നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാമുമാമു അന്നും അയാൾക്കായി ജനലരികെയുള്ള മേശയും കസേരയും ഒഴിച്ചിട്ടു. വെയിൽ മെല്ലെ ചാഞ്ഞു തുടങ്ങിയിട്ടുണ്ട്.. ഒരു വശം ചെരിഞ്ഞു വീശുന്ന വെയിൽ ജനൽ വഴിയെ ഇറങ്ങി മഞ്ഞ വിരിച്ച നിലത്തു നിന്നും മാഞ്ഞു തുടങ്ങും മുൻപെയാണ് അയാൾ എപ്പോഴും എത്താറുള്ളത്. അയാൾ ആരാണെന്നു ആദ്യമൊന്നും മാമുവിനും അറിയില്ലായിരുന്നു. ഒറീസ്സയിൽ നിന്നും കേരളത്തിലേക്കെത്തിയത് പാതിയും പട്ടിണിയിൽ മുങ്ങി പോയൊരു കുടുംബത്തെ എങ്ങനെയെങ്കിലും രക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇതേ ബാറിൽ ജോലി ചെയ്യുന്ന അയാളുടെ സുഹൃത്താണ് മാമുവിന് ഇവിടെ ജോലി ശരിയാക്കിയത്. ഇടയ്ക്കു പലപ്പോഴും തിരിച്ചു പോകണം എന്ന് തീരുമാനിച്ചതാണ്. അത്രയും ക്രൂരമായിരുന്നു ഇവിടത്തെ പല ആളുകളുടെയും പെരുമാറ്റങ്ങൾ . ഒരു കള്ളനെ പോലെയും കൊലപാതകിയെ പോലെയോ മറ്റോ ആണ് എല്ലാവരും പെരുമാറുന്നത്.. എന്തെങ്കിലും മോക്ഷണം പോയാൽ ബാറിൽ വെച്ചു ആർക്കെങ്കിലും എന്തെങ്കിലും നഷ്ടമായാൽ തുടർച്ചയായി മാമു ചോദ്യം ചെയ്യപ്പെട്ടു. ഒന്ന് രണ്ടു തവണ അയാൾക്കെതിരെ കൈയേറ്റവും ഉണ്ടായിട്ടുണ്ട്..
തിരിച്ചു പോകാൻ ഉറപ്പിച്ചിരുന്ന ദിവസങ്ങളിൽ ഒന്നാണ് മാമു അയാളെ പരിചയപ്പെടുന്നത്. മഹ്‌സാദിൻ മുഹമ്മദ്‌ എന്ന അയാളുടെ പേര് ചുരുക്കി സ്നേഹത്തോടെ മാമു എന്ന് വിളിച്ചതും എഴുത്തുകാരനാണ് .. അന്ന് വെയിലിറങ്ങിയ ഒരു വൈകുന്നേരം പാതിയും നരച്ച താടിയും മുടിയുമായി കയറി വന്ന അയാൾ ഒറ്റ കസേര മാത്രമുള്ള ആ മേശയിൽ സ്വയം ഉപേക്ഷിച്ചു സ്വതന്ത്രനായ പോലെ ഒന്ന് ചിരിച്ചു. പിന്നെ മാമുവിനെ കൈ കാണിച്ചു. അന്ന് മുതൽ തുടങ്ങിയ സൗഹ്രദമാണ്. അതിനു ശേഷമാണു അയാൾ മലയാളത്തിലെ പ്രസിദ്ധനായ ഒരു എഴുത്തുകാരൻ ആണെന്ന് മാമു മനസ്സിലാക്കുന്നത്. എന്നും കഥ കേൾക്കാൻ ഒരുപാട് ഇഷ്ടമായിരുന്ന മാമുവിന് മുന്നിൽ കഥാകാരൻ കഥകളുടെ ഭാണ്ഡം അഴിച്ചു വെച്ചു..
കഥ പറയാൻ ഇഷ്ടമുള്ള അയാളുടെ മുന്നിൽ നല്ലൊരു ശ്രേതാവായി മാമു. പിന്നെ പിന്നെ അയാൾക്ക്‌ വേണ്ടി മാമു കാത്തിരിക്കുകയായിരുന്നു എന്ന് വേണം പറയാൻ.. പാതി മലയാളവും ഹിന്ദിയും ചേർത്ത് അയാൾ പറഞ്ഞ കഥകളിലൂടെയായി പിന്നെ മാമുവിന്റെ ജീവിതം. ഓരോ സായന്തനവും വെയിൽ കീറിന്റെ അവസാന തുള്ളിയും ഒപ്പിയെടുക്കും മുൻപേ കൃത്യമായി കഥാകാരൻ തന്റെ മേശയിൽ അഭയം പ്രാപിച്ചിരുന്നു. വലിയ ശബ്ദത്തിൽ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന കഥാകാരൻ ആ ബാറിലെ ഏറ്റവും പ്രധാനപ്പെട്ട കസ്റ്റമറിൽ ഒരാളായിരുന്നു.
അയാൾ എന്തിനാണ് തന്റെ വൈകുന്നേരങ്ങൾക്കു ഈ ബാർ തന്നെ തിരഞ്ഞെടുക്കുന്നത് എന്ന് മാമു ആദ്യമൊക്കെ അത്ഭുതപെട്ടിരുന്നു. പിന്നെ കഥാകാരന്റെ കണ്ണിലൂടെ അയാൾ ഒന്ന് കൂടി താൻ തൊഴിലാളിയായിരിക്കുന്ന തൊഴിലിടം ഒന്ന് കൂടി കണ്ടു..
സിറ്റിയുടെ തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി, ആലുവപുഴയുടെ തീരത്താണ് വളരെ പ്രസിദ്ധിയാർജ്ജിച്ച ഈ ബാർ ഹോട്ടലിന്റെ സ്ഥാനം.. ആലുവയെ പറ്റി ഒരുപാട് കഥകളാണ് കഥാകാരന്‍ പറഞ്ഞു കൊടുത്തത് ..അതിലൊന്ന് ..പണ്ട് രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയപ്പോള്‍ ഈ ഭാഗത്ത്‌ വെച്ചാണത്രേ രാമഭകതനായ ജടായു , രാവണനെ തടഞ്ഞത് . തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ രാവണന്‍ ജടായുവിനെ മൃതപ്രായനാക്കുകയും , പിന്നീട് പക്ഷി ശ്രേഷ്ഠന്റെ തലയും നാട് ഭാഗവും വാല്‍ ഭാഗവും വീണ ഇടങ്ങളില്‍ ആണത്രേ പ്രസിദ്ധമായ മൂന്നു ക്ഷേത്രങ്ങള്‍ ഇരിയ്ക്കുന്നത് ..ആലുവ ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറ് വില്വമംഗലം സ്വാമിയാര്‍ വെച്ച് പിടിപ്പിച്ച ആല്‍മരത്തില്‍ നിന്നുമാണ് ആലുവ എന്ന് പേര് വന്നതു എന്ന് എന്ന് മറ്റൊരു കഥ . ഒരുപാട് കഥകള്‍ ഉണ്ടത്രേ ആലുവയെ പറ്റിയും പെരിയാറിനെ പറ്റിയും .
ബാറിനു ചുറ്റും വലിയ മുറ്റവും മുറ്റം നിറയെ പുൽ വിരിച്ച മൈതാനവുമാണ് .. ചുറ്റും ഉയർത്തി കെട്ടിയ മതിലിനുള്ളിൽ നിറയെ തണൽ മരങ്ങളാണ് അതു കൊണ്ട് തന്നെ വളരെ അപൂർവം ഇടങ്ങളിൽ മാത്രമാണ് സൂര്യ രശ്മികൾക്കു തൊട്ടു നോക്കാൻ ആവുക തന്നെ. ഇടത്തെ വശത്തായി ഒരു ചെറിയ മീൻകുളമുണ്ട്. മൽസ്യാകൃതിയിൽ തീർത്ത ആ മീൻകുളത്തിനു കുറുകെ ഒരു തടിപ്പാലം.. തടിപ്പാലത്തിനു ഇരുവശവും കൈവരികൾ.. പനയോലയിൽ തീർത്ത ചെറു കുടിലുകളും ഉണ്ട് ബാറിന് ചുറ്റും.. സ്വസ്ഥമായി മദ്യപിക്കാൻ ഒരിടം. പുറത്തെ ഭിത്തിയോട് ഏകദേശം രണ്ടടി വീതിയിൽ മണ്ണെടുത്തു ചെറിയ തിട്ട ഉണ്ടാക്കിയിട്ടുണ്ട്. ചെറിയ മൺചട്ടികളിൽ നിറയെ പൂച്ചെടികളാണ് ചുറ്റിനും. കുറ്റിമുല്ലയും ജമന്തിയും വാടാമല്ലിയും അങ്ങനെ പേരറിയാത്ത ഒരുപാട് ചെടികൾ. വല്ലാത്ത ഒരു സൗന്ദര്യവും ആശ്വാസവുമാണ് ഈ ദൃശ്യഭംഗി തന്നെ പകർന്നു നൽകുക.. ഇത്രയും സുന്ദരമായ ഒരിടം അതും ഒരു ബാർ ഉള്ളപ്പോൾ പിന്നെവിടെയാണ് മാമു ഞാൻ പോവുക എന്നാണ് കഥാകാരൻ ഒരിക്കൽ ചോദിച്ചത്.. പിന്നെ പിന്നെ മാമുവിനും തന്റെ തൊഴിലിടം അതി സുന്ദരമായി തോന്നി. അല്ലെങ്കിലും ചിലപ്പോൾ ഒക്കെ അങ്ങനെയാണല്ലോ. നമ്മുടെ ചുറ്റിനുമുള്ള അല്ലെങ്കിൽ കൂടെയുള്ള ചിലതിന്റെയൊക്കെ സൗന്ദര്യവും ഭംഗിയും മറ്റൊരാൾ പറയുമ്പോളാകും നമുക്ക് മനസിലാവുക.
വളരെ ചുരുങ്ങിയ നാൾ കൊണ്ടു തന്നെ അതി ശക്തമായി തീർന്നൊരു സൗഹ്രദം. മാമുവിന്റെ വീട്ടുകാരെയെല്ലാം എഴുത്തുകാരന് നന്നായി അറിയാം. ഇടക്കൊക്കെ അയാൾ അവരുമായി ഫോണിൽ സംസാരിച്ചു. ഒരു ദിവസം മാമുവിന്റെ കഥ എഴുതാമെന്നും അയാൾ സമ്മതിച്ചിട്ടുണ്ട്. ഒന്ന് രണ്ടു തവണ മാത്രമേ മാമു എഴുത്തുകാരനോട് അയാളുടെ കുടുംബത്തെ പറ്റി ചോദിച്ചിട്ടുള്ളൂ. അപ്പോഴൊക്കെയും എന്തെല്ലാമോ പറഞ്ഞയാൾ ഒഴിഞ്ഞു മാറി... ഒരിക്കൽ പറഞ്ഞു..
" മാമു.. ഞങ്ങൾ എഴുത്തുകാർക്ക് ഈ പ്രപഞ്ചം തന്നെയാണ് തറവാട്. ഈ ഭൂമിയിൽ ഉള്ളതെല്ലാം കുടുംബക്കാരും. ജീവനില്ലാത്തവക്ക് വരെ അക്ഷരം കൊണ്ടു ജീവൻ നൽകുന്നവരാണ് എഴുത്തുകാർ. അക്ഷരങ്ങളിലൂടെ ഞങ്ങൾ അനശ്വരമാക്കിയ എന്തെല്ലാം ഉണ്ടെന്നോ ഈ ലോകത്തു.. നീ എന്റെ അനിയനായത് പോലെ.. മനുഷ്യരും മണ്ണും മരങ്ങളും മലകളും പുഴയും പൂക്കളും മഴയും വെയിലും ഒക്കെ ന്റെ കുടുംബത്തിലെ അംഗങ്ങളാണ്... വലിയ വലിയ കുടുംബം ല്ലേ...... "
അയാൾ ചിരിച്ചു മാമുവും..
കുറച്ചു നാളായി അയാളൊരു കഥയുടെ പിന്നാലെയാണ്. എഴുതി തുടങ്ങിയിട്ട് കുറേനാൾ ആയെങ്കിലും അവസാനിപ്പിക്കാൻ ഒരു വഴി കാണാതെ വല്ലാത്തൊരു അവസ്ഥയിൽ പെട്ടിരിക്കുകയാണ് അയാൾ.. കഥ പലപ്പോഴായി അയാൾ മാമുവിനോട് കുറച്ചൊക്കെ പറഞ്ഞിട്ടുണ്ട്.....ഒരു വലിയ ചിത്രകാരന്റെ കഥയാണത്.
തന്റെ നാടും വീടും ഒക്കെ വിട്ടു ഒരു രാജകുമാരിയെ വിവാഹം കഴിച്ച ഒരു വലിയ ചിത്രകാരന്റെ കഥ . അവരുടെ പ്രണയം എങ്ങനെ എപ്പോള്‍ ആരംഭിച്ചു എന്നു അവര്‍ക്ക് തന്നെ അറിയില്ല എന്നതാണ് സത്യം . രാജകുമാരിയുടെ വലിയ ചിത്രം വരപ്പിച്ചു കൊട്ടാരത്തിന്റെ നടുത്തളത്തില്‍ തൂക്കണം എന്ന് രാജാവിനു അതിയായ ആഗ്രഹം .കൊട്ടാരം ചിത്രകാരന്മാര്‍ വരച്ച ഒരു ചിത്രത്തിലും തൃപ്തിയാകാത്ത രാജാവ് , നാട്ടില്‍ വലിയ വിളംബരം നടത്തുകയും അങ്ങനെ ചിത്രകാരന്‍ കൊട്ടാരത്തില്‍ എത്തുകയും ചെയ്യുന്നു . ചിത്രകാരന്‍ വരച്ച ചിത്രം രാജകുമാരിക്ക് ഇഷ്ടമായി എന്നത് മാത്രമല്ല സുന്ദരനും യുവാവുമായ ചിത്രകാരനില്‍ രാജകുമാരി അനുരാഗിയാവുകയും ചെയ്തു . രാജകുമാരിയുടെ വാശിക്ക് മുന്നില്‍ തോറ്റ് പോയ രാജാവ്‌ .രാജകുമാരിയുടെ ഇഷ്ടത്തിനു വഴങ്ങി ചിത്രകാരനെ മകള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു . അങ്ങനെ നാടും വീടും വിട്ടു ചിത്രകാരന്‍ കൊട്ടാരത്തില്‍ താമസമായി . രാജകുമാരിയുടെ മ മുഖ സൗന്ദര്യത്തിലും ഉടലഴകിലും മാത്രം ഭ്രമിച്ചെടുത്ത ഒരു തീരുമാനമല്ലായിരുന്നു അത്. ആ മുഗ്ധ സൗന്ദര്യത്തോടും ബുദ്ധി കൂർമതയോടും തോന്നിയ ആരാധന കലർന്ന പ്രണയം പ്രണയം തന്നെ കാരണം.. ആയോധന കലകളിലും രാജ്യതന്ത്രത്തിലും രാജാവിനേക്കാൾ കേമത്തം കുമാരിക്കു ഉണ്ടായിരുന്നു എന്നതാണ് സത്യം.
കൊട്ടാരവും രാജകീയമായ ജീവിതവും ആദ്യമൊക്കെ ചിത്രകാരന്‌ ഇഷ്ടമായി . വിവാഹത്തിനു മുന്‍പ് തന്നെ രാജകുമാരി തീര്‍ത്തും പറഞ്ഞൊരു കാര്യം തന്നെയല്ലാതെ ഇനി മറ്റൊരു സ്ത്രീ രൂപവും വരയ്ക്കരുത്‌ എന്നതായിരുന്നു . പിന്നീട് ചിത്രകാരന്‌ കൊട്ടാരം വിട്ടു പുറത്തേക്കു പോകാനുമുള്ള അനുമതിയും നിഷേധിക്കപ്പെട്ടു . താമസിയാതെ ചിത്രകാരന്‌ കൊട്ടാരവും ചുറ്റുമുള്ള ഇടങ്ങളും നന്നായി മടുത്തു തുടങ്ങി . ഒരുപാടു യാത്രകള്‍ നടത്തിയിരുന്ന ചിത്രകാരന്റെ ജീവിതം തടവറയില്‍ എന്നപോലെയായി . ആളുകളുമായി ഇടപെഴുകിയും യാത്രകള്‍ നടത്തിയും കാട്ടിലും നാട്ടിലും കാണുന്ന കാഴ്ചകള്‍ പകര്‍ത്തിയും ജീവിതം നയിച്ച ചിത്രകാരന്‌ കൊട്ടാരം ശരിക്കും ഒരു കല്‍തുറങ്ക് തന്നെയായി . അയാളുടെ ചിത്രങ്ങളുടെ ഭംഗി നഷ്ടപ്പെട്ടു . രാജകുമാരിയാകട്ടെ തന്റെ വാശിയില്‍ ഉറച്ചു നിന്നു. ചിത്രകാരന്‍ പുറത്തു പോയാല്‍ വേറെ ഏതെങ്കിലും സുന്ദരി തട്ടി എടുക്കുമോ എന്ന ഭയമായിരുന്നു അവളുടെ മനസ്സ് നിറയെ ..അത് ചിത്രകാരനും അറിയാം ..അവളുടെ മനസ്സ് വേദനിപ്പിച്ചു പുറത്തു പോകാനും അയാള്‍ക്ക്‌ കഴിയില്ലായിരുന്നു . കാരണം അത്രമേല്‍ അയാളും അവളെ സ്നേഹിച്ചിരുന്നു .
ഈ ഒരു അവസ്ഥയില്‍ ആരുടെ കൂടെ നില്ക്കും എന്ന ആശങ്കയിലാണ് എഴുത്തുകാരന്‍ . മാമുവും ആകപ്പാടെ വിഷമത്തിലായി ..രാജകുമാരി ചിത്രകരനോടുള്ള സ്നേഹം മൂലമാണ് അങ്ങനെ ചെയ്തത് ..എന്നാല്‍ ചിത്രകാരന്റെ ജീവിതം അയാളുടെ ചിത്രങ്ങള്‍ അല്ലേ ..അയാളുടെ കാഴ്ചയല്ലേ ..അത് മറച്ചാല്‍ അയാള്‍ എന്ത് ചെയ്യും . കഥ ക്ലൈമാക്സ് എത്തണമെങ്കില്‍ കഥാകാരന്‍ ആരുടെ എങ്കിലും പക്ഷത്തു ചേരണം . ..ആരുടെ കൂടെ നില്ല്ക്കും . സ്വാതന്ത്രമാണോ പ്രണയമാണോ വലുത്. ഒരു തീരുമാനം എടുക്കാൻ പോലും ചിത്രകാരൻ അശക്തനായിരുന്നു... എന്നെക്കാൾ വലുത് നിനക്ക് നിന്റെ ചിത്രങ്ങൾ ആണെങ്കിൽ നിനക്ക് പോകാം എന്ന് പറയുന്ന രാജകുമാരിയോട്. ഇതു വലിപ്പ ചെറുപ്പത്തിന്റെ കാര്യമല്ല ആത്മ സായൂജ്യത്തിന്റെ വേദനയാണെന്നു എങ്ങനെയാണു വിളിച്ചു പറയുക.. പ്രണയത്തേക്കാൾ വലുത് സ്വാതന്ത്രമാണെന്നു നിറഞ്ഞു തുളുമ്പി നിൽക്കുന്ന ആ കണ്ണുകളിൽ നോക്കി എങ്ങനെ പറയും... ചിത്രകാരന്റെ മനോവ്യഥയിൽ കണ്ണീരൊഴുക്കുന്ന കഥാകാരനെ മാമു അനുകമ്പയോടെ നോക്കി നിന്നു.
ആ കഥ പറഞ്ഞ അന്ന് പതിവില്‍ കൂടുതല്‍ മദ്യപിച്ചിട്ടാണ് എഴുത്തുകാരന്‍ പോയത് .പിന്നീട് വന്ന രണ്ടു ദിവസങ്ങളിലും സംസാരം നന്നേ കുറവ് . തീര്‍ത്തും ആലോചനയില്‍ മുങ്ങി പോയ ദിവസങ്ങള്‍ ..
ആകാശത്തട്ടില്‍ ചുവന്ന ചായം പൂശി സൂര്യന്‍ മറയാന്‍ തുടങ്ങുന്നു . കഥാകാരന്‍ ഇതുവരെ എത്തിയിട്ടില്ല . മുറ്റത്ത്‌ തരു ശാഖികൾ കറുപ്പ് കൊണ്ടു വരച്ചു വെച്ച ചിത്രങ്ങള്‍ ഒക്കെയും സന്ധ്യ വന്നു മായ്ച്ചു കളഞ്ഞു . ഇരുള്‍ വീണു . ഇന്നിനി കഥാകാരന്‍ വരില്ലേ എന്ന ചിന്ത അവസാനിക്കും മുന്‍പേ , ചില്ലിട്ട വാതില്‍ തള്ളി തുറന്നു അയാളെത്തി .ആരേയും ശ്രദ്ധിക്കാതെ ഒരു ഒഴുക്കിൽ ഇളകി സഞ്ചരിക്കുന്ന ഇലയൊന്നു പോലെ തന്റെ സ്ഥിരം കസേരയില്‍ ചായുമ്പോള്‍ അയാളുടെ കണ്ണുകള്‍ മാമുവിനെ തിരയുന്നുണ്ടായിരുന്നു . ഒരു ചിരിയോടെ അടുത്ത് വന്നു , രണ്ടു ഗ്ലാസ്സിലായി മദ്യം പകര്‍ന്നു ഐസ് ക്യൂബ് ഇടുമ്പോഴും മാമുവിന്റെ കണ്ണുകള്‍ കഥാകാരന്റെ മുഖത്ത് തന്നെയായിരുന്നു . പതിവിനു വിരുദ്ധമായി മരവിച്ചു കല്ല്‌ പോലെ ഇരിക്കുന്ന മുഖം . മുഖത്തിനാകെ രക്ത ചുവപ്പ് . ഉറയ്ക്കാതെ വട്ടം കറങ്ങുന്ന കണ്ണുകള്‍ , ഇമ ചിമ്മുന്നുണ്ടോ എന്ന് വരെ മാമു സംശയിച്ചു . അയാള്‍ മാമുവിനോട് പോകരുതെന്ന് അയാള്‍ കൈകള്‍ കൊണ്ട് അന്ഗ്യം കാട്ടി . എന്നിട്ട് കുറേ സമയം സമയം കഴിഞ്ഞാണ് അയാൾ സംസാരിച്ചു തുടങ്ങിയത്.. അതിനിടയിൽ രണ്ടു ഗ്ലാസുകളും കാലിയാവുകയും ചെയ്തു.
"മാമു ..കഥയ്ക്ക് ക്ലൈമാക്സ് കിട്ടി ...അത് പറയാനാ ഞാന്‍ വന്നത് ..
അയാളുടെ ശബ്ദം വിറച്ചിരുന്നു.ജിജ്ഞാസയോടെ മാമു കഥാകാരനെ നോക്കി ..
“ നമ്മുടെ ചിത്രകാരന്‍ , അയാള്‍ക്ക് ആവില്ല മാമു ..ഇനിയും കൊട്ടാരത്തില്‍ തുടരാന്‍ .അയാളുടെ ജീവിതം കൊട്ടാരത്തിന്റെ മതിലിനും എത്രയോ അപ്പുറമാണ് . ആത്മാവ് നഷ്ടപ്പെട്ടു അയാള്‍ക്ക് ഇനിയും അവിടെ തുടരാന്‍ ആവില്ല ..തന്‍റെ അവസാനത്തെ ചിത്രം വരച്ചു അയാള്‍ എന്നന്നേക്കുമായി ലോകത്തോട്‌ തന്നെ യാത്ര പറയുകയാണ് . ഹൃദയത്തെ ഒരു ജയലറയായി ചിത്രീകരിച്ചു അതില്‍ പിടഞ്ഞു മരിയ്ക്കുന്ന തന്റെ ചിത്രമാണ്‌ അയാള്‍ അവസാനമായി വരച്ചത്. അയാളുടെ മാസ്റ്റർ പീസ്. "
അത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ കഥാകാരന്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു . മാമു ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും കഥാകാരന്‍ ഇറങ്ങി പോയ്ക്കഴിഞ്ഞിരുന്നു . ഒരുപക്ഷെ താന്‍ എന്തെങ്കിലും പറയും എന്ന് കരുതിയാകും ....കാലിയായ ഗ്ലാസ്സുകള്‍ എടുക്കാതെ മാമു അടുത്ത കസ്റമറുടെ അടുത്തേയ്ക്ക് നടന്നു ... മനസ്സില്‍ വല്ലാത്ത ഒരു ഭാരം പോലെ . വാഷ്‌ റൂമിലേക്ക്‌ നടക്കാന്‍ ഒരുങ്ങുമ്പോഴാണ് മാനേജര്‍ മാമുവിനെ കൈ കാട്ടി വിളിച്ചത്.
“ മാമു ...ഇനി നീയാ കസേര മാറ്റി ഇടേണ്ട ...നിന്റെ കഥാകാരന്‍..,അയാൾ
ഇന്നലെ ആത്മഹത്യ ചെയ്തു ..”
കുറെയേറെ ട്രക്കുകള്‍ തന്റെ ശിരസ്സിലൂടെ ഒരേ സമയം കയറി ഇറങ്ങുന്നത് പോലെയാണ് മാമുവിനു തോന്നിയത് . ശിരസ്സ്‌ പൊട്ടി പിളരും പോലെ .സ്വയമറിയാതെയാണ് ..കഥാകാരന്‍ ഇരുന്നിരുന്ന ടേബിളിന്റെ അടുത്തേയ്ക്ക് മാമു വീണ്ടും നടന്നത് .. അവിടെ മാമു ഒഴിച്ച് വെച്ച ഗ്ലാസ്സുകള്‍ അത് പോലെ ഇരിയ്ക്കുന്നു . മാനത്തു നിന്നൊരു നക്ഷത്രം അതില്‍ മിന്നി തിളങ്ങുന്നത് മാമു കണ്ടു . ആ നക്ഷത്രം മാമുവിനോട് മറ്റൊരു കഥ പറയാന്‍ ഒരുങ്ങുകയായിരുന്നു ..... മാമു മാനേജർ ക്യാബിനിലേക്കു നോക്കി. അവിടം ശൂന്യമായിരുന്നു. തന്റെ ചുറ്റും ഉയർന്നു കേൾക്കുന്ന ഭ്രാന്തൻ ഭ്രാന്തൻ ചിരിയിലേക്കു മാമു തന്റെ മനസ്സ് പറിച്ചു നട്ടു.
പിറ്റേന്ന് ജോലി രാജിവെച്ചു നാട്ടിലേക്ക് ട്രെയിൻ കയറുമ്പോൾ തിരഞ്ഞു പിടിച്ചു വാങ്ങിയ കഥാകാരന്റെ കുറെയേറെ പുസ്തകങ്ങൾ ഉണ്ടായിരുന്നു മാമുവിന്റെ കൈയ്യിൽ.. എപ്പോഴോ ഉറങ്ങി പോയ മാമു ഉറക്കെയുള്ള ചിരി കേട്ടാണ് ഞെട്ടി ഉണർന്നത്..
നേരെ മുന്നിലത്തെ സീറ്റിൽ അലസം നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടികൾ ഒതുക്കാതെ, നരച്ച താടി രോമങ്ങളിൽ വിരലോടിച്ചു അയാൾ ഉണ്ടായിരുന്നു.. കഥാകാരൻ...അയാളുടെ ഇടവിട്ടുയരുന്ന ഭ്രാന്തൻ ചിരിക്കൊപ്പം മെല്ലെ മാമുവും ചിരിച്ചു തുടങ്ങി .. കഥകൾ തേടി ഒന്നായ രണ്ടാത്മാക്കളുടെ യാത്ര അവിടെ തുടങ്ങുന്നു...
( അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot