Slider

പ്രഹേളിക

0
Image may contain: 1 person, eyeglasses, selfie and closeup
അതിരാവിലെ എഴുന്നേറ്റു, പുലർക്കാലങ്ങളിൽ മനസ്സെന്നത്തേയുംപോലെ
ശുഭ്രമായ വെള്ളക്കടലാസ് തന്നേയായിരുന്നു ഇന്നും. നേരം പോകുന്നതിനനുസരിച്ച് കുത്തിക്കുറിക്കലുകളും, കുത്തിവരപ്പുകളും കൊണ്ട് എന്നും പിന്നീട്
അകെ അലങ്കോലമാകും.
കൈയ്യിലിരുന്ന വെളുത്ത കടലാസ്, റൈറ്റിംഗ് പാഡിൽ ക്ലിപ്പിട്ട് വച്ച് പേനയും കൈയ്യിലെടുത്ത് എന്തെങ്കിലും എഴുതാമെന്നോർത്തിരുന്നു.
എന്തെഴുതാനാണ്, എന്നാൽ ഒരു കഥയെഴുതിയാലോ. തലക്കെട്ടു മാത്രം ഓർമ്മയിൽ വരുന്നുണ്ട്. പുതുവത്സരക്കനവുകൾ. അതഴുതി. ഇനി എന്തെഴുതണം, എങ്ങിനെ എഴുതിത്തുടങ്ങണം എന്ന് ശൂന്യമായ മനസ്സോടെ ഒരിയ്ക്കൽ കൂടി ചിന്തിച്ചു.
മനസ്സിൻ്റെ കള്ളത്തരങ്ങൾ
വാക്കുകളായി, വരികളായി വെളുത്തകടലാസിൽ കറുത്ത നൂലുകളായി
ഇഴഞ്ഞിഴഞ്ഞ് നിറയുമ്പോൾ
എന്തോ അറിയാതെ അവയെല്ലാം സത്യസന്ധതയുടെ പൊയ്മുഖങ്ങൾ അണിയപ്പെടുന്നു. അവയ്ക്കിടയിലെ സത്യങ്ങൾ
തിരിച്ചറിയപ്പെടാനാവാതെ
ഉഴറുന്ന താനും അതിനിടയിൽപ്പെട്ടു പോകുന്നു.
പുതുവർഷക്കനവുകൾ പൂത്തു തളിർത്ത് പൂവിടണവെങ്കിൽ മഞ്ഞിൽക്കുളിച്ചു നിൽക്കുന്ന ഡിസംബറിൻ്റെ അവസാന ദിവസങ്ങളിൽ നിന്ന് തന്നേ തുടങ്ങണം.
രണ്ടായിരത്തി പതിനെട്ട് ഡിസംബർ പതിനഞ്ചാം തീയതി രാത്രിയിൽ നടന്ന പാർട്ടിയിൽ നിന്നു തുടങ്ങാം.
അതിന്നലെ ആയിരുന്നല്ലോ.
രണ്ടു ദിവസം മുമ്പല്ലേ നന്ദേടത്തിയ്ക്ക് വിശേഷമായി എന്നത് കൺഫോം ആയത്. ജയേട്ടൻ അതിൻ്റെ അതിയായ സന്തോഷത്തിൽ ഇന്നലെ നടത്തിയ പാർട്ടി ഗംഭീരമായിരുന്നു, അങ്ങിനെ നടത്തിയതിനു കാരണമുണ്ടായിരുന്നു അവരുടെ വിവാഹം കഴിഞ്ഞ് അവരുടെ ജീവിതത്തിൽ പതിനെട്ട് വർഷങ്ങൾക്ക് ശേഷമുണ്ടായ ഏറ്റവും സന്തോഷകരമായ ഒരുദിനം. വർഷങ്ങളായ തുടർ ചികിത്സ. എത്രവട്ടം ഇക്സി നടത്തിയിട്ടും പരാജയപ്പെട്ടതാണ്. ദൈവം അവരുടെ സങ്കടം കണ്ട് കൺതുറന്നതാണോ,
അതോ? എന്തിനിങ്ങനെ നെഗറ്റീവ് ആയി ചിന്തിയ്ക്കുന്നത്. പോസിറ്റീവ്
ചിന്തിയ്ക്കണോ, പോസിറ്റീവ് ചിന്തിക്കാനുമൊരു പേടി. ചിന്തിക്കാൻ തന്നെ പേടി.
താൻ ഏഴിൽ പഠിയ്ക്കുമ്പോളാണ് ജയേട്ടനും, നന്ദേടത്തിയും തമ്മിൽ വിവാഹിതരാകുന്നത്. ക്യാമ്പസ് സെലക്ഷനിലൂടെ ജോലി കിട്ടിയ ഉടനെ തന്നെയാണ് ചേട്ടൻ നന്ദേടത്തിയെ വിവാഹം ചെയ്തത്, അവർക്ക് പതിനെട്ട് വയസ്സ് കഴിഞ്ഞ ഉടനെയായിരുന്നുവല്ലോ വിവാഹം. നന്ദേട്ടനും ഇരുപത്തിരണ്ടു വയസ്സ് പ്രായമല്ലേ ആയുള്ളു എന്നതായിരുന്നു അച്ഛനുമമ്മയ്ക്കു മെതിർപ്പിനുള്ള ഒരു കാരണം. പിന്നെ പ്രേമവിവാഹവും. പട്ടുപോലുള്ള സ്വഭാവത്തിനുടമയായ നന്ദേടത്തിയുടെ സ്നേഹത്തിനു മുന്നിൽ അച്ഛൻ്റേയും അമ്മയുടേയും എതിർപ്പുകൾ അലിഞ്ഞലിഞ്ഞില്ലാതാകുകയായിരുന്നു. അച്ചനമ്മമാരുടെ കാലശേഷം വരേ ആ സ്നേഹം അങ്ങിനെ തന്നെയാണ് നിലനിന്നിരുന്നത്.
സ്നേഹിച്ചിരുന്നപ്പോൾ മൊത്തം സ്നേഹം കൊടുത്തു തീരുന്നതിനാലാണോ ചില പ്രേമവിവാഹങ്ങളിൽ സ്നേഹദാരിദ്യം പിന്നീട് കാണുന്നത് എന്ന് ചിലർ പറയുന്നതിൽ കഴമ്പുണ്ടോ, ഏതായാലും ഒരു കുട്ടി ഇല്ലാതെ വന്നതോടെ ജയേട്ടൻ്റേയും നന്ദേടത്തിയുടേയും ജീവിതം
വളരെ യാന്ത്രികമായി തീർന്നു, താനും കൂടെ ജോലി സ്ഥലത്തേയ്ക്ക് മാറിയപ്പോൾ അവർ വീണ്ടും
ഒറ്റപ്പെട്ട തുരുത്തുകൾ ആയി മാറി. വീട്ടുപണികൾ പോലും താളം തെറ്റിയപ്പോൾ ആണ് സഹായത്തിനായി സ്വന്തത്തിൽപ്പെട്ട സുഗന്ധി വരാൻ തുടങ്ങിയത്. എല്ലാ മാസവും ഒന്നാം തീയതി ഗുരുവായൂർ അമ്പലത്തിൽ പോകുന്നത് മാത്രമായി ചേട്ടനുമേട്ടത്തിയും ഒന്നിച്ചു പോകുന്ന ഒരേയൊരു സ്ഥലം.
തടസ്സങ്ങളിൽ നിന്ന് തെന്നിമാറി സൂര്യപ്രകാശത്തിനായ് മുല്ലവള്ളികൾ അവരുടെ സ്വന്തം സ്വാതന്ത്യത്തിലേയ്ക്ക് തലനീട്ടുന്ന തോന്നൽ. സത്യം തന്നെ ആയിരുന്നു ചേട്ടനും സുഗന്ധിയുമൊത്തിരി അടുത്തിടപ്പഴകുന്നതു കണ്ടപ്പോൾ ഒരല്പം ഇളം ചൂടിനായി താനും കൊതിച്ചു എന്നുള്ളത്, അതിനായ് വരച്ച വരകളും, വലിച്ച വലകളും കൃത്യമായി, പക്ഷെ ഒടുവിൽ ഇരയുടെ കദനകഥ വേട്ടക്കാരൻ്റെ മനസ്സിൽ ദുഃഖസാന്ദ്രമായമൗനം സൃഷ്ടിച്ചു. ഒന്നും വേണ്ടായിരുന്നു എന്ന തോന്നൽ ഉള്ളിൽ രൂഡാമൂലമായി.
പിന്നീടെന്നോ ഒരു ദിവസം ചേട്ടൻ വിളിച്ചു,
മോനേ സന്തോഷേ, ചേട്ടന്
ഒരു സഹായം ചെയ്യണം.
സുഗന്ധിയ്ക്ക് എന്തോ വയ്യായ്ക, ഒന്ന് ഡോക്ടറെ കാണിയ്ക്കണം, ഞാൻ വിളിച്ച് പറഞ്ഞ് അപോയ്മെൻ്റ് എടുത്തിട്ടുണ്ട്. എനിക്ക് കൂടെ പോകാനാവില്ല എന്നറിയില്ലേ. ഹോസ്പിറ്റലിൽ നിന്ന് അവളുടെ വീട്ടിലേയ്ക്ക് പിന്നീട് ഒന്ന് കൊണ്ടെ ആക്കണം, അവളുടെ കൈയ്യിൽ ആവശ്യമുള്ള പണം നൽകിയിട്ടുണ്ട്. അടുത്ത ദിവസം മുതൽ ജോലിയ്ക്കു വരണ്ട എന്നും പറഞ്ഞിട്ടുണ്ട്. നന്ദയ്ക്കെന്തോ അവളോട് ഒരു താല്പര്യക്കുറവ് അതിനാൽ സുഗന്ധിയോട് വല്ലാത്ത ദേഷ്യത്തിലാണ്.
ഡോക്ടറുടെ മുറിയിൽ ചുവരിൽ പതിച്ചിരിക്കുന്ന ചിരിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ ഉള്ളിലെന്തെല്ലാമോ വികാരവിചാരങ്ങൾ ഉണർത്തി. ഒരു നേർത്ത കുഞ്ഞു ശബ്ദത്തിൽ ആരോ അച്ഛാ എന്നു വിളിക്കുന്നതുപോലെ തോന്നിയോ. കുറെ നേരത്തെ ഉപദേശങ്ങൾക്കു ശേഷം ഡോക്ടർ മൂന്നാഴ്ച കഴിഞ്ഞു വരാനുള്ള ടോക്കൺ തന്ന് പറഞ്ഞു വിട്ടു.
ഇപ്രാവശ്യംഒന്നാം തീയതി ഗുരുവായൂർക്ക് ചേട്ടൻ ഒറ്റക്കാണ് പോയത്. വിളിച്ചു പറഞ്ഞിരുന്നതിനാൽ നന്ദേടത്തിയ്ക്ക് കൂട്ടായി താനും. ജയേട്ടൻ്റെ സ്നേഹരാഹിത്യവും പിന്നെ സുഗന്ധിയും, സ്വന്തമായി കുട്ടിയില്ലാത്തതും, അച്ഛൻ അമ്മ എല്ലാം സംസാരത്തിനിടയിൽ കടന്നു വന്നു. എപ്പോഴേ ദുഃഖത്തിരമാലകൾ തീരത്താഞ്ഞടിക്കുന്നവണ്ണം തൻ്റെ നെഞ്ചിൽ തലതല്ലിക്കരയുന്ന നന്ദേടത്തി. ആശ്വസിപ്പിക്കൽ
അതിരുകടന്നപ്പോൾ ബന്ധങ്ങൾ മറന്ന്, ബന്ധനങ്ങളിൽ ആയി. പച്ച മനുഷ്യർ ആയിപ്പോയി. അങ്ങിനെയെല്ലാം സംഭവിച്ചതിൽ ആര് ആരെ കുറ്റപ്പെടുത്താൻ.
ഇന്നാണ് ഡോക്ടർ സുഗന്ധിയുമായി ചെല്ലാൻ പറഞ്ഞിരിക്കുന്ന ദിവസം. ആശുപത്രിയും കഴിഞ്ഞ് കാർ
മുന്നോട്ട് നീങ്ങി. തൻ്റെ ജോലി സ്ഥലത്തേക്കുള്ള യാത്രയിൽ ആയപ്പോൾ സംശയത്തോടെ, ജിജ്ഞാസയോടെയുള്ള സുഗന്ധിയുടെ നോട്ടങ്ങൾക്ക്
തൻ്റെ കണ്ണുകളിലെ പുതുവത്സര കനവുകൾ ഒരു പുത്തൻ ഊർജ്ജം പകർന്നു.
പുത്തൻവർഷത്തിലേക്ക്
പുതിയ പ്രതീക്ഷകളുമായുള്ള
യാത്ര തുടരുകയാണ്. സുഗന്ധപൂർണ്ണമായ ഒരു സന്തോഷയാത്ര.
പി.എസ്സ്. അനിൽകുമാർ.
ദേവിദിയ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo