
ഞാന്‍ ആര്യ.
ഒരുപാട് സൗഹൃദങ്ങൾ ഉണ്ടെങ്കിലും സൗമ്യയെ അടുത്തറിയും വരെ എനിക്ക് ആഴത്തിലുള്ള അധികം സുഹൃത്തുക്കൾ ഉണ്ടായിട്ടില്ല. ഇന്ന് ഞാന്‍ വളരെ അധികം സന്തോഷത്തിലാണ് അവളെയോര്‍ത്ത്.
ഇനി അവള്‍ എനിക്ക് പ്രിയപ്പെട്ടവള്‍ ആയതിനെക്കുറിച്ച്...
മംഗലാപുരത്തെ പ്രശസ്തമായ കോളേജില്‍ BAMS ന് ചേരുമ്പോള്‍ നല്ല ഉത്സാഹത്തില്‍ ആയിരുന്നു ഞാന്‍. ആദ്യമായി വീടും വീട്ടുകാരെയും പിരിഞ്ഞുനില്‍ക്കുന്നതില്‍ വിഷമം ഉണ്ടെങ്കിലും, കോളേജും കൂട്ടുകാരും, ഹോസ്റ്റല്‍ ജീവിതവും എല്ലാം എനിക്ക് പുതുമയായിരുന്നു. കോളേജിലെ ആദ്യദിനങ്ങള്‍ വളരെ രസകരമായി മുന്‍പോട്ടുപോയി. ഹോസ്റ്റലില്‍ ഞങ്ങള്‍ നാലുപേര്‍ ആയിരുന്നു റൂംമേറ്റ്സ്. രേവതി, ക്രിസ്റീന, സൗമ്യ പിന്നെ ഞാനും.
സൗമ്യ, അവൾ ഞങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്ഥ ആയിരുന്നു. പെട്ടന്ന് ദേഷ്യം വരുകയും ചിരിച്ചുകൊണ്ട് കരയുകയും ചെയ്യുന്ന ഒരു പ്രകൃതം. നന്നായി പട്ടുപാടുമായിരുന്നു അവള്‍. പഠിക്കാനും മിടുക്കി. കാഴ്ച്ചയില്‍ അല്പം സൗന്ദര്യം കുറവായിരുന്നു എങ്കിലും ഒരുങ്ങിനടക്കാന്‍ അവള്‍ക്കു ഇഷ്ടമായിരുന്നു. ഒരു കടലോളം സങ്കടം അവളുടെ ഉള്ളിലുണ്ടെന്നു ദിവസങ്ങള്‍ക്കകം ഞങ്ങള്‍ക്ക് മനസിലായി.
പ്രണയവിവാഹിതരായ വ്യത്യസ്ഥ മതത്തില്‍ പെട്ട മാതാപിതാക്കള്‍, ദാമ്പത്യത്തില്‍ എത്തിയപ്പോള്‍ അവസാനിച്ച അച്ഛന്‍റെ പ്രണയം. മുഴുക്കുടിയനായ അച്ഛന് അമ്മയെ സംശയമായിരുന്നു. അദ്ദേഹം വീട്ടുകാര്യങ്ങള്‍ ഒന്നും തന്നെ ശ്രദ്ധിക്കതെയായി. എന്തിനേറെ അനുജന്‍റെ പിതൃത്വം പോലും അച്ഛന് സംശയമായി വന്നതോടെ കാര്യങ്ങൾ കൂടുതൽ ഗുരുതരമാവുകായായിരുന്നു.
അമ്മയുടെ വീട്ടുകാരും വിവാഹത്തോടെ അമ്മയെ ഉപേക്ഷിച്ചിരുന്നു. ഇതോടെ മക്കളെ പോറ്റാനായി കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയായി ആ അമ്മക്ക്. അവിടെയും കൂടെ ജോലിയെടുക്കുന്നവരെ ചേര്‍ത്ത് കഥകള്‍ മെനഞ്ഞു അച്ഛന്‍. അതും കൂടെ ആയതയോടെ സഹായിക്കണം എന്ന് മനസുള്ളവര്‍ കൂടി അത് ചെയ്യാതെയായി.
മദ്യലഹരിയില്‍ അച്ഛൻ, കുട്ടിയായ അനുജനെയും അമ്മയെയും ഉപദ്രവിക്കുന്നത് പതിവായി. ആദ്യമൊക്കെ അയല്‍ക്കാര്‍ ഇടപെടുമായിരുന്നു. പക്ഷേ പതിവായതോടെ അവരും തിരിഞ്ഞുനോക്കതെയായി.എല്ലാവര്‍ക്കും സഹതാപം മാത്രം.
പഠനത്തില്‍ മിടുക്കിയായതിനാല്‍ +2 കഴിഞ്ഞപ്പോള്‍ സൗമ്യക്ക് ഇടവകപ്പള്ളിയിലെ അച്ചന്‍ മംഗലാപുരത്ത് BAMS ന് അഡ്മിഷന്‍ ശരിയാക്കി. ആ അമ്മ അവളെ ഹോസ്റ്റലില്‍ ആക്കാന്‍ വന്നത് ഇന്നും ഓര്‍മയിലുണ്ട്. ഐശ്വര്യം ചോര്‍ന്നുപോകാത്ത മുഖത്ത് ദാരിദ്ര്യത്തിന്‍റെ നിഴലുപോലെ കുഴിഞ്ഞ കണ്ണുകള്‍. ചിരി എന്താണെന്നുപോലും മറന്നുപോയ ഒരു സാധു.
എല്ലാമൊന്നും അവള്‍ ഞങ്ങളോട് പറയാറില്ല. എങ്കിലും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പൊട്ടും പൊടിയുമായി ഇത്രയും രഹസ്യങ്ങള്‍ അവള്‍ ഞങ്ങളോട് പങ്കുവച്ചിരുന്നു. രണ്ടാമത്തെ സെമസ്റ്റെര്‍ പരീക്ഷക്കുമുന്‍പ് 10 ദിവസം അവധി കിട്ടിയതിനാല്‍ ഞങ്ങള്‍ എല്ലാവരും നാട്ടിലേക്കു തിരിച്ചു. കൂടെ സൗമ്യയും.
നാട്ടിലെത്തിയാലും സൗമ്യ ഞങ്ങളെ ആരെയും വിളിക്കുകയോ വിശേഷങ്ങള്‍ പങ്കുവയ്ക്കുയോ ചെയ്യാറ് പതിവില്ലായിരുന്നു.10 ദിവസത്തിനു ശേഷം പരീക്ഷക്കു തയ്യാറായി സൗമ്യ ഒഴികെ എല്ലാവരും ഹോസ്റ്റലില്‍ എത്തി. പരീക്ഷക്കു മുന്‍പെങ്കിലും അവള്‍ എത്തുമെന്ന് ഞങ്ങള്‍ കരുതിയെങ്കിലും, അവള്‍ വന്നില്ല.
എല്ലാ പരീക്ഷയും കഴിഞ്ഞു. അവള്‍ എത്താത്തതില്‍ ഞങ്ങള്‍ക്ക് ചെറിയ ആധി തോന്നിത്തുടങ്ങി. ഞങ്ങള്‍ അവളുടെ അടുത്ത വീട്ടിലേക്ക് വിളിച്ചു. (അത്യാവശ്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം വിളിക്കാന്‍ അവളുടെ അമ്മ തന്ന നമ്പര്‍ ആയിരുന്നു അത്). സൗമ്യക്ക് ഒരു ചെറിയ അപകടം പറ്റിയെന്നും, വലതു കൈ മുറിഞ്ഞു എന്നും മാത്രം അറിയാന്‍ കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അവര്‍ക്കും അറിയില്ലായിരുന്നു.
2 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രേവതിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. മറുതലക്കല്‍ സൗമ്യ ആയിരുന്നു. "രേവതീ, ഇത് ഞാനാ സൗമ്യ. എടീ ഞാന്‍ ഒന്നുവീണു വലതുകൈക്ക് മുറിവായിരുന്നു. അടുത്ത ആഴ്ച വരും ഞാന്‍." അങ്ങോട്ട് ഉള്ള ചോദ്യങ്ങള്‍ ഒഴിവാക്കി ഇത്രയും പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു. എന്തായാലും ഞങ്ങള്‍ക്ക് ആശ്വാസമായി അവളുടെ ശബദം ഒന്ന് കേട്ടപ്പോള്‍.
തൊട്ടടുത്ത ആഴ്ച അവള്‍ അമ്മയോടൊപ്പം എത്തി. കയ്യില്‍ പ്ലാസ്റ്റെര്‍ ഇട്ടിരുന്നു. ഞങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും അവള്‍ വ്യക്തമായി മറുപടി പറഞ്ഞില്ല. അമ്മ തിരികെ പോകുമ്പോള്‍ അവള്‍ വല്ലാതെ തളര്‍ന്നിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും അവള്‍ വളരെ ദുഖിതയായിരുന്നു. ഞങ്ങളോടും അവള്‍ അകലം പാലിച്ചു. രാത്രികളില്‍ അവള്‍ക്കു തീരെ ഉറക്കം കുറവായിരുന്നു. ഒരുദിവസം രാത്രി എങ്ങലടിച്ചുള്ള കരച്ചില്‍ കേട്ട് ഞങ്ങള്‍ മൂന്നുപേരും ഉണര്‍ന്നു. ഞങ്ങള്‍ എല്ലാവരും കണ്ടതോടെ അവളുടെ തേങ്ങല്‍ ഒരു നിലവിളിയായി. കാര്യം തിരക്കിയ ഞങ്ങളോട് അവള്‍ കരച്ചിലിന്‍റെ ഇടയിൽ കാര്യങ്ങള്‍ പറഞ്ഞു. "ഇനി എനിക്കിത് ഒറ്റയ്ക്ക് താങ്ങാന്‍ പറ്റില്ല. ഞാന്‍ വീണു കൈമുറിഞ്ഞു എന്ന് പറഞ്ഞത് കള്ളമായിരുന്നു. എന്‍റെ അച്ഛന്‍ ഉറങ്ങിക്കിടന്ന അനിയനെ വെട്ടാനായി കഴുത്തിന് നേരെ വാക്കത്തി ഓങ്ങിയപ്പോള്‍ കയറിപ്പിടിച്ച എന്‍റെ കയ്യിലാ വെട്ടുകൊണ്ടത്. മുറിഞ്ഞു തൂങ്ങിയ എന്‍റെ കയ്യിലെക്കൊന്നു നോക്കുക പോലും ചെയ്യാതെ അയാള്‍ ഇറങ്ങിപ്പോയി. 10 ദിവസത്തോളം ഹോസ്പിറ്റലില്‍ കഴിഞ്ഞു. ഞരമ്പുകള്‍ മുറിഞ്ഞത് കൊണ്ട് 2 സര്‍ജറികള്‍ വേണ്ടി വന്നു." ഇത്രയും പറഞ്ഞു വാവിട്ടുകരഞ്ഞ അവളെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലുമാവാത്ത പോലെ ഞെട്ടലില്‍ ആയിരുന്നു ഞങ്ങള്‍ മൂന്നുപേരും.
കൂലിപ്പണിയെടുത്തും കടം വാങ്ങിയും ആ അമ്മ ഉണ്ടാക്കിയ 2 മുറികള്‍ ഉള്ള കൊച്ചുവീടിനു അടച്ചുറപ്പുള്ള ഒരു വാതില്‍ ഇടാന്‍ പോലും അച്ഛന്‍ സമ്മതിക്കില്ലായിരുന്നു. രണ്ടോ മൂന്നോ തവണ വാതിലുകള്‍ ചവിട്ടിപൊളിച്ചായിരുന്നു ആ പ്രതിഷേധം. അടച്ചുറപ്പില്ലാത്ത വീട്ടില്‍ അനിയന്‍റെയും അമ്മയുടെയും സുരക്ഷ ആയിരുന്നു അവളുടെ സ്വസ്ഥത ഇല്ലാതാക്കിയത്. മദ്യപിക്കാത്തപ്പോള്‍ അധികം സംസാരിക്കാത്ത, മദ്യം കൊണ്ട് മൃഗമാകുന്ന അച്ഛന്‍ (മദ്യപിക്കാത്ത സമയം വിരളം) ഒരു വല്യ ഭയമായി അവളില്‍ നിറഞ്ഞു നിന്നിരുന്നു.
പോലീസിൽ പരാതിപ്പെടാന്‍ ഞങ്ങളെല്ലാവരും നിര്‍ബന്ധിച്ചു. പക്ഷെ അവളുടെ അമ്മ സമ്മതിച്ചില്ല. ഒരുകാലത്ത് എല്ലാമായിരുന്ന ആ മനുഷ്യനെ അങ്ങനെ പോലും ഉപദ്രവിക്കാന്‍ ആ അമ്മ ഇഷ്ട്ടപ്പെട്ടില്ല.
വല്യ കുഴപ്പങ്ങള്‍ ഇല്ലാതെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. സൗമ്യയുടെ കൈ സുഖമായി. പരീക്ഷ എഴുതാന്‍ കഴിയാഞ്ഞതിനാല്‍ അവള്‍ 6 മാസം ഞങ്ങളെക്കാള്‍ പിന്നിലായി. കൈ സുഖം ഇല്ലാതിരുന്ന ദിവസങ്ങളില്‍ നോട്ടുകള്‍ എല്ലാം എഴുതികൊടത്തും, പഠിക്കാന്‍ കൂട്ടിരുന്നും. ഇടം കയ്യില്‍ സ്പൂണ്‍ പിടിച്ചു കഴിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ വാരികൊടുത്തും, ഞങ്ങള്‍ സഹോദരിമാരയിക്കഴിഞ്ഞിരുന്നു. ഇടക്കൊക്കെ കണ്ണ് നിറഞ്ഞു പോകുന്നത് ഇടംകൈ കൊണ്ട് ഞാന്‍ കാണാതെ തുടച്ചു അവള്‍ ചിരിക്കുമായിരുന്നു. അവള്‍ക്കുവേണ്ടി എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യണം എന്നും ഞാന്‍ മനസിലുറപ്പിച്ചു.
ഞങ്ങളുടെ കോഴ്സ് കഴിഞ്ഞു ക്യാമ്പസ് സെലെക്ഷന്‍ വഴി ഞങ്ങള്‍ മൂന്നു പേര്‍ക്ക് ബാന്‍ഗ്ലൂര്‍ ജോലിയായി. രേവതിയും, സൗമ്യയും, ഞാനും. സൗമ്യക്ക് ജോലിയായതോടെ അവളുടെ അമ്മക്ക് കുറച്ചൊക്കെ ആശ്വാസമായി. മദ്യപാനം കടുത്തതിനെ തുടര്‍ന്നു അച്ഛന്‍ ഒരു രോഗിയായി മാറിയിരുന്നു.
ഞങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന സുദീപ് എന്ന ചെറുപ്പക്കാരന് അവളോട് ഇഷ്ടമായിരുന്നു. പക്ഷെ അവൾ അവനെ അവഗണിച്ചു. പ്രണയം അവൾക്കു പേടിയായിരുന്നു അമ്മ പറയുന്ന ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ എന്നവൾ പറയുമായിരുന്നു അമ്മയുടെ അനുഭവം അതാണ് അവളെ പഠിപ്പിച്ചത്.
എൻ്റെ അച്ഛനും അമ്മയും വരുമ്പോഴൊക്കെ എനിക്കെന്ന പോലും ഡ്രസ്സും പലഹാരങ്ങളും അവൾക്കും കൊണ്ട് വരുമായിരുന്നു. എൻ്റെ അച്ഛനോട് "അച്ഛാ " എന്ന വിളിയോടെ സ്നേഹത്തോടെ സംസാരിക്കുമ്പോഴെല്ലാം ഞാൻ അവളിൽ സ്നേഹവും കരുതലും കൊതിക്കുന്ന ഒരു മകളെ കണ്ടു.
ഏകദേശം ഒരു വർഷത്തോളം ആയപ്പോൾ എൻ്റെ വിവാഹം കഴിഞ്ഞു. അതോടെ ബാംഗ്ലൂർലെ ജോലിയും ഞാൻ മതിയാക്കി. രേവതിയും, സൗമ്യയും അവിടെ തന്നെ തുടര്‍ന്നു. സൗമ്യയുടെ 'അമ്മ വിളിക്കുമ്പോൾ ഒക്കെ അവളുടെ വിവാഹ ആലോചനകൾ നടക്കുന്നതായി പറയാറുണ്ടായിരുന്നു. അവൾക്കു ഉടനെ വിവാഹം വേണ്ട എന്നായിരുന്നു. ഒരു ദിവസം വളരെ സന്തോഷത്തിൽ ആണ് സൗമ്യയുടെ 'അമ്മ വിളിച്ചത് .ആലപ്പുഴയിലുള്ള ഒരു പയ്യന്റെ ആലോചന വന്നിട്ടുണ്ട്, നല്ല കുടുംബം ആണ് പയ്യന് വളരെ നല്ല സ്വഭാവം പുകവലിയില്ല മദ്യപാനം ഇല്ല അങ്ങനെ അങ്ങനെ ഒരുപാട് താത്പര്യത്തോടെ ആണാ 'അമ്മ ആ വിവരം എന്നോട് പറഞ്ഞത്.
ഒടുവില്‍ ആ വിവാഹം നിശ്ചയിച്ചു. അവര്‍ ചോദിച്ച സ്ത്രീധനം എങ്ങനെയും തരാം എന്ന് അമ്മ ഏറ്റു. നിശ്ചയത്തിനു ശേഷം 6 മാസംകഴിഞ്ഞാണ് കല്യാണതിയതി തീരുമാനിച്ചത്. അവള്‍ നല്ല സന്തോഷത്തില്‍ ആയിരുന്നു. അജിത് അവളോട് വളരെ സ്നേഹത്തില്‍ ആയിരുന്നു പെരുമാറിയിരുന്നത്. അവളുടെ ഭാവി സുരക്ഷിതം ആകുന്നതോര്‍ത്തു ഞാനും ഒരുപാടു സന്തോഷിച്ചു.
വിവാഹത്തിന് ഒരു മാസം ബാക്കി നില്‍ക്കെ ഒരു ദിവസം രേവതിയുടെ ഒരു കോള്‍ എനിക്ക് വന്നു. സൗമ്യയുടെ അച്ഛന്‍ മരിച്ചു..!
പ്രസവതിയതി അടുത്തിരുന്നതിനാല്‍ യാത്ര ചെയ്യാന്‍ എനിക്കാവുമായിരുന്നില്ല. അവളെ വിളിച്ച എനിക്ക് എന്തുപറയണം എന്നറിയില്ലായിരുന്നു. എന്‍റെ ശബദം കേട്ടപ്പോഴേ അവള്‍ പറഞ്ഞു "പോയെടീ. അച്ഛൻ പോയി. ഇനി ഞങ്ങള്‍ക്ക് സാമാധാനം ഉണ്ടാവുമല്ലോ. എന്റെ വീടിനു ഇനി കതക് ഇടാം. എന്നാലും, ആ സ്ഥാനത്ത് ഇനി ആരും ഇല്ലല്ലോ" എന്ന് പറഞ്ഞു തേങ്ങിക്കരഞ്ഞു.അവള്‍ അനുഭവിച്ച വേദനകളും, നഷ്ട്ടപ്പെട്ടത് നികത്താന്‍ ആവില്ലെന്നും എല്ലാം അതിലുണ്ടായിരുന്നു. ആ കരച്ചിലിനിടയിൽ വാക്കുകള്‍ ഞങ്ങള്‍ക്കിടയില്‍ മുറിഞ്ഞു.
മൂന്ന് മാസത്തിനു ശേഷം പുതിയ മുഹൂര്‍ത്തത്തില്‍ അജിത്തിന്റെയും സൗമ്യയുടെയും വിവാഹം നടന്നു. 2 മാസം പ്രായമായ മോളുമായി ഞങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. സൗമ്യയുടെ ദുഃഖങ്ങള്‍ ഇവിടെ അവസാനിച്ചു എന്ന് ഞാന്‍ ആശ്വസിച്ചു. എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി ഒരു പുതിയ ജീവിതത്തിലേക്ക് സന്തോഷത്തോടെ പ്രവേശിക്കുന്നത് സന്തോഷത്താൽ ഈറനണിഞ്ഞ മിഴികളോടെ ഞാൻ നോക്കിക്കണ്ടു.
മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞു ഞാന്‍ ഭര്‍ത്താവും കുട്ടിയുമായി ഗള്‍ഫില്‍. സൗമ്യ നാട്ടില്‍. ഫോണ്‍ വിളികളിലൂടെ മാത്രമായി സൗഹൃദം. അതിനിടയിൽ അവള്‍ക്കൊരു മകള്‍ ജനിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ അവളുടെ ഒരു മെസ്സേജ്. "ആര്യെ, എനിക്ക് അത്യാവശ്യമായി ഒന്ന് സംസാരിക്കണം" പെട്ടന്ന് ഇങ്ങനെയൊരു മെസ്സേജ് കണ്ടപ്പോൾ ഞാൻ ഉടനെ അവളെ വിളിച്ചു. കുറെ നേരം ഞങ്ങൾ സംസാരിച്ചു. തേങ്ങിക്കരഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു, ഡിവോഴ്സ് ന് ശ്രമിക്കുകയാണെന്ന്!
അമ്മ വിഷമിക്കും എന്ന് കരുതി ഇതുവരെ സഹിച്ച കഥകള്‍ അവള്‍ പറഞ്ഞു അജിത് ഒരു സ്വഭാവദൂഷ്യങ്ങളും ഉള്ള ആള്‍ അല്ലായിരുന്നു. പക്ഷെ അമ്മയും സഹോദരിയും പറയുന്നതിനപ്പുറം അയാള്‍ പോവില്ലായിരുന്നു. എല്ലാം അവള്‍ സഹിച്ചു. മാടിനെപോലെ പണിയെടുത്തു. ബാക്കി കൊടുക്കാനുള്ള സ്ത്രീധനത്തുകയെ ചൊല്ലിയുള്ള കുത്തുവാക്കുകള്‍ ദേഹോപദ്രവം വരെ എത്തി. എല്ലാം സഹിച്ചു. പരാതിപ്പെടാന്‍ അവള്‍ക്കു ആരും ഇല്ലായിരുന്നു. പരാതി കേള്‍ക്കേണ്ടവന്‍ ഒന്നുമറിയാത്ത ഒരു പാവ പോലെ നിസ്സംഗനായി മാറിയിരുന്നു.
കുഞ്ഞു ജനിച്ചതോടെ കുഞ്ഞിന്റെ സൗന്ദര്യം പോരെന്നു പറഞ്ഞു കുത്തുവാക്കുകള്‍. കുഞ്ഞിനു ഒരു ഉടുപ്പ് വാങ്ങാന്‍ പോലും സമ്മതിക്കില്ലായിരുന്നു. ഉപദ്രവങ്ങള്‍ സഹിക്കാന്‍ വയ്യാതെയായി. ഇത്രയുമൊക്കെ ആയപ്പോള്‍ സഹികെട്ടിട്ടാണ് അവള്‍ ഈ തീരുമാനത്തില്‍ എത്തിയത്. എല്ലാം കേട്ടപ്പോള്‍ നെഞ്ച് പൊട്ടി കരയാന്‍ മാത്രമാണ് എനിക്കായത്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ഇനിയും പരീക്ഷിച്ചു തീര്‍ന്നില്ലേ ഈശ്വരാ എന്നോര്‍ത്ത്.
കാര്യങ്ങൾ അധികം കോമ്പ്ലിക്കേഷനില്ലാതെ കഴിഞ്ഞു. അവർ രണ്ടു പേരും രണ്ടു വഴിക്കായി. ഡിവോഴ്സ്നു ശേഷം നാട്ടിലേക്ക് തിരികെയെത്തി അവളുടെ അമ്മയോടൊപ്പം കുഞ്ഞുമായി അവള്‍ താമസിച്ചു.
അവള്‍ക്കു വേണ്ടി എന്തുചെയ്യാന്‍ പറ്റും എന്ന ചിന്തയിലായിരുന്നു അടുത്ത ദിവസങ്ങളില്‍ എല്ലാം ഞാൻ. രേവതിയെ വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് സുദീപ് ഇപ്പോഴും അവിവാഹിതന്‍ ആണെന്നും സൗമ്യയുടെ കാര്യങ്ങള്‍ എല്ലാം അറിയാമെന്നുമാണ്. രേവതിയുടെ സംസാരത്തില്‍ നിന്നും സൗമ്യയെ കൂടെകൂട്ടാന്‍ സുദീപ് ഇപ്പോഴും ഒരുക്കമാണെന്നും മനസിലായി.
എന്‍റെ മനസില്‍ എന്തൊക്കെയോ പ്രതീക്ഷയുടെ നേരിയ ഓളങ്ങള്‍. സുദീപിനെ നേരിട്ട് വിളിച്ചു സംസാരിച്ചുകഴിഞ്ഞപ്പോള്‍ അതൊരു തിരയായി മാറി..!!അവനിഷ്ടമാണ് ഇപ്പോഴുമവളെ. കുഞ്ഞിന്‍റെ കാര്യം പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞ മറുപടി എന്നെ അത്ഭുതപ്പെടുത്തി "അവളുടെതായതെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. പിന്നെ അവളുടെ വയറ്റില്‍ പിറന്ന കുഞ്ഞിനെ ഞാന്‍ എങ്ങനെ വേറിട്ട് കാണും"
പിന്നീട് ഞാന്‍ ഒന്നും ആലോചിച്ചില്ല സൗമ്യയുടെ അമ്മയെ വിളിച്ചു എല്ലാം പറഞ്ഞു.വേനലില്‍ഒരു മഴ പെയ്ത സന്തോഷം ആയിരുന്നു അമ്മക്ക്. സൗമ്യ ആദ്യം എതിര്‍ത്തെങ്കിലും സുദീപിനോടുണ്ടായിരുന്ന സാഹചര്യം കൊണ്ട് മാത്രം മൂടിവെച്ചിരുന്ന ആ ഇഷ്ടം മനസിന്റെ അടിത്തട്ടില്‍ നിന്നും തനിയെ ഉയിര്‍ത്തെഴുന്നേറ്റു.
പിന്നെടെല്ലാം പെട്ടന്നായിരുന്നു..
ജൂണ്‍മാസത്തിലെ മഴക്കൊപ്പം. അവളെയും മോളെയും ചേര്‍ത്തുപിടിക്കാന്‍ ഒരു താലിതിളക്കവുമായി സുദീപുമുണ്ടായിരുന്നു.
സൗമ്യ, നിന്നെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഒരു വേദനയായിരുന്നു മനസ്സിൽ. ഇന്ന് ഒരുപാട് സന്തോഷത്തോടെയാണ് തിരികെ പോകുന്നത്.
ഇത്രയും കാലം നീ ഒഴുകിയ കണ്ണീരിൽ നിന്റെ എല്ലാ ദുഖങ്ങളും ഒഴുകിപ്പോകട്ടെ. പുതിയ ജീവിതം, പുതിയ ലോകം അവിടെ നിനക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ..
ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ ഇവിടെ ഞാനും.
----------------------------------------
രമ്യ രതീഷ്...
----------------------------------------
രമ്യ രതീഷ്...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക