
By: Ramya Ratheesh
മതിലിനു മുകളിൽക്കൂടെ രണ്ടുകണ്ണുകൾ കോലായിലേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു.
വട്ടക്കണ്ണടയിൽ ഗൗരവം നിറച്ച എൻ്റെ മുഖവും പുഞ്ചിരിമരിച്ചു കുറുകിപ്പോയ ചുണ്ടുകളും കണ്ടതു കൊണ്ടാണോയെന്നറിയില്ല; ആ കണ്ണുകളിൽ അല്പം ഭയം നിഴലിച്ചു നിന്നു.
അമർത്തിമൂളിക്കൊണ്ട്; ഒട്ടും ആർദ്രതയില്ലാതെ, വളഞ്ഞിരുന്ന പുരികക്കൊടികൾ ഉയർത്തി എന്തു വേണമെന്ന് പരുഷമായി ചോദിച്ചു.
അടച്ചിട്ടിരുന്ന ഗേറ്റ് പാതി തുറന്ന് സ്കൂൾയൂണിഫോമിട്ട ഒരു കൗമാരക്കാരൻ മുറ്റത്തേക്ക് കടന്നു വന്നു.
അല്പം പിന്നിലായി അതേ പ്രായത്തിലൊരു പാവാടക്കാരിയും!
ഗേറ്റിനരികിലായി മതിലിലേക്ക് പടർന്ന പനിനീർച്ചെടിയിൽ നിറഞ്ഞു നിന്നിരുന്ന വെളുത്ത റോസാപ്പൂക്കളുകളിലേക്കായിരുന്നു അവൻ്റെ നോട്ടം.
മടിച്ചുമടിച്ച് പതിഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചു, “അതിൻ്റെ ഒരു തണ്ട് തരാമോ?”
പെട്ടെന്നുള്ള അവൻ്റെ ചോദ്യം കേട്ടപ്പോൾ ഒരായിരം ചോദ്യങ്ങൾ മനസ്സിലുയർന്നു.
ഹേ! കുട്ടികളേ നിങ്ങൾക്കെന്തറിയാം ആ വെളുത്തപൂക്കളെപ്പറ്റി?
ഒരുവൾക്ക് പ്രിയമായിരുന്നൊരു കാലത്തിന്റെ അവശേഷിപ്പാണ് അതെന്ന് നിങ്ങൾക്കറിയാമോ?
ആയിരം പ്രണയത്തിന്റെ മൊട്ടുകൾ പിറക്കാനായി പ്രിയനൊരുവൻ സമ്മാനിച്ചതാണെന്ന് നിങ്ങൾക്കറിയാമോ?
പ്രണയം വലിച്ചെറിഞ്ഞ് അവൻ പോയപ്പോൾ പൂമൊട്ടുകൾക്ക് കാവലിരുന്നു മുരടിച്ചു പോയവളെ നിങ്ങൾക്കറിയാമോ?
നഷ്ടപ്രണയത്തിൻ്റെ വിളറിയ പൂവുകളാണ് അവയെന്ന് നിങ്ങൾക്കറിയാമോ?
പ്രണയത്തിന്റെ ശവക്കല്ലറയ്ക്കു ചാരേ, ഓർമ്മകൾ ഉണങ്ങാതെ ഒരുവൾ നനച്ചു വളർത്തുന്നതാണ് അതെന്ന് നിങ്ങൾക്കറിയാമോ?
ഒന്നുമറിയില്ല നിങ്ങൾക്ക്!! ഒന്നും!
വിടരാറായ പൂമൊട്ടോടു കൂടിയ ഒരു തണ്ട് ശ്രദ്ധയോടെ മുറിച്ചെടുത്ത് അവന് നൽകി. അവന്റെ കയ്യിൽ നിന്ന് അതേറ്റുവാങ്ങിയ അവളുടെ കണ്ണിലെ പ്രണയത്തിന് വർഷങ്ങൾ മുൻപ് പടർന്നൊഴുകിയ ഒരു പ്രണയത്തിൻ്റെ നിറമായിരുന്നു.
പ്രണയത്തിൻ്റെ കല്ലറയിലെ വെളുത്ത പൂങ്കുലകൾക്ക് കാവൽക്കാരിയാകുവാനൊരുങ്ങുന്ന ഒരുവളെക്കൂടി കണ്ട നിർവൃതിയിൽ പുഴുക്കുത്തേറ്റ രണ്ടിലകൾ ശ്രദ്ധയോടെ ഞാൻ അടർത്തിക്കളഞ്ഞു.
ചെടിയുടെ കടയ്ക്കൽ വെള്ളമൊഴിക്കുമ്പോൾ എൻ്റെ കുറുകിയ ചുണ്ടുകളിൽ ഞാനറിയാതെയെത്തിയ ഒരു ചിരി; അതെവിടെനിന്നാവും വന്നത്!!?
രമ്യ രതീഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക