Slider

ഞാൻ നീലിമ.

0

സത്യേട്ടാ... ഒരു കാലത്തിന് ശേഷം നിങ്ങളെന്റെ ശരീരം കണ്ടിട്ടുണ്ടോ? കല്യാണം കഴിഞ്ഞ നാളുകളിലെ പോലെയല്ല.. നമ്മുടെ മോളെ പെറ്റ് കഴിഞ്ഞപ്പോഴേക്കും എന്റെ മുലകളുടെ ആകൃതി നഷ്ടപ്പെട്ടിരുന്നു.വയറിൽ മായാത്ത ചില പാടുകളുണ്ടായിരുന്നു. പിന്നെ മോൻ ഉണ്ടായപ്പോഴേക്കും വീണ്ടും മാറ്റങ്ങളുണ്ടായി. ഇടുപ്പിൽ മാംസം അടിഞ്ഞ് കൂടിയിരുന്നു.. വയറൽപം ചാടിയിരുന്നു...!
നീലിമ സംസാരിച്ച് തുടങ്ങിയപ്പോൾ സത്യൻ ഒന്നും മിണ്ടാനാവാതെ തല കുനിച്ച് നിൽക്കുകയായിരുന്നു.
അൽപ നേരം തുടർന്ന സൂചി വീണാൽ പോലും കേൾക്കുന്ന നിശബ്ദതയെ മുറിച്ച് കൊണ്ട് അവൾ വീണ്ടും സംസാരിച്ച് തുടങ്ങി.
നിങ്ങൾ പക്ഷേ ആ മാറ്റങ്ങളൊന്നും കണ്ടില്ലായിരുന്നു! ചില മനുഷ്യർ അങ്ങനെയാണല്ലോ.. പക്ഷേ ... അവളുടെ ശബ്ദം ഒന്നിടറി ... നിങ്ങളെന്നെ കണ്ടിരുന്നെങ്കിൽ ആകൃതിയൊത്ത ഒരു പെണ്ണിന്റെ ഉടലുമായി എന്റെ തല ഒട്ടിച്ച് വെച്ച ദൃശ്യങ്ങൾ കാണുമ്പോൾ സത്യം മനസ്സിലായേനെ.. അങ്ങനെയായിരുന്നെങ്കിൽ കുഞ്ഞ് മക്കൾ പോലും തള്ളിപ്പറഞ്ഞ് ഉരുകിയുരുകി ഒരു വർഷം നിയമ പോരാട്ടം നടത്തി സത്യം തെളിയിക്കേണ്ട ആവശ്യം എനിക്ക് വരില്ലായിരുന്നു!
കുറ്റ ബോധം കൊണ്ട് സത്യന് അവളുടെ കണ്ണുകളിലേക്ക് നോക്കാൻ കഴിഞ്ഞില്ല. തന്റെ കയ്യിലേക്ക് വെച്ച് തന്ന ഫയലിൽ ഒരു ആശ്രയമെന്ന വണ്ണം മുറുക്കെ പിടിക്കാനാണ് തോന്നിയത്. ഒടുക്കം തന്റെ സംശയങ്ങൾ മുഴുവനായി തന്നെ തീർത്ത് ഉറച്ച കാൽ വെയ്പ്പുകളോടെ നീലിമ നടന്നു പോയി. അവളായിരുന്നു യഥാർഥ പെണ്ണ്. എത്രയോ കാലം ഭർത്താവ് ചമഞ്ഞിട്ടും ഒന്നും മനസ്സിലാക്കാത്ത താനൊരു മൊണ്ണയും!
...........
ഏയ് ഹാഷിം... നീ സത്യയുടെ ഭാര്യ നീലിമയെ അറിയില്ലേ...? ഓഫീസിലെ ഇടവേളയിൽ ഒരു ചായ കുടിച്ചിരിക്കുമ്പോഴാണ് സതീഷ് അതെന്നോട് ചോദിച്ചത് .തുടർന്നവൻ ഫോണിൽ കാണിച്ചത് ഒരു അശ്ലീല വീഡിയോ ആണ് .അതിലുള്ളത് ഞങ്ങളുടെ കൊളീഗ് ആയ സത്യയുടെ ഭാര്യ നീലിമ ആണ് പോലും. സംഭവം വലിയ വിഷയമായി സത്യൻ വിവാഹ മോചനത്തിന് ഒരുങ്ങുക ആണ്. എനിക്കപ്പോൾ ഓർമ്മ വന്നത് ഒരു കുട്ടിയെയാണ് . ഓമനത്തം തുളുമ്പുന്ന മുഖവുമായി പൂക്കൾ തുന്നിയ ഫ്രോക്കുമിട്ട് നീലിമയുടെ വിരലിൽ തൂങ്ങി ചിരിക്കുന്ന ഒരു അഞ്ച് വയസുകാരി പെൺകുട്ടിയെ.
ആരോപണങ്ങൾ നീലിമ ശക്തമായി തന്നെ നിക്ഷേദിച്ചു. പക്ഷേ സത്യ അവിശ്വസിച്ചത് അവളെ ഉലച്ചു കളഞ്ഞിരുന്നു.പുറത്ത് നിന്ന് എല്ലാം നോക്കി കാണുന്ന ഒരാളെന്ന നിലയിൽ ഞാനും ആലോചിച്ചത് അതായിരുന്നു. ഒരു ഭർത്താവിനല്ലെ അവന്റെ ഭാര്യയുടെ ശരീരം തിരിച്ചറിയാൻ സാധിക്കുക? അതിപ്പോൾ എന്തൊക്കെ കൃത്രിമങ്ങൾ കാണിച്ചാലും അയാൾക്ക് മാത്രം തിരിച്ചറിയുന്ന എന്തെങ്കിലും ഒന്ന് ഉണ്ടാവില്ലെ..
എനിക്ക് നീലിമയോട് വല്ലാത്ത വെറുപ്പ് തോന്നി. എങ്കിലും അവളുടെ കണ്ണുകളിലെ അഗാധ നീലിമയിൽ ചിലപ്പോഴൊക്കെ ഞാൻ സത്യത്തെ തിരയാൻ ശ്രമിച്ചു. എനിക്കതിന് പരിധികളുണ്ടായതിനാൽ എല്ലാവരെയും പോലെ ഞാനും എന്റെ ചിന്തകളെ ഒന്നിൽ മാത്രം ഉറപ്പിച്ച് നിർത്തി!
പിന്നീട് നീലിമയുടെ പോരാട്ടം ഒറ്റക്ക് തന്നെയായിരുന്നു. ഒരു ഘട്ടത്തിൽ പോലും സ്വന്തം മുഖം മറച്ച് വെക്കാൻ അവർ ശ്രമിച്ചതെ ഇല്ല... നാട്ട്കാരും സ്വന്തം വീട്ടുകാരും വരെ തളളിപ്പറഞ്ഞു.. പരിഹസിച്ചു.. പക്ഷേ അവൾ തളർന്നതേയില്ല.
ആ സമയത്ത് ചില നിയമപരമായ സഹായങ്ങൾ ചെയ്ത് തരാൻ നീലിമ എന്നെ സമീപിച്ചിരുന്നു.എന്റെ പല സംശയങ്ങൾക്കും ഉത്തരമെന്നോണം ഒരിക്കൽ അവളെന്റെ കണ്ണിൽ നോക്കി പറഞ്ഞു. 'ഇങ്ങനൊരു ദ്രോഹം എന്നോടാര് ചെയ്തെന്ന് അറിയില്ല ഹാഷിം.. അറിയണമെന്നുമില്ല.. പക്ഷേ ഒരു കാര്യമെനിക്ക് ഉറപ്പാണ്.അത് ഞാനല്ല ! സത്യം തെളിയിച്ചേ പറ്റൂ.. ഒന്നിനും വേണ്ടിയല്ല.. എന്റെ മക്കൾ വലുതാവുമ്പോൾ അവർക്കെങ്കിലും മനസ്സിലാക്കാൻ!..
ഒടുവിൽ നീലിമ വിജയിക്കുക തന്നെ ചെയ്തു. രാജ്യത്തെ അവസാന വാക്കായ ആ ഫോറൻസിക് ലാബിൽ നിന്ന് തന്നെ ദൃശ്യങ്ങൾ വ്യാജമായിരുന്നു എന്ന് തെളിഞ്ഞു.
..........
ചുവന്ന വാകപ്പൂക്കൾ വീണ് കിടക്കുന്ന വഴിത്താരയിലൂടെ നീലിമ തലയുയർത്തി നടന്നു. എന്തോ വലിയൊരു ഭാരം തലയിൽ നിന്നിറക്കി വെച്ച പോലെ അവർക്ക് തോന്നി.ഇനിയെന്ത് എന്ന ചോദ്യത്തിന് ജീവിക്കണം എന്ന വ്യക്തമായ ഉത്തരം നീലിമയുടെ മനസ്സിലുണ്ടായിരുന്നു. പണ്ടൊരിക്കൽ പാതി വഴിയിൽ നിർത്തിയ ഒരു തൊഴിലുണ്ട്. അത് തുടരണം. സത്യം മനസ്സിലാക്കുന്ന മക്കൾ ഒരു നാൾ തന്നെ തേടി വരാതിരിക്കില്ല. സീതയെ പോലെ അഗ്നി ശുദ്ധി തെളിയിച്ചവളാണ് താൻ. ഒരു ധൈര്യത്തിനായി അവൾ മനസ്സിൽ ഒന്ന് കൂടി പറഞ്ഞു.. അതെ... ഞാൻ നീലിമയാണ്!
- യൂനുസ് മുഹമ്മദ് .
പിൻ കുറിപ്പ്:- ഈ അടുത്തിടെ വായിച്ച ഒരു വാർത്തയുടെ ചുവട് പിടിച്ചാണ് എഴുതിയത്.ആ സ്ത്രീയുടെ പോരാട്ട വീര്യവും ധൈര്യവും വല്ലാതെ അത്ഭുതപ്പെടുത്തി. തെറ്റ് ചെയ്തില്ലെന്നുറപ്പുണ്ടെങ്കിൽ എന്ത് പേടിക്കാനാണല്ലെ?

BY:- Younus Muhammed
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo