Slider

വൈദേഹി - Part 6

0

രാഹുലിനെ സ്വന്തം മകനായി ലഭിച്ചതിൽ മേനോനും ഭാര്യയും വളരെയധികം അഭിമാനിച്ചിരുന്നു.
"എന്റെ മോൻ ഒരു സിഗരറ്റു പോലും വലിക്കുകയില്ല"മിസ്സിസ് മേനോൻ അഭിമാനത്തോടുകൂടി പലരോടും പറഞ്ഞിട്ടുണ്ട്.
"സന്ധ്യയാകുന്നതിനു മുൻപ് വീടണയുന്ന, രാമായണം ഉറക്കെ വായിക്കുന്ന , വീട്ടിലെ പ്രാർഥനയിൽ പങ്കു ചേരുന്ന, വീട്ടിൽ അമ്മയെ അടുക്കളപ്പണിയിൽ സഹായിക്കുന്ന, സ്വന്തം ഡ്രെസ്സുകൾ കഴുകിയിടുന്ന ഏത്ര ചെറുപ്പക്കാരുണ്ട് ഈ നാട്ടിൽ?" അയല്പക്കത്തെ മോനുവിന്റെ അമ്മ പലപ്പോഴും മോനുവിന്റെ അച്ഛനോട് ചോദിക്കുന്ന ചോദ്യമാണ്.
"എങ്കിൽ നീ അവന്റെ കൂടെ പോയി ജീവിച്ചോ..."മോനുവിന്റെ അച്ഛന് അത് കേൾക്കുമ്പോൾ കലിയിളകും.
അയാൾ മദ്യപിച്ചിട്ടുട്ടെങ്കിൽ രാഹുലിന്റെ പേരിൽ ഒരു വഴക്ക് ആ വീട്ടിൽ ഉറപ്പാണ്.
മുറുക്ക്, വലി, കള്ളുകുടി, വായിനോട്ടം എന്നീ ദുശ്ശീലങ്ങളുള്ള ആൺകുട്ടികളുടെ മാതാപിതാക്കൾ രാഹുലിനെ കണ്ടുപഠിക്കുവാൻ മക്കളെ ഉപദേശിച്ചു കൊണ്ടിരുന്നു...മദ്യപൻമാരുടെ ഭാര്യമാർ രാഹുലിനെ കാണുമ്പോൾ സ്വന്തം വിധിയോർത്തു പരിതപിച്ചു.
കേളേജിലും നാട്ടിലും രാഹുലിനെക്കുറിച്ചു നല്ല മതിപ്പായിരുന്നു.
ഇന്നുവരെ ഒരു പെൺകുട്ടിയുടെയും മുഖത്തു പോലും നോക്കാത്ത രാഹുലിന്റെ വിവാഹം തീരുമാനിച്ചതും അവന്റെ അച്ഛനാണ്. ധനികനായ ദേവന്റെ സ്വത്തിന്റെ ഏക അവകാശിയാകുവാൻ തന്റെ മകനുകിട്ടിയ സുവർണാവസരമാണ് ഈ വിവാഹം എന്ന് മേനോൻ കണക്കു കൂട്ടി.
രാഹുലിന്റെ മുത്തച്ഛനുമാത്രം അഭിപ്രായവ്യതാസമുണ്ടായിരുന്നു!!!
"തന്നിൽ എളിയ ബന്ധമാണ് എപ്പോഴും നല്ലത്..
മാത്രമല്ല ആ പെണ്ണ് ഒരു മരം കേറിയാണെന്നാണ് ഞാൻ അറിഞ്ഞത്...."
അയാൾ പറഞ്ഞു.
"ഏക മകളല്ലേ...കുറച്ചു കുസൃതികളൊക്കെ കാണും....വിവാഹം കഴിയുമ്പോൾ അതെല്ലാം മാറിക്കോളും...." മേനോന്റെ അഭിപ്രായം അതായിരുന്നു.
വിവാഹത്തിന് മൂന്ന് ദിവസം മുൻപ് അശ്വതിയുടെ വീട്ടിൽപ്പോയ രാഹുൽ രാത്രി വളരെ വൈകിയാണ് വീട്ടിൽ എത്തിയത്....ഇരുട്ടുവീണാൽ അടുത്തുള്ള സിറ്റിയിലെ കടയിൽപ്പോലും പോകുവാൻ മടിക്കുന്ന രാഹുൽ ആ ദിവസം വീട്ടിൽ വരുവാൻ താമസിച്ചതിൽ മിസ്സിസ് മേനോൻ വല്ലാത്ത ആശങ്കയാണ് പ്രകടിപ്പിച്ചത്.
"ഇപ്പോഴത്തെ പിള്ളേരുടെ കാര്യമാണ്..
അവിടെ എന്തൊക്ക സംഭവിച്ചു എന്ന് ആർക്കറിയാം....." മിസ്സിസ് മേനോൻ ആവലാതിപ്പെട്ടു.
കല്യാണ ദിവസത്തെ അശ്വതിയുടെ പ്രകടനം കൂടി കണ്ടപ്പോൾ തങ്ങൾ ശരിക്കും ഒരു ആപത്തിലാണ് അകപ്പെട്ടിരിക്കുന്നത് എന്ന തോന്നൽ അവരുടെയുള്ളിൽ ശക്തമായി.
ആദ്യദിവസത്തെ രാഹുലിന്റെ തിരോധാനം വല്ലാത്ത ആഘാതമാണ് ആ കുടുംബത്തിനുണ്ടാക്കിയത്....
അശ്വതിക്ക് അതിൽ പങ്കില്ലെന്ന് രാഹുൽ ആവർത്തിച്ചു പറഞ്ഞിട്ടും അവന്റെ മാതാപിതാക്കൾക്ക് അത് ഒട്ടും വിശ്വാസമായിട്ടില്ല!!!
അടുക്കള ജോലികളിലൊന്നും അശ്വതി മിസ്സിസ് മേനോനെ അറിഞ്ഞു സഹായിക്കുകയില്ല...എന്തെങ്കിലും പറഞ്ഞാൽ ചെയ്യും....അത്ര മാത്രം ...
അവൾക്ക് ആവശ്യമുള്ളപ്പോൾ അവൾ അടുക്കളയിൽ വന്ന് ആഹാരം കഴിക്കും..
രാഹുൽ ഭക്ഷണം കഴിച്ചോ എന്നുപോലും അവൾ കൃത്യമായി അന്വേഷിക്കാറില്ല.
വൈകുന്നേരം നാമജപത്തിന് പലപ്പോഴും അശ്വതി എത്തുകയില്ല ....എത്തിയാൽ തന്നെ അഞ്ചു മിനിറ്റ് കഴിയുമ്പോൾ മുറിയിലേക്കു തിരിച്ചു പോകും. പിന്നെ മുറിയിൽ ഇരുന്ന് ഫോൺ തോണ്ടൽ തന്നെ പരുപാടി!!!
"എന്റെ കൃഷ്ണസ്വാമി എന്റെ എട്ടും പൊട്ടും തിരിയാത്ത മകന് ഇങ്ങെനെയൊരു പെണ്ണിനെയാണെല്ലോ കിട്ടിയത്...." മിസ്സിസ് മേനോൻ പരിതപിച്ചു.
"പണം നോക്കി പോയതല്ലേ....അനുഭവിച്ചോ?"
മുത്തച്ഛൻ കുറ്റപ്പെടുത്തി.
"അവൾ കൊച്ചുകുട്ടിയല്ലേ? എല്ലാം ശരിയാകുവാൻ കുറച്ചു സമയം എടുക്കും...നീ സമാധാനപ്പെട്" മേനോൻ ഭാര്യയെ സമാധാനിപ്പിച്ചു.
അശ്വതി അയല്പക്കത്ത് വന്നതിൽ സന്തോഷിച്ച ഒരാളാണ് സഞ്ജുവിന്റെ അമ്മ!!! അതിന് കാരണമുണ്ട്...കള്ളുകുടിച്ചു വന്നിരുന്ന അവളുടെ ഭർത്താവ് ഇപ്പോൾ അവളെ ഉറക്കെ തെറിപറയുവാൻ മടിക്കുന്നു!!!
ഒരു ഞായറാഴ്ച്ച മേനോന്റെ വീട്ടിലായിരുന്നു സമുദായ മീറ്റിംഗ് നടത്തിയത്. സമുദായ നേതാക്കൻമാർ കയറിവന്നപ്പോൾ രാഹുൽ മുണ്ടഴിച്ചിട്ട് എഴുനേറ്റു നിന്നു അവരോട് ബഹുമാനം കാണിച്ചു.
എന്നാൽ അശ്വതി അവരെനോക്കി ചിരിച്ചതല്ലാതെ എഴുനേൽക്കുവാൻ കൂട്ടാക്കിയില്ല ...അങ്ങിനെ അവൾ നാട്ടുപ്രമാണിമാരുടെയും കണ്ണിലെ കരടായി മാറി!!!
ബൈക്കിൽ ജോലിക്ക് പോകുന്ന....ബ്ലാക്ക് ബെൽറ്റ്‌ ലഭിച്ച....ആരെയും കൂസാത്ത അശ്വതി എന്ന അച്ചു ആ നാട്ടിൽ ഫേമസ് ആകുവാൻ അധികം സമയം വേണ്ടിവന്നില്ല......
എല്ലാവരും രാഹുലിന്റെ വിധിയിൽ ഉള്ളിൽ സന്തോഷിച്ചെങ്കിലും പുറമെ പരിതപിക്കുന്നതായി അഭിനയിച്ചു.
ദിവസങ്ങൾ വളരെവേഗം കടന്നുപോയ്ക്കൊണ്ടിരുന്നു.......
മീനുവിന്റെ കല്യാണത്തിനും അശ്വതിയും കൂട്ടരും പല കുസൃതികളും ഒപ്പിച്ചെങ്കിലും മീനുവിൻറെ വരൻ എല്ലാം ആസ്വദിക്കുന്നതാണ് രാഹുൽ കണ്ടത്.
അഞ്ചു മാസം കഴിഞ്ഞിട്ടും രാഹുലിനെ തട്ടിക്കൊണ്ടു പോയവരെക്കുറിച്ച് ഒരു വിവരവും പോലീസിന് ലഭിച്ചില്ല..
ഒരു ദിവസം എസ്.ഐ ..രാഹുലിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
രാഹുൽ ജിഷ്ണു ചന്ദ്രനൊപ്പമാണ് സ്റ്റേഷനിൽപ്പോയത്...
"മിസ്റ്റർ രാഹുൽ...നിങ്ങളെ ഞങ്ങൾക്ക് അറസ്റ്റു ചെയ്യേണ്ടി വരും.."എസ്.ഐ പറഞ്ഞു.
"എന്തിന്?"രാഹുലും വിഷ്ണു ചന്ദ്രനും ഒരുമിച്ചു ചോദിച്ചു.
"കള്ളക്കഥകൾ ഉണ്ടാക്കി പിലീസിനെ കബളിപ്പിച്ചതിന്..."എസ്.ഐ പറഞ്ഞു...
രാഹുലിന്റെ മുഖം വിളറി വെളുത്തു.
"സാർ.. നിങ്ങളെന്താണ് പറയുന്നത്? ജിഷ്ണു ചോദിച്ചു.
എസ്.ഐ . രാഹുലിനെ നോക്കി...അയാൾ തലകുനിച്ചു നിൽക്കുകയാണ്.
ജിഷ്ണു ചന്ദ്രന് കാര്യം പന്തിയല്ലെന്ന് തോന്നി..
"രാഹുൽ എന്താണ് പ്രശ്‍നം..
എന്താണെങ്കിലും നമുക്ക് പരിഹരിക്കാം."അയാൾ പറഞ്ഞു.
"അപ്പോൾ ജിഷ്ണു പറയുന്നത്..
നിങ്ങൾക്ക് രാഹുലിന്റെ തിരോധനത്തെക്കുറിച്ച്
യാതൊരു അറിവും ഇല്ലെന്നാണോ?" എസ്.ഐ ചോദിച്ചു.
"ഇല്ല...സത്യത്തിൽ നിങ്ങൾ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല." ജിഷ്ണു പറഞ്ഞു.
എസ്.ഐ എഴുനേറ്റു...
"രാഹുൽ വണ്ടിയുടെ നമ്പർ പറഞ്ഞപ്പോൾ തന്നെ ഞങ്ങൾക്ക് അയാൾ പറയുന്നത് നുണയാണെന്ന് ബോധ്യപ്പെട്ടിരുന്നു....പിന്നീട് വിശദമായ അന്വേഷണത്തിൽ കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടു....."എസ്.ഐ പറഞ്ഞു.
"എനിക്ക് ഭ്രാന്തു പിടിക്കുന്നു സാർ.....നിങ്ങൾ കാര്യമെന്താണെന്നുവെച്ചാൽ വ്യക്തമാക്ക്" ജിഷ്ണു അസഹ്യതയോടെ പറഞ്ഞു.
"കഥകളൊക്കെ രാഹുൽ വിശദമായി പിന്നീട് പറഞ്ഞുകൊള്ളും....പക്ഷെ ഒന്ന്‌ ഞാൻ പറയാം രാഹുലിനെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ല..അയാൾ തനിയെ പോയതാണ്...പക്ഷെ അവൾ തടഞ്ഞു വെക്കുമെന്ന് രാഹുൽ ഓർത്തില്ല..."എസ്.ഐ പറഞ്ഞു.
"അവളോ?....ആരാണത്? ജിഷ്ണു ചോദിച്ചു.
"ജയന്തി ....നിങ്ങളുടെ സംസ്ഥാന നേതാവുണ്ടല്ലോ. ആ ചെല്ലപ്പൻ മാഷ്.....അയാളുടെ മകൾ..
ശരിയല്ലേ രാഹുൽ...? രാഹുലും ജയന്തിയും സംസാരിച്ചതിന്റെ റെക്കോർഡ്‌സ് ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇന്നലെയും കൂടി നിങ്ങൾ സംസാരിച്ചില്ലേ?" എസ്.ഐ ചോദിച്ചു.
രാഹുൽ ഒന്നും പറയാതെ തലകുനിച്ചുതന്നെ നിൽക്കുകയാണ്....
"ഞാൻ ഏതായാലും ഈ കേസ് തല്ക്കാലം അവസാനിപ്പിക്കുകയാണ്.....ഭരണപക്ഷത്തെ ഒരു യുവനേതാവിന്റെ ഭാവി കളയുവാൻ ഞാൻ ഒരുങ്ങുന്നില്ല. നാളെ ഇയാൾ മന്ത്രിയായാൽ
എന്റെ കാര്യം പരുങ്ങലിലായതു തന്നെ" എസ്.ഐ ചിരിച്ചുകൊണ്ട് പറഞ്ഞു
"രാഹുൽ....ഞാൻ എന്താണ്കേൾക്കുന്നത്? നീയും ജയന്തിയുമായുള്ള ബന്ധമെന്താണ്?"
സ്റ്റേഷന് പുറത്തിറങ്ങിയപ്പോൾ തന്നെ ജിഷ്ണു ചോദിച്ചു.
രാഹുൽ പറയുവാൻ തുടങ്ങി...
"തികച്ചും യാഥാസ്ഥികരായിരുന്നു എന്റെ അച്ഛനും അമ്മാവൻമാരും..
അമ്മയുടെ കാര്യം പിന്നെ പറയുകയേ വേണ്ട. വല്ലാത്ത നിയന്ത്രണങ്ങളിലൂടെയാണ് എന്റെ ബാല്യകാലം കടന്നു പോയത്...ഒന്നിനും ഒരു ഫ്രീഡം ഇല്ലാത്ത അവസ്ഥ..."
"അതൊക്കെ എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്....നീ ജയന്തിയുടെ കാര്യം പറയൂ"
ജിഷ്ണു തിടുക്കം കൂട്ടി....രാഹുൽ വീണ്ടും പറയുവാൻ തുടങ്ങി..
"കോളേജിൽ പഠിക്കുന്ന സമയം ആണ് ജയന്തിയെ പരിചയപ്പെടുന്നത്....സ്റ്റുഡന്റ് കൗൺസിലർ ആയിരുന്നു അവൾ....,ഞാൻ ആർട്സ് ക്ലബ്‌ സെക്രെട്ടറിയും....സുഹൃദം പ്രണയമായി വളർന്നു..
അവളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് ഞാൻ വാക്ക്‌ കൊടുത്തു."
"എന്നിട്ട് നീ എന്താണ് അവളെ വിവാഹം കഴിക്കാത്തത്? അശ്വതിയുടെ പണം കണ്ട്‌ നിന്റെ കണ്ണുമഞ്ഞളിച്ചോ?" ജിഷ്ണു ചോദിച്ചു.
"എനിക്ക്...എനിക്ക് ... പണമില്ലാത്ത...താഴ്ന്ന ജാതിയിലുള്ള ഒരു പെൺകുട്ടിയെ കല്യാണം കഴിക്കണമെന്നു വീട്ടിൽ പറയുവാൻ ധൈര്യം ഉണ്ടായിരുന്നില്ല.." രാഹുൽ പറഞ്ഞു.
"നീ... ആണുങ്ങൾക്ക് ഒരപവാദമാണ് രാഹുൽ..
പിന്നെന്തിനാണ് നീ അവളെ പ്രേമിച്ചത്?..നട്ടെല്ലില്ലാത്തവൻ...പിന്നെ ചെല്ലപ്പൻ മാഷിന് എന്തിനാണെടാ പണം? ആട്ടെ..മാഷിന് ഇത് അറിയാമോ?' ജിഷ്ണു ചോദിച്ചു.
"ഇല്ല.." രാഹുൽ പറഞ്ഞു..
"അതു പോട്ടെ...കല്യാണദിവസം സംഭവിച്ചതെന്താണെന്ന് പറ..." ജിഷ്ണു അക്ഷമ കാണിച്ചു.
"എന്റെ വിവാഹം വീട്ടുകാർ നിശ്ചയിച്ച കാര്യം ഞാൻ പറഞ്ഞപ്പോൾ ജയന്തി ഒന്നും പറഞ്ഞില്ല..പക്ഷെ വിവാഹത്തിന്റെ തലേ ദിവസം അവൾ എനിക്ക് ഫോൺ ചെയ്തു.
"രാഹുൽ നാളെ രാത്രിയിൽ എന്റെ വീട്ടിൽ വരണം...ഒരുഅണിക്കൂറിനുള്ളിൽ തിരിച്ചു പോകാം ...അച്ഛൻ തിരുവന്തപുരത്തിനു പോയിരിക്കുകയാണ്...ചുമ്മാ ഒരു നേരംപോക്ക്" ജയന്തി ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.
നാളെ കല്യാണമാണെന്നും ഞാൻ വരില്ല എന്നും പറഞ്ഞപ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"എങ്കിൽ ഞാൻ അങ്ങോട്ട് വരാം...എന്റെ സ്ഥാനം അപഹരിച്ച ആളെ ഒന്ന്‌ കാണുകയും ചെയ്യമെല്ലോ?"
എനിക്ക് ഭയമായി....അവൾ വീട്ടിൽ വന്നാൽ എന്റെ കള്ളത്തരങ്ങൾ എല്ലാവരും അറിയും എന്ന് എനിക്ക് തോന്നി...പന്തലുകാരന് പണം കൊടുത്ത ശേഷം ഞാൻ അവളുടെ വീട്ടിൽ ചെന്നു. മനപ്പൂർവ്വം മൊബൈലും കാറും ഞാൻ എടുത്തില്ല
ഒരുമണിക്കൂറിനുള്ളിൽ തിരിച്ചുപോരുവാൻ അവിടെ ചെന്ന എന്നെ മണിക്കൂറുകളോളം അവൾ തടഞ്ഞു വെച്ചു..
അവളെ എതിർക്കുവാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല....ഞാൻ ഒരു വിധത്തിൽ അവിടെ നിന്നും രക്ഷപ്പെട്ടു ബീച്ചിലെത്തിയപ്പോൾ സമയം രാവിലെ അഞ്ചു കഴിഞ്ഞിരുന്നു.അവിടെ വെച്ചാണ് പോലീസ് എന്നെ പിടിച്ചത്....വായിൽ തോന്നിയ ഒരു നുണക്കഥ അവരോട് പറയേണ്ടി വന്നു". രാഹുൽ പറഞ്ഞു നിർത്തി.
"നീ ഒരു ആട്ടിൻ തോലണിഞ്ഞ ചന്നായ് ആണ്...ആ എസ്.ഐ . ഒരു മര്യാദക്കാരനായതും നമ്മൾ ഭരിക്കുന്നതുകൊണ്ടും നീ രക്ഷപ്പെട്ടു" ജിഷ്ണു പറഞ്ഞു.
രാഹുലിനെ വീടിന്റെ പടിക്കൽ ഇറക്കി വിടുമ്പോൾ ജിഷ്ണു പറഞ്ഞു.
"നീ പറഞ്ഞത് മുഴുവനും ഞാൻ വിശ്വസിച്ചു എന്ന് കരുതേണ്ട....ഞാൻ ജയന്തിയെ ഒന്ന്‌ കാണുന്നുണ്ട്"
രാഹുൽ ഒന്നും പറഞ്ഞില്ല.
രാഹുൽ വീട്ടിൽ ചെന്നപ്പോൾ ഒരു സന്തോഷവാർത്ത അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു!!!
അയാൾ ഒരു അച്ഛനാകുവാൻ പോകുന്നു എന്നുള്ള വാർത്ത അശ്വതി തന്നെയാണ് അയാളോട് പറഞ്ഞത്.
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 7.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo