Slider

ഗസ്റ് റോൾ

0
Image may contain: 1 person, smiling, selfie, closeup and indoor

വെക്കേഷൻ കഴിഞ്ഞു സ്കൂൾ തുറന്ന ആദ്യ ദിവസം .
കിണ്ണാ ........
ന്താടെയ്...
നിക്കൊരു സങ്കടം ....
മ്മടെ ചങ്ക് ചെക്കന് സങ്കടോ ....സഹിക്കില്ല ...ന്തട? ന്താ നിന്റെ സങ്കടം ....?
ഡാ സ്കൂൾ തുറന്നു വന്നിട്ട് അച്ചൂന് ന്നെ ഒരു മൈൻഡ് ഇല്ലല്ലോ ....ഒന്ന് ചിരിച്ചതല്ലാതെ ഒന്നും സംസാരിച്ചില്ല ...
നീ ഓളോട് സംസാരിച്ചോ ?
ഇല്ല ....നിക്കെന്തോ ഒരു ഇത് ......
ങാ ...ആ "ന്തോ ഒരു ഇത്" അവൾക്കും ണ്ടു ....നീയൊരു ചെക്കനല്ലേ അപ്പൊ നുമ്മ വേണ്ടേ ഇതിനൊക്കെ മുൻകൈ എടുക്കാൻ ...മുള്ളാൻ ബെല്ലടിക്കുമ്പോ നീ പോയി ഓളോട് മിണ്ടു.....
ന്താടാ ഞാൻ മിണ്ടുക ......
ങേ ...ഹ ...ഓൾടെ അച്ഛൻ ഇപ്പഴും ആ പോലീസുകാരൻ ചന്ദ്രമോഹൻ തന്നല്ലേ ന്നു ചോയ്ക്കു .....
കിണ്ണാ .....
പിന്നല്ല.....ഡേയ് ഓളോട് നീ ചോയ്ക്കു .."ങ്ങിനുണ്ടാർന്നു വെക്കേഷൻ , ന്നെ കാണണം ന്നു തോന്നിയോ ?...
നിന്നെയോ ?
ഓഹ്...ന്നെയല്ല നിന്നെ ...
ഹം.....
അങ്ങിനെ പെത്യേ ഓരോന്ന് നീ ചോയ്ച്ചു തുടങ്ങുമ്പോ ഓളും തിരികെ ഓരോന്നു ചോയ്ക്കും .....
ന്നാ നീയും വരണം കൂടെ ....
പോടേയ്...ഞാനൊന്നൂല , നിക്ക് സമയത്തു മുള്ളിയില്ലേൽ പറ്റൂല ....
അതെന്താ ..?
പ്രത്യേകിച്ച് കാര്യോന്നുല്ലാ.....ഓരോരോ ശീലങ്ങൾ .....
ഇല്ല ..നീയും വന്നേ പറ്റു...നിനക്ക് ന്നേക്കാളും വലുതാണോ മുള്ളൽ....
അവന്റെ ചോദ്യം കേട്ട് ന്റെ കണ്ണ് നിറഞ്ഞുപോയി .....
ശരി വരാം...ഫസ്റ്റ്നൈറ്റിലും ഈവക നിർബന്ധങ്ങൾ ണ്ടാകണം ട്ടാ ...
പോടാ ......തടിയാ ....
ങേ ....ന്നാൽ നീ തന്നങ്ങു പൊക്കോ ....
കിണ്ണ സോറി സോറി ...
ഹം ....ന്തായാലും ബെല്ലടിക്കട്ട്...
അഖിൽ .....UKG മുതൽ തുടങ്ങിയ ബന്ധമാണ് ഞങ്ങൾ തമ്മിൽ ...അത്രയ്ക്ക് ആത്മമിത്രങ്ങളാണ്... ഒരുമിച്ചു കാണിക്കാത്ത തല്ലിപൊളിത്തരങ്ങൾ ഒന്നുമുണ്ടാകില്ല ...ആകെയൊരു കാര്യത്തിൽ മാത്രേ ഞങ്ങ പൊരുത്തപെടാതുള്ളു. പഠിപ്പിന്റെ കാര്യത്തിൽ .ഓൻ പങ്കര പഠിപ്പിസ്റ്റാണ് നുമ്മ നേരെ തിരിച്ചും പഠിപ്പുന്നു കേട്ടാലേ മ്മക്ക് ശ്വാസം മുട്ടലാ.. .
അങ്ങനിരിക്കെ എട്ടാം ക്ലാസ്സിൽ വച്ചാണ്‌ അവൻ ന്നോട് പറഞ്ഞത് അച്ചുനോട് (അശ്വതി ) അവനുള്ള പ്രണയം ....ചങ്കല്ലേ മ്മടെ ചെക്കൻ പിന്നീടങ്ങിട് കിണഞ്ഞു ശ്രമിച്ചിട്ടാണ് ഓളെകൊണ്ടു ഓനെ ഇഷ്ടമാണെന്നു പറയിച്ചതു .....
ഉള്ള പ്രണയ സിനിമകൾ മുഴോൻ കണ്ടു ,അതിലെ സീനുകളെല്ലാം പയറ്റി ....അങ്ങിനെ ന്റെ പ്രണയം പോലും ഉപേക്ഷിച്ചു ഓനുവേണ്ടി പണിയെടുത്തു ...
(ങേ നിനക്കും പ്രണയമോ ന്നോ ? അതുപിന്നെ കാണാൻ കൊള്ളാവുന്ന എല്ലാ പെൺപിള്ളേരോടും നിക്ക് പ്രണയമാ.. )
നീണ്ട ഒരു വർഷത്തിന് ശേഷമാണു അച്ചു അവനോടു അയലവ്യു ന്നു പറഞ്ഞത് ...ഹ അതൊക്കെ മുടിഞ്ഞ കോമെടിയ പിന്നെപ്പഴേലും പറയാം ...
ഒമ്പതാം ക്ലാസ്സിലെ അവസാന പരീക്ഷ കഴിഞ്ഞു പോകുമ്പോ അവര് കാർഡൊക്കെ കൊടുത്തിട്ടാ പോയത് ...ഇടയ്ക്കു ഞങ്ങൾ പോയി ഒളിഞ്ഞും തെളിഞ്ഞുമൊക്കെ കാണിയേം ചെയ്തിരുന്നു .......ഇതിപ്പോ ന്തോ ഒരു സ്റ്റാർട്ടിങ് ട്രബിൾ ....
മുള്ളാൻ ബെല്ലടിച്ചു ....ഞങ്ങ അച്ചൂന്റെ അടുത്തേക്ക് ചെന്ന് ...
അവിടെ ചെന്നിട്ടും ഓൻ ഒന്നും മിണ്ടണില്ല ..അല്ലേലും ഈ പഠിപ്പിസ്റ് നാറികൾക്കൊന്നും ധൈര്യം ന്നു പറഞ്ഞ സംഗതി ണ്ടാവില്ലല്ലോ ....മ്മക്ക് പിന്നെ ഈ നാണമൊന്നും സെവൻ കോണ്ടിനെന്റിൽ വന്നിട്ടില്ല ..അതോണ്ട് ഞാൻതന്നെ കേറിപറഞ്ഞു ....
അച്ചു,,, ദേ അഖിലിന് ന്തോ സംസാരിക്കാനുണ്ടെന്നു ....
ഓൻ "സ്റ്റഡി ലൈക് വടി" ആയിപോയി ....(സ്തബ്ധനായിപ്പോയി ന്നു ...പുവർ വായനക്കാർസ്‌ ഇംഗ്ലീഷ് അറിഞ്ഞൂട ല്ലേ)
ഹേയ്....യെവൻ ചുമ്മാ പറയാ നിക്കൊന്നും സംസാരിക്കാനില്ല .....
അത് കേട്ടപ്പഴേ അച്ചു പിള്ളേരുടെ കൂടെ ങിടോ പോയി .....(പോയതെങ്ങിടാണെന്നു ഊഹിക്കാനപേക്ഷ )
ഞാനും ഒരു ഓട്ടം നേരെ ടോയ്ലറ്റിലേക്കു (അവരുടെ കൂടെയല്ല )
പിറകെ അഖിലും വന്നു ......
ഡാ കിണ്ണ ....
കു .ടു ടു ..(സെൻസർ കട്ട് )..ന്നെക്കൊണ്ടു പറയിപ്പിക്കല് ...വെറുതെ മനുഷ്യന്റെ വില കളയാനായിട്ടു (ന്താ ചോയിച്ചേ? നിനക്കൊക്കെ വിലയുണ്ടോ ന്നാ ....അങ്ങട് വന്നുനോക്ക് അപ്പൊ അറിയാം )
കിണ്ണ സോറി ഡാ നിക്കെന്തോ പേടി ആയിപോയി ....
ഉവ്വ നിനക്കൊന്നും പറഞ്ഞിട്ടുള്ളതല്ല ഈ പണി ....വിട്...
അങ്ങിനെ പറയല്ലേടാ പ്ളീസ് ......നീ ന്റെ ചങ്കല്ലേ ....
ഉവ്വ .....ഇനി അടുത്തത് ഉണ്ണാൻ ബെല്ലടിക്കും അപ്പൊ പോയി മിണ്ടിക്കോണം..അതൂടെ നശിപ്പിച്ചാൽ പിന്നെന്നെ ഇ പണിക്കു നോക്കണ്ട ...
ഹം .....
അങ്ങിനെ ഞങ്ങൾ തിരികെ ക്ലാസിലെത്തി ..ന്റെ കലിപ്പ് മോഡ് ഓൺ ആയോണ്ടാകും ഓൻ ഒന്നും മിണ്ടണില്ല ...ഓന് അതിനുള്ള ധൈര്യമില്ലെന്നു നിക്കറിയാർന്നു...ഞാൻ തന്നെ രണ്ടിനേം മിണ്ടിപ്പിക്കേണ്ടി വരും ....
വെറുതെ ഒരു കാര്യമില്ലെങ്കിലും ഞാനോരുന്നു ആലോചിക്കാൻ തുടങ്ങി .എന്റുള്ളിലെ കലാകാരൻ ഉണർന്നു .അപ്പൊ മനസ്സിലേക്ക് വന്നൊരു സിനിമേലെ സീൻ ഒന്ന് പെടച്ചാലോ ന്നൊരു തോന്നൽ ....
ഞാനതു അവനോടു പറഞ്ഞു ....സീനിൽ അവനെ ബൂസ്റ്റ് ചെയ്യുന്നോണ്ടു അവനു എതിർപ്പൊന്നുമില്ല ...പക്ഷെ ഒരു വില്ലൻ വേണം ......
അതിപ്പോ വില്ലൻ നിനക്കായിക്കുടെ ?
ഞാനോ ..? ഈ മോന്തയും വച്ചിട്ടോ ? അന്നൊക്കെ ഈ വില്ലന് ഒരു പീകര രൂപമാണല്ലോ മ്മടെ മനസ്സിൽ ...ഇന്നല്ലേ അതൊക്കെ മാറി നല്ല ചുള്ളൻ വില്ലന്മാര് വന്നത് ......
ഒരു കാര്യം ചെയ്യാം ...ശ്യാമിനോട് ചോയ്ച്ചു നോക്കാം ...അവനാകുമ്പോ പെണ്പിള്ളേരുടെ ഇടയിൽ ഒരു വില്ലൻ എഫക്ട് ആണ് .....
ഉച്ചക്ക് ഊണ് കഴിച്ചോണ്ടിരിക്കുമ്പോ ഞാൻ ശ്യാമിനോട് സംഭവം പറഞ്ഞു. സംഭവം ഇമേജ് പോകുന്ന ഏർപ്പാടാണെങ്കിലും കൂട്ടുകാരന് വേണ്ടിയല്ലേ ...അവൻ ആ ദൗത്യം ഏറ്റെടുത്തു ....ഇനി പ്ലാൻ പറയണം ...ഞാൻ അഖിലിനേം വിളിച്ചു ....
ഡാ ..ഇതെങ്കിലും മര്യാദക്ക് ചെയ്തോണം നശിപ്പിച്ചാൽ കൊന്നുകളയും ഞാൻ ...
നീ പറയ് കിണ്ണ ...
ദേ ഊണ് കഴിഞ്ഞു നിന്റെ പഠിപ്പിസ്റ് പെണ്ണ് പതിവുപോലെ പുത്തകോം എടുത്തു ഷോ കാണിക്കുന്നുണ്ടാകും ..അപ്പൊ ശ്യാം പോയി ഓളെ ചൊറിയും...
ഞാനോ? ഓളെ ചൊറിയാനോ? ഈ പരിപാടിക്കൊന്നും ഞാനില്ല ...
ഡാ മൈഡിയർ ഓമനകുട്ട.. ഓളെ കേറി മാന്താനല്ല പറഞ്ഞത് ...ന്തേലും ശല്യം ണ്ടാക്കണം...പുത്തകം തട്ടിപ്പറിക്കല് ...കമെന്റടിക്കല് തുടങ്ങിയ കലാപരിപാടികൾ ഉണ്ടല്ലോ .....
ഹാ ..അതേറ്റു ...
ങ്ങാം...അപ്പൊ അവള് പ്രതികരിക്കും ...
സ്വാഭാവികം ....
ഓള് തല്ലുവോ....
ഏയ് ..............തല്ലുവോ ?
എന്നാൽ തല്ലികൊല്ലും ഞാൻ ....
ഡാ നീ ഓളെ കൈവക്കരുത് ....
ഓളെ അല്ല.... നിന്നെ .....ഓളെങ്ങാണം ന്നെ തല്ലിയാ നിന്റെ കൂമ്പു ഞാൻ വാട്ടും.....
ഓ ...ഓള് പാവമാ അങ്ങനൊന്നും ചെയ്യൂല .....
അഖിലെ... ന്റെ കൂമ്പു ....
ഇല്ലടാ ഞാനല്ലേ പറയണേ ....
ഉവ്വ ......അപ്പൊ കം ടു ദി മാറ്റർ ....ഓള് പ്രതികരിക്കുമ്പോ നീ വെർതെ , ചുമ്മാ ന്തേലും പറയണം ...തെറി ആയാലും മതി ...ചേർത്...
കിണ്ണാ ....
സിറ്റുവേഷൻ റെക്കമെന്റ്സ് അളിയാ ......ഓൻ കളിക്കല്ലേ വിളിക്കാ സാരില്ല....
ബാക്കി പറ ...
ഹ ....അപ്പൊ അഖില് ഇത് കണ്ടോണ്ടു വരാണ്....അവൻ ഇടപെടും ....നിന്നെ തെറി വിളിക്കും , നിങ്ങ പരസ്പരം ഷർട്ടിന്റെ കോളറിൽ പിടിക്കണം ....ഞാൻ ഓടിവന്നു പിടിച്ചു മാറ്റും....
അല്ല കിണ്ണ ....തെറി പറഞ്ഞാൽ പോരെ അതിനെന്തിനാ ഷർട്ടിൽ പിടിക്കണേ...
അപ്പൊ നിക്ക് സീനിൽ എൻട്രി വേണ്ടേ ?
നീ എന്തിനാ .....ഇത് ഞങ്ങ ഡീൽ ചെയ്യാം ?
പറ്റില്ല ....ഞാൻ സംവിധാനം ചെയ്യണേൽ നിക്ക് സീൻ വേണം ...അല്ലെങ്കി ഞാൻ കളിക്കാനില്ലാ....
ഓ ...ശരി ശരി .....
ഹാം.....അപ്പൊ നിങ്ങളെന്നെ പിടിച്ചു തള്ളും ഞാൻ പോയി നിലത്തു വീഴും ....
നിർത്തു നിർത്തു
ഇത് നിന്നെ ബൂസ്റ്റ് ചെയ്യുവാണോ..? അതോ എന്നെയാണോ ?
ഒരു സംവിധായകന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തരുത് ...ഞങ്ങയൊക്കെ മേനോൻചേട്ടന്റെ ഫാൻസാ.....സീൻ ഉണ്ടേലെ ഡയറക്ട് ചെയ്യുള്ളു .....
ഹം ഹം ...
ന്നിട്ട് ഞാൻ വീണ്ടും തറയിൽ ന്നു എഴുന്നേറ്റു വന്നു നിങ്ങളെ പിടിച്ചു മാറ്റും ..അപ്പൊ ശ്യാം നിന്നോട് ചോദിക്കും ഞാൻ ഇവളെയല്ലേ പറഞ്ഞെ ? നിനക്കെന്തിനാ കൊള്ളുന്നെ ന്നു..... ഇനിയാണ് നിന്റെ മാസ്സ് ഡയലോഗ് ..
ന്താ ..ന്താ ...
അവളെന്റെ പെണ്ണാടാ.....ന്നു നീ പറയണം ..
പോ അവിടുന്നു ...
അയ്യേ ......യെവനെന്താടാ ...നാണമോ ...ശ്ശെയ്...
അപ്പൊ ശ്യാമിന് സീൻ ക്ലിയറായല്ലോ ....സിംപിളാണ് ....
ഉം ഉം ...
അഖിലിനോടാ ?
ക്ലിയർ ...പക്ഷെ ശ്യാമേ നീ കോളറിൽ പിടിക്കുമ്പോ ഷർട് ചുളുക്കല്ലേഡാ ....'അമ്മ വഴക്കു പറയും ....
ശ്യാം ന്നെയൊന്നു നോക്കി ,ഞാൻ അഖിലിനേം .....
ന്നാ വാ ....കൈ കഴുകീട്ടു വേഗം വരാം .....
കൈ കഴുകി വന്നു ഞാൻ അഖിലിനെ ക്ലാസിനു വെളിയിൽ നിർത്തി ശ്യാമിനെ കയറ്റിവിട്ടു .....
പറഞ്ഞപോലെതന്നെ അവൻ സീൻ വൃത്തിയാക്കി ..അവളുടെ ബുക്ക് തട്ടിയിട്ടിട്ടു വഴക്കുണ്ടാക്കി ..ഓളെ തെറിയും വിളിച്ചു ...അഖിലിന്റെ എൻട്രി സീൻ ഓൻ പേടിച്ചരണ്ട് നിന്ന് ...പക്ഷെ ഞാൻ തള്ളിവിട്ടു ....
ചെക്കൻ നാണംകുണുങ്ങി ആണെങ്കിലും സംഭവം പെടപ്പിച്ചു...രണ്ടുപേരും ഷർട്ടിൽ പിടിച്ചു ...അപ്പോഴും ഷർട് ചുളുങ്ങിയോന്ന് അവൻ നോക്കി ണ്ടാകും...
ന്റെ എൻട്രി സീൻ ഞാൻ ഓടിചെന്ന് രണ്ടിനേം പിടിച്ചുമാറ്റി രണ്ടുംകൂടി ന്നെ ഒരു തള്ളു...അല്പം ഫോഴ്സ് ണ്ടായതുകൊണ്ടു നേരെ ചെന്ന് ഭിത്തിയിൽ തല ഇടിച്ചാണ് വീണത് ..
തല ഒന്ന് കുടഞ്ഞു.. തടവി എഴുന്നേൽക്കാൻ ശ്രമിക്കുമ്പോ അതാ ആ രൂപം ....കണ്ണൊക്കെ ചുവപ്പിച്ചു , കയ്യൊക്കെ തെറുത്തുകയറ്റി കുഞ്ഞിക്കൂനൻ സിൽമേലെ സായ്‌കുമാറിനെപോലെ (മുണ്ടു മടക്കി കുത്താത്തോണ്ടു കളസം കാണാനില്ല ) അങ്ങിനെ നിക്കയാണ് മ്മടെ മണവാളൻ ശ്ശെ രാധാകൃഷ്ണൻ സാർ ...കൈ പിറകിൽ കെട്ടിയിരിക്കുന്നു ആയുധമുണ്ടെന്നു വ്യക്തം .....
ലവടെ മ്മടെ ചങ്കന്മാര് സീൻ പൊലിപ്പിക്കയാണ് ..ഞാൻ പിടിച്ചുമാറ്റേണ്ട സീനായി. പക്ഷെ ഇപ്പൊ ഇടപെട്ടാൽ മണവാളന്റെ ആയുധം ന്റെ ചന്തിയിൽ ഹാൾമാർക് പതിക്കും എന്നുറപ്പായതോണ്ട് ഞാൻ അനങ്ങിയില്ല ....
സമയമായിട്ടും ഞാൻ എഴുന്നേറ്റു ചെല്ലുന്നില്ല എന്ന് കണ്ടിട്ട് ശ്യാം ന്റെ സീൻ എഡിറ്റ് ചെയ്തു മറ്റേ ഡയലോഗ് അടിച്ചു .......ഞാൻ ഇവളെയല്ലേ പറഞ്ഞത് അതിനു നിനക്കെന്താ ഇത്ര കൊള്ളുന്നെ ..? (വില്ലൻ ആണേലും ന്തൊരു ആത്മാർത്ഥത...)
അവളെന്റെ പെണ്ണാടാ...അഖിലിന്റെ മാസ്സ് ഡയലോഗ് .(സിൽമാ ആരുന്നേൽ അത് രണ്ടുതവണകുടെ എടുത്തു കാണിച്ചേനെ ....ന്റെ പെണ്ണാട ...ന്റെ പെണ്ണാട ..ന്നു ..)
എന്തായാലും സീൻ പൊളിച്ചു...പക്ഷെ ഇതെല്ലം കേട്ട് മണവാളൻ നിൽക്കുന്ന കാര്യം അവന്മാര് കണ്ടില്ല ..മാസ്സ് ഡയലോഗും പറഞ്ഞിട്ട് അഖില് തിരിഞ്ഞപ്പോഴാണ് അവന്മാര് സാറിനെ കാണുന്നത് ...
സാറിനെ കണ്ടപ്പോ അഖില് സുസ്മേരവദനനായി ..
( സമർഖാന്റെ കയ്യിൽപെട്ട സ്റ്റിൽ ഫോട്ടോഗ്രാഫർ നിശ്ചലിന്റെ മുഖംപോലെ ....)
മൂന്നിനേം സാർ തൂക്കിയെടുത്തു സ്റ്റാഫ്‌റൂമിൽ കൊണ്ടോയി ....ചോദ്യം ചെയ്യൽ.... സീനിൽ തലയിടിച്ചു വീണു സഹതാപം നേടിയ നിക്ക് സ്പെഷ്യൽ പെർഫോമൻസ് അവാർഡ് ണ്ടു ...ന്നെ സ്റ്റാഫ്‌റൂമിൽ ഇരുത്തിയേക്കുവാ മറ്റവന്മാര് നിക്കുന്നു ...
മണവാളൻ സാർ തന്റെ ആയുധമായ നല്ല കിടുക്കൻ ചൂരൽവടി ഒന്ന് തടവി ...ആദ്യം അഖിലിനെ പിടിച്ചു ചന്തിക്കു ചുളി ചുളി ന്നു രണ്ടടി ...കിളുന്നു പ്രായത്തിൽ അവന്റെയൊരു പ്രേമം ന്നു പറഞ്ഞു ഒന്നുടെ കൊടുത്തു ....
നീയാരാടാ റൗഡിയോ ന്നു ചോയിച്ചാരുന്നു ശ്യാമിനെ പൊട്ടിച്ചത് ....അടുത്തത് ന്റെ ഊഴമാർന്നു ..പക്ഷെ സഹതാപസീനിനു കിട്ടിയ അവാർഡ് എന്നോണം എന്നെ തള്ളിയിട്ടേനു ശ്യാമിന്റെ ചന്തിക്കു ഒന്നുടെ പൊട്ടി .......
എല്ലാം കൈ നീട്ടി ..ശ്ശെ അല്ല ..ചന്തി നീട്ടി വാങ്ങുമ്പഴും അവന്മാരുടെ മുഖത്തു എന്നോടുള്ള കലിപ്പാരുന്നു എല്ലാത്തിനും കാരണം ഞാനാണല്ലോ എന്നതിനേക്കാൾ നിക്ക് അടി കിട്ടിയില്ലലോ എന്നതാണ് അവന്മാരുടെ കലിപ്പിന് കാരണം .........
അങ്ങിനെ എന്റെ സംവിധാനത്തിൽ , സംവിധായകനായ എന്നോട് പോലും അനുവാദം ചോയ്ക്കാതെ ഗസ്റ് റോളിൽ വന്നു മണവാളൻ ക്ലൈമാക്സ് ടമാർ പടാർ ആക്കി .......
സംഭവം പാളിയെങ്കിലും അച്ചു അഖിലിനോട് സംസാരിച്ചു , പിന്നീടങ്ങിട് പ്രളയമായിരുന്നു ശ്ശെ പ്രണയമായിരുന്നു ....ന്റെ കണ്ണിൽ ന്നു ആർന്നു പ്രളയം .......
കിരൺ കൃഷ്ണൻ...
12/16
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo