
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇംഗ്ലീഷ് അധ്യാപകൻ ക്ലാസ്സിൽ ആ ചോദ്യം ചോദിച്ചത്. ഭാവിയിൽ ആരാകാനാണ് ആഗ്രഹം. മലയോര ഗ്രാമീണ മേഖലയിലെ വെറും സാധാരണക്കാരായ മാതാപിതാക്കളുടെ സാധാരണക്കാരായ മക്കൾക്ക് വലിയ വലിയ മോഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
ക്ലാസ്സിലെ തൊണ്ണൂറ് ശതമാനം പെണ്കുട്ടികളും നഴ്‌സ് ആകണം എന്ന് ആഗ്രഹം പറഞ്ഞപ്പോൾ ഞാൻ ടീച്ചർ ആകണം എന്നു പറഞ്ഞു. എന്തുകൊണ്ടോ നഴ്‌സ് ആകുക എന്നത് എന്റെ സ്വപ്നങ്ങളിൽ ഒരിക്കൽ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും ഡിഗ്രിക്ക് ചേരാനായി ആപ്പ്ളിക്കേഷൻ ഫോം വാങ്ങി വന്നപ്പോൾ നഴ്സിങന് ചേർന്നാൽ മതിയെന്ന് അച്ഛൻ നിർദ്ദേശിച്ചു. തീരെ താത്പര്യമില്ലാഞ്ഞിട്ടും അച്ഛന്റെ ആഗ്രഹത്തിന് മുന്നിൽ ഞാൻ മുട്ടുമടക്കി.
ഏറെ ജോലിസാധ്യതയും അത്യാവശ്യം വരുമാനവുമുള്ള ജോലിയാണ് നഴ്സിങ് എന്നതായിരുന്നു അച്ഛന്റെ വാദം. നഴ്സിങ് പഠനകാലം ഞാൻ ഏറെ ആസ്വദിച്ചു എന്നു തന്നെ പറയാം ഹോസ്റ്റലും കൂട്ടുകാരും. ക്ലിനിക്കിലെയും ക്ലാസ്സിലെയും തമാശകളും ഒക്കെയായി ഞാൻ നഴ്‌സാകാൻ പൂർണ്ണമായി ഒരുങ്ങിക്കഴിഞ്ഞിരുന്നു.
രണ്ടാം വർഷം അനാട്ടമി പഠനത്തിന്റെ ഭാഗമായി ആദ്യമായി ഓട്ടോപ്സി കണ്ടതും ഒരാഴ്ചയോളം ഉറക്കം നഷ്ടപ്പെട്ടതും, ഉടുപ്പുകളിൽ എല്ലാം ഫോർമാലിൻ മണക്കുന്നു എന്ന് തോന്നിയിട്ട് ഒരു ദിവസം പല തവണ കുളിച്ചതും, ആദ്യമായി ഇൻജക്ഷൻ എടുത്തപ്പോൾ കൈ വിറച്ചതും, മരണം നേരിൽ കണ്ട് പകച്ചു നിന്നതും, പ്രസവം കണ്ട ദിവസം വാവിട്ട് കരഞ്ഞ് കൊണ്ടു അമ്മയെ വിളിച്ചതും ഒക്കെ ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നുണ്ട്.
പഠനശേഷം ജോലിക്ക് ചേർന്നപ്പോൾ നൂറ് കൈകൾ കൊണ്ട് ചെയ്യേണ്ട ജോലികൾ വെറും 38 കിലോ ഭാരം മാത്രമുള്ള ഞാൻ പറന്നു നടന്ന് ചെയ്യുന്നത് കണ്ട ഡോക്ടർമാർ അഭിനന്ദിച്ചപ്പോൾ അഭിമാനം തോന്നിയെങ്കിലും, നഴ്സിനൊടുള്ള ഭൂരിഭാഗം പൊതുജനത്തിന്റെയും വികാരം പുച്ഛം തന്നെയെന്ന് തിരിച്ചറിയുകയായിരുന്നു.
എത്രയൊക്കെ ആർദ്രമായി, ആത്മാർത്ഥമായി പെരുമാറിയാലും സ്വന്തം ആളുകൾ പോലും അറപ്പോടെ മാറി നിൽക്കുന്നിടത്തു മുഖത്ത് നിറഞ്ഞ പുഞ്ചിരിയോടെ പരിചരിച്ചാലും നന്ദികേട് മാത്രം പ്രതിഫലം എന്ന് മനസിലാക്കി തുടങ്ങിയ നാളുകൾ.
പിന്നീട് സൗദിയിലും ദുബായിലും ജോലിചെയ്തപ്പോഴും നഴ്സിനൊടുള്ള പൊതു വികാരത്തിൽ ഒരു മാറ്റവും കണ്ടില്ല. ആദർശം പറയുമ്പോൾ അങ്ങേയറ്റം അലിവോടെ സംസാരിക്കുന്നവർ പോലും ഒരൽപ്പം അശ്ലീലം കലർന്ന കണ്ണോടെ അല്ലാതെ ഒരു നഴ്‌സിനെയും കാണുന്നില്ല എന്നത് ദുഖത്തോടെ ഞാൻ മനസ്സിലാക്കുകയായിരുന്നു. സിനിമകളിലും കോമഡി പരിപാടികളിലും ഡോക്ടർക്കൊപ്പം കൊഞ്ചിക്കുഴയുന്ന നഴ്‌സ് എന്ന കഥാപാത്രത്തെ കാണുമ്പോൾ പൊട്ടിച്ചിരിക്കുന്നവർ, കണ്ണടയുമ്പോൾ ഒരുപക്ഷേ അവസാനം കാണുന്ന മുഖവും അതുപോലൊരു നഴ്‌സിന്റെ തന്നെയാവും എന്ന് ഓർക്കാറില്ല.
ഓരോ പിറവിയിലും മരണത്തിലും കൂട്ടിരിക്കുന്നവൾ. അവഗണകളുടെ നിറം ചേർത്ത ചിറകുള്ള മാലാഖമാർ. ഒരു നഴ്‌സിന്റെ ആത്മാർത്ഥത കൊണ്ട് മാത്രം പരസ്പരം മാറാതെ, ഓരോ മതത്തിലും വന്നു പിറക്കുന്ന കുഞ്ഞുങ്ങൾ. ശരിക്കും മാലാഖ തന്നെയാണ് നഴ്സ്.
ഇന്നിപ്പോൾ ജോലി ചെയ്യുന്നില്ലെങ്കിലും ഒരു നഴ്‌സ് ആണ് ഞാൻ എന്ന് പറയുന്നതിൽ അഭിമാനം മാത്രം. ആതുരസേവന രംഗത്തുള്ള മാലാഖമാരായ എന്റെ സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.
--------------------------------
രമ്യ രതീഷ്
12/05/2018
--------------------------------
രമ്യ രതീഷ്
12/05/2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക