു കാത്തിരുന്ന കാവ്യയ്ക്കും എന്റെ ഭാര്യയ്ക്കും അമ്മാവനും ഓരോ ഉമ്മ കൊടുത്ത് അവൻ പോയിക്കിടന്നു.
പതിമൂന്ന് വർഷങ്ങൾ....! ആ വീടിനും പരിസരത്തിനും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ആ വെളുത്ത റോസാച്ചെടി പോലും അവിടെത്തന്നെ നിൽപ്പുള്ളതായി എനിക്ക് തോന്നി. "ചടങ്ങൊക്കെ കഴിഞ്ഞല്ലേ?.. ഞാനിവിടെയില്ലായിരുന്നു. ഇന്നലെയാ എത്തിയത്" ക്യാപ്റ്റൻ സതീഷ് ചന്ദ്രന്റെ കൈയ്യിൽപ്പിച്ച് ഞാൻ മെല്ലെ പറഞ്ഞു...
'’അങ്കിളേ! പ്ലസ് ടുവിന് മൊത്തം എ പ്ലസ് ഉണ്ടെനിക്ക്! ഒന്ന് പൊളിക്കണ്ടേ നമുക്ക്! അപ്പൂപ്പന്റെ ബലി ഇന്നു കൊണ്ട് തീരും അത് കഴിയട്ടേ അല്ലേ അച്ഛാ" കുറ്റിത്താടി വച്ച ആ ഫ്രീക്കൻ ബാലവീർ എന്റെ തോളിൽക്കൈയ്യിട്ട് ഉറക്കെചിരിച്ചു... ഞാനും....
- ഗണേശ് -
31-5-2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot