Slider

നീലിമ

0
Image may contain: 1 person, eyeglasses, selfie and closeup

അവൻ്റെ കുട്ടിക്കാലം മുതൽ തന്നേ അവന് പൂമ്പാറ്റകളേയും, തുമ്പികളേയും ഇഷ്ടമായിരുന്നു.തുമ്പികളെ കൊണ്ട് കല്ലെടുപ്പിക്കുക, നേർത്ത പുൽതുമ്പുകൾ അവയുടെ വാലിൽ കുത്തിവച്ച് പറത്തുക. ചെറിയകല്ലിൽ നൂലുകെട്ടി നൂലിൻ്റെ മറ്റേ അറ്റം തുമ്പികളുടെ വാലിൽ കെട്ടി പറത്തി വിടാൻ ശ്രമിയ്ക്കുക.
വാവട്ടമുള്ള ചില്ലു കുപ്പികളിൽ
വർണ്ണശലഭങ്ങളെ പിടിച്ചിട്ട് അവയുടെ പറക്കൽ കണ്ടു രസിയ്ക്കുക. പൂമ്പാറ്റകളുടെ ചിറകരിയുക ഇതെല്ലാമായിരുന്നവൻ്റെ ഇഷ്ട വിനോദങ്ങൾ.
അവൻ്റെ വളർച്ചയ്ക്കൊപ്പം അവന് തുമ്പികളോടും, വർണ്ണശലഭങ്ങളോടും ഉള്ള ആഗ്രഹം കൂടിക്കൂടി വന്നു.
തുമ്പികളെ കൊണ്ടുള്ള കല്ലെടുപ്പിക്കലും, വർണ്ണശലഭങ്ങളുടെ ചിറകരിയലും, ചിറകു നഷ്ടപ്പെട്ട ചെറു ഉടലുകൾ ഞെക്കിപ്പൊട്ടിയ്ക്കലും തുടർന്നു കൊണ്ടേയിരുന്നു,
അവൻ്റെ യാത്രകളും.
കുറേ നാളുകളായി അവൻ എല്ലാ ശലഭങ്ങളുടേയും കഴുത്തിനു താഴെ മാത്രമെ അവൻ്റെ കണ്ണുകളെത്താറുള്ളു. കഴുത്തിനു മുകളിലുള്ള ചെറിയ തലകളും, കുഞ്ഞിക്കണ്ണുകളും അവനറിയില്ലായിരുന്നു, ചെഞ്ചുണ്ടിലെ നേർത്ത സ്വരവും അവന് കേൾക്കാനായില്ലായിരുന്നു.
പിന്നീടെന്നോ അവൻ ചിറകരിയാൻ നീണ്ട കൈകൾ ചെന്നു നിന്നത് അവൻ നെഞ്ചിലെ ചൂടേൽപ്പിച്ച് വളർത്തി വലുതാക്കിയ അവൻ്റെ സ്വന്തം പൂമ്പാറ്റയ്ക്ക് നേരേയായിരുന്നു, ഏറെ പരിചിതമായ ശബ്ദം കേട്ട് കഴുത്തിന് മുകളിലേക്ക് തലയുയർത്തിയ അവനാദ്യമായി കണ്ടു ആ കുഞ്ഞിക്കണ്ണുകളിലെ ദൈന്യത. വൈകൃതങ്ങൾ വല്ലാണ്ട് വേരിറങ്ങിപ്പോയ അവന് അവനോട് തന്നേ
അവജ്ഞതോന്നിയ നിമിഷങ്ങൾ. ഉമിത്തീയിൽ എരിയുന്ന അവൻ്റെ ഉള്ളിലെ
നീറ്റലിന് പരിഹാരം തേടിയുള്ള യാത്ര ചെന്നെത്തിയതങ്ങു ദൂരെയൊരു കടൽപാലത്തിൻ മുകളിലായിരുന്നു,
കൈയ്യിലിരുന്ന പ്ലാസ്റ്റിക്ക് നൂലിൻ്ററ്റത്ത് മുഴുത്ത കല്ലും കെട്ടി അടുത്ത അറ്റം കൊണ്ട് രണ്ടു കൈകളും കൂട്ടിക്കെട്ടി ആകാശനീലിമയെ സാക്ഷിയാക്കി, അനന്തസാഗരനീലിമയിലേയ്ക്ക് ആ തുമ്പി ആണ്ടിറങ്ങിപ്പോയി.
By PS Anilkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo