
രാവറുതിയുടെ സുന്ദര നിമിഷത്തിലെപ്പോഴോ അയാളുടെകണ്ണുകൾ തുറക്കപ്പെട്ടു ... നിറഞ്ഞ ഏകാന്തതയുടെ കമ്പിളി തട്ടിമാറ്റി അയാളെഴുന്നേറ്റു. കണ്ണുകൾ രണ്ടും അമർത്തിത്തിരുമ്പി, എവിടേയോ എന്തോ ഒരു പന്തികേടു പോലെ . വീണ്ടും ശ്രമിച്ചു..... കണ്ണുകളിൽ ഒരിരുട്ട് വലയം ചെയ്തിരിക്കുന്നു. ... ഒന്നും വ്യക്തമാവുന്നില്ല. ... !
പതിയെ കതക് തുറന്ന് പുറത്തേക്ക് നോക്കി .... ശരിയാണ് കാഴ്ചയുടെ താളംതെറ്റിയിരിക്കുന്നു, തന്റെ മിഴികളിലെ വർണ്ണരാജികൾ പടിയിറങ്ങിയിരിക്കുന്നു .നിറങ്ങളില്ലാത്ത കാഴ്ചകൾ മാത്രം ... കറുപ്പും വെളുപ്പും ചേർന്ന് മനംമടുപ്പിക്കുന്ന കാഴ്ചകൾ ....!
തികച്ചും വിരസമായ കറുപ്പിലും വെളുപ്പിലും അയാളുടെ മുന്നിൽ കാഴ്ചകൾ തിങ്ങിനിറഞ്ഞു ... തല പെരുത്തു കയറുന്ന പോലെ ....
അയാൾ പെട്ടന്ന് ഫോണെടുത്ത് നോക്കി .. അമാവാസിയിലെ താരകക്കൂട്ടങ്ങൾ പോലെ വെള്ളപ്പൊട്ടുകൾ മാത്രം ...! വളരെ നാളായി തന്റെ നിറഞ്ഞ ഏകാന്തതയിലെ കൂട്ടുകാരൻ ,...എല്ലാം കഴിഞ്ഞിരിക്കുന്നു ... വിരസമായ നിമിഷങ്ങൾക്ക് വേഗത നന്നേ കുറവായിരുന്നു ... കഴിഞ്ഞപോയ നാളുകളിലെ സമ്പന്നതകളിലേക്ക് അയാളുടെ കനവുകളുണർന്നു .
ആർഭാടത്തിന്റെ ഔന്നിത്യത്തിലൊരിക്കലും ചിന്തിച്ചിരുന്നില്ല ഇത്തരമൊരു ശൂന്യതയെക്കുറിച്ച് ... നിറങ്ങളുടെ നശ്വരത മനസ്സിലാക്കേണ്ടതായിരുന്നു.
മടിയോടെയാണെങ്കിലും ടി വി ഓൺ ചെയ്തു ... ഒന്നിരിട്ടി വെളുക്കുമ്പോഴേക്കും വസന്തം കൈവിട്ട പുഷ്പവാടി പോലെ വിരസമായ കാഴ്ചകൾ മാത്രം ..
അപ്പോഴാണ് അയാളത് ശ്രദ്ധിച്ചത് .. !
തനിക്ക് മാത്രമല്ല ആർക്കും നിറങ്ങൾ കാണാൻ പറ്റുന്നില്ല .. അതിന്റെ ചർച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. പല അഭിപ്രായങ്ങളും വന്നുകൊണ്ടേയിരിക്കുന്നു ... ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ വ്യതിയാനം സൗരരശ്മികളിൽ ചെലുത്തുന്ന സ്വാധീനം ..., സൂര്യന്റെ അപചയം ,ചർച്ചകൾ കൊടുമ്പിരി കൊള്ളുന്നു.
അയാൾക്കാവേശമായി ... തനിക്ക് മാത്രമല്ല ഈന്യൂനത എന്നറിഞ്ഞതിൽ അതിയായ സന്തോഷം തോന്നി ...
ചാനലുകൾ മാറി .... ദിനങ്ങൾ കൊഴിഞ്ഞു...
പ്രിയ നേതാവിന്റെ മരണത്തിൽ തകർന്ന അനുയായികൾ ....നേതാവിന്റെ ഭൗതിക ശരീരത്തിൽ കരിങ്കൊടി പുതപ്പിക്കാനുള്ള വിഷമം അവരുടെ മിഴികളിൽ കാണാം .. കറുപ്പും വെള്ളയും വസ്ത്രങ്ങൾ മാത്രം വിൽക്കുന്ന കടകൾ അധികവും ശൂന്യമാണ് .. കരിക്കട്ടകൾ അണിയാൻ തരുണികൾക്കിപ്പോൾ താൽപ്പര്യമില്ല. .. കറുത്ത പുഷ്പങ്ങൾ ഭൂമിയുടെ മാറിൽ അനാഥമായി കിടക്കുന്നു .
സകലരും ചെറിയ രീതിയിൽ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ തുടങ്ങിയിരിക്കുന്നു .. ആർഭാടങ്ങൾ അന്യമായ തെരുവോരങ്ങളിൽ അവർ പരസ്പരം പരിചയം പുതുക്കി , അയാൾക്കിപ്പോൾ കുറേയേറെ കൂട്ടുകാരുണ്ട് ...
നേരിട്ട് സംവദിക്കാവുന്നവർ ..!
വളരെ നാളുകൾക്കു ശേഷം അയാൾ തന്റെ വായനാമുറിയിൽ കടന്നു. ... പല പുസ്തകങ്ങളും വായിച്ച് പകുതിയിൽ നിർത്തിയിരിക്കുന്നു .അടയാളങ്ങൾ അയാളെ നോക്കി ദീർഘമായി നെടുവീർപ്പിട്ടു ... അതിലൊന്നിനെ കൈയ്യിലെടുത്ത് അയാൾ പുസ്തകത്താളിലേക്ക് മിഴിയൂന്നി ...
വെളുപ്പിലെ കറുത്ത അക്ഷരങ്ങൾ ....!
അതേ ... മാറ്റങ്ങൾ മങ്ങലേൽപ്പിക്കാത്ത മായാ പ്രപഞ്ചം
മാറ്റങ്ങളെ അതിജീവിച്ച ആ പുസ്തകത്താളുകളെ അയാൾ മാറോടു ചേർത്തു.
അവസാനിച്ചു .
✍️ശ്രീധർ. ആർ. എൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക