Part One to Six - Click here- https://www.nallezhuth.com/search/label/SaminiGirish
"അരുണിന്റെ കൂടെ ഉള്ളതാരാ..?"
ഐ സി യുവിന്റെ മുന്നിൽ പ്രാർത്ഥനയോടെ കാത്തിരുന്ന മാളവികയുടെ കാതുകളിൽ ആ ശബ്ദം വന്നു വീണു. ഒരു ഭയം അവളിൽ ഉടലെടുത്തെങ്കിലും അതിനെ വകവെക്കാതെ കഴുത്തിലെ താലിയിൽ മുറുകെ പിടിച്ചുകൊണ്ട് അവൾ ഓടി ചെന്നു.
"അരുണിന് ബോധം തെളിഞ്ഞിട്ടുണ്ട്. കുഴപ്പം ഒന്നുമില്ല. കുടിക്കാൻ അല്പം കട്ടൻ ചായ കൊണ്ട് വന്നോളുട്ടോ..."
ഒരു വലിയ ദീർഘനിശ്വാസമാണ് അവളിൽ നിന്നും ആദ്യം പുറത്തേക്ക് വന്നത്. അതൊരു ആശ്വസിക്കലായിരുന്നു. അത്രനേരത്തെ പ്രാർത്ഥന ഫലംകണ്ടു. തന്റെ അരുണേട്ടന്റെ ജീവൻ കേടൊന്നും കൂടാതെ തിരിച്ചുകിട്ടിയിരിക്കുന്നു. വല്ലാത്ത സമാധാനം അവൾക്ക് തോന്നി.
"എനിക്കൊന്നു കാണാൻ പറ്റുമോ...?"
"ഇപ്പോഴോ...?"
"പ്ലീസ് സിസ്റ്റർ... ഒന്ന് കണ്ടോട്ടെ...?"
ദയനീയമായ അവളുടെ ചോദ്യം കേട്ടപ്പോൾ അവർക്ക് മനസ്സലിഞ്ഞു. അവളെമാത്രം അവർ അകത്തേക്ക് കടത്തിവിട്ടു. അരുണിന്റെ അച്ഛനും അമ്മയും മാളവികയുടെ അമ്മാവനുമെല്ലാം ആശ്വാസത്തോടെ പുറത്ത് തന്നെ നിന്നു.
അകത്തേക്ക് കടന്ന മാളവിക തളർന്നു കിടക്കുന്ന അരുണിനെയാണ് കണ്ടത്. അവൾക്ക് വല്ലാത്ത വിഷമം തോന്നി. എങ്കിലും വലിയൊരു ആപത്തൊഴിഞ്ഞു പോയതിൽ എന്തെന്നില്ലാത്ത സമാധാനവും. അവൾ മെല്ലെ അവനരികിലേക്ക് ചെന്നു. അപ്രതീക്ഷിതമായി മാളുവിനെ കണ്ട അരുൺ അത്ഭുതത്തോടെ നോക്കി.
"ഇരിപ്പുറക്കുന്നില്ല നിനക്ക് അല്ലെ..?"
നിറഞ്ഞ ചിരിയോടെ കളിയാക്കും പോലെ അവൻ ചോദിച്ചു. തിരിച്ചും ഒരു ചിരി സമ്മാനിക്കുവാൻ മാളവിക ശ്രമിച്ചു. പക്ഷെ കണ്ണുനീർ അനുസരണയില്ലാത്ത പുറത്തേക്ക് ഒഴുകി.
"കരയല്ലേ... എനിക്ക് കുഴപ്പമൊന്നുമില്ല.."
"വേദനയുണ്ടോ..?"
"ഇല്ല പെണ്ണെ... നീ സമാധാനമായിരിക്ക്.."
അവന്റെ വാക്കുകൾ അവൾക്ക് ഒരുപാട് ആശ്വാസം നൽകി.
"ആ ആൾക്ക് എങ്ങനെ ഉണ്ട്?"
ആകാംക്ഷയോടെ അവൻ ചോദിച്ചു.
"സെഡേഷൻ വിട്ടിട്ടില്ലെന്ന് തോന്നുന്നു. ഒന്നും പറഞ്ഞിട്ടില്ല.."
"ഹും.."
ആലോചനയോടെ അവൻ മൂളി. അവൾക്കും മനസ്സിൽ അല്പം ആശങ്ക നിറഞ്ഞു. എങ്കിലും പുറമെ കാണിക്കാതെ അവനെ നോക്കി ചിരിച്ചുകൊണ്ട് അവൾ യാത്ര പറഞ്ഞിറങ്ങി.
******
******
ദീർഘമായ ഒരുറക്കത്തിൽ നിന്നും അയാൾ മെല്ലെ ഉണർന്നു. കണ്ണുതുറന്നെങ്കിലും അയാൾക്ക് പെട്ടെന്നൊന്നും സ്ഥലകാലബോധത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അയാൾ ഓർമ്മയിലേക്ക് വന്നു. ഐ സി യുവിനകത്തെ യന്ത്രങ്ങളുടെ ബന്ധനങ്ങളിലാണ് താനെന്ന് അയാൾ മെല്ലെ മനസ്സിലാക്കി. അയാൾ ചുറ്റും നോക്കി. അരികത്ത് ആരെയും കാണാൻ അയാൾക്കായില്ല. ചുറ്റിനും തുണികൊണ്ട് മറച്ചിരിക്കുന്നു. ആ മുറിക്കകത്ത് മറ്റാരൊക്കെയോ ഉണ്ടെന്നുള്ളത് അയാൾക്ക് മനസ്സിലായി.
തൊണ്ട വല്ലാതെ വരളുന്നു. അല്പം വെള്ളം കുടിക്കണമെന്ന് അയാൾക്ക് തോന്നി. പക്ഷെ അയാൾ ചോദിച്ചില്ല. അൽപനേരം കഴിഞ്ഞപ്പോൾ ഒരു നഴ്സ് വന്നു.
"ഉണർന്നോ...? എങ്ങിനെയുണ്ട്? അസ്വസ്ഥത ഒന്നുമില്ലല്ലോ..?"
പുഞ്ചിരിയോടെ ആ പെൺകുട്ടി അയാളോട് ചോദിച്ചു. അവളുടെ മുഖഭാവത്തിൽ നിന്നും ഒരമ്മയെപ്പോലെ വാത്സല്യമാണ് അയാൾക്ക് കാണാൻ കഴിഞ്ഞത്. അതയാൾക്ക് വല്ലാത്ത ആശ്വാസം നൽകി.
"ഇല്ല..."
ചിരിച്ചുകൊണ്ട് അവൾ ആശ്വസിപ്പിക്കുംപോലെ നെറ്റിയിൽ കൈവച്ചു. ആ നിമിഷത്തിൽ എന്തെന്നില്ലാത്ത സമാധാനം ആസ്വദിക്കുംപോലെ അയാൾക്ക് തോന്നി.
"അവൻ... അരുൺ... അവനു കുഴപ്പമൊന്നും ഇല്ലല്ലോ....?"
"ഹേയ്... ഇല്ല. ഇപ്പൊ കുഴപ്പം ഒന്നുമില്ല. ഉടനെ റൂമിലേക്ക് മാറ്റും."
അയാൾക്ക് തെല്ലൊരാശ്വാസം തോന്നി.
"എനിക്ക്... എന്റെ മോളെ ഒന്ന് കാണണം."
"ഇപ്പോഴോ...? പിന്നെ കണ്ടാൽ പോരെ...?"
"പോരാ... എനിക്കൊന്നു കാണണം. മാളവിക. അതാ പേര്. അവൾ പുറത്തുണ്ടാകും."
"ഞാൻ ഡോക്ടറോട് ചോദിക്കട്ടെ കേട്ടോ.."
അയാൾ മെല്ലെ തലയനക്കി. മകളെയും പ്രതീക്ഷിച്ചുകൊണ്ട് അയാൾ കണ്ണുകളടച്ചു കിടന്നു.
******
******
ഐ സി യുവിന്റെ വാതിൽ ഒരിക്കൽ കൂടി തുറക്കപ്പെട്ടു. അതിനു മുന്നിൽ പ്രാർത്ഥനയോടെ ഇരുന്നിരുന്ന ഓരോരുത്തരും പ്രതീക്ഷയോടെ ആ വാതിലിനു നേരെ നോക്കി.
"മോഹനന്റെ കൂടെ ഉള്ളതാരാ...?"
രാജശേഖരൻ ധൃതിയിൽ നഴ്സിനടുത്തേക്ക് ചെന്നു.
"അദ്ദേഹത്തിന് ബോധം തെളിഞ്ഞിട്ടുണ്ട്. മകളെ കാണണം എന്ന് പറയുന്നു. മകൾക്ക് മാത്രം കേറി കാണാം."
രാജശേഖരൻ ഒരു നിമിഷം ആശങ്കയിലായി. അയാൾ തിരിഞ്ഞ് മാളുവിനെ നോക്കി. അരുണിനെ കണ്ട് വന്ന സമാധാനത്തിൽ ആണവൾ. വൃക്കക്ക് തകരാറ് സംഭവിച്ച് മരണക്കിടക്കയിൽ കിടന്ന ഭർത്താവ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ എല്ലാ സന്തോഷവും അവളുടെ മുഖത്ത് കാണാം. പക്ഷെ ഭർത്താവിന്റെ ജീവൻ തിരിച്ച് നൽകാൻ കാരണക്കാരൻ ആയത് സ്വന്തം അച്ഛനാണെന്നത് അവൾക്കിപ്പോഴും അറിയില്ല. അറിയേണ്ടെന്നത് മോഹനന്റെ തന്നെ തീരുമാനം ആയിരുന്നു. വിവാഹം കഴിഞ്ഞ് സ്വസ്ഥമായി ജീവിക്കുന്ന മകളുടെ ജീവിതത്തിൽ ജയില്പുള്ളിയായ അച്ഛന്റെ കഴിഞ്ഞ കഥ ഒരു ഭീഷണിയാകരുതെന്ന് അയാൾ തന്നെ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ മോഹനൻ തന്റെ മകളെ കാണണം എന്ന് പറയുന്നു. എന്ത് ചെയ്യണം എന്നറിയാതെ അയാൾ ആകെ വിഷമിച്ചു.അവളോട് സത്യം തുറന്നു പറഞ്ഞെങ്കിലോ... തല്ക്കാലം അയാൾ മകളെ കാണട്ടെ. എന്നിട്ടാവാം എന്ന് നിശ്ചയിച്ച് രാജശേഖരൻ മാളവികയുടെ അടുത്തേക്ക് നടന്നു.
******
******
നഴ്സ് ചൂണ്ടിക്കാട്ടിയ വഴിയിലൂടെ മാളവിക മെല്ലെ അകത്തേക്ക് കടന്നു. നേരത്തെ അരുണേട്ടനെ കണ്ട അതേപോലെ തന്നെ കിടത്തിയിരിക്കുകയാണ് ഇദ്ദേഹത്തെയും. ചുറ്റിനും വച്ചിരിക്കുന്ന യന്ത്രങ്ങളുടെ വള്ളികൾ ശരീരത്തിൽ അങ്ങിങ്ങ് ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. നെഞ്ചുവരെ പുതപ്പിച്ചിട്ടുണ്ട്. അവൾ മെല്ലെ അടുത്തേക്ക് ചെന്നു.
കണ്ണുകളടച്ച് കിടക്കുകയാണ് അദ്ദേഹം.തന്റെ അരുണേട്ടന്റെ ജീവൻ രക്ഷിച്ച ആളാണ് കിടക്കുന്നത്. അമ്മാവന്റെ കൂട്ടുകാരൻ. ഒന്നോ രണ്ടോ തവണയേ കണ്ടുള്ളൂവെങ്കിലും ഇദ്ദേഹത്തിന് തന്റെ ജീവിതത്തിൽ വലിയ സ്ഥാനമാണുള്ളതെന്ന് അവളോർത്തു. തന്റെ ജീവിതം തന്നെ തിരിച്ച് തന്ന ആളാണ് ഇത്. അവൾ നന്ദിയോടെ നോക്കി.
ഓപ്പറേഷൻ സമയത്തും അദ്ദേഹത്തിന്റെ ബന്ധുക്കൾ ആരെയും കണ്ടില്ല. അമ്മാവനാണ് എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നിരുന്നത്. ആരും ഇല്ലാത്ത ആളാണെന്നാണ് അമ്മാവൻ പറഞ്ഞത്. മാളുവിന് സഹതാപം തോന്നി. പക്ഷെ എന്തുകൊണ്ടാണ് തന്നെ കാണണം എന്ന് പറഞ്ഞത് എന്ന് മാത്രം അവൾക്ക് മനസ്സിലായില്ല.
മാളുവിന്റെ സാമീപ്യം തിരിച്ചറിഞ്ഞിട്ടെന്ന പോലെ മോഹനൻ മെല്ലെ കണ്ണുകൾ തുറന്നു. മാളു ചിരിയോടെ അദ്ദേഹത്തെ നോക്കി. അവളുടെ നോട്ടത്തിൽ നന്ദിയും സ്നേഹവും കടപ്പാടും എല്ലാം ഉണ്ടായിരുന്നു. പക്ഷെ അയാൾക്ക് തിരിച്ച് കൊടുക്കാൻ മനസ്സ് നിറഞ്ഞ വാത്സല്യവും അനുഗ്രഹവും മാത്രമേ ഉണ്ടായുള്ളൂ.
മാളുവിന് എന്ത് പറയണം എന്നറിയാതെ ഒരല്പം ആശങ്കയുണ്ടായി. എങ്കിലും അവൾ ചോദിച്ചു.
"ഇപ്പൊ കുഴപ്പം ഒന്നുമില്ലല്ലോ?"
അയാൾക്ക് മറുപടിയൊന്നും പറയാനായില്ല. കണ്ണുനീർ നിറഞ്ഞ് അയാളുടെ കാഴ്ചകൾ മറഞ്ഞു തുടങ്ങിയിരുന്നു. അയാൾ കരയുകയാണെന്നു മനസ്സിലായപ്പോൾ മാളുവിന് വല്ലാത്ത വിഷമം തോന്നി. ഒരല്പം ആശങ്കയും.
"മോളെ..."
വിറയാർന്ന ശബ്ദത്തിൽ അയാൾ അവളെ വിളിച്ചു. ആ വിളി മാളു തന്റെ ഹൃദയം കൊണ്ടാണ് കേട്ടത്. അവളുടെ ഉള്ളിൽ വല്ലാത്തൊരു പിടച്ചിൽ തന്നെ ആ നിമിഷം ഉണ്ടായി.
"അച്ഛന്റെ പൊന്നുമോളെ..."
മാളുവിന്റെ മുഖം വല്ലാതെ വികസിച്ചു. ഒരു നിമിഷം അവൾ ഏതൊക്കെയോ ലോകത്ത് പോയി തിരികെ വന്നു. നിന്ന നിൽപ്പിൽ നിന്നും ഒന്ന് ചലിക്കുവാൻ പോലുമാകാതെ അവൾ തരിച്ചു നിന്നു. പക്ഷെ ആ വിളി അപ്പോഴും അവളുടെ കാതിൽ അലയടിക്കുന്നുണ്ടായിരുന്നു.
"അച്ഛന്റെ കുട്ടി അച്ഛാ.. എന്നൊന്ന് വിളിക്ക് മോളെ..."
നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അതി ദയനീയമായ ആ ചോദ്യം അവളെ വല്ലാതെ ഉലച്ചു. അവൾ പോലുമറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി. വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ വിളിച്ചു.
"അച്ഛാ.."
ആ ശബ്ദം അയാളുടെ കാതുകൾക്ക് ഏറ്റവും മധുരമുള്ളതായിരുന്നു. ഈ ജന്മത്തിലെ സകലപാപങ്ങളിൽ നിന്നും ആ നിമിഷം മുക്തനായതുപോലെ അയാൾക്ക് തോന്നി. തന്നിൽ നിന്നും ഒരു വലിയ ഭാരം ഇറങ്ങിയതുപോലെ. കണ്ണുനീർ ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു.
അവൾ പിന്നെയും വിളിച്ചു. ഇത്രയും കാലം കാത്തുവച്ച സ്നേഹവും സങ്കടവും പരിഭവവും എല്ലാം കലർന്ന വിളി. പിന്നെയും പിന്നെയും അവൾ വിളിച്ചു. നിർത്താതെയുള്ള വിളികൾ. പക്ഷെ തിരികെ മോളെ.. എന്ന് വിളിക്കാൻ അയാൾക്കായില്ല.
തുറന്നിരിക്കുന്ന കണ്ണുകളിൽ മകളെ കൊതിതീരുവോളം നോക്കിക്കൊണ്ട് അയാൾ അടുത്ത യാത്ര ആരംഭിച്ചിരുന്നു. തന്റെ പ്രിയതമയുടെ അടുത്തേക്കുള്ള യാത്ര...
(അവസാനിച്ചു)
-ശാമിനി ഗിരീഷ്-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക